ഇക്കഥ തുടങ്ങുന്നത് വിദേശത്ത് ഏതോ ഒരു രാജ്യത്ത്. വേനൽ കഴിഞ്ഞ് ശീതകാലത്തിന്റെ തുടക്കം. പ്രഭാത സമയം മഞ്ഞുതുള്ളികൾ കൊണ്ട് മുറ്റത്തെ പുൽമേടയെ മുത്തണിയിക്കാൻ വേണ്ടുന്നതിലേറെ നീരാവിയടങ്ങിയ അന്തരീക്ഷം. മേനോന്റെ മുഖഭാവം കണ്ടാൽ അറിയാം, അത്തരത്തിൽ മഞ്ഞുതുള്ളികൾ പുതച്ചു നിൽക്കുന്ന കാഴ്ച അത്ര ഇഷ്ടപ്പെട്ടിട്ടില്ലയെന്ന്. കാരണം, ശനിയാഴ്ചകൾ മുൻവശവും, പുറകുവശവും ഉള്ള പുല്ലുവെട്ടി പുൽമേടകൾ മോടി പിടിപ്പിക്കുക, പച്ച പരവതാനി പോലെ നീണ്ടു നിവർന്നു കിടക്കുന്ന ആ പുൽമേട കണ്ടാനന്ദിക്കുക എന്നത് മേനോനെ സംബന്ധിച്ചിടത്തോളം ഒരഭിനിവേശം തന്നെ ആയിരുന്നു എന്നു വേണം പറയാൻ. എന്നാൽ നനഞ്ഞു നിൽക്കുന്ന പുൽതകടിയിൽ പുൽവെട്ടൽ യന്ത്രം ശരിക്ക് പ്രവർത്തിക്കില്ല എന്നതായിരുന്നു അന്നത്തെ മ്ലാനതയ്ക്ക് കാരണം. അതിനാൽ ഉച്ചകഴിഞ്ഞിട്ടാകാം പുല്ല് വെട്ടൽ എന്നു തീരുമാനിച്ച മേനോൻ ടി.വി-ക്ക് മുന്നിൽ സ്ഥാപിതനായി. മേനോൻ കുട്ടി ചെറുപ്പമാണ്. വിവാഹിതനല്ല. താമസം ഒറ്റയ്ക്ക് ഒരു വിട്ടിൽ. നല്ല ജോലി. നല്ല ശംബളം. സ്വസ്ഥം. സുഖജീവിതം.
മേനോന് “റിമോട്ട്” കൈയിലെടുത്ത്
ചാനലുകളുടെ പട്ടിക മറിച്ചു നോക്കികൊണ്ടിരിക്കവെ ഫോൺ അടിക്കുന്ന മണിമുഴക്കം
കാതിലെത്തി. ഈ രാവിലെ തന്നെ ആരു വിളിക്കാൻ എന്നു കരുതി വളരെ അലക്ഷ്യഭാവത്തിൽ മറ്റെ
കൈകൊണ്ട് ഫോൺ എടുത്ത് നോക്കി. ധൃതിയിൽ ഫോൺ കാതിൽ അമർത്തിവെച്ച് മേനോൻ ഇങ്ങിനെ ചോദിച്ചു, “ഇതെന്താ രാവിലെ തന്നെ?”
വിളിക്കുന്നത് ചന്ദ്രേട്ടനാണ്. അവിടുത്തെ സമൂഹത്തിന്റെ കാരണവരിൽ ഒരാൾ! ചന്ദ്രേട്ടന്റെ
വിശ്വാസിയാണ് മേനോൻ അല്ലെങ്കിൽ ചന്ദ്രേട്ടന്റെ മേനോൻ കുട്ടി. ചന്ദ്രേട്ടൻ വെറുതെ
വിളിക്കാറില്ല. വിളിച്ചാൽ എന്തെങ്കിലും കാര്യം കാണാതിരിക്കുകയും ഇല്ല. മേനോൻ ഫോണിൽ
കൂടി, “ഹലോ ചന്ദ്രേട്ടാ, എന്തേ രാവിലെ തന്നെ. പറഞ്ഞോളു”
ചന്ദ്രേട്ടന്റെ ഗാംഭീര്യമേറിയ സ്വരം അടുത്തു നിൽക്കുന്നവർക്കു പോലും കേൾക്കാം, “മേനോങ്കുട്ടി, വിശ്വം, (മകൻ) പോയിട്ട്
രണ്ടാഴ്ചയായില്ലേ? ഇതാ ഇവിടെ അമ്മയ്ക്ക് മോനെ കാണാൻ ധൃതിയായിട്ട്
ഇരിക്കപോറുതി മുട്ടിയ മട്ടാണ്. കോളേജും പരിസരവും എല്ലാം ഒന്നു കാണണമെന്ന പൂതി
എനിക്കുമുണ്ട്. എന്നാൽ ഒരു യാത്രയാവാം എന്നു ഞാനും പറഞ്ഞു. നാളെ പോയി മോനെ കണ്ട്
അവിടുന്നു തിരിച്ചു വരുമ്പോൾ ഹ്യൂസ്റ്റണിൽ നമ്മുടെ കണ്ണനേയും ലക്ഷ്മിയേയും കണ്ടു
തിങ്കളാഴ്ച രാത്രിയാവുമ്പോഴേക്കും തിരിച്ചെത്തിയാലോ എന്നു വിചാരിക്ക്യാ. പക്ഷെ, തിങ്കളാഴ്ച തന്നെ ഇവിടെ അടച്ചു തീർക്കേണ്ട ഒന്നുരണ്ട്
കാര്യങ്ങളുണ്ടായിരുന്നു. തനിക്കു സമയം ഉണ്ടാവുമെങ്കിൽ ഒന്നിവിടം വരെ വന്നാൽ
അതിന്റെ പേപ്പറുകളും പണോം തന്നേൽപ്പിക്കാമായിരുന്നു. ദേ ഏടത്തി അടുക്കളേന്ന് വിളിച്ചു
കൂവുണിണ്ട്. തനിക്കു ഊണ് ഇവിടെ ആവാത്രെ. എന്ന്ച്ച് ഉച്ചയാക്കാൻ നിൽക്കണ്ടാ ഇങ്ങട് എഴുന്നുള്ളാൻ.
നേർത്തെ വന്നാൽ നമ്മുക്ക് അതുമിതും പറഞ്ഞിരിക്ക്യാലോ”
മേനോൻ ആലോചിക്കാൻ മിനക്കെട്ടില്ല. മറുപടിയേകി. “അതിനെതാ വരാല്ലോ? ഒരു പത്ത്
മണിയാവുമ്പോൾ അവിടെ എത്തിക്കൊള്ളാം, പോരേ.” ഏടത്തീടെ ഊണു ആർക്കും നിരസിക്കാനാവില്ല.
അത്രയ്ക്ക് രുചിയാണെന്ന് കൂട്ടിക്കൊള്ളു.
മേനോൻ തക്ക സമയത്ത് തന്നെ ചന്ദ്രേട്ടന്റെ വീട്ടിലെത്തി. അവർ രണ്ടുപേരും
സ്വീകരണ മുറിയിലിരുന്നു സംസാരം തുടങ്ങി. അവർക്ക് സംസാരിക്കാൻ ഇന്നതെന്നില്ല.
മെഡിക്കൽ ഫീൽഡും, രാഷ്ട്രീയലോകവും, കമ്പ്യൂട്ടർ ലോകവും , നാട്ടുകാര്യങ്ങളും എല്ലാം അവരുടെ സംസാരവിഷയങ്ങളിൽ ഇടകലർന്നിട്ടുണ്ടാവും.
മറ്റാരെങ്കിലും വന്ന് ഇടപെടാതെ അവരുടെ സംഭാഷണം നിലക്കാറില്ല. ഇക്കുറി അതിനായി
വന്നുപെട്ടത് ചന്ദ്രേട്ടന്റെ മകന്റെ (വിശ്വന്റെ) ഫോൺ വിളി തന്നെയാണ്. അമ്മയുടേയും
അച്ഛന്റേയും വരവിനെ കുറിച്ചുള്ള വിശദവിവരം അറിയാനാവും വിളി. മേനോൻ കുട്ടി മനസ്സിൽ
കരുതി.
ആ വീട്ടിലെ എല്ലാവർക്കും മേനോൻ കുട്ടിയെ ഇഷ്ടമാണ്. ഏതാവശ്യത്തിനും മേനോൻ
കുട്ടി കഴിഞ്ഞിട്ടേ മറ്റാരുമുള്ളു അവർക്ക്. ചന്ദ്രേട്ടൻ മകനോട് പുതിയ സ്ഥലത്തെ
കുറിച്ചും മെഡിക്കൽ കോളേജിനെ കുറിച്ചും പലതും ചോദിക്കുന്നതിനിടയിൽ ആ മേശപ്പുറത്ത്
എന്തോ തിരയുന്നത് മേനോൻ ശ്രദ്ധിച്ചു.
ഫോൺ വിളി ഏറെ നീണ്ടില്ല. ഫോൺ താഴെ വെച്ചിട്ട് ഒരു കവറുമായി ചന്ദ്രേട്ടൻ വന്നു.
ചന്ദ്രേട്ടൻ അകത്തേക്കു നോക്കി ഉച്ചത്തിൽ, “ദേ മേനോൻ കുട്ടിക്ക്
പതിവുള്ള കാപ്പി കിട്ടിയിട്ടില്ല ട്ടോ. ഒന്നു എനിക്കും ആയിക്കോട്ടെ” തിരിഞ്ഞു നോക്കിയിട്ട്
ഒന്നു കൂടി നിവർന്നിരുന്നു. എന്നിട്ട് സംഭാഷണം തുടർന്നു.
മേനോൻ കുട്ടിയോട്, “തന്നോട് ഇന്നിങ്ങോട്ട് വരാൻ
പറയാൻ മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട്. വിശ്വൻ അവിടെ ചെന്നിട്ട് എനിക്ക് അയച്ച
ഒരു കത്താണിത്. ഇക്കാലത്ത് കത്തയക്കലിന്റെ ആവശ്യം ഇല്ലല്ലോ? ഈമൈലും,
ടെക്സ്റ്റും, ഫോണും കത്ത്
എന്നൊന്നുണ്ടായിരുന്നതിനെ വിഴുങ്ങീല്ല്യേ? പെട്ടെന്ന് അവന്റെ കത്തു കണ്ടപ്പോൾ ഒന്നു
പേടിച്ചു. പേടിക്കണ്ട. താൻ കരുതന്നത് പോലെ പരിഭ്രമിക്കാൻ ഇതിനുള്ളിൽ ഒന്നും ഇല്ല.
എന്നിരുന്നാലും ഞാനും അത്രയങ്ങോട്ട് ഇതുപോലൊരു കുറിപ്പ് പ്രതീക്ഷിച്ചില്ല എന്നു
കരുതിക്കൊള്ളു”. അതു കേട്ടപ്പോൾ മേനോൻ കുട്ടിയുടെ നെഞ്ചിടിപ്പ് കൂടിയതെ
ഉള്ളു.
മേനോൻ തുടർന്നു, “തനിക്കും ഇതിലുള്ള സംഗതികൾ ഭാവിയിൽ പ്രയോജനപ്പെടുത്താം ഒരു
സന്തതിയൊക്കെ ആവുമ്പോൾ എന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കിത് തരാൻ തീരുമാനിച്ചത്. ഞാൻ
സത്യത്തിൽ ഒരു പരീക്ഷണം നടത്തിയതാണ്. അത് വിജയിച്ചു എന്നതിൽ നിന്നും ഉറപ്പ് വന്നോണ്ട്
ഇനി മറ്റൊരാളിലൂടെ പരീക്ഷിക്കാൻ പേടി തോന്നണില്ല്യ.” മേനോൻ കുട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങി.
എന്റെ മക്കളെ സ്കൂളിൽ ചേർത്ത കാലത്ത് തന്നെ ഒരു കാര്യം ഞാനും ഏടത്തിയും നിശ്ചയിച്ചിരുന്നു.
ഞങ്ങൾ ഒരിക്കലും അവരുടെ “മണിപ്പേർസ്” നാണയത്തുട്ടുകൾ കൊണ്ട് നിറക്കില്ല. ആവശ്യത്തിനുള്ള
ചിലവു പണം അതു മതി. ധനത്തിനു പകരം, കഴിയുന്നത്ര അവരുടെ മനസ്സു നിറയെ അനുഭവങ്ങൾ
കൊണ്ടുള്ള പാഠങ്ങൾ കൊണ്ട് നിറയ്ക്കും എന്നതായിരുന്നു ഞങ്ങളെടുത്ത ശപഥം. കാരണം
അനുഭവങ്ങളുടെ പാഠങ്ങൾ ആയിരിക്കും പക്വതയുള്ള ഒരു മനുഷ്യനെ വാർത്തെടുക്കുക എന്ന് ഞങ്ങൾ
വിശ്വസിച്ചിരുന്നു.”
അപ്പോഴേക്കും കാപ്പിയുമായി ഏടത്തിയെത്തി.
രണ്ടുപേരും കാപ്പി കൈയ്യിൽ വാങ്ങി. ഏടത്തിയുടെ കുശലം, “സുഖം തന്നെയല്ലേ കുട്ടിയ്ക്ക്? എന്താ രാവിലെ
തന്നെ പൂരക്കൊട്ട് തുടങ്ങിയോ രണ്ടാളും കൂടി? ഊണാവാൻ ഇത്തിരി വൈകും
ട്ടോ” കാപ്പി
കൊണ്ടുവന്ന തളികയുമായി ഏടത്തി തിരിച്ചു നടന്നു. ചന്ദ്രേട്ടൻ, കാപ്പിക്കപ്പ്
കൈയ്യിൽ എടുത്ത് ഒരല്പം അകത്താക്കി കപ്പ് ടീപ്പോയിൽ വെച്ചിട്ട് മേനോൻ കുട്ടിയോട്
തുടർന്നു.
“ആ അപ്പൊ നമ്മൾ എവിടെയാ
പറഞ്ഞു നിർത്തിയത്? ആ... അതന്നെ, പലപ്പോഴും പലതും അവർ
ചോദിച്ചപ്പോൾ ഞാൻ വിലക്കിയിട്ടുണ്ട്. സമയമായില്ല, സമയമാവട്ടെ
എന്ന എന്റെ വാക്കുകൾ മക്കൾക്ക് പുത്തരിയല്ല. അത് പോലെ ധൂർത്തായി തോന്നിയ പലതും ഞാൻ
മേടിച്ചു കൊടുത്തിട്ടുമില്ല. അറിയാം, കുഞ്ഞുമനസ്സുകളെ
വേദനിപ്പിച്ചിട്ടുണ്ടാവും, അച്ഛൻ ഒരു പിശൂക്കനാണെന്ന്
വിധിയെഴുതിയിട്ടുമുണ്ടാവാം.
ഒരൽപ്പം കൂടി കാപ്പി ചന്ദ്രേട്ടൻ ഊറിക്കുടിച്ചു കൊണ്ട് തുടർന്നു.
“വിശ്വനു
ടെന്നീസിൽ ഉള്ള അഭിരുചി ഞങ്ങൾ അവന്റെ നന്നേ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു.
അന്നൊക്കെ ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് പോകുമ്പോൾ അവനേയും ഒരു കാണിയായി കൊണ്ടു
പോകുമായിരുന്നു. അതുപോലെ പല അവസരങ്ങളിലും പ്രാസംഗികവേദികളിലും, ചർച്ചാവേദികളിലും, അവതരണവേദികളിലും എനിക്കൊപ്പം
വിശ്വവും സന്നിഹിതനായിരുന്നു. അതിനൊക്കെ അവനെ കൂടെ കൊണ്ടു പോകാൻ കാരണം, അനുഭവങ്ങൾ എപ്പോൾ ഏതു തരത്തിലാണ് വരുന്നതെന്നോ, ഉണ്ടാവുന്നതെന്നോ
അറിയില്ലല്ലോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ അല്ലെങ്കിൽ അവൻ
നിരീക്ഷിച്ചാൽ അതൊരു പാഠമായിക്കോട്ടെ എന്നു കരുതി. അത്തരത്തിൽ എന്നോടുള്ള
സാമീപ്യങ്ങളിൽ നിന്നും അവൻ ചിലതെങ്കിലും പഠിക്കുമെന്നു ഞാൻ കരുതിയത് തെറ്റായില്ല
എന്ന് ദേ ഈ കത്തിൽ നിന്നും വ്യക്തമാണ്. മേനോൻ ഇതു കൊണ്ടുപോയി വായിച്ചു സമയമുള്ളപ്പോൾ
നോക്കിക്കൊള്ളു. ചിലവഴിക്കുന്ന സമയം വിഫലമാകില്ലെന്ന് ഉറപ്പ് തരുന്നു.
വായിച്ചിട്ട് അടുത്ത പ്രാവശ്യം വരുമ്പോൾ കൊണ്ടു വന്നാൽ മതി. അപ്പോൾ അന്നു നമുക്ക്
കൂടുതൽ വിശകലനം ചെയ്യാം ഇതിനെ കുറിച്ച്.”
മേനോൻ കത്തു മേടിച്ചു പോക്കറ്റിൽ നിക്ഷേപിച്ചു. ഊണൊക്കെ കഴിഞ്ഞു മേനോൻ മടങ്ങി.
മേനോൻ മനസ്സിരുത്തി തന്നെ അന്നേ ദിവസം ആ കത്തു വായിച്ചു. ആ കത്തിൽ കുറിച്ചിരുന്ന കാര്യങ്ങൾ മേനോനെ
വല്ലാതെ ആകർഷിച്ചു. അനുഭവങ്ങളിൽ കൂടി നേടിയ വിവേകം നിറഞ്ഞ അറിവിന്റെ ഉൾചുരുക്കം
ഏവരും അറിയട്ടെ എന്ന് മേനോൻ കുട്ടി തീരുമാനിച്ചു. വായനക്കാർക്കായി മേനോൻ ഈവിധം പകരുന്നു.
ഒരു മകൻ അച്ഛനെഴുതിയ കത്ത്.
അച്ഛാ, യാത്ര പറയുന്ന സമയത്ത് അച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒറ്റയ്ക്കാദ്യം
പറഞ്ഞയക്കുന്നതിൽ വിഭ്രാന്തി ഉണ്ടായിരുന്നത് മനസ്സിലാക്കുന്നു. പരിഭ്രമിക്കണ്ട. ആദ്യമായാണ്
വീട്ടിൽ നിന്നും അകന്ന് നിൽക്കുന്നതെങ്കിലും, എന്തോ ഇവിടെ
വന്നിട്ട് ഒന്നിനും ഒരു പേടിയോ, പോരായ്മയോ തോന്നുന്നില്ല.
എന്തിനു മുതിരുമ്പോഴും അച്ഛൻ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന പാഠങ്ങൾ തുണക്കായുള്ള
ഒരു ധൈര്യം. അതെനിക്ക് വ്ഴികാട്ടിയായി എന്നോടൊപ്പമുണ്ടാവുമെന്ന വിശ്വാസം. സമാധാനമായി ഇരുന്നോളു അച്ഛാ. പല അനുഭവങ്ങളിൽ കൂടി അച്ഛൻ എന്നെ പലപ്പോഴായി കൊണ്ടു പോയെങ്കിലും, അന്നൊക്കെ അതിനു എന്നെ നിർബ്ബന്ധിച്ചതിന്റെ രഹസ്യവും മൂല്യവും ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് ഒറ്റയ്ക്ക് പോകാൻ
തുടങ്ങിയപ്പോൾ മുതലാണ് മനസ്സിലാക്കാൻ തുടങ്ങിയിരുന്നുന്നത്. ഞാൻ ഇറങ്ങുമ്പോൾ അച്ഛനിൽ കണ്ട ആശങ്കയാണ് ഈ
കത്തിലൂടെ ഞാൻ അറിഞ്ഞ അനുഭവമൂല്യങ്ങൾ എഴുതാൻ പ്രേരിപ്പിച്ചത്. നേരിൽ അച്ഛനോട്
പറയുവാൻ എന്തോ ഒരു ധൈര്യമില്ലായ്മയോ നാണമോ എന്താണെന്നറിയില്ല. എഴുതാൻ
ധൈര്യമൂണ്ടാവുമോ എന്നറിയില്ല. ശ്രമിക്കുന്നു. ധൈര്യത്തിനായി, ആദ്യം ആ കാൽക്കൽ നമസ്കാരം.
എന്റെ ആദ്യ അനുഭവപാഠം ഇന്നും ഞാൻ ഓർക്കുന്നു. എന്റെ ചെറുപ്രായത്തിൽ
കായികമത്സരങ്ങളിൽ തോറ്റാൽ എനിക്ക് സങ്കടം മനസ്സിലൊതുക്കാൻ കഴിയില്ലായിരുന്നു. ഒരു
ജേതാവായി വാഴും മുൻപ് എങ്ങിനെ മാന്യമായി പരാജയങ്ങൾ സ്വീകരിക്കണമെന്ന് ഞാൻ കണ്ടു
പഠിക്കുവാൻ വേണ്ടി എത്ര ടെന്നീസ് മത്സരങ്ങൾ കാണിക്കുവാൻ അച്ഛൻ സമയം
കണ്ടെത്തിയിരുന്നു. വിജയത്തിന്റെ ആദ്യ പടികളായിരുന്നു അതെന്ന് അന്നു ഞാൻ
അറിഞ്ഞിരുന്നില്ല. എന്നാൽ അധികം വൈകാതെ തന്നെ, ജയങ്ങൾ കൊയ്തെടുക്കുന്നതിനു മുൻപു
തോൽവി എന്തെന്നറിയണമെന്നും, എങ്ങിനെ അഭിമാനം കൈവിടാതെ തോൽവി
സ്വീകരിക്കാമെന്നുമുള്ള അനിവാര്യ രഹസ്യം ഞാൻ മനസ്സിലാക്കി. തോൽവിയോ ജയമോ അല്ല, മറിച്ച്
ആദ്യാവസാനം വരെയുള്ള കഠിന പരിശ്രമമാണ്
വലുത് എന്നും അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ മത്സരങ്ങൾ എന്നെ പഠിപ്പിച്ചു. അങ്ങിനെയുള്ള
അദ്ധ്വാനത്തിന്റെ വിയർപ്പിൽ തോൽവിയുടെ വേദന ഞാൻ മറക്കുക മാത്രമല്ല, മറ്റൊന്നു
കൂടി ഞാൻ മനസ്സിലാക്കി, “പക്വത” എന്തെന്ന്. അതുപോലെ അച്ഛൻ കളിക്കളത്തിൽ പറഞ്ഞു പരിശീലിപ്പിക്കാറുള്ള “ഐ ഓൺ
ദി ബാൾ” പിന്നീട് ജീവിതത്തിൽ “ഐ ഓൺ മൈ ഗോൾ” എന്നതായി
മാറ്റാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.
അച്ഛൻ പ്രസംഗിക്കാറുള്ള വേദികളിൽ കാണികളുടെ കൂട്ടത്തിൽ ചിലവഴിച്ച സമയം
ജീവിതത്തിലേക്ക് പകർത്തിയ പരിജ്ഞാനങ്ങൾ തത്വമസിയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.
മലയാളിവേദികളിൽ പ്രഭാഷണത്തിന്റെ മുഖവുരവായി, അച്ഛൻ എന്നും തുടങ്ങിയിരുന്നത്,
“സ്നേഹം നിറഞ്ഞ മനസ്സുകളേ, സഹൃദയസദസ്സിന്
വന്ദനം” എന്നായിരുന്നു എന്നത്
ഞാൻ ഇന്നും ഓർക്കുന്നു. ആ സംബോധന മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നതിനാൽ അതൊരിക്കലും
മറക്കാൻ കഴിയുന്നില്ല. ആ ഒറ്റിട്ട വ്യത്യസ്തമായ അഭിസംബോധനയിൽ സദസു മുഴുവൻ സംസാരം
നിർത്തി, തലയുയർത്തി, നിശബ്ദരാവുന്ന കാഴ്ച മറക്കില്ലച്ഛാ.
ഒരിളം തെന്നൽ പോലെ ആ സംബോധന അവരുടെ മനസ്സിനെ ഉണർത്തിയിരിക്കണം. മനുഷ്യശരീരത്തെ
തൊട്ടു വിളിക്കുന്നതിനേക്കാൾ എത്രയോ ശക്തമാണ് മനസ്സിനെ മാടി വിളിക്കുന്ന രീതിയിൽ
വിളിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.
ഇന്നുമെന്റെ ഓർമ്മയിൽ നിൽക്കുന്ന മറ്റൊന്ന്. നമ്മൾ ഒരിക്കൽ സൈക്കിൾ സവാരിക്ക്
പോയി തിരിച്ചു വരുന്ന ഉച്ചയോടടുത്ത ഒരു വേനൽക്കാലവധി സമയം. മലപ്രദേശത്തു കൂടി ഒരു
ഭാണ്ഡവും പേറി, കാല് പൊള്ളാതിരിക്കാൻ ഇലകൾ വെച്ചുകെട്ടി നടന്നിരുന്ന ഒരു ഭിക്ഷുവിന്റെ അടുത്ത്
അച്ഛൻ സൈക്കിൾ നിർത്തി, സ്വന്തം ഷൂസൂരിക്കൊടുത്ത സംഭവം.
അന്നു ഞാൻ അച്ഛനോട് ചോദിച്ചു, “എന്തിനാണു ഷൂസ്
കൊടുത്തത്? പണം കൊടുത്താൽ പോരായിരുന്നോ എന്ന്”.
അന്ന് അച്ഛൻ പറഞ്ഞ മറുപടി, “പാദരക്ഷയില്ലാതെ കഷ്ടപ്പെടുന്ന
ആ പാവത്തിന് ആ മലയോരത്ത് വെച്ച് പണം കൊടുത്താൽ ആ മനുഷ്യന്റെ കാലു പൊള്ളുന്ന
അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ? തക്കസമയത്ത് പ്രതിവിധിയായി കിട്ടേണ്ടതായിരിക്കണം തത്സമയത്ത്
കൊടുക്കേണ്ടത്”. അതു കൂടാതെ അച്ഛൻ ഒരു
വസ്തുത കൂടി എന്റെ ഓർമ്മയിൽ പെടുത്തിയത് ഓർക്കുന്നു. “വഴിയിൽ കാണുന്നവർക്ക്
കാശു കൊടുത്താൽ അതിന്റെ പങ്കു വാങ്ങാൻ പലരും പുറകിൽ ഉണ്ടായിരിക്കാമെന്നും, ചിലപ്പോൾ ആ
പണത്തിൽ ഒരു ചെറിയ അംശമേ ആ പാവത്തിന് കിട്ടുകയുള്ളു. കിട്ടേണ്ടവനു കിട്ടേണ്ടത്
കിട്ടണം” അച്ഛൻ പറഞ്ഞ ആ അവസാന
വാക്കുകൾക്ക് രണ്ടർത്ഥമുണ്ടെന്നു ഇന്നു ഞാൻ മനസ്സിലാക്കുന്നു.
അതുപോലെ, എന്നും രാവിലെ അച്ഛൻ ഓഫീസിൽ പോകാനായി ഷൂസ് ഇടുന്ന സമയം പലപ്പോഴും ഞാൻ
ശ്രദ്ധിച്ചിട്ടുള്ള കാര്യം. അച്ഛൻ എന്നും ഷൂസ് ഇടുന്നതിന് മുൻപു സ്വന്തം
കാലുകളിലേക്ക് നോക്കിയിരിക്കുന്നത് കണ്ട ഞാൻ അതിനു കാരണം ഒരുവട്ടം ചോദിച്ചപ്പോൾ
അച്ഛൻ പറഞ്ഞ മറുപടി. “അന്നത്തെ ദിവസം എത്ര പാദരക്ഷയില്ലാതെ അലയുന്നവരെ കാണേണ്ടി
വരുമെന്നും അവരെ കണ്ടാൽ എങ്ങിനെ അവരെ സഹായിക്കണമെന്നും ആണ് അച്ഛൻ അച്ഛന്റെ
നഗ്നപാദങ്ങൾ നോക്കി ഓർക്കാറുള്ളത്” എന്നു പറഞ്ഞപ്പോൾ ആ ആ ഒരു വാക്യത്തിന്റേയും ഒരു
മനസ്സിന്റേയും വലുപ്പത്തിന്റെ കണക്ക് അന്നെനിക്ക് എനിക്കപ്പുറമായിരുന്നു.
മറ്റൊരു ഉപദേശമായി എനിക്കന്നു നൽകിയ അനുഭവ വിഭവം പലപ്പോഴും ഞാൻ എന്റെ
ജീവിതത്തിൽ രുചിച്ചിരുന്നു എന്നതും ഇതിലൂടെ ഞാൻ ഓർക്കുന്നു. “നമ്മൾ മനസ്സറിഞ്ഞ്
ആരെയെങ്കിലും സഹായിക്കുകയോ, ആർക്കെന്തെങ്കിലും കൊടുക്കുകയോ ചെയ്താൽ അത് പറയുന്നത് നമ്മുടെ
മനസ്സിനോട് മാത്രമായിരിക്കണം, അല്ലാതെ പുറമെ കൊട്ടിഘോഷിക്കുകയല്ലാ
വേണ്ടത് എന്ന്.” ചെയ്തത് ഒരു ചെറിയ
ദാനമായിരുന്നാൽ പോലും ദാനത്തിന്റേയും, സ്വയം മനസ്സറിഞ്ഞ് ചെയ്യുന്ന
പ്രവർത്തിയുടേയും കണക്ക് പറഞ്ഞാൽ ആ കർമ്മത്തിന്റെ പുണ്യം നശിക്കുമെന്ന് അച്ഛൻ
എന്നെ ഓർമ്മപ്പെടുത്തിയിരുന്നു. കണക്ക് പറയാനും, മറ്റുള്ളവരുടെ
മുൻപിൽ ചമയാനുമല്ലല്ലോ നമ്മൾ സ്വയമറിഞ്ഞ് സഹായിക്കുന്നത് എന്ന അച്ഛന്റെ തത്ത്വം
എത്ര ശരിയാണെന്ന് എനിക്കു പല സന്ദർഭങ്ങളിലൂടെ മനസ്സിലായി. അങ്ങിനെ സ്വയമുദിക്കുന്ന
സന്തോഷത്തിന്റെ പുണ്യം നമ്മളിൽ നിലനിൽക്കുവാൻ വേണ്ടി, എന്റെ ദാനത്തിന്റെ
കണക്കുകൾ ഞാനന്നു മുതൽ എന്റെ മനസ്സിൽ മാത്രം കുറിക്കുവാൻ തുടങ്ങി. മനസ്സറിഞ്ഞു സ്വയം സന്തോഷിക്കുവാനായി കൊടുക്കുന്നതാണ് ദാനം. എന്നു
ഞാൻ പഠിച്ചു. പ്രശംസകൾക്ക് നന്ദി എന്ന ഒറ്റ വാക്ക് കൊണ്ട്
തളയിട്ടു. അതിൽ നിന്നും ഒന്നു കൂടി ഞാൻ പഠിച്ചു. പ്രശംസകൾ പൂമ്പാറ്റകളല്ല, മറിച്ച്
തേൻ നിറഞ്ഞ പൂമൊട്ടുകളാണെന്ന്. തേടിയലഞ്ഞു പിടിച്ചെടുക്കേണ്ടതല്ല പ്രസംശകളും
അംഗീകാരങ്ങളും. മറിച്ചു അർഹനാണെങ്കിൽ അവ നമ്മെ തേടി വരും സമയമാവുമ്പോൾ എന്ന
ജ്ഞാനവും എനിക്ക് പകർന്ന അനുഭവസമ്പത്തിന്റെ അടിവരയായി ഉണ്ടായിരുന്നു എന്ന്
പിന്നീടാണ് ഞാൻ അറിഞ്ഞത്.
രൂപത്തിലല്ല, ഭാവത്തിലാണ് നമ്മൾ ഈശ്വരനെ കാണുക എന്ന് പണ്ടൊരിക്കൽ അച്ഛൻ പറഞ്ഞത് ഇന്നും
ഓർക്കുന്നു. നമ്മൾ ആ പാദരക്ഷകൾ കൊടുത്തപ്പോൾ ആ പാവത്തിന്റെ മുഖത്തുദിച്ച സന്തോഷം,
അതിന്റെ തേജസും, ആത്മനിർവൃതിയണഞ്ഞ
സന്തോഷത്തോടുള്ള പുഞ്ചിരിയും അത് ഇന്നും എനിക്ക് മറക്കാനാവുന്നില്ല. അതെ, സാക്ഷാൽ ഈശ്വരൻ അന്നു ആ മുഖത്തിലൂടെ മിന്നിമറഞ്ഞിരിക്കാം. അച്ഛന്റെ വാക്യം,
“ജീവിതത്തിൽ താളം തെറ്റുന്ന
നിമിഷങ്ങളിൽ, തളർന്ന് വീഴാൻ പോകവെ നമ്മെ താങ്ങി നിർത്തി തണലാകുന്നതെന്തോ, അതാണ് സാക്ഷാൽ ഈശ്വരൻ”
വാരാന്ത്യങ്ങളിൽ നമ്മളൊരുമിച്ചു എന്റെ ടെന്നീസ് മത്സരങ്ങൾക്കായി വണ്ടിയോടിച്ച്
പിന്നിട്ട പാതകൾ ഏറെയായിരുന്നു. ആ പാതകൾ താണ്ടിയപ്പോൾ നമ്മൾ ഒരുമിച്ചു പങ്കിട്ട
സമയം. അന്നൊക്കെ എനിക്കത് വെറുമൊരു സമയവും, സംസാരവും മാത്രമായിരുന്നു. നമ്മുടെ
വാതോരാതെയുള്ള സംഭാഷണങ്ങൾ അതന്നു അച്ഛനു ഉറക്കം വരാതെ വണ്ടിയോടിക്കാൻ വേണ്ടിയുള്ള
ഒരു ഉപാധിയായെ ഞാൻ കണ്ടുള്ളു. എന്നാൽ അതിലൂടെ
എനിക്കു നൽകിയ അനുഭവങ്ങളുടെ പാഠങ്ങൾ, അതിന്റെയൊക്കെ വിലയും
അതിലടങ്ങിയിരുന്നിരുന്ന ജ്ഞാനങ്ങളും കോടികൾക്കപ്പുറം വിലയുണ്ടെന്നു ഞാൻ ഇന്നു
മനസ്സിലാക്കുന്നു.
ആ സുരഭില നിമിഷങ്ങൾ എനിക്കെന്റെ ജീവിതത്തിൽ ഇനി ഒരു മോഹം മാത്രമാണെന്നറിയാം. ആ
വിഷമം മനസ്സിൽ തുളുമ്പുമ്പോൾ അച്ഛൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ഞാനോർക്കാം, “ഉണ്ണി നിനക്കു നേടാൻ ഏറെയുണ്ട് ഈ ലോകത്തിൽ. അമാന്തമരുത്.
നേടാൻ ഒരുപാടുള്ളപ്പോൾ, നഷ്ടങ്ങളെ കുറിച്ചോർത്ത് പിന്നോട്ട് നോക്കി വിഷമിക്കരുത്.
പിന്നിട്ട പലതും വീണ്ടും തേടിയലഞ്ഞാൽ ഇഷ്ടത്തിന്റെ നഷ്ടമായും, വീണ്ടും കിട്ടിയാൽ തന്നെ അതൊരാവർത്തനമായും മാറും. അതുകൊണ്ട്, ഇനിയും വരാനിരിക്കുന്ന അല്ലെങ്കിൽ കാണാനിരിക്കുന്ന പുതുമയിൽ
പ്രതീക്ഷകളുണർത്തണം. മനസ്സ് ഭാവിയിലൂടെയായിരിക്കണം വളരേണ്ടത്”.
പൊന്നിട്ട്, പൂമാലയണിഞ്ഞു, തിരികൊളുത്തി പൂജിക്കുവാനായി, ആ തിരിനാളത്തിൽ എന്റെ വരുംവഴി തിരിച്ചറിയാൻ, ആ
പൂജ്യവാക്യങ്ങൾ തണലായെനിക്ക് മണ്ണിട്ട് മൂടും വരെ കൂട്ടിനുണ്ടാവും........തീർച്ച.
-ഹരി കോച്ചാട്ട്-