Wednesday, May 12, 2021

ഞാൻ കണ്ട മറ്റൊരു ലോകം

 ശൈത്യകാലത്തിന്റെ ആധിക്യം കുറഞ്ഞു വരുന്നു എന്നത് മുറ്റത്തെ ചെടികളിൽ ഉണരുന്ന നറുകതിരുകൾ ഓർമ്മപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മാസങ്ങൾ രണ്ട് മൂന്നായിക്കാണും ഉമ്മറത്തെ തുറന്ന പോർച്ചിൽ ഉള്ള ചാരുകസേരയിൽ ചെന്നിരുന്നിട്ട്. ശരീരം കോച്ചുന്ന ശിശിരം അതിന് വിഘ്നമായിരുന്നു ഈ വാരാന്ത്യം വരെ.  ഋതുമാറ്റത്തിന് സമയമാഗമനമായി. കാരണം, സൂര്യോദയത്തിൽ വീശിയ മാരുതനിൽ നിമഗ്നയായ  നേർമ്മയേറിയ ചൂട് വസന്തത്തിന്റെ ആഗമനം അറിയിക്കുന്നുണ്ടായിരുന്നു. ഉണങ്ങിയ ഇലകൾ എല്ലാം കൊഴിഞ്ഞ ശിഖിരങ്ങളിൽ വസന്തത്തിന്റെ ആഗമനമായി നാമ്പുകൾ സ്ഥാനം കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു. എന്നാൽ മഞ്ഞു കാലത്തും ഇലകൾ കൊഴിയാത്ത ചെടികളിലെ ഇലകൾ ഇപ്പോഴും വയസ്സറിയിച്ചു ചുരുളാൻ തുടങ്ങിയതും മേനോൻ ശ്രദ്ധിച്ചു.

കൈപ്പത്തികൾക്ക് ചൂടു നൽകിയ ആവി പറക്കുന്ന കാപ്പിക്കോപ്പയുമെടുത്ത് മേനോൻ മുൻപോർച്ചിലേക്ക് ഇറങ്ങി. ഉദിച്ചു വരുന്ന ആദിത്യകിരണങ്ങൾ മുറ്റത്തിന്റെ കമ്പളിയായിക്കിടക്കുന്ന പുൽത്തകടികളിൽ പറ്റിനിൽക്കുന്ന ജലകണങ്ങൾക്ക് ഇദ്രധനുസ്സിന്റെ നിറങ്ങളേകിയത് മേനോൻ ശ്രദ്ധിച്ചു. സൂര്യനുദിക്കാൻ കാത്തിരുന്ന മാതിരി കുരുവിക്കിളികൾ എങ്ങു നിന്നോ പറന്നു വന്നിരിക്കുന്നു. അല്ല, അവയും വസന്തകാലാഗമനത്തിന്റെ വാർത്തയുമായാണ് വന്നിരിക്കുന്നത്. ആദ്യകിളി വായിൽ ഒതുങ്ങുന്ന ചില്ലക്കമ്പുകളും പിന്നാംകിളി പുൽത്തുമ്പുകളും കൊണ്ടുള്ള വരവാണ്. ചുമരിനു മുകളിൽ ഒരു കോണിൽ കൂടു വെയ്ക്കാനുള്ള കൂട്ടുപ്രയത്നം തുടങ്ങിയിരിക്കുന്നു. ചേക്കേറി മുട്ടയിടാൻ! പോർച്ചിൽ കൂടുകെട്ടി വരവിലും പോക്കിലും കാഷ്ടമിട്ട് നിലം വൃത്തികേടാക്കുമെങ്കിലും ആ മിണ്ടാപ്രാണികളെ ഓടിച്ചു വിടാൻ ഒരു വിഷമം. കൂടും കുടിയുമില്ലാത്ത ജനകോടികളുടെ ദയനീയ മുഖമാണ് ആ സമയം ഓർമ്മയിൽ വരുക. ഒന്നാനാം കൊമ്പിൽ ചേക്കേറി അന്തിയുറക്കത്തിനു വരുന്ന ആ കുരുവികൾ. മുട്ടയിട്ട് അച്ഛനും അമ്മയും മാറിമാറി ചൂടുനൽകി വിരിച്ചെടുക്കുന്ന കുരുവിക്കുഞ്ഞുങ്ങൾ! അവയുടെ ചേഷ്ടകളും സംഭാഷണങ്ങളും കേട്ടിരുന്നാൽ സമയം പോവുന്നതറിയില്ല. കുരുവികൾ കാഷ്ടമിട്ട് വൃത്തികേടാക്കുന്ന മുൻവാതിൽ പടികളെ നോക്കി എന്നും മേനോന്റെ ഭാര്യ പിറുപിറുക്കുമെങ്കിലും കുഞ്ഞിക്കുരുവികളെ സഹധർമ്മിണിക്കും ഇഷ്ടമില്ലാതെയില്ല. വീടിന്റെ കിഴക്കു വശത്ത് കിളികൾ കൂടുവെയ്ക്കുന്നത് നല്ലതാണെന്ന് ആരോ പറഞ്ഞു ഭവതിയെ വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് രാവിലെ കളം വരയ്ക്കാൻ നങ്ങ്യാരുകുട്ടി വെള്ളമൊഴിച്ചു നട വൃത്തിയാക്കുന്നത് പോലെ എന്നും രാവിലെ കുരുവികൾ രാത്രിയുടെ യാമങ്ങളിൽ സമ്മാനിക്കുന്ന കാഷ്ടം വൃത്തിയാക്കുക ഒരു ദൈനം ദിന ചടങ്ങായി മാറിയിരിക്കുന്നു.

മേനോനു മനുഷ്യജീവികളെപ്പോൽ ഇതരജീവികളിൽ പലതിനേയും വളരെ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ അവയെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും, അവയെക്കുറിച്ചുള്ള പഠനപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കുകയും, വിലയിരുത്തുകയും മേനോന്റെ നിത്യവൃത്തികൂടിയാണെന്ന് പറഞ്ഞാൽ തെറ്റുണ്ടാവില്ല.

മേനോൻ ചൂടുകാപ്പിയുമായി ചാരുകസേരയിൽ ഇരുന്നു. കോപ്പയിൽ നിന്നും ഒരു വട്ടം കാപ്പി മോന്തിയിട്ട് കോപ്പ താഴെ വെയ്ച്ചിട്ട് ചരിഞ്ഞിരിരുന്നു. അപ്പോഴാണ് കഴിഞ്ഞ ഒരാഴ്ചയായി വളരെ ശ്രദ്ധയോടേയും കൌതുകത്തോടേയും വായിച്ചുകൊണ്ടിരുന്ന പുസ്തകം തൊട്ടടുത്തുള്ള ടീപ്പോയിൽ ഇരിക്കുന്നത് കണ്ടത്. വായിച്ചു നിർത്തിയ ഏടെടുത്ത് മടിയിൽ വെയ്ച്ചു. ചൂടാറും മുൻപ് കോപ്പയിലുള്ള കാപ്പി ഊറിക്കുടിച്ചു കൊണ്ട് മേനോൻ പുസ്തകവായന ആരംഭിച്ചു. കാപ്പി കഴിഞ്ഞപ്പോൾ താഴേക്ക് നോക്കാതെ തന്നെ കോപ്പ നിലത്ത് വെയ്ച്ചു. വായനയിൽ അത്രമാത്രം മുഴുകിയിരുന്ന മേനോൻ പരിസരം മറന്നതും തന്റെ കൺപീലികൾ താനെ അടഞ്ഞതും അറിഞ്ഞില്ല.

ഒരു പുതിയ ഒരു ലോകത്തേക്ക് അബോധമനസ്സിന്റെ പ്രാണയാമത്തിൽ മേനോന്റെ ഇന്ദ്രീയങ്ങൾ കീഴടങ്ങി. അങ്ങ് ദൂരെ ഒരു കുന്നിനപ്പുറത്ത് വളരെ അവ്യക്തമായ ശബ്ദങ്ങൾ മേനോൻ കേൾക്കുന്നു! നടന്നടുക്കുന്തോറും ആ ആരവഘടോരം മേനോനെ കൂടുതൽ ജിജ്ഞാസുവാക്കിക്കൊണ്ടിരുന്നു. കുന്നുകൾ കയറിയിറങ്ങിയ മേനോൻ ക്ഷീണിതനായി. ഒന്നിരിക്കാം എന്നു കരുതി ഇരുന്നു. ആ ഇരുപ്പിൽ മേനോന്റെ മനക്കണ്ണടഞ്ഞ പോലെ!. ആരോ തട്ടി വിളിക്കുന്നതു പോലെ തോന്നിയിട്ടാണ് മേനോൻ സ്വപ്നലോകത്ത് ഉണർന്നത്.  മേനോൻ അറിയാതെ ഒന്നു ഞെട്ടി! താൻ എവിടെയാണ്? വളരെ വിചിത്രമായ മനുഷ്യജീവികളല്ലാത്ത ഒരു കൂട്ടം പരദേശികളായ വികൃതജീവികളുടെ നടുവിൽ!

കൊമ്പുപോലെ നിൽക്കുന്ന ആന്റിന പോലെയുള്ള ഒരവയവം ആ മുഖങ്ങളിൽ! ആ കൊമ്പൻ മീശകൾ മുഖത്തു കൊള്ളാതിരിക്കാൻ മേനോൻ തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു. മേനോനു വളരെ ദാഹം തോന്നിയതിനാൽ കുടിക്കുവാൻ വെള്ളം ചോദിച്ചു. ആ പരദേശികൾക്കുണ്ടോ മേനോൻ പറയുന്ന മലയാളം മനസ്സിലാകുന്നു! അവർ മേനോനെ നോക്കി എന്തൊക്കെയോ പറഞ്ഞു. കൈകൾ മലർത്തി കാണിക്കുകയും ചെയ്തു. അതു കണ്ടപ്പോൾ മേനോനു മനസ്സിലായി താൻ പറയുന്നതൊന്നും അവർക്ക് മനസ്സിലാവുന്നില്ലായെന്ന്. ഉപായത്തിൽ മേനോൻ, വെള്ളം വേണമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു. അതെന്തായാലും ഫലിച്ചു. അവർ മേനോനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് വരിവരിയായി നടക്കാൻ തുടങ്ങി. മേനോനു മനസ്സിലായി, അവർക്കൊപ്പം ചെല്ലാനാണു പറയുന്നതെന്ന്. മേനോൻ പതുക്കെ അവർക്കൊപ്പം നടന്നു. അൽപ്പമകലെ, ഇലക്കുമ്പിളുകളിൽ നിറച്ചു വെച്ചിരിക്കുന്ന ജലസംഭരണികൾക്ക് മുന്നിൽ ആ പരദേശികൾ നിന്നു. എന്നിട്ട് മേനോനോട് വെള്ളം കുടിച്ചു കൊള്ളാൻ പറഞ്ഞു. മേനോൻ ആ ഇലക്കുമ്പിളുകളിൽ തല താഴ്ത്തി ആവശ്യത്തിലേറെ വെള്ളം അകത്താക്കി.

 ഇനി എന്തെന്ന ഭാവത്തിൽ മേനോൻ കൈകൊണ്ടാംഗ്യം കാട്ടി. മേനോനോട് കിടക്കാൻ ആംഗ്യത്തിൽ കൂടി അവർ പറഞ്ഞു. അവർ എന്തൊക്കെയോ ഉപകരണങ്ങൾ കൊണ്ടു വന്നു. അക്കൂട്ടത്തിൽ ചിലർ മേനോന്റെ തലയിൽ അതിൽ പലതും പിടിപ്പിച്ചു. എന്തൊക്കെയോ നോക്കുന്നതും സംസാരിക്കുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ സാമഗ്രികളുമായി വന്നവർ കൊണ്ടു വന്ന സാമഗ്രികളുമായി തിരികെ പോയി. ഒരൽപ്പ സമയത്തിനു ശേഷം മറ്റൊരു കൂട്ടർ വന്നു. കൈയ്യിലുള്ള കടലാസുകൾ നിവർത്തി അതിൽ എഴുതിയിരിക്കുന്നത് മേനോനെ കാണിച്ചു. മേനോൻ അൽഭുതപ്പെട്ടു! അവരുടെ ഭാഷയിലല്ല. മറിച്ചു മലയാളത്തിൽ! മേനോൻ ആലോച്ചിച്ചുഇവർക്കെങ്ങിനെ മനസ്സിലായി താൻ പറയുന്ന ഭാഷ മലയാളമാണെന്ന്? തന്റെ തലയിൽ കൊണ്ടു വന്നു വെച്ച സാമഗ്രികൾ തച്ചോറിനുള്ളിലെ ഭാഷയും മനസ്സിലാക്കിയോ? അതോ അവരുടെ ഭാഷ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യാൻ ഇവരുടെ കൈവശം യന്ത്രങ്ങൾ വല്ലതുമുണ്ടോ? തനിക്കു ചുറ്റുമുള്ളത് ബുദ്ധിജീവികൾ തന്നെ! മേനോൻ മനസ്സിൽ കരുതി.

തീർന്നില്ല. എന്തോ ഒരു യന്ത്രം അവർ മേനോന്റെ തലയിൽ ഘടിപ്പിച്ചു. അൽഭുതം! അവർ പറയുന്നത് മേനോനു മനസ്സിലാവുന്നു! മേനോൻ വേഗം അവരുടെ ഭാഷ പഠിച്ചെടുത്തു. മലയാളം പഠിക്കാമെങ്കിൽ മറ്റേതു ഭാഷയും പഠിക്കാമെന്നല്ലെ പ്രമാണം. ഭാഷ പഠിച്ചു കഴിഞ്ഞ മേനോനെ അവർ അവരുടെ നാട്ടുവിശേഷങ്ങൾ കാണിക്കാൻ കൊണ്ടു പോയി. അവിടെ കണ്ട കാഴ്ചകൾ മേനോനെ അമ്പരപ്പിച്ചു.

ആദ്യം അവരുടെ ശാസ്ത്രപഠനകൌതുകാഗാരത്തിലേക്കായിരുന്നു യാത്ര. അവിടെ ആ പരദേശികളുടെ ജീവശാസ്ത്രം വളരെ വ്യക്തമായി എഴുത്തിലൂടേയും ചിത്രങ്ങളിലൂടേയും വിവരിച്ചിരിക്കുന്നു. അതിൽ ചിലത്, മേനോൻ ഈ വിധം കണ്ടു.

  • മേനോന് അവിടെ കണ്ട പരദേശികളിൽ 12,000 വിഭിന്ന വംശജരുണ്ടത്രെ.
  • അതിൽ ഒരോ ജീവിക്കും തന്റെ ദേഹഭാരത്തേക്കാൾ 20 മടങ്ങ് ഭാരം ഉയർത്താൻ കഴിയും.
  • അവരിൽ രാജവംശർ തുടങ്ങി ഭടന്മാർ, ഗണിതർ, ഭാടന്മാർ, പരിചാരജർ, അടിമകൾ തുടങ്ങിയ ജനകീയ വംശർ വരെ ഉണ്ടത്രെ!
  • രാജവംശത്തിലെ റാണിമാർ പലരും വളരെ വർഷങ്ങൾ ജീവിക്കുകയും ലക്ഷക്കണക്കിനു പൈതങ്ങളെ പിറന്നിടുകയും ചെയ്യുമത്രെ.
  • ജനകീയ വംശജർക്ക് ആയുസ് വളരെ കുറവാണ്. അതു കൊണ്ട് വംശം നില നിർത്താൻ റാണിമാർ പെറ്റു പെരുക്കാതെ മറ്റൊരു വഴിയുമില്ല.
  • കൂട്ടത്തിലെ റാണി മരിച്ചാൽ വളരെ കുറച്ചു നാൾ മാത്രമെ ആ വംശം നില നിൽക്കു.
  • റാണിമാർക്കും ആണുങ്ങൾക്കും ചിറകുകൾ ഉണ്ടാവുമത്രെ. എന്നാൽ മറ്റൊരു സമൂഹത്തിൽ കീഴടങ്ങേണ്ടി വന്നാൽ ആ ചിറകുകൾ അടർത്തി കളയണമത്രെ.
  • കീഴങ്ങിയാൽ അവർ അടിമകളാവും. പറക്കാൻ അവകാശമില്ല.
  • കൂട്ടത്തിലെ പണിക്കാർ സ്ത്രീകളാണത്രെ. സാധാരണ ആണുങ്ങളുടെ ഏക ജോലി റാണിയുമായി സംഭോഗിക്കുക, വംശത്തിന്റെ എണ്ണം കൂട്ടുക.
  • അവർക്കാർക്കും ചെവികൾ ഇല്ല! അവർ അവരുടെ കാല്പാദങ്ങളിൽ കൂടി മസ്തിഷ്കത്തിൽ എത്തുന്ന ചലനങ്ങൾ വഴിയാണ് പരിസരങ്ങൾ മനസ്സിലാക്കുന്നതും ശബ്ദങ്ങൾ തിരിച്ചറിയുന്നതും!
  • അവർ സാധാരണ പൊരുതാറില്ല. എന്നാൽ പൊരുതി തുടങ്ങിയാൽ ഇരുവരിലൊരാൾ മരിക്കും മുൻപ് കളത്തിൽ നിന്നും വിടവാങ്ങാൽ അനുവാദവുമില്ല.
  • അവർക്കു ശ്വാസകോശമെന്ന അവയവം ഇല്ല. അവരുടെ ശരീരത്തിലാകമാനം ഉള്ള വളരെ ചെറിയ സുഷിരങ്ങളിൽ കൂടിയാണു ശ്വസിക്കുന്നത്. അതേ സുഷിരങ്ങളിലൂടെ നിശ്വസിക്കുകയും ചെയ്യുന്നു.

മേനോൻ അധിക സമയം ആ വിവരണങ്ങൾ നോക്കി നിന്നുവെന്നു തോന്നുന്നു. ചുറ്റിനും നിന്നിരുന്ന ജീവികൾ മേനോനെ മുന്നോട്ട് നടക്കുവാൻ പ്രേരിപ്പിച്ചു. മേനോൻ അടുത്ത ഒരു ഗുഹയിൽ കൂടി അടുത്ത കലവറയിൽ എത്തി. അവിടെ കണ്ട പ്രദർശന കാഴ്ചയും വിവരണവും മേനോനെ അത്യധികം അൽഭുതപ്പെടുത്തി. തനിക്ക് ചുറ്റും നിൽക്കുന്ന അപരിചിത ജീവികളുടെ മസ്തിഷ്കസ്വഭാവങ്ങൾ അവർ മനുഷ്യന്റേതുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു! ആ ജീവികളുടെ മസ്തിഷ്കത്തിൽ 250,000-ൽ പരം ന്യുറോൺസ് ഉണ്ടത്രെ. എന്നാൽ മനുഷ്യനോ കോടിക്കണക്കിനാണ് കണക്കാക്കിയിരിക്കുന്നത്. ശരീരഘടനയും തലച്ചോറിന്റെ വലുപ്പവും ഒന്നിച്ചെടുത്താൽ അവർ മനുഷ്യജീവികൾക്ക് ഏറെ മുന്നിലാണ്. അവരിലും മനുഷ്യരെ പോലെ സന്തോഷവും സന്താപവും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ ഇടയിൽ ജീവഹാനി ആർക്കെങ്കിലും സംഭവിച്ചാൽ മനുഷ്യരെ പോലെ അവരും ദുഖിക്കുന്നു, മൃതദേഹം നാം ചെയ്യും പോലെ സംസ്കരിക്കുന്നു എന്നു കുറിക്കപ്പെട്ടിരുന്ന വിവരണങ്ങളിൽ നിന്നും മേനോൻ മനസ്സിലാക്കി.

തലച്ചോറിലെ സന്ധികൾ കുറവായതിനാലാണൊ എന്നറിയില്ല, ആ ജീവികളുടെ എല്ലാ തീരുമാനങ്ങളും കൂട്ടായ്മയോടെ ഒരു സമൂഹത്തിന്റെ തീരുമാനങ്ങൾ ആയിരിക്കുമത്രെ. എന്നുവെച്ചാൽ ഒരു സമൂഹം ഒന്നു ചേർന്നു ഒരു തലച്ചോറായി പ്രവർത്തിക്കും! മറ്റൊരു തരത്തിൽ പറഞ്ഞാൽ,  ഓരോ വ്യക്തിയുടെ തലച്ചോറും ഒരു സെൽ ആയിമാത്രമെ അവർ കണക്കാക്കുന്നുള്ളു. മനുഷ്യനു ഇവരുടെ ഈ പ്രക്രിയയിൽ  നിന്നും ഏറെ പഠിക്കാം. ഐക്യമത്യം മഹാബലം അതു തന്നെ എന്ന് മേനോൻ ഉള്ളിൽ പറഞ്ഞു.

അതുപോലെ മറ്റൊരു സവിശേഷമായി എടുത്ത് പറയേണ്ട കാര്യം, മനുഷ്യകുട്ടികൾക്ക് അതിന്റെ അമ്മയൂട്ടുന്ന മുലപ്പാലാണ് ആദ്യത്തെ ആഹാരമെങ്കിൽ ഇക്കൂട്ടരിൽ പിറന്നുവീണു സ്വയം ആഹാരം കഴിക്കാൻ സാധിക്കുന്നത് വരെ, ചെറുജീവികളെ ഊട്ടുന്നത് ഒരു തരം തേനാണ്.

ഇത്തരത്തിൽ പലേവിധം കൌതുകകരമായ വിശേഷങ്ങളും മേനോൻ നേരിൽ കണ്ടും വായിച്ചും മനസ്സിലാക്കി ആ യാത്രയിൽ! ഏത് പ്രതിസന്ധിയിലും അവസാന നിമിഷം വരെ പോരാടുന്ന പടയാളികൾ.  മേനോന്റെ കാഴ്ചപ്പാടിൽ, ഐക്യമത്യം മഹാബലം എന്നു തെളിയിച്ച ആദ്യസൃഷ്ടി. ഒരു കാര്യമേറ്റാൽ അത് നടത്താൻ ജീവൻ പോലും പണയപ്പെടുത്തുന്നവർ. സ്വാർത്ഥത എന്നൊന്നില്ല ആ ജീവികൾക്ക്.  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നടത്തുന്ന പരക്കം പാച്ചിലിൽ ഉറങ്ങാൻ പോലും മറക്കുന്നു ആ ജീവികൾ!

പെട്ടെന്നു ആരോ പുറകിൽ നിന്നും ഉന്തുന്ന ഒരു അനുഭവം മേനോനു അനുഭവപ്പെട്ടു! തന്റെ ശരീരം ആരോ പിടിച്ചു കുലുക്കുന്നത് പോലെ. മേനോൻ പെട്ടെന്ന് കണ്ണുകൾ തുറന്നു, മുകളിലേക്ക് നോക്കി. ദേ, നിൽക്കുന്നു തന്റെ ജീവിതത്തിലെ സഖാവ്! കണ്ണു തുറന്ന മേനോനെ നോക്കി മേനോന്റെ ഭാര്യ ഈ വിധം മൊഴിഞ്ഞു.

ദാ പ്പൊ ഇതാ ഭേഷായേ. രാവിലെ കാപ്പി കുടി കഴിഞ്ഞു പുസ്തകം വായിക്ക്യാന്നല്ലേ ഞാൻ കരുതീത്. രാവിലെ തന്നെ ഉറങ്ങായിരുന്നോ? ദേ വരാൻ പറഞ്ഞേൽപ്പിച്ച പണിക്കാരു അപ്പുറത്ത് വന്നു നിക്കണുണ്ട്.

അപ്പോൾ മാത്രമാണ് മേനോനു മനസ്സിലായത്, താൻ സ്വപ്ന ലോകത്തായിരുന്നു ഇത്രയും സമയം. എവിടെയൊക്കെ പോയി. വിചിത്രമായതെന്തൊക്കെ കണ്ടു? എവിടെയായിരുന്നു താൻ? സ്വപ്നം ഒന്നു കൂടി ഓർമ്മിക്കാൻ ശ്രമിച്ചു. മുഴുവനായിട്ട് തെളിഞ്ഞു വരുന്നില്ല. ഇനി ഓർമ്മ വരുമ്പോൾ ആവാം എന്നു കരുതി, താൻ താഴെ വച്ച കാപ്പിക്കോപ്പ എടുക്കാൻ കുനിഞ്ഞു. അപ്പോൾ മേനോൻ കണ്ടു ഒരു കാഴ്ച താഴെ!

വരിവരിയായി വരുകയാണ് മേനോൻ ഇരിക്കുന്ന കസേരക്കരികിലൂടെ! ആര്‌? മറ്റാരുമല്ല, ഉറുമ്പിൻ കൂട്ടങ്ങൾ! വരിവരിയായി. അവ നേരെ ചെന്നു കയറുന്നതോ മേനോന്റെ കാപ്പി കോപ്പയിൽ! അപ്പോഴാണ് മനസ്സിലൂടെ ഒരു മിന്നൽ പിണർ പോലെ ഒരു സത്യം മേനോനിലേക്ക് വന്നത്. താൻ കണ്ട സ്വപ്നം! അതു താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കങ്ങൾ ആയിരുന്നില്ലേ? പുസ്തകത്തിന്റെ പേർ, “പതിരില്ലാത്ത ഉറുമ്പു ലോകസത്യങ്ങൾ. അപ്പോൾ താൻ കണ്ട മറ്റൊരു ലോകം? അതു ഉറുമ്പുകളുടെ ലോകമായിരുന്നു എന്ന് മേനോൻ തിരിച്ചറിഞ്ഞു! അതെ ഉറുമ്പ് ലോകവും ഉറുമ്പു സത്യങ്ങളും!

 മേനോൻ ഒരു ഉറുമ്പ് പ്രേമിയാണ്. ഉറുമ്പുകളിൽ നിന്നും പല ഗുണ പാഠങ്ങളും പഠിക്കാമെന്നറിഞ്ഞു മേനോൻ ഉറുമ്പിനെ ഉപദ്രവിക്കാറില്ല. കാരണം, ഉറുമ്പിനോട് മേനോന് ഒരു ഭക്തി തന്നെയാണ് എന്നു വേണമെങ്കിൽ പറയാം. ചെറുജീവിയാണെങ്കിലും ബുദ്ധിരാക്ഷസന്മാർ! രാപകൽ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു ജീവി, അന്യരെ കഴിയുന്നത്ര സഹായിക്കുന്ന വലിയൊരു മനസ്സുള്ള കുഞ്ഞു ജീവി, കൂട്ടുകുടുംബം എന്തെന്നും അതിന്റെ മാഹാത്മ്യം എന്തെന്നും പഠിപ്പിക്കാൻ ഉറുമ്പിനെക്കാൾ ഭേതപ്പെട്ട മറ്റൊരു ജീവിയില്ല. ഉറുമ്പ് ഉറങ്ങുന്നതായിട്ട് ആരും രേഖപ്പെടുത്തിയതായി മേനോൻ കണ്ടിട്ടില്ല. തമ്മിൽ തമ്മിൽ കണ്ടാൽ ഉമ്മകൊടുക്കാതെ ഉറുമ്പുകൾ പിരിയാറില്ല. ഇനിയൊരിക്കൽ കാണുമോ എന്നു നിശ്ചയമില്ലാത്തതിനാലാവാം എന്നു മേനോൻ അത് കണ്ടപ്പോൾ കരുതിയിട്ടുണ്ട്.  അതുപോലെ, മേനോൻ പലരോടും പറയാറുള്ള മറ്റൊരു ചൊല്ലുണ്ട്, “ഈ ഉറുമ്പുകൾക്ക് ദൈവത്തോടുള്ള ഏകപ്രാർത്ഥന, ഇനിയും ആയുസ്സു കൂടേണമേ, മനുഷ്യന്റെ ചവിട്ട് കിട്ടല്ലേ എന്നായിരിക്കും എന്ന്. 

വലുപ്പത്തിൽ ഉറുമ്പ് ഒരു നറുമണിയാണെങ്കിലും ഒരുറുമ്പിനെപ്പോലെ ആവുകയെന്നത് ഒരു ആനക്കാര്യം തന്നെയെന്നതും മറ്റൊരു മേനോൻ മൊഴിയാണ്. ആ കുഞ്ഞുറുമ്പുകൾ നമുക്കെന്നും പാഠങ്ങൾ ആയിരിക്കും. കൂട്ടത്തിൽ ഒരുത്തൻ വീണാൽ കട്ടക്ക് കൂടി നിൽക്കാം. ഓർമ്മയിൽ തങ്ങുന്ന ഉറുമ്പു രാജ്യത്തെ നിയമം!  ആ ചെറിയ ചുവടുകൾ വിജയങ്ങളുടെ വലിയ പാഠങ്ങളായി നമുക്കു മാറ്റാം.                                                                

-ഹരി കോച്ചാട്ട്-   


Friday, January 29, 2021

ഒഴിവാക്കും മുൻപേ ഒഴിഞ്ഞു മാറിയ ഓർമ്മകൾ...

 

ഓർമ്മകൾ... നമ്മുടെ ഓർമ്മകൾ ചാലിച്ച സുഖനിദ്ര ദിവാസ്വപ്നങ്ങൾ...ജീവിതത്തിൽ നമുക്കെന്നും ഒറ്റക്കിരുന്ന് ആലോചിച്ച് താലോലിക്കാൻ നമുക്കൊപ്പം തന്നയച്ച കളിപ്പാട്ടങ്ങൾ! പണ്ടെവിടെയോ വായിച്ച വരികൾ, ഒന്നുറപ്പാണ്, നാം ഒരിക്കലും ഏകരല്ല... ഒരിക്കലും. കാരണം നമ്മെ ചുറ്റിപ്പടർന്ന് നമുക്ക് നമ്മുടെ പഴയ ഓർമ്മകൾ എന്നും കൂട്ടിനുണ്ടാവും. എന്തോ ഒന്നോർത്തു പോയി, അതങ്ങിനെയായിരുന്നെങ്കിൽ ജീവിതം എത്ര സുഖാനുഭാവു ആയിരുന്നേനെ. പ്രത്യേകിച്ചു പലർക്കും അവരുടെ അവസാന നാളുകളിൽ! അതേ, അവസാനം ഒരു കൂട്ടിനായി ഒരുപിടി നല്ല ഓർമ്മകൾ തോൾസഞ്ചിയിൽ നിറക്കാൻ തുനിയാത്തവർ ഉണ്ടാവില്ല ഓരോ ജീവിതത്തിലും, അല്ലേ? തുറന്ന കണ്ണിൽ കാണുന്നതിനേക്കാൾ എത്രയോ വലുതാണ് കണ്ണടച്ചാൽ ഓർമ്മകൾ സമ്മാനിക്കുന്ന സ്വപ്നങ്ങൾ എന്ന സത്യം പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. പലരും നമ്മുടെ ഓർമ്മകളിൽ ഉണ്ടാവുമെങ്കിലും വളരെ ചിലർ മാത്രമെ നമ്മുടെ സ്വപ്നങ്ങളിൽ വിരുന്നുകാരാവാറുള്ളു. അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വപ്നത്തിലെ വിരുന്നുകാരായിരിക്കാം നമ്മുടെ ഹൃദയത്തിൽ ഒട്ടിച്ചേർന്നത്!

നമ്മൾ ഓർമ്മകളുടെ കൂടാരത്തിലേക്ക് കടന്നു ചെല്ലുകയാണോ പലപ്പോഴും, അതോ ഓർമ്മകൾ നമ്മുടെ നെഞ്ചകത്തേക്ക് കടന്നു വരുകയാണോ എന്ന് പലപ്പോഴും സംശയിപ്പിച്ചിട്ടുണ്ട്. എന്തോ, ഓർമ്മകൾ നമ്മുടെ നെഞ്ചിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്നതായാണ് അനുഭവങ്ങളിൽ ഏറേയും. കാരണം, അനുവാദം ചോദിച്ചിട്ട് ഓർമ്മകൾ നെഞ്ചിനുള്ളിൽ കടന്നു വരാൻ സാവകാശം കാട്ടിയിരുന്നെങ്കിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ നെഞ്ചിൽ ചവിട്ടി വേദനിപ്പിക്കാൻ നമ്മൾ അവസരമൊരുക്കില്ലായിരുന്നു എന്നതാവില്ലേ സത്യം?

അതുപോലെ, ഓർമ്മകളുടെ ഭാരവ്യത്യാസവും, മൃദുലതയും, മൂർഛയും. മധുരിക്കുന്ന ഓർമ്മകൾ പൂമ്പാറ്റയെ പോലെ, അല്ലെങ്കിൽ നറുതെന്നലിനെ പോലെ നമുക്കു ചുറ്റും തൊട്ടും തലോടിയും കുളിരുകോരിക്കുന്ന ഭാരം തോന്നിക്കാത്ത ഓർമ്മകളാണെങ്കിൽ, വേദനയിൽ നനഞ്ഞ ഓർമ്മകൾ ഭാരമേറിയതായും, മൂർഛയേറിയതായും ഹൃദയം ചൊല്ലാറുണ്ട്.

നമ്മുടെ മനസ്സിൽ ഓർമ്മകളുടെ തുടക്കം എന്നായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ജനനം മുതലുള്ള ഓർമ്മകൾ നമുക്കില്ല. പക്ഷെ പിഞ്ചുകുഞ്ഞുങ്ങളും സ്വപ്നങ്ങൾ കാണുന്നുണ്ടാവും. അവർ ഉറക്കത്തിൽ ചിരിക്കുന്നതും, കരഞ്ഞു കൊണ്ട് ഞെട്ടി ഉണരുന്നതും നാം കാണാറുണ്ട്. എന്നാൽ അത്രത്തോളം ചെറുപ്രായത്തിലെ ഓർമ്മകൾ നമുക്കില്ലതാനും. അപ്പോൾ അന്നു കണ്ടിരുന്ന സ്വപ്നങ്ങൾക്ക് ഓർമ്മകളുടെ നനവുണ്ടായിരുന്നോ എന്ന സംശയത്തിന് ഉത്തരം വ്യക്തമായി അറിയില്ല.

മുത്തശ്ശി പറയാറുണ്ട്, ഉണ്ണി ഉറക്കത്തിൽ ചിരിക്കുന്നതു കണ്ടില്ലേ. ഉണ്ണീടെ മുന്നിൽ ഈശ്വരൻ വരുമ്പോഴാ ഉണ്ണി ചിരിക്കണത്.എന്ന്.

കരഞ്ഞുകൊണ്ട് ഞെട്ടി ഉണരുന്ന ഉണ്ണിയെ വാരിയെടുക്കുമ്പോൾ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, എന്റുണ്ണീ ദു:സ്വപ്നം കണ്ടൂന്നാ തോന്നണേ

ഞാൻ ഓർക്കാറുണ്ട്, ഒന്നുമറിയാത്ത ഉണ്ണിക്ക് എങ്ങിനെ ഈശ്വരനെ കണ്ടാൽ തിരിച്ചറിയും? അതോ ഉണ്ണീ കാണുന്ന ഈശ്വരനാണോ ശരിയായ ഈശ്വരൻ? ഉണ്ണിക്കറിയുമോ നല്ലതും ചീത്തയുമായ സ്വപ്നങ്ങളുടെ വ്യത്യാസങ്ങൾ? സ്വപ്നങ്ങൾ ആയിരിക്കാം ഉണ്ണിയുടെ ആദ്യ ഗുരു, അല്ലേ?

അതുപോലെ ചിന്തിച്ചിട്ടുണ്ടോ, ജീവിതത്തിലെ ഓർമ്മയിൽ നിൽക്കുന്ന ആദ്യത്തെ ഓർമ്മ! രണ്ടു വയസ്സിലുള്ള സംഭവങ്ങൾ ഓർമ്മയിൽ നിൽക്കുന്നുണ്ടെങ്കിൽ അത് അതിശയം തന്നെയാണ്. എന്നാൽ മൂന്നു വയസ്സിനോടടുത്ത് സംഭവിച്ച ഏതെങ്കിലും നുറുങ്ങുകൾ ഓർമ്മയിൽ പതിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ? ഒന്നാലോചിച്ചു നോക്കു! അത്തരം പിഞ്ചുപ്രായത്തിലെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ എന്തു സുഖമാണല്ലേ? ഓർമ്മകൾ തൊട്ടുണർത്തിയാൽ പലതും എഴുതാം. എന്നാൽ എഴുതിയ ഓർമ്മകളെ തൊട്ടുണർത്തിയിട്ടുണ്ടോ? ഉറക്കം നടിച്ചു കിടക്കുന്ന അത്തരമൊരു കുഞ്ഞോർമ്മ ഇതാ കേട്ടോളു.

തനിക്ക് മൂന്നു വയസ് പ്രായം. തന്റെ കുഞ്ഞനുജത്തിയുടെ ജനനം. ആശുപത്രിയിൽ പിറന്ന വാവയ്ക്ക് അമ്മ പുറം തിരിഞ്ഞു കിടന്ന് അമ്മിഞ്ഞ കൊടുക്കുന്ന അവസരം. കുഞ്ഞുവാവയെ കാണണമെന്നു വാശി പിടിച്ച തന്നെ ചേച്ചിയമ്മ ആശുപത്രിയിൽ കൊണ്ടു ചെന്ന സമയം. അമ്മയ്ക്കരികിൽ അമ്മയോട് ചേർന്നു കിടക്കാൻ, ചേച്ചിയമ്മയുടെ കണ്ണു വെട്ടിച്ച്, കട്ടിലിൽ വലിഞ്ഞു കയറി, പതിവു പോലെ അമ്മയെ തോണ്ടി വിളിച്ചപ്പോൾ തന്റെ കുഞ്ഞുക്കൈ ആദ്യമായി അമ്മ തട്ടിമാറ്റിയ നിമിഷം! ആദ്യമായാണ് അമ്മ അങ്ങിനെ തന്നോട് ചെയ്യുന്നത്. തനിക്കു മനസ്സിലായി, അമ്മ ഇന്നു മുതൽ തന്റെ മാത്രമല്ല. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ ദേഷ്യവും, വിഷമവും, ഒരു തരം വാശിയും തന്റെ മനസ്സിൽ ഉരുണ്ട് കൂടിയ നിമിഷങ്ങൾ! അതാണ് ഈ മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്ന ആദ്യത്തെ ഓർമ്മ!

ജനനം മുതലുള്ള ഓർമ്മകൾ നമുക്കൊപ്പമില്ലാത്തതിനാൽ നമുക്കൊന്നുറപ്പിക്കാം, ഓർമ്മകൾ നമുക്കൊപ്പം ജനിക്കുന്നില്ല! ശാസ്ത്രം പറയുമായിരിക്കും മെമ്മറിസെൽ വികസിച്ചു വന്നാലെ ഓർമ്മിക്കാൻ സാദ്ധിക്കുകയുള്ളു, അതാണാ കാലതാമസം. എന്നാൽ ഒരു ശാസ്ത്രജ്ഞനായ താൻ ഒരു മറുചോദ്യം ചോദിച്ചപ്പോൾ ശാസ്ത്രം ചിന്താനിമഗ്നയായതും മറക്കുന്നില്ല. ഇതായിരുന്നു ചോദ്യം. മരണത്തോടൊപ്പം മെമ്മറി സെല്ലുകൾക്കും മരണമുണ്ടെങ്കിൽ എന്തുകൊണ്ട് ഓർമ്മകൾക്ക് മരണമില്ല? വരും ജന്മത്തിൽ പിൻ ജന്മത്തെ പലതും പലരും ഓർക്കുന്നതെന്തേ? ആത്മാവിനോടൊപ്പം ഒരു പിടി ഓർമ്മകളും അനശ്വരപഥത്തിൽ വരും ജന്മത്തിലേക്ക് കൈമാറുന്നുണ്ടോ? അതോ മനുഷ്യന്റെ മെമ്മറി സെല്ലുകൾക്ക് അതീതമായി മറ്റെവിടെയെങ്കിലും നമ്മുടെ ഓർമ്മകൾ സൂക്ഷിക്കപ്പെടുന്നുണ്ടോ? പ്രപഞ്ചസത്യങ്ങളും, എന്നെന്നും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ വരാനിരിക്കുന്ന കഴിവുകളും നാമിനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഒരു ചൂണ്ടുപലകയാണോ ഇത്? വിവരസാങ്കേതികവിദ്യയുടെ ഉന്മനവും, ക്ലൌഡ് സ്റ്റോറേജ് സാങ്കേതികജനവും അതിജീവിച്ച ഈ ശാസ്ത്രയുഗത്തിൽ, നമ്മുടെ ഓർമ്മകൾ സുരക്ഷിതമായി ബാക്കപ്പ് എന്ന രീതിയിൽ ശേഖരിച്ചു വെയ്ക്കുവാൻ അധികം നാളുകൾ കാത്തിരിക്കേണ്ടതില്ലെന്ന് വിശ്വസിക്കാം അല്ലേ? കാരണം, അതു സാധിച്ചാൽ, മനുഷ്യരാശികൾക്ക് സ്വയമോർമ്മകൾ മരണത്തിനു മുൻപ് കൈവിട്ടതോർത്ത് കണ്ണീരൊഴുക്കേണ്ടുന്ന ദുർവിധിയുണ്ടാവില്ല. പ്രവർത്തനരഹിതമായ മെമ്മറി സെല്ലുകൾ പുനർജ്ജീവിപ്പിക്കാൻ അല്ലെങ്കിൽ മാറ്റിവെയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞാൽ ബാക്കപ്പ് ചെയ്ത് സൂക്ഷിച്ച ഓർമ്മകൾ വീണ്ടും മനസ്സിൽ പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ആരു കണ്ടു? ഇന്നലെയുടെ വെറും സങ്കല്പങ്ങളും, സിദ്ധാന്തങ്ങളും സ്വപ്നങ്ങളുമല്ലേ ഇന്നത്തെ യാഥാർത്ഥ്യങ്ങൾ? അങ്ങിനെ സംഭവിച്ചാൽ, അനന്തരഫലമോ? പറഞ്ഞറിയിക്കാൻ കഴിയുമോ?

അംനീഷ്യ, അൾസൈമേർസ് എന്നീ അസഹനീയ അവസ്ഥകളിൽ ജീവനാളം പടുതിരി കത്തി മരിച്ചു ജീവിക്കുന്ന മനുഷ്യ ജന്മങ്ങൾക്കതൊരു വരദാനമായിക്കൂടെന്നില്ലല്ലോ?

തന്റെ അമ്മയുടെ മേൽപ്പറഞ്ഞ അവസ്ഥയിലുള്ള പ്രാണന്റെ സ്ഥിതി ഓർത്തപ്പോൾ താനറിയുന്ന ശാസ്ത്രം ഇനിയുമെത്ര വളരുവാനുണ്ടെന്ന് ഓർത്തു പോയി! മറവിയുടെ നൊമ്പരം മനസ്സിനേയും തലച്ചോറിനേയും കാർന്നു തിന്നുമ്പോഴും ആ പ്രാണൻ നിർജീവമായി അസഹനീയ അവസ്ഥ. തുടക്കത്തിൽ ഓർമ്മയിൽ തിരിച്ചറിയുന്നവരിൽ നിന്നുമുള്ള തലോടലുകളും, ആശ്വാസ വാക്കുകളും ആ പ്രാണന് സാന്ത്വനങ്ങളായിരുന്നെങ്കിൽ, ഇന്നതിന്റെയൊക്കെ മറുപടിയായി കൈമലർത്തൽ മാത്രം! എന്തിന്, അമ്മേ എന്നുള്ള തന്റെ വിളി പോലും നിർവികാരിതയായി ഒരു നിശബ്ദതയിൽ മുങ്ങിയ തുറിച്ചു നോട്ടത്തിൽ അവസാനിപ്പിക്കേണ്ടി വരുന്ന അസഹനീയാവസ്ഥ! പരിസരബോധവും നിയന്ത്രണവും ആ പ്രാണന്റെ മറവിലെ ദശാംസങ്ങളായി മാറിയ ആ ദുരവസ്ഥ ഓർമ്മയുടെ വില മൌനമായി നമ്മോട് പറയുന്നു!

അൽഭുതപ്പെടുത്തിയിട്ടുണ്ട്, സ്വന്തം പേരും ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള ഓർമ്മ നഷ്ടപ്പെടുമ്പോഴും വർഷങ്ങൾ പഴക്കമുള്ള സംഗതികൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതും, അതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും!  മറവിയുടെ മരണം ഓർമ്മയുടെ തുടക്കമാകണേ എന്നു ആ അബോധമനസ്സിൽ ഇന്നും പ്രാർത്ഥനയുണ്ടാവാം. ഓർമ്മകളുടെ മരണമാണ് മറവി എന്ന സത്യം മനസ്സിലാക്കാൻ ഇന്നാ പ്രാണന് കഴിയുന്നില്ലല്ലോ!

ജ്യോതിഷത്തിൽ വിശ്വാസമുള്ള സ്വന്തക്കാർക്ക് ആ ജീവനാളത്തിന്റെ നീണ്ടു പോകുന്ന ജന്മരേഖ ഒരൽഭുതമാണ്. കാരണം, ജാതകമനുസരിച്ച് ജീവിതകാലം കഴിഞ്ഞിട്ട് വർഷങ്ങൾ പന്ത്രണ്ടായി! ജ്യോത്സ്യനെ വരുത്തി പ്രശ്നം വെയ്ക്കുകയും, ജാതകം നോക്കുകയും ചെയ്തുവത്രെ ഈ അടുത്ത കാലത്ത്. ജ്യോത്സ്യൻ കണ്ടെത്തിയ കാരണം വിചിത്രമായി തോന്നി. ഇങ്ങിനെ ജാതകശേഷവും ശരശയ്യയിൽ ജീവിതം നീണ്ടു പോകാൻ കാരണമായി കാണുന്നത്, ഈ ജന്മത്തെ കർമ്മദൂഷ്യമോ, കർമ്മഫലമോ അല്ല, മറിച്ച് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ബ്രാഹ്മണശാപഫലമാണ്!”

ഓർക്കുന്നു, അമ്മയെന്ന ആ മഹായുവതിയുടെ ഭൂതകാല ചരിത്രം. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ഡോക്രേറ്റ് നേടിയ യുവതി! അനേകരെ ഒരിക്കൽ അധികാര ചൂടോടെ ഭരിച്ചിരുന്ന ഉശിരെല്ലാം ഇന്നു ആ മാറാരോഗം കവർന്നു തിന്നിരിക്കുന്നു. ജീവിതം മാറി മറിഞ്ഞിരിക്കുന്നു. പലപ്പോഴും താനറിയാതെ ഒരു കുഞ്ഞുശാഠ്യക്കാരിയായി മാറും. ഓർമ്മകൾ പടിവാതിൽ കടന്നു വന്ന കാലത്തിനു മുൻപുള്ള ബാലികയിലേക്ക് അറിയാതെയുള്ള ഒരു പ്രയാണം. പലപ്പോഴും മറ്റുള്ളവർക്ക് ഒരു ജീവശവം കളിപ്പാട്ടമായി മാറുമ്പോൾ, ഒരു നിമിഷം അബദ്ധം മനസ്സിലാക്കി ആ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയുമ്പോൾ, ആ അറിവില്ലായ്മകളോട് മൌനഭാഷയിൽ ഓർമ്മിപ്പിക്കാൻ മറക്കാറില്ല.

പരിഹാസികളേ ഒന്നുമാത്രം മറക്കാതിരിക്കുക, ഈശ്വരകോപ വിധേയരാവരുതേ. ഒരിക്കൽ ഇതേ അവസ്ഥയിൽ എത്തിപ്പെട്ടാൽ നമുക്കും അനുഭവം മറ്റൊന്നാവില്ല”.

ഓർമ്മശക്തി നഷ്ടപ്പെടാൻ തുടങ്ങുമ്പോഴെ ഓർമ്മയുടെ വിലയറിയു! ഓർമ്മയുണ്ടെങ്കിൽ പോലും ജീവിതത്തിൽ പലപ്പോഴും പലരും സാഹചര്യങ്ങൾ അതിജീവിക്കാൻ വേണ്ടി മറന്നെന്ന് ഭാവിക്കുന്നത് കാണുമ്പോൾ ആളിക്കത്തുന്ന തീയേക്കാൾ പൊള്ളലേൽക്കാറുണ്ട് മനസ്സിന്, കാരണം അഭിനയിക്കുന്ന പലതും സത്യത്തിൽ അനുഭവപ്പെടുമ്പോൾ ഒന്നു മനസ്സിലാവും. അന്നു കെടാതിരിക്കാൻ അടുത്തു പിടിച്ച അതേ തീനാളമാണ് ഇന്ന് കൈകൾ പൊള്ളിച്ചതെന്ന സത്യം. കയ്പ്പുള്ള ഓർമ്മകളുടെ തീരത്തു നിന്നുള്ള ഒരു ഒളിച്ചോട്ടമാവരുത് മറവി എന്ന അഭിനയം.  നാം ജനിച്ച ശേഷം ജന്മം കൊണ്ട ഓർമ്മകളെ നമ്മൾ കൈ പിടിച്ചു കൊണ്ടു നടന്നിട്ടുണ്ട് ഒരിക്കൽ. ഇന്നലെകളിലേക്ക് ഒന്നു മടങ്ങിയാൽ നമുക്കത് മനസ്സിലാവും.  

എവിടെയോ വായിച്ചു ആരോ കുറിച്ചിട്ടത്, ദൈവം മനുഷ്യനു നൽകിയ ഏറ്റവും വലിയ കഴിവുകളിൽ ഒന്നാണ് മറവിയെന്ന്. ഓർക്കേണമെങ്കിൽ ആദ്യം മറക്കണ്ടേ? എന്ന്. അവരോടൊരു വാക്ക്, സ്വന്തം പേരു വരെ മറന്നു പോയി ജീവിക്കുന്ന മനുഷ്യാവസ്ഥ മറക്കരുത്. വീട്ടിലാണെങ്കിലും, സ്വയമറിയാതെ വീടുവിട്ടിറങ്ങി പോവാതിരിക്കാൻ വാതിലുകൾ ചങ്ങലപൂട്ടിട്ട് പൂട്ടേണ്ടി വരുന്ന അവസ്ഥ! കേട്ട സംഭവകഥകളിൽ ഒന്നായ ഹൃദയം ചോരുന്ന സംഭവം. സ്വയം അറിയാതെ, മറ്റാരും കാണാതെ വീടുവിട്ടിറങ്ങിയ ഒരച്ഛന് തിരികെ വീട്ടിൽ വരാൻ വഴി അറിയാതെ വന്ന അവസ്ഥയിൽ ഏതോ  പിച്ചക്കാരുടെ തലവൻ ആ സാധുവിനെ കൂട്ടത്തിലൊരുവനായി മാറ്റി.  മാസങ്ങൾക്ക് ശേഷം നാൽക്കവലയിൽ വെച്ച് സ്വന്തം മകന്റെ കാറിന്റെ വാതിൽ പാളിയിലൂടെ ഭിക്ഷ യാചിച്ച അച്ഛൻ!

ആത്മാവിന് ശരീരം വിട്ടു പോകാനും പറ്റുന്നില്ല, സ്വന്തമെന്ന് പറയാനുള്ളവർക്ക് വിട്ടു കൊടുക്കാനും പറ്റാത്ത അവസ്ഥ. ശാരീരിക വേദനകൾ അറിയുന്നുണ്ടോ, വിശപ്പും ദാഹവുമറിയുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കെല്ലാം ഒരേ ഒരു മറുപടി. പ്രതികാരം തോന്നിക്കുന്ന നോട്ടവും മൌനവും. ഓർമ്മ ഉദിക്കുന്നതിനു മുൻപുള്ള ചെറുപ്രായത്തിൽ, മേൽപ്പറഞ്ഞ അവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരുന്നു നമുക്കെന്നത് എത്രയോ സമാധാനം.

ആരംഭം തന്നെയാണ് അവസാനമെന്നതിനു ഇതിലപ്പുറം തെളിവു തരാൻ മറ്റൊരു രോഗത്തിനും കഴിയില്ല. ജീവൻ ഒരു മാറാപ്പായി മറവിയിൽ ചാഞ്ചാടുമ്പോൾ ഓർമ്മകൾ ഒരു കടംകഥയായി മുൻപിൽ കോമരം കുത്തുന്നു.

ജനിക്കുമ്പോൾ ജനിക്കാത്തതും, ജനിച്ച ശേഷം ജനിക്കുന്നതുമായ ഒരു വസ്തു? എന്ന കടംകഥ.

അത് മറ്റൊന്നുമല്ല, ഓർമ്മ തന്നെ!

പ്രാർത്ഥിക്കുന്നു, ഓർമ്മകളുടെ അകമ്പടിയോടെ മരണം വരിക്കാൻ കഴിയുമാറാകട്ടെ, അവരൊക്കെ നമ്മുടെ സ്വപ്നങ്ങളിൽ പുനർജ്ജനിക്കട്ടെ.

 

-ഹരി കോച്ചാട്ട്-

Friday, November 13, 2020

“എന്റെ അച്ഛൻ അറിയുവാനായ്..... സ്വന്തം ഉണ്ണി”

 ഇക്കഥ തുടങ്ങുന്നത് വിദേശത്ത് ഏതോ ഒരു രാജ്യത്ത്. വേനൽ കഴിഞ്ഞ് ശീതകാലത്തിന്റെ തുടക്കം. പ്രഭാത സമയം മഞ്ഞുതുള്ളികൾ കൊണ്ട് മുറ്റത്തെ പുൽമേടയെ മുത്തണിയിക്കാൻ വേണ്ടുന്നതിലേറെ നീരാവിയടങ്ങിയ അന്തരീക്ഷം. മേനോന്റെ മുഖഭാവം കണ്ടാൽ അറിയാം, അത്തരത്തിൽ മഞ്ഞുതുള്ളികൾ പുതച്ചു നിൽക്കുന്ന കാഴ്ച അത്ര ഇഷ്ടപ്പെട്ടിട്ടില്ലയെന്ന്. കാരണം, ശനിയാഴ്ചകൾ മുൻവശവും, പുറകുവശവും ഉള്ള പുല്ലുവെട്ടി പുൽമേടകൾ മോടി പിടിപ്പിക്കുക, പച്ച പരവതാനി പോലെ നീണ്ടു നിവർന്നു കിടക്കുന്ന ആ പുൽമേട കണ്ടാനന്ദിക്കുക എന്നത് മേനോനെ സംബന്ധിച്ചിടത്തോളം ഒരഭിനിവേശം തന്നെ ആയിരുന്നു എന്നു വേണം പറയാൻ. എന്നാൽ നനഞ്ഞു നിൽക്കുന്ന പുൽതകടിയിൽ പുൽവെട്ടൽ യന്ത്രം ശരിക്ക് പ്രവർത്തിക്കില്ല എന്നതായിരുന്നു അന്നത്തെ മ്ലാനതയ്ക്ക് കാരണം. അതിനാൽ ഉച്ചകഴിഞ്ഞിട്ടാകാം പുല്ല് വെട്ടൽ എന്നു തീരുമാനിച്ച മേനോൻ ടി.വി-ക്ക് മുന്നിൽ സ്ഥാപിതനായി. മേനോൻ കുട്ടി ചെറുപ്പമാണ്. വിവാഹിതനല്ല. താമസം ഒറ്റയ്ക്ക് ഒരു വിട്ടിൽ. നല്ല ജോലി. നല്ല ശംബളം. സ്വസ്ഥം. സുഖജീവിതം.

മേനോന് റിമോട്ട് കൈയിലെടുത്ത് ചാനലുകളുടെ പട്ടിക മറിച്ചു നോക്കികൊണ്ടിരിക്കവെ ഫോൺ അടിക്കുന്ന മണിമുഴക്കം കാതിലെത്തി. ഈ രാവിലെ തന്നെ ആരു വിളിക്കാൻ എന്നു കരുതി വളരെ അലക്ഷ്യഭാവത്തിൽ മറ്റെ കൈകൊണ്ട് ഫോൺ എടുത്ത് നോക്കി. ധൃതിയിൽ ഫോൺ കാതിൽ അമർത്തിവെച്ച് മേനോൻ ഇങ്ങിനെ ചോദിച്ചു, ഇതെന്താ രാവിലെ തന്നെ?

വിളിക്കുന്നത് ചന്ദ്രേട്ടനാണ്. അവിടുത്തെ സമൂഹത്തിന്റെ കാരണവരിൽ ഒരാൾ! ചന്ദ്രേട്ടന്റെ വിശ്വാസിയാണ് മേനോൻ അല്ലെങ്കിൽ ചന്ദ്രേട്ടന്റെ മേനോൻ കുട്ടി. ചന്ദ്രേട്ടൻ വെറുതെ വിളിക്കാറില്ല. വിളിച്ചാൽ എന്തെങ്കിലും കാര്യം കാണാതിരിക്കുകയും ഇല്ല. മേനോൻ ഫോണിൽ കൂടി, ഹലോ ചന്ദ്രേട്ടാ, എന്തേ രാവിലെ തന്നെ. പറഞ്ഞോളു

ചന്ദ്രേട്ടന്റെ ഗാംഭീര്യമേറിയ സ്വരം അടുത്തു നിൽക്കുന്നവർക്കു പോലും കേൾക്കാം, മേനോങ്കുട്ടി, വിശ്വം, (മകൻ) പോയിട്ട് രണ്ടാഴ്ചയായില്ലേ? ഇതാ ഇവിടെ അമ്മയ്ക്ക് മോനെ കാണാൻ ധൃതിയായിട്ട് ഇരിക്കപോറുതി മുട്ടിയ മട്ടാണ്. കോളേജും പരിസരവും എല്ലാം ഒന്നു കാണണമെന്ന പൂതി എനിക്കുമുണ്ട്. എന്നാൽ ഒരു യാത്രയാവാം എന്നു ഞാനും പറഞ്ഞു. നാളെ പോയി മോനെ കണ്ട് അവിടുന്നു തിരിച്ചു വരുമ്പോൾ ഹ്യൂസ്റ്റണിൽ നമ്മുടെ കണ്ണനേയും ലക്ഷ്മിയേയും കണ്ടു തിങ്കളാഴ്ച രാത്രിയാവുമ്പോഴേക്കും തിരിച്ചെത്തിയാലോ  എന്നു വിചാരിക്ക്യാ. പക്ഷെ, തിങ്കളാഴ്ച തന്നെ ഇവിടെ അടച്ചു തീർക്കേണ്ട ഒന്നുരണ്ട് കാര്യങ്ങളുണ്ടായിരുന്നു. തനിക്കു സമയം ഉണ്ടാവുമെങ്കിൽ ഒന്നിവിടം വരെ വന്നാൽ അതിന്റെ പേപ്പറുകളും പണോം തന്നേൽപ്പിക്കാമായിരുന്നു. ദേ ഏടത്തി അടുക്കളേന്ന് വിളിച്ചു കൂവുണിണ്ട്. തനിക്കു ഊണ് ഇവിടെ ആവാത്രെ. എന്ന്ച്ച് ഉച്ചയാക്കാൻ നിൽക്കണ്ടാ ഇങ്ങട് എഴുന്നുള്ളാൻ. നേർത്തെ വന്നാൽ നമ്മുക്ക് അതുമിതും പറഞ്ഞിരിക്ക്യാലോ

മേനോൻ ആലോചിക്കാൻ മിനക്കെട്ടില്ല. മറുപടിയേകി. അതിനെതാ വരാല്ലോ? ഒരു പത്ത് മണിയാവുമ്പോൾ അവിടെ എത്തിക്കൊള്ളാം, പോരേ. ഏടത്തീടെ ഊണു ആർക്കും നിരസിക്കാനാവില്ല. അത്രയ്ക്ക് രുചിയാണെന്ന് കൂട്ടിക്കൊള്ളു.

മേനോൻ തക്ക സമയത്ത് തന്നെ ചന്ദ്രേട്ടന്റെ വീട്ടിലെത്തി. അവർ രണ്ടുപേരും സ്വീകരണ മുറിയിലിരുന്നു സംസാരം തുടങ്ങി. അവർക്ക് സംസാരിക്കാൻ ഇന്നതെന്നില്ല. മെഡിക്കൽ ഫീൽഡും, രാഷ്ട്രീയലോകവും, കമ്പ്യൂട്ടർ ലോകവും , നാട്ടുകാര്യങ്ങളും എല്ലാം അവരുടെ സംസാരവിഷയങ്ങളിൽ ഇടകലർന്നിട്ടുണ്ടാവും. മറ്റാരെങ്കിലും വന്ന് ഇടപെടാതെ അവരുടെ സംഭാഷണം നിലക്കാറില്ല. ഇക്കുറി അതിനായി വന്നുപെട്ടത് ചന്ദ്രേട്ടന്റെ മകന്റെ (വിശ്വന്റെ) ഫോൺ വിളി തന്നെയാണ്. അമ്മയുടേയും അച്ഛന്റേയും വരവിനെ കുറിച്ചുള്ള വിശദവിവരം അറിയാനാവും വിളി. മേനോൻ കുട്ടി മനസ്സിൽ കരുതി.

ആ വീട്ടിലെ എല്ലാവർക്കും മേനോൻ കുട്ടിയെ ഇഷ്ടമാണ്. ഏതാവശ്യത്തിനും മേനോൻ കുട്ടി കഴിഞ്ഞിട്ടേ മറ്റാരുമുള്ളു അവർക്ക്. ചന്ദ്രേട്ടൻ മകനോട് പുതിയ സ്ഥലത്തെ കുറിച്ചും മെഡിക്കൽ കോളേജിനെ കുറിച്ചും പലതും ചോദിക്കുന്നതിനിടയിൽ ആ മേശപ്പുറത്ത് എന്തോ തിരയുന്നത് മേനോൻ ശ്രദ്ധിച്ചു.

ഫോൺ വിളി ഏറെ നീണ്ടില്ല. ഫോൺ താഴെ വെച്ചിട്ട് ഒരു കവറുമായി ചന്ദ്രേട്ടൻ വന്നു. ചന്ദ്രേട്ടൻ അകത്തേക്കു നോക്കി ഉച്ചത്തിൽ, ദേ മേനോൻ കുട്ടിക്ക് പതിവുള്ള കാപ്പി കിട്ടിയിട്ടില്ല ട്ടോ. ഒന്നു എനിക്കും ആയിക്കോട്ടെതിരിഞ്ഞു നോക്കിയിട്ട് ഒന്നു കൂടി നിവർന്നിരുന്നു. എന്നിട്ട് സംഭാഷണം തുടർന്നു.

മേനോൻ കുട്ടിയോട്, തന്നോട് ഇന്നിങ്ങോട്ട് വരാൻ പറയാൻ മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട്. വിശ്വൻ അവിടെ ചെന്നിട്ട് എനിക്ക് അയച്ച ഒരു കത്താണിത്. ഇക്കാലത്ത് കത്തയക്കലിന്റെ ആവശ്യം ഇല്ലല്ലോ? ഈമൈലും, ടെക്സ്റ്റും, ഫോണും കത്ത് എന്നൊന്നുണ്ടായിരുന്നതിനെ വിഴുങ്ങീല്ല്യേ?  പെട്ടെന്ന് അവന്റെ കത്തു കണ്ടപ്പോൾ ഒന്നു പേടിച്ചു. പേടിക്കണ്ട. താൻ കരുതന്നത് പോലെ പരിഭ്രമിക്കാൻ ഇതിനുള്ളിൽ ഒന്നും ഇല്ല. എന്നിരുന്നാലും ഞാനും അത്രയങ്ങോട്ട് ഇതുപോലൊരു കുറിപ്പ് പ്രതീക്ഷിച്ചില്ല എന്നു കരുതിക്കൊള്ളു. അതു കേട്ടപ്പോൾ മേനോൻ കുട്ടിയുടെ നെഞ്ചിടിപ്പ് കൂടിയതെ ഉള്ളു.

മേനോൻ തുടർന്നു, തനിക്കും ഇതിലുള്ള സംഗതികൾ ഭാവിയിൽ പ്രയോജനപ്പെടുത്താം ഒരു സന്തതിയൊക്കെ ആവുമ്പോൾ എന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കിത് തരാൻ തീരുമാനിച്ചത്. ഞാൻ സത്യത്തിൽ ഒരു പരീക്ഷണം നടത്തിയതാണ്. അത് വിജയിച്ചു എന്നതിൽ നിന്നും ഉറപ്പ് വന്നോണ്ട് ഇനി മറ്റൊരാളിലൂടെ പരീക്ഷിക്കാൻ പേടി തോന്നണില്ല്യ. മേനോൻ കുട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങി.

എന്റെ മക്കളെ സ്കൂളിൽ ചേർത്ത കാലത്ത് തന്നെ ഒരു കാര്യം ഞാനും ഏടത്തിയും നിശ്ചയിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും അവരുടെ മണിപ്പേർസ് നാണയത്തുട്ടുകൾ കൊണ്ട് നിറക്കില്ല. ആവശ്യത്തിനുള്ള ചിലവു പണം അതു മതി. ധനത്തിനു പകരം, കഴിയുന്നത്ര അവരുടെ മനസ്സു നിറയെ അനുഭവങ്ങൾ കൊണ്ടുള്ള പാഠങ്ങൾ കൊണ്ട് നിറയ്ക്കും എന്നതായിരുന്നു ഞങ്ങളെടുത്ത ശപഥം. കാരണം അനുഭവങ്ങളുടെ പാഠങ്ങൾ ആയിരിക്കും പക്വതയുള്ള ഒരു മനുഷ്യനെ വാർത്തെടുക്കുക എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു.

 അപ്പോഴേക്കും കാപ്പിയുമായി ഏടത്തിയെത്തി. രണ്ടുപേരും കാപ്പി കൈയ്യിൽ വാങ്ങി. ഏടത്തിയുടെ കുശലം, സുഖം തന്നെയല്ലേ കുട്ടിയ്ക്ക്? എന്താ രാവിലെ തന്നെ പൂരക്കൊട്ട് തുടങ്ങിയോ രണ്ടാളും കൂടി? ഊണാവാൻ ഇത്തിരി വൈകും ട്ടോ കാപ്പി കൊണ്ടുവന്ന തളികയുമായി ഏടത്തി തിരിച്ചു നടന്നു. ചന്ദ്രേട്ടൻ, കാപ്പിക്കപ്പ് കൈയ്യിൽ എടുത്ത് ഒരല്പം അകത്താക്കി കപ്പ് ടീപ്പോയിൽ വെച്ചിട്ട് മേനോൻ കുട്ടിയോട് തുടർന്നു.

ആ അപ്പൊ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്? ആ... അതന്നെ, പലപ്പോഴും പലതും അവർ ചോദിച്ചപ്പോൾ ഞാൻ വിലക്കിയിട്ടുണ്ട്. സമയമായില്ല, സമയമാവട്ടെ എന്ന എന്റെ വാക്കുകൾ മക്കൾക്ക് പുത്തരിയല്ല. അത് പോലെ ധൂർത്തായി തോന്നിയ പലതും ഞാൻ മേടിച്ചു കൊടുത്തിട്ടുമില്ല. അറിയാം, കുഞ്ഞുമനസ്സുകളെ വേദനിപ്പിച്ചിട്ടുണ്ടാവും, അച്ഛൻ ഒരു പിശൂക്കനാണെന്ന് വിധിയെഴുതിയിട്ടുമുണ്ടാവാം.

ഒരൽപ്പം കൂടി കാപ്പി ചന്ദ്രേട്ടൻ ഊറിക്കുടിച്ചു കൊണ്ട് തുടർന്നു.

വിശ്വനു ടെന്നീസിൽ ഉള്ള അഭിരുചി ഞങ്ങൾ അവന്റെ നന്നേ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു. അന്നൊക്കെ ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് പോകുമ്പോൾ അവനേയും ഒരു കാണിയായി കൊണ്ടു പോകുമായിരുന്നു. അതുപോലെ പല അവസരങ്ങളിലും പ്രാസംഗികവേദികളിലും, ചർച്ചാവേദികളിലും, അവതരണവേദികളിലും എനിക്കൊപ്പം വിശ്വവും സന്നിഹിതനായിരുന്നു. അതിനൊക്കെ അവനെ കൂടെ കൊണ്ടു പോകാൻ കാരണം, അനുഭവങ്ങൾ എപ്പോൾ ഏതു തരത്തിലാണ് വരുന്നതെന്നോ, ഉണ്ടാവുന്നതെന്നോ അറിയില്ലല്ലോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ അല്ലെങ്കിൽ അവൻ നിരീക്ഷിച്ചാൽ അതൊരു പാഠമായിക്കോട്ടെ എന്നു കരുതി. അത്തരത്തിൽ എന്നോടുള്ള സാമീപ്യങ്ങളിൽ നിന്നും അവൻ ചിലതെങ്കിലും പഠിക്കുമെന്നു ഞാൻ കരുതിയത് തെറ്റായില്ല എന്ന് ദേ ഈ കത്തിൽ നിന്നും വ്യക്തമാണ്. മേനോൻ ഇതു കൊണ്ടുപോയി വായിച്ചു സമയമുള്ളപ്പോൾ നോക്കിക്കൊള്ളു. ചിലവഴിക്കുന്ന സമയം വിഫലമാകില്ലെന്ന് ഉറപ്പ് തരുന്നു. വായിച്ചിട്ട് അടുത്ത പ്രാവശ്യം വരുമ്പോൾ കൊണ്ടു വന്നാൽ മതി. അപ്പോൾ അന്നു നമുക്ക് കൂടുതൽ വിശകലനം ചെയ്യാം ഇതിനെ കുറിച്ച്.

മേനോൻ കത്തു മേടിച്ചു പോക്കറ്റിൽ നിക്ഷേപിച്ചു. ഊണൊക്കെ കഴിഞ്ഞു മേനോൻ മടങ്ങി. മേനോൻ മനസ്സിരുത്തി തന്നെ അന്നേ ദിവസം ആ കത്തു വായിച്ചു.  ആ കത്തിൽ കുറിച്ചിരുന്ന കാര്യങ്ങൾ മേനോനെ വല്ലാതെ ആകർഷിച്ചു. അനുഭവങ്ങളിൽ കൂടി നേടിയ വിവേകം നിറഞ്ഞ അറിവിന്റെ ഉൾചുരുക്കം ഏവരും അറിയട്ടെ എന്ന് മേനോൻ കുട്ടി തീരുമാനിച്ചു.  വായനക്കാർക്കായി മേനോൻ ഈവിധം പകരുന്നു.

ഒരു മകൻ അച്ഛനെഴുതിയ കത്ത്.

അച്ഛാ, യാത്ര പറയുന്ന സമയത്ത് അച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒറ്റയ്ക്കാദ്യം പറഞ്ഞയക്കുന്നതിൽ വിഭ്രാന്തി ഉണ്ടായിരുന്നത് മനസ്സിലാക്കുന്നു. പരിഭ്രമിക്കണ്ട. ആദ്യമായാണ് വീട്ടിൽ നിന്നും അകന്ന് നിൽക്കുന്നതെങ്കിലും, എന്തോ ഇവിടെ വന്നിട്ട് ഒന്നിനും ഒരു പേടിയോ, പോരായ്മയോ തോന്നുന്നില്ല. എന്തിനു മുതിരുമ്പോഴും അച്ഛൻ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന പാഠങ്ങൾ തുണക്കായുള്ള ഒരു ധൈര്യം. അതെനിക്ക് വ്ഴികാട്ടിയായി എന്നോടൊപ്പമുണ്ടാവുമെന്ന വിശ്വാസം.  സമാധാനമായി ഇരുന്നോളു അച്ഛാ. പല അനുഭവങ്ങളിൽ കൂടി അച്ഛൻ എന്നെ പലപ്പോഴായി കൊണ്ടു പോയെങ്കിലും, അന്നൊക്കെ അതിനു എന്നെ നിർബ്ബന്ധിച്ചതിന്റെ രഹസ്യവും മൂല്യവും  ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് ഒറ്റയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ മുതലാണ് മനസ്സിലാക്കാൻ തുടങ്ങിയിരുന്നുന്നത്.  ഞാൻ ഇറങ്ങുമ്പോൾ അച്ഛനിൽ കണ്ട ആശങ്കയാണ് ഈ കത്തിലൂടെ ഞാൻ അറിഞ്ഞ അനുഭവമൂല്യങ്ങൾ എഴുതാൻ പ്രേരിപ്പിച്ചത്. നേരിൽ അച്ഛനോട് പറയുവാൻ എന്തോ ഒരു ധൈര്യമില്ലായ്മയോ നാണമോ എന്താണെന്നറിയില്ല. എഴുതാൻ ധൈര്യമൂണ്ടാവുമോ എന്നറിയില്ല. ശ്രമിക്കുന്നു. ധൈര്യത്തിനായി, ആദ്യം ആ  കാൽക്കൽ നമസ്കാരം.

എന്റെ ആദ്യ അനുഭവപാഠം ഇന്നും ഞാൻ ഓർക്കുന്നു. എന്റെ ചെറുപ്രായത്തിൽ കായികമത്സരങ്ങളിൽ തോറ്റാൽ എനിക്ക് സങ്കടം മനസ്സിലൊതുക്കാൻ കഴിയില്ലായിരുന്നു. ഒരു ജേതാവായി വാഴും മുൻപ് എങ്ങിനെ മാന്യമായി പരാജയങ്ങൾ സ്വീകരിക്കണമെന്ന് ഞാൻ കണ്ടു പഠിക്കുവാൻ വേണ്ടി എത്ര ടെന്നീസ് മത്സരങ്ങൾ കാണിക്കുവാൻ അച്ഛൻ സമയം കണ്ടെത്തിയിരുന്നു. വിജയത്തിന്റെ ആദ്യ പടികളായിരുന്നു അതെന്ന് അന്നു ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ അധികം വൈകാതെ തന്നെ, ജയങ്ങൾ കൊയ്തെടുക്കുന്നതിനു മുൻപു തോൽവി എന്തെന്നറിയണമെന്നും, എങ്ങിനെ അഭിമാനം കൈവിടാതെ തോൽവി സ്വീകരിക്കാമെന്നുമുള്ള അനിവാര്യ രഹസ്യം ഞാൻ മനസ്സിലാക്കി.  തോൽവിയോ ജയമോ അല്ല, മറിച്ച്  ആദ്യാവസാനം വരെയുള്ള കഠിന പരിശ്രമമാണ് വലുത് എന്നും അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ മത്സരങ്ങൾ എന്നെ പഠിപ്പിച്ചു. അങ്ങിനെയുള്ള അദ്ധ്വാനത്തിന്റെ വിയർപ്പിൽ തോൽവിയുടെ വേദന ഞാൻ മറക്കുക  മാത്രമല്ല, മറ്റൊന്നു കൂടി ഞാൻ മനസ്സിലാക്കി, പക്വത എന്തെന്ന്.  അതുപോലെ അച്ഛൻ കളിക്കളത്തിൽ പറഞ്ഞു പരിശീലിപ്പിക്കാറുള്ള  ഐ ഓൺ ദി ബാൾ പിന്നീട് ജീവിതത്തിൽ ഐ ഓൺ മൈ ഗോൾ എന്നതായി മാറ്റാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

അച്ഛൻ പ്രസംഗിക്കാറുള്ള വേദികളിൽ കാണികളുടെ കൂട്ടത്തിൽ ചിലവഴിച്ച സമയം ജീവിതത്തിലേക്ക് പകർത്തിയ പരിജ്ഞാനങ്ങൾ തത്വമസിയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

മലയാളിവേദികളിൽ പ്രഭാഷണത്തിന്റെ മുഖവുരവായി, അച്ഛൻ എന്നും തുടങ്ങിയിരുന്നത്, സ്നേഹം നിറഞ്ഞ മനസ്സുകളേ, സഹൃദയസദസ്സിന് വന്ദനം എന്നായിരുന്നു എന്നത് ഞാൻ ഇന്നും ഓർക്കുന്നു. ആ സംബോധന മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നതിനാൽ അതൊരിക്കലും മറക്കാൻ കഴിയുന്നില്ല. ആ ഒറ്റിട്ട വ്യത്യസ്തമായ അഭിസംബോധനയിൽ സദസു മുഴുവൻ സംസാരം നിർത്തി, തലയുയർത്തി, നിശബ്ദരാവുന്ന കാഴ്ച മറക്കില്ലച്ഛാ. ഒരിളം തെന്നൽ പോലെ ആ സംബോധന അവരുടെ മനസ്സിനെ ഉണർത്തിയിരിക്കണം. മനുഷ്യശരീരത്തെ തൊട്ടു വിളിക്കുന്നതിനേക്കാൾ എത്രയോ ശക്തമാണ് മനസ്സിനെ മാടി വിളിക്കുന്ന രീതിയിൽ വിളിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.

ഇന്നുമെന്റെ ഓർമ്മയിൽ നിൽക്കുന്ന മറ്റൊന്ന്. നമ്മൾ ഒരിക്കൽ സൈക്കിൾ സവാരിക്ക് പോയി തിരിച്ചു വരുന്ന ഉച്ചയോടടുത്ത ഒരു വേനൽക്കാലവധി സമയം. മലപ്രദേശത്തു കൂടി ഒരു ഭാണ്ഡവും പേറി, കാല് പൊള്ളാതിരിക്കാൻ ഇലകൾ വെച്ചുകെട്ടി നടന്നിരുന്ന ഒരു ഭിക്ഷുവിന്റെ അടുത്ത് അച്ഛൻ സൈക്കിൾ നിർത്തി, സ്വന്തം ഷൂസൂരിക്കൊടുത്ത സംഭവം. അന്നു ഞാൻ അച്ഛനോട് ചോദിച്ചു, എന്തിനാണു ഷൂസ് കൊടുത്തത്? പണം കൊടുത്താൽ പോരായിരുന്നോ എന്ന്.

അന്ന് അച്ഛൻ പറഞ്ഞ മറുപടി, പാദരക്ഷയില്ലാതെ കഷ്ടപ്പെടുന്ന ആ പാവത്തിന് ആ മലയോരത്ത് വെച്ച് പണം കൊടുത്താൽ ആ മനുഷ്യന്റെ കാലു പൊള്ളുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ? തക്കസമയത്ത് പ്രതിവിധിയായി കിട്ടേണ്ടതായിരിക്കണം തത്സമയത്ത് കൊടുക്കേണ്ടത്”.  അതു കൂടാതെ അച്ഛൻ ഒരു വസ്തുത കൂടി എന്റെ ഓർമ്മയിൽ പെടുത്തിയത് ഓർക്കുന്നു. വഴിയിൽ കാണുന്നവർക്ക് കാശു കൊടുത്താൽ അതിന്റെ പങ്കു വാങ്ങാൻ പലരും പുറകിൽ ഉണ്ടായിരിക്കാമെന്നും, ചിലപ്പോൾ ആ പണത്തിൽ ഒരു ചെറിയ അംശമേ ആ പാവത്തിന് കിട്ടുകയുള്ളു. കിട്ടേണ്ടവനു കിട്ടേണ്ടത് കിട്ടണം അച്ഛൻ പറഞ്ഞ ആ അവസാന വാക്കുകൾക്ക് രണ്ടർത്ഥമുണ്ടെന്നു ഇന്നു ഞാൻ മനസ്സിലാക്കുന്നു.

അതുപോലെ, എന്നും രാവിലെ അച്ഛൻ ഓഫീസിൽ പോകാനായി ഷൂസ് ഇടുന്ന സമയം പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം. അച്ഛൻ എന്നും ഷൂസ് ഇടുന്നതിന് മുൻപു സ്വന്തം കാലുകളിലേക്ക് നോക്കിയിരിക്കുന്നത് കണ്ട ഞാൻ അതിനു കാരണം ഒരുവട്ടം ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞ മറുപടി. അന്നത്തെ ദിവസം എത്ര പാദരക്ഷയില്ലാതെ അലയുന്നവരെ കാണേണ്ടി വരുമെന്നും അവരെ കണ്ടാൽ എങ്ങിനെ അവരെ സഹായിക്കണമെന്നും ആണ് അച്ഛൻ അച്ഛന്റെ നഗ്നപാദങ്ങൾ നോക്കി ഓർക്കാറുള്ളത്എന്നു പറഞ്ഞപ്പോൾ ആ ആ ഒരു വാക്യത്തിന്റേയും ഒരു മനസ്സിന്റേയും വലുപ്പത്തിന്റെ കണക്ക് അന്നെനിക്ക് എനിക്കപ്പുറമായിരുന്നു.

മറ്റൊരു ഉപദേശമായി എനിക്കന്നു നൽകിയ അനുഭവ വിഭവം പലപ്പോഴും ഞാൻ എന്റെ ജീവിതത്തിൽ രുചിച്ചിരുന്നു എന്നതും ഇതിലൂടെ ഞാൻ ഓർക്കുന്നു. നമ്മൾ മനസ്സറിഞ്ഞ് ആരെയെങ്കിലും സഹായിക്കുകയോ, ആർക്കെന്തെങ്കിലും കൊടുക്കുകയോ ചെയ്താൽ അത് പറയുന്നത് നമ്മുടെ മനസ്സിനോട് മാത്രമായിരിക്കണം, അല്ലാതെ പുറമെ കൊട്ടിഘോഷിക്കുകയല്ലാ വേണ്ടത് എന്ന്.  ചെയ്തത് ഒരു ചെറിയ ദാനമായിരുന്നാൽ പോലും ദാനത്തിന്റേയും, സ്വയം മനസ്സറിഞ്ഞ് ചെയ്യുന്ന പ്രവർത്തിയുടേയും കണക്ക് പറഞ്ഞാൽ ആ കർമ്മത്തിന്റെ പുണ്യം നശിക്കുമെന്ന് അച്ഛൻ എന്നെ ഓർമ്മപ്പെടുത്തിയിരുന്നു. കണക്ക് പറയാനും, മറ്റുള്ളവരുടെ മുൻപിൽ ചമയാനുമല്ലല്ലോ നമ്മൾ സ്വയമറിഞ്ഞ് സഹായിക്കുന്നത് എന്ന അച്ഛന്റെ തത്ത്വം എത്ര ശരിയാണെന്ന് എനിക്കു പല സന്ദർഭങ്ങളിലൂടെ മനസ്സിലായി. അങ്ങിനെ സ്വയമുദിക്കുന്ന സന്തോഷത്തിന്റെ പുണ്യം നമ്മളിൽ നിലനിൽക്കുവാൻ വേണ്ടി, എന്റെ ദാനത്തിന്റെ കണക്കുകൾ ഞാനന്നു മുതൽ എന്റെ മനസ്സിൽ മാത്രം കുറിക്കുവാൻ തുടങ്ങി. മനസ്സറിഞ്ഞു സ്വയം  സന്തോഷിക്കുവാനായി കൊടുക്കുന്നതാണ് ദാനം. എന്നു ഞാൻ പഠിച്ചു. പ്രശംസകൾക്ക് നന്ദി എന്ന ഒറ്റ വാക്ക് കൊണ്ട് തളയിട്ടു. അതിൽ നിന്നും ഒന്നു കൂടി ഞാൻ പഠിച്ചു. പ്രശംസകൾ  പൂമ്പാറ്റകളല്ല, മറിച്ച് തേൻ നിറഞ്ഞ പൂമൊട്ടുകളാണെന്ന്. തേടിയലഞ്ഞു പിടിച്ചെടുക്കേണ്ടതല്ല പ്രസംശകളും അംഗീകാരങ്ങളും. മറിച്ചു അർഹനാണെങ്കിൽ അവ നമ്മെ തേടി വരും സമയമാവുമ്പോൾ എന്ന ജ്ഞാനവും എനിക്ക് പകർന്ന അനുഭവസമ്പത്തിന്റെ അടിവരയായി ഉണ്ടായിരുന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.

രൂപത്തിലല്ല, ഭാവത്തിലാണ് നമ്മൾ ഈശ്വരനെ കാണുക എന്ന് പണ്ടൊരിക്കൽ അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. നമ്മൾ ആ പാദരക്ഷകൾ കൊടുത്തപ്പോൾ ആ പാവത്തിന്റെ മുഖത്തുദിച്ച സന്തോഷം, അതിന്റെ തേജസും, ആത്മനിർവൃതിയണഞ്ഞ സന്തോഷത്തോടുള്ള പുഞ്ചിരിയും അത് ഇന്നും എനിക്ക് മറക്കാനാവുന്നില്ല. അതെ, സാക്ഷാൽ ഈശ്വരൻ അന്നു ആ മുഖത്തിലൂടെ മിന്നിമറഞ്ഞിരിക്കാം. അച്ഛന്റെ വാക്യം, ജീവിതത്തിൽ താളം തെറ്റുന്ന നിമിഷങ്ങളിൽ, തളർന്ന് വീഴാൻ പോകവെ നമ്മെ താങ്ങി നിർത്തി തണലാകുന്നതെന്തോ, അതാണ് സാക്ഷാൽ ഈശ്വരൻ

വാരാന്ത്യങ്ങളിൽ നമ്മളൊരുമിച്ചു എന്റെ ടെന്നീസ് മത്സരങ്ങൾക്കായി വണ്ടിയോടിച്ച് പിന്നിട്ട പാതകൾ ഏറെയായിരുന്നു. ആ പാതകൾ താണ്ടിയപ്പോൾ നമ്മൾ ഒരുമിച്ചു പങ്കിട്ട സമയം. അന്നൊക്കെ എനിക്കത് വെറുമൊരു സമയവും, സംസാരവും മാത്രമായിരുന്നു. നമ്മുടെ വാതോരാതെയുള്ള സംഭാഷണങ്ങൾ അതന്നു അച്ഛനു ഉറക്കം വരാതെ വണ്ടിയോടിക്കാൻ വേണ്ടിയുള്ള ഒരു ഉപാധിയായെ ഞാൻ കണ്ടുള്ളു. എന്നാൽ  അതിലൂടെ എനിക്കു നൽകിയ അനുഭവങ്ങളുടെ പാഠങ്ങൾ, അതിന്റെയൊക്കെ വിലയും അതിലടങ്ങിയിരുന്നിരുന്ന ജ്ഞാനങ്ങളും കോടികൾക്കപ്പുറം വിലയുണ്ടെന്നു ഞാൻ ഇന്നു മനസ്സിലാക്കുന്നു.

ആ സുരഭില നിമിഷങ്ങൾ എനിക്കെന്റെ ജീവിതത്തിൽ ഇനി ഒരു മോഹം മാത്രമാണെന്നറിയാം. ആ വിഷമം മനസ്സിൽ തുളുമ്പുമ്പോൾ അച്ഛൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ഞാനോർക്കാം, ഉണ്ണി നിനക്കു നേടാൻ ഏറെയുണ്ട് ഈ ലോകത്തിൽ. അമാന്തമരുത്. നേടാൻ ഒരുപാടുള്ളപ്പോൾ, നഷ്ടങ്ങളെ കുറിച്ചോർത്ത് പിന്നോട്ട് നോക്കി വിഷമിക്കരുത്. പിന്നിട്ട പലതും വീണ്ടും തേടിയലഞ്ഞാൽ ഇഷ്ടത്തിന്റെ നഷ്ടമായും, വീണ്ടും കിട്ടിയാൽ തന്നെ അതൊരാവർത്തനമായും മാറും. അതുകൊണ്ട്, ഇനിയും വരാനിരിക്കുന്ന അല്ലെങ്കിൽ കാണാനിരിക്കുന്ന പുതുമയിൽ പ്രതീക്ഷകളുണർത്തണം. മനസ്സ് ഭാവിയിലൂടെയായിരിക്കണം വളരേണ്ടത്”.

പൊന്നിട്ട്, പൂമാലയണിഞ്ഞു, തിരികൊളുത്തി പൂജിക്കുവാനായി, ആ തിരിനാളത്തിൽ എന്റെ വരുംവഴി തിരിച്ചറിയാൻ, ആ പൂജ്യവാക്യങ്ങൾ തണലായെനിക്ക് മണ്ണിട്ട് മൂടും വരെ കൂട്ടിനുണ്ടാവും........തീർച്ച.

-ഹരി കോച്ചാട്ട്-