Wednesday, May 12, 2021

ഞാൻ കണ്ട മറ്റൊരു ലോകം

 ശൈത്യകാലത്തിന്റെ ആധിക്യം കുറഞ്ഞു വരുന്നു എന്നത് മുറ്റത്തെ ചെടികളിൽ ഉണരുന്ന നറുകതിരുകൾ ഓർമ്മപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മാസങ്ങൾ രണ്ട് മൂന്നായിക്കാണും ഉമ്മറത്തെ തുറന്ന പോർച്ചിൽ ഉള്ള ചാരുകസേരയിൽ ചെന്നിരുന്നിട്ട്. ശരീരം കോച്ചുന്ന ശിശിരം അതിന് വിഘ്നമായിരുന്നു ഈ വാരാന്ത്യം വരെ.  ഋതുമാറ്റത്തിന് സമയമാഗമനമായി. കാരണം, സൂര്യോദയത്തിൽ വീശിയ മാരുതനിൽ നിമഗ്നയായ  നേർമ്മയേറിയ ചൂട് വസന്തത്തിന്റെ ആഗമനം അറിയിക്കുന്നുണ്ടായിരുന്നു. ഉണങ്ങിയ ഇലകൾ എല്ലാം കൊഴിഞ്ഞ ശിഖിരങ്ങളിൽ വസന്തത്തിന്റെ ആഗമനമായി നാമ്പുകൾ സ്ഥാനം കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു. എന്നാൽ മഞ്ഞു കാലത്തും ഇലകൾ കൊഴിയാത്ത ചെടികളിലെ ഇലകൾ ഇപ്പോഴും വയസ്സറിയിച്ചു ചുരുളാൻ തുടങ്ങിയതും മേനോൻ ശ്രദ്ധിച്ചു.

കൈപ്പത്തികൾക്ക് ചൂടു നൽകിയ ആവി പറക്കുന്ന കാപ്പിക്കോപ്പയുമെടുത്ത് മേനോൻ മുൻപോർച്ചിലേക്ക് ഇറങ്ങി. ഉദിച്ചു വരുന്ന ആദിത്യകിരണങ്ങൾ മുറ്റത്തിന്റെ കമ്പളിയായിക്കിടക്കുന്ന പുൽത്തകടികളിൽ പറ്റിനിൽക്കുന്ന ജലകണങ്ങൾക്ക് ഇദ്രധനുസ്സിന്റെ നിറങ്ങളേകിയത് മേനോൻ ശ്രദ്ധിച്ചു. സൂര്യനുദിക്കാൻ കാത്തിരുന്ന മാതിരി കുരുവിക്കിളികൾ എങ്ങു നിന്നോ പറന്നു വന്നിരിക്കുന്നു. അല്ല, അവയും വസന്തകാലാഗമനത്തിന്റെ വാർത്തയുമായാണ് വന്നിരിക്കുന്നത്. ആദ്യകിളി വായിൽ ഒതുങ്ങുന്ന ചില്ലക്കമ്പുകളും പിന്നാംകിളി പുൽത്തുമ്പുകളും കൊണ്ടുള്ള വരവാണ്. ചുമരിനു മുകളിൽ ഒരു കോണിൽ കൂടു വെയ്ക്കാനുള്ള കൂട്ടുപ്രയത്നം തുടങ്ങിയിരിക്കുന്നു. ചേക്കേറി മുട്ടയിടാൻ! പോർച്ചിൽ കൂടുകെട്ടി വരവിലും പോക്കിലും കാഷ്ടമിട്ട് നിലം വൃത്തികേടാക്കുമെങ്കിലും ആ മിണ്ടാപ്രാണികളെ ഓടിച്ചു വിടാൻ ഒരു വിഷമം. കൂടും കുടിയുമില്ലാത്ത ജനകോടികളുടെ ദയനീയ മുഖമാണ് ആ സമയം ഓർമ്മയിൽ വരുക. ഒന്നാനാം കൊമ്പിൽ ചേക്കേറി അന്തിയുറക്കത്തിനു വരുന്ന ആ കുരുവികൾ. മുട്ടയിട്ട് അച്ഛനും അമ്മയും മാറിമാറി ചൂടുനൽകി വിരിച്ചെടുക്കുന്ന കുരുവിക്കുഞ്ഞുങ്ങൾ! അവയുടെ ചേഷ്ടകളും സംഭാഷണങ്ങളും കേട്ടിരുന്നാൽ സമയം പോവുന്നതറിയില്ല. കുരുവികൾ കാഷ്ടമിട്ട് വൃത്തികേടാക്കുന്ന മുൻവാതിൽ പടികളെ നോക്കി എന്നും മേനോന്റെ ഭാര്യ പിറുപിറുക്കുമെങ്കിലും കുഞ്ഞിക്കുരുവികളെ സഹധർമ്മിണിക്കും ഇഷ്ടമില്ലാതെയില്ല. വീടിന്റെ കിഴക്കു വശത്ത് കിളികൾ കൂടുവെയ്ക്കുന്നത് നല്ലതാണെന്ന് ആരോ പറഞ്ഞു ഭവതിയെ വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് രാവിലെ കളം വരയ്ക്കാൻ നങ്ങ്യാരുകുട്ടി വെള്ളമൊഴിച്ചു നട വൃത്തിയാക്കുന്നത് പോലെ എന്നും രാവിലെ കുരുവികൾ രാത്രിയുടെ യാമങ്ങളിൽ സമ്മാനിക്കുന്ന കാഷ്ടം വൃത്തിയാക്കുക ഒരു ദൈനം ദിന ചടങ്ങായി മാറിയിരിക്കുന്നു.

മേനോനു മനുഷ്യജീവികളെപ്പോൽ ഇതരജീവികളിൽ പലതിനേയും വളരെ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ അവയെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും, അവയെക്കുറിച്ചുള്ള പഠനപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കുകയും, വിലയിരുത്തുകയും മേനോന്റെ നിത്യവൃത്തികൂടിയാണെന്ന് പറഞ്ഞാൽ തെറ്റുണ്ടാവില്ല.

മേനോൻ ചൂടുകാപ്പിയുമായി ചാരുകസേരയിൽ ഇരുന്നു. കോപ്പയിൽ നിന്നും ഒരു വട്ടം കാപ്പി മോന്തിയിട്ട് കോപ്പ താഴെ വെയ്ച്ചിട്ട് ചരിഞ്ഞിരിരുന്നു. അപ്പോഴാണ് കഴിഞ്ഞ ഒരാഴ്ചയായി വളരെ ശ്രദ്ധയോടേയും കൌതുകത്തോടേയും വായിച്ചുകൊണ്ടിരുന്ന പുസ്തകം തൊട്ടടുത്തുള്ള ടീപ്പോയിൽ ഇരിക്കുന്നത് കണ്ടത്. വായിച്ചു നിർത്തിയ ഏടെടുത്ത് മടിയിൽ വെയ്ച്ചു. ചൂടാറും മുൻപ് കോപ്പയിലുള്ള കാപ്പി ഊറിക്കുടിച്ചു കൊണ്ട് മേനോൻ പുസ്തകവായന ആരംഭിച്ചു. കാപ്പി കഴിഞ്ഞപ്പോൾ താഴേക്ക് നോക്കാതെ തന്നെ കോപ്പ നിലത്ത് വെയ്ച്ചു. വായനയിൽ അത്രമാത്രം മുഴുകിയിരുന്ന മേനോൻ പരിസരം മറന്നതും തന്റെ കൺപീലികൾ താനെ അടഞ്ഞതും അറിഞ്ഞില്ല.

ഒരു പുതിയ ഒരു ലോകത്തേക്ക് അബോധമനസ്സിന്റെ പ്രാണയാമത്തിൽ മേനോന്റെ ഇന്ദ്രീയങ്ങൾ കീഴടങ്ങി. അങ്ങ് ദൂരെ ഒരു കുന്നിനപ്പുറത്ത് വളരെ അവ്യക്തമായ ശബ്ദങ്ങൾ മേനോൻ കേൾക്കുന്നു! നടന്നടുക്കുന്തോറും ആ ആരവഘടോരം മേനോനെ കൂടുതൽ ജിജ്ഞാസുവാക്കിക്കൊണ്ടിരുന്നു. കുന്നുകൾ കയറിയിറങ്ങിയ മേനോൻ ക്ഷീണിതനായി. ഒന്നിരിക്കാം എന്നു കരുതി ഇരുന്നു. ആ ഇരുപ്പിൽ മേനോന്റെ മനക്കണ്ണടഞ്ഞ പോലെ!. ആരോ തട്ടി വിളിക്കുന്നതു പോലെ തോന്നിയിട്ടാണ് മേനോൻ സ്വപ്നലോകത്ത് ഉണർന്നത്.  മേനോൻ അറിയാതെ ഒന്നു ഞെട്ടി! താൻ എവിടെയാണ്? വളരെ വിചിത്രമായ മനുഷ്യജീവികളല്ലാത്ത ഒരു കൂട്ടം പരദേശികളായ വികൃതജീവികളുടെ നടുവിൽ!

കൊമ്പുപോലെ നിൽക്കുന്ന ആന്റിന പോലെയുള്ള ഒരവയവം ആ മുഖങ്ങളിൽ! ആ കൊമ്പൻ മീശകൾ മുഖത്തു കൊള്ളാതിരിക്കാൻ മേനോൻ തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു. മേനോനു വളരെ ദാഹം തോന്നിയതിനാൽ കുടിക്കുവാൻ വെള്ളം ചോദിച്ചു. ആ പരദേശികൾക്കുണ്ടോ മേനോൻ പറയുന്ന മലയാളം മനസ്സിലാകുന്നു! അവർ മേനോനെ നോക്കി എന്തൊക്കെയോ പറഞ്ഞു. കൈകൾ മലർത്തി കാണിക്കുകയും ചെയ്തു. അതു കണ്ടപ്പോൾ മേനോനു മനസ്സിലായി താൻ പറയുന്നതൊന്നും അവർക്ക് മനസ്സിലാവുന്നില്ലായെന്ന്. ഉപായത്തിൽ മേനോൻ, വെള്ളം വേണമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു. അതെന്തായാലും ഫലിച്ചു. അവർ മേനോനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് വരിവരിയായി നടക്കാൻ തുടങ്ങി. മേനോനു മനസ്സിലായി, അവർക്കൊപ്പം ചെല്ലാനാണു പറയുന്നതെന്ന്. മേനോൻ പതുക്കെ അവർക്കൊപ്പം നടന്നു. അൽപ്പമകലെ, ഇലക്കുമ്പിളുകളിൽ നിറച്ചു വെച്ചിരിക്കുന്ന ജലസംഭരണികൾക്ക് മുന്നിൽ ആ പരദേശികൾ നിന്നു. എന്നിട്ട് മേനോനോട് വെള്ളം കുടിച്ചു കൊള്ളാൻ പറഞ്ഞു. മേനോൻ ആ ഇലക്കുമ്പിളുകളിൽ തല താഴ്ത്തി ആവശ്യത്തിലേറെ വെള്ളം അകത്താക്കി.

 ഇനി എന്തെന്ന ഭാവത്തിൽ മേനോൻ കൈകൊണ്ടാംഗ്യം കാട്ടി. മേനോനോട് കിടക്കാൻ ആംഗ്യത്തിൽ കൂടി അവർ പറഞ്ഞു. അവർ എന്തൊക്കെയോ ഉപകരണങ്ങൾ കൊണ്ടു വന്നു. അക്കൂട്ടത്തിൽ ചിലർ മേനോന്റെ തലയിൽ അതിൽ പലതും പിടിപ്പിച്ചു. എന്തൊക്കെയോ നോക്കുന്നതും സംസാരിക്കുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ സാമഗ്രികളുമായി വന്നവർ കൊണ്ടു വന്ന സാമഗ്രികളുമായി തിരികെ പോയി. ഒരൽപ്പ സമയത്തിനു ശേഷം മറ്റൊരു കൂട്ടർ വന്നു. കൈയ്യിലുള്ള കടലാസുകൾ നിവർത്തി അതിൽ എഴുതിയിരിക്കുന്നത് മേനോനെ കാണിച്ചു. മേനോൻ അൽഭുതപ്പെട്ടു! അവരുടെ ഭാഷയിലല്ല. മറിച്ചു മലയാളത്തിൽ! മേനോൻ ആലോച്ചിച്ചുഇവർക്കെങ്ങിനെ മനസ്സിലായി താൻ പറയുന്ന ഭാഷ മലയാളമാണെന്ന്? തന്റെ തലയിൽ കൊണ്ടു വന്നു വെച്ച സാമഗ്രികൾ തച്ചോറിനുള്ളിലെ ഭാഷയും മനസ്സിലാക്കിയോ? അതോ അവരുടെ ഭാഷ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യാൻ ഇവരുടെ കൈവശം യന്ത്രങ്ങൾ വല്ലതുമുണ്ടോ? തനിക്കു ചുറ്റുമുള്ളത് ബുദ്ധിജീവികൾ തന്നെ! മേനോൻ മനസ്സിൽ കരുതി.

തീർന്നില്ല. എന്തോ ഒരു യന്ത്രം അവർ മേനോന്റെ തലയിൽ ഘടിപ്പിച്ചു. അൽഭുതം! അവർ പറയുന്നത് മേനോനു മനസ്സിലാവുന്നു! മേനോൻ വേഗം അവരുടെ ഭാഷ പഠിച്ചെടുത്തു. മലയാളം പഠിക്കാമെങ്കിൽ മറ്റേതു ഭാഷയും പഠിക്കാമെന്നല്ലെ പ്രമാണം. ഭാഷ പഠിച്ചു കഴിഞ്ഞ മേനോനെ അവർ അവരുടെ നാട്ടുവിശേഷങ്ങൾ കാണിക്കാൻ കൊണ്ടു പോയി. അവിടെ കണ്ട കാഴ്ചകൾ മേനോനെ അമ്പരപ്പിച്ചു.

ആദ്യം അവരുടെ ശാസ്ത്രപഠനകൌതുകാഗാരത്തിലേക്കായിരുന്നു യാത്ര. അവിടെ ആ പരദേശികളുടെ ജീവശാസ്ത്രം വളരെ വ്യക്തമായി എഴുത്തിലൂടേയും ചിത്രങ്ങളിലൂടേയും വിവരിച്ചിരിക്കുന്നു. അതിൽ ചിലത്, മേനോൻ ഈ വിധം കണ്ടു.

  • മേനോന് അവിടെ കണ്ട പരദേശികളിൽ 12,000 വിഭിന്ന വംശജരുണ്ടത്രെ.
  • അതിൽ ഒരോ ജീവിക്കും തന്റെ ദേഹഭാരത്തേക്കാൾ 20 മടങ്ങ് ഭാരം ഉയർത്താൻ കഴിയും.
  • അവരിൽ രാജവംശർ തുടങ്ങി ഭടന്മാർ, ഗണിതർ, ഭാടന്മാർ, പരിചാരജർ, അടിമകൾ തുടങ്ങിയ ജനകീയ വംശർ വരെ ഉണ്ടത്രെ!
  • രാജവംശത്തിലെ റാണിമാർ പലരും വളരെ വർഷങ്ങൾ ജീവിക്കുകയും ലക്ഷക്കണക്കിനു പൈതങ്ങളെ പിറന്നിടുകയും ചെയ്യുമത്രെ.
  • ജനകീയ വംശജർക്ക് ആയുസ് വളരെ കുറവാണ്. അതു കൊണ്ട് വംശം നില നിർത്താൻ റാണിമാർ പെറ്റു പെരുക്കാതെ മറ്റൊരു വഴിയുമില്ല.
  • കൂട്ടത്തിലെ റാണി മരിച്ചാൽ വളരെ കുറച്ചു നാൾ മാത്രമെ ആ വംശം നില നിൽക്കു.
  • റാണിമാർക്കും ആണുങ്ങൾക്കും ചിറകുകൾ ഉണ്ടാവുമത്രെ. എന്നാൽ മറ്റൊരു സമൂഹത്തിൽ കീഴടങ്ങേണ്ടി വന്നാൽ ആ ചിറകുകൾ അടർത്തി കളയണമത്രെ.
  • കീഴങ്ങിയാൽ അവർ അടിമകളാവും. പറക്കാൻ അവകാശമില്ല.
  • കൂട്ടത്തിലെ പണിക്കാർ സ്ത്രീകളാണത്രെ. സാധാരണ ആണുങ്ങളുടെ ഏക ജോലി റാണിയുമായി സംഭോഗിക്കുക, വംശത്തിന്റെ എണ്ണം കൂട്ടുക.
  • അവർക്കാർക്കും ചെവികൾ ഇല്ല! അവർ അവരുടെ കാല്പാദങ്ങളിൽ കൂടി മസ്തിഷ്കത്തിൽ എത്തുന്ന ചലനങ്ങൾ വഴിയാണ് പരിസരങ്ങൾ മനസ്സിലാക്കുന്നതും ശബ്ദങ്ങൾ തിരിച്ചറിയുന്നതും!
  • അവർ സാധാരണ പൊരുതാറില്ല. എന്നാൽ പൊരുതി തുടങ്ങിയാൽ ഇരുവരിലൊരാൾ മരിക്കും മുൻപ് കളത്തിൽ നിന്നും വിടവാങ്ങാൽ അനുവാദവുമില്ല.
  • അവർക്കു ശ്വാസകോശമെന്ന അവയവം ഇല്ല. അവരുടെ ശരീരത്തിലാകമാനം ഉള്ള വളരെ ചെറിയ സുഷിരങ്ങളിൽ കൂടിയാണു ശ്വസിക്കുന്നത്. അതേ സുഷിരങ്ങളിലൂടെ നിശ്വസിക്കുകയും ചെയ്യുന്നു.

മേനോൻ അധിക സമയം ആ വിവരണങ്ങൾ നോക്കി നിന്നുവെന്നു തോന്നുന്നു. ചുറ്റിനും നിന്നിരുന്ന ജീവികൾ മേനോനെ മുന്നോട്ട് നടക്കുവാൻ പ്രേരിപ്പിച്ചു. മേനോൻ അടുത്ത ഒരു ഗുഹയിൽ കൂടി അടുത്ത കലവറയിൽ എത്തി. അവിടെ കണ്ട പ്രദർശന കാഴ്ചയും വിവരണവും മേനോനെ അത്യധികം അൽഭുതപ്പെടുത്തി. തനിക്ക് ചുറ്റും നിൽക്കുന്ന അപരിചിത ജീവികളുടെ മസ്തിഷ്കസ്വഭാവങ്ങൾ അവർ മനുഷ്യന്റേതുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു! ആ ജീവികളുടെ മസ്തിഷ്കത്തിൽ 250,000-ൽ പരം ന്യുറോൺസ് ഉണ്ടത്രെ. എന്നാൽ മനുഷ്യനോ കോടിക്കണക്കിനാണ് കണക്കാക്കിയിരിക്കുന്നത്. ശരീരഘടനയും തലച്ചോറിന്റെ വലുപ്പവും ഒന്നിച്ചെടുത്താൽ അവർ മനുഷ്യജീവികൾക്ക് ഏറെ മുന്നിലാണ്. അവരിലും മനുഷ്യരെ പോലെ സന്തോഷവും സന്താപവും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ ഇടയിൽ ജീവഹാനി ആർക്കെങ്കിലും സംഭവിച്ചാൽ മനുഷ്യരെ പോലെ അവരും ദുഖിക്കുന്നു, മൃതദേഹം നാം ചെയ്യും പോലെ സംസ്കരിക്കുന്നു എന്നു കുറിക്കപ്പെട്ടിരുന്ന വിവരണങ്ങളിൽ നിന്നും മേനോൻ മനസ്സിലാക്കി.

തലച്ചോറിലെ സന്ധികൾ കുറവായതിനാലാണൊ എന്നറിയില്ല, ആ ജീവികളുടെ എല്ലാ തീരുമാനങ്ങളും കൂട്ടായ്മയോടെ ഒരു സമൂഹത്തിന്റെ തീരുമാനങ്ങൾ ആയിരിക്കുമത്രെ. എന്നുവെച്ചാൽ ഒരു സമൂഹം ഒന്നു ചേർന്നു ഒരു തലച്ചോറായി പ്രവർത്തിക്കും! മറ്റൊരു തരത്തിൽ പറഞ്ഞാൽ,  ഓരോ വ്യക്തിയുടെ തലച്ചോറും ഒരു സെൽ ആയിമാത്രമെ അവർ കണക്കാക്കുന്നുള്ളു. മനുഷ്യനു ഇവരുടെ ഈ പ്രക്രിയയിൽ  നിന്നും ഏറെ പഠിക്കാം. ഐക്യമത്യം മഹാബലം അതു തന്നെ എന്ന് മേനോൻ ഉള്ളിൽ പറഞ്ഞു.

അതുപോലെ മറ്റൊരു സവിശേഷമായി എടുത്ത് പറയേണ്ട കാര്യം, മനുഷ്യകുട്ടികൾക്ക് അതിന്റെ അമ്മയൂട്ടുന്ന മുലപ്പാലാണ് ആദ്യത്തെ ആഹാരമെങ്കിൽ ഇക്കൂട്ടരിൽ പിറന്നുവീണു സ്വയം ആഹാരം കഴിക്കാൻ സാധിക്കുന്നത് വരെ, ചെറുജീവികളെ ഊട്ടുന്നത് ഒരു തരം തേനാണ്.

ഇത്തരത്തിൽ പലേവിധം കൌതുകകരമായ വിശേഷങ്ങളും മേനോൻ നേരിൽ കണ്ടും വായിച്ചും മനസ്സിലാക്കി ആ യാത്രയിൽ! ഏത് പ്രതിസന്ധിയിലും അവസാന നിമിഷം വരെ പോരാടുന്ന പടയാളികൾ.  മേനോന്റെ കാഴ്ചപ്പാടിൽ, ഐക്യമത്യം മഹാബലം എന്നു തെളിയിച്ച ആദ്യസൃഷ്ടി. ഒരു കാര്യമേറ്റാൽ അത് നടത്താൻ ജീവൻ പോലും പണയപ്പെടുത്തുന്നവർ. സ്വാർത്ഥത എന്നൊന്നില്ല ആ ജീവികൾക്ക്.  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നടത്തുന്ന പരക്കം പാച്ചിലിൽ ഉറങ്ങാൻ പോലും മറക്കുന്നു ആ ജീവികൾ!

പെട്ടെന്നു ആരോ പുറകിൽ നിന്നും ഉന്തുന്ന ഒരു അനുഭവം മേനോനു അനുഭവപ്പെട്ടു! തന്റെ ശരീരം ആരോ പിടിച്ചു കുലുക്കുന്നത് പോലെ. മേനോൻ പെട്ടെന്ന് കണ്ണുകൾ തുറന്നു, മുകളിലേക്ക് നോക്കി. ദേ, നിൽക്കുന്നു തന്റെ ജീവിതത്തിലെ സഖാവ്! കണ്ണു തുറന്ന മേനോനെ നോക്കി മേനോന്റെ ഭാര്യ ഈ വിധം മൊഴിഞ്ഞു.

ദാ പ്പൊ ഇതാ ഭേഷായേ. രാവിലെ കാപ്പി കുടി കഴിഞ്ഞു പുസ്തകം വായിക്ക്യാന്നല്ലേ ഞാൻ കരുതീത്. രാവിലെ തന്നെ ഉറങ്ങായിരുന്നോ? ദേ വരാൻ പറഞ്ഞേൽപ്പിച്ച പണിക്കാരു അപ്പുറത്ത് വന്നു നിക്കണുണ്ട്.

അപ്പോൾ മാത്രമാണ് മേനോനു മനസ്സിലായത്, താൻ സ്വപ്ന ലോകത്തായിരുന്നു ഇത്രയും സമയം. എവിടെയൊക്കെ പോയി. വിചിത്രമായതെന്തൊക്കെ കണ്ടു? എവിടെയായിരുന്നു താൻ? സ്വപ്നം ഒന്നു കൂടി ഓർമ്മിക്കാൻ ശ്രമിച്ചു. മുഴുവനായിട്ട് തെളിഞ്ഞു വരുന്നില്ല. ഇനി ഓർമ്മ വരുമ്പോൾ ആവാം എന്നു കരുതി, താൻ താഴെ വച്ച കാപ്പിക്കോപ്പ എടുക്കാൻ കുനിഞ്ഞു. അപ്പോൾ മേനോൻ കണ്ടു ഒരു കാഴ്ച താഴെ!

വരിവരിയായി വരുകയാണ് മേനോൻ ഇരിക്കുന്ന കസേരക്കരികിലൂടെ! ആര്‌? മറ്റാരുമല്ല, ഉറുമ്പിൻ കൂട്ടങ്ങൾ! വരിവരിയായി. അവ നേരെ ചെന്നു കയറുന്നതോ മേനോന്റെ കാപ്പി കോപ്പയിൽ! അപ്പോഴാണ് മനസ്സിലൂടെ ഒരു മിന്നൽ പിണർ പോലെ ഒരു സത്യം മേനോനിലേക്ക് വന്നത്. താൻ കണ്ട സ്വപ്നം! അതു താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കങ്ങൾ ആയിരുന്നില്ലേ? പുസ്തകത്തിന്റെ പേർ, “പതിരില്ലാത്ത ഉറുമ്പു ലോകസത്യങ്ങൾ. അപ്പോൾ താൻ കണ്ട മറ്റൊരു ലോകം? അതു ഉറുമ്പുകളുടെ ലോകമായിരുന്നു എന്ന് മേനോൻ തിരിച്ചറിഞ്ഞു! അതെ ഉറുമ്പ് ലോകവും ഉറുമ്പു സത്യങ്ങളും!

 മേനോൻ ഒരു ഉറുമ്പ് പ്രേമിയാണ്. ഉറുമ്പുകളിൽ നിന്നും പല ഗുണ പാഠങ്ങളും പഠിക്കാമെന്നറിഞ്ഞു മേനോൻ ഉറുമ്പിനെ ഉപദ്രവിക്കാറില്ല. കാരണം, ഉറുമ്പിനോട് മേനോന് ഒരു ഭക്തി തന്നെയാണ് എന്നു വേണമെങ്കിൽ പറയാം. ചെറുജീവിയാണെങ്കിലും ബുദ്ധിരാക്ഷസന്മാർ! രാപകൽ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു ജീവി, അന്യരെ കഴിയുന്നത്ര സഹായിക്കുന്ന വലിയൊരു മനസ്സുള്ള കുഞ്ഞു ജീവി, കൂട്ടുകുടുംബം എന്തെന്നും അതിന്റെ മാഹാത്മ്യം എന്തെന്നും പഠിപ്പിക്കാൻ ഉറുമ്പിനെക്കാൾ ഭേതപ്പെട്ട മറ്റൊരു ജീവിയില്ല. ഉറുമ്പ് ഉറങ്ങുന്നതായിട്ട് ആരും രേഖപ്പെടുത്തിയതായി മേനോൻ കണ്ടിട്ടില്ല. തമ്മിൽ തമ്മിൽ കണ്ടാൽ ഉമ്മകൊടുക്കാതെ ഉറുമ്പുകൾ പിരിയാറില്ല. ഇനിയൊരിക്കൽ കാണുമോ എന്നു നിശ്ചയമില്ലാത്തതിനാലാവാം എന്നു മേനോൻ അത് കണ്ടപ്പോൾ കരുതിയിട്ടുണ്ട്.  അതുപോലെ, മേനോൻ പലരോടും പറയാറുള്ള മറ്റൊരു ചൊല്ലുണ്ട്, “ഈ ഉറുമ്പുകൾക്ക് ദൈവത്തോടുള്ള ഏകപ്രാർത്ഥന, ഇനിയും ആയുസ്സു കൂടേണമേ, മനുഷ്യന്റെ ചവിട്ട് കിട്ടല്ലേ എന്നായിരിക്കും എന്ന്. 

വലുപ്പത്തിൽ ഉറുമ്പ് ഒരു നറുമണിയാണെങ്കിലും ഒരുറുമ്പിനെപ്പോലെ ആവുകയെന്നത് ഒരു ആനക്കാര്യം തന്നെയെന്നതും മറ്റൊരു മേനോൻ മൊഴിയാണ്. ആ കുഞ്ഞുറുമ്പുകൾ നമുക്കെന്നും പാഠങ്ങൾ ആയിരിക്കും. കൂട്ടത്തിൽ ഒരുത്തൻ വീണാൽ കട്ടക്ക് കൂടി നിൽക്കാം. ഓർമ്മയിൽ തങ്ങുന്ന ഉറുമ്പു രാജ്യത്തെ നിയമം!  ആ ചെറിയ ചുവടുകൾ വിജയങ്ങളുടെ വലിയ പാഠങ്ങളായി നമുക്കു മാറ്റാം.                                                                

-ഹരി കോച്ചാട്ട്-