Friday, January 31, 2020

നെഞ്ചകത്തെ തേങ്ങലുകൾ

ഒരു പ്രവാസിയുടെ ജീവിതം എങ്ങിനെ തുടങ്ങണമെന്നോ അതെങ്ങിനെ രുചിക്കുമെന്നോ അറിയാതെ പരിഭ്രമത്തോടെ തുടങ്ങിയ ഒരു പ്രയാണം. വഴിയോരക്കാഴ്ചകളും, കയറ്റങ്ങളും ഇറക്കങ്ങളും ഇടകലർന്ന ജീവിതാനുഭവങ്ങളെല്ലാം ഇന്ന് പിന്മറഞ്ഞ കാലത്തിലെ ചുവരെഴുത്തുകളായി മാറിയെങ്കിലും ഓർമ്മയിൽ നിന്നും വിട്ടു നിൽക്കാത്ത ചില ചോദ്യഛിന്നങ്ങൾക്ക് മറുപടി തേടിയുള്ള മനസ്സിന്റെ കുതിപ്പ് പലപ്പോഴും നിശ്വാസങ്ങളിലാണ് അവസാനിക്കാറുള്ളത്. അത്തരമൊരു നിശ്വാസത്തിലേക്ക് ഇതാ ഞാൻ വീണ്ടും വഴുതി പോകുന്നു!

ഉപരിപഠനത്തിനായി കാലുകുത്തിയ വിദേശമണ്ണിന്റെ വ്യത്യസ്ത ഗന്ധവും, കണ്മുൻപിൽ നിറഞ്ഞൊഴുകിയ അപരിചിത സംസ്കാരവും, ലൌകീകസുഖലോലുപങ്ങളും മനസ്സിന്റെ വെറുപ്പുള്ള ഗന്ധമെന്തെന്ന് ആദ്യമായി മനസ്സിലാക്കി തന്നു. ചേരുമ്പടി ചേർക്കാതെ ചേരുന്നതിനെ മാത്രം ചേർക്കാനുള്ള പ്രാണന്റെ കഠിന ശ്രമം മനസ്സിന്റെ വിയർപ്പുഗന്ധമായി മുഖത്ത് തെളിഞ്ഞു. വിദേശത്ത് ആദ്യമായി ചെന്നു പെട്ടത് ഒരു വെള്ളിയാഴ്ചയായിരുന്നതിനാൽ വാരാന്ത്യം മുന്നിൽ കോമരം കുത്തി നിന്നു. ഒരുവിധത്തിൽ അതൊരു അനുഗ്രഹമായി എന്നു പറയാതെ വയ്യ.

കൂടെ താമസത്തിനായി തന്നെക്കാൾ മുൻപ് അവിടെ എത്തിച്ചേർന്ന രണ്ടു ചങ്ങാതിമാരുടെ കൂര അഭയമായി കിട്ടി. ഒരു ദിവസം മുഴുവൻ ഉറങ്ങി ക്ഷീണം മാറ്റി. ഞായറാഴ്ച രാവിലെ എണീറ്റപ്പോഴേക്കും ചങ്ങാതിമാർ പള്ളിയിൽ പോയിക്കഴിഞ്ഞിരുന്നു. അതറിഞ്ഞത് അവരെഴുതി മേശമേൽ വെച്ചിട്ട് പോയ കുറിപ്പിൽ നിന്നാണ്. ദിനചര്യകളെല്ലാം കഴിച്ച് ചങ്ങാതിമാർ ഫ്ലാസ്കിൽ ഇട്ടുവെച്ചിരുന്ന കാപ്പിയും മോന്തി പുറത്തേക്ക് നോക്കി. ഒന്നു പുറത്തിറങ്ങി നടക്കാൻ മനസ്സ് പറഞ്ഞപ്പോൾ പിന്നെ മടിച്ചില്ല.  കളസവും കയറ്റി നിരത്തിലൂടെ നടന്ന്  തൊട്ടടുത്തുള്ള കവലയിൽ എത്തി. എങ്ങോട്ട് പോകണമെന്ന് അറിയില്ല. നാലുപാടും നോക്കി. കുറച്ചകലെ ഒരു വലിയ ബോർഡ് കണ്ടു ചുറ്റുപാടും ഒരു ജനകൂട്ടവും. അങ്ങോട്ട് നടന്നു. 

ചെന്നെത്തിയത് ഒരു  ഗ്രോസറി സ്റ്റോറിന്റെ മുൻപിൽ. എന്നാൽ അകത്തുകയറി അവിടുത്തെ കച്ചവട രീതിയും വിവിധ സാധനങ്ങളും നോക്കി മനസ്സിലാക്കാം എന്ന് കരുതി. പല ഷെൽഫുകളും പരതി നടന്നു എന്തൊക്കെയാണ് അവിടെ കിട്ടുമെന്നു മനസ്സിലാക്കാൻ. അപ്പോഴാണ് കൂട്ടുകാർ പറഞ്ഞ ഫ്രോസൺ ഫുഡ്നെ കുറിച്ചു ഓർത്തത്. കാലടികൾ അങ്ങോട്ട് നീങ്ങി. ഷെൽഫിന്റെ വാതിൽ തുറന്ന് ഒന്നു രണ്ട് സാധനങ്ങൾ എടുത്ത്  നോക്കി. എങ്ങിനെ പാചകം ചെയ്യണമെന്ന് വരെ എല്ലാ പാക്കറ്റിന്റെ പുറത്തും കൃത്യമായ കുറിപ്പുണ്ട്. എന്നാൽ പിന്നെ അതൊക്കെ ഒന്നു വിസ്തരിച്ചു വായിച്ച് പഠിക്കാമെന്ന് കരുതി. 

ആ നില്പും, വായനയും, ക്ഷീണം തികച്ചും വിട്ട് മാറാത്ത മുഖഭാവവും ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാവും ഈ പ്രവാസി പുതിയ ഇറക്കുമതി ആയിരിക്കുമെന്ന്. അതുകൊണ്ടായിരിക്കാം, പുറകിൽ നിന്നും ഒരു മാടിവിളി കിട്ടിയത്, ഒപ്പം തന്നെ ചോദ്യവും. 

ഡു യു നീഡ് എനി ഹെല്പ്?

ഓർക്കാപ്പുറത്ത് കിട്ടിയ മാടിവിളിയും ചോദ്യവും, അതും സ്ത്രീ ശബ്ദത്തിലായത് കൊണ്ടാണോ, അറിയാതെ തിരിഞ്ഞ് ഉത്തരം പറഞ്ഞത് മലയാളത്തിൽ ആയിപ്പോയി.

വേണ്ട. ഒന്നും വേണ്ട പെട്ടെന്ന് അബദ്ധം മനസ്സിലാക്കി പറഞ്ഞു, സോറി.......

മറുപടി മുഴുവനാക്കാൻ സമ്മതിച്ചില്ല, വീണ്ടും ഇങ്ങോട്ട്, വേണ്ട, മലയാളത്തിൽ തന്നെ ആയിക്കോട്ടെ! ഞാനും ഒരു മലയാളി തന്നെയാ അനിയാ......അനിയന്റെ പേരെന്താ? എന്റെ പേരു സൂസി.

അങ്ങിനെ തുടങ്ങിയ സുഹൃത് ബന്ധം, ആഴമാർന്ന സ്വന്തം കുടുംബാഗംങ്ങളെ പോലെയുള്ള ഒരു ബന്ധം ആയി മാറുമെന്നോ, സൂസി തന്റെ സ്വന്തം മൂത്ത ചേച്ചിയായി സൂസിച്ചേച്ചിയായി മാറുമെന്നോ ഒരിക്കലും കരുതിയില്ല. അതെ അങ്ങിനെ ആകസ്മികമായി സൂസിച്ചേച്ചിയ്ക്ക് ഒരനുജനേയും കിട്ടി. സൂസിച്ചേച്ചി എന്നെ വിളിച്ചിരുന്നത് അനിയൻ കുട്ടി എന്നായിരുന്നു. സൂസിച്ചേച്ചി നെർസ് ആയി അവിടെ ജോലി നോക്കുന്നു. ചേച്ചിയുടെ അച്ചായൻ സ്വന്തമായി ബിസിനസ് നടത്തുന്നു. പെട്രോൾ പമ്പും, അതിനോടൊത്ത് നല്ല നിലയിൽ നടത്തി പോരുന്ന ഒരു ഫുഡ് മാർടും. അച്ചായന് കച്ചവടത്തിൽ നല്ല വിരുതായിരുന്നു. അതു കൊണ്ടു തന്നെ ദൂരവീക്ഷണത്തോടെ പുരോഗതിക്കനുസൃതമായ ഒരു സ്ഥലത്തായിരുന്നു കച്ചവടം തുടങ്ങിയിരുന്നത്. ഉദ്ദേശിച്ച പോലെ കച്ചവടം അടിക്കടി പുരോഗമിച്ചുകൊണ്ടിരുന്നു. അച്ചായൻ നേടിയ ലാഭം കൊണ്ട് തന്റെ ബിസിനസ് മറ്റൊരു മേഖലയിലേക്ക് വ്യാപിപ്പിക്കുകയാണ്. റിയൽ എസ്റ്റേറ്റ് കടന്നു പിടിക്കാൻ വട്ടം കൂട്ടി. അതിലും ചുരുങ്ങിയ കാലം കൊണ്ട് നേട്ടം അച്ചായനെ കടാക്ഷിച്ചു. അച്ചായനിൽ പരിഷ്കാരങ്ങളുടെ ലക്ഷണങ്ങൾ പതിവിലും കൂടുതലായി കാണാൻ തുടങ്ങി. അതു ജീവിതചര്യകളെ ക്രമേണ ബാധിക്കുന്നത് പുറമെ വ്യക്തമായി. എന്നാൽ സൂസിച്ചേച്ചിയ്ക്ക് ഒരു മാറ്റവും പിടിപെട്ടില്ല. ഭൂമിയോളം താഴ്മയുള്ള വിനയം. ആരേയും സഹായിക്കാനുള്ള മനസ്ഥിതി. സ്നേഹം പങ്കുവെയ്ക്കുന്നതിൽ അളവു നോക്കാത്ത പ്രകൃതം. ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം. പണത്തോട് ആർത്തിയില്ല. ആരോടും ഒരസൂയയും കാണിച്ചതായി ആർക്കും ഓർമ്മ പോലുമില്ല. അപശ്രുതി പറഞ്ഞു പരത്തുന്ന സ്വഭാവം തീരെയില്ല. ദൈവവിശ്വാസിയായിരുന്ന സൂസിച്ചേച്ചിയെ ഞായറാഴ്ച 9 മണിമുതൽ 12 മണി വരെ ഒന്നിനും കിട്ടില്ല. ആ സമയം ചേച്ചിയ്ക്കും ദൈവത്തിനും മാത്രമുള്ളതാണ്.  പള്ളിയിൽ പോയി തിരിച്ചു വീട്ടിൽ വന്നാൽ വീണ്ടും ഒരു മണിക്കൂർ മുറിയടച്ചു ഈശോയുമൊത്ത് കഴിയും. അതൊരിക്കലും മുടക്കിയിട്ടില്ല. ആ വാരാന്ത്യക്രമം കഴിയാതെ ജലപാനം പോലുമില്ല ചേച്ചിയ്ക്ക്. ആശുപത്രിയിൽ ഡ്യുട്ടിക്ക് പോകാത്ത സമയം അച്ചായനെ കച്ചവടത്തിൽ സഹായിക്കാൻ ഒരു വിഷമവും കാണിച്ചിരുന്നുമില്ല. മലയാളികുടുംബത്തിലെ സ്ത്രീകൾ എന്തിനും ആദ്യം സമീപിക്കുന്നത് സൂസിച്ചേച്ചിയെ ആയിരുന്നു. കാലക്രമേണ അനിയൻ കുട്ടിയും ആ മാതൃകാകുടുംബത്തിലെ ഒരംഗം പോലെ ആയി.

അനിയൻ കുട്ടിയുടെ പുതുജീവിതത്തിൽ ഒരു താങ്ങും തണലുമായി സൂസിച്ചേച്ചിയും അച്ചായനും. അനിയൻ കുട്ടി അവരെ സ്വന്തം ചേച്ചിയുടേയും ഏട്ടന്റേയും സ്ഥാനത്തു കണ്ട് സ്നേഹിച്ചു, ആദരിച്ചു. അനിയൻ കുട്ടിയെ അവർക്കും ഏറെ ഇഷ്ടമായി. സൂസിച്ചേച്ചിയുടെ പല സ്വഭാവങ്ങളും അവനിലും ഉണ്ടായിരുന്നു. അതായിരിക്കാം പെട്ടെന്ന് പൊരുത്തപ്പെട്ടത്. സൂസിച്ചേച്ചിയുടെ അച്ചായൻ പലപ്പോഴും പറയാറുണ്ട്, ചേച്ചിക്കൊത്ത അനിയനെന്ന്!  അനിയൻ കുട്ടി അവരുടെ വാരാന്ത്യങ്ങളിലെ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരംഗമായി മാറി. അതിനു മറ്റൊരു പ്രധാന കാരണം കൂടി ഉണ്ടായിരുന്നു. സൂസിച്ചേച്ചിയുടെ പിഞ്ചോമന മകളാണ് ഡയാന. ഡയാനയ്ക്ക് അനിയൻ കുട്ടിയെന്നു വെച്ചാൽ ജീവനാണ്. കൊച്ചാച്ച എന്നാണ് അവൾ അനിയൻ കുട്ടിയെ വിളിച്ചിരുന്നത്. വാരാന്ത്യത്തിൽ അനിയൻ കുട്ടിയുടെ പ്രധാന ജോലി ഡയാനയെ പഠിപ്പിക്കുക, അവളുമൊത്ത് കളിക്കുക, പിന്നെ ഞായറാഴ്ച സൂസിചേച്ചിയുടെ ഈശ്വരസന്നിദ്ധാന കർമ്മങ്ങൾ കഴിയും വരെ ഡയാനയെ നോക്കുക എന്നത് കൂടാതെ, അച്ചായനു റിയൽ എസ്റ്റേറ്റ്-ന്റെ ആവശ്യം വന്നു കടയിൽ പോകാൻ നിവർത്തിയില്ലാതെ വന്നാൽ കടയിലെ കാര്യങ്ങളിലും അനിയൻ കുട്ടി സഹായിച്ചിരുന്നു. അച്ചായൻ കുടുംബത്തിനു അനിയൻ കുട്ടിയെ അത്രക്ക് വിശ്വാസവുമായിരുന്നു. അനിയൻ കുട്ടിയുടെ പഠനമെല്ലാം കഴിഞ്ഞു. ആ നഗരത്തിൽ തന്നെ ജോലിയായി. അതവനും അച്ചായൻ കുടുംബത്തിനും ഏറെ സന്തോഷമുളവാക്കിയ അവസരമായിരുന്നു. അവരുടെ ബന്ധം ആഴമേറിക്കൊണ്ടേയിരുന്നു. ഡയാന വളർന്നു. അവൾ ഹൈസ്കൂളിലായി. അതിനോടൊപ്പം നൃത്തത്തിലെ അവളുടെ അഭിരുചിയും വളർന്നു. സൂസിച്ചേച്ചിക്കും അച്ചായനും സമയക്കുറവുള്ളപ്പോഴെല്ലാം അനിയൻ കുട്ടിയായിരുന്നു അവളെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരുന്നതും, നൃത്തക്ലാസിനു കൊണ്ടു പോയി തിരിച്ചു വീട്ടിലാക്കുന്നതും. അനിയൻ കുട്ടി തനിക്ക് ഒരനുജത്തിയില്ലാത്ത വിഷമം അവളിലൂടേയും, ചേച്ചിയില്ലാത്തതിന്റെ വിഷമം സൂസിയിലൂടേയും, ഒരു ഏട്ടനില്ലാത്തതിന്റെ വൈഷമ്യം അച്ചായനിലൂടേയും മറന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അന്യനാട്ടിലെ നാട്ടുസ്നേഹം അവൻ അവരിലൂടെ അറിഞ്ഞു ജീവിച്ചു. 

അച്ചായനിൽ പണം വരുത്തിവെച്ച വ്യത്യാസങ്ങൾ പുതിയ സുഹൃത് വലയങ്ങൾ തുറപ്പിക്കാൻ കാരണമാക്കി. അച്ചായൻ ഒരു മണിമാളിക മേടിച്ചു സമൂഹത്തെ തന്റെ ജീവിതനിലവാരം ഉയർത്തി കാണിച്ചു. അനന്തര പരിണാമങ്ങൾ പറയാതെ തന്നെ പലരും ഊഹിക്കുമെന്നറിയാം. പണത്തോടുള്ള കൊതി അച്ചായനു വീണ്ടും ഏറി. ഇതിനെല്ലാം പുറമെ പുതിയ ഒരു പൂതിയും മനസ്സിൽ ഉണർന്നു. രാഷ്ട്രീയം! പിരി കേറ്റാൻ ആ നാട്ടിലെ കുറേ ആൾക്കാരും കൂടി. അച്ചായനെ അവിടുത്തെ ഷെറീഫ് ആക്കാമെന്നു അവർ വാക്കു കൊടുത്തു. അതച്ചായന്റെ സ്വഭാവം മാറ്റി മറിച്ചു. ചേച്ചി ഉദാരമനസ്കയായിരുന്നു എന്ന് പറഞ്ഞുവല്ലൊ. അച്ചായന്റെ സാമ്പത്യസ്ഥിതിയുടെ ആഴവും ഉയരവും മനസ്സിലാക്കിത്തുടങ്ങിയ സമൂഹം സാമ്പത്യസഹായത്തിനായി ചേച്ചിയെ സമീപിക്കുവാൻ തുടങ്ങി. ചേച്ചി മനസ് തുറന്നു സഹായിക്കുവാൻ മടിയൊട്ടും കാണിച്ചുമില്ല. എന്നാൽ മേടിച്ച പണം തിരിച്ചു കിട്ടാതെ വന്നപ്പോൾ അത് പണഭ്രാന്തൻ ആയി മാറിയിരുന്ന അച്ചായനിൽ ദേഷ്യമുണർത്തി. അതു കുടുംബത്തിൽ ഉരസലിനു തുടക്കമിട്ടു!

ഒരു പകലുണ്ടെങ്കിൽ ഒരു രാവുമുണ്ടാകും എന്ന സത്യം ഇവിടേയും വെളിപ്പെടുവാൻ തുടങ്ങി. സമാധാനവും, സന്തോഷവും അലതല്ലിയിരുന്ന ആ കുടുംബത്തിൽ ഒരകൽച്ചയുടെ ശ്വാസം മുട്ടൽ അനുഭവിക്കാനിടയായി. മുതലാളിയായി മാറിയ അച്ചായനു ഭാര്യ നേർസ് ജോലിക്കു പോകുന്നതിൽ അഭിമാനക്ഷതം അനുഭവപ്പെട്ട് തുടങ്ങി. കടയിൽ കച്ചവടം ഭാരിച്ചു വരുന്നു, പുറമെ നിന്നും നിയമിച്ചിരിക്കുന്ന മാനേജരുടെ കണക്കുകളിൽ പല തിരിമറികളും കാണുന്നു എന്നും അതുകൊണ്ട് സൂസിചേച്ചി തന്നെ അതെല്ലാം നോക്കി നടത്തിയെ പറ്റു, തനിക്ക് രാഷ്ട്രീയവും റിയൽ എസ്റ്റേറ്റും കഴിഞ്ഞിട്ട് മറ്റൊന്നിനും സമയമില്ലെന്നും പറഞ്ഞു ധരിപ്പിച്ച് സൂസിചേച്ചിയുടെ ആശുപത്രി ജോലി കളയിപ്പിച്ചു. പണത്തിന്റെ ധൂർത്ത് ഡയാനയുടെ ജീവിതത്തിലും കണ്ട് തുടങ്ങി! ആവശ്യത്തിലേറെ പണം. കോളേജിൽ കയറുന്നതിനു മുൻപു തന്നെ സ്വന്തമായി ചുറ്റിത്തിരിയാൻ കാറ്, അമിതമായ കൂട്ടുകെട്ട്. രാത്രി കടയടച്ചിട്ട് മാത്രം വരുവാൻ വിധിച്ച പാവം സൂസിചേച്ചി! മകളുടെ കാര്യം നോക്കാനും, നിയന്ത്രിക്കാനും അച്ഛനും അമ്മയുമില്ലാത്ത ഒരൊറ്റ മകളുടെ അവസ്ഥ. ശരിയും തെറ്റും കണ്ടാലും അനുഭവിച്ചാലും തിരിച്ചറിയാൻ കഴിയാത്ത യുവത്വം! നല്ലനട തെറ്റാൻ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ? അച്ഛന്റെ ദുരഭിമാനത്തിനും, നിസ്സഹായിയായി ഭർത്താവിന്റെ കരുക്കൾ മനസ്സിലാവാതെയുള്ള പാവം അമ്മയുടെ വിശ്വാസത്തിനും നടുവിൽ ഡയാനയുടെ ജീവിതത്തിൽ പാളിച്ചകൾ പറ്റി. ഈ നടനങ്ങളെല്ലാം ഒരു പരിധിവരെ കണ്ടു മനസ്സിലാക്കിയെങ്കിലും, എന്തു ചെയ്യണം, ആരോട് എന്ത് പറയണമെന്നറിയാതെ അനിയൻ കുട്ടി പരിഭമിച്ചു നിന്നു. 

ഇതിനിടെ അനിയൻ കുട്ടി വിവാഹിതനായി. സൂസിചേച്ചിക്ക് സ്വന്തമെന്നു അഭിമാനത്തോടെ പറയാൻ ഒരു അനിയത്തികുട്ടിയും അതിലൂടെ ജന്മം കൊണ്ടു. അനിയൻ കുട്ടിയെ പോലെ അനിയത്തിക്കുട്ടിയും അവരുടെ കുടുംബവുമായി അലിഞ്ഞു ചേർന്നു. 

അവിചാരിതമായി ഡയാനയെ സംശയപരമായ സാഹചര്യത്തിൽ കാണാനിടയായ അനിയൻ കുട്ടി, സ്വകാ‍ര്യമായി ഡയാനയെ വിളിച്ചു ഉപദേശിക്കാൻ ഒന്നുരണ്ട് പ്രാവശ്യം തുനിഞ്ഞെങ്കിലും ഫലമൊന്നും കണ്ടില്ല എന്നു മാത്രമല്ല മറവിലെ ഒളിച്ചു കളികൾ നിരന്തരം കൂടിവന്നതെ ഉള്ളു. കാര്യങ്ങൾ പിടിച്ചാൽ കിട്ടാത്ത വിധം ആഴത്തിലേക്ക് പോകുന്നു എന്ന് മനസ്സിലാക്കിയ അനിയൻ കുട്ടി, സൂസിചേച്ചിയെ ഒരു ദിവസം കടയിൽ സ്വസ്ഥമായി കിട്ടിയപ്പോൾ ഒരു മുന്നറിയിപ്പെന്ന വിധേന ഡയാനയെ കുറിച്ച് സംസാരിച്ചു ധരിപ്പിക്കാൻ ഒരു ശ്രമം നടത്തി. അപ്പോഴാണ് അനിയൻ കുട്ടി ഞെട്ടിപ്പോയ മറ്റു പലതും മനസ്സിലാക്കിയത്.
സൂസിചേച്ചി പലതും മനസ്സിലാക്കിയിരുന്നിരുന്നു മുൻപു തന്നെ. ഡയാനയെ ഉപദേശിക്കാൻ ശ്രമിച്ചു. ഫലമുണ്ടായില്ല. ഡയാന കാര്യഗൌരവം മനസ്സിലാക്കാൻ തുനിഞ്ഞില്ല എന്നു മാത്രമല്ല, ആയിടയ്ക്ക് ഉണ്ടായ അനിയൻ കുട്ടിയുടെ ഉപദേശവും അവൾക്കിഷ്ടപ്പെട്ടിട്ടില്ലായിരുന്നു.  തന്റെ നടപ്പിനു കൊച്ചാച്ചൻ ഒരു വിലങ്ങുതടിയാവുന്നു എന്നു  ധരിച്ച അവൾ അച്ഛനെ സമീപിച്ചു അമ്മയേയും അനിയൻ കുട്ടിയേയും കുറിച്ചു പല അനാവശ്യങ്ങളും പറഞ്ഞു ധരിപ്പിക്കാൻ ശ്രമിച്ചുവത്രെ. എന്നാൽ അനിയൻ കുട്ടിയെ ശരിക്കറിയാമായിരുന്ന അച്ചായന്റെ അടുക്കൽ ആ കൌശലങ്ങൾ വഴിപ്പോയില്ല. അനിയൻ കുട്ടിയെ അകറ്റിയാൽ അച്ചായന് മറ്റൊരു നഷ്ടം കൂടി ഉണ്ടായിരുന്നു. അച്ചായൻ സൂസിച്ചേച്ചിയോട് പറഞ്ഞാൽ ചെവിക്കൊള്ളാത്ത പലതും ആദ്യമൊക്കെ അനിയൻ കുട്ടിയിലൂടെയാണ് അച്ചായൻ സാധിച്ചിരുന്നത്. കാരണം സൂസിചേച്ചിക്ക് അനിയൻ കുട്ടിയെ അത്രയധികം വിശ്വാസമായിരുന്നു. കാര്യങ്ങളുടെ ഗതി മനസ്സിലായിത്തുടങ്ങിയതിൽ പിന്നെ അനിയൻ കുട്ടി അച്ചായൻ, വക്കാലത്തായി പറയുന്ന കാര്യങ്ങൾ വളരെ ആലോചിച്ചു മാത്രമെ സൂസിച്ചേച്ചിയോട് അവതരിപ്പിക്കാറുള്ളു. ഡയാനയുടെ ഇരുട്ടടികളുടെ ശ്രമങ്ങൾ അച്ഛനിലൂടെ നടക്കില്ല എന്നു മനസ്സിലാക്കിയ അവൾ തന്റെ കൊച്ചാച്ചനെ കുറിച്ചു, സ്വന്തം അനിന്തിരവളെ പോലെ സ്നേഹിച്ചിരുന്ന അനിയൻ കുട്ടിയുടെ ഭാര്യയോട് അസഭ്യങ്ങൾ പറയുവാൻ വരെ തുനിഞ്ഞു എന്നത് സൂസിചേച്ചി പറഞ്ഞപ്പോഴാണ് അനിയൻ കുട്ടി അറിഞ്ഞത്! ഇതു മാത്രമായിരുന്നില്ല സംഗതികളുടെ താളം തെറ്റലിനു കാരണങ്ങൾ. മകൾ അമ്മയുടെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞത് മനസ്സിലാക്കിയ സൂസിചേച്ചി, അച്ചായന്റെ അടുത്ത് ഇതിനെ കുറിച്ചു സംസാരിച്ചുവത്രെ. അപ്പോഴാണ് മകൾ അച്ഛന്റെ അടുത്ത് അമ്മയെ പറ്റി അനാവശ്യം പറഞ്ഞ രഹസ്യം പുറത്ത് വന്നത്. മകൾക്ക് ഒരു പരിധിവരെ ഇതിനൊക്കെ വളം വച്ചു കൊടുത്തിരുന്നത് അച്ഛൻ തന്നെയയിരുന്നു എന്ന സത്യം സൂസിചേച്ചിക്ക് ആ സംസാരവേളയിലാണ് മനസ്സിലായത്. അച്ചായൻ മകളോട് സംസാരിക്കാം എന്നു അമ്മയ്ക്ക് വാക്ക് കൊടുത്തെങ്കിലും ഒന്നും നടന്നില്ല. ഒരു അമേരിക്കൻ യുവതിയെ പോലെ വേഷങ്ങളണിഞ്ഞ് അച്ഛനൊപ്പം പല രാഷ്ട്രീയ പാർട്ടികളിലും പങ്കു ചേരുന്നത് അച്ഛന്റെ അമേരിക്കൻ രാഷ്ട്രീയത്തിനും രാഷ്ട്രീയ വളർച്ചയ്ക്കും അഭിമാനവും, അനിവാര്യവുമായിരുന്നു. അതിനപ്പുറം തന്റെ മകളെ കാണാനോ അവളുടെ ഭാവിയെ കുറിച്ചു ചിന്തിക്കാനോ ആ അച്ഛൻ മറന്നു പോയിരുന്നു. അനിയൻ കുട്ടിയെ ശരിക്കും ഞെട്ടിപ്പിച്ച രഹസ്യം മറ്റൊന്നായിരുന്നു എന്നു വേണം പറയാൻ. കടയിൽ വരുന്നവരുമായി സൂസിചേച്ചി വളരെ സൌഹൃദത്തിലായിരുന്നു. അതുകൊണ്ട് മിക്കവർക്കും അവരെ അറിയാം, അവരുടെ കുടുംബത്തെ കുറിച്ചും അറിയാം. ഒരു ദിവസം ഒരു ഫാമിലിയിൽ നിന്നും സൂസിചേച്ചി അറിഞ്ഞത്, അച്ചായൻ പാർട്ടികൾക്കെല്ലാം പോകുമ്പോൾ മിക്കപ്പോഴും മകൾ മാത്രമല്ല കൂടെ മറ്റൊരു അമേരിക്കൻ വനിതയും കൂടെ ഉണ്ടാവും എന്ന ശോചനീയരഹസ്യമാണ്. അതിനെ കുറിച്ചും ഒരു രാത്രിയിൽ വീട്ടിൽ സംസാരമുണ്ടായത്രെ. ആ സംഭാഷണം കലാശിച്ചത് അച്ചായൻ നൽകിയ പ്രഹരത്തിലായിരുന്നു എന്ന് സൂസിചേച്ചി പറഞ്ഞപ്പോൾ, ആദ്യമായി ആ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞത് അനിയൻ കുട്ടി കണ്ടു! ഇതൊക്കെ ഉള്ളിലടക്കി മുഖത്ത് കാണിച്ചിരുന്ന പ്രസരിപ്പ് ഒരു മുഖം മൂടിയായിരുന്നു എന്ന് അന്നാണ് അനിയൻ കുട്ടി മനസ്സിലാക്കിയത്.
താൻ പൂവിട്ട് പൂജിച്ചിരുന്ന ഒരു മാതൃകാകുടുംബം! ആ വീട്ടിലെ മൂന്നംഗങ്ങൾ ഇന്നു ഒരു കൂരയിൽ കഴിയുന്ന തിരിച്ചറിയാത്ത അപരിചിതരാണെന്നത് അനിയൻ കുട്ടിക്ക് സഹിക്കാനായില്ല. സൂസിച്ചേച്ചിയുടെ കണ്ണീരൊപ്പിയപ്പോൾ, തന്റെ കണ്ണുകളിൽ നിന്നും വാർന്ന കണ്ണീർ കണങ്ങൾ തടയാൻ അനിയൻ കുട്ടി പരാജിതനായി. ആ സംസാരവും ചേച്ചിയുടെ നിസ്സഹായതയും, അനിയൻ കുട്ടിയേയും അനിയത്തി കുട്ടിയേയും ചേച്ചിയിലേക്ക് ഒന്നു കൂടി അടുപ്പിച്ചു. 

എന്നാൽ അനർത്ഥങ്ങൾ അവിടേയും അവസാനിച്ചില്ല. സുബോധമില്ലാത്ത ദുർനടപ്പുകൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിന്റെ വില ഡയാനയിൽ പ്രകടമായി. അവൾ ഒരു കൂസലുമില്ലാതെ ഒരു ദിവസം വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു

യു ഷുഡ് ബി ഹാപ്പി മാം. ഐ ആം ഗോയിങ് റ്റു ടെൽ യു എ വെരി ഹാപ്പി ആന്റ് സർപ്രൈസിങ് ന്യുസ്! യു ആർ ഗോയിങ് ടു ബിക്കം എ ഗ്രാൻഡ് മതർ! ഐ ആം പ്രെഗ്നന്റ്!
 
ഇതു പറഞ്ഞിട്ട് അവൾ ഒരു കൂസലുമില്ലാതെ അവളുടെ മുറിയിലേക്ക് കയറി പോയി. തല കറങ്ങി താഴെ വീഴാതിരിക്കാൻ സൂസിച്ചേച്ചി മേശമേൽ കൈയ്യൂന്നി. കസേരയിൽ ഒരുവിധം ഇരുന്നു. കൈകളിൽ തല ചായ്ച്ച് വിതുമ്പി. പൊട്ടിപ്പൊട്ടി കരഞ്ഞു. ഡയാന അവളുടെ മുറിയുടെ വാതിൽ തുറന്നടച്ച ശബ്ദം കേട്ടാണ് സൂസി തല പൊക്കിയത്. അവളുടെ രണ്ടു കൈകളിൽ രണ്ട് ബാഗുകൾ. അങ്ങോട്ട് എന്തെങ്കിലും ചോദിക്കും മുൻപ് ഇങ്ങോട്ട് പറഞ്ഞു,

ഞാൻ പോകുന്നു. അച്ഛൻ എനിക്കൊരു അപ്പാർട്ട്മെന്റ് എടുത്തു തന്നിട്ടുണ്ട്. ഞാനും ഹെക്ടറും അങ്ങോട്ട് താമസം മാറ്റുന്നു. പെറ്റു വളർത്തിയ സ്വന്തം അമ്മയോട് എത്ര ലാഘവമായി ഒരു മകളുടെ വിട പറച്ചിൽ! എല്ലാം അവസാനിപ്പിച്ച് സ്വന്തം അമ്മയെ ലാഘവത്തോടെ തുടച്ചു നീക്കി സ്വയം ജീവിതം കണ്ടെത്തി ജീവിക്കാൻ ഇറങ്ങുന്നു! അതെ, അവൾ ഒരു കൂസലുമില്ലാതെ ആ വീട് വിട്ട് ഇറങ്ങിപ്പോയി.
എന്തു ചെയ്യണം എന്നറിയാതെ സൂസി സ്തഭ്തയായി ഇരുന്നു. സുബോധം ഒരല്പം തിരിച്ചു കിട്ടിയപ്പോൾ ഫോൺ എടുത്ത് വിളിച്ചു, അനിയൻ കുട്ടിയെ. ചേച്ചി പറഞ്ഞത് പലതും വിങ്ങലിൽ നിമഗ്നമായ കാരണം മനസ്സിലായില്ല എങ്കിലും എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് അനിയൻ കുട്ടിക്ക് മനസ്സിലായി. അനിയൻ കുട്ടി ഉടനെ അനിയത്തി കുട്ടിയേയും കൂട്ടി സൂസിചേച്ചിയുടെ വീട്ടിലേക്ക് പാഞ്ഞു. വാതിൽ മുട്ടാൻ തുനിഞ്ഞപ്പോഴേക്കും വാതിൽ തുറന്നു. അവർ വരുമെന്ന് ഉറപ്പുള്ള സൂസി വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. അകത്ത് കയറിയ അനിയത്തി കുട്ടിയെ കെട്ടിപ്പിടിച്ചു വിങ്ങി വിങ്ങി ആപാവം കരഞ്ഞു. ഒരു വിധത്തിൽ സൂസിചേച്ചിയെ സോഫയിൽ കൊണ്ടു ചെന്നിരുത്തി, കാര്യങ്ങൾ വിശദമായി മനസ്സിലാക്കി. എന്തു പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ ഞങ്ങളും തരിച്ചിരുന്നു പോയി. 

അനിയൻ കുട്ടിയുടെ മനസ്സിലൂടെ മന്വന്തരങ്ങൾ പാലിച്ചു പോന്നിരുന്ന ഭാരതീയ സംസ്കാരവും പുതിയ തലമുറയിൽ അതിനേറ്റ ക്ഷതങ്ങളും മിന്നിമറഞ്ഞു. അച്ഛനും, അമ്മയും മക്കളുമടങ്ങുന്ന പരിപാവനമായ കുടുംബങ്ങളുടെ മുഖഛായ മാറിയിരിക്കുന്നു. അർപ്പണബോധം കാപട്യമായി മാറിയിരിക്കുന്നു. സത്യവും മിഥ്യയുമേതെന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ! ആരാണ് നടനമാടുന്നതെന്ന് പറയാൻ പ്രയാസം. വിശ്വാസങ്ങൾക്ക് വില കൽപ്പിച്ചിരിക്കുന്നു. ഈശ്വരനു തുല്യമായി കണ്ടിരുന്ന മാതാപിതാക്കൾ ഇന്ന് ചാമുണ്ഢികൾ മാത്രം യുവതലമുറയ്ക്ക്. ഭയഭക്തിക്ക് പകരം അവജ്ഞയും, തർക്കുത്തരങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. മാതാപിതാക്കൾ പണത്തിനു പിന്നാലെയുള്ള പാച്ചിൽ നടത്തുമ്പോൾ നഷ്ടപ്പെടുന്നത് കുടുംബഭദ്രതയും, മക്കളുടെ വഴിതെറ്റലും. ആടിയുലഞ്ഞു നിലം പതിക്കുന്ന കുടുംബങ്ങൾ എത്രയെത്ര? ദൂരവീക്ഷണം എന്നൊന്നില്ല പകരം സുരക്ഷിത പാതകൾ മറന്ന് ക്ഷണികമായ ഇച്ഛകളും, കാമവേഴ്ചകളും ആടിയുലയുന്നു. അത് യുവമനസ്സുകളെ കീഴടക്കിിരിക്കുന്നു. അതു തന്നെയല്ലേ ഇവിടേയും സംഭവിച്ചിരിക്കുന്നത്? ഇത്തരം കോമാളിത്തരങ്ങൾക്കിടയിൽ പെട്ട് കത്തിയെരിയുന്ന ആത്മാക്കൾ ഇന്ന് നാട്ടിലും വിദേശത്തും വിരളമല്ല. അതിന്റെ ഒരു പ്രതീകമാണ് സൂസിച്ചേച്ചി. ഭർത്താവിനേയും, മകളേയും ജീവനുതുല്യം സ്നേഹിച്ചതിന്റേയും വിശ്വസിച്ചതിന്റേയും പതിഫലമായി കത്തിയെരിയുന്ന സ്ത്രീജന്മങ്ങൾക്കായി ഇതാ ഒരു പ്രാണൻ കൂടി സാക്ഷി. അനിയൻ കുട്ടി കരുതി, ഇല്ല, ഒരു പ്രാണനെങ്കിൽ ഒന്ന്, ഒരാളെയെങ്കിലും രക്ഷിക്കണം. അനിയൻ കുട്ടി ചിലതെല്ലാം മനസ്സിൽ കരുതി ഉറപ്പിച്ച പോലെ എണീറ്റു.
സൂസിച്ചേച്ചിയുടെ അടുത്തു ചെന്ന് കുമ്പിട്ട് താഴെ ഇരുന്ന് ആ കൈകൾ പിടിച്ചുകൊണ്ട് അനിയൻ കുട്ടി പറഞ്ഞു,

ചേച്ചി, ഒരു മനുഷ്യജന്മത്തിൽ അനുഭവിക്കേണ്ടതിലധികം ചേച്ചി അനുഭവിച്ചു. അച്ചായനോടോ, ഡയാനയോടോ ഞാൻ സംസാരിച്ചതു കൊണ്ടോ,ചേച്ചി ഉപദേശിച്ചതു കൊണ്ടോ ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് ചേച്ചിക്കും അറിയാമല്ലോ? ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല. അച്ചായനാണെങ്കിൽ ആകെ മാറിയിരിക്കുന്നു. അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. അനുഭവിക്കാൻ വിധിച്ചാൽ അനുഭവിക്കാതെ പറ്റുമോ? ഇതൊക്കെ കേൾക്കാനും പലതും പറഞ്ഞു പരത്താനും ഒരു കൂട്ടർ കാത്തിരിക്കുന്നുണ്ടാവും. അവരുടെ വായ് മൂടിക്കെട്ടുവാൻ നമുക്കാവില്ല. എന്നാൽ ഒരു കാര്യം പറയാം. ഈ ലോകം മുഴുവൻ ചേച്ചിക്കെതിരായി തിരിഞ്ഞാലും ഞങ്ങൾ ഉണ്ടാവും ചേച്ചിക്ക്. ഞങ്ങളുടെ വീട് ചേച്ചിയുടേയും വീടാണ്. ഒന്നു വിളിച്ചാൽ മതി. ഞങ്ങൾ വന്ന് ചേച്ചിയെ കൊണ്ട് പൊയ്ക്കോളാം. ചേച്ചി എതിരൊന്നും പറയാതിരുന്നാൽ മതി. ഇതൊരപേക്ഷയാണ്. ചേച്ചി എത്രനാൾ ഈ നരകത്തിൽ ആട്ടും തുപ്പും കണ്ട് കഴിയും. ഞങ്ങൾ അത് സമ്മതിക്കില്ല?

അനിയൻ കുട്ടിയുടെ ചേച്ചി ഒന്നും പറഞ്ഞില്ല. ആ കൈകളിൽ മുഖം അമർത്തി തേങ്ങി. അനിയത്തി കുട്ടിയെ ചേച്ചിക്ക് കൂട്ടാക്കിയിട്ട് അനിയൻ കുട്ടി ഓഫീസിലേക്ക് മടങ്ങുവാൻ പുറത്തിറങ്ങി. വൈകുന്നേരം ഭാര്യയെ കൂട്ടിക്കൊണ്ട് പോകാൻ സൂസിച്ചേച്ചിയുടെ വീട്ടിൽ ചെന്നു. അച്ചായന്റെ കാറ് പുറത്ത് കിടക്കുന്നു. ആ സമയത്ത് അച്ചായൻ വീട്ടിൽ ഉണ്ടാവുക സാധാരണമല്ല. ബെല്ലടിച്ചപ്പോൾ ആച്ചായൻ വാതിൽ തുറന്നു. അങ്ങോട്ടുമിങ്ങോട്ടും ഒന്നും സംസാരിച്ചില്ല. അച്ചായൻ മുകളിലേക്ക് കയറിപ്പോയി. ബെല്ലടി കേട്ടതു കൊണ്ടാവാം അനിയത്തി കുട്ടി ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വന്നു. നമ്മുക്ക് പോകാം എന്നു അനിയൻ കുട്ടിയോട് ആംഗ്യം കാട്ടി. എന്തോ പന്തികേടുള്ളതു പോലെ അനിയൻ കുട്ടിക്ക് അനുഭവപ്പെട്ടു.
അനിയൻ കുട്ടി ചേച്ചിയെ കാണാൻ നിന്നില്ല. അനിയത്തി കുട്ടിയുമായി കാറിനടുത്തേക്ക് നടന്നു. അപ്പോൾ പുറകിൽ നിന്നും ഒരു വിളി കേട്ടു. അച്ചായനാണ്. അനിയൻ കുട്ടിയോടായി പറഞ്ഞു. എനിക്കൊന്ന് സംസാരിക്കണം. അനിയത്തി കുട്ടിയോട് കാറിലിരിക്കാൻ പറഞ്ഞു അച്ചായന്റെ അടുത്തേക്ക് ചെന്നു.
അനിയാ, എനിക്ക് നിന്നോട് ഒരു വിരോധവും ഇല്ല. ഒരു അനിയനോട് പറയുന്നതായി കരുതി അനുസരിക്കുക. നിങ്ങൾ ഇനിയിവിടെ വരരുത്. ആളുകൾ പലതും പറയാൻ തുടങ്ങി. ഞങ്ങൾ കാരണം നിങ്ങൾക്ക് ഒരു അപശ്രുതി ഉണ്ടാവരുത്. അതുകൊണ്ട് ചേച്ചിയെ കാണാൻ വരികയോ വിളിക്കുകയോ ചെയ്യരുത്.

മറുപടിക്ക് കാത്തുനിൽക്കാതെ അച്ചായൻ അകത്തു കയറി വാതിലടച്ചു. അനിയൻ കുട്ടി തരിച്ചു നിന്നു. തന്നെ ആ വീട്ടിൽ നിന്നും കൊട്ടിയടച്ചു പുറത്താക്കിയ ഒരവസ്ഥ. തനിക്ക് ചേച്ചിയെ നഷ്ടമായി എന്നവൻ അറിഞ്ഞു. മനസ്സിൽ ചിന്തകൾ തിങ്ങി നിറയുകയാണവന്റെ. കാറിൽ കയറിയതും, വീട്ടിൽ തിരിച്ചെത്തിയതും അനിയൻ കുട്ടിക്ക് ഓർമ്മയില്ല. വീട്ടിൽ ചെന്ന് കാറ് നിർത്തിയിട്ടും ഇറങ്ങാത്ത അനിയൻ കുട്ടിയെ ഭാര്യ വിളിച്ചപ്പോഴാണ് സുബോധം വന്നത്. 

അടുത്ത ഒരാഴ്ച കടന്ന് പോയി. ചേച്ചിയെ കുറിച്ച് ഒരു വിവരവുമില്ല. എല്ലാം ഒന്ന് ശാന്തമാവട്ടെ എന്ന് കരുതി അനിയൻ കുട്ടിയും ഭാര്യയും മൌനം പാലിച്ചു. ഒന്നിനും തുനിഞ്ഞില്ല.

വാരാന്ത്യമായി. അനിയത്തി കുട്ടിക്ക് ഒരു ഫോൺ കോൾ വന്നു. നഗരത്തിലെ മിലിട്ടറി ആശുപത്രിയിൽ നിന്നായിരുന്നു. അനിയൻ കുട്ടിയെ അറിയുന്ന ഒരു മലയാളി നേർസ് ആണ് വിളിച്ചത്. ഇതായിരുന്നു മെസേജ്.

സൂസി പറഞ്ഞിട്ടാണ് വിളിക്കുന്നത്. സൂസിയെ ഇവിടെ ഇന്നലെ അഡ്മിറ്റ് ചെയ്തു. അവർക്ക് നിങ്ങളെ ഒന്നു കാണണമത്രെ. ഇത് മിലിറ്ററി ആശുപത്രിയാണ്. സന്ദർശകർക്ക് പ്രവേശനമില്ല. മിലിട്ടറിയിൽ ഉള്ള ആരെങ്കിലും കൂടെ വേണം അകത്ത് കടക്കാൻ. അല്ലെങ്കിൽ ഒരു കാര്യം ചെയ്യു. നാളെ വൈകുന്നേരം 7 മണിക്ക് വരു. ഗേറ്റിൽ എന്റെ പേരും ഞാൻ ടെക്സ്റ്റ് ചെയ്യുന്ന കോഡ് നമ്പറും പറഞ്ഞാൽ മതി. അവർ എന്നെ വിളിക്കും. ഞാൻ ഗേറ്റിൽ വന്നു നിങ്ങളെ അകത്തേക്ക് കൊണ്ടു വരാം. ഞാൻ വിളിച്ച കാര്യം മറ്റാരോടും പറയരുതെന്ന് സൂസി പ്രത്യേകം പറഞ്ഞു

അനിയൻ കുട്ടിയും ഭാര്യയും പറഞ്ഞ പ്രകാരം സൂസിയെ ചെന്നു കണ്ടു. ചേച്ചി പറഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന സംഭവങ്ങൾ അവിശ്വസനീയമായി തോന്നി. കാരണം, ഒരു മനുഷ്യജീവിയോടും ഒരല്പം ദയയുള്ളവർ ചെയ്യാത്ത കാര്യങ്ങളാണ് അച്ചായൻ ചേച്ചിയോട് ചെയ്തത്. പണവും, സ്വാധീനവും, രാഷ്ട്രീയത്തിളപ്പും, അധോലോകവുമായുള്ള ബന്ധങ്ങളും ഒരു മനുഷ്യനെ മൃഗതുല്യനാക്കുന്നതിന്റെ ഒരത്യുദാത്ത ഉദാഹരണം!
ഒരു വശം തളർന്നു കിടക്കുന്ന സൂസിച്ചേച്ചിയെയാണ് അവർ കണ്ടത്!

അച്ചായൻ, ചേച്ചിയെ അനിയൻ കുട്ടിയിൽ നിന്നുമാത്രമല്ല വേർപെടുത്തിയത്. പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു. ചേച്ചിയുടെ ഫോൺ തിരികെ മേടിച്ചു നശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ഫോൺ ബുക്കുകളും എല്ലാവരുടേയും ഫോൺ ഡയറക്റ്ററിയും, മേൽവിലാസങ്ങളും നശിപ്പിച്ചു. വീട്ടിൽ ഒരു സ്ത്രീയെ ചേച്ചിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തു. കടകളും കച്ചവടങ്ങളും മറ്റൊരു കുടുംബത്തിനു കോണ്ട്രാക്റ്റാക്കി. താൻ ചെയ്യുന്നതിനെന്തെകിലും എതിരു പറയുകയോ, ചെയ്യുകയോ ചെയ്താൽ കൊന്നു കളയുമെന്ന് വരെ ചേച്ചിയെ ഭീഷണിപ്പെടുത്തി. കഴിഞ്ഞില്ല. വിവാഹമോചനത്തിനു കരാറിൽ ഒപ്പു വെയ്ക്കാൻ നിബ്ബന്ധിച്ചു. ആ വീട് വിൽക്കാൻ പോകുകയാണെന്ന് പറഞ്ഞു. വിവാഹമോചനത്തിൽ നിന്നും കിട്ടുന്ന പണം കൊണ്ട് വേറെ ഒരു വീട് ശരിയാക്കി കൊടുക്കാമത്രെ. എന്നാൽ ചേച്ചി വിവാഹമോചന കരാറിൽ ഒപ്പ് വെയ്ക്കാൻ മാത്രം വിസമ്മതം കാണിച്ചു. അതിനടുത്ത ദിവസം രാത്രിയിൽ അവിടെ വാടകക്കായി നിർത്തിയിരുന്ന സ്ത്രീ കൊടുത്ത ഭക്ഷണം കഴിച്ചശേഷം ഭയങ്കര തല വേദനയും ഓക്കാനവും വന്നതായി മാത്രമെ ചേച്ചിയ്ക്ക് ഓർമ്മയുള്ളു. ബോധം വന്നപ്പോൾ മിലിറ്ററി ആശുപത്രിയിൽ ആണ് എന്നറിഞ്ഞു. എല്ലാ ഫോൺ നമ്പറുകളും അച്ചായൻ നശിപ്പിച്ചെങ്കിലും ചേച്ചിയുടെ മനസ്സിൽ പതിഞ്ഞിരുന്ന അനിയൻ കുട്ടിയുടേയും അനിയത്തി കുട്ടിയുടേയും നമ്പറുകൾ മാത്രം നശിച്ചിരുന്നില്ല. അങ്ങിനെയാണ് നേർസിനെ കൊണ്ട് അവരെ വിളിപ്പിച്ചത്. നേർസിനും പല സംശയങ്ങളും തോന്നിയിരുന്നു. ആശുപത്രിയിൽ വെച്ചു ആ നേർസും അനിയൻ കുട്ടിയോട് പല സംശയങ്ങളും പറഞ്ഞു. എന്നാൽ ആ പറഞ്ഞതു താൻ പറഞ്ഞതാണെന്ന് ആരും അറിയരുത്, അറിഞ്ഞാൽ തന്റെ ജോലിയും, ജീവനും വരെ അപകടത്തിലാവാൻ സാദ്ധ്യതയുള്ളതായി അവർ അനിയൻ കുട്ടിയോട് മുന്നറിയിപ്പ് നൽകി. അതുപോലെ, ആ ആശുപത്രി സന്ദർശനവും രഹസ്യമായിരിക്കണം എന്നു താക്കീത് കിട്ടി. സൂസിച്ചേച്ചിയുടെ സ്ഥിതിയും മറ്റു നീക്കങ്ങളും രഹസ്യമായി നിരീക്ഷിച്ചു അറിയിക്കാമെന്ന് ആ നേർസ് ഉറപ്പ് നൽകി. തനിക്ക് അത്യാഹിതമൊന്നും സംഭവിക്കാതിരിക്കാൻ മറ്റൊരാൾ കൂടി കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് അവർ കരുതിയിരിക്കണം. 

നാലഞ്ചു ദിവസം കഴിഞ്ഞു കാണും. ആ നേർസിന്റെ ഫോൺ വീണ്ടും അനിയത്തി കുട്ടിക്ക് കിട്ടി. സൂസിച്ചേച്ചിയെ ഒരു അസിസ്റ്റഡ് ലിവിങ്-ലേക്ക് മാറ്റി എന്നു പറഞ്ഞു. ആ സ്ഥലത്തിന്റെ മേൽവിലാസവും നൽകി. അവിടെയുള്ള മറ്റൊരു നേർസിനു അനിയൻ കുട്ടിയുടെ ഫോൺ നമ്പർ രഹസ്യമായി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. അവരെ അങ്ങോട്ട് വിളിക്കണ്ട, എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അവർ അനിയൻ കുട്ടിയെ വിളിക്കുമെന്നും അറിയിച്ചു.

മൂന്നു ദിവസം കഴിഞ്ഞു കാണും. ഒരു ഫോൺ കോൾ അനിയൻ കുട്ടിക്ക് വന്നു. അത് ആ പറഞ്ഞ നേർസ് ആയിരുന്നു, സൂസിച്ചേച്ചിയുടെ കിടക്കകരുകിൽ നിന്നും. ചേച്ചിക്ക് എന്തോ പറയണമെന്ന് പറഞ്ഞു. ചേച്ചി സംസാരിക്കാൻ തുടങ്ങി. വാക്കുകൾ മനസ്സിലാക്കാൻ വളരെ പ്രയാസം. വഴുതി പൊയ്ക്കൊണ്ടിരുന്ന വാക്കുകൾ. ക്ഷീണാവസ്ഥ വാക്കുകളിൽ സ്പഷ്ടമായിരുന്നു.

അനിയൻ കുട്ടി, നിങ്ങൾക്ക് സുഖമല്ലേ? ചേച്ചിയ്ക്ക് പാലപ്പവും മുട്ടക്കറിയും, അരച്ചുവെച്ച മീങ്കറിയും കഴിക്കാൻ ഭയങ്കര ഒരു ആഗ്രഹം. നിങ്ങളോടല്ലാതെ ഇനി ഈ ചേച്ചി ഈ ജീവിതത്തിൽ ആരോടാ പറേകാ ഇതൊക്കെ? ബുദ്ധിമുട്ടാവില്ലെങ്കിൽ അനിയത്തി കുട്ടിയോട് പറഞ്ഞ് കുറച്ചു ഉണ്ടാക്കി കൊണ്ടു വരുമോ!
അനിയൻ കുട്ടിക്ക് കരച്ചിൽ വന്നു. ചേച്ചി, ഇന്നു തന്നെ കൊണ്ടുവരാം ചേച്ചി. വേറെ എന്തെങ്കിലും വേണോ? എങ്ങിനെയുണ്ട് ഇപ്പോ ചേച്ചി?

അതിന് മറുപടി ഒന്നും പറയാതെ ചേച്ചി ഫോൺ നേർസിന്റെ കൈയ്യിൽ കൊടുത്തു. അവിടെ ചെല്ലുമ്പോൾ ആ നേർസിനെ കാണാനാണെന്നു പറഞ്ഞാൽ മതി, ചേച്ചിയുടെ പേരു പറയുകയോ ചോദിക്കുകയോ ചെയ്യരുത്, അതുപോലെ രാത്രി 8 മണി കഴിഞ്ഞിട്ട് ചെന്നാൽ മതി എന്ന് താക്കീത് നൽകി അവർ ഫോൺ നിർത്തി

അന്ന് വെള്ളിയാഴ്ച ആയിരുന്നു. പറഞ്ഞ പ്രകാരം അവിടെ ചേച്ചി പറഞ്ഞത് എല്ലാം ഉണ്ടാക്കി കൊണ്ട് കൊടുത്തു. ആ നേർസ് കൂടെ കൊണ്ടു പോയി ചേച്ചിയെ കാണിച്ചു. മയക്കത്തിലായിരുന്നു. തനിയെ എണീക്കാൻ തന്നെ പ്രയാസം. പിടിച്ചിരുത്തി. ക്ഷീണമായിരുന്നെങ്കിലും ചേച്ചി നിർത്താതെ സംസാരിച്ചു. വർഷങ്ങളായി കാണാതിരുന്നു കണ്ട സന്തോഷത്തോടെ. ഒരുമിച്ചിരുന്നു ഏറെ നാളായില്ലെ ഭക്ഷണം കഴിച്ചിട്ട് എന്നു പറഞ്ഞ ചേച്ചി അവരുടെ കൂടെ അവർ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു.

അച്ചായൻ പലപ്പോഴും വിവാഹമോചന കരാറുമായി വന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുമെന്ന് പറഞ്ഞു. അതൊപ്പിട്ട് കൊടുത്തിട്ട് തന്റേയും അനിയത്തി കുട്ടിയുടേയും കൂടെ വന്ന് താമസിക്കാൻ അനിയൻ കുട്ടി വീണ്ടും വീണ്ടും പറഞ്ഞ് നോക്കി. സ്വന്തം മകൾ അമ്മയറിയാതെ കല്യാണം കഴിച്ചെങ്കിലും അമ്മയെ പോലെ ഡിവേർസ് ചെയ്തു എന്നൊരിക്കൽ പറയരുത് എന്ന വാശി ആ മനസ്സിലുണ്ടെന്നും അതുകൊണ്ടാണ് കരാറിൽ ഒപ്പ് വെയ്ക്കാത്തതെന്നും ചേച്ചിയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. അതിനുമപ്പുറം, ഒരു നാൾ തന്റെ മകൾ തെറ്റ് മനസ്സിലാക്കി, തന്റെ അമ്മയുടെ സ്നേഹം മനസ്സിലാക്കി തിരികെ വരുമെന്ന് അവർ സ്വപ്നം കണ്ടിരുന്നു. അല്ല അങ്ങിനെ വിശ്വസിച്ചിരുന്നു. അതിനായി ജീവിക്കണം. തന്റെ മകൾക്ക് കിട്ടേണ്ട സ്വത്ത് അവൾക്ക് കിട്ടണം. അതിനായി മാത്രമാണ് ഇനി ജീവിക്കുന്നത് എന്നു പറയുമ്പോൾ ഒരമ്മയുടെ മനസ്സും ആ സ്നേഹത്തിന്റെ ആഴവും അനിയൻ കുട്ടി മനസ്സിലാക്കി. എത്ര പവിത്രവും പുണ്യവുമാണ് ആ മനസ്സെന്ന് അനിയൻ കുട്ടി ഓർത്ത് പോയി! 

എന്നാൽ അനിയൻ കുട്ടിയുടെ ആവർത്തിച്ചുള്ള നിർബ്ബന്ധത്തിന്റെ അർത്ഥം മനസ്സിലാക്കി അങ്ങിനെയെങ്കിൽ അങ്ങിനെ എന്ന് ചേച്ചി ഒരുവിധം അവനോട് സമ്മതിച്ചു. പക്ഷെ കൂടെ വരാനുള്ള ക്ഷണത്തിനു ഒരല്പം അവധി കേണു. കാരണം, ആ അവസ്തയിൽ എവിടെ പോയാലും താൻ ഒരു ഭാരമാവുമെന്നും, സ്വന്തമായി എണീക്കാൻ പറ്റിയാൽ, സ്വന്തമായി കാര്യങ്ങൾ കുറേയൊക്കെ ചെയ്യാൻ പറ്റിയാൽ തീർച്ചയായും അനിയൻ കുട്ടിയുടേയും അനിയത്തി കുട്ടിയുടേയും കൂടെ വന്നു നിൽക്കാം എന്നും പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് അന്നവർ പിരിഞ്ഞത്.

ഞായറാഴ്ച ചേച്ചിക്കായി പള്ളിയിലും വൈകീട്ട് അമ്പലത്തിലും പോയി പ്രാർത്ഥിക്കാൻ അനിയൻ കുട്ടിയും അനിയത്തി കുട്ടിയും തീരുമാനിച്ചു. ഞയറാഴ്ച രാവിലെ അടുത്തുള്ള പള്ളിയിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഒരു ഫോൺ വന്നു, അത് വെള്ളിയാഴ്ച കണ്ട നേർസിന്റെ ആയിരുന്നു. ഫോണിൽ കിട്ടിയ വാർത്ത കേട്ട്, വാട്ട്, ഓ മൈ ഗോഡ് എന്നു പറഞ്ഞു സോഫയിലേക്ക് ഇരുന്നത് മാത്രം അനിയൻ കുട്ടിക്ക് ഓർമ്മയുണ്ട്. ഭാര്യ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് പരിസരബോധം വന്നത്. അനിയത്തി കുട്ടിയോട് ഇത്രമാത്രം പറഞ്ഞു,

പോകാം പള്ളിയിലേക്ക്. ചേച്ചിയുടെ രോഗശാന്തിക്കായല്ല, ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ!
അതെ, അവന്റെ ചേച്ചി പോയി, അവനോടൊത്ത് അവൻ കൊടുത്ത അവസാനത്തെ അത്താഴവും കഴിച്ചു അന്ത്യയാത്ര പറഞ്ഞു! ഞയറാഴ്ച രാവിലെ മുറിയിൽ ചെന്ന നേർസ് കണ്ടത്, സീലിങ് ഫാനിൽ തൂങ്ങി നിൽക്കുന്ന ചേച്ചിയുടെ മൃതദേഹമാണ്!
എന്നാൽ അന്ത്യയാത്ര പറഞ്ഞതാണോ അതോ ആരെങ്കിലും പറഞ്ഞയച്ചതാണോ എന്നത് ഇന്നും അനിയൻ കുട്ടിയിൽ ഒരു ചോദ്യഛിന്നമായി അവശേഷിക്കുന്നു. കാരണം ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളുടെ അവിരാമ നിരകൾ തന്നെ.

ഇതായിരുന്നു സൂസിച്ചേച്ചി മനസ്സിൽ കണക്കു കൂട്ടിയിരുന്നതെങ്കിൽ അത്, എന്നേ ആകാമായിരുന്നു. എന്തിനു ഇത്രയധികം അസഹനീയാവസ്ഥകൾ തരണം ചെയ്യാൻ തുനിഞ്ഞു? ചേച്ചിയുടെ മനസ്സറിഞ്ഞവനാണ് അനിയൻ കുട്ടി. ഒരിക്കലും അങ്ങിനെ ചേച്ചി ചെയ്യുമെന്ന് അവൻ ഇന്നും വിശ്വസിക്കുന്നില്ല. ചേച്ചിയെ അവസാനമായി കണ്ട വെള്ളിയാഴ്ച ഏറെ സംസാരിച്ചവനാണ് അവൻ. അന്നത്തെ സംസാരത്തിൽ ശുഭാപ്തി വിശ്വാസങ്ങൾ മാത്രമെ ചേച്ചിയിൽ തെളിഞ്ഞ് നിന്നിരുന്നുള്ളു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതും ഫാനിൽ തൂങ്ങി? എണീക്കാൻ പോലും ശേഷി കുറവുള്ള ചേച്ചിക്ക് സ്വയം ഫാനിൽ തൂങ്ങാനുള്ള ശക്തി എവിടെ? ഒരിക്കലും അത് സാധിക്കില്ലെന്ന് അവനറിയാം. അതിനുമപ്പുറം, ആ സംഭവം നടന്നതോ, വിവാഹമോചന കരാർ ഒപ്പു വെയ്ക്കാമെന്ന് കരുതിയ ഞയറാഴ്ചയുടെ തലേ രാത്രി! കരാറിൽ ഒപ്പുവെയ്ക്കാൻ ആള് ജീവനോടില്ലെങ്കിൽ ലാഭം ആർക്കാ! ഇനി അഥവാ അങ്ങിനെ സംഭവിച്ചെങ്കിൽ അതൊരു അപകട മരണമായി കണക്കാക്കി ഛിന്നശവനിരീക്ഷണത്തിന് മൃതദേഹം വിധേയമാക്കേണ്ടതല്ലേ? അതുണ്ടായില്ല! ആരുടെയൊക്കെയോ ചരടുവലികൾ ഇതിനു പുറകിൽ ഉണ്ടെന്നതിനു ആ പ്രക്രിയ ഒഴിവാക്കൽ ഉത്തരമായിരുന്നു. ആരുടെയൊക്കെയോ കണക്കു കൂട്ടലുകൾ ആ അന്ത്യവിശ്രമത്തിന് പുറകിലുണ്ടെന്നത് ഒരിക്കലും തെളിയാത്ത ഒരു സത്യമായി അവശേഷിച്ചു.

ഇനി ആരുടെ കൈകളാണ് അതിനു പിന്നിലുള്ളതെന്നു തെളിയിച്ചാലും എന്നെന്നേക്കുമായി മൺമറഞ്ഞു പോയ തന്റെ സൂസിച്ചേച്ചി തിരിച്ചു വരില്ലയെന്ന യാഥാർത്ഥ്യവും ജീവൻ ദാനമായി കിട്ടിയ പലരുടേയും ജീവിതങ്ങൾ നഷ്ടമാവാൻ അതു കാരണമായേക്കുമെന്ന ചിന്തയും അവനെ ഇന്നും ഒരു മൌനിയാക്കി ജീവിപ്പിക്കുന്നു! അല്ലെങ്കിൽ അതായിരിക്കാം നന്മ മാത്രം നിറഞ്ഞ സൂസിച്ചേച്ചിയുടെ ആത്മാവ് അവനോട് ഉപദേശിച്ചത്.....!

നിസ്സാഹരായി, നിരാലംബരായി, മൌനികളായി ജീവിതം ബലി കൊടുക്കേണ്ടി വരുന്ന സ്ത്രീ എന്ന അബലജന്മങ്ങൾക്ക് മുൻപിൽ ഈ ലിഖിതം സമർപ്പിച്ചു കൊള്ളട്ടെ

-കപിലൻ-