Wednesday, July 22, 2020

കുന്നോളം തോന്നിയ പ്രണയവും, കുന്നിക്കുരുവോളം തോന്നിച്ച തിരിച്ചറിവും


ഏകാന്തതയിൽ ഓർമ്മകൾ ഓടിക്കളിക്കുവാൻ വരുമ്പോൾ നമ്മുടെ മനസ്സിൽ ഓർക്കാൻ കൊതിക്കുന്ന ഓളങ്ങളെപ്പോഴും  മധുരസ്മരണകളും എത്തിപ്പിടിക്കാനുള്ള മോഹങ്ങളുമായിരിക്കും. മനസ്സിനെ മധുരിപ്പിക്കുന്ന ഓർമ്മകളുടെ നികുഞ്ചം കെട്ടഴിക്കാൻ വിട്ടാൽ,  ബാല്യം മുതലുള്ള എത്രയെത്ര തിരുമധുരങ്ങൾ അലയടിക്കാനൊരുങ്ങും, അല്ലേ? ആ അലയടികളിൽ കാണാം കൊച്ചുകൊച്ചു സ്നേഹങ്ങളും, സൌഹൃദങ്ങളും, പ്രേമങ്ങളും, പ്രണയങ്ങളും! നമ്മൾ അനുഭവിച്ചതോ, ആഗ്രഹിച്ചതോ, നഷ്ടപ്പെട്ടതോ ആയവ. കൌമാരദശയിലേയും, യൌവനത്തിളപ്പിന്റേയും അനർഘനിമിഷങ്ങൾക്ക് മങ്ങലേറ്റാലും ബാല്യവും ബാല്യകാലചങ്ങാത്തങ്ങളും മറക്കില്ല നമ്മൾ. ബാല്യം! പദം പോലെ മധുരമുള്ള കാലം.

മനുഷ്യമനസ്സുകൾ തമ്മിലുള്ള പ്രണയകഥകൾ നമുക്ക് പരിചിതമാണ്. എന്നാൽ രണ്ടു മനസ്സുകൾ പ്രണയത്തിനായി ചേക്കേറുവാനുള്ള കാരണങ്ങൾ എഴുതിയാൽ തീരാത്ത അദ്ധ്യായങ്ങളായിരിക്കും. ആ ആകർഷണ വലയത്തിലേക്കുള്ള കാന്തശക്തിക്ക് കാരണം അത്രയെളുപ്പം പറയാൻ പ്രയാസമാണ്. കാരണം മനുഷ്യമനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങൾ പലവിധം എന്നതു തന്നെ!  ദശക്കൊപ്പം പ്രണയത്തിന്റെ ദിശയും മാറും. ബാല്യത്തിലെ ചങ്ങാത്തം കൌമാരത്തിലേക്കും യവൌനത്തിലേക്കും നീളുമ്പോൾ ആ കൂട്ടുകെട്ടിനും, സല്ലാപത്തിനും ആഴമേറി പക്വതനേടും എന്നതു പോലെ തന്നെ ചാഞ്ചല്യമേറിയതു- മായിരിക്കും. സ്നേഹം സൌഹൃദമായി വളരാം. സൌഹൃദം ഇതരലിംഗമൈത്രിയിലൂടെ പ്രേമമായി പന്തലിക്കാം. പ്രേമം പ്രണയമായി നീളാം. സ്നേഹത്തിന്റെ പടികൾക്ക് അനുപാതമായിരിക്കും വിരഹവേദനയുടെ ആഴവും, അളവും. എന്നാൽ മേൽപ്പറഞ്ഞ തരത്തിലുള്ള മനുഷ്യമനസ്സുകൾ തമ്മിലുള്ള ഒരു പ്രണയകഥയല്ല ഇന്നിവിടെ കെട്ടഴിയുന്നത്. ബാഹ്യമായി പ്രകടിപ്പിക്കാത്തതും എന്നാൽ അന്തർലീനമായി അനുഭവിച്ചു കൊതി തീരാത്തതുമായ ഒരപൂർവ്വ പ്രണയവും ഒരു തിരിച്ചറിവും

മാനവരാശിയുടെ തുടക്കം കുറിക്കപ്പെടുമ്പോൾ ഓരോ പ്രാണനോടൊപ്പവും ആ പ്രാണന് സ്നേഹിക്കാൻ, പ്രേമിക്കാൻ അല്ലെങ്കിൽ പ്രണയിക്കാൻ ഒരദൃശ്യശക്തിയെ കൂടി തുണയായിട്ടയക്കുമെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല എന്നറിയാം. എന്നാൽ അതാണ് സത്യം! ആരാണീ ജന്മസിദ്ധമായി നമുക്കൊപ്പമുള്ള സാരംഗി? മറ്റാരുമല്ല, നമുക്കൊപ്പം നമുക്കുള്ളിൽ നമ്മിൽ ആലിംഗനബന്ധരായി ജനിക്കുന്ന നമ്മുടെ അഭിരുചികൾ അല്ലെങ്കിൽ വാസനകൾ, പാടവങ്ങൾ, പ്രാഗത്ഭ്യങ്ങൾ അല്ലെങ്കിൽ ജന്മസിദ്ധമായി കിട്ടുന്ന പ്രതിഭാവൈശിഷ്ട്യങ്ങൾ! ബാല്യം മുതൽ നാമറിയാതെ നമ്മിലെ ഈ കാമുകനേയും കാമുകിയേയും നമ്മൾ സ്നേഹിച്ചു തുടങ്ങുന്നു. ചിലരിൽ ആ സ്നേഹം സ്നേഹമായി മാത്രം നിലകൊള്ളും. ആഴമേറാത്ത അത്തരം സ്നേഹം തന്നിലെ വാസനകൾ ആളിക്കത്താതെ ഒരു ദീപനാളമായി പ്രകാശിക്കും. എന്നാൽ ആ സ്നേഹം ഒരു പ്രേമമായും, പ്രണയമായും ആളിക്കത്തുമ്പോൾ നമ്മിലെ വാസനകളും ആളിക്കത്തും. സമൂഹത്തിൽ നിന്നും ഉയരങ്ങളിലേക്കുള്ള കയറ്റം അവിടെ നമ്മൾ കാണും!   നമുക്കു കിട്ടിയ അത്തരം വരപ്രസാദങ്ങളെ പ്രണയിച്ചിട്ടുള്ളവർക്ക് ഇപ്പറയുന്നതിന്റെ  പ്രണയസുഖം മനസ്സിലാവും. അതൊരു അപൂർവ്വ പ്രണയമല്ലേ? അതെ. വരദാനമായി ജന്മനാ കിട്ടിയ അപൂർവ്വ പ്രണയവും നമുക്ക് പറയുവാനും താലോലിക്കാനുമുള്ള  നമ്മുടെ പ്രണയകഥയും. നമുക്കൊപ്പം ജനനം മുതൽ മരണം വരെ നമ്മുടെ സാരംഗിയായി നമുക്കൊപ്പമുള്ള കമിതാവ്.
ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ, മാനുഷിക പ്രണയബന്ധങ്ങളുമായി ഈ വരപ്രസാദങ്ങൾക്ക് ഏറെ സാമ്യമുണ്ട്. പാടുവാനുള്ള കഴിവ്, നടിക്കുവാനുള്ള മിഴവ്, നാട്യത്തിനുള്ള പ്രാവിണ്യം, രചിക്കുവാനുള്ള നിപുണത (ഗദ്യവും പദ്യവും), കായികപ്രാപ്തി എന്നിങ്ങനെ നീളും പട്ടിക. പലരിലും ജന്മനാ കുടികൊള്ളുന്ന കാമുകനും, കാമുകിയും ഈ വിധം വ്യത്യസ്തമായിരിക്കും?

ആലോചിച്ചിട്ടുണ്ടോ മാനുഷിക ജീവിതത്തിൽ ഒരു കാമുകനും കാമുകിയും എന്താണ് കമിതാവിനു അല്ലെങ്കിൽ പ്രണയിനിക്ക് കാംക്ഷിക്കുന്നത് എന്നു? ആൾക്കൂട്ടത്തിൽ നിന്നും തന്റെ കാമുകൻ അല്ലെങ്കിൽ കാമുകി ശ്രേഷ്ടമായി നിലകൊള്ളണം, എല്ലാവരാലും ശ്രദ്ധിക്കപ്പെടണം അതിൽ തനിക്ക് അഭിമാനം കൊള്ളണം എന്നല്ലേ മനുഷ്യ ജീവിതത്തിലെ ചിന്തനീയം? നമ്മളിൽ കുടികൊള്ളുന്ന വരദാനവും അതു തന്നെയല്ലെ ചെയ്യുന്നത്? നമ്മളിൽ കുടികൊള്ളുന്ന കായിക വിരുതുകളും, കലാവിരുതുകളും, രചനാവൈഭവങ്ങളും, ഗാനമാലാപന കഴിവുമെല്ലാം നമ്മളെ ശ്രദ്ധേയരാക്കുന്നു അതല്ലെ സത്യം? നാം പറയും ഈശ്വരാനുഗ്രഹമാണെന്നു? ഈശ്വരൻ സൃഷ്ടിയിൽ ചാലിച്ചു ചേർത്ത ഓരോ വ്യത്യസ്തമായ കഴിവുകൾ. ഓരോ വ്യക്തിക്കും തന്നിൽ കുടിയിരിക്കുന്ന ആ കാമുകനെ കുറിച്ചും കാമുകിയെ കുറിച്ചും ഏറെ പലതും പറയുവാനുണ്ടാവും. അവർ നൽകിയ അസുലഭനിമിഷങ്ങളെ പറ്റി, അഭിമാനങ്ങളെ പറ്റി! ഒന്നിൽ കൂടുതൽ കമിതാക്കൾ നമുക്കുള്ളിൽ കുടിയേറാം എന്നതും മറ്റൊരു സാദ്ധ്യത. അതവസാനം പലരേയും സകലകലാവല്ലഭൻ എന്ന നിലയിൽ കൊണ്ടു ചെന്നെത്തിക്കും അല്ലേ

മഷിത്തണ്ടിൽ കൈവിരലുകൾ അർപ്പിച്ച്, തന്റെ പ്രണയിനിയെ ധ്യാനിച്ച്, ആത്മാവിന്റെ സൌന്ദര്യമായി വരം കിട്ടിയ ഭാഷയെ ഈ പ്രാണാൻ കൈകൂപ്പുന്നു. അക്ഷരങ്ങൾ ശരിയാം വണ്ണം കോർത്തിണക്കി നിർമ്മിച്ച വാക്കുകളിലൂടെ രചനയെന്ന സാഗരത്തിലേക്ക് ഒഴുകാൻ നിയോഗിതനായ ഈ കമിതാവ് തന്റെ കാമിനിയായ രചനയെ കണ്ടറിയാനും, സ്നേഹിക്കാനും, പ്രേമിക്കാനും, പ്രണയിക്കാനും കാട്ടിയ സാഹസികത, അതാണ് ഈ അപൂർവ്വ പ്രണയ കഥ.

ഈ അപൂർവ്വ പ്രണയ കഥയിൽ താനും തന്റെ രചനയും പ്രേമകഥകളിലെ മണ്ണാങ്കട്ടയും  കരിയിലയുമോ, മണൽ തരിയുടെ അധരത്തിൽ ചുംബനമേകി അലിഞ്ഞിറങ്ങിയ വേനൽമഴയോ, തീരം തേടി ചാഞ്ചാടിയ തിരയോ ആയിരുന്നിരിക്കാം ജീവിതത്തിലെ പല നാഴിക കല്ലുകളിലും. . എന്തായിരുന്നാലും അളവില്ലാത്ത ഒരു മത്തു പിടിച്ച പ്രണയം തന്നെയായിരുന്നു ഈ പ്രാണനും തന്റെ രചനയുമായി. ഇരുവരും അലിഞ്ഞലിഞ്ഞ് ഒന്നായി ജീവിച്ചു.  അവളിലവൻ കണ്ട സത്യങ്ങളും, അനുഭവങ്ങളും ലിഖിതമായി സൂക്ഷിച്ചു. അവളിലൂടെയവൻ കാവ്യങ്ങളും കവിതകളും രചിച്ചാസ്വദിച്ചു. ശബ്ദ, വൃത്ത അർത്ഥാലങ്കാരങ്ങൾ ഒന്നിച്ചിണങ്ങിയ കവിതകൾ അവളിലെ ഒരു നേത്രദൃഷ്ടിയിലൂടെ അവൻ കണ്ടു. അവളിൽ മേലങ്കിയായിയവൻ കാകളി, നതോന്നത, കേകയും, നെറ്റിത്തടത്തിൽ വസന്തതിലകവും അലങ്കരിച്ചു. അവൻ കൊളുത്തിയ അവളുടെ കവിതാനാളങ്ങൾ പലരും പലവിധത്തിൽ ആസ്വദിച്ചു. ചിലർക്കതിന്റെ അർത്ഥം, ചിലർക്ക് വരികളിലെ അച്ചടക്കം, ചിലർക്കു മേനിയഴകായ പദഘടന, മറ്റുചിലർക്കോ സ്വരശുദ്ധിയോടുള്ള ആലാപനസുഖം! അവളെ പലരും മനോഹരമായ പൂവിനോടും മഴവില്ലിനോടും ഉപമിച്ചു. അവൾ അച്ചുകൂടങ്ങളിൽ ബന്ധിക്കപ്പെടാതെ അവന്റെ മനസ്സിൽ നൃത്തമാടി ഒതുങ്ങി കഴിഞ്ഞു. അവളിലൂടെ ഒഴുകിയിറങ്ങിയ അക്ഷരകൂട്ടങ്ങൾ എന്നും അവന്റേത് മാത്രമായിരുന്നു. ആവളുടെ രണ്ടാം നേത്രദൃഷ്ടി വ്യത്യസ്തമായിരുന്നു. മറ്റെ നേത്രത്തിലൂടെയവൾ ഗദ്യമൊഴുക്കി. അവൻ തന്റെ അധരങ്ങൾ കൊണ്ട് ആ ഗദ്യധാര നുകർന്നെടുത്ത് രുചിയറിഞ്ഞാസ്വദിച്ചു.

തന്റെ ഗദ്യരചനയിലൂടെ അവൻ തന്റെ പ്രാണനായ രചനയുടെ മറ്റൊരു വീര്യങ്ങൾ തിരിച്ചറിഞ്ഞു. ഭാഷ ഉച്ചരിക്കുന്ന വാക്കുകൾക്ക്, വാളിനേക്കാൾ മൂർഛയുണ്ടെന്നവൻ മനസ്സിലാക്കി. രചനയിലൂടെ രചിക്കുന്ന വാക്കുകളും, ഭാഷയിൽ നിന്നും വാർത്തെടുത്ത് ഉച്ചരിക്കുന്ന വാക്കുകളും ഒരിക്കൽ തൊടുത്ത് വിട്ടാൽ അതിന് പുറംവിളി ബാധകമല്ലെന്ന് അവൾ അവനെ പഠിപ്പിച്ചു. തിരിച്ചെടുക്കാൻ സാധിക്കാത്ത മൂല്യങ്ങൾ സൂക്ഷിച്ചു പ്രയോഗിക്കാൻ അവനെ അവൾ പഠിപ്പിച്ചു. അതുപോലെ തന്നെ രൌദ്രഭാവവും, സ്നേഹവും, ആർദ്രതയും, കനിവും, സഹാനുഭൂതിയും, വികാരവും, നിർവികാരവും, മൌനവും, വാചാലതയും, സന്തോഷവും, വ്യസനവും എല്ലാം തന്റെ രചനയിൽ നിന്നും അവൻ അനുഭവിച്ചറിഞ്ഞു അതോടൊപ്പം പ്രയോഗിക്കേണ്ടുന്ന രീതികളൂം.
തന്റെ കാമിനിയായ രചനയിലൂടെ അവൻ ഭാഷയുടെ നാലുകെട്ടുകൾ അറിഞ്ഞു തന്നെ ജീവിച്ചു.  ഭാഷയ്ക്ക് കാഴ്ചയുണ്ടെന്നും , കാഴ്ചപ്പാടുണ്ടെന്നും അവൾ അവനെ പഠിപ്പിച്ചു. ഭാഷയുടെ ലിംഗഭേതങ്ങൾ അവളിലൂടെ അവൻ തിരിച്ചറിഞ്ഞു. അവനവളെ  വിട്ടു നിൽക്കാവാവില്ലെന്നായി. പ്രാപിക്കുന്തോറും വീണ്ടും വീണ്ടും ആസ്വദിക്കാനുള്ള അനുഭൂതിയും അക്ഷമയും. രാപ്പാടികളായി അവർ പ്രണയയാമങ്ങളിൽ നീരാടിത്തുടിച്ചു. അകലങ്ങളില്ലാതെ ബന്ധനസ്ഥരായവർ ഒരായുസ്സോളം വലുപ്പമുള്ള ഇന്നലെയുടെ ഓർമ്മകളും, കണ്ണടയുവോളം ഇനിയും സ്നേഹിക്കാൻ വേണ്ടിയുള്ള പ്രണയവും മാത്രം ബാക്കിയായി ത്രസിച്ചു നിന്നു. ആ ലഹരി അവരറിയാതെ അവലിരൊരു പുതു തലമുറയുടെ തുടക്കമറിയിക്കുകയായിരുന്നു. ആധുനികതയുടേയും, അത്യാധുനികത്തിന്റെയും നാമ്പായ ന്യുജെൻ കവിതയും ഗദ്യവും മുഖഛായയുള്ള അശ്ലോകങ്ങൾ അവരുടെ ആസ്വാദന രചനകൾക്കും പ്രണയത്തിനും ഇടയിൽ ഒരു മഴപ്പാറ്റയായി പറന്നു കളിക്കാൻ തുടങ്ങി. തന്റെ പ്രണയിനിയായ രചനയിൽ ശ്ലോകങ്ങളും, പദ്യങ്ങളും, കവിതകളും കാർകൂന്തളമായി വകഞ്ഞൊഴുകിയിരുന്നു, എന്നാൽ അതൊന്നും ആ മഴപ്പാറ്റയിൽ അവർ കണ്ടില്ല. ദൈവത്തിന്റെ ഓരോ വിസ്മയങ്ങൾ! വിശപ്പുണ്ടാക്കുന്നു പക്ഷെ ആഹാരമില്ല. ദാഹമുണർത്തുന്നു പക്ഷെ ഒരു തുള്ളി വെള്ളമില്ല, ആഗ്രഹങ്ങൾ ജനിപ്പിക്കുന്നു സാക്ഷാത്കാരത്തിനുറവിടമില്ലാതെ, പ്രണയിപ്പിക്കുന്നു വിരഹ വേദനയറിയിക്കാനായി. അകലങ്ങളിലിരുന്നു ചേക്കേറാനായി.

മഴപ്പാറ്റയിലൂടെ അവർ കേട്ട കവിതകളിൽ പൂവിന്റെ ഗന്ധമോ മാരിവില്ലിന്റെ മനോഹാരിതയോ കണ്ടില്ല. കവിതയുടേയോ കാവ്യത്തിന്റേയോ ഉത്തരവാദിത്ത്വങ്ങളും ബാധ്യതകളും അദ്ധ്യായം തീരുമ്പോൾ അവസാന വാക്കിലൂടെ അസ്തമിക്കുന്ന ഒരനുഭവം! അവർ വളർത്തിയെടുത്ത ഭാഷയുടെ ബാധ്യതകൾ ആ മഴപ്പാറ്റയിലൂടെ അന്യർക്ക് ഒരു ബാധയാവുമോ എന്നവർ ഭയപ്പെട്ടു. കവിതയുടെ മനോഹാരിതയും കാവ്യത്തിന്റെ അർത്ഥവ്യാപ്തിയും ചിതലരിച്ച ഒരു സമ്മിശ്ര ആധുനിക വിളംബരം! അതായിരുന്നു അത്! ഇരുലക്ഷണങ്ങളുമില്ലാത്ത രണ്ടിലും പെടാത്ത ഒരു ജന്മം! അക്ഷരങ്ങളെ വിഗ്രഹിച്ചു നിഗ്രഹിച്ചു ആധുനികമെന്ന് ലേബലൊട്ടിച്ച പൊരുളും നിർവ്വചനവും വേർതിരിച്ചറിയാൻ സൃഷ്ടിസ്വത്വത്തിനു വിലപിക്കേണ്ടി വന്ന ഒരു ദുരവസ്ഥ!

മോഹിനികളായ കവിതകളുടെ കാലമസ്തമിച്ചോ? തികച്ചും ആ മാരിവില്ല് മറഞ്ഞിട്ടില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു. . ആ പൂങ്കാവനം പൂർണ്ണമായും പൊഴിഞ്ഞിട്ടില്ല. എന്നാലും ഈ കാലഘട്ടത്തിൽ പക്വതയോടെ ഉണരുന്ന കവിതകൾ അന്നത്തെ കവിതകളിൽ നിന്നും വേറിട്ടു തന്നെ നിൽക്കും.  പല അത്തരം കവിതകളുടെ രസങ്ങൾ ധമനികളിലേക്കിറങ്ങുമ്പോൾ തോന്നുന്നത് ഒരു മനോഹര ഗദ്യത്തിന്റെ രുചിയാണ്. ശാഠ്യം പിടിക്കണ്ട! ഒരു അപൂർവ്വ പ്രണയത്തിൽ നിന്നുദിച്ച ഗർഭം അലസിയിരുന്നെങ്കിൽ എന്നു തോന്നിപ്പോയ നിമിഷത്തിന്റെ വിങ്ങലായി കരുതിയാൽ മതി. 

സ്വന്തമാകണമെന്നും സ്വരൂപത്തേക്കാൾ സത്ഗുണമഹിതനാവണമെന്നും കരുതി, എന്നാൽ ആരുടേയോ ആയി വന്നു ചേർന്ന ഒരു ചാഞ്ചല്യമായ് മാത്രമെ കാണാൻ കഴിഞ്ഞുള്ളു അവനു ആ മഴപ്പാറ്റയെ! എന്നാലും തോറ്റ് പിന്മാറാൻ മനസ്സനുവദിച്ചില്ല. ചട്ടങ്ങൾ മാറ്റി, ആധുനികതയുടെ ചായക്കൂട്ടുകൾ മഷിത്തണ്ടിൽ പുരട്ടി രചനയിൽ സ്നാനം ചെയ്യാൻ ശ്രമിക്കാതിരുന്നില്ല. മോഹമുണ്ടായിട്ടല്ല, മറിച്ച് ചുറ്റുവട്ടത്ത് കൂമ്പാരം കൂടുന്ന ആധുനിക ചീളുകളുടെ ഇടയിൽ ശുദ്ധഭാഷയിൽ ചെളി പുരളാതിരിക്കാൻ നടത്തിയ ഒരു വൃഥശ്രമം! പന്തീരാണ്ടിന്റെ ഒരു ദശാംശമടങ്ങുന്ന ആയുസുണ്ടായിരുന്നു ആ ശ്രമത്തിന്. അത്രയെ അതിന് ആയുസ്സുണ്ടായിരുന്നുള്ളു! കഴിഞ്ഞില്ല. തോൽവി സമ്മതിക്കേണ്ടി വന്നു സ്വയം മനസ്സിനോട്! ആധുനികതയിലേക്കുള്ള പാദനിസ്വരം കൊണ്ടു ചെന്നെത്തിച്ചത് നപുംസകലിംഗത ആടിയുറയുന്ന പദ്യഗദ്യങ്ങളുടെ പാദസരങ്ങളിൽ ആയിരുന്നു! സഹിക്കാനായില്ല. തലമുറകളുടെ കടപ്പാടിനു തീക്കൊള്ളിവെയ്ക്കാൻ മനസ്സനുവദിച്ചില്ല. 

കാത്തിരുന്ന സ്വപ്നങ്ങളും, നേടാൻ കൊതിച്ച ലക്ഷ്യങ്ങളും, അദ്ധ്വാനത്തിന്റെ വിയർപ്പുതുള്ളികളും വിറങ്ങലിക്കുന്ന അനുഭവമായിരുന്നു നേടിയതെന്നു മാത്രം! പക്ഷെ, ആധുനികതയുടെ പുറം തള്ളൽ ഒരു ചങ്ങലയിടലായി തോന്നിയില്ല അവന്. കാരണം, താൻ പിന്തുടരേണ്ടത് തന്റെ ഇഷ്ടങ്ങളെയാണെന്നും അല്ലാതെ അന്യതാത്പര്യങ്ങളെ അല്ലയെന്നുമുള്ള തിരിച്ചറിവ് അവനിൽ നാമ്പിട്ടു. ആധുനികതയിലൂടെ ജനനം കൊണ്ട അടുത്ത കണ്ണിയായ രചനയെന്ന പെൺകുട്ടിയുടെ ഉള്ളവൻ തിരിച്ചറിഞ്ഞു. അവനതറിഞ്ഞുവെന്ന് അവളുമറിഞ്ഞു. അതവൾ മനസ്സിലാക്കിയെന്ന് അവനുമറിഞ്ഞു! അതായിരിക്കാം അവനിൽ നിന്നുമവൾ അകന്നുമാറി നിശബ്ദയായത്. അവളൊരു മരീചികയായ് അവനു മുൻപിൽ! മരിച്ചു വീണ ഒരു മനസ്സിന്റെ ലിപികളില്ലാത്ത ഭാഷയുടെ ഒരു മൌനമായവൾ മാറി!

ആധുനികതയിലെ മഴപ്പാറ്റകളെ  ഒരു കാമമായി മാത്രമെ അവനു കാണുവാൻ കഴിഞ്ഞുള്ളു. നാമ്പിലൂടെ മുളപൊട്ടിയാൽ കരിഞ്ഞമരാൻ അധികകാലമില്ലാത്തവ! അതൊരു വലിയ സത്യം അവനിൽ വിളംബരം ചെയ്തു. കാമമല്ല സ്നേഹം, അത് കരിനിഴൽ പോലെ കരുക്കൾ നീക്കുന്ന കാപട്യമാണ്. തിളക്കുന്ന കാമത്തിനു തുളക്കുന്ന മോഹങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളു. ആരുടെയൊക്കെയോ കാമം തീർത്തവരുടെ മക്കളാണ് ആധുനികതയുടെ ചവിട്ടുകൊട്ടയിൽ കാണുന്ന ലേബലുകൾ. സ്നേഹമാണു പ്രണയത്തിന്റെ നാമ്പുകൾ. തന്റെ പ്രണയത്തിന്റെ കടത്തു വള്ളം തനിക്ക് അക്കരയാണ്, അതിക്കരെയല്ല.

മാധവിക്കുട്ടിയുടെ വരികൾ അവനോർമ്മിച്ചു.
സ്വന്തമാകണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അതു നിങ്ങളുടേതാണ്. അല്ലെങ്കിൽ അത് വേറെ ആരുടേയോ ആണ്! 

എത്ര സത്യം!

അവനാശ്വസിച്ചു നഷ്ടബോധമില്ലാതെ, നഷ്ടപ്പെടാം, നഷ്ടപ്പെടുത്താം...നഷ്ടപ്പെട്ടിരിക്കാം. പക്ഷെ കടാക്ഷമായി കിട്ടിയ തന്റെ സാരംഗിയായ രചനയെ പ്രണയിക്കാതിരിക്കരുത്... പ്രണയിച്ചു തന്നെ മരിക്കണം

-ഹരി കേച്ചാട്ട്-