Tuesday, July 9, 2019

ഇന്ദ്രീയഗാംഭീര്യങ്ങൾ അലിഞ്ഞു ചേർന്ന ഗാനഗന്ധർവൻ


ഈശ്വരന്റെ സായൂജ്യം പൂവണിഞ്ഞപ്പോൾ
ഒരു മാന്ത്രിക കലാകാരൻ  തന്റെ മോഹനമായ ശൃതിലയങ്ങൾ കോർത്തിണക്കി സംഗീത ധാരയെ ഉണർത്തി ഉദ്ദീപിപ്പിച്ചു നിർഗ്ഗളിക്കുന്നതുവരെ സംഗീതത്തിന്റെ ആത്മാവ്  അപൂർണ്ണതയിൽ ആണ്ട് കവിടികളിൽ ഒളിഞ്ഞിരിക്കും . അത്തരം അവസരങ്ങൾ നഷ്ടപ്പെട്ട അനേകായിരം ശ്രുതികൾ ആരുമാരും ആസ്വദിക്കാതെ ദിനം പ്രതി നിശബ്ദതയുടെ  ശവകുടീരങ്ങളിൽ അടക്കം ചെയ്യപ്പെടുന്നു.  സംഗീതത്തിന്റെ ഭാവഗോപുരങ്ങൾ  ആർദ്രതയാലും വികാരനിർഭരതയാലും കാത്തു സൂക്ഷിക്കപ്പെടുന്നു. വരദാനമായി ജന്മസിദ്ധി നേടിയ ഗാനഗന്ധർവൻ  തന്റെ ശ്രോതാഭിരാമതയാൽ  തലോടുമ്പോൾ  ഗോപുര വാതിലുകൾ താനെ തുറക്കപ്പെടും . ശ്രുതി മധുരിമ വാർന്നൊഴുകാൻ  തുടങ്ങും. വാമൊഴിയാൽ ജന്മാന്തരങ്ങൾക്ക്  നൽകാൻ കഴിയാത്ത  നിർവൃതിയുടെ രൂപ സാന്ദ്രത സംഗീതത്തിലൂടെ ദ്യോതിപ്പിക്കപ്പെടും.ഗാനോപഹാരത്തിലൂടെ ഗായകൻ നിശബ്ദതയുടെ ചുവരുകളിൽ വർണ്ണചിത്രങ്ങൾ  രചിക്കും.ഇന്ദ്രീയങ്ങളുടെ  ഗംഭീര്യം അലിഞ്ഞൊന്നു ചേരുന്ന അത്തരം  സംഗീതങ്ങൾ  ഭാഷയെന്നൊരു സീമയിൽ  ഒതുങ്ങുന്നില്ല. ലോകൈകരുടെ മനസ്വാശ്രയമെന്നേ ചിറകടികളുയരും.സ്വപ്നങ്ങളിൽ ചിത്രീകരിക്കുവാൻ പോലും പ്രയാസമേറിയ ഒരു അമാനുഷിക  ജന്മത്തിനു മാത്രം  കൈവരിക്കാവുന്ന  അൽഭുത സിദ്ധിയാണിതൊക്കെ. ആറാം ദിവസം സൃഷ്ഠി പൂർത്തിയാക്കുന്ന  സൃഷ്ടാവിനു അറുപതു ദിനങ്ങൾ തപസ്സിരിക്കേണ്ടി വരുന്ന അവസ്ഥ . കൈരളിയുടെ മടിത്തട്ട് ദൈവസന്നിധി ആരേയും വിശ്വസിപ്പിക്കുന്ന പുരാണങ്ങളും ഇതിഹാസങ്ങളും  ഒട്ടേറെയില്ലേ.  പ്രകൃതി ശക്തി പ്രകൃതി സൌന്ദര്യം  അരുളി അനിഗ്രഹിച്ച  മലയാള നാട്. സഹ്യാദ്രി പർവ്വങ്ങൾ  ശിരസ്സായി കാർകുന്തളമണിഞ്ഞു നിൽക്കുന്ന  കേരള നാടിന്റെ കണംകാൽ വരെ ചുരുണ്ടു നിവർന്നു കിടക്കുന്ന വാർമുടിയിഴകളല്ലെ  അസുലഭമായ നദികളും, അരുവികളും, നീരുറവകളും, ഭംഗിയാർന്ന കായൽ പാട ശേഖരങ്ങളും, മന്ദമാരുതൻ  കാർകൂന്തൽ തൈലം പുരട്ടുമ്പോൾ  വാർമുടിയിഴകളിലേൽക്കുന്ന സപർശ ചലനമായി  തോന്നപ്പെടുന്ന ഓളങ്ങൾ അരുവിക്കരയിലേയും നദിക്കരയിലേയും മണൽ ത്തരികളെ പുണരുന്ന മാന്ത്രികത്വം എത്രകണ്ടാലാണ് മതിവരുക. വർഷക്കാലത്ത്  നദിയുടെ ഒഴുക്കിനു  ശക്തിയേറുമ്പോൾ  നദീതടത്തിലെ മിനുസമേറിയ പാറകളിൽ നിന്നും നുരയുണരുന്ന കുമിളകൾ  അരുവികൾക്കായി കണ്ണുകളേകുന്ന  അനുഭവമേകുന്നു.  പുഞ്ചപ്പാടങ്ങൾ  ഹരിത വർണ്ണിനിയായി  കേരളാംബയെ പട്ടുടുപ്പിക്കുമ്പോൾ  അവൾ  സുന്ദരിയും ശാലീനയുമായ  ഒരു നാണം കുണുങ്ങിയായി  മാറുന്നു. ഇത്രയൊക്കെ  അണിയിച്ചൊരുക്കിയിട്ടും ഈശ്വര സംതൃപ്തിക്കുറവുണ്ടായെന്നു തോന്നുന്നു. ഒരു സമ്പൂർണ്ണ  സൃഷ്ടിയുടെ അഭാവം തോന്നിച്ച ഒരു മാന്ദ്യം. സഹ്യനിൽ നിന്നുമുയരുന്ന ഇളം കാറ്റിൽ നെന്മണികളും  കല്ലോലിനിയും  ഉണർത്തുന്ന  പശ്ചാത്തല സംഗീതത്തിനൊരു   ഔത്സുക്യമേറിയ  ശ്രുതിയുടെ അഭാവം ജഗദീശനെ അസഹനീയപ്പെടുത്തിയിരിക്കണം. അതുല്യമായ അതിനു പരിഹാരമായ  സൃഷ്ടീകർമ്മം പൂർത്തീകരിച്ചപ്പോൾ ഈ ലോകം പുളകമണിഞ്ഞു. നിരീശ്വര വാദികൾ  പോലും കൂപ്പു കൈകളോടെ  സൃഷ്ടി കർത്താവിനെ വണങ്ങി.  അങ്ങിനെ ദൈവദാസനായിപ്രത്യക്ഷമരുളിയ അമാനുഷിക ജന്മമാണ് കാലം കഥകൾ പറഞ്ഞു മറഞ്ഞപ്പോൾ  ഇതിഹാസപുരുഷനായി പരിവർത്തനപാത്രമായ  നമുക്കു അന്നും ഇന്നും പ്രിയപ്പെട്ട  ദാസേട്ടൻ. (പത്മ ശ്രീ ഡോക്ടർ  കെ. ജെ.  യേശുദാസ്)

ബാല്യകാലവും കൌമാരദശയും
അരങ്ങിൽ നടനും പിന്നണിയിൽ ഗായകനുമായൈരുന്ന അഗസ്റ്റിൻ  ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും പുത്രനായി  ജനുവരി പത്തിനായിരുന്നു ആ പിറവി. ലാളിത്യത്തിന്റെ  പോരായ്മ  ഗൃഹത്തിൽ അറിഞ്ഞിരുന്നില്ലയെങ്കിലും  സമൂഹത്തിന്റെ വികൃത ഭാവങ്ങൾക്കു അടിയറ  പറയേണ്ടി വന്ന  ബാല്യകാലം   ത്യാഗങ്ങളാൽ പൂജിതമായിരുന്നു. സാമൂഹ്യവൈകാരികതകളെ  വകവെയ്ക്കാതെ  തത്വദീക്ഷയുള്ള ജീവിത മൂല്യങ്ങളിൽ  അടിയുറച്ചു വിശ്വസിച്ചിരുന്ന പിതാവ് തന്റെ  അരുമപുത്രന്റെ  അഭിരുചി പ്രോത്സാഹിപ്പിക്കാൻ  ദൃഡമായ നിശ്ചയമെടുത്തു.  തോപ്പും പടി കുഞ്ഞൻ വേലു ആശാന്റേയും തിരുകൊച്ചി നസ്രേത്ത്  ബി.ജെ. ജോസഫിന്റെയും തുടർന്നു ശിവരാമൻ നായരുടേയും ശിക്ഷണം സംഗീതത്തിന്റെ  ബാല പാഠങ്ങൾ മകനു നൽകി.  സാമ്പത്തിക  തകരാറിൽ ആടിയുലഞ്ഞ വേളയിലും പുത്രന്റെ സംഗീതാഭ്യാസമായിരുന്നു പിതാവിന്റെ പ്രാഥമ്യം. അച്ഛന്റെ ആർദ്ര മനസ് മകൻ നന്നായി അറിഞ്ഞിരുന്നു. മനസ് വിതുമ്പിയെങ്കിലും ഏകാഗ്രതയിൽ ഉറച്ചു  കാലുകൾ മുമ്പോട്ടു വെച്ചു നടന്ന മകനെ  ഈശ്വരനെന്നും പിന്തുണച്ചിരുന്നു.  ഹൈസ്കൂളിനു ശേഷം  തൃപ്പൂണിത്തുറ കൊട്ടരാധീനതയിലുണ്ടായിരുന്ന  ആർ.എൽ.വി യിൽ നിന്നും ചതുർവർഷ പഠന പരമ്പര മൂന്നു വർഷം കൊണ്ടു അതിശയമാം വണ്ണം  പൂർത്തീകരിച്ചു ഗാന ഭൂഷണം ഡിപ്ലോമ. എൻണാൽ അതിനു ശേഷം ആകാശവാണിയിൽ ചെന്നു ശബ്ദപരിശോധന നടത്തിയ യേശുദാസ് പരാജയപ്പെട്ടു എന്ന ചരിത്ര പ്രസിദ്ധമായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ആ പരാജയം യേശുദാസിനു ഒരു ഉണർവ്വായിരുന്നു.  ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതാഭ്യാസം തുടങ്ങി. വൈദ്യരുടെ മരണം വരെ അത് തുടർന്നു.
1961 നവംബർ 14-നാണ് ആദ്യത്തെ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടത്, കാൽപ്പാടുകൾ എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി. അങ്ങിനെ ജാതി ഭേദം മതദ്വേഷം എന്ന പാട്ടുപാടി സിനിമയിൽ ഹരിശ്രീ കുറിച്ചു.
ഇതിനു മുൻപ് നല്ല തങ്ക എന്ന ചലച്ചിത്രത്തിൽ പാടാൻ പരിഗണന കിട്ടിയെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞു യേശുദാസിനെ തിരിച്ചയക്കുകയായിരുന്നു.  എന്നാൽ ആദ്യത്തെ പ്രവേശനത്തിന് ശേഷം, പിന്നീട് കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമായിരുന്നു. അന്നു മുതൽ ഇന്നു വരെ.


അംഗീകാരങ്ങൾ:


ബഹുമാന പുരസ്കരങ്ങളുടെ പട്ടിക ഇവിടെ  അടങ്ങില്ല. അതിനാൽ അനവധികളിൽ ചിലത് മാത്രം ഇവിടെ കുറിക്കാം.
  • 2017-ൽ പത്മവിഭൂഷൺ
  • 2002-പത്മഭൂഷൺ
  • 1973-പത്മശ്രീ
  • 1989-ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്
  • 2003-ഡി.ലിറ്റ് , കേരളാ സർവകലാശാല
  • ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
  • 2008-ൽ കേരളരത്ന, ജയ് ഹിന്ദ് റ്റിവി
  • 1992-ൽ സംഗീത നാടക അക്കാദമി പുരസ്കാരം
  • ഉടുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മാദ്ധ്യമങ്ങളിൽ ആസ്ഥാനവിദ്വാൻ സ്ഥാനം
  • ഗാന ഗന്ധർവൻ പുരസ്കാരം
  • ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • 2011-ൽ കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം
  • സ്വരലയ പുരസ്കാരം

ഹരി കോച്ചാട്ട്

No comments:

Post a Comment