Wednesday, October 20, 2021

അങ്ങിനെയും ഒരതിഥി

 

വൈകുന്നേരം ഒരല്പം ടെന്നീസ് വ്യായാമത്തിനായി അനുഷ്ഠിച്ചിരുന്ന കാലം. ഒരു ദിവസം ടെന്നീസിനുള്ള പോക്ക് മുടങ്ങിയാൽ ദിസവം പൂർണ്ണമായില്ലെന്ന തോന്നലാണ്. മഴയെ ശപിക്കാൻ പഠിച്ചതും അത്തരം മുടക്കങ്ങളിൽ നിന്നുമായിരുന്നു എന്ന് ഇന്നോർക്കുമ്പോൾ അന്നത്തെ കുട്ടിത്ത്വത്തെ ഓർത്ത് ഉൾചിരി കൊള്ളാറുണ്ട്. എന്നാൽ ഓഫീസിൽ നിന്നും നേരിട്ടുള്ള ആ പോക്ക് ഒരു ദിനചര്യയായി വർഷങ്ങളോളം നീണ്ടു നിന്നിരുന്ന ആ കാലം ഇന്നു ഓർമ്മയിൽ മാത്രം. വൈകുന്നേരമാവാനുള്ള കാത്തിരുപ്പ് ഒരു ടെന്നീസ് ഭ്രമം മാത്രമായിരുന്നോ? ആയിരുന്നില്ല. കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി ഒരു നറുവിശ്രമവേള പോലെ വീണു കിട്ടിയിരുന്ന അസുലഭനിമിഷങ്ങൾ! അതിന്നും കറ പുരളാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.

ക്ലബിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു അബുവിന്റെ ചായക്കട. അബുവിന്റെ ചായ ഒരു ചായതന്നെ ആയിരുന്നു. ചായയുടെ മേന്മയോ അതോ കളി കഴിഞ്ഞുള്ള ആലസ്യമോ ചായയുടെ രുചിയേറ്റിയിരുന്നത്? എന്നറിയില്ല. അവിടെ കയറി, ഒരു ചായയും കുടിച്ചു പതിവായി സമ്മേളിക്കാറുള്ള നാട്ട്കൂട്ടരുമൊത്ത് ഒരല്പ സമയം സല്ലപിച്ചില്ലെങ്കിൽ അന്നുറക്കം വരില്ലെന്ന പോലെ ആയിരുന്നു. അബുവിന്റെ ചായക്കടയുടെ അരികത്തായി ഒരു ചെരുപ്പ് കുത്തിയുടെ ഇരുപ്പിടം ഉണ്ടായിരുന്നു. റപ്പായിയെന്ന ചെരുപ്പ് കുത്തി.

മഴയും വെയിലും റപ്പായിക്ക് ഒരു പ്രശ്നമല്ലായിരുന്നു. അതിൽ നിന്നെല്ലാം രക്ഷ പ്രാപിക്കാൻ ഒരു ടാർപോളിൻ വലിച്ചു കെട്ടിയ ഒരു മേൽകൂര. എന്തോ അബുവിന്റെ കടയിൽ ചെല്ലുമ്പോഴെല്ലാം റപ്പായിയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാൻ കടയുടെ മുന്നിൽ സൈക്കിൾ നിർത്തുമ്പോൾ റപ്പായിക്കറിയാം. തല പൊന്തിച്ചു ഒരു നോട്ടവും ഒരു പുഞ്ചിരിയും എന്നും എനിക്കുള്ള സമ്മാനമായിരുന്നു. റപ്പായിയെ കാണാത്ത വൈകുന്നേരത്തിനു പറയാൻ അറിയാത്ത വിധം ഒരു മ്ലാനത തോന്നിയിരുന്നു. അബുവിനോട് എനിക്കുള്ള ചായ പറയുമ്പോൾ ആദ്യമൊക്കെ ഒന്ന് റപ്പായിക്കും വേണം എന്ന് പറയുമായിരുന്നു. അതൊരു ആവർത്തനമായപ്പോൾ അബു എന്നെ കാണുമ്പോൾ തന്നെ ഇങ്ങോട്ട് ചോദിക്കും. ചായ രണ്ടല്ലേ സാറേ? അതെയെന്ന് തലയാട്ടും. ഒരു കൈക്കുമ്പിളിൽ രണ്ടു ചായ എനിക്ക് നീട്ടും അബു. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ അബുവിന്റെ കൈയ്യിനു ചൂടറിയില്ലേ?

ഒരുവട്ടം അബുവിനോട് അത് ചോദിക്കുകയും ചെയ്തിരുന്നു. ഉത്തരമായി നൽകിയത് ഇന്നും ഓർക്കുന്നു.

സാറേ ഈ നാട്ടിൽ അതിജീവിക്കാൻ തൊലിക്കട്ടി നിർബ്ബന്ധമല്ലേ? അതൊരൽപ്പം അബുവിനു കൂടുതലാ. അപ്പൊ ചൂടേൽക്കത്തില്ല.

തനിക്ക് നീട്ടുന്ന ആ രണ്ടു ചായയിൽ ഒന്നു റപ്പായിക്ക് കൊണ്ട് ചെന്നു കൊടുക്കും. ആദ്യ ദിവസം കൊടുത്തപ്പോൾ മടിയിലെ കീശയിൽ ചില്ലറ തപ്പുന്നത് കണ്ടു. ഞാൻ വിലക്കി. ചായ സൌഹൃദം പതിവായപ്പോൾ പിന്നെ ചില്ലറ തപ്പാറില്ല റപ്പായി. പകരം കൈകൾ കൂപ്പി രാണ്ടാമത്തെ ഒരു പുഞ്ചിരിയായി അത് മാറി. അങ്ങോട്ടുമിങ്ങോട്ടുമുള്ള ആ ചിരിയിൽ ഞങ്ങളുടെ അടുപ്പം മനസ്സുകളിൽ ഏറി വന്നു. മറ്റൊരു സംസാരവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ചായ സൽക്കാരത്തിലപ്പുറം എന്റെ ടെന്നീസ് ഷുവിന്റെ സോളിനു തേയ്മാനം വരുമ്പോൾ അത് റപ്പായിക്കു കൊടുക്കും. റപ്പായി അത് നന്നാക്കി മറിച്ചു വിൽക്കും!

അങ്ങിനെ സായംസന്ധ്യകൾ പൊഴിയവെ പെട്ടെന്നു ഒരു ദിവസം റപ്പായിയുടെ കൂടാരം ശൂന്യമായി കാണാനിടയായി. ആ ശൂന്യത ഒന്നിൽ നിന്നും പല ദിനങ്ങളായി വ്യാപിച്ചു.. അതോടൊപ്പം സന്ധ്യകളുടെ മ്ലാനതയും ഏറി വന്നു. മൂന്നു നാലു ദിവസം റപ്പായിയെ കാണാതായപ്പോൾ അബുവിനോട് അന്വേഷിച്ചു. അബു കൈകൾ മലർത്തി കാണിച്ചു. എന്തോ റപ്പായിയുടെ രൂപം മായാതെ തന്റെ മനസ്സിൽ നിശബ്ദമായി രോദനമുയർത്തി.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കൂട്ടുകാർക്ക് മറ്റെന്തോ പരിപാടിയുണ്ടായിരുന്ന കാരണം കളിയില്ലായിരുന്നു. എന്നാലും ഓഫീസിൽ നിന്നും വരുന്ന വഴി അബുവിന്റെ കടയിൽ കയറി. അന്നും റപ്പായിയുടെ ഇരുപ്പിടം ശൂന്യം. അബുവിനോട് റപ്പായിയുടെ താമസസ്ഥലം എവിടെയെന്നു തി)രക്കി. അബുവിനു അറിയാത്ത കാരണം, കുശിനിക്കാരനായ രാഘവനോട് ചോദിച്ചു. രാഘവനു കൃത്യമായി പറഞ്ഞു തരാൻ കഴിഞ്ഞില്ലെങ്കിലും തട്ടിക്കൂട്ടി എവിടെയായിരിക്കും എന്നു പറഞ്ഞു. അപ്പറഞ്ഞ കവലയിൽ ചോദിച്ചാൽ അറിയുമായിരിക്കും എന്നും പറഞ്ഞു. ആ അന്വേഷണ ചാതുര്യം കണ്ട അബു ചോദിച്ചു, എന്തിനാ സാറേ ഇത്രയ്ക്ക് വേവലാതിപ്പെടുന്നത്? ചായ സൽക്കാരത്തിനാണെങ്കിൽ ഞാൻ മറ്റൊരാളെ കണ്ടു പിടിക്കാം സാറേ.

അതിനു മറുപടിയൊന്നും പറയാതെ ഞാൻ കട വിട്ടിറങ്ങി. രാഘവൻ പറഞ്ഞ കവല ലക്ഷ്യമാക്കി വാഹനം വിട്ടു. ആ കവലയിൽ ഒരു പലചരക്ക് കട തുറന്നിരിക്കുന്നത് കാണാനിടയായി. വാഹനം നിർത്തി, ആ കടയിൽ ചെരുപ്പു കുത്തി റപ്പായിയെ കുറിച്ചു അന്വേഷിച്ചു.

റപ്പായിയുടെ വാസസ്ഥലം മനസ്സിലായി. എന്നാൽ നടന്നു പോകണം ഒരു മൈലോളം. നടന്നു. ആകാംഷയോടെ, പ്രത്യാശയോടെ! പറഞ്ഞു തന്നതനുസരിച്ചു ചെന്നെത്തിയത് ഒരു ചെറിയ കുടിലിന്റെ മുന്നിൽ. അങ്ങുമിങ്ങും ഉന്തി നിൽക്കുന്ന ഓലകൾ കണ്ടാലറിയാം പെരുമഴയുടെ വെള്ളം അകമെ കഴിഞ്ഞുള്ളതെ പുറമെയ്ക്കുണ്ടാവു എന്ന്. മുട്ടിവിളിക്കാൻ വാതിലില്ലാത്ത ആ കൂരയുടെ മുൻപിൽ നിന്നു, തല അകത്തേയ്ക്ക് നീട്ടി വിളിച്ചു ചോദിച്ചു

ഇവിടെ ആരുമില്ലേ? ഇത് റപ്പായിയുടെ വീടാണോ? മൂന്നു വട്ടമെങ്കിലും ആ ചോദ്യം ആവർത്തിച്ചപ്പോൾ ഒരു നേർത്ത സ്വരത്തിൽ അകമെ നിന്നും ഒരു നീണ്ട ചുമയുടെ അന്തിഭാഗമായി ഒരു ചോദ്യം മറുപടിയായി.

ആരാത്? എണീക്കാൻ വയ്യാണ്ട് കിടപ്പാ റപ്പായി. ഓളു ഇവിടില്ലാ. പിന്നെ വന്നാ മതി. പിന്നെയും ചുമയുടെ ഘോഷയാത്ര.

അതെ അത് റപ്പായിയുടെ സ്വരം തന്നെ. പക്ഷെ, എതോ ഒരു വല്ലാത്ത പന്തികേടുള്ള പോലെ തനിക്ക് തോന്നി. ഇത്രത്തോളം വന്നിട്ട് റപ്പായിയെ കാണാതെ പോവുകയോ? അത് എന്തായാലും പറ്റില്ല എന്ന് തീരുമാനിച്ചു. കാലുകൾ അകത്തേക്ക് തെളിച്ചു. വൈകുന്നേരമായതിനാൽ മങ്ങിയ വെളിച്ചം മാത്രം. തറയിൽ ഒരു വശത്തായി, ഒരു പായയിൽ റപ്പായി ഒരു കഷ്ണം കമ്പിളി പോലെ തോന്നിക്കുന്ന തുണികൊണ്ട് പുതച്ചു ചുരുണ്ടു കൂടി കിടക്കുന്നു.

ഞാൻ അകത്തു കയറി ചെന്നത് റപ്പായി അറിഞ്ഞിരുന്നില്ല. അതു മനസ്സിലാക്കിയ ഞാൻ അങ്ങോട്ട് ചോദിച്ചു.

എന്താ റപ്പായി, സുഖമില്ലേ? എന്തു പറ്റി?

ശബ്ദം കേട്ടത് അരികത്ത് നിന്നാണെന്നു റപ്പായി മനസ്സിലാക്കി എന്ന് തോന്നുന്നു. പുതപ്പ് മുഖത്ത് നിന്നും മാറ്റി തുറിച്ചു നോക്കി. അരണ്ട വെളിച്ചത്തിൽ മനസ്സിലായില്ലെന്ന് തോന്നി. നെറ്റി ചുളിച്ചു വീണ്ടും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ താൻ അരികത്തേക്ക് നീങ്ങി വീണ്ടും പരിചയപ്പെടുത്തി.

ഇത് ഞാനാ, എന്നും വൈകുന്നേരം അബുവിന്റെ കടയിൽ വരാറുള്ള, ചായ തരാറുള്ള സുഹൃത്ത്!

ഒരു മിനിറ്റ് റപ്പായി ഒന്നും മിണ്ടിയില്ല. കൈ കുത്തി മുഖം താഴ്ത്തി അങ്ങിനെ ഇരുന്നു. ഞാൻ കരുതി മനസ്സിലായിക്കാണില്ല എന്ന്. കാരണം ചായ കൊടുക്കലിൽ കവിഞ്ഞു ഞങ്ങൾ തമ്മില്ലുള്ള ചങ്ങാത്തം എന്നു പറഞ്ഞാൽ അത് നിശബ്ദതയിൽ മുഴുകിയതായിരുന്നല്ലോ? ഞാൻ ഒന്നു കൂടി പരിചയപ്പെടുത്താം എന്നു കരുതി, തന്നെ കൂടുതൽ അടുത്ത് കണ്ടോട്ടെ എന്നു കരുതി, ആ തറയിൽ ഞാൻ ഇരുന്നു. അങ്ങോട്ട് പറയുവാൻ വായനക്കിയതെ ഉള്ളു. വിങ്ങി, വിങ്ങി, തേങ്ങി തേങ്ങി ആ കൈകൾ കൂപ്പി റപ്പായി ഒരൊറ്റ കരച്ചിൽ! താൻ ഭയപ്പെട്ട് പോയി. കൈകൾ ഉയർത്തി, റപ്പായിയുടെ കൈകൾ കവർന്നു.  ആ തേങ്ങുന്ന മനസ്സിനെ തന്റെ മാറോടണച്ചു ഒന്നാശ്വസിപ്പിക്കാൻ!

ഞാൻ ആ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു, എന്തു പറ്റി റപ്പായി. എന്തിനാ കരയുന്നത്?

എല്ലുകൾ ഉന്തിയ രോമാവൃതമായ ആ ക്ഷീണിച്ച മുഖം ഉയർത്തി, എന്റെ കണ്ണുകളിലേക്ക് ഇമവിടാതെ നോക്കി ആ പാവം. കണ്ണുകളിൽ നിന്നും ധാര കവിയുന്നു. ഞാൻ ആ കണ്ണുനീരു തുടച്ചു. എന്നിട്ട് പറഞ്ഞു, കരയല്ലേ റപ്പായി. ഞാൻ വന്നല്ലോ? എന്തു പ്രയാസമാണെങ്കിലും നമുക്ക് വഴി കാണാം.

ആ പാവം തന്നെ നോക്കി തേങ്ങിക്കൊണ്ട് പറഞ്ഞു, റപ്പായിക്ക് ഇനി ഒന്നും വേണ്ട സാറേ. എഴുപത് വർഷം റപ്പായി ജീവിച്ചു. ഇന്നാണ് ആദ്യമായി റപ്പായിക്കൊരു വിരുന്നുകാരൻ വന്നത്. ആദ്യമായാണ് റപ്പായിയോട് മറ്റൊരാൾ ചോദിക്കുന്നത്, റപ്പായിയുടെ സൌഖ്യം. ആദ്യമായാണ് സഹായിക്കാൻ ഒരു മനസ്സ് റപ്പായിക്ക് മുൻപിൽ വന്നത്. അതേ എഴുപത് വർഷം ജീവിച്ചു തീർത്തപ്പോൾ ഇന്നാദ്യമായി....! അത് പറഞ്ഞു മുഴുമിപ്പിക്കുവാൻ ആ പാവത്തിനു കഴിഞ്ഞില്ല.

അതു മതി ഈ റപ്പായിക്ക്. സാറ്, വന്നല്ലോ ഈ റപ്പായിയെ ഒന്നു കാണാൻ. സാറ്, ഈ റപ്പായിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതനാണ്. സാറു തന്നിരുന്ന ഓരോ ദിവസത്തേയും ചായയായിരുന്നു ഈ റപ്പായിയുടെ വരും ദിവസത്തെ പ്രതീക്ഷകൾ. ആ ചായ തരുന്ന കൈകൾ കാണാൻ വേണ്ടി ഈ റപ്പായി ശ്വാസം മുട്ടിയാലും അവിടെ വന്നിരുന്നു. ഇന്നോളം ജീവിച്ചു കഴിച്ചു.. ഇതിലധികം റപ്പായിക്ക് ഒന്നും വേണ്ട. സന്തോഷായി സാറേ.

റപ്പായിയെ താൻ സമാധാനിപ്പിച്ചു.

റപ്പായിയുടെ എല്ലാ അസുഖങ്ങളും മാറും. ദാ ഇതു വെച്ചോളു. തന്റെ പോക്കറ്റിലേക്ക് പോയ കൈകൾ റപ്പായി. കടന്നു പിടിച്ചു.

വേണ്ട സാറെ. സാറിന്റെ ഈ സ്നേഹത്തേക്കാൾ വലുതായി റപ്പായിക്ക് ഒന്നുമില്ല. അതു കിട്ടി. മനസ്സ് നിറഞ്ഞു. റപ്പായിക്കു ഇനി ഒന്നും വേണ്ട സാറേ. സാറു പൊയ്ക്കോളു

പണം പിടിച്ചേൽപ്പിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ താൻ എണീറ്റു. റപ്പായിയോട് പറഞ്ഞു, എന്നാൽ ശരി. പണം തരുന്നില്ല. ഞാൻ നാളെ വരും. മറുത്തൊന്നും പറയരുത്. എന്റെ കൂടെ ആശുപതിയിൽ വരണം. നമുക്ക് വൈദ്യനെ കാണണം. കേട്ടല്ലോ?

റപ്പായി തലയാട്ടി എന്നെനിക്ക് തോന്നി. ഞാൻ ഇറങ്ങി നടന്നു. ആ മടക്കയാത്രയിലും ആ രാത്രി മുഴുവനും റപ്പായിയുടെ ആ വാക്കുകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. റപ്പായിയുടെ ആദ്യത്തെ അതിഥി! അതെ ആദ്യത്തെ അതിഥിയാവാനുള്ള എന്റെ ഭാഗ്യത്തെ ഓർത്ത് ഞാൻ അഭിമാനം കൊണ്ടു!

പറഞ്ഞ പോലെ ഞാൻ പിറ്റെദിവസം ഉച്ചയോടെ ആ കുടിലിൽ വീണ്ടുമെത്തി, റപ്പായിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ. പുറമെ നിന്നും വിളിക്കാൻ മിനക്കെട്ടില്ല. നേരെ അകത്തേയ്ക്കു്‌ കയറി. അകത്ത് ആരുമില്ല. റപ്പായിയുടെ ശൂന്യമായ പായയും, ചുരുണ്ടു കൂടി കിടക്കുന്ന പുതപ്പു കഷ്ണവും.

ഞാൻ പുറത്തേക്കിറങ്ങി. അയൽവക്കത്ത് വീട്ടിൽ ഒരു സ്ത്രീ വസ്ത്രങ്ങൾ നനക്കുന്നു. വേലിയെന്നു പറയത്തക്കതായിട്ടൊന്നും ഇല്ല. കുറേ കൊമ്പുകൾ കെട്ടിപ്പടുത്ത ഒരതിർത്തിരേഖ! അതിന്റെ അരികത്ത് ചെന്നു ശബ്ദമുയർത്തി ചോദിച്ചു.

ഈ റപ്പായിയുടെ വീട്ടിലാരുമില്ലേ?

മുണ്ടലക്കുന്ന ശബ്ദത്തിനിടയിൽ ചോദിച്ചത് കേട്ടില്ലെന്നു തോന്നുന്നു. അവർ കൈകൊണ്ട് ചോദിക്കുന്നു, എന്തു വേണം എന്നു? ഞാൻ ചോദ്യം ആവർത്തിച്ചു.

അവർ പറഞ്ഞു, അയ്യോ ഇന്നലെ രാത്രി കുരയോടെ കുരയായിരുന്നു. ഇന്നു രാവിലെ റപ്പായിയുടെ പെങ്ങളുപെണ്ണ് വന്നപ്പോൾ കുഴഞ്ഞു കിടക്കുന്നു.നാട്ടുകാരെല്ലാം കൂടി ആശുപത്രിയിൽ കൊണ്ടു പോയി. ഫലമുണ്ടായില്ല സാറേ? ചികിത്സിക്കാൻ കാശു വേണ്ടേ? കാശു കെട്ടാതെ ആശുപത്രീലു കെടത്തില്ലല്ലൊ. നാട്ടുകാരു അവിടെ ഇട്ടിട്ടു പോന്നു.

ഞാൻ നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെ ചെന്നു പേരു പറഞ്ഞു തിരക്കി. അങ്ങിനെ ഒരാൾ അവരുടെ പട്ടികയിൽ ഇല്ല. കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ചോദിച്ചു. ആർക്കും ഒരു പിടിയുമില്ല, ആരൊട്ടു കണ്ടിട്ടുമില്ല. ഒരു അവസാന ശ്രമമെന്ന രീതിയിൽ മോർച്ചറിയുടെ ഭാഗത്തു ചെന്നു അവിടുത്തെ ശിപ്പായിയോട് ചോദിച്ചു. ആദ്യമൊന്നും ഗൌനം കാണിച്ചില്ല. ഒന്നു രണ്ടു നോട്ടുകൾ പോക്കറ്റിൽ കയറിയപ്പോൾ ചെവി തുറന്നു! വിവരണം എല്ലാം കേട്ടപ്പോൾ എന്നെ മോർച്ചറിയുടെ ഒരു കോണിലേക്ക് കൊണ്ടു പോയി. ഒരു ചാക്കു മൂടി കിടക്കുന്ന വിറങ്ങലിച്ച മാംസപിണ്ടത്തിലേക്ക് കൈ ചൂണ്ടി ഇതാണോ എന്നു ചോദിച്ചു. ഞാൻ ഒരു വട്ടമെ നോക്കിയുള്ളു. അതേ, തന്റെ റപ്പായി തന്നെ!

ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഏകനായ് വിധിയെഴുതപ്പെട്ട തന്റെ റപ്പായി. ഞാൻ ആ പ്യൂണിന്റെ കൈവശം ഒരു നൂറു രൂപ കൊടുത്തിട്ട് ആ ശവം സംസ്കരിക്കാൻ ഏർപ്പാടാക്കി.   ശൂന്യമനസ്സുമായി താൻ തിരികെ നടന്നപ്പോൾ മനസ്സിൽ ഓർത്തു.

 റപ്പായി, ഞാൻ നിന്റെ ആദ്യത്തെ അതിഥി മാത്രമല്ല. ഞാൻ തന്നെ നിന്റെ അവസാനത്തേയും അതിഥി! എഴുപതു വർഷത്തിൽ നിനക്കുണ്ടായ നിന്റെ ഒരേയൊരതിഥി. അങ്ങിനെയും ഒരതിഥി!

No comments:

Post a Comment