Wednesday, July 3, 2019

ദാസേട്ടനുമായി ചിലവഴിച്ച അനർഘനിമിഷങ്ങളിലെ അനുഭൂതിയാർന്ന അദ്വൈത നിർവൃതികൾ (ഭാഗം 3)




മലയാള ചലചിത്രഗാനോത്സവത്തിന്റെ സുവർണ്ണ ജുബിലി ആഘോഷ വേളയിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു തിരുവനന്തപുരത്ത് കൊണ്ടാ‍ടിയ  പലദിവസങ്ങളായി നടത്തിയ ഗാനമേള. അന്നവിടെ സന്നിഹിതരായ കലാപ്രേമികൾ ജീവിതകാലം മുഴുവൻ  അയവിറക്കാനുള്ള  അസുലഭ  നിർവൃതികളുമായി മടങ്ങിയെങ്കിലും ദാസേട്ടന്റെ ഒരു ഗാനം പ്രത്യേകിച്ച് സകലരേയും പിടിച്ചു കുലുക്കിയെന്നതു എടുത്തു പറയാതെ വയ്യ.

മനുഷ്യൻ മതങ്ങളെ  സൃഷ്ടിച്ചു,  മതങ്ങൾ ദൈവങ്ങളെ  സൃഷ്ടിച്ചുമത വൈരാഗ്യത്തിനു എതിരെ ഉയർന്നു ധ്വനിച്ച ആദ്യത്തെ  സിനിമാ ഗാനം. തത്വാധിഷ്ടിതമായ  അർഥ്തവത്തായ ആ ഗാനം.   അച്ഛനും ബാപ്പയുംഎന്ന ചിത്രത്തിനു വേണ്ടി  വയലാർ എഴുതി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ ഗാന വീചികൾ. യുവതലമുറകളുടേയും  രാഷ്ട്രീയ വൈരാഗ്യങ്ങൾ മതങ്ങളിലൂടെ സാധാരണ  മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നതും കണ്ടു മടുത്ത ആ വലിയ മനസ്സു  ആർദ്രമായതു  സകലരേയും പിടിച്ചുകുലുക്കി. ദസേട്ടൻ ആ ഗാനം ആലപിച്ചപ്പോൾ  അറിയാതെ തേങ്ങി. ആ തേങ്ങൽ അവിടെയുണ്ടായിരുന്നവരുടെ  മനസ്സിൽ അലകളുയർത്തി. ആ ഗാനം പാടി നിർത്തിയ ശേഷം തന്റെ തേങ്ങലിന്റെ കാരണം അവിടേയുണ്ടായിരുന്നവരുടേ മുന്നിൽ  നിരത്തി. അവരോടു നിസ്സഹായനായി  ഇങ്ങിനെ അപേക്ഷിച്ചു.

സഹൃദയരേ, വയലാർ ഈ വരികൾ എഴുതിയ നാളുകളിൽ തന്നെ മുന്നിൽ കണ്ടിരിക്കണം, ഇന്ന് തലമുറകൾ മിന്നിമറയുമ്പൊൾ ഈ വിധം വരുമെന്ന്. അദ്ദേഹം ഈ ഗാനം എനിക്കു വേണ്ടിയോ  ദേവരാജൻ മാഷിനു വേണ്ടിയോ എഴുതിയതല്ല. അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി മാത്രം എഴുതിയതുമല്ല. നിങ്ങൾ ഇന്നിവിടെ കൂടിയിരിക്കുന്നത് മതത്തെ മാനിച്ചല്ല.കലാകാരന്മാരായ നമുക്ക് മതങ്ങളില്ല, മതങ്ങൾക്കപ്പുറമാണ് ഗദ്യവും പദ്യവും. അതുകൊണ്ട് നിങ്ങൾ ഈ തലമുറയോടെന്നല്ല ഇനി വരാൻ പോകുന്ന തലമുറയേയും  മതത്തിന്റെ പേരു  ചൊല്ലി കഷ്ടപ്പെടുത്തരുത്. അവരെ മതത്തിലൂടെ കാണരുത്. ഇതെന്റെ ഒരു അപേക്ഷയാണ് .
നാളുകൾക്കു ശേഷം  ഞാൻ ദാസേട്ടനുമായി ചിലവഴിച്ച ഒരു സായാഹ്നത്തിൽ ഈ വിഷയത്തിലേക്കു കടന്നു ചെല്ലാ‍നിടയായി. ദാസേട്ടന്റെ കൺ മുന്നിൽ കൃഷ്നനും, യേശുദേവനും നബിയും ഒന്നെന്നു മാത്രമേ   തോന്നിയിട്ടുള്ളൂ എന്നു സംസാരത്തിനിടയിൽ  എന്നോടു പറഞ്ഞ അവസരത്തിൽ ആ മനസ്സു കൂടുതൽ  കേട്ടറിയുവാനായി ഞാൻ ആരാഞ്ഞു.

ദാസേട്ടൻ  ജനിച്ചതും ജീവിച്ചതും വിഭിന്ന മതത്തിലാണെന്ന ജനസംസാരത്തിനു ഏതുവിധം ഒരുത്തരമേകും?
സാ‍ധാരണയിൽ കവിഞ്ഞ ഒരു പുഞ്ചിരി പൊട്ടിവിടർന്നു. എന്നോടായി പറഞ്ഞു.
 ഈശ്വരനു മനുഷ്യരെ പല മതക്കാരായി സൃഷ്ടിക്കണമെന്നുണ്ടായിരുന്നെങ്കിൽ ആ പ്രപഞ്ചശക്തി മനുഷ്യനിൽ ആകൃതിയിൽ തന്നെ വിഭിന്നത വരുത്തിയേനെ. അതെന്തു കൊണ്ടു ചെയ്തില്ല? എന്തിനു വേണ്ടി എല്ലാ‍വരേയും ഒരേപോലെ സൃഷ്ടിച്ചു? കാരണം എല്ലാവരും ഒരമ്മയുടെ മക്കളായി വളരാൻ. എന്റെ ജീവിതം തന്നെ നോക്കുക.ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പലരും അവരുടെ ഇച്ഛക്കനുസരിച്ചു എന്നെ കുറിച്ച് പറഞ്ഞു നടന്നത്.

പലരിൽ നിന്നും ഞാൻ കേൾക്കാൻ ഇടയായതാണ്. വിനുവിനെ ഞാൻ അയ്യപ്പദാസ് എന്നാണ് നാമകരണം ചെയ്തതെന്നു. ഒരച്ഛൻ ചെയ്യാത്ത കാര്യം പറഞ്ഞു ധരിപ്പിക്കാൻ മുതിർന്നവർക്ക് എന്തു നേട്ടമായിരുന്നെന്ന് എനിക്കുതന്നെ അറിവില്ല. അതുപോലെ ഞാൻ ശബരിമല നടയ്ക്കൽ നിന്നു പാടി നട തുറന്നത്രെ. ഇതൊക്കെ വെറും  കിംവദന്തികൾ മാത്രമെന്നല്ലാതെ എന്തു പറയാൻ!

എന്നാൽ ഞാൻ ഒരു അയ്യപ്പ ഭക്തനാണെന്ന കാര്യം സത്യം തന്നെ.എന്റെ മനസ്സ് അയ്യപ്പനിലേക്കു അടുക്കാൻ കാരണങ്ങൾ പലതാണ്. അതു ഞാൻ പറയാം. ഒരു കാപ്പികുടി കഴിഞ്ഞ ശേഷം ദാസേട്ടൻ തന്റെ വഴിത്താരയിലേക്കു കടന്നു.

ശബരിമലയിൽ ഞാൻ ഒരു മതത്തെ അല്ല കാണുന്നത്. ഞാൻ അവിടെ എന്റെ ആത്മാവിനെ  പരമാത്മാവിൽ അർപ്പിക്കുകയാണു ചെയ്യുന്നത്. മതത്തേക്കാൾ ഉന്നതിയാർന്ന ഒരു തത്വമസി അവിടെയുണ്ട്.ഞാൻ പറഞ്ഞു വരുന്നത് ഇതാണ്. ജീവിച്ചിരിക്കുമ്പോൾ ആളുകൾ എന്നെ യേശുദാസ് എന്നും ഹരിയെ ഹരി എന്നും വിളിക്കുന്നു. എന്നാൽ നമ്മളെല്ലാം മരിച്ചു കഴിഞ്ഞാൽ പിന്നെ ഇതൊക്കെ ഓർമ്മ മാത്രമായിരിക്കും. നമ്മുടെ ദേഹം ഒരു ശവമായി മാറുകയും ആത്മാവു പിരിഞ്ഞു പോവുകയും ചെയ്യും. ഈ പ്രക്രിയയാണു  അവിടെ നടക്കുന്നതായി എനിക്കു തോന്നിയിട്ടുള്ളത്. അതിന്റെ ആദ്യ പടിയായാണ് നമ്മുടെ പേരു മാറുന്നത്. നമ്മൾ മാലയിട്ടു കഴിഞ്ഞാൽ  പിന്നെ ഹരി എന്നേയോ ഞാൻ ഹരിയേയോ  പേരു വിളിക്കുന്നില്ലല്ലൊ? ജാതി മതമെന്യേ, ധനിക ദാരിദ്രമെന്യേ എല്ലാവരും തമ്മിൽ തമ്മിൽ വിളിക്കുന്നത് ഒരു നാമത്തിൽ മാത്രം.അയ്യപ്പാ എന്നല്ലേ നമ്മൾ തമ്മിൽ തമ്മിൽ അഭിസംഭോധന ചെയ്യാറുള്ളത്? ദേഷ്യം വന്നാൽ പോലും എന്താ അയ്യപ്പാ ഇത് എന്നല്ലേ പറയാറുള്ളൂ?

മാലയിട്ടു കഴിഞ്ഞാൽ ലൌകീകത്തിൽ നിന്നും  വിട്ടു മാറുന്ന  ഒരവസ്ഥയാണ്, പരമാത്മാവിലേക്കു  ലയിക്കുമ്പോൾ നമ്മുടെ പേരുകൾ ഇല്ലാതാകുന്നു. അദ്വൈതത്തിലേക്കുള്ള ഒരു പാലായനം പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. തികച്ചും വ്യത്യസ്ഥമായ ഒരനുഭവം.അതെന്നെ വല്ലാതെ ആകർഷിച്ചു”.
പതിനെട്ടു വർഷങ്ങൾ  മലക്കു പോയിട്ടുള്ള ദാസേട്ടനു ഇക്കഴിഞ്ഞ കുറച്ചു കാലമായി അതിനു സാധിക്കാത്തതിൽ ഉള്ള ദു:ഖം വളരെയാണെന്നു ആ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. മനുഷ്യനായി ജനിച്ചുവെന്നതൊഴിച്ചാൽ അമാനുഷിക മൂല്യങ്ങൾ നടനമാടുന്ന ഒരു പാവന ജീവിതം. സംഗീതത്തിൽ  ധ്യാനിക്കുമ്പോൾ  അദ്വൈതത്തിൽ അർഥം കാണുന്ന ജീവിത മാഹാത്മ്യം. മറ്റാരും കാണാത്ത അഥവാ കാണാൻ തുനിയാഞ്ഞ ആ മനസ്സിന്റെ ആഴം എത്രയെന്നു വിവരിക്കുവാൻ അളന്നു തിട്ടപ്പെടുത്താൻ ഞാൻ വിഷമിക്കുകയായിരുന്നു. എന്നാൽ ദാസേട്ടൻ തൊട്ടു വിളിച്ചപ്പോൾ ഞാൻ ഈ ലോകത്തിലേക്കു  തൽക്കാലം തിരിച്ചു പോരേണ്ടി വന്നു.
(തുടരും)


ഹരി കോച്ചാട്ട്
 

No comments:

Post a Comment