Tuesday, November 19, 2019

എന്റെ രാപ്പാടി


ഞാൻ കാണാത്ത, ഞാനറിയാത്തവൾ

അപരിചിതയായെന്നിലെത്തി നിദ്രയിൽ
മൃദുലമായ് പേരു വിളിച്ചു തലോടി,
എന്നെ ഞെട്ടിയുണർത്തിയവൾ മറഞ്ഞു

എൻമനസ്സിൽ പതിഞ്ഞു പോയവളുടെ രൂപം
തലോടാനായി ഞാൻ കൈവിരലുകളനക്കി
മിഴി തുറന്നു ഞാൻ ഒരു നോക്കു കാണാൻ
അവളെങ്ങോ മറഞ്ഞു യാത്രമൊഴിയാതെ!

രാവുകൾ തോറും കണ്ടു മുട്ടി വീണ്ടുമവളെ
രൂപമില്ലാനിഴലായ് പ്രേമിച്ചു ഞാനവളെ
രാവുകൾ കാത്ത് മോഹിച്ചു പോയ് പലതും
പകലുകളേകുമന്തരം വെറുത്തു ഞാൻ ഏറെ

കേൾക്കാത്ത കഥയും, കഥയിലെ നാട്ടരും
ബാല്യവും ഭാവിയും കണ്ടു ഞാൻ വീണ്ടും
അവളുടെ മാറിൽ തലചാരി ശയിച്ച നേരം
അവളില്ലാ രാവുകൾ എനിക്കുറക്കമില്ലാതായ്

അവളിലെ പ്രേമം പ്രണയമാക്കിയ രാവുകൾ
അവളാരെന്നാരോടും പറഞ്ഞില്ലയിന്നു വരെ
അവളെന്റെ മാത്രമായെന്റെ സ്വന്തം രാപ്പാടിയായി
 രാത്രികളിലെന്നുള്ളിലുണരുമെൻ സ്വപ്നമായ്!
 
അതേ..... അവളാണ് ഞാനെന്നും പ്രേമിച്ച 
എന്റെ മാത്രമായ സ്വപ്നപൌർണ്ണമി!

-കപിലൻ-

Sunday, November 3, 2019

ഒരബോധമനസ്സിന്റെ വെളിപ്പാട്


നാരായണമേനോൻ ഈയിടെയായി കൂടുതൽ ചിന്താമഗ്നയായിരിക്കുന്നു! ഇതാദ്യം ശ്രദ്ധിച്ചത് മേനോന്റെ പ്രിയപത്നി തന്നെ. ആദ്യമൊക്കെ കരുതി ജോലി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ മനസ്സിനെ അലട്ടുകയായിരിക്കുമെന്ന്. എന്തു വിശേഷങ്ങൾ പറഞ്ഞാലും ഒരു മൂളൽ മാത്രം. പറഞ്ഞത് കേട്ടു എന്നു നടിക്കാൻ വേണ്ടിയുള്ള ഒരു ശ്രമം! മേനോന്റെ ഭാര്യയോ അതൊരു മറുപടിയായിരിക്കും എന്ന് ആദ്യമൊക്കെ കരുതി. എന്നാൽ പിന്നൊരു ദിവസം അതിനെ കുറിച്ച് വീണ്ടും ഒരു സംഭാഷണമുണ്ടായാൽ മേനോന് ആ പറഞ്ഞത് മുൻപ് കേട്ടതായി ഒരു ഭാവവുമുമില്ല അല്ലെങ്കിൽ ഓർമ്മയുമില്ല എന്ന് വന്നപ്പോൾ ഇതിൽ എന്തോ പന്തികേടുള്ളതു പോലെ  മേനോന്റെ ഭാര്യയ്ക്ക് തോന്നി തുടങ്ങി. ഇത് ഒരാവർത്തനമായി മാറിയപ്പോൾ മേനോന്റെ ഭാര്യ മേനോനെ ശ്രദ്ധിക്കാൻ തുടങ്ങി. അതിനിടയിൽ ഒരു കാര്യം മറന്നു. മേനോന്റെ ഭാര്യ തന്റെ പ്രിയതമന്റെ ഈ മാറ്റം ശ്രദ്ധിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ട്. വാരാന്ത്യത്തിലെ ഉച്ചയുറക്ക സമയത്തും, രാത്രിയുറക്കത്തിലും ബന്ധമില്ലാത്ത പലതും അബോധമനസ്സിൽ നിന്നും മേനോൻ ഉച്ചരിക്കുവാനും തുടങ്ങിയിരിക്കുന്നു. ഉച്ചരിക്കുന്ന വാക്കുകളും വരികളും എന്തൊക്കെയോ ആയി ബന്ധിപ്പിക്കാൻ ഒരു ശ്രമം നടത്തും പോലെ. എന്നാൽ ഉണർന്നിരിക്കുമ്പോൾ മേനോനിൽ മറവിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടിരുന്നില്ല എന്നു മാത്രമല്ല, കൂടുതൽ അഗാധമായി ചിന്തിക്കുവാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ആയിരുന്നു പ്രകടമായിക്കൊണ്ടിരുന്നത്. കുറേ നാളായി കാണാതിരുന്ന മഷിത്തണ്ടും കടലാസും പിന്നെ അതിലൂടെ ഒഴുകുന്ന കുറിമാനങ്ങളും മേനോന്റെ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം കൈവിട്ടെന്ന് തോന്നിയ പഴയ സിദ്ധിയുമായി മേനോൻ പുനർജനിച്ച പോലെ! പണ്ടൊക്കെ അക്ഷരമാലകളെ മേനോന്റെ കളികൂട്ടുകാരിയെന്നു വിളിച്ച് മേനോനെ മേനോന്റെ ഭാര്യ കളിയാക്കുമായിരുന്നു. 

ഇനി ഈ മേനോന്റെ ഭാര്യ എന്ന വിളി വേണ്ട. മേനോന്റെ ഭാര്യയെ പരിചയപ്പെടുത്താം. മേനോന്റെ ഭാര്യ ഒരു വായാടിയായ മധുരഭാഷിണിയായിരുന്നു എന്നതിവിടെ പ്രകീർത്തിച്ചേ മതിയാവു. മേനോന്റെ ഭാര്യയുടെ ഈ വിശേഷണമാണ് അവരെ സമൂഹത്തിൽ പലരുടേയും ഓമനയാക്കി മാറ്റിയതും. ശരിയായ പേരിൽ മേനോന്റെ ഭാര്യയ്ക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന് മേനോനെ പലപ്പോഴും ഓർമ്മപ്പെടുത്തുന്ന സ്വഭാവമുള്ളതിനാൽ, തൽക്കാലം നമുക്ക് ഈ കഥയിലെ നായികയെ കിലുക്കാം പെട്ടി എന്നു അഭിസംബോന്ധന ചെയ്യാം! മേൽപ്പറഞ്ഞ സ്വഭാവഗുണം തുളുമ്പി നിന്നിരുന്നത് കൊണ്ട് തന്നെ, മേനോനിൽ പ്രത്യക്ഷമായ നിശബ്ദതയും, ചിന്താനിമഗ്നതയും ഒന്നിച്ച് ഉണ്ടായ ഏകാന്തയുടെ നിലവിളി നമ്മുടെ കിലുക്കാം പെട്ടിയെ ഭ്രാന്തു പിടിപ്പിക്കുന്ന അവസ്ഥയിൽ കൊണ്ടു ചെന്നെത്തിച്ചു. ഒരെത്തും പിടിയും കിട്ടാതെ വന്ന കിലുക്കാം പെട്ടി രണ്ടും കല്പിച്ചു മേനോൻ കുട്ടിയുടെ ഏകാന്തത കെടുത്താൻ തന്നെ തീരുമാനിച്ചു. തട്ടിയും മുട്ടിയും കിലുക്കാം പെട്ടി പലപ്പോഴും പലതും പറഞ്ഞു കാണിച്ചും മേനോനെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുമെങ്കിലും തന്റെ മേനോൻ മറ്റൊരു സ്ത്രീയോട് മിണ്ടുന്നതു വരെ കിലുക്കാം പെട്ടിക്ക് രസിക്കില്ല. സ്നേഹിച്ചു മാംഗല്യം കണ്ട ആ ദമ്പതികൾ എത്ര വയസ്സായാലും ഇന്നും കുട്ടിക്കാല സുഹൃത്തുക്കൾ പോലെ തന്നെ. അങ്ങോട്ടും ഇങ്ങോട്ടും മേനോനും ഭാര്യയും സ്നേഹം കൂടുമ്പോൾ അഭിസംബോന്ധന ചെയ്തിരുന്നത് കുട്ടി എന്നായിരുന്നു. അതു വടക്കൻ കേരളക്കരയിൽ വിരളവുമല്ലല്ലോ?

ഒരു വാരാന്ത്യത്തിൽ ഉച്ചയൂണു കഴിഞ്ഞു ടി.വിയുടെ മുന്നിൽ ഇരുന്നു ഉറക്കത്തിലേക്ക് വഴുതി വീഴുന്ന മേനോന്റെ അടുത്ത് ചെന്നിരുന്ന് കിലുക്കാം പെട്ടി ചോദിച്ചു.

അല്ലാ കുറച്ചു ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു, കുട്ടിയ്ക്ക് എന്തു പറ്റി? വീണ്ടും എഴുതാൻ തുടങ്ങിയത് നല്ലത് തന്നെ. പക്ഷെ ഈ മൌനം? ഈ ചിന്ത? രാത്രിയിൽ ഉറക്കത്തിൽ തനിയെ ഉള്ള ഒരു ബന്ധവുമില്ലാത്ത സംസാരം? ഇന്നെനിക്കതറിഞ്ഞേ മതിയാവു

മേനോനു കിലുക്കാം പെട്ടിയെ നല്ലവണ്ണം അറിയാം. നല്ലവണ്ണം എന്നു പറഞ്ഞാൽ എട്ടാം ക്ലാസു മുതലുള്ള ചങ്ങാത്തമല്ലേ? തന്റെ സഖാവ് എന്തെങ്കിലുമൊന്നിന് ഒരുമ്പെട്ടാൽ പിന്നെ അതു സാധിച്ചിട്ടെ പിന്മാറു എന്നത് മേനോനു നന്നായി അറിയാം. അതുകൊണ്ട് മേനോൻ അറിഞ്ഞു, താൻ കുടുങ്ങി. ഇനി പറയാതെ രക്ഷയില്ല.
മേനോൻ എന്തു എവിടെ പറഞ്ഞു തുടങ്ങണം എന്നറിയാതെ ഒന്നു പകച്ചു. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തല്ലെ ഒറ്റ ചോദ്യത്തിൽ കൂടി മേനോന് അറസ്റ്റ് വാറണ്ട് കിട്ടിയത്? അത് കൊണ്ട് ഒരു നിമിഷം കാത്തിരിക്കാൻ കൈകൊണ്ട് ആഗ്യം കാട്ടി. എന്നിട്ടും മേനോന് ഒരു തുടക്കം കിട്ടുന്നില്ല. ഒരു ജമ്പ് സ്റ്റാർട്ട് നായി മേനോന് ഒരു ബുദ്ധി തോന്നി.

മേനോൻ പറഞ്ഞു, ഊണല്പം കൂടിയത് കൊണ്ട് ഉറക്കം വരുന്നു. ഒരു കാപ്പി നല്ല കടുപ്പത്തിൽ ഇട്ടുകൊണ്ട് വന്നാൽ നമുക്ക് തുടങ്ങാം. പറയാൻ തുടങ്ങിയാൽ ഏറെ ഉണ്ടായി എന്നു വരാം. അതു കൊണ്ടാ.
അതുകേട്ടപ്പോൾ കിലുക്കാം പെട്ടിക്ക് ആധി കൂടി. മനസ്സിൽ കരുതി, ഈ കുട്ടി എന്തൊക്കെയോ ഒളിപ്പിച്ചു വെയ്ക്കുന്നുണ്ട്. ഇന്നതൊക്കെ പറയിപ്പിച്ചിട്ടേ ഇനി മറ്റൊരു കാര്യമുള്ളു. കാപ്പിയെങ്കിൽ കാപ്പി. എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ഈ എഴുത്ത് വീണ്ടും തുടങ്ങിയപ്പോൾ. ഈ എഴുത്തുകാരുടെ മനസ്സല്ലെങ്കിലും പല ജീവാംശങ്ങൾ കൊണ്ട് വാർത്തുണ്ടാക്കിയത് പോലെയാണ്. ഒരു ശരീരത്തിൽ വസിക്കുന്ന വിവിധ കഥാപാത്രങ്ങളുടെ സ്പന്ദനങ്ങൾ അവരുടെ മനസ്സിൽ ഉണ്ടാവും. അതിനിടയിൽ ഒളിപ്പിച്ചു വെച്ചിരിക്കും എഴുത്തുകാരുടെ മാത്രമായ രഹസ്യങ്ങൾ. സാധാരണക്കാർ അതൊട്ട് കാണുകയുമില്ല. ജനങ്ങൾ ഒരു മുദ്രയും കുത്തും, കഥാപാത്രങ്ങളിൽ വസിക്കുന്ന രചയിതാവ്. അങ്ങിനെ പറ്റിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ എന്നെ കൂട്ടണ്ട. ഈ എന്റെയടുത്താ പണി. ഞാനിന്നെല്ലാം പുറത്തു ചാടിക്കും. 

കാപ്പിയുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയിലും കിലുക്കാം പെട്ടി പിറുപിറുക്കുകയായിരുന്നു, എഴുത്തുകാരന്റെ മനസ്സ് കണ്ടു പിടിച്ചു എന്നു കരുതിയുള്ള അഹംഭാവം, അടുക്കളയിൽ നിന്നും കാപ്പിയുമായി വരുന്ന,  പ്രൊഫസർ കുട്ടിയുടെ മുഖം കണ്ടാലറിയാം.

കാപ്പിയുമായി വന്ന മേനോന്റെ ഭാര്യ, മേനോന്റെ കൈയ്യിൽ കാപ്പിഗ്ലാസ് കൊടുത്തു. ആവി പറക്കുന്ന ഗ്ലാസ് കൈയ്യിൽ പിടിച്ചു കൊണ്ട് മേനോൻ വിദൂരതയിലേക്ക് കണ്ണ് പായിച്ചു. നിമിഷങ്ങൾ ഒന്നുരണ്ട് കഴിഞ്ഞപ്പോൾ കിലുക്കാം പെട്ടി മേനോനെ കുലുക്കി, ഒരു ഓർമ്മപ്പെടുത്തലിന്റെ ഘടികാരം ദേഹട്ടേത്തതു പോലെ മേനോന് തോന്നി. 

മേനോൻ കോപ്പയിൽ നിന്നും ഒരു കവിൾ കാപ്പി ഉള്ളിലേക്ക് വലിച്ചിട്ട് സംസാരഭ്രഷ്ടനായി.
കുട്ടി, ഞാൻ പറയാം ഈ അടുത്ത കാലത്ത് എന്നിൽ കൂടി പല ചിന്തകൾ പായുന്നു. എന്നാൽ ഒരു എത്തും പിടിയും കിട്ടുന്നില്ല. പലതും ഒരു മുന്നറിയിപ്പായി തോന്നുന്നു. എന്നാൽ മറ്റു പലതിനും യാതൊരു ബന്ധവും കാണുന്നുമില്ല. പലതിനും അർത്ഥമോ, ബന്ധമോ എളുപ്പത്തിൽ കാണാൻ പറ്റിയെന്ന് വരില്ല എന്ന് മാത്രമല്ല. പലതിനും പുറകിൽ പഴമയുടേയോ പുതുമയുടേയോ ചായകൂട്ടിന്റെ കലർച്ചയും! പലതിനും അർത്ഥം ഞാനിപ്പോഴും തേടുകയാണ്. ഒന്നും മനസ്സിലാവുന്നില്ല എന്ന് തോന്നുന്നു. പറയുന്നത് മുഴുവൻ കേൾക്കാൻ ക്ഷമയുണ്ടെങ്കിൽ ഞാൻ തുടരാം.

കിലുക്കാം പെട്ടിയുടെ കിലുക്കം നിലച്ചു. ഇതുവരെ ഇങ്ങിനെയൊരു മുഖവുര കേൾക്കേണ്ടി വന്നിട്ടില്ല. ഇതെന്തിന്റെ തുടക്കാമാണാവോ? കിലുക്കാം പെട്ടി ആകെ ഒന്നു ഭയന്നു. ഇനി വല്ല അസുഖവും എന്നോട് മറച്ചു വെയ്ക്കുകയായിരുന്നോ? അതോ, വർഷങ്ങളായി കൊണ്ടു നടന്ന മറ്റെന്തെങ്കിലും രഹസ്യം? ആലോചിക്കും തോറും കിലുക്കാം പെട്ടിയുടെ മനസ്സ് മരവിച്ചു കൊണ്ടിരുന്നു. എന്തായാലും, താനല്ലെ തുടക്കമിട്ടത്. എന്തും കേൾക്കാൻ മനസ്സുറപ്പിച്ചു മേനോന്റെ കസേരയ്ക്ക് മറുഭാഗത്തുള്ള കസേരയിൽ മേനോന്റെ കണ്ണിലേക്ക് നോക്കി കിലുക്കാം പെട്ടി ഇരുപ്പായി.

മേനോൻ തുടർന്നു. കഴിഞ്ഞ ഒരു മാസമായി ഞാൻ ഓഫീസിലേക്ക് കാറോടിക്കുമ്പോൾ (ഒരു മണിക്കൂർ യാത്രയുണ്ട് മേനോന്ന് എന്നും) , തലേ രാത്രി കണ്ട  സ്വപ്നങ്ങളിലെ വാചകങ്ങളും, വാക്കുകളും, ഓർമ്മയിൽ വരും! ഉറക്കത്തിൽ അതേ വാക്കുകളും വാചകങ്ങളും പിന്നേയും മുൻപിൽ വരുന്നു. അതിനർത്ഥം കാണാൻ ഞാൻ ശ്രമിക്കുമ്പോൾ അതു പലപ്പോഴും ഉറക്കപ്പിച്ചായ് പുറത്തേക്ക് വരുന്നു. ആരോ എന്തോ എന്നോട് ഓർക്കുവാൻ പറയുന്നത് പോലെ!  പലതും യോജിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ. എവിടെയോ പൊട്ടിപ്പോയ ചങ്ങലയുടെ കണ്ണികൾ കൂട്ടി ചേർക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ എന്നോട് ചേർക്കാൻ പറയുകയോ ചെയ്യുന്ന പോലെ? എന്റെ സുബോധ മനസ്സിൽ നിന്നല്ല അതൊക്കെ വരുന്നതെന്ന് എനിക്കറിയാം. കാരണം, മസ്തിഷ്കം ഉറങ്ങുമ്പോൾ ഉണരുന്ന അബോധമനസ്സിൽ നിന്നുമാണ് അതൊക്കെ വരുന്നത് എന്റെ കൺമുൻപിൽ! അബോധമനസ്സിന്റെ പ്രതിഫലനങ്ങളല്ലേ സ്വപ്നങ്ങൾ? ഒരേ സ്വപ്നം പലയാവർത്തി നാം കാണുമ്പോൾ ഒന്നുകിൽ നമ്മുടെ ജീവിതത്തിൽ നാം ചെയ്തു പോയ അല്ലെങ്കിൽ അനുഭവിച്ച സംഭവങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലോ അല്ലെങ്കിൽ ആ സംഭവം മറ്റൊരു തരത്തിൽ ആയിരുന്നെങ്കിൽ അത് ഏതുവിധം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേനെ എന്നു നമുക്ക് അബോധമനസ്സ്  കാണിച്ചു തരികയാവാം. അതുമല്ലെങ്കിൽ വരാനിരിക്കുന്ന എന്തോ സംഗതി. അതുകൊണ്ടാണ് പലപ്പോഴും അത്തരത്തിലുള്ള ഓർമ്മപ്പെടുത്തൽ ഒരു മാനസികാഘാതമായി പലർക്കും അനുഭവപ്പെട്ടിട്ടുള്ളത്. അതുപോലെ എന്റെ അബോധമനസ്സ് എന്നോട് എന്തോ പറയുന്നു. ഞാൻ അബോധമനസ്സിനെ കുറിച്ചു പലതും വായിക്കാൻ തുടങ്ങിയിരിക്കുന്നു. വളരെ അൽഭുതകരമായ ഗവേഷണമാണ് പലരും അബോധമനസ്സിനെ അറിയാൻ നടത്തിയിരിക്കുന്നത്.

ഇത്രയും കേട്ട മേനോന്റെ കിലുക്കാം പെട്ടിക്ക് ഒരല്പം ഭയം വന്നപോലെ മേനോന്റെ അരികലേക്ക് ഇരുന്നിട്ട് പറഞ്ഞു, കുട്ടിക്ക് തനി ഭ്രാന്താണ്. വെറുതെ ഓരോന്നുണ്ടാക്കി ഓർത്തിട്ടാണ്. ഈ എഴുത്ത് കുറച്ചു നാൾ നിർത്തി വെച്ചപ്പോൾ പലതിനും ഒരു സമാധാനം കിട്ടിയതായിരുന്നു. എഴുത്ത് തുടങ്ങി. സമാധാനവും പോയിക്കിട്ടി. വടി കൊടുത്ത് അടി മേടിക്കുന്ന മാതിരി കിലുക്കാം പെട്ടി തന്റെ ഭയം മറച്ചു പിടിക്കാനായി ആവലാതിപ്പെട്ടു.

മേനോൻ കിലുക്കാം പെട്ടിയെ വിശ്വസിപ്പിച്ചേ അടങ്ങു എന്ന മട്ടായി, അല്ല കുട്ടി. ഇതു എനിക്ക് ഈ ജീവിതത്തിൽ ആദ്യം ഉണ്ടായ അനുഭവമല്ല. പണ്ടു സ്കൂളിൽ പഠിക്കുന്ന കാലത്ത്, ജോർജ് സാറ് സാമൂഹ്യപാഠം എടുത്തിരുന്ന സമയത്ത് ഒൻപതാം ക്ലാസിലാണെന്നു തോന്നുന്നു, അജന്ത എല്ലോറ ഗുഹകളെ കുറിച്ചും അവിടുത്തെ ഭിത്തികളിലെ ചിത്രരചനകളെ കുറിച്ചും പറഞ്ഞത് ഓർമ്മയുണ്ടോ? അക്കാലത്ത് ഞാൻ  ഇടവിടാതെ പല ദിവസങ്ങളിലും സ്വപ്നം കണ്ടിരുന്നു, ഞാൻ അവിടെ ഓരോ ഗുഹകളിൽ നിന്നും മറ്റൊന്നിലേക്കു പോകുന്നതും ഞാൻ എന്തൊക്കെ കാണുന്നു എന്നതും, അതുപോലെ ആ സമയത്ത് എന്റെ പിറകെ ഒരു മാലാഖയെ പോലെയുള്ള ഒരു സ്ത്രീ എന്നെ പിന്തുടരുന്നതും. ഞാൻ ഇന്നും അതു വളരെ വ്യക്തമായി ഓർക്കുന്നു. കാരണം, വർഷങ്ങൾ കഴിഞ്ഞു, ഓർമ്മയില്ലേ ഒരു ഓഫീസ് മുഖാന്തിരമായി ഞാൻ ഔറംഗബാദിൽ പോയ സമയം അജന്ത എല്ലോറയിൽ പോയതും തിരിച്ചു വന്നപ്പോൾ കുട്ടിക്കു അവിടുത്തെ പ്രത്യേക തരം പട്ട് സാരികൾ കൊണ്ടു വന്നതും? അന്നു ഞാൻ അജന്ത- എല്ലോറ ഗുഹകളിൽ നടക്കുമ്പോൾ പണ്ടു ഞാൻ കണ്ട സപ്നം ഓർമ്മ വന്നു. ഞാൻ അറിയാതെ പുറകോട്ട് തിരിഞ്ഞു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല. വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട സ്വപ്നത്തിലെ ആ മാലാഖയെപ്പോലുള്ള ഒരു സ്ത്രീ, എനിക്കു പുറകിൽ! ഒര പ്രാവശ്യമല്ല, പലയാവർത്തി ഞാൻ ആ രൂപം കണ്ടു. അതു പോലെ ആ ഗുഹകളിലെ ചിത്രകലകളും കൊത്തു പണികളും. ഞാൻ സ്വപ്നത്തിൽ കണ്ട അതേ പോലെ. മങ്ങലും വിള്ളലും സ്വപ്നത്തിൽ കണ്ട അതേ മാതിരി. അന്നാണ് ആദ്യമായി ഞാൻ ആ കൊത്തുപണികളും ചിത്ര രചനകളും കാണുന്നത്. എന്തോ അതൊരിക്കലും എനിക്ക് വിശ്വസിക്ക്കാൻ കഴിഞ്ഞില്ല. ഇന്നും ആ മാലാഖയുടെ രൂപം മറക്കാൻ കഴിയുന്നില്ല, ഇപ്പോഴും! അറിയാതെ ഞാൻ മനസ്സിൽ അന്നു പറഞ്ഞു. ആരാണവൾ? എന്റെ മുൻ ജന്മത്തിലെ നായികയാണോ? അല്ലെങ്കിൽ എന്തിനു എന്റെ സ്വപ്നത്തിൽ? എന്തിനെന്റെ ജീവിതത്തിൽ ഒരിക്കൽ കൂടി അതേ രൂപം? അതേ സാന്നിദ്ധ്യം? പലപ്പോഴും കുട്ടിയോടത് പറയണമെന്ന് ഞാൻ വിചാരിച്ചതാണ്? വിശ്വസിക്കുമോ അതോ എനിക്കു ഭ്രാന്താണ് എന്നു പറയുമോ എന്നു പറയുമെന്ന് കരുതി, വേണ്ടെന്നു വെച്ചു. നമുക്കറിയാത്തതായി പലതും ഉണ്ടാവും കുട്ടി ഈ പ്രപഞ്ചത്തിൽ! ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥയും അതിലൊന്നാണെന്നൊരു തോന്നൽ!
 
ബാക്കി കോപ്പയിലുണ്ടായിരുന്ന കാപ്പി മുഴുവൻ അകത്താക്കിയിട്ട് മേനോൻ തുടർന്നു, എന്തോ ആരോ എന്നെ ഓർമ്മിപ്പിക്കും പോലെ തോന്നുന്നു പലപ്പോഴും. ആരെന്നറിയുന്നില്ല, എന്തെന്നറിയുന്നില്ല. അത് വരുന്നത് ആത്മാവിൽ നിന്നാണെന്നറിയുന്നു. മരണമില്ലാത്ത, ജനനമില്ലാത്ത ആത്മാവിനെ കുറിച്ച് ഉപനിഷത്തിൽ വായിച്ചതോർക്കുന്നു. മനുഷ്യൻ ജനിച്ച് മരിക്കുന്നതിനിടയിൽ ഉള്ള ജീവിതത്തിൽ ആത്മാവിനു മൂർത്തീകരണങ്ങൾ പലതത്രേ എന്നു താൻ കേട്ടിട്ടുണ്ടോ?ഭാര്യയോടായിരുന്നു ചോദ്യം. ഇല്ല എന്ന ആംഗ്യഭാഷയിലായിരുന്നു ഭാര്യയിൽ നിന്നും മറുപടി.

എന്നാൽ കേട്ടോളു, അതെ എന്നു വിശ്വസിപ്പിക്കാൻ ഉതകുന്ന പല ശാസ്ത്രനിരീക്ഷണങ്ങളും ഉണ്ട്. മനുഷ്യാത്മാവ് അനശ്വരമാണ് അല്ലെങ്കിൽ ശാശ്വതമാണ്. ആത്മാവിനു മരണമില്ല, ജനനമില്ല. പുതുതായി ഉണ്ടാക്കപ്പെടുന്നില്ല. കുട്ടിക്കറിയാമല്ലോ. ഊർജ്ജം വെറുതെ ഉണ്ടാക്കാൻ പറ്റില്ലെന്ന്? ഊർജ്ജത്തെ പൂർണ്ണമായി നശിപ്പിക്കാനും സാധിക്കില്ലല്ലോ? അതൊന്നിൽ നിന്നും മറ്റൊന്നിലേക്ക്  ആവാഹനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. എന്നു പറഞ്ഞാൽ ഒരു ശരീരം ശിഥിലമാവുമ്പോൾ ജനനം കൊള്ളുന്ന മറ്റൊന്നിലേക്ക് ചേക്കേറുന്നു. അല്ലെന്നു പറയാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. അപ്പറഞ്ഞതിന്റെ അർത്ഥം, നമ്മുടെ ആത്മാവ് എത്രയെത്ര ജന്മങ്ങൾ പേറിയിട്ടുണ്ട്?

അതേ പോലെ ഒരു മനുഷ്യായുസ്സിൽ ആത്മാവ് പലവട്ടം പുനരവതരിക്കപ്പെടും. എന്താണ് പുനരവതാരം എന്നു മനസ്സിലാക്കിയാൽ ആ നെറ്റിയിൽ കാണുന്ന ചുളിവുകൾ നിവരും. നാം നമുക്ക് ചുറ്റും എന്നും പുനരവതാരങ്ങൾ അല്ലെങ്കിൽ പുനർജന്മങ്ങൾ കാണുന്നില്ലേ? എന്താ ശ്രദ്ധിച്ചിട്ടില്ല എന്നുണ്ടോ? പുനരവതാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഊർജ്ജത്തിന്റെ അല്ലെങ്കിൽ ഒരു ശക്തിയുടെ പുനർജന്മമാണ്. ഒരു പൂർണ്ണദിനം ദിനമായുദിച്ചു രാവായുറങ്ങി വീണ്ടും പുതിയൊരൂർജ്ജത്തോടെ ദിനമായുണരുന്നത് ഒരു പുനർജനനമല്ലേ? എന്തിന്, സൂര്യചന്ദ്ര ഭ്രമണവും, സൌരയൂഥവും പ്രകൃതിയുടെ പുനർജനനങ്ങൾക്ക് ഉദാഹരണങ്ങൾ അല്ലേ? മറ്റൊരു പുർജനനത്തിന്റെ ഉദാഹരണമല്ലേ നമുക്ക് ചുറ്റുമുള്ള ചെടികൾ? വിത്തിൽ നിന്നും മുളയ്ക്കുന്ന നാമ്പുകൾ, ചെടിയായി മാറുന്നു, പുഷ്പിക്കുന്നു, കായ്ഖനികൾ നൽകുന്നു, കായകൾ കൊഴിയുന്നു, ചെടി മരിക്കുന്നു, എന്നാൽ താഴെ വീഴുന്ന കായില്ല്ലള്ള വിത്തുകളിൽ നിന്നും വീണ്ടും പുതിയ നാമ്പും ചെടിയും മുളയ്ക്കുന്നു! പ്രകൃതിയുടെ പുനർജ്ജന്മങ്ങൾ!

ദേഹാന്തരപ്രാപ്തി, ഒരു ശരീരത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണം, ശാസ്ത്രത്തിന് അപരിചതമല്ല. കഴിഞ്ഞ ജന്മത്തിലെ അനുഭവങ്ങൾ ഓർക്കുവാൻ സാദ്ധിക്കുന്ന ആത്മാക്കൾ നമുക്കിടയിൽ ജീവിക്കുന്നില്ലേ? എത്രയൊക്കെ അൽഭുതകരമാണെന്ന് പറഞ്ഞാലും, ആത്മാവിന് ഒരുവട്ടം ജനനം കൊള്ളാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് അത് രണ്ട് വട്ടം ആയിക്കൂടാ? ശാസ്ത്രം ഇന്നുവരെ അതിനു എന്നോട് മറുപടി പറഞ്ഞിട്ടില്ല. മറുപടി ഉണ്ടാവില്ല! പലയാവർത്തി ഒരേ സ്വപ്നം കാണുന്നത്, നമ്മുടെ മുൻജന്മത്തിലെ സംഭവങ്ങളുടെ അല്ലെങ്കിൽ ഈ ജന്മത്തിലെ നാമറിയാതെ പോയ വഴിയോരക്കാഴ്ചകളുടെ  ഒരു അയവിറക്കലാണെന്ന് മനശാസ്ത്രജ്ഞന്മാരിൽ പലരും വിശ്വസിക്കുന്നു. എന്നാൽ ഒരേ സ്വപ്നം പലവുരു കാണാനിടയായാൽ അത് ഈ ജീവിതത്തിൽ വരാൻ പോകുന്ന ഒരു സംഭവത്തിന്റെ മുന്നറിയിപ്പായും അവർ കരുതുന്നുണ്ട്. നാമതിനെ ഉള്ളുണർവ് അല്ലെങ്കിൽ ബോധോദയം എന്നൊക്കെ വിളിക്കുന്നു. അതു പോലെ ഡിജവു  അനുഭവിച്ച ആത്മാക്കളും നമുക്കിടയിൽ ഇല്ലേ? ഈ ജീവിതത്തിൽ ഇന്നുവരെ പങ്കുകൊണ്ടിട്ടില്ലെങ്കിലും വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു സംഭവത്തിൽ അതിന്റെ ഭാഗമായി തീർന്നിരുന്നു എന്ന വ്യക്തമായ ഉൾബോധവും, അന്നതിൽ നടന്നിരുന്നതായി പലരും ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്ക് താൻ സാക്ഷിയായിരുന്നതായും അറിയുക അല്ലെങ്കിൽ അതു വളരെ സ്പഷ്ടമായി പറയുക.
ഇത്രയും സമയം മിണ്ടാതെ അടക്കിപ്പിടിച്ചിരുന്ന കിലുക്കാം പെട്ടി ഒന്നു തനിയെ കിലുങ്ങി!
ഓർമ്മ കുറഞ്ഞാലും അതുപോലെ അത് കൂടിയാലും ഒരു രോഗം തന്നെയെന്നാ എനിക്ക് തോന്നുന്നത്. കാണുന്നതും, കേൾക്കുന്നതും എന്താണെന്ന് പറയുകയോ കാണിക്കുകയോ ചെയ്താൽ പരിഹാരം കാണാൻ ഒരു കൈ നോക്കാമായിരുന്നു. ഇതിപ്പോൾ അതും ശരിക്കു ഓർത്തു പറയാൻ പറ്റുന്നില്ല. മേനോൻ കുട്ടി, ഒരു കാര്യം ചെയ്യു. ഇനി ഇങ്ങിനെ പലതും കണ്ടും കേട്ടും ഉറക്കത്തിൽ നിന്നും എണീറ്റാൽ ഒരു കടലാസിൽ മറക്കും മുൻപ് അതൊന്നെഴുതി വെച്ചാൽ നന്നായിരിക്കും!

അതു നല്ലൊരു നിർദ്ദേശമായി മേനോന് തോന്നി. അതിനായി കിടക്കകരികിൽ ഒരു ബുക്കും പേനയും കരുതി വെയ്ക്കാൻ തീരുമാനവും എടുത്ത് അന്നത്തെ സംഭാഷണം അവിടെ നിർത്തി. 

കിടക്കകരുകിൽ കരുതി വെച്ച ബുക്കിന്റെ താളുകൾ നിറയുവാൻ തുടങ്ങി. എന്നും വൈകുന്നേരം, മേനോൻ താൻ അന്ന് രാവിലെ എഴുതി കൂട്ടിയ താളുകൾ തിരിച്ചും മറിച്ചും നോക്കും. പിടി കിട്ടാതെ വരുമ്പോൾ ബുക്കടച്ചു വെച്ചു, ചാരുകസേരയിൽ കിടന്ന് വായനശാലയിൽ നിന്നും കൊണ്ടു വന്ന ആത്മാവിനെ സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചിരിക്കും. മുഷിപ്പ് തോന്നിയാൽ ഒരു പെഗ്ഗ് അകത്താക്കി വായന തുടരും!

വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് മേനോൻ പലതും മനസ്സിലാക്കി. മേനോനെ മൾടി യൂണിവേർസ് എന്ന സിദ്ധാന്തം ഏറെ ആകർഷിച്ചു. നാം ജീവിക്കുന്നതു പോലെ അതിനു സമാന്തിരമായി പ്രവർത്തിക്കുന്ന മറ്റനേകം യൂണിവേസുകളുടെ ഒരു സമൂഹനിയമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.  മൾടി യൂണിവേർസിന്റെ അടിസ്ഥാന തുലനതകളയ സ്റ്റ്രിങ് നിയമവും ഏർളി യൂണിവേർസ് തത്വങ്ങളും മനസ്സിലാക്കി. സ്റ്റ്രിങ് സിദ്ധാന്തത്തിൽ 10 അളവുകളാണ്. നമുക്കു 4 അളവുകോലുകളെ അറിയുകയുള്ളു. ഉയരം, ആഴം, വീതി പിന്നെ സമയം. ബാക്കിയുള്ള 6 അളവുകോലുകൾ ഇനിയും ആറിയേണ്ടി ഇരിക്കുന്നു. ഏർളി യൂണിവേർസ് സാങ്കല്പികസിദ്ധാത്ന പ്രകാരം, ഫിസിക്സ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന ബിഗ് ബാങ് ആഘാതത്തിനു ശേഷം ഉണ്ടായ ഇൻഫ്ലമേഷൻ എന്നു പറയപ്പെടുന്ന സമയാതുലനത്തിൽ നടന്ന ദ്രുതഗതിയിലുണ്ടായ സ്ഫോടനത്തിന്റെ ഭാഗമായാണ്. അതുപോലെ, ഇൻഫ്ലമേഷൻ എന്ന പ്രക്രിയ  അകലങ്ങൾക്കനുസ്രണമായി ക്രമാതീതമായി ഒരു ആവർത്തന ശ്രംഖലയായി കാണേണ്ടതായതിനാൽ പുതുതായി ഉണ്ടാവപ്പെടുന്ന യൂണിവേർസ് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുകയും ഇവിടെനിന്നും അങ്ങോട്ടും അവിടെ നിന്നും ഇങ്ങോട്ടും ആത്മാക്കളെ കൈമാറപ്പെടുന്നുവെന്നും മറ്റൊരു പഠനവിഭാഗം വിശ്വസിക്കുന്നു എന്നതും മേനോൻ പഠിച്ചു.
മേനോൻ ഇങ്ങിനെ പലതും പഠിച്ചെങ്കിലും താൻ ആവർത്തിച്ചു കാണുന്ന സ്വപ്നങ്ങൾ പിന്നേയും ചോദ്യഛിഹ്നങ്ങളായി അവശേഷിച്ചു. എന്നാൽ താൻ കാണുന്ന പോലെയുള്ള സ്വപ്നങ്ങൾ പലരും പലപ്പോഴും ഇതിനു മുൻപ് കണ്ടിട്ടുള്ളതായി വായിച്ചറിഞ്ഞു.  അതിൽ പറയുന്ന അർത്ഥമായി ബന്ധം സൃഷ്ടിക്കാൻ മേനോന്റെ ബുദ്ധി ഉദിക്കാൻ പ്രയാസപ്പെട്ടു.

വേനൽ മങ്ങിത്തുടങ്ങി. ചൂട് കുറഞ്ഞു. സന്ധ്യാസമയം പുറത്തിറങ്ങി നടക്കാമെന്നായി. അങ്ങിനെയുള്ള ഒരു ദിവസമാണ് ആ അൽഭുതം സംഭവിച്ചത്. ആ വാരാന്ത്യത്തിൽ മേനോൻ പതിവുണ്ടായിരുന്ന സായംസന്ധ്യ നടത്തതിന് പോകാനൊരുങ്ങി. ഒരാൾ വന്നു മേനോനെ തടയുന്നു. അങ്ങിനെ ഒറ്റയ്ക്ക് പോകണ്ട. ഞാനുമുണ്ട് കൂട്ടിനു എന്ന മൌനഭാഷയുമായി! അത് ആരാണെന്നല്ലേ? പറയാം. മക്കൾ വലുതായി പഠനത്തിനായി പുറമെ ആയകാലം മുതൽ മേനോന്റെ ആരോമലായി കൂട്ടിനുള്ളത് മേനോന്റെ ബ്രൂണോ ആണ്. ബ്രൂണോ എന്നു പറഞ്ഞാൽ മേനോന്റെ സന്തതസഹചാരിയെന്നു തന്നെ പറയാവുന്ന അത്സേഷൻ ശുനകക്കുട്ടൻ. വൈകുന്നേരം അവരിരുവരും ഒന്നിച്ചാണ് സായാഹ്ന സവാരി. കുറേ നടക്കും ഗ്രാമപ്രദേശത്തെ വഴിയിൽ കൂടി. മേനോൻ തന്റെ ജീവിതഭാരങ്ങളും, ഔദ്വോഗകാര്യങ്ങളും ബ്രൂണോയോട് പറഞ്ഞു കൊണ്ട് നടക്കും. ഇടയ്ക്കു മേനോൻ പറച്ചിൽ നിറുത്തിയാൽ ശുനകപ്രിയൻ മേനോന്റെ മുഖത്തേക്ക് നോക്കും. ഒന്നും മനസ്സിലായിട്ടല്ല. പെട്ടെന്ന് ശബ്ദം നിന്നപ്പോൾ ജീവൻ ഉണ്ടോ എന്നു തിട്ടപ്പെടുത്തുകയാവും! അങ്ങോട്ടുള്ള നടത്തം മതിയാവുമ്പോൾ ബ്രൂണോ നിൽക്കും. അപ്പോൾ മേനോൻ കയ്യിൽ കരുതാറുള്ള ബോട്ടിലിൽ നിന്നും വെള്ളം ബ്രൂണോയുടെ വായിൽ ഒഴിച്ചു കൊടുക്കും. അതൊരു പതിവായ കാരണം പറയാതെ തന്നെ ബ്രൂണോ വെള്ളം കുടിച്ചു തിരിഞ്ഞുള്ള നടത്തം തുടരും.

അന്നും, മേനോന്റെ ഒപ്പം ബ്രൂണോ നടക്കാൻ ഇറങ്ങി. ഒരു മൈൽ കഴിഞ്ഞപ്പോൾ മേനോൻ ശ്രദ്ധിച്ചു മഴക്കാർ വന്നു മാനം നിറയുന്നു. മഴക്കു മുൻപ് വീട്ടിൽ ചെല്ലാമെന്ന് കരുതി അന്നു മേനോൻ തന്നെ നിന്നു ആദ്യം. എന്നിട്ടു വെള്ളം നിറച്ച ബോട്ടിൽ എടുത്തു. ബ്രൂണോ പതിവു പോലെ വെള്ളം കുടിച്ചു. മേനോൻ തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞു.  രണ്ടടി വെച്ച ബ്രൂണോ ഒന്നു നിന്നു! തല പൊക്കി ആകാശത്തേക്കൊന്നു നോക്കി. തല താഴ്ത്തി എന്തോ മണപ്പിച്ചു എന്തോ ശ്രദ്ധിക്കും പോലെ അര മിനിട്ട് അങ്ങിനെ നിന്നിട്ടുണ്ടാവും. എന്നിട്ട് തിരിഞ്ഞു നടക്കുന്നതിനു പകരം നായ മുന്നോട്ട് തന്നെ നടന്നു. മേനോനു എന്തോ പന്തികേട് തോന്നി. വെറുതെ അവൻ അങ്ങിനെ ചെയ്യില്ല. അവൻ ഒരു കെ 9 അത്സേഷനാണ്. പോലീസ് നായ്ക്കളുടെ ഒപ്പം പരിശീലനം കിട്ടിയവൻ. അവൻ എന്തെങ്കിലും കണ്ടിരിക്കും. മേനോൻ നിർബ്ബന്ധിച്ചു തിരിക്കാൻ തുനിഞ്ഞില്ല. മേനോൻ പുറകെ നടന്നു. 250 അടി മുന്നോട്ട് നടന്ന ശേഷം, മേനോനേയും കൊണ്ട് ബ്രൂണോ അരികിലുള്ള മരങ്ങൾക്കിടയിലൂടെ ഉള്ള മറ്റൊരു നടപ്പാതയിലൂടെ തിരിച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അതു വീട്ടിലേക്ക് തിരിച്ചു പോകാനുള്ള മറ്റൊരു വഴിയാണെന്നു അവർക്ക് രണ്ടു പേർക്കും അറിയാമായിരുന്നു. അവർ ചാറ്റൽ മഴയുള്ള സമയത്തു അതിലൂടെയാണ് പോകാറുള്ളത്, കാരണം മരങ്ങളുടെ ശാഖകൾ ഇരുവശത്തു നിന്നും ഇടതൂർന്ന് വളർന്നു നിൽക്കുന്ന കാരണം ചാറ്റമഴയുടെ മഴവെള്ളം ഒട്ടും താഴെ വീഴില്ല എന്നതാണ് സത്യം. എന്നാലും എന്തിന് അന്നവൻ മേനോനേയും കൊണ്ട് അതിലേ നടന്നു എന്നു മേനോന് മനസ്സിലായില്ല. ആ നടപ്പാത കുറച്ചു നടന്നാൽ തിരിച്ചു പഴയ വഴിയിൽ ചെന്നു ചേരും. അവിടുന്നു 50 അടി നടന്നാൽ വീടായി. അഞ്ചു മിനിറ്റ് കൂടുതൽ എടുക്കുമെന്നു മാത്രം. അവർ നടക്കാൻ തുടങ്ങി. അല്പ നിമിഷങ്ങൾക്കകം മഴയ്ക്കായുള്ള ഇടിമിന്നൽ തുടങ്ങി. അഞ്ചു മിനിറ്റ് നടന്നു കാണില്ല. ഒരു അതിഭയങ്കര മിന്നലും അതിനോടൊപ്പം ഭൂമിയെ തൊട്ടു കതിനപൊട്ടിയ പോലെ ഒരു ഇടിവെട്ടും. തെട്ടടുത്തെവിടേയോ? ബ്രൂണോ പേടിച്ചു മേനോന്റെ കാലിനിടയിലേക്കു മൂളിക്കരഞ്ഞു കുനിഞ്ഞു കയറി. മേനോൻ ചെവിയോർത്തു. അയ്യോ എന്നൊരു കരച്ചിൽ കേട്ടുവോ? കേട്ടപോലെ തോന്നി മേനോന്. വീണ്ടും മുന്നോട്ട് നടന്നു. വൃക്ഷക്കൂട്ടങ്ങൾ മാറി മൈതാനമായി. നടപ്പാത മുഖ്യവഴിയിൽ ചെന്നു ചേരുന്ന ഭാഗം അടുക്കുന്നു. അപ്പോഴാണ് മേനോൻ ശ്രദ്ധിച്ചത്, അല്പം ദൂരെ ഒരു ബഹളം. പോലീസ് വാഹനത്തിന്റേയും ഫയറ് എഞ്ചിന്റേയും സയറൺ മുഴങ്ങുന്നു. ആംബുലസ് പാഞ്ഞെത്തുന്ന കാഴ്ച. എന്താണെന്നു ചെന്ന് നോക്കണമെന്നു മേനോന് വിചാരിച്ചെങ്കിലും ഉടൻ തന്നെ അത് വേണ്ടെന്നു കരുതി. കാരണം ബ്രൂണോ കൂടെ ഉണ്ട്. ആ ബഹളത്തിനിടയിലേക്ക് അവനേയും കൊണ്ട് പോയിട്ട്, ആ ശബ്ദവും ആൾകൂട്ടവും കണ്ട് ഭയന്ന് അവനെന്തെങ്കിലും അതിക്രമം കാണിച്ചാലോ എന്ന് മേനോൻ ഭയന്നു. പോരാത്തതിനു നല്ല മഴക്കാറും ഉണ്ട്. ഏതു നേരം വേണമെങ്കിലും മഴ പെയ്യാം. അതിനു മുൻപ് വീട്ടിൽ എത്താം എന്നു കരുതി മേനോൻ വേഗത്തിൽ നടന്നു വീട്ടിലേക്കു. സന്തത സഹചാരി ആ ശബ്ദം വരുന്ന ദിക്കിലേക്കു വീണ്ടും വീണ്ടും തല തിരിച്ചു നോക്കി യജമാനന്റെ പിന്നാലെ ഓടി നടന്നു. 

വീട്ടിൽ എത്തുന്നതിനു മുൻപ് പിറകിൽ നിന്നും ഒരു ഹോൺ അടി കേട്ടു മേനോൻ അരികിലേക്ക് ഒതുങ്ങി നിന്നു. അപ്പോൾ തൊട്ടടുത്തു നിർത്തിയ വാഹനത്തിൽ തന്റെ അയൽക്കാരൻ, മാർക്. മാർക് വാഹനത്തിന്റെ ജാലകത്തിലൂടെ, ആംഗ്ലേയ ഭാഷയിൽ,
ഇറ്റ് വാസ് സാഡ് ഒവർ തെർ. ഹാവ് യു സീൻ?
ഞാൻ ചോദിച്ചു, വാട് ഹാപ്പന്റ്` ദെയർ? വി കേം ത്രു അനതർ വെ ബട് സീൻ ദ ക്രൌഡ് ആൻഡ് എമെർജെൻസി റെസ്പോൻഡേർസ്
മാർക്, റ്റിം, ദ പൈലറ്റ് ലിവിങ് ദെയർ വാസ് ഔട്സൈഡ്. ഹീ ഗോട് എലെക്ട്രിക്യുട്ടഡ് ഫ്രം ദ ലൈറ്റ്നിങ്. ഗോ ഹോം ക്വിക്. ഗോയിങ് റ്റു റെയിൻ.

ഇത്രയും പറഞ്ഞ് മാർക് വണ്ടി ഓടിച്ചു പോയി. എല്ലാം അറിഞ്ഞപോലെ ബ്രൂണോ എന്റെ മുഖത്തേക്ക് നോക്കി ഒരു മൂളൽ! അതിന്റെ അർത്ഥം പെട്ടന്നെനിക്ക്  മനസ്സിലായി എങ്കിലും അതിന്റെ ആഴം ആലോചിക്കുന്തോറും മേനോനിൽ മരവിപ്പ് കയറുകയായിരുന്നു. മേനോൻ നടക്കുമ്പോൾ ആലോചിച്ചു, ബ്രൂണോ അത്യാഹിതം എങ്ങിനെയോ മുൻകൂട്ടി മനസ്സിലാക്കി വഴി മാറ്റി തന്നെ തെളിച്ചില്ലായിരുന്നെങ്കിൽ തങ്ങളായിരുന്നിരിക്കില്ലേ അവിടെ നടന്ന അത്യാഹിതത്തിനു ഇരയാകുമായിരുന്നത്? ഏകദേശം തിരിച്ചു വരവിൽ മേനോനും ബ്രൂണോയും നടന്നെത്തേണ്ടിയിരുന്ന സ്ഥലത്താണ് ടിം എന്ന മനുഷ്യന് ഇടിവെട്ടേറ്റത്.

മേനോന്റെ മനസ്സിൽ ആരോ പറയുന്നത് പോലെ മേനോന് തോന്നി, ഇപ്പോൾ മനസ്സിലായോ, പോന്ന വഴിയിൽ ഒരല്പം മാറ്റം വന്നപ്പോൾ ജീവിതം തന്നെ തിരിച്ചു കിട്ടിയില്ലേ? ഒരു പുനർജ്ജന്മത്തിന് വിധേയനായ പോലെ മേനോന് അനുഭവപ്പെട്ടു. മാറ്റങ്ങൾക്കും, മാറിയുള്ള ചിന്തകൾക്കും ഉള്ള ശക്തി അളവറ്റതാണ് പലവട്ടം ഇതു മേനോന്റെ മനസ്സിൽ മാറ്റൊലികൾ സൃഷ്ടിച്ചു.

വീട്ടിൽ എത്തി. വീട്ടിലേക്ക് മേനോൻ കയ്യറിയപ്പോഴേക്കും കിലുക്കാൻ പെട്ടി പരിഭ്രാന്തിയായി ഓടി വന്നു എന്നിട്ട്, രണ്ടാളും എവിടെയായിരുന്നു? എതൊരിടിയാ വെട്ടിയത്. വീടാകെ ഒന്നു കുലുങ്ങി. കറണ്ടും പോയി. ജനറേറ്റർ ഉണ്ടായത് ഭാഗ്യം. തൊട്ടടുത്തെവിടെയോ എന്തോ പറ്റിയിട്ടുണ്ട്. തീർച്ച. തിരിച്ചെത്തിയല്ലോ, ഭാഗ്യം? ഞാനാകെ പേടിച്ചിരിക്കയായിരുന്നു. ഫോൺ വിളിക്കാമെന്ന് വെച്ചു വിളിച്ചു നോക്കിയപ്പോഴല്ലേ മനസ്സിലായത്. ദേ, കുട്ടി ഫോൺ ഇന്നു ഇവിടെ മറന്നു വെച്ചിട്ടാ പോയിരുന്നത്

അഞ്ചു മിനിട്ടിനകം മഴയും തുടങ്ങി. മേനോൻ ഒരു കുളി കഴിഞ്ഞു, ഉമ്മറത്ത് ചാരു കസേരയിൽ വന്നിരുന്നു. മുറ്റത്തെ പൂത്തടത്തിൽ മഴ വെള്ളം നിറഞ്ഞു കവിയുന്നതും അതൊരു നനു ചാലായി രൂപാന്തരപ്പെടുന്നതും, നോക്കി ചിന്താമഗ്നനായി മേനോൻ ഇരുന്നു. അപ്പോഴും മേനോന്റെ മനസ്സിനെ പിടിച്ചു കുലുക്കിയ അന്നത്തെ സംഭവം മനസ്സിലുണർത്തിയ ഓളങ്ങൾ തിരമാലകളാക്കുകയായിരുന്നു.

പെട്ടെന്ന്, മേനോൻ നിവർന്നിരുന്നു. കൈകൾ കൊണ്ട് ആഗ്യം കാട്ടി എന്തോ ചിട്ടപ്പെടുത്തി വായിക്കാൻ ശ്രമിക്കുന്ന ഒരു ശ്രമം ആ മുഖത്ത് തെളിഞ്ഞു. മേനോൻ ചാടി എണീറ്റ് അകത്തേക്ക് പോയി. അതേ വേഗത്തിൽ തന്റെ നോട്ട്ബുക്കുമായി തിരിച്ചു വന്നു കസേരയിൽ ഇരുന്നു. പേജുകൾ പലതും മറിച്ചും തിരിച്ചും നോക്കി. പലതും കുറിക്കുന്നതും കാണാനിടയായി. ആ മുഖത്തു പുഞ്ചിരി വിടർന്നു. അതു ഒരു നല്ല ചിരിയായി, പിന്നീട് ഒരു പൊട്ടിച്ചിരിയായി മാറി. ഉമ്മറത്തു നിന്നും ഉറക്കെയുള്ള ചിരി കേട്ട് ശുനകപ്രിയൻ പാഞ്ഞ് വന്നു. പിന്നാലെ കൈ മലർത്തി എന്തു പറ്റി എന്ന ചോദ്യവുമായി കിലുക്കാം പെട്ടിയും.

മേനോൻ കൂകി വിളിച്ചു കൊണ്ട് പറഞ്ഞു, ഞാൻ മനസ്സിലാക്കി. ഞാൻ കണ്ടു പിടിച്ചു ഇക്കഴിഞ്ഞ നാളുകളിൽ ഞാൻ കേട്ടതും കണ്ടതുമായ സംഗതികളുടെ പൊരുൾ. എനിക്ക് വരാനിരിക്കുന്ന സംഭവങ്ങളോ അല്ലെങ്കിൽ ഞാൻ കഴിഞ്ഞ ജന്മത്തിൽ അനുഭവിച്ച സംഭവങ്ങളോ അല്ല എന്റെ ആത്മാവ് എന്നോട് പറഞ്ഞിരുന്നത്. ആ അബോധമനസ്സിന്റെ ശക്തി ഞാൻ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. അതെന്നെ മനസ്സിലാക്കി തന്നത് ഇന്ന് നമ്മുടെ ബ്രൂണോ കാണിച്ച അസാമാന്യ കഴിവാണ്. അവന്റെ അബോധമനസ്സിന്റെ ശക്തി കൊണ്ടു മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത് പോലും. മനുഷ്യന് അറിയാൻ കഴിയാത്ത, അവനു കാണുവാനും അനുഭവിക്കുവാനും കഴിയാത്ത മനസ്സുകളുടെ ഉടമകളായ അനേകം ജീവജാലങ്ങളുടെ നടുവിലാണ് നാം ജീവിക്കുന്നതെന്ന് നാം അറിയുന്നില്ല. ബോധമനസ്സിനെ പലപ്പോഴും സ്വാധീനിക്കുന്ന അബോധമനസ്സിന്റെ ശക്തി അതാണ് ഞാനിന്ന് ഈ മിണ്ടാപ്രാണിയിൽ കണ്ടത്. യജമാനനെ സ്നേഹിക്കുക, കാക്കുക, രക്ഷിക്കുക, യജമാനന്റെ നിത്യസഹചാരിയും ഏറ്റവും ഉറ്റ, വിശ്വസ്തനായ ഒരു ചങ്ങാതിയും, രക്ഷകനുമായി ജീവിക്കുക അതാണ് ശുനകജന്മത്തിന്റെ കർത്തവ്യം. അതു ആ മിണ്ടാപ്രാണികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പരിശീലനം ഇല്ലെങ്കിൽ പോലും അവ അത് പ്രകൃതി നിയമമായി പഠിക്കുന്നു. പരിശീലനം ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. അതനുസരിച്ചു ജീവിക്കുന്നു. തന്റെ ജീവൻ യജമാനനു വേണ്ടി അർപ്പിക്കപ്പെട്ട എത്രയെത്ര ശുനകചരിത്രം നമ്മൾ കേട്ടിരിക്കുന്നു. അതുപോലെ നാമുറങ്ങുമ്പോൾ ഉണരുന്ന നമ്മുടെ അബോധമനസ്സിന്റെ ശക്തി പലപ്പോഴും നാം അറിയുന്നില്ല. ഒരു വട്ടമല്ല, പലവുരി ആവർത്തിച്ചു നമ്മെ സ്വപ്നത്തിലൂടെ വെളിപ്പെടുത്തുന്ന എത്രയെത്ര സത്യങ്ങൾ അറിയിക്കുന്ന അബോധമനസ്സ്.

അതാണ് മേനോനിലും സംഭവിച്ചത്. ഒന്നും അറിയാതെ മേനോന്റെ ഭാര്യം മിഴിച്ചു നിന്നു. ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ലെന്നു കണ്ട മേനോൻ ഉണ്ടായ സംഭവങ്ങൾ എല്ലാം വിവരിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഭാര്യ ഒരക്ഷരം മിണ്ടാതെ തരിച്ചു നിന്നു പോയി.

മേനോൻ തുടർന്നു,ഇനി ഞാൻ എന്നെ കറക്കിയ സംഗതിയുടെ പൊരുളഴിക്കാം. ഞാൻ പലതും ചേരും പടി ചേർത്തപ്പോൾ പലതും ഒത്ത് ചേരുന്നത് പോലെ. ഞാൻ വീണ്ടും വീണ്ടും കണ്ടിരുന്ന സ്വപ്നങ്ങൾ!
  • ആരോ എന്നെ എപ്പോഴും പിൻതുടരുന്ന പോലെ.....
  • പെട്ടെന്ന് ഞാൻ വീണ്ടും സ്കൂളിൽ ചേരുന്ന അനുഭവം......
  • ഏതോ പരീക്ഷ വരുന്നു. പക്ഷെ പരീക്ഷയ്ക്ക് തയ്യാറല്ലാത്ത അല്ലെങ്കിൽ പഠിക്കാത്ത അവസ്ഥ....
  • എങ്ങോട്ടോ തടസ്സങ്ങൾ മാറ്റി പറന്നു പോകുന്ന അവസ്ഥ.......
  • ഒറ്റപ്പെട്ട് വീട്ടിലേക്കുള്ള വഴി തേടുന്ന അനുഭവം......
  • പൊതു സ്ഥലത്ത് താനറിയാതെ നഗ്നനായി ഓടി നടക്കുന്ന അവസ്ഥ. എന്നാൽ തന്നെ കാണൂന്ന മറ്റാരും അൽഭുതപ്പെടുന്നില്ല താനും............
ഇത്രയും കേട്ട മേനോന്റെ ഭാര്യ, ഇതൊക്കെ അന്നു നമ്മൾ സംസാരിച്ചതല്ലേ, അതിനു ശേഷം നോട്ട് ബുക്കിൽ എന്നൊക്കെയാണ് ഈ സ്വപ്നങ്ങൾ ആവർത്തിക്കപ്പെട്ടതെന്ന് കുറിച്ചിട്ടിരിക്കുന്നതും കണ്ടു? പക്ഷെ അർത്ഥം ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല.

മേനോൻ, പറയാം. എന്റെ അബോധമനസ്സ് എനിക്ക് വെളിപ്പാടുകൾ നൽകുകയായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഒന്നുകിൽ ഞാൻ ഒരു വഴിത്തിരിവായി ചെയ്ത കാര്യങ്ങൾ! എടുത്ത തീരുമാനങ്ങൾ മറ്റൊരു തരത്തിൽ ആയിരുന്നെങ്കിൽ ജീവിതം എന്താകുമായിരുന്നു എന്നെനിക്ക് പലപ്പോഴും പറഞ്ഞു തരികയായിരുന്നു. അതു മാത്രമല്ല, മറ്റുപല ലക്ഷണങ്ങൾ ഞാൻ നേരിടാൻ പോകുന്ന അനുഭവങ്ങൾക്ക് ഉള്ള മുന്നറിയിപ്പുകളായിരുന്നു. മറ്റുചില ലക്ഷണങ്ങൾ എന്നിൽ ഇന്നും സാദ്ധിച്ചു തീർക്കാൻ കഴിയാതെ മോഹങ്ങളായി മാത്രം അവശേഷിക്കുന്ന ആഗ്രഹങ്ങൾ.....!.

മേനോന്റെ ഭാര്യയുടെ മുഖം കണ്ടാൽ അറിയാം, ഭയഭീതി സന്ദേഹാൽഭുത മിശ്രിതമായിരിക്കുന്നു! അതു മനസ്സിലാക്കിയ മേനോൻ അബോധമനസ്സ് തന്നോട് പറഞ്ഞ കഥകൾ കിലുക്കാം പെട്ടിക്ക് വിവരിക്കാൻ തുടങ്ങി. താൻ ഈയ്യിടെ വായിച്ചറിഞ്ഞ പഠനപത്രികളുടെ ഗവേഷണതാളുകൾ മേനോന്റെ മനസ്സിൽ ചുരുളഴിയുവാൻ ഏറെ സഹായിച്ചു.

ആരോ തന്നെ പിന്തുടരുന്നത് പോലെ താൻ കണ്ടിരുന്നതിന്റെ അർത്ഥം ആരോ, തന്റെ സാമീപ്യം വേണമെന്ന് പറഞ്ഞറിയിക്കാനാവാത്ത വിധം ആഗ്രഹിക്കുന്നു. ഒരാളാകാം. ഒന്നിലധികമാകാം. അവരുടെ അബോധമനസ്സാണ് തന്നെ പിന്തുടരുന്നതായി വീണ്ടും വീണ്ടും കാണപ്പെട്ട സ്വപ്നം! തനിക്കനുഭവപ്പെട്ട സമയം, തന്റെ സാമീപ്യം അത്രയധികം ആഗ്രഹിച്ച അബോധമനസ്സും കണ്ടിരുന്നിരിക്കും ആരേയോ ആഗ്രഹിക്കുന്ന പോലെ അല്ലെങ്കിൽ മനസ്സിൽ ആ സാമീപ്യം കിട്ടിയ പോലെ! ഒന്നിലധികം മുഖങ്ങൾ മേനോന്റെ മനസ്സിൽ തെളിഞ്ഞു! അതിൽ ഒന്ന് സ്വന്തം അമ്മയെ ആയിരുന്നു. മകന്റെ ലാളനയും, ശുശ്രൂഷയും കിട്ടേണ്ട അമ്മ ഇന്നങ്ങകലെ വർഷത്തിൽ ഒരു വട്ടം കാണാൻ കഴിഞ്ഞാൽ ഭാഗ്യമായി മാറിയ അവസ്ഥയിൽ! പരിചരിക്കാൻ ആളില്ല എന്നല്ല. ഉണ്ട്. മകൾ, മരുമകൻ, കൂടാതെ മൂന്ന് പരിചാരകർ. എന്നാലും ഒരു മകന്റെ കടമ ഇന്നും മേനോനിൽ ഒരു മോഹമായി ഒരു ആഗ്രഹമായി നില കൊള്ളുന്നു. മേനോന്റെ അമ്മയിലുമുണ്ടാകില്ലേ സ്വന്തം മകൻ അടുത്ത് വേണമെന്ന മോഹം. ഉണ്ടാവും. ഏറെ ഉണ്ടാവും. ആൾക്കാരെ തിരിച്ചറിയാനോ, പറഞ്ഞതും, കണ്ടതും, അനുഭവിച്ചതും ഓർമ്മയിൽ വെയ്ക്കാനോ കഴിവില്ലാത്ത അമ്മയുടെ ഇന്നത്തെ അവസ്ഥ. അതിനടിമയാണ് മേനോന്റെ അമ്മയെങ്കിലും അമ്മയുടെ അബോധമനസ്സിൽ ഇന്നും ഉണ്ടാവും കൌമാരത്തിൽ വിട്ടു പിരിഞ്ഞ ഈ നാരായണമേനോന്റെ രൂപവും, ഭാവങ്ങളും, ഓർമ്മയിൽ നിന്നും ഒരിക്കലും മായ്ക്കാനാവാത്ത ഗതകാലസുഖസ്മരണകൾ! ആ അമ്മയുടെ അബോധമനസ്സായിരിക്കും മേനോനെ സ്വപ്നത്തിൽ പിൻതുടരുന്നത്. തിരിച്ചു വരു... എന്ന് മൌനമായി ആ അമ്മമനസ്സ് കേഴുന്നുണ്ടാവും! അമ്മ മനസ്സ് മാത്രമോ? ഈ ലോകത്തോട് യാത്ര പറഞ്ഞ മേനോന്റെ അച്ഛനും മറ്റു പിതൃക്കളും അങ്ങകലെയിരുന്നു അമ്മയുടെ അവസ്ഥ കണ്ട് കണ്ണീരൊഴുക്കുകയാവും. ആ അച്ഛൻ മനസ്സും മേനോൻ മകനെ പിൻതുടരുകയാവും, അവനെ അമ്മയിലേക്ക് തിരിച്ചയക്കാൻ.

മുകളിൽ പറഞ്ഞ അവസ്ഥയെ മറ്റൊരു തരത്തിൽ മേനോന്റെ അബോധമനസ്സ് ഓർമ്മപ്പെടുത്തിയതാവാം, തടസ്സങ്ങൾ മാറ്റി പറക്കുന്ന സ്വപ്നങ്ങൾ! മേനോൻ വായിച്ചറിഞ്ഞ പുസ്തകത്തിൽ ഇത്തരം സ്വപ്നങ്ങളെ കുറിച്ചു പറയുന്നത്, ജീവിതത്തിൽ ബന്ധങ്ങൾക്ക് മുൻതൂക്കം കൊടുക്കാതെ പലതിനും പരിഗണന കൊടുത്തവർക്കുള്ള ഒരശരീരി ആണെന്നാണ്. അതെ, മേനോന്നും ചെയ്തത് ഒരു വിധത്തിൽ അതല്ലേ? അമ്മയുടേയും അച്ഛന്റേയും വാർദ്ധക്യകാലം മുൻകൂറായി കണ്ടില്ല,  കണക്കു കൂട്ടിയില്ല. പഠനവും, ഉയർച്ചകളുമായിരുന്നു മേനോന്റെ വെല്ലുവിളികൾ. ആ വെല്ല്ലുവിളികൾക്കിടയിൽ കുടുംബവും, അവരുടെ ബാധ്യതകളും ചേരുമ്പടിയായി ചേർന്ന് മേനോനെ മാതാപിതൃപാദങ്ങളിൽ നിന്നും കൂടുതൽ അകലത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ഒറ്റപ്പെട്ട് വീട്ടിലേക്കുള്ള വഴി തേടുന്നതായി മേനോൻ കണ്ട സ്വപ്നവും..... മേൽപ്പറഞ്ഞതും പറയാത്തതുമായ മനസ്സുകളിലേക്ക് തിരിച്ചൊരു പ്രയാണത്തിനായി വെമ്പുന്ന മേനോന്റെ അബോധമനസ്സിന്റെ അസ്വസ്ഥതയായി കണ്ടാൽ ആർക്കും എതിർക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഏതോ പരീക്ഷ വരുന്നു. പക്ഷെ പരീക്ഷയ്ക്ക് തയ്യാറല്ലാത്ത അല്ലെങ്കിൽ പഠിക്കാത്ത അവസ്ഥ.... എന്ന മേനോന്റെ സ്വപ്നം പലരും അനുഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ അറിയാതെ തന്നെ കീഴ്പ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുമ്പോൾ നമ്മുടെ അബോധമനസ്സിന്റെ അരുളിപ്പാട്. അല്ലെങ്കിൽ താൻ അറിയാതെ തന്റെ സ്ഥാനത്തിന് വേണ്ടി ഒരു പ്രതിയോഗി തനിക്കെതിരായി പ്രവർത്തിക്കുന്നു എന്നതിന്റെ വെളിപ്പാട്! മേനോന്റെ ജീവിതത്തിലും ഇതു തന്നെയാണ് ഈയിടെ നടന്നത്.

ഉദ്യോഗസ്ഥലത്ത് മേനോനെ എല്ലാവർക്കും ഏറെ പ്രിയമാണ്. മേനോൻ തന്റെ കഴിവിന്റെ പശ്ചാത്തലത്താലും തന്റെ നേതൃത്വകഴിവിനാലും വളരെ വേഗം ഔദ്യോഗിക കോണിപ്പടികൾ ചവീട്ടി കയറിയത് ഒരാൾക്ക് മാത്രം അസൂസയാൽ ഇഷ്ടപ്പെട്ടില്ല. പല കിംവദന്തികളും ഒളിപ്പോരുകളും മേനോനെതിരെ കെട്ടിപ്പൊക്കി ഒരിറ്റയാൻ! മേനോന്റെ ഏകാഗ്രത നശിപ്പിക്കാൻ ഇത് സംഭവം ഇടയാക്കി, അനാവശ്യമായ സംഭ്രാന്തിയും. എന്നാൽ ഇതൊന്നു മറിയാതെ പലതും കണ്ടും സഹിച്ചു കഴിയേണ്ടി വന്ന മേനോനോടുള്ള അബോധമനസ്സിന്റെ വെളിപ്പാട് മേനോൻ മനസ്സിലാക്കിയില്ല. ഉന്നതങ്ങളിൽ നിന്നും അന്വേഷണമുണ്ടായെങ്കിലും കാറ്റിൽ പറത്തിയ അപ്പുപ്പൻ താടി പോലെ പറന്നു പോയി. അബോധമനസ്സിനെ അറിഞ്ഞിരുന്നെങ്കിൽ മേനോന് ഏറെ കുണ്ഠിതങ്ങൾ ഒഴിവാക്കാമായിരുന്നു.

ഇനി, മേനോൻ പലയാവർത്തി കണ്ട, പൊതു സ്ഥലത്ത് താനറിയാതെ നഗ്നനായി ഓടി നടക്കുന്ന അവസ്ഥ. എന്നാൽ തന്നെ കാണുന്ന മറ്റാരും അൽഭുതപ്പെടാതിരിക്കുന്ന വിചിത്ര സ്വപ്നപരമ്പര.ഇതിനുത്തരവും മേനോൻ വായിച്ചറിഞ്ഞ ഗ്രന്ഥങ്ങളിൽ തത്വചിന്തകന്മാർ കണ്ടിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് മേനോന്റെ ഓർമ്മയിൽ വന്നു. അതും തന്റെ ഭാര്യക്കായി മേനോൻ വിവരിച്ചു. ഇവിടെ നഗ്നത എന്നതു കൊണ്ട് നിർവ്വസ്ത്രൻ എന്നതല്ല അർത്ഥം. മറിച്ചു പ്രകൃതിയിൽ പ്രകൃതി കുറിക്കപ്പെട്ടിരിക്കുന്ന സത്യങ്ങളുടെ നഗ്നത എന്നതാണ്. മേനോൻ എഴുതി കൂട്ടിയ ജെനസിസ് രൂപത്തിലുള്ള മാനസത്തിൽ വിരിഞ്ഞ തത്വചിന്തകൾ തികച്ചും പ്രകൃതിയിലെ സത്യങ്ങൾ അറിയാനുള്ള ഒരു തൃഷ്ണയുടെ തത്വമസി രൂപകമായിരുന്നു. മേനോൻ കണ്ട നഗ്നത (പ്രകൃതിയുടെ), മേനോൻ വിളംബരം ചെയ്യും വരെ മറ്റാരും കണ്ടില്ല. അങ്ങിനെ പുതിയൊരാശയം മനസ്സിൽ ഉദിക്കുന്ന അവസരങ്ങളിൽ ആയിരുന്നു അബോധമനസ് മേനോൻ കാണുന്ന ആ തത്വചിന്തനീയം ശരിയെന്ന് സ്വപ്നത്തിലൂടെ വെളിപ്പെടുത്തിയതെന്നും മേനോൻ വൈകിയാണെങ്കിലും അറിഞ്ഞു!

ഊരാക്കുടുക്കുകൾക്ക് മറുപടി കിട്ടിക്കഴിഞ്ഞതോടെ വിചിത്രമായ ഒരദ്ധ്യായത്തിന്റെ യവനിക താഴുകയായിരുന്നു. എന്നാൽ ഈ അനുഭവം മേനോനിലും കിലുക്കാം പെട്ടിയിലും പുതിയൊരു അദ്ധ്യായത്തിന് തുടക്കമിട്ടു. സ്വപ്നം കാണാൻ വേണ്ടി, അബോധമനസ്സിന്റെ ഉണർവ്വിനായി ഗാഢനിദ്രക്കായി പതിവായി 8 മണിക്കൂർ ഉറക്കം ശീലിക്കാൻ പഠിച്ചു. സ്വപ്നലോകത്തിൽ കണ്ടറിഞ്ഞ ജീവിതസത്യങ്ങളിലൂടെ അവർ സൂക്ഷ്മതയോടെ സസന്തോഷം ജീവിച്ചു...... അബോധമനസിനെ സാരംഗിയാക്കിയ ആ ദമ്പതികൾ വരും ജന്മം ഈ ജന്മത്തിലെ അബോധമനസ് അവരുടെ ബോധമനസ്സാകുമെന്ന് അഭിലഷിച്ചു....ഈ ജന്മത്തിലെ നിറവേറാത്ത മോഹങ്ങൾ വരും ജന്മത്തിലെ ആഗ്രഹങ്ങളായവർ അബോധമനസ്സിൽ ഭദ്രമായി പൂട്ടി സൂക്ഷിച്ചു...


-കപിലൻ-