പുരാണകഥകളും, മുത്തശ്ശിക്കഥകളും, പഞ്ചതത്രം കഥകളും ഏറെ
കേട്ടുറങ്ങിയിട്ടുണ്ട് ബാല്യത്തിൽ. ആ കഥകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന
കഥാപാത്രങ്ങൾ സാങ്കല്പികമോ അല്ലെങ്കിൽ കാലാന്തരങ്ങളിൽ ജീവിച്ചിരുന്നവരോ
ആയിരുന്നിരിക്കാം. അവർ നൽകിയ ഉപദേശങ്ങളും, തത്ത്വങ്ങളും,
സിദ്ധാന്തങ്ങളും വിലമതിപ്പുള്ളതായിരുന്നു എങ്കിലും, അവരിൽ നിന്നെല്ലാം നേരിട്ട് അനുഭവിക്കാൻ സാധിക്കാത്ത നിർഭാഗ്യം എന്നും ഒരു
കുണ്ഠിതം തന്നെ ആയിരുന്നു. എന്നാൽ അതുപോലൊരു തുടക്കത്തിന്റെ കഥയിലെ സാരാംശം
അനുഭവിച്ചറിഞ്ഞറിയാൻ കിട്ടിയ അസുലഭനിമിഷങ്ങൾ എന്നും ഈ പ്രാണന്റെ ഒരു സൌരഭ്യമായി കരുതും.
ഞാൻ പറഞ്ഞു വരുന്നത്, ബൈബിളിനെ ആസ്പദമായി കേട്ടിട്ടുള്ള ഏഴു ദിവസങ്ങൾ നീണ്ടു നിന്ന
ഈശ്വരസൃഷ്ടിയെ കുറിച്ചുള്ള വർണ്ണനകളാണ്.
- ഒന്നാം ദിവസം ദൈവം പ്രകാശത്തെ സൃഷ്ടിച്ച് പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിച്ചു.
- രണ്ടാം ദിവസം ദൈവം വായുമണ്ഡലം (ആകാശം) സൃഷ്ടിച്ച്, സ്വർഗ്ഗമെന്ന് പേരിട്ടു.
- മൂന്നാം ദിവസം ദൈവം ജലത്തേയും കരയേയും സൃഷ്ടിച്ചു. കരയിൽ സസ്യങ്ങൾക്കും, ഖനികൾക്കും രൂപം നൽകി.
- നാലാം ദിവസം സൂര്യനേയും, ചന്ദ്രനേയും, നക്ഷത്രങ്ങളേയും ആകൃതിപ്പെടുത്തി എടുത്തു. അതിനോടൊപ്പം രണ്ട് വിധം പ്രകാശങ്ങൾ നിർമ്മിച്ചു. പകൽ ഭരിക്കാൻ തേജസ്സേറിയ പ്രകാശവും, രാവു ഭരിക്കാൻ മങ്ങിയ പ്രകാശവും.
- അഞ്ചാം ദിവസം പക്ഷികളേയും, സമുദ്രജീവികളേയും ജനിപ്പിച്ചു.
- ആറാം ദിവസം ഭൂമിയിലെ ജീവജാലങ്ങളേയും, മനുഷ്യരായി ആദ്യത്തെ ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചു. അവരെ നാം ആദം എന്നും ഹവ്വയെന്നും അറിയപ്പെടുന്നു.
- ഏഴാം ദിവസം ദൈവം ഒന്നും സൃഷ്ടിച്ചില്ല. അന്നു വിശ്രമിച്ചു. ഇന്നത്തെ നമ്മുടെ വാരാന്ത്യ ദിവസമായ ശനിയാഴ്ച എന്നു കരുതപ്പെടുന്നു.
ഇത്രയും നാമെല്ലാവരും കേട്ടിട്ടുള്ളതാണ്. എന്നാൽ ഏഴാം ദിവസത്തിനപ്പുറമോ? വളരെ
ക്രിയാത്മകമായി ഒരു ജനസൃഷ്ടി നടത്തിയ കഥ അധികം പേരും കേട്ടിരിക്കില്ല. അതിങ്ങിനെ കുറിക്കപ്പെട്ടിരിക്കുന്നു.
ആദവും ഹവ്വയും പാപം ചെയ്ത് കഴിഞ്ഞപ്പോൾ അവർക്ക് ഏദൻ തോട്ടം വിട്ടിറങ്ങേണ്ടി
വന്നു. ആ സമയം ദൈവം അവരോട് പറഞ്ഞു, “പാപം ചെയ്ത നിങ്ങൾക്ക് ഇനി എന്നെ നേരിൽ കാണാൻ പറ്റില്ല.
എന്നാൽ നിങ്ങൾക്ക് എന്നെ ആരാധിക്കാം, നിങ്ങളുടെ ആവശ്യങ്ങൾ എന്നോട് അപേക്ഷിക്കാം.
സ്വീകാര്യമെങ്കിൽ ഞാൻ അനുവദിക്കും.” ദൈവത്തിന്റെ അകൽച്ചയും, തിരോധാനവും
അവരെ വല്ലാതെ ഉലച്ചു. എട്ടാം ദിവസം തന്നെ അവർ ആദ്യമായി ദു:ഖമെന്തെന്ന് അറിഞ്ഞു,
വേദനയെന്തെന്നറിഞ്ഞു. അവർ മനം നൊന്ത് ദൈവത്തോട് പ്രാർത്ഥിച്ചു,
ദു:ഖത്തിൽ നിന്നും അവരെ കരകയറ്റാൻ. ദൈവത്തിനു അവരിൽ കനിവ് തോന്നി.
ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ഈ വിധം പറഞ്ഞു, “നിങ്ങളുടെ
വിഷമം ഞാൻ മനസ്സിലാക്കുന്നു. ഞാൻ ഇന്നു വരെ ലോകത്തിനായി സൃഷ്ടിച്ച
ജീവജാലങ്ങളെല്ലാം സ്വാർത്ഥതാത്പര്യമുള്ള വിഭാഗമാണ്. തൻ ജീവനേക്കാൾ അന്യരെ സ്നേഹിക്കുന്ന
ഒരു ജന്മമാണ് ഞാൻ നിങ്ങൾക്കായി ആലോചിച്ചു വച്ചിരിക്കുന്നത്”.
തന്റെ ഒൻപതാം ദിവസത്തെ അതിവിശിഷ്ടമായ സൃഷ്ടിക്ക് ദൈവം
കൊടുത്ത മറ്റു ഔഷധചാർത്തുകൾ ചുരുക്കി പറഞ്ഞാൽ ഇപ്പറയും വിധമായിരുന്നു.
- ഒരിക്കലും പിരിയാത്ത ഒരു ഉറ്റചങ്ങാതിയായിരിക്കണമവൻ എല്ലാവർക്കും.
- ശാരീരികമായി എന്തിനും കരുത്തനായിരിക്കണം.
- മനസ്സു മുഴുവൻ സ്നേഹം മാത്രമായിരിക്കണം.
- എന്തു സാഹസത്തിനും ധൈര്യശാലിയായിരിക്കണം.
- സ്വന്തം ജീവന്റെ വിലയേക്കാൾ പരിപാലരുടെ ജീവനായിരിക്കണം വലുത്.
- ബധിരരെ വഴി നടത്താൻ കെൽപ്പുള്ളവനായിരിക്കണം.
- കുട്ടികൾക്ക് എന്നും എവിടെയും എപ്പോഴും കളിക്കൂട്ടുകാരനാവണം.
- മനുഷ്യന്റെ വിഷമാവസ്ഥ മനസ്സിലാക്കി അത് നിർമാർജ്ജനം ചെയ്യാൻ കഴിവുണ്ടാവണം.
- ഒറ്റ നോട്ടവും നാട്ട്യവും മതിയാവണം മനുഷ്യന്റെ ഏതു ദു:ഖഭാരവും മാഞ്ഞു പോകാൻ.
- യജമാനൻ അവന്റെ ജീവനും ഉറ്റ ചങ്ങാതിയുമായിരിക്കണം.
- അനുസരണശീലവും സ്നേഹവും മാത്രമായിരിക്കണം അവന്റെ ജീവിതലക്ഷ്യം.
- കൊടുക്കുന്ന സ്നേഹത്തിനാണ് ഏറെ വിലയെന്ന് മനുഷ്യരെ അവൻ പഠിപ്പിക്കണം .
- അവന്റെ വേറ്പാടിലൂടെ വിരഹദുഖം എന്തെന്നു മനുഷ്യരറിയണം.
- സ്വാർത്ഥത എന്തെന്നു അവനറിയരുത്.
- കാത്തിരുപ്പിന്റെ വിലയും മൂല്യവും അവനിലൂടെ മനുഷ്യരറിയണം.
- രോഗികൾക്കവൻ സാന്ത്വനപ്രിയനാവണം.
- പ്രതികാരമെന്തെന്ന് അവനറിവുണ്ടാവരുത്.
എന്നു
വെച്ചാൽ ഈശ്വരന്റെ പ്രതിരൂപം! അങ്ങിനെ കണക്കാക്കി വളരെ ശ്രദ്ധിച്ച് ദൈവം തന്റെ
ഒൻപതാമത്തെ സൃഷ്ടി നടത്തി. ആദത്തിനും ഹവ്വയ്ക്കും ആ കൂട്ടിനായി ആ ജന്മത്തെ നൽകി. കൈകളിൽ
വാരിയെടുത്ത നിമിഷം തന്നെ അവരുടെ മനസ്സും , ശരീരവും കോരിത്തരിച്ചു പോയി! സന്തോഷം
തിരികെ കിട്ടിയെന്നു മാത്രമല്ല, അതൊരു ഉന്മുത്തമായി മാറി.
അവർ ആനന്ദത്തിൽ ആറാടി! ആ പുതിയ സൃഷ്ടിയെ വിട്ടിരിക്കാൻ വയ്യെന്നായി. എന്തിനു
അവരുടെ ജീവിതം തന്നെ അവനു വേണ്ടി അവർ ഉഴിഞ്ഞു വച്ചു. എന്നാൽ അവനു യോജിച്ച ഒരു പേരു
കണ്ടെത്താതെ അവർ വിഷമിച്ചു. ദൈവത്തോട് വീണ്ടും പ്രാർത്ഥിച്ചു.
പ്രത്യക്ഷനായ
ദൈവത്തോട് ആദവും, ഹവ്വയും ചോദിച്ചു, “ഇത്രയും നല്ല ഒരു ജന്മത്തിന് യോജിച്ച പേരു നൽകാൻ
ഞങ്ങൾക്കാവുന്നില്ല. സഹായിക്കണം?”
ദൈവം മറുപടി നൽകി, “എനിക്കു എപ്പോഴും ലോകത്തിൽ വരുവാനും, സകലരുടെയും സംങ്കടങ്ങൾ
കേൾക്കുവാനും, തീർക്കുവാനും കഴിയാത്തതിനാലാണ് ഞാൻ എന്റെ
പ്രതിഫലനമായി നിങ്ങൾക്ക് ഈ സൃഷ്ടി നടത്തിയത്. എന്റെ ഒരു പ്രതിരൂപമാണ് ഈ ജന്മം. എന്നു വെച്ചാൽ
എന്റെ പ്രതിഫലനം! എന്റെ പേരു നിങ്ങൾ ഈ കണ്ണാടിയിൽ എഴുതു. ഇനി പ്രതിഫലനം എന്താണെന്ന്
വായിക്കു. ഇപ്പോൾ മനസ്സിലായോ എന്താണ് ഈ ജന്മത്തിനു ഉതകിയ പേരെന്ന്?”
ഇത്രയും പറഞ്ഞു, ദൈവം മറഞ്ഞു!
ആദവും ഔവയും അവരുടെ തോഴനെ നോക്കി ആ പ്രതിഫലന നാമം അവന്റെ പേരായി ഉച്ചരിച്ചു. അങ്ങിനെ, ‘ജിഒഡി’ “GOD” എന്നതിന്റെ
പ്രതിഫലനമായി, ‘ഡിഒജി’, “DOG” ജനിച്ചു!
ദിവസങ്ങൾ കഴിഞ്ഞു, വർഷങ്ങൾ കൊഴിഞ്ഞു. ഭൂമിയിൽ ആദത്തിന്റേയും ഹവ്വയുടേയും
പരമ്പരാഗതർ എങ്ങിനെ കഴിയുന്നു എന്നറിയാൻ ദൈവം ഒരു മാലാഖയെ ലോകത്തേക്കയച്ചു. മാലാഖ
ലോകം കണ്ട് തിരിച്ചു ചെന്നു. ദൈവം മാലാഖയോട് ലോകത്തിലെ വിശേഷങ്ങൾ ചോദിച്ചു.
മാലാഖ ഇപ്രകാരം മറുപടി പറഞ്ഞു, ദൈവമേ, “അങ്ങു മനുഷ്യർക്കു
നൽകിയ അങ്ങയുടെ പ്രതിഫലനത്തിൽ ഒരു വിഭാഗം മാത്രമെ അമഗ്നരായി കാണുന്നുള്ളുവെങ്കിലും
അങ്ങയുടെ പ്രതിഫലനത്തെ സ്നേഹിക്കുവാൻ മനം തുറന്നവരൊക്കെ അതീവസന്തുഷ്ടരായി
കഴിയുന്നു. മക്കളേക്കാൾ അവർ ‘ഡിഒജി’-യെ സ്നേഹിക്കുന്നു. അളവില്ലാത്ത സ്നേഹം അവനിൽ നിന്നും അവരറിയുന്നു, എന്നാൽ
അതിനോടൊപ്പം തന്നെ അവൻ അവർക്കു നഷ്ടമാവുമ്പോൾ വേർപാടിന്റെ അസഹനീയ അവസ്ഥയും അവരെ
ഏറെ വിഷമത്തിൽ ആഴ്ത്തുന്നു. ആ വിഷമം കാണാൻ കഴിയാതെ ഞാൻ തിരികെ പോന്നു ദൈവമെ”
മാലാഖയുടെ മറുപടിയിൽ ദൈവം എന്തൊക്കെയോ ഓർത്തു പോയപോലെ ഒരു ചെറുചിരിയിൽ എല്ലാം
അടക്കി. എന്നിട്ട് മാലാഖയോട് ഈ വിധം പറഞ്ഞു. “അതെ, ഞാനാ സൃഷ്ടിയെ
സ്നേഹിക്കുവാനും, അനുസരിക്കുവാനും വേണ്ടിയാണ്
രൂപപ്പെടുത്തിയത്, കാരണം മനുഷ്യരിൽ ഇന്നു കാണുവാൻ വിരളമായ പല
നല്ല മൂല്യങ്ങളിൽ പ്രധാനപ്പെട്ടവ അതു തന്നെയായതു കൊണ്ട്. എന്നാൽ മനുഷ്യൻ എന്റെ ആ
സൃഷ്ടിയെ ഇത്രയധികം ഇഷ്ടപ്പെടുമെന്നോ തമ്മിള്ള വേർപെടൽ അവർക്കിടയിൽ പ്രത്യേകിച്ച്
എന്റെ സൃഷ്ടിക്ക് അസ്സഹനീയ ദുഖാവസ്ഥ ഉണ്ടാക്കുമെന്നോ ഞാൻ കണക്ക് കൂട്ടിയില്ല. അതു
വേണ്ട. എന്റെ ജന്മം വിഷമിക്കാൻ പാടില്ല. അതുകൊണ്ട് ഇന്നു മുതൽ എന്റെ സൃഷ്ടി
മരണമടയുമ്പോൾ അതിന്റെ ആത്മാവ് അവന്റെ യജമാനന്റെ ആത്മാവിനോട് തന്നെ അലിയട്ടെ. അവന്റെ
ആത്മാവ് തനിച്ചു ഇങ്ങോട്ട് വരണ്ട. അവരുടെ കൂട്ടായ്മയും പ്രയാണവും ശാശ്വതമായ
ഒന്നായി തീരട്ടെ.” ഇത്രയും അരുളിച്ചേതിട്ട് ദൈവം മാലാഖയോട് വിട പറഞ്ഞു.
എന്നാൽ നായ ഒരു മൃഗമാണ്. മനുഷ്യരിൽ നിന്നും
നീചത്വം കൽപ്പിച്ചിരിക്കുന്ന ജീവി. അതൊന്നു കൊണ്ട് തന്നെ നായ്ക്കൾക്ക്
ആത്മാവുണ്ടെങ്കിലും അത് മരണത്തിനപ്പുറം സാത്വികമല്ല. അതിനു സ്വയമായി
ശാശ്വതഭ്രമണമില്ല. മരണത്തെ മുന്നിൽ കണ്ട് തലനാരിഴയുടെ അകലത്തിൽ മരണത്തിൽ നിന്നും
രക്ഷപ്പെട്ട പലരും പറഞ്ഞതായി രേഖപ്പെടുത്തിട്ടുള്ളത് അവർ മുന്നിൽ കണ്ട
വെളിച്ചത്തിൽ ആദ്യത്തെ രൂപം തന്റെ മരിച്ച് പോയ വളർത്തുനായ തന്നെ സ്വീകരിക്കാൻ
നിൽക്കുന്നതായിട്ടായിരുന്നു എന്ന്. തന്റെ യജമാനനിൽ അലിഞ്ഞിരിക്കുന്ന ആത്മാവ്
തിരികെ സ്വീകരിച്ച് യജമാനനോടൊപ്പം ശാശ്വതമായ മറ്റൊരു യാത്രക്ക് ഒരുങ്ങി
നിൽക്കുകയാവാം അവൻ!
മറ്റൊരു സവിശേഷത, വളർത്തുനായ്ക്കൾ ഒരിക്കലും നല്ലതല്ലാത്ത,
അല്ലെങ്കിൽ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ഓർമ്മകൾ നമുക്ക്
സമ്മാനിച്ചിട്ട് പോകുന്നില്ല എന്നതാണ് സത്യം. ഒന്നിച്ചു കഴിഞ്ഞ കാലത്തെ
ഓർമ്മകൾ എന്നും മധുരമുള്ളതായിരിക്കും. എത്രയോർത്താലും വിരാമമില്ലാത്ത പോലെ.
ദൈവം അങ്ങിനെയൊരു സൃഷ്ടിക്കൊരുങ്ങിയപ്പോൾ മറ്റുപലതും കണക്ക് കൂട്ടി
നിശ്ചയിച്ചിരുന്നതായി തോന്നി പോകുന്നു. കാരണം, ശാസ്ത്രീയപരമായി വിശകലനം ചെയ്താൽ,
മനുഷ്യനിൽ ക്രമപ്പെടുത്തിയ “ജീനുകൾ“ നല്ലൊരു പരിതിവരെ തന്റെ
പുതിയ സൃഷ്ടിയിലും അതേപടി ആവർത്തിച്ചിരുന്നു. കോമസോമുകളില്‍ വരിയായി നിലകൊള്ളുന്നതും സന്തതിയുടെ
ദൃശ്യസവിശേഷതകളില്‍ പ്രഭാവം ചെലുത്തുന്നതുമായി സങ്കല്‍പ്പിക്കപ്പെടുന്ന ഒരു കൂട്ടം
ഏകകങ്ങളാണല്ലോ ജീൻ! അതൊന്നുകൊണ്ടു തന്നെയാണ് വളർത്തുനായകളുടെ ശാരീരികശാസ്ത്രവും
പെരുമാറ്റരീതികളും മനുഷ്യനുമായി ഏറെ പൊരുത്തമുള്ളതായി നമുക്ക് അനുഭവപ്പെടുന്നത്.
ഇതൊരു ഊഹമല്ല, ശാസ്ത്രം പറയുന്ന ഒരു
സത്യം മാത്രം. മനുഷ്യന്റേയും നായ്ക്കളുടേയും
തലച്ചോറിന്റെ മദ്ധ്യഭാഗം വളരെയധികം സാമ്യമുള്ളതായി സ്ഥിതീകരിച്ചിട്ടുണ്ട്.
ആ മദ്ധ്യഭാഗമാണ് വികാരഭാവങ്ങളെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ്
മനുഷ്യനിലുണ്ടാവുന്ന വികാരഭാവങ്ങൾ ഈ സൃഷ്ടിക്ക് വളരെ വേഗം മനസ്സിലാവുന്നത്. നമ്മൾ
വിഷമിക്കുമ്പോൾ നമ്മിലെ വിഷമമകറ്റാൻ അതിനു കഴിയുന്നു. നമ്മുടെ കോപം
നിയന്ത്രിക്കുവാനും ശാന്തരാക്കുവാനും അതിനു പ്രത്യേക ഒരു കഴിവുണ്ട്. പലർക്കും
ഇതനുഭവമുണ്ടാവും. ഇത് നായ്ക്കൾക്ക് ആത്മാവ് (സോൾ) ഉണ്ടെന്നതിനും നിദാനമാണ്. നാം
പലപ്പോഴും അനുഭവിക്കുന്ന നമ്മുടെ ആന്തരീകശൂന്യത, അതറിഞ്ഞ്
അതില്ലാതാക്കാനുള്ള ഈ സൃഷ്ടിയുടെ പ്രത്യേക കഴിവ് അതനുഭവിച്ചവർക്കേ മനസ്സിലാവു
അതിന്റെ കുളുർമ്മ.
സാത്വികമനശാസ്ത്രപഠനങ്ങൾ മറ്റൊന്നു കൂടി
പറയുന്നു. വളർത്തുനായ്ക്കൾ തന്റെ യജമാനനെ സ്നേഹിക്കുന്ന അളവിൽ ലോകത്തിലെ മറ്റൊരു
ജീവിയും സ്നേഹം പ്രകടിപ്പിക്കുന്നില്ല. യജമാനനു വേണ്ടി സ്വയം മരിക്കാൻ
തയ്യാറാവുന്ന മറ്റൊരു ജീവി നായ്ക്കളെ വെല്ലാൻ ഇല്ല. അതുപോലെ വിശ്വാസമർപ്പിക്കാൻ
ഇത്രത്തോളം ഉതകിയ മറ്റൊരു ജീവി ഈ ലോകത്തില്ല എന്നതും സത്യം. പിഞ്ചു കുഞ്ഞുങ്ങളെ
അരുകിൽ കിടത്തി നമ്മൾ ആ മുറിവിട്ടാൽ,
ആ പ്രാണന്റെ സുരക്ഷ നമ്മൾ തിരിച്ചെത്തും വരെ ഈ സൃഷ്ടി കാത്ത് നിർവ്വഹിക്കുന്നത്
കണ്ടാൽ അൽഭുതപ്പെട്ടു പോകും.
എന്നിട്ടും, ശുനകവർഗ്ഗത്തെ എന്നും നമ്മൾ കാണുന്നതും ആ
പദപ്രയോഗം നടത്തുന്നതു (പട്ടി, നായ തുടങ്ങിയ പ്രയോഗങ്ങൾ)
നീചവർഗ്ഗത്തെ താരതമ്യപ്പെടുത്തിക്കൊണ്ടാണെന്നത് തീർത്തും ഒരു അതിശയോക്തി തന്നെ! അതുപോലെ
ഹിന്ദുമതവിശ്വാസത്തിലൂടെ കണ്ണോടിച്ചാൽ നമുക്ക് കാണാവുന്ന നിരവധി ഈശ്വരന്മാരുടെ
പട്ടികയിൽ ഒരാൾക്കും ശുനകൻ വാഹനമായി ഇല്ല എന്നതും കൌതുകം തന്നെ. ഈശ്വരന്റെ തന്നെ
പ്രതിഫലനമായതു കൊണ്ടാവാം ഒരു വാഹന്മാക്കി തരം താഴ്ത്താതിരുന്നത്!
“അങ്ങിനെയുമൊരു ജന്മം.”
മനുഷ്യരിൽ പലരും അറിയാതെ പോയ മഹത്തായ ഒരു
ജന്മം. മഹത്വമറിഞ്ഞവർക്ക് ഇവിടെ കുറിച്ച ഓരോ വരികളിലും ഉൾകൊണ്ടിരിക്കുന്ന സത്യം ഏറെ
മനസ്സിലാവും. ഈ അവസരത്തിൽ എന്റെ ഉറ്റ ചങ്ങാതിക്ക് തന്റെ ഉറ്റ തോഴനായ നായക്കുട്ടി
നഷ്ടപ്പെട്ട അവസരത്തിൽ, തന്റെ സ്വപ്നത്തിൽ
തന്നോട് മരിച്ചു പോയ വളർത്തുനായ കാതിൽ ഓതുന്ന രീതിയിൽ എഴുതിയ വരികൾ ഓർമ്മിച്ചു
പോവുകയാണ്.
വിട്ടു പോകേണ്ടി
വന്നെനിക്കെന്റെ ദേഹി
വിഷമം വേണ്ട, ഞാനാ പ്രാണനിലുണ്ടെന്നും
എനിക്കെന്നും
നൽകിയ സ്നേഹമുകുളങ്ങളായ്
അനർഘമായെത്ര
മുഹുർത്തങ്ങൾ പങ്കിട്ടു നാം
ഒന്നിച്ചുറങ്ങിയെണീറ്റ
ദിനയാത്രി സന്ധികൾ
ഓർമ്മകളയവിറക്കി
കാത്തിരിക്കും, ഞാൻ
വരും ജന്മത്തിൽ
വീണ്ടുമൊന്നിച്ചു പാർക്കാൻ
വന്നിടും, സാരഥിപോലുമറിയാതെയൊരു നാൾ
തട്ടി
വിളിച്ചിടും പടിവാതിലിലൂടെ മാസ്റ്ററെ
ഇടവേളയാമീ വിരഹസമയത്തോർത്തിടാം
ആദ്യമായ് നാം
കണ്ടുമുട്ടിയ നിമിഷങ്ങളും
മാറോടണച്ചെന്നെ
തലോടിയ ലാളനയും
കുട്ടിക്കാലത്തെയെന്റെ
കുഞ്ഞുവികൃതികളും
നാമൊന്നിച്ചു
പോയി രസിച്ച നാടുകളും
സാരഥി മടിയിൽ സുഖമായുറങ്ങിയതും
സന്ധ്യാസമയം സല്ലപിച്ചുലാത്തിയതും
കടൽക്കരെ
പൂഴിയിൽ എഴുതിയ വരികൾ
“ബ്രൂണോ എന്റെ മാത്ര”മെന്ന കുഴിവരകൾ
ഓർമ്മിക്കും
ഞാനിനി കാണും വരേയ്ക്കും
ശാന്തനായ് ഞാനുറങ്ങീടുമങ്ങുയരങ്ങളിൽ
എന്നോർമ്മകളുറങ്ങുമെൻ മാസ്റ്ററോടൊപ്പവും!
-ഹരി കോച്ചാട്ട്-