Tuesday, September 24, 2019

വേറിടും വേരുകൾ


ബാല്യം.........
ഓർക്കുന്നു ഞാനെന്റെ ബാല്യം
ഓർക്കുന്നു ഞാനാ വേർപെട്ട ഭാരം
കളിക്കൊഞ്ചലും കിളിക്കൊഞ്ചലും
മാന്തോട്ടക്കൊമ്പിലെ കളിയൂഞ്ഞാലും

കൌമാരം.........
ആഴ്ചപ്പതിപ്പിനായ് കാത്ത വെള്ളിയും
കാറ്റിൽ വീണ തേൻ മാമ്പഴസ്വാദും
മഴവെള്ളം തെന്നിച്ചുള്ള നടത്തവും
ഒറ്റക്കുടയിൽ തൊട്ടുരുമ്മിയ സഖിയും

യൌവനം.......
പനിപ്പിച്ച ആദ്യചുംബനത്തിൻ മധുരവും
കൈക്കുമ്പിളിൽ ചൊരിഞ്ഞ സ്നേഹവും
ഇമ്മിണിപ്പിണക്കം വീശിയ മൌനവും
നമ്മളിൽ നനഞ്ഞലിഞ്ഞ ഇഷ്ടങ്ങളും

പിതൃപൈതൃകം.......
പൈതൃകം കൈകോർത്തൊരീ നേരം
ഓർമയിൽ തെളിഞ്ഞെൻ പിതൃപൈതൃകം
ആ കണ്ണുകളിൽ ഞാൻ കണ്ട സ്നേഹവും
ആരുമറിയാതാമനസ്സിലൊളിപ്പിച്ച ഭാരവും


എൻ പൈതൃകം............
കനലായെരിഞ്ഞച്ഛന്റെ ദേഹി, വരമായ്
എന്റുണ്ണിയിലൂടെ നീട്ടിയാ പൈതൃകം
തിരക്കിന്റെ ചുഴലിക്കധിപനാം ഉണ്ണിക്ക്
ശാപഭാരമാവുമോ എന്നു ഭയന്നു ഞാൻ!

ഒരല്പം സാന്ത്വനം...........
എന്നുണ്ണിയെനിക്കെഴുതിയ വരികൾ!
പിറന്നാൾ സമ്മാനമായ് കുറിച്ചവൻ
കേൾക്കുന്നു ഞാനാ മനമെരിയുന്നൊരൊച്ച
പേടി വേണ്ടച്ഛാ, വിടില്ല ഞാൻ ഒരിക്കലും
ആൽമരത്തണലേകിയൂട്ടിയ എന്റച്ഛൻ
അനാഥാലയപ്പടികൾ ചവിട്ടില്ലൊരിക്കലും
എന്നുണ്ണി വരികൾ ഉഷസ്സിലെന്നുമോർത്തിടും
വിലോപരാം ദാരുണ പിതാക്കൾക്കായ്

-കപിലൻ-