Friday, January 29, 2021

ഒഴിവാക്കും മുൻപേ ഒഴിഞ്ഞു മാറിയ ഓർമ്മകൾ...

 

ഓർമ്മകൾ... നമ്മുടെ ഓർമ്മകൾ ചാലിച്ച സുഖനിദ്ര ദിവാസ്വപ്നങ്ങൾ...ജീവിതത്തിൽ നമുക്കെന്നും ഒറ്റക്കിരുന്ന് ആലോചിച്ച് താലോലിക്കാൻ നമുക്കൊപ്പം തന്നയച്ച കളിപ്പാട്ടങ്ങൾ! പണ്ടെവിടെയോ വായിച്ച വരികൾ, ഒന്നുറപ്പാണ്, നാം ഒരിക്കലും ഏകരല്ല... ഒരിക്കലും. കാരണം നമ്മെ ചുറ്റിപ്പടർന്ന് നമുക്ക് നമ്മുടെ പഴയ ഓർമ്മകൾ എന്നും കൂട്ടിനുണ്ടാവും. എന്തോ ഒന്നോർത്തു പോയി, അതങ്ങിനെയായിരുന്നെങ്കിൽ ജീവിതം എത്ര സുഖാനുഭാവു ആയിരുന്നേനെ. പ്രത്യേകിച്ചു പലർക്കും അവരുടെ അവസാന നാളുകളിൽ! അതേ, അവസാനം ഒരു കൂട്ടിനായി ഒരുപിടി നല്ല ഓർമ്മകൾ തോൾസഞ്ചിയിൽ നിറക്കാൻ തുനിയാത്തവർ ഉണ്ടാവില്ല ഓരോ ജീവിതത്തിലും, അല്ലേ? തുറന്ന കണ്ണിൽ കാണുന്നതിനേക്കാൾ എത്രയോ വലുതാണ് കണ്ണടച്ചാൽ ഓർമ്മകൾ സമ്മാനിക്കുന്ന സ്വപ്നങ്ങൾ എന്ന സത്യം പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. പലരും നമ്മുടെ ഓർമ്മകളിൽ ഉണ്ടാവുമെങ്കിലും വളരെ ചിലർ മാത്രമെ നമ്മുടെ സ്വപ്നങ്ങളിൽ വിരുന്നുകാരാവാറുള്ളു. അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വപ്നത്തിലെ വിരുന്നുകാരായിരിക്കാം നമ്മുടെ ഹൃദയത്തിൽ ഒട്ടിച്ചേർന്നത്!

നമ്മൾ ഓർമ്മകളുടെ കൂടാരത്തിലേക്ക് കടന്നു ചെല്ലുകയാണോ പലപ്പോഴും, അതോ ഓർമ്മകൾ നമ്മുടെ നെഞ്ചകത്തേക്ക് കടന്നു വരുകയാണോ എന്ന് പലപ്പോഴും സംശയിപ്പിച്ചിട്ടുണ്ട്. എന്തോ, ഓർമ്മകൾ നമ്മുടെ നെഞ്ചിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്നതായാണ് അനുഭവങ്ങളിൽ ഏറേയും. കാരണം, അനുവാദം ചോദിച്ചിട്ട് ഓർമ്മകൾ നെഞ്ചിനുള്ളിൽ കടന്നു വരാൻ സാവകാശം കാട്ടിയിരുന്നെങ്കിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ നെഞ്ചിൽ ചവിട്ടി വേദനിപ്പിക്കാൻ നമ്മൾ അവസരമൊരുക്കില്ലായിരുന്നു എന്നതാവില്ലേ സത്യം?

അതുപോലെ, ഓർമ്മകളുടെ ഭാരവ്യത്യാസവും, മൃദുലതയും, മൂർഛയും. മധുരിക്കുന്ന ഓർമ്മകൾ പൂമ്പാറ്റയെ പോലെ, അല്ലെങ്കിൽ നറുതെന്നലിനെ പോലെ നമുക്കു ചുറ്റും തൊട്ടും തലോടിയും കുളിരുകോരിക്കുന്ന ഭാരം തോന്നിക്കാത്ത ഓർമ്മകളാണെങ്കിൽ, വേദനയിൽ നനഞ്ഞ ഓർമ്മകൾ ഭാരമേറിയതായും, മൂർഛയേറിയതായും ഹൃദയം ചൊല്ലാറുണ്ട്.

നമ്മുടെ മനസ്സിൽ ഓർമ്മകളുടെ തുടക്കം എന്നായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ജനനം മുതലുള്ള ഓർമ്മകൾ നമുക്കില്ല. പക്ഷെ പിഞ്ചുകുഞ്ഞുങ്ങളും സ്വപ്നങ്ങൾ കാണുന്നുണ്ടാവും. അവർ ഉറക്കത്തിൽ ചിരിക്കുന്നതും, കരഞ്ഞു കൊണ്ട് ഞെട്ടി ഉണരുന്നതും നാം കാണാറുണ്ട്. എന്നാൽ അത്രത്തോളം ചെറുപ്രായത്തിലെ ഓർമ്മകൾ നമുക്കില്ലതാനും. അപ്പോൾ അന്നു കണ്ടിരുന്ന സ്വപ്നങ്ങൾക്ക് ഓർമ്മകളുടെ നനവുണ്ടായിരുന്നോ എന്ന സംശയത്തിന് ഉത്തരം വ്യക്തമായി അറിയില്ല.

മുത്തശ്ശി പറയാറുണ്ട്, ഉണ്ണി ഉറക്കത്തിൽ ചിരിക്കുന്നതു കണ്ടില്ലേ. ഉണ്ണീടെ മുന്നിൽ ഈശ്വരൻ വരുമ്പോഴാ ഉണ്ണി ചിരിക്കണത്.എന്ന്.

കരഞ്ഞുകൊണ്ട് ഞെട്ടി ഉണരുന്ന ഉണ്ണിയെ വാരിയെടുക്കുമ്പോൾ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, എന്റുണ്ണീ ദു:സ്വപ്നം കണ്ടൂന്നാ തോന്നണേ

ഞാൻ ഓർക്കാറുണ്ട്, ഒന്നുമറിയാത്ത ഉണ്ണിക്ക് എങ്ങിനെ ഈശ്വരനെ കണ്ടാൽ തിരിച്ചറിയും? അതോ ഉണ്ണീ കാണുന്ന ഈശ്വരനാണോ ശരിയായ ഈശ്വരൻ? ഉണ്ണിക്കറിയുമോ നല്ലതും ചീത്തയുമായ സ്വപ്നങ്ങളുടെ വ്യത്യാസങ്ങൾ? സ്വപ്നങ്ങൾ ആയിരിക്കാം ഉണ്ണിയുടെ ആദ്യ ഗുരു, അല്ലേ?

അതുപോലെ ചിന്തിച്ചിട്ടുണ്ടോ, ജീവിതത്തിലെ ഓർമ്മയിൽ നിൽക്കുന്ന ആദ്യത്തെ ഓർമ്മ! രണ്ടു വയസ്സിലുള്ള സംഭവങ്ങൾ ഓർമ്മയിൽ നിൽക്കുന്നുണ്ടെങ്കിൽ അത് അതിശയം തന്നെയാണ്. എന്നാൽ മൂന്നു വയസ്സിനോടടുത്ത് സംഭവിച്ച ഏതെങ്കിലും നുറുങ്ങുകൾ ഓർമ്മയിൽ പതിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ? ഒന്നാലോചിച്ചു നോക്കു! അത്തരം പിഞ്ചുപ്രായത്തിലെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ എന്തു സുഖമാണല്ലേ? ഓർമ്മകൾ തൊട്ടുണർത്തിയാൽ പലതും എഴുതാം. എന്നാൽ എഴുതിയ ഓർമ്മകളെ തൊട്ടുണർത്തിയിട്ടുണ്ടോ? ഉറക്കം നടിച്ചു കിടക്കുന്ന അത്തരമൊരു കുഞ്ഞോർമ്മ ഇതാ കേട്ടോളു.

തനിക്ക് മൂന്നു വയസ് പ്രായം. തന്റെ കുഞ്ഞനുജത്തിയുടെ ജനനം. ആശുപത്രിയിൽ പിറന്ന വാവയ്ക്ക് അമ്മ പുറം തിരിഞ്ഞു കിടന്ന് അമ്മിഞ്ഞ കൊടുക്കുന്ന അവസരം. കുഞ്ഞുവാവയെ കാണണമെന്നു വാശി പിടിച്ച തന്നെ ചേച്ചിയമ്മ ആശുപത്രിയിൽ കൊണ്ടു ചെന്ന സമയം. അമ്മയ്ക്കരികിൽ അമ്മയോട് ചേർന്നു കിടക്കാൻ, ചേച്ചിയമ്മയുടെ കണ്ണു വെട്ടിച്ച്, കട്ടിലിൽ വലിഞ്ഞു കയറി, പതിവു പോലെ അമ്മയെ തോണ്ടി വിളിച്ചപ്പോൾ തന്റെ കുഞ്ഞുക്കൈ ആദ്യമായി അമ്മ തട്ടിമാറ്റിയ നിമിഷം! ആദ്യമായാണ് അമ്മ അങ്ങിനെ തന്നോട് ചെയ്യുന്നത്. തനിക്കു മനസ്സിലായി, അമ്മ ഇന്നു മുതൽ തന്റെ മാത്രമല്ല. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ ദേഷ്യവും, വിഷമവും, ഒരു തരം വാശിയും തന്റെ മനസ്സിൽ ഉരുണ്ട് കൂടിയ നിമിഷങ്ങൾ! അതാണ് ഈ മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്ന ആദ്യത്തെ ഓർമ്മ!

ജനനം മുതലുള്ള ഓർമ്മകൾ നമുക്കൊപ്പമില്ലാത്തതിനാൽ നമുക്കൊന്നുറപ്പിക്കാം, ഓർമ്മകൾ നമുക്കൊപ്പം ജനിക്കുന്നില്ല! ശാസ്ത്രം പറയുമായിരിക്കും മെമ്മറിസെൽ വികസിച്ചു വന്നാലെ ഓർമ്മിക്കാൻ സാദ്ധിക്കുകയുള്ളു, അതാണാ കാലതാമസം. എന്നാൽ ഒരു ശാസ്ത്രജ്ഞനായ താൻ ഒരു മറുചോദ്യം ചോദിച്ചപ്പോൾ ശാസ്ത്രം ചിന്താനിമഗ്നയായതും മറക്കുന്നില്ല. ഇതായിരുന്നു ചോദ്യം. മരണത്തോടൊപ്പം മെമ്മറി സെല്ലുകൾക്കും മരണമുണ്ടെങ്കിൽ എന്തുകൊണ്ട് ഓർമ്മകൾക്ക് മരണമില്ല? വരും ജന്മത്തിൽ പിൻ ജന്മത്തെ പലതും പലരും ഓർക്കുന്നതെന്തേ? ആത്മാവിനോടൊപ്പം ഒരു പിടി ഓർമ്മകളും അനശ്വരപഥത്തിൽ വരും ജന്മത്തിലേക്ക് കൈമാറുന്നുണ്ടോ? അതോ മനുഷ്യന്റെ മെമ്മറി സെല്ലുകൾക്ക് അതീതമായി മറ്റെവിടെയെങ്കിലും നമ്മുടെ ഓർമ്മകൾ സൂക്ഷിക്കപ്പെടുന്നുണ്ടോ? പ്രപഞ്ചസത്യങ്ങളും, എന്നെന്നും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ വരാനിരിക്കുന്ന കഴിവുകളും നാമിനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഒരു ചൂണ്ടുപലകയാണോ ഇത്? വിവരസാങ്കേതികവിദ്യയുടെ ഉന്മനവും, ക്ലൌഡ് സ്റ്റോറേജ് സാങ്കേതികജനവും അതിജീവിച്ച ഈ ശാസ്ത്രയുഗത്തിൽ, നമ്മുടെ ഓർമ്മകൾ സുരക്ഷിതമായി ബാക്കപ്പ് എന്ന രീതിയിൽ ശേഖരിച്ചു വെയ്ക്കുവാൻ അധികം നാളുകൾ കാത്തിരിക്കേണ്ടതില്ലെന്ന് വിശ്വസിക്കാം അല്ലേ? കാരണം, അതു സാധിച്ചാൽ, മനുഷ്യരാശികൾക്ക് സ്വയമോർമ്മകൾ മരണത്തിനു മുൻപ് കൈവിട്ടതോർത്ത് കണ്ണീരൊഴുക്കേണ്ടുന്ന ദുർവിധിയുണ്ടാവില്ല. പ്രവർത്തനരഹിതമായ മെമ്മറി സെല്ലുകൾ പുനർജ്ജീവിപ്പിക്കാൻ അല്ലെങ്കിൽ മാറ്റിവെയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞാൽ ബാക്കപ്പ് ചെയ്ത് സൂക്ഷിച്ച ഓർമ്മകൾ വീണ്ടും മനസ്സിൽ പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ആരു കണ്ടു? ഇന്നലെയുടെ വെറും സങ്കല്പങ്ങളും, സിദ്ധാന്തങ്ങളും സ്വപ്നങ്ങളുമല്ലേ ഇന്നത്തെ യാഥാർത്ഥ്യങ്ങൾ? അങ്ങിനെ സംഭവിച്ചാൽ, അനന്തരഫലമോ? പറഞ്ഞറിയിക്കാൻ കഴിയുമോ?

അംനീഷ്യ, അൾസൈമേർസ് എന്നീ അസഹനീയ അവസ്ഥകളിൽ ജീവനാളം പടുതിരി കത്തി മരിച്ചു ജീവിക്കുന്ന മനുഷ്യ ജന്മങ്ങൾക്കതൊരു വരദാനമായിക്കൂടെന്നില്ലല്ലോ?

തന്റെ അമ്മയുടെ മേൽപ്പറഞ്ഞ അവസ്ഥയിലുള്ള പ്രാണന്റെ സ്ഥിതി ഓർത്തപ്പോൾ താനറിയുന്ന ശാസ്ത്രം ഇനിയുമെത്ര വളരുവാനുണ്ടെന്ന് ഓർത്തു പോയി! മറവിയുടെ നൊമ്പരം മനസ്സിനേയും തലച്ചോറിനേയും കാർന്നു തിന്നുമ്പോഴും ആ പ്രാണൻ നിർജീവമായി അസഹനീയ അവസ്ഥ. തുടക്കത്തിൽ ഓർമ്മയിൽ തിരിച്ചറിയുന്നവരിൽ നിന്നുമുള്ള തലോടലുകളും, ആശ്വാസ വാക്കുകളും ആ പ്രാണന് സാന്ത്വനങ്ങളായിരുന്നെങ്കിൽ, ഇന്നതിന്റെയൊക്കെ മറുപടിയായി കൈമലർത്തൽ മാത്രം! എന്തിന്, അമ്മേ എന്നുള്ള തന്റെ വിളി പോലും നിർവികാരിതയായി ഒരു നിശബ്ദതയിൽ മുങ്ങിയ തുറിച്ചു നോട്ടത്തിൽ അവസാനിപ്പിക്കേണ്ടി വരുന്ന അസഹനീയാവസ്ഥ! പരിസരബോധവും നിയന്ത്രണവും ആ പ്രാണന്റെ മറവിലെ ദശാംസങ്ങളായി മാറിയ ആ ദുരവസ്ഥ ഓർമ്മയുടെ വില മൌനമായി നമ്മോട് പറയുന്നു!

അൽഭുതപ്പെടുത്തിയിട്ടുണ്ട്, സ്വന്തം പേരും ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള ഓർമ്മ നഷ്ടപ്പെടുമ്പോഴും വർഷങ്ങൾ പഴക്കമുള്ള സംഗതികൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതും, അതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും!  മറവിയുടെ മരണം ഓർമ്മയുടെ തുടക്കമാകണേ എന്നു ആ അബോധമനസ്സിൽ ഇന്നും പ്രാർത്ഥനയുണ്ടാവാം. ഓർമ്മകളുടെ മരണമാണ് മറവി എന്ന സത്യം മനസ്സിലാക്കാൻ ഇന്നാ പ്രാണന് കഴിയുന്നില്ലല്ലോ!

ജ്യോതിഷത്തിൽ വിശ്വാസമുള്ള സ്വന്തക്കാർക്ക് ആ ജീവനാളത്തിന്റെ നീണ്ടു പോകുന്ന ജന്മരേഖ ഒരൽഭുതമാണ്. കാരണം, ജാതകമനുസരിച്ച് ജീവിതകാലം കഴിഞ്ഞിട്ട് വർഷങ്ങൾ പന്ത്രണ്ടായി! ജ്യോത്സ്യനെ വരുത്തി പ്രശ്നം വെയ്ക്കുകയും, ജാതകം നോക്കുകയും ചെയ്തുവത്രെ ഈ അടുത്ത കാലത്ത്. ജ്യോത്സ്യൻ കണ്ടെത്തിയ കാരണം വിചിത്രമായി തോന്നി. ഇങ്ങിനെ ജാതകശേഷവും ശരശയ്യയിൽ ജീവിതം നീണ്ടു പോകാൻ കാരണമായി കാണുന്നത്, ഈ ജന്മത്തെ കർമ്മദൂഷ്യമോ, കർമ്മഫലമോ അല്ല, മറിച്ച് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ബ്രാഹ്മണശാപഫലമാണ്!”

ഓർക്കുന്നു, അമ്മയെന്ന ആ മഹായുവതിയുടെ ഭൂതകാല ചരിത്രം. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ഡോക്രേറ്റ് നേടിയ യുവതി! അനേകരെ ഒരിക്കൽ അധികാര ചൂടോടെ ഭരിച്ചിരുന്ന ഉശിരെല്ലാം ഇന്നു ആ മാറാരോഗം കവർന്നു തിന്നിരിക്കുന്നു. ജീവിതം മാറി മറിഞ്ഞിരിക്കുന്നു. പലപ്പോഴും താനറിയാതെ ഒരു കുഞ്ഞുശാഠ്യക്കാരിയായി മാറും. ഓർമ്മകൾ പടിവാതിൽ കടന്നു വന്ന കാലത്തിനു മുൻപുള്ള ബാലികയിലേക്ക് അറിയാതെയുള്ള ഒരു പ്രയാണം. പലപ്പോഴും മറ്റുള്ളവർക്ക് ഒരു ജീവശവം കളിപ്പാട്ടമായി മാറുമ്പോൾ, ഒരു നിമിഷം അബദ്ധം മനസ്സിലാക്കി ആ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയുമ്പോൾ, ആ അറിവില്ലായ്മകളോട് മൌനഭാഷയിൽ ഓർമ്മിപ്പിക്കാൻ മറക്കാറില്ല.

പരിഹാസികളേ ഒന്നുമാത്രം മറക്കാതിരിക്കുക, ഈശ്വരകോപ വിധേയരാവരുതേ. ഒരിക്കൽ ഇതേ അവസ്ഥയിൽ എത്തിപ്പെട്ടാൽ നമുക്കും അനുഭവം മറ്റൊന്നാവില്ല”.

ഓർമ്മശക്തി നഷ്ടപ്പെടാൻ തുടങ്ങുമ്പോഴെ ഓർമ്മയുടെ വിലയറിയു! ഓർമ്മയുണ്ടെങ്കിൽ പോലും ജീവിതത്തിൽ പലപ്പോഴും പലരും സാഹചര്യങ്ങൾ അതിജീവിക്കാൻ വേണ്ടി മറന്നെന്ന് ഭാവിക്കുന്നത് കാണുമ്പോൾ ആളിക്കത്തുന്ന തീയേക്കാൾ പൊള്ളലേൽക്കാറുണ്ട് മനസ്സിന്, കാരണം അഭിനയിക്കുന്ന പലതും സത്യത്തിൽ അനുഭവപ്പെടുമ്പോൾ ഒന്നു മനസ്സിലാവും. അന്നു കെടാതിരിക്കാൻ അടുത്തു പിടിച്ച അതേ തീനാളമാണ് ഇന്ന് കൈകൾ പൊള്ളിച്ചതെന്ന സത്യം. കയ്പ്പുള്ള ഓർമ്മകളുടെ തീരത്തു നിന്നുള്ള ഒരു ഒളിച്ചോട്ടമാവരുത് മറവി എന്ന അഭിനയം.  നാം ജനിച്ച ശേഷം ജന്മം കൊണ്ട ഓർമ്മകളെ നമ്മൾ കൈ പിടിച്ചു കൊണ്ടു നടന്നിട്ടുണ്ട് ഒരിക്കൽ. ഇന്നലെകളിലേക്ക് ഒന്നു മടങ്ങിയാൽ നമുക്കത് മനസ്സിലാവും.  

എവിടെയോ വായിച്ചു ആരോ കുറിച്ചിട്ടത്, ദൈവം മനുഷ്യനു നൽകിയ ഏറ്റവും വലിയ കഴിവുകളിൽ ഒന്നാണ് മറവിയെന്ന്. ഓർക്കേണമെങ്കിൽ ആദ്യം മറക്കണ്ടേ? എന്ന്. അവരോടൊരു വാക്ക്, സ്വന്തം പേരു വരെ മറന്നു പോയി ജീവിക്കുന്ന മനുഷ്യാവസ്ഥ മറക്കരുത്. വീട്ടിലാണെങ്കിലും, സ്വയമറിയാതെ വീടുവിട്ടിറങ്ങി പോവാതിരിക്കാൻ വാതിലുകൾ ചങ്ങലപൂട്ടിട്ട് പൂട്ടേണ്ടി വരുന്ന അവസ്ഥ! കേട്ട സംഭവകഥകളിൽ ഒന്നായ ഹൃദയം ചോരുന്ന സംഭവം. സ്വയം അറിയാതെ, മറ്റാരും കാണാതെ വീടുവിട്ടിറങ്ങിയ ഒരച്ഛന് തിരികെ വീട്ടിൽ വരാൻ വഴി അറിയാതെ വന്ന അവസ്ഥയിൽ ഏതോ  പിച്ചക്കാരുടെ തലവൻ ആ സാധുവിനെ കൂട്ടത്തിലൊരുവനായി മാറ്റി.  മാസങ്ങൾക്ക് ശേഷം നാൽക്കവലയിൽ വെച്ച് സ്വന്തം മകന്റെ കാറിന്റെ വാതിൽ പാളിയിലൂടെ ഭിക്ഷ യാചിച്ച അച്ഛൻ!

ആത്മാവിന് ശരീരം വിട്ടു പോകാനും പറ്റുന്നില്ല, സ്വന്തമെന്ന് പറയാനുള്ളവർക്ക് വിട്ടു കൊടുക്കാനും പറ്റാത്ത അവസ്ഥ. ശാരീരിക വേദനകൾ അറിയുന്നുണ്ടോ, വിശപ്പും ദാഹവുമറിയുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കെല്ലാം ഒരേ ഒരു മറുപടി. പ്രതികാരം തോന്നിക്കുന്ന നോട്ടവും മൌനവും. ഓർമ്മ ഉദിക്കുന്നതിനു മുൻപുള്ള ചെറുപ്രായത്തിൽ, മേൽപ്പറഞ്ഞ അവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരുന്നു നമുക്കെന്നത് എത്രയോ സമാധാനം.

ആരംഭം തന്നെയാണ് അവസാനമെന്നതിനു ഇതിലപ്പുറം തെളിവു തരാൻ മറ്റൊരു രോഗത്തിനും കഴിയില്ല. ജീവൻ ഒരു മാറാപ്പായി മറവിയിൽ ചാഞ്ചാടുമ്പോൾ ഓർമ്മകൾ ഒരു കടംകഥയായി മുൻപിൽ കോമരം കുത്തുന്നു.

ജനിക്കുമ്പോൾ ജനിക്കാത്തതും, ജനിച്ച ശേഷം ജനിക്കുന്നതുമായ ഒരു വസ്തു? എന്ന കടംകഥ.

അത് മറ്റൊന്നുമല്ല, ഓർമ്മ തന്നെ!

പ്രാർത്ഥിക്കുന്നു, ഓർമ്മകളുടെ അകമ്പടിയോടെ മരണം വരിക്കാൻ കഴിയുമാറാകട്ടെ, അവരൊക്കെ നമ്മുടെ സ്വപ്നങ്ങളിൽ പുനർജ്ജനിക്കട്ടെ.

 

-ഹരി കോച്ചാട്ട്-