നിഴലുകളില്‍ ആരൂഢരാവുന്ന
ആത്മാക്കള്‍
പ്രതിസന്ധികള്‍ പരിമിതിയില്ലാതെ മുന്നില്‍ വന്നു കോമരമാടുന്ന നിമിഷങ്ങള്‍!
ഒരിക്കലെങ്കിലും മനസിനെ ചാഞ്ചല്ല്യമാടിക്കാത്ത ഈവിധം അവസരങ്ങള്‍ ഒരിക്കലെങ്കിലും
നേരിട്ടിട്ടെ ഏതൊരാത്മാവിനും ഈ ലോകത്ത്
നിന്നും വിട പറയാന്‍ ഇന്നുവരെ കഴിഞ്ഞിട്ടുള്ളൂ. ഒരു പകലിന് ഒരു രാത്രിയെന്നോണം.
ഒരിറക്കത്തിന് ശേഷം ഒരു കയറ്റം മാതിരി. ഒരു മന്ദമാരുതന് ശേഷം ഒരു കൊടുങ്കാറ്റെന്ന
പോലെ. അതെ അങ്ങിനെ ഒരു ചുഴലിയില്‍ ഈ പ്രാണനും അടിമയായി ഈ അടുത്ത വേളയില്‍
അകപ്പെട്ടു! കപ്പലിലെ കപ്പിത്താനായതിനാല്‍ മനസ്സിന് കാഠിന്യം തീണ്ടിയ സഹചരുടെ
മുന്പില്‍ മന്ദഹാസം വിടര്‍ത്തേണ്ടി വന്നു. സാന്ത്വനവാക്കുകള്‍ ദാഹജലമായി നല്കി
മറ്റുള്ളവരെ ആശയുടെ ദീപശിഖ നീട്ടി ആ നറു വെളിച്ചത്തില്‍ മുന്നോട്ട് നയിക്കേണ്ടി വന്നു.
അപ്പോഴൊക്കെ സ്വമനസ്സിനെ തളച്ചിടുവാന്‍ പ്രേരിപ്പിച്ച ഒരേയൊരു ബലം, സന്ധ്യമയങ്ങും
സമയം വാകമരച്ചുവട്ടില്‍ എന്റെ വേതാളത്തെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയും വേതാളത്തില്‍
നിന്നും നാളെ എവിടെ എങ്ങിനെ തുടങ്ങണമെന്ന
ഉത്തരം കിട്ടുമെന്ന പ്രത്യാശയും മാത്രമായിരുന്നു. സന്ധ്യ മയങ്ങും മുന്പ് കുളി
കഴിഞ്ഞു വേതാളത്തെ മനസ്സില്‍ ധ്യാനിച്ചു വാകമരച്ചുവട്ടില്‍ എത്തി. മനസ്സില്‍
നിറഞ്ഞു നിന്നിരുന്ന വേതാളം മുന്നില്‍ വരുവാന്‍ ഉള്ള കാത്തിരുപ്പ്. ആദിയുടെ
ഓളങ്ങള്‍ തിരമാലകളാവും മുന്പ് അങ്ങകലെ ആല്‍മരച്ചുവട്ടില്‍ നിന്നും നിര്‍ഗ്ഗളിച്ച
ദീപശിഖയില്‍ ആവാഹിതനായി നടന്നടുക്കുന്നത് എന്റെ വേതാളമായിരുന്നു എന്നു ഞാനറിഞ്ഞു. അരികിലെത്തിയ
വേതാളം എന്നത്തേയും പോലെ അന്നും എന്റെ തോളില്‍ വന്നു ഇരുപ്പുറപ്പിച്ചു.
വേതാളം തന്നെ മൌനത്തിന് വിരാമമിട്ടു. എന്താ എന്നുമില്ലാത്തൊരു മൌനം എന്റെ
ബ്രാഹ്മണകുമാരനിന്നു? ഇന്നലെ വരെ നീ പണിപ്പെട്ടത് എന്തിന് വേണ്ടിയോ അതെല്ലാം വെറുതെ ആയി എന്നു
തോന്നി തുടങ്ങിയോ? ഈ അന്തിയോളം പകല്‍ മുഴുവന്‍ നിന്നില്‍
കത്തിയിരുന്ന ആ തേജസ്സും പ്രതീക്ഷയും എവിടെ പോയി മറഞ്ഞു?
കത്തിയെരിഞ്ഞ ഇന്നലെയുടെ ഹോമകുണ്ഡത്തിലെ ചാരം ചികയുകയാണോ അതോ നാളെ കൊളുത്തേണ്ട
ഹോമാഗ്നിയുടെ അളവും ശക്തിയും തുലനപ്പെടുത്തുകയാണോ നിന്റെ ഈ മൌനത്തിന്നുത്തരം? ഇതില്‍ നിനക്കുത്തമം എന്തെന്ന് നിന്നെ
ധരിപ്പിക്കാന്‍ ഞാനിതാ എത്തിയിരിക്കുന്നു എന്റെ കുമാരാ.”
ഒന്നും അങ്ങോട്ട് പറയാതെ എല്ലാം ഇങ്ങോട്ടറിഞ്ഞു ഉത്തരവുമായി വന്നിരിക്കുന്നു
എന്റെ വേതാളം. ക്ഷീണത്താല്‍ അടഞ്ഞുവന്നിരുന്ന കണ്ണുകള്‍ തനിയെ തുറന്നു. കൃഷ്ണമണികള്‍
സ്ഫുരിച്ചു. ഞാന്‍ വേതാളത്തെ ഏറുകണ്ണിട്ട് ഒരു നോക്കു നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം
അറിഞ്ഞ വേതാളം വീണ്ടും വാചാലനായി.
“നീ ഇന്ന് അന്തിയോളം എന്തു ചെയ്തുവോ അത് ശ്രദ്ധനീയം തന്നെ. നിന്റെ നടത്തം
സൂര്യോദയത്തില്‍ കിഴക്കോട്ടും സൂര്യാസ്തമനസമയം പടിഞ്ഞാട്ടുമായിരുന്നു. നീ അത്
ശ്രദ്ധിച്ചോ എന്നു അറിയില്ല”.
പുരികം ചുളിച്ച എന്റെ നോട്ടം ഒരു വിശദീകരണത്തിനായിരുന്നു എന്നു വേതാളം
മനസ്സിലാക്കി. എന്നോടു ഈ വിധം ഉരിയാടി.
“സൂര്യോദയത്തില്‍ മുന്നില്‍ കാണുന്ന സൂര്യഗോളത്തില്‍ നിന്നും വിടരുന്ന പ്രഭയെ
ലക്ഷ്യമാക്കി നടക്കുന്നവര്‍ തന്റെ പിന്നിലുള്ള നിഴലിനെ മറക്കുന്നു. നമ്മുടെ
നിഴലുകള്‍ നമ്മളില്‍ നിന്നും അടര്‍ന്ന് പോയ
ഭൂതകാലത്തെ പരാജയത്തിന്റെ കോലങ്ങളാണ്‍. കഴിഞ്ഞ കാലത്തെ നല്ല നാളുകളും ആ
നാളുകളിലെ മാധുര്യമേറിയ ഓര്‍മ്മകളും അവയിലില്ല. ഓര്‍മ്മിക്കാനുതകുന്നതെല്ലാം നാം
നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു. മനസ്സില്‍ സൂക്ഷിക്കുന്ന സന്തോഷത്തിന്റെ
ദിനങ്ങള്‍ക്ക് , ആ ഓര്‍മ്മകള്‍ക്ക് നിറപ്പകിട്ടുണ്ടാവും. എന്നാല്‍ നിന്നെ പിന്തുടരുന്ന
നിന്റെ നിഴലുകള്‍ക്ക് നിറമില്ല. അവ എന്നും കരിംഭൂതങ്ങള്‍ ആയിരിയ്ക്കും. നിഴലുകളെ
നോക്കി നടക്കുന്നവര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരായിരിക്കും. അത്തരക്കാര്‍
പ്രഭാതത്തില്‍ പശ്ചിമദിശയിലേക്കും സൂര്യാസ്തമന സമയം പൂര്‍വ്വദിശയിലേക്കും
(കിഴക്കോട്ട്) നടക്കുവാന്‍ മോഹിക്കും. അവര്‍ക്ക് അവരുടെ നിഴലിനെ പിന്തുടരേണ്ടി
വരുന്നു. അവര്‍ നാളെയുടെ അവസരങ്ങളും എത്തിപ്പിടിക്കേണ്ട സന്ദര്‍ഭങ്ങളും
കാണുന്നില്ല. അതൊന്നുകൊണ്ടു തന്നെ അവര്‍ നാളെയുടെ വെല്ലുവിളികളെ പേടിക്കുന്നു.
തന്നെ പിന്തുടരുന്ന നിഴലുകളില്‍ ഒതുങ്ങി കൂടാന്‍ പ്രേരിതരാവുന്നു. എന്നാല്‍
സൂര്യോദയത്തില്‍ കിഴക്കോട്ട് നടക്കുന്നവര്‍ തന്നെ പിന്തുടരുന്ന നിഴലുകളെ
മാനിക്കുന്നില്ല. ഇന്നലെയുടെ പരാജയത്തെ വരേണ്ടിയിരുന്ന വിജയത്തിന്റെ ഒരു താല്‍ക്കാലിക
ആരാമമായും നാളെയുടെ വരാനിരിക്കുന്ന വിജയത്തിന്റെ ഒരു താല്‍ക്കാലിക
മാറ്റിവെയ്പ്പായും മാത്രം കാണുന്നു. ഇതേ അനുഭവമായിരിക്കും സൂര്യാസ്തമനത്തില്‍
പശ്ചിമദ്രൂവ്വം ലക്ഷ്യമാക്കി നടക്കുന്നവര്‍ക്കും.
അവരുടെ നിഴലുകളും അവര്‍ക്ക് പുറകില്‍ ആയിരിയ്ക്കും. അവരും സൂര്യഗോളത്തിന്റെ ശോഭയായ
ഭാവിയുടെ വെല്ലുവിളികളെ പ്രാപിക്കാന്‍ അടുത്തേക്കടുത്തേക്ക്
നിര്‍ഭയം ചെല്ലുകയായിരിക്കും ചെയ്യുക. കഴിഞ്ഞതിനെ നിനക്കു മാറ്റി കുറിക്കാന്‍
അവകാശമില്ലാത്തതിനാല്‍ ഭൂതത്തെ മാറ്റി കുറിക്കുവാന്‍ നിനക്കു കഴിയുന്നില്ല.
എന്നാല്‍ നാളെയുടെ കടിഞ്ഞാണ്‍ നിന്റെ കൈയ്യിലാണെന്ന് മറക്കരുത്. നാളെയുടെ
സൂര്യോദയത്തിനായി നീ ജീവിക്കണം. മറിച്ച് ഇന്നലെയുടെ അസ്തമനത്തിലെ ഒരിരയായി
പരാജയത്തെ ജേതാവാക്കരുത്. താല്‍ക്കാലിക പരാജയത്തിന്റെ വിജയഭേരിയില്‍ നീ
ഭീരുവാകരുത്. ഒരു വാതിലടഞ്ഞാല്‍ മറ്റൊന്നു തുറക്കപ്പെടും,
തുറക്കപ്പെടണം. അതെങ്ങിനെ, അതേത് ഈ രണ്ടു ചോദ്യങ്ങള്‍ക്കും
ഉത്തരം കാണാനാണ് നിനക്കു ഈ രാത്രി തന്നിരിക്കുന്നത്. നിനക്കു മുന്പില്‍ ഞാന്‍
വിസ്തീര്‍ണ്ണമായ ഒരു പകല്‍ നല്കുന്നു. നാളെ സന്ധ്യയ്ക്ക് ഞാന്‍ നിനക്കായി ഇവിടെ
കാത്തിരിപ്പുണ്ടാവും. എന്റെ ഇന്നത്തെ ഈ വാചാലത നാളെ നിന്നില്‍ എനിക്കു കാണണം.”
എന്റെ വേതാളം എന്റെ തോളില്‍ നിന്നുമിറങ്ങി. അങ്ങകലെയുള്ള ആല്‍ത്തറയിലെ നാളമായി മടങ്ങി.
എന്നാല്‍ ആ ദീപനാളത്തിന്റെ കണികകള്‍ മാത്രമേ വേതാളം മടക്കയാത്രയില്‍ കൊണ്ട്
പോയുള്ളൂ. ആ ശോഭയും എന്നില്‍ വിതറിയ പ്രകാശത്തില്‍ അടങ്ങിയിരുന്ന അര്‍ത്ഥവും
എന്നില്‍ തന്നെ നിക്ഷേപിക്കാന്‍ മറന്നില്ല. കാഠിന്യം പേറി വാകമരച്ചുവട്ടില്‍
എത്തിയ ഞാന്‍ ലാഘവത്തോടെ തിരിച്ചു ഭവനത്തിലേക്ക് നടന്നു. അല്ല,
കുതിക്കുകയായിരുന്നു നാളെയുടെ സൂര്യോദയവും തേടി നിഴലുകളെ പിന്തള്ളിക്കൊണ്ട്. എന്റെ
വേതാളത്തിന് മുന്പില്‍ നാളെ വാചാലനാവാന്‍ തിടുക്കമിട്ടു കൊണ്ട് ഞാന്‍ കാലുകള്‍
നീട്ടി ചവിട്ടി.
No comments:
Post a Comment