Monday, January 6, 2020

തിരുമധുരം


ഓർക്കുന്നവനിന്നും പിന്നിട്ട ബാല്യകാലം
ഓർക്കുന്നവനുടെ കുസൃതിയും കസർത്തും
ഓർമയുണ്ടിന്നും അക്കാല ചാപല്യങ്ങൾ
ഓർമിക്കുമിന്നുമന്നത്തെ കുട്ടിക്കുറുമ്പുകൾ

നാമം ചൊല്ലിച്ചൊല്ലി മനനം കൊണ്ടപോൽ
ഉറക്കം തൂങ്ങി മൂക്കും കുത്തി വീണ വീഴ്ചകൾ
ഉറക്കം നടിച്ചവൻ ഊണുമേശമേൽ ചെരിയും
അമ്മ മാറിലേറ്റിക്കൊണ്ടു പോയുറക്കുവാൻ

കട്ടിലിലൊരു ഭാഗത്തായ് കിടത്തുമമ്മയവനെ
 ഉറക്കത്തിലവനറിയാതെ മദ്ധ്യസ്ഥാനിയായിടും
അമ്മയുടെ മാറിലെ ചൂടേറ്റുറങ്ങാൻ കൊതിച്ചവൻ
അച്ഛനമ്മ കുശലമൊരു താരാട്ടായ് നിനച്ചവൻ

അമ്മയ്ക്കൊപ്പം നിർമാല്യം തൊഴുതനാളുകൾ
അമ്പലപ്പായസം നാവിലൂറിയ കൊതി കാരണം
പ്രസാദപ്പൂവിതൾ അമ്മമുടിയിഴയിൽ ചൂടിക്കവേ
അമ്മയെ കാക്കാൻ ഉണ്ണിക്കണ്ണനോടോതുമവൻ

ആറാം വയസ്സിൽ കണ്ടവൻ മുത്തച്ഛൻ മരണം
ഈറനുടുത്തമ്മാവനോടൊപ്പമവൻ ബലിയൂട്ടി
ബലിക്കാക്കക്കായ് കൈകൊട്ടിയ ഉരുളച്ചോർ
അമ്പലപ്പായസ വറ്റെന്നു കരുതി രുചിച്ചവൻ

കർമങ്ങൾക്കായ് കുളിപ്പിച്ച്  കോടിയണിയിച്ച്
തെക്കോട്ടാക്കി കിടത്തി വീട്ടർ ചുറ്റിനിരിക്കവെ
നിഷ്കളങ്കനവൻ കുലുക്കി വിളിച്ചേറെ ജഡത്തെ
കൂടെകളിക്കാൻ, കൈയ്യിൽ പന്തും ബാറ്റുമായി

ഉണ്ണിയന്നു മിഥ്യയെ സത്യമെന്നു ധരിച്ചുപോയി
ദൂരേക്കാണും മരനിരയും മാനത്തെയമ്പളിമാമനും
കാറിനൊപ്പമോടിടും മിഥ്യ കണ്ടു മതിവരാതെ
യാത്രകൾക്കാദ്യം തയ്യാറാവുമെന്നും ബാലനവൻ

അന്നൊക്കെ കരുതിയവൻ ജീവിതത്തിലാകെ
കളയാതെ സൂക്ഷിക്കാനവനാകെ രണ്ട് കാര്യം
ആറം വിഷുവിനമ്മ നൽകിയ സ്കൂൾ ബാഗും
പത്താം പിറന്നാളിനച്ഛന്റെ വക സൈക്കിളും

പെരുംമഴയത്ത് ഒറ്റക്കുടകീഴിൽ സഖിയുമൊത്ത്
വഴുതി വീഴാതെ തൊട്ടുരുമ്മി നടന്നൊരാ വരമ്പും
കടവിൽ തോണിയില്ലാ സമയം, കടലാസു കീറി
കളിവഞ്ചി തീർത്തവൻ പുഴയിലൊഴുക്കിയ രസവും

വിരുന്നു വരുന്നെന്നു കേട്ടാലവൻ ഇളകിമറിയും
അതിലേറെയിഷ്ടം അമ്മയുണ്ടാക്കും പലഹാരം
വിരുന്നു വന്നവർ പോയാലോ, തുള്ളിച്ചാടുമവൻ
ബാക്കി പലഹാരം തീർക്കാൻ അവനല്ലേയുള്ളു?

കാലത്തുണർത്തിയാലുമുറക്കം നടിക്കുമവൻ
പുതച്ചു മൂടി ലോകമറിയാതെയുള്ളൊരുറക്കവും
അമ്മ വിളിച്ചാൽ ഉണ്ടാക്കിപ്പറയും പനിയും
സ്കൂളു മുടക്കാൻ അങ്ങിനെയെത്ര വിരുതുകൾ!

ടയറുരുട്ടി ഓടിനടക്കാനൊരു പഴയ ടയറിനായ്
അച്ഛന്റെ സൈക്കിൾ പഞ്ചറാവാൻ മോഹിച്ചവൻ
വഴുവഴുക്കും വയൽ വരമ്പും കുടുസാം നീരിടവഴിയും
ടയറുരുട്ടൽ വിദ്യകൾക്കവനു ഗുരുക്കളായ് മാറി

വർഷകാലക്കുളിരിൽ ഒളിവെയിൽ പടരും നേരം
കാത്തുനിന്നവൻ മതിയാവോളമാസ്വദിക്കാൻ
കാർമുകിലിനപ്പുറം മാനം നിറയും മഴവില്ലിനായും
കളിമണ്ണിന്റെ ഗന്ധം പടർത്തും നീർചാറ്റലിനായും

കീശയിലെ നാണയത്തുട്ടുകൾക്കവധി നൽകി
ക്ലാസ്ബെല്ലിനു ശേഷമുള്ളൊരിടവേള നോക്കി
കീശയിൽ നാണയത്തുട്ടുകൾ കാത്ത ദിനങ്ങളും
ഐസു വാങ്ങാൻ കടയിലേക്കോടിയ വേളകളും

മാമ്പൂ മണക്കും മാവിൻ തോപ്പിലെ കുസൃതിയും
അവനെറിഞ്ഞ കല്ലിനു വഴങ്ങിയ കിളിച്ചുണ്ടനും
ഇല്ലത്തെ കുട്ടിക്കായ് കരുതിയ മാമ്പഴപ്പൊതിയും
മാമ്പഴം പങ്കിടാനായവന്റെ ബാല്യകാല സഖിയും

മണൽചാക്കു കേറ്റി സൈക്കിൾ ബാലൻസ് നേടി
പുറകിലിരിക്കാൻ ബാല്യസഖിയെ ക്ഷണിച്ചവൻ
സഖിയെ കയറ്റിയാദ്യ യാത്രയെങ്ങിനെ മറക്കും
പൂഴിമണ്ണിൽ മറിഞ്ഞതും ആദ്യാലിംഗനരായതും!

പ്രണയമെന്തെന്നറിയാത്ത ബാല്യക്കാലപ്രേമവും
പരിഭവം വന്നതും പോയതുമറിയാത്ത സ്നേഹവും
മനസ്സിലുണർന്ന  കുഞ്ഞിക്കൊലുസ്സിന്റെ നാദവും
കണ്ണടപ്പിച്ച് നുണക്കുഴിയിൽ കൊടുത്തൊരുമ്മയും

ബാല്യകാലത്തവൻ വെമ്പി, അതിവേഗം വളരാൻ
വളർന്നു വലുതാവാൻ, ബാല്യം തരാത്തതു നേടാൻ
വളർന്നു വലുതായവൻ, കാലം പോയതറിയാതെ
നേടിയവൻ കൊതിച്ചതൊക്കെയും, അതിനപ്പുറവും

ബാലനാം ഉണ്ണിയോട് പണ്ട് ചോദിച്ചു പലരും,
ആരാവണം? ഉണ്ണിക്കെന്തു നേടണമീ ലോകത്ത്
അന്നതിനുത്തരമില്ലാത്ത ഉണ്ണിക്കിന്നുണ്ടുത്തരം
നഷ്ടമായ ബാല്യമവനു തിരിച്ചു കിട്ടണമത്രേ

ഏങ്ങലടിച്ചു തേങ്ങിക്കൊണ്ടവൻ കേണുപറഞ്ഞു,
എനിക്കെന്റെ ബാല്യം ചില്ലിട്ടു വെയ്ക്കണം ഭിത്തിയിൽ
നേടിയ നഷ്ടങ്ങൾ കൊണ്ടൊരു തിരി തെറുത്ത്
നഷ്ടപ്പെട്ട ലാഭത്തിനായൊരു ദീപം കൊളുത്താൻ!

-കപിലൻ-

No comments:

Post a Comment