Monday, October 5, 2020

കല്പാന്തങ്ങളിലുഴറും നൊമ്പരങ്ങൾ

ഒരു പ്രവാസിയായ അവൻ (ഉണ്ണി) നാട്ടിലവധിക്ക് പോകുമ്പോൾ വാസപ്രദേശത്ത്  ആരോടും കൊട്ടിഘോഷിക്കാറില്ല. കാരണം നാട്ടിൽ പോകുന്നത് കൂട്ടുകാർ അറിഞ്ഞാൽ തേനീച്ചയെ പോലെ അടുത്ത് കൂടും പൊതികളുമായി! നാട്ടിൽ ചെല്ലുമ്പോൾ അവരുടെ വീടുകളിൽ കൊണ്ടെത്തിക്കുവാനായി. അനുഭവത്തിൽ കൂടി അവൻ നിശബ്ദത പാലിക്കാൻ പഠിച്ചു. എന്നാൽ കഴിഞ്ഞ തവണ വീണ്ടും ഒരു കെണിയിൽ പെട്ടു. ഒരു പരോപകാരമെന്ന നിലയിലായതിനാലും, തന്റെ ആത്മസുഹൃത്തും, തന്റെ ഭൂതകാല സഹപാഠിയുമായിരുന്ന കാരണത്താലും അവനത്ര പരിഭവം തോന്നിയില്ല എന്നു മാത്രമല്ല ഒരല്പം സന്തോഷമാണ് മനസ്സിൽ ഉദിച്ചത്. കാരണം, വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിക്കുന്ന സമയം. വീട്ടിൽ നിന്നും അകന്നുള്ള കോളേജിലായിരുന്നു. താമസം ഒരു ലോഡ്ജിൽ. ഭക്ഷണം പുറത്ത്. അന്നു വാരാന്ത്യത്തിൽ മിക്കപ്പോഴും തന്റെ ഈ ആത്മസുഹൃത്തിന്റെ വീട്ടിൽ നിന്നും വിളി വരുമായിരുന്നു. സുഹൃത്തിന്റെ അച്ഛനും അമ്മയും അവനു അവന്റെ അച്ഛനമ്മമാരെ പോലെ ആയിരുന്നു. ബാല്യത്തിൽ അവനു കിട്ടാതിരുന്ന ഒരമ്മയുടെ സ്നേഹം അവനറിഞ്ഞത് സുഹൃത്തിന്റെ അമ്മയിൽ നിന്നായിരുന്നു. ഭക്ഷണത്തിന്റെ രുചി അതിലപ്പുറവും! ആ അമ്മയ്ക്കുള്ള പൊതിയാണ് അവൻ നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകുന്നത്. കോളേജ് ജീവിതം കഴിഞ്ഞ ശേഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് അവൻ ആ അമ്മയെ കണ്ടത്. പലപ്പോഴും അമ്മയെ കുറിച്ചു സുഹൃത്തിനോട് ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. തന്റെ സുഹൃത്ത് ആകെ മാറിയിരിക്കുന്നു. പണ്ടത്തെ ആസ്നേഹത്തിൽ എന്തോ ഒരു കാപട്യം . പിന്നീടങ്ങോട്ട് ചോദ്യം ഇല്ലാതെയായി. പൊതിയുടെ മുകളിൽ മേൽവിലാസം കുറിച്ചിരുന്നതിനാൽ കൂടുതലൊന്നും ഇക്കുറിയും ചോദിച്ചില്ല.

എന്നാൽ നാട്ടിൽ ചെന്നു ആ അമ്മയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഇരുണ്ടു കയറാൻ തുടങ്ങിയ കണ്ണുനീരെറ്റു വീണ ചിന്തകളാണ് ഈ രചനയുടെ ഏടാംകുടം! കണ്ടെതെന്തെന്നു പിന്നീട് വിവരിക്കാം. മനുഷ്യജന്മത്തിൽ ജനിക്കുമ്പോൾ ഉണ്ടാവുന്ന മനസ്സിന്റെ നിസ്വാർത്ഥത കലർന്ന നിഷ്കളങ്കത മരണത്തോടടുക്കുമ്പോൾ തിരിച്ചെത്തുന്നുണ്ടോ എന്നു ഒരു നിമിഷം അവനു തോന്നിപ്പോയി! പറഞ്ഞു കേട്ടിട്ടില്ലേ, പ്രായമേറിടുന്നവർക്ക് കുഞ്ഞുങ്ങളുടെ മനസ്സാണെന്ന്? ആ ചിന്ത അവനെ അവന്റെ ബാല്യകാലസ്മരണകളുടെ തീരങ്ങളിലേക്ക് ഒരു നിമിഷം കൊണ്ടു പോയി. ബാല്യത്തിൽ താൻ അനുഭവിച്ച നൊമ്പരങ്ങളും, അനുഭവങ്ങളും ഉണ്ണി ആ അമ്മയിൽ കണ്ടിരുന്നിരിക്കാം. അല്ലെങ്കിൽ ഉണ്ണി അവന്റെ ബാല്യകാലം എന്തിനോർക്കണം?

ബാല്യം, അതവന്  മിക്കപ്പോഴും ഏകാന്തതയുടെ പര്യായമായാണ് അനുഭവപ്പെട്ടിരുന്നത്. അന്നറിഞ്ഞതിനേക്കാളേറെ അതിന്റെ വേദന ഇന്നവനറിയുന്നു. ലോകം കാണാൻ തുടങ്ങിയിരുന്ന സമയത്ത്, അവനുള്ളിൽ തളം കെട്ടി നിന്നിരുന്ന മ്ലാനത കലർന്ന ഏകാന്തത. എന്നാൽ അവനു തിരക്കൊഴിയാത്ത ജന്മസായൂജ്യവും. അച്ഛന്റേയും അമ്മയുടേയും ജോലിയൊഴിഞ്ഞ് ഒരു നറു താലോലത്തിനായ് കാത്തുകാത്ത് കണ്ണടഞ്ഞു ഉറങ്ങിപ്പോയ രാത്രങ്ങളെ അവനോർമ്മയുള്ളു. അച്ഛനുമമ്മയ്ക്കും പകൽ മുഴുവൻ ജോലിത്തിരക്ക്.  വീട്ടിൽ വന്നു സന്ധ്യ കഴിഞ്ഞാലോ? ഓഫീസ് വിശേഷങ്ങൾ തമ്മിൽ തമ്മിൽ ചൂടോടെ പുലമ്പിയില്ലെങ്കിൽ അത്താഴമിറങ്ങില്ലെന്ന പോലെയാണ്. മഴയില്ലെങ്കിൽ മുറ്റത്ത് തുളസിത്തറയുടെ അടുത്തായി അച്ഛൻ ചാരുകസേരയിട്ട് വീശിക്കൊണ്ടിരിക്കും. അമ്മയ്ക്കിരിക്കാൻ മറ്റൊരു ചൂരൽ കസേരയും അച്ഛൻ തന്നെ കൊണ്ടു വന്നു ഇടാറാണ് പതിവ്. തനിച്ചിരുന്നു പഠിക്കുമായിരുന്ന അവൻ. കുറച്ചു സമയം കഴിയുമ്പോൾ ഒരു ചെറിയ ഇടവേളക്കെന്ന മട്ടിൽ അച്ഛന്റെ ചാരുകസേരക്കരികിൽ ചെല്ലും. കിന്നരിക്കാനും പിന്നെ അച്ഛൻ രുചിക്കുന്ന അല്പഹാരത്തിൽ കൈയ്യിട്ട് ഒന്നു രണ്ടെണ്ണം കൈക്കലാക്കാനും. പലപ്പോഴും അതവരുടെ സംഭാഷണത്തെ ബാധിക്കും. സ്വരമുയർത്തി അവനെയതിനു ശകാരിക്കുകയും ചെയ്യും. പാവം കുട്ടി! മിണ്ടാതെ ഉണ്ണി, അവന്റെ പുസ്തകത്തിലേക്ക് ഓടിയടുക്കും. അമ്മയുടെ ചൂടിനപ്പുറമുള്ള പുതിയൊരു ലോകത്തിന്റെ വേദനയുടെ ഇതൾ വിരിയുകയായി.  വഴക്കു പറഞ്ഞാൽ ഉടൻ കണ്ണീരൊഴുക്കുന്ന പ്രകൃതമാണവന്റേത്.  മുലപ്പാൽ കുടി നിർത്തി അവനെ മറ്റൊരു മുറിയിൽ കിടത്തിയുറക്കാൻ തുടങ്ങിയത് മുതൽ അവനു എന്തോ, അച്ഛനോടു ഒരു നീരസമായിരുന്നു. അവന്റെ വിചാരം അച്ഛൻ അമ്മയിൽ അവനെക്കാൾ ഉപരിയായി അവകാശം സ്ഥാപിച്ചു എന്നായിരുന്നു..

ഉണ്ണിയുടെ ജീവിതം തുടർന്നു കൊണ്ടിരുന്നു. വർഷങ്ങൾ പൊഴിഞ്ഞപ്പോൾ അവന്റെ പ്രാഥമിക വിദ്യാലയ വിദ്യാഭ്യാസത്തിന്റെ അസ്തമനമായി. മിഡിൽ സ്കൂളിലേക്കുള്ള കയറ്റം അതും പഴയ സ്കൂളിൽ നിന്നും ഒന്നാമനായുള്ള യാത്ര പറച്ചിലിലൂടെ! പക്ഷെ, ഏറിയ മാർക്കും അച്ഛനമ്മമാരുടെ പ്രൌഢിയും അവനെ കുണ്ഠിതത്തിലേക്ക് നയിക്കുകയായിരുന്നു എന്നവൻ പിന്നീടാണ് മനസ്സിലാക്കിയത്. അവർ അവനെ ബോഡിങ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാൻ തീരുമാനിച്ചു. 

സ്വയം വീട്ടിൽ നിന്നും അകന്നു നിന്നാൽ കുട്ടിക്കാലത്തു തന്നെ പക്വതയേറും എന്നായിരുന്നു അവരുടെ നിഗമനം. അവനിന്നും ഓർക്കുന്നു. അന്നൊരു ഞയറാഴ്ച ആയിരുന്നു. അവനെ ബോഡിങ് സ്കൂളിലെ വാർഡനായിരുന്ന അംബ്രോസച്ചൻ എന്ന കത്തോലിക്ക വൈദികൻ അരികോട് ചേർത്തു പിടിച്ചു നിൽക്കവെ അമ്മയും അച്ഛനും ജീവിതത്തിൽ ആദ്യമായി അവനോട് യാത്ര പറഞ്ഞ് പിരിഞ്ഞ സമയം. ഹൃദയം പൊട്ടി തകരുന്ന വേദന അന്നവനു അനുഭപ്പെട്ടു. കണ്ണിൽ നിന്നും നീർചാലായി കണ്ണുനീരും. കാറിൽ കയറി വാതിലടയ്ക്കും മുൻപ് അമ്മ പറഞ്ഞു, വരുന്ന ശനിയാഴ്ച വരാം. അന്നവനാദ്യമായി ആ കാറ് കണ്ണിൽ നിന്നും മറയുവോളം ഉണ്ണി നോക്കി നിന്നു. ആ കാറിനൊപ്പം തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോയ വേദനയും സങ്കടവും അവനെ കാർന്നു തിന്നുകയായിരുന്നു ആ അവസരത്തിൽ. ആ വേദന ഇന്നും അവനു പറഞ്ഞറിയിക്കാൻ പ്രയാസമാണ്. തീച്ചൂളയിലകപ്പെട്ട് വെന്തുരുകുന്ന പോലേയോ, വെള്ളത്തിൽ മുങ്ങി നീന്താനാവാതെ ശ്വാസം മുട്ടുന്ന പോലെയോ, എങ്ങിനെ ആ വേദന വിവരിക്കുമെന്ന് ഇന്നും അവനു നിശ്ചയമില്ല. ഒന്നു മാത്രമറിയാം. ശരീരത്തിലെ എല്ലാ ഊർജ്ജവും വാർന്നൊഴുകി താൻ അന്നു ബോധം കെട്ട് അച്ചന്റെ കൈകളിൽ നിന്നും താഴെ പതിച്ചത്. അന്ന് വീണ്ടുമവൻ കണ്ണുകൾ തുറന്നപ്പോൾ ഒരു സോഫയിൽ കിടക്കുകയായിരുന്നു. ചുറ്റിനും അച്ചന്മാരും, കുട്ടികളും. പ്രായത്തിൽ മുതിർന്ന കുട്ടികൾ അന്നവനെ കൂട്ടിക്കൊണ്ടു പോയി അവന്റെ പഠനമുറിയും, കിടപ്പു മുറിയും, ഭക്ഷണ ശാലയുമെല്ലാം കാണിച്ചു കൊടുത്തു. എന്തോ അതൊന്നും അവനു അവന്റേതായി കാണുവാൻ കഴിഞ്ഞില്ല. കാരണം അന്നുവരെ അവന്റേതെന്നു കരുതിയ എല്ലാം അവനു നഷ്ടപ്പെട്ട പ്രതീതി.  

കൊച്ചുകുട്ടിയുടെ മനസ്സിന്റെ ഉടമയ്ക്ക് പരിതിയിൽ കവിഞ്ഞു ചിന്തിക്കാനായില്ല. അവന്റെ അച്ഛനുമമ്മയും എന്തിനവനെ ഇങ്ങിനെ ശിക്ഷിച്ചു എന്നറിയാതെ അവൻ കുഴങ്ങി. അന്നാദ്യമായി മനസ്സിന്റെ ഏതോ ഒരു കോണിൽ അച്ഛനോടും അമ്മയോടും അവനു നീരസം അനുഭവപ്പെട്ടു. ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവന്. എപ്പോഴും അവന്റെ അവകാശം കുറിക്കപ്പെട്ട വീട്ടിലെ ചിട്ടകളും, സ്വാതന്ത്ര്യവും, കിന്നാരങ്ങളും, സാധനങ്ങളും, രുചിയാഹാരങ്ങളും അവന്റെ മുന്നിൽ നിറഞ്ഞു നിന്നു. മണിക്കൂറുകൾ ദിവസങ്ങളായും, ദിവസങ്ങൾ ആഴ്ചകളായും അവനന്ന് അനുഭവപ്പെട്ടു. അവിടുത്തെ അച്ചന്മാർക്ക് സ്പെഷ്യൽ ആഹാരം, ബാക്കിയുള്ള കുട്ടികൾക്കെല്ലാം ഓർഡിനറി! ഭക്ഷണം ഇഷ്ടമാണോ, അതോ മറ്റുവല്ലതും ഉണ്ടാക്കി തരണോ എന്ന് ചോദിക്കാൻ അവനാരുമില്ലാതായി. കിണ്ണത്തിൽ ഇട്ടു തരുന്നത് കഴിക്കാം, അല്ലെങ്കിൽ കഴിക്കാതെ പട്ടിണി കിടക്കാം. ഭക്ഷണം കളയുന്നത് അച്ചൻ കണ്ടാൽ ചെവി നെറടി പറിക്കും! വിശക്കുമ്പോൾ ഭക്ഷണം കിട്ടില്ല. അതിനു സമയമുണ്ട്. ഏതെങ്കിലും ദിവസം കൂടുതൽ ക്ഷീണം തോന്നിയാൽ, നേരത്തെ കിടക്കാമെന്ന് കരുതാം, പക്ഷെ ചെയ്യാൻ പറ്റില്ല. ഉറക്കം തൂങ്ങിയാലും, പത്ത് മണിക്കേ കിടക്കാൻ പറ്റിയിരുന്നുള്ളു. വെള്ളിയാഴ്ചക്കായി അവൻ തപസ്സു ചേയ്തിരുന്നു. വെള്ളിയാഴ്ച എന്തെങ്കിലും അസുഖം അവൻ മനസ്സിൽ കണ്ട് വീട്ടിൽ വിളിക്കും. ഉപാധികൾ പറഞ്ഞ് വൈകുന്നേരം കാറു വരുത്തും.തനിക്കു നഷ്ടമായത് വാരാന്ത്യത്തിലെങ്കിലും വീണ്ടെടുക്കുവാൻ, വീണ്ടും ആസ്വദിക്കുവാൻ.

ഇവിടെ പതിയിരിക്കുന്ന മറ്റൊരു രഹസ്യം കൂടി ഉണ്ട്. അവൻ ഏറെ കാലങ്ങൾക്ക് ശേഷം മാത്രം മനസ്സിലാക്കിയ ഒരു രഹസ്യം. ഉണ്ണിക്കുട്ടൻ (അവൻ) വീട് വിട്ടതോടെ ആ വീട് നടയടച്ച ശ്രീകോവിലായി മാറി! എല്ലാവരിലും ഒരു മൂകത. ഒച്ചയും അനക്കവുമില്ലാത്ത അന്തരീക്ഷം.

ഓംകാര മൂർത്തിയായ അച്ഛനേയും അത് ബാധിച്ചു. ഒരച്ഛൻ പലപ്പോഴും മനസ്സിൽ കാണുന്നത് മറ്റുള്ളവർ അറിയില്ല. ഉണ്ണിക്ക് ഹോം സിക്നസ് വരുമെന്ന് അച്ഛൻ മുൻകൂട്ടി ധരിച്ചിരിക്കണം. ഉണ്ണിയെ കൊണ്ടു വിടുവാൻ പോകുന്ന സമയം, കാറിൽ വെച്ച് അച്ഛൻ ഉണ്ണിയോട് ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. എല്ലാ വാരാന്ത്യവും വീട്ടില്ലേക്ക് എഴുന്നുള്ളാൻ നോക്കാതെ അവിടെ തന്നെ നിന്നു ശരിക്ക് പഠിക്കാൻ താക്കീത് നൽകിയിരുന്നു. എന്നാലും ഉണ്ണി പോയപ്പോൾ വിഷാദം എല്ലാവരിലുമായി. ഉണ്ണിയുടെ ഇടക്കിടക്കുള്ള ശല്യപ്പെടുത്തൽ ഇല്ലാതായപ്പോൾ, അച്ഛന്റേയും അമ്മയുടേയും മുറ്റത്തിരുന്ന് വൈകുന്നേരമുള്ള സല്ലാപം പോലും നിലച്ചു. വെള്ളിയാഴ്ച വീട്ടിൽ എല്ലാവരും ഉണ്ണിയുടെ ഫോൺ വിളി വരുന്നത് കാത്തിരിക്കും. കുസൃതിത്തരത്തിൽ അസുഖമെന്ന ഉപായത്തിൽ വീട്ടിൽ വരുവാനുള്ള ഉണ്ണിയുടെ ഫോൺ വിളിയാകുമെങ്കിലും, ഉണ്ണിയെ കാണാതെ ആർക്കും ഒരു ശനിയാഴ്ച ഇല്ലെന്നായി. ഉണ്ണിയുടെ ഹോസ്റ്റൽ വാസം ഒരു വർഷമെ നീണ്ടു നിന്നുള്ളു. പുറമെ സ്നേഹം പ്രകടിപ്പിക്കാത്ത അച്ഛനാണ് അമ്മയോട് പറഞ്ഞത്,

ഉണ്ണി ഇവിടെ നിൽക്കട്ടെ ഇനി മുതൽ. നമുക്കവനെ കാറിൽ കൊണ്ടാക്കാൻ ഒരു ഡ്രൈവറെ ഏർപ്പാടാക്കം. വൈകുന്നേരം അവനേയും കൊണ്ട് തിരിച്ചു പോരുവാൻ സമയമാകും വരെ, കാറവിടെ പകൽ സമയം നിർത്താൻ സൌകര്യപ്പെടുത്താം. അപ്പോൾ നാലു പ്രാവശ്യം ഇത്ര ദൂരം കാറോടേണ്ടല്ലൊ.

അതറിഞ്ഞ ഉണ്ണിക്ക് കണ്ണു നിറഞ്ഞു. തന്റെ അച്ഛനാണോ ഇങ്ങിനെ പറയുന്നത്? അവനത് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ആദ്യമായി അവൻ അച്ഛൻ കാണാതെ അച്ഛനെ തൊഴുതു. പുറത്തു കാണിക്കാതെ അകമെ സൂക്ഷിക്കുന്ന അച്ഛന്റെ സ്നേഹം അവൻ ആദ്യമായറിഞ്ഞു.

സ്വയം ഉരുകുമ്പോഴും അത് പുറത്തറിയിക്കാതെ ആശ്രിതരെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആളാണ് അച്ഛൻ. തലമുറകളുടെ വിടവ് മനസ്സിലാവുന്ന ഒരാൾ അച്ഛൻ മാത്രമാണ്. ഉണ്ണികളുടെ ബാല്യത്തിൽ കടുത്ത നിഷ്കർഷത കാണിക്കും, എന്നാൽ ഉണ്ണികൾ വലുതായാലെ അതിന്റെ രഹസ്യം അവർക്ക് മനസ്സിലാവു. ഉണ്ണികളുടെ വാശികൾക്ക് മുന്നിൽ ആദ്യം വിലക്കുമെങ്കിലും ഉണ്ണികളറിയാതെ അവർക്കായി ആത്മാർത്ഥമായി തോറ്റുകൊടുക്കും അമ്മയ്ക്കു മുൻപിൽ ആ അച്ഛൻ! കരുതലോടെ മരണം വരെ അച്ഛൻ ചുമക്കുന്ന ഗർഭമാണ് മക്കൾ. അച്ഛന്റെ കണക്കു പുസ്തകത്തിൽ കുറച്ചും ഹരിച്ചും പല പിശുക്കു കണക്കുകളും കാണാം. പക്ഷെ മക്കൾക്ക് ചിലവാക്കിയ പണത്തിന്റെ കണക്കുമാത്രം കാണില്ല. അതാണ് ഉണ്ണി മനസ്സിലാക്കിയ ഉണ്ണിയുടെ ഈ അച്ഛനും!

അമ്മയുടെ സ്നേഹത്തെ കുറിച്ചു പറയേണ്ടതില്ലല്ലോ? മക്കളുടെ മുഖം കാണും മുൻപ്, ആ ശബ്ദം കേൾക്കും മുൻപ്, അവരുടെ ഗുണങ്ങൾ അറിയും മുൻപ് സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരു മനസ്സ്, അമ്മ മനസ്സാണ്. അമ്മയുള്ള കാലത്തോളം നമുക്ക് വയസ്സായതായി തോന്നാറില്ല. അമ്മക്കെന്നും മക്കൾ കുട്ടികളാണ്. അമ്മയ്ക്കങ്ങിനെയെ മക്കളെ കാണാൻ കഴിയു. അച്ഛന്റേയും അമ്മയുടേയും ആദ്യാക്ഷരം  ആണെങ്കിലും, അമ്മ എന്നാണ് നമ്മൾ പഠിക്കുക, അല്ലേ? കാരണം ജീവൻ തന്നത് ഈശ്വരനെങ്കിൽ ജനനം തന്നത് അമ്മയാണ്. സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും, കരുതലിന്റേയും അതിരുകളില്ലാത്ത ഒരൽഭുതമാണ് അമ്മ!

മനസ്സ് വളരുന്നതിനു മുൻപ് ഉണ്ണി അനുഭവിച്ച, അകഴിഞ്ഞ ഒരു വർഷത്തെ മാനസിക നൊമ്പരം ബോഡിങ് സ്കൂളിൽ നിന്നു പഠിച്ച എല്ലാവർക്കും ശരിക്കും മനസ്സിലാവും. മനസ്സിന്റെ രോദനം, മനസ്സിന്റെ വിങ്ങൽ ഇതൊന്നും നമുക്ക് നേരിട്ട് കാണാൺ പറ്റുന്നതല്ല മറിച്ച് അനുഭവിച്ചറിയാൻ മാത്രം പറ്റുന്ന അവസ്ഥകളാണ്. അതനുഭവിച്ചവർക്കറിയാം അതിന്റെ കാഠിന്യം.

അതുപോലെ, ഇളം പ്രായത്തിൽ മക്കളെ ബോഡിങ് സ്കൂളിലേക്കയക്കേണ്ടി വരുന്ന മതാപിതാക്കൾ അത് അവർ പുറമെ കാട്ടാറില്ല. കനൽ കെട്ടടങ്ങാത്ത ചൂടായിരിക്കും ആ മനസ്സുകൾക്കുള്ളിൽ. അതോടൊപ്പം ഭീതിയും! മക്കൾക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന ഭീതി. പല സാഹചര്യങ്ങളാലും ഇത് സംഭവിക്കാം. സ്വയം മക്കൾ വീട്ടിലെ പുന്നാരവും കിന്നാരവും അധികമനുഭവിച്ചു ഇത്തിക്കണ്ണികളാവാതിരിക്കാനാകാം, സ്വഭാവം നന്നാക്കൽ പ്രക്രിയയാവാം, അതുമല്ലെങ്കിൽ തൊഴിൽ പരമായി അച്ഛമ്മമാർക്ക് മക്കളെ പരിപാലിക്കാൻ സമയം ശുഷ്കിക്കുമ്പോഴാകാം. എന്തായിരുന്നാലും മക്കളുടെ നല്ല ഭാവിയെ കണക്കിലെടുത്തുള്ള കാൽവെയ്പ്പായിരിക്കും. പ്രൌഢിക്കായി മക്കളെ ബോഡിങിൽ ചേർക്കുന്ന മാതാപിതാക്കളെ ഇവിടെ മറന്നു കളയുന്നു തൽക്കാലം!

അങ്ങിനെയുള്ള അച്ഛന്റേയും, അമ്മയുടേയും അളവറ്റാത്ത സ്നേഹത്തെ കുറിച്ചു പറയുവാൻ ഉള്ള കാരണമുണ്ട്. അത് മറ്റൊന്നുമല്ല, ആദ്യഭാഗത്ത് പറഞ്ഞിരുന്നില്ലേ സഹപാഠിയുടെ അമ്മയ്ക്ക് കൊടുക്കുവാൻ ഉണ്ണിയുടെ കൈവശം കൊടുത്തുവിട്ട പൊതിയുമായി ആ അമ്മയെ കാണുവാൻ ചെന്ന ഉണ്ണിയുടെ മനസ്സിൽ ഇരുണ്ടു കയറാൻ തുടങ്ങിയ കണ്ണുനീരെറ്റു ഈറനണിഞ്ഞ ചിന്തകൾ എന്ന്? ആ ചിന്തകളുടെ തീരങ്ങളായിരുന്നു ഈ പറഞ്ഞ ഉണ്ണിയുടെ മനസിലുണ്ടായ തിരമാലകളുടെ ആഴത്തിലേക്കുള്ള എത്തി നോട്ടവും, അച്ഛനമ്മ മനസ്സുകളുടെ നാം പോലും കാണാൻ മറന്ന ആഴിത്തിരമാലകളുടെ തൊട്ടുതലോടലുകളും.

അവൻ (ഉണ്ണി) ആ പൊതിയുമായി ചെന്നത് മറ്റെവിടേയും ആയിരുന്നില്ല. അതൊരു വൃദ്ധസദനമായിരുന്നു! അമേരിക്കയിൽ അംബരച്ചുംബികളുടെ നഗരത്തിൽ, വീടുകൾ വിൽക്കുന്ന പേരുകേട്ട റിയൽ എസ്റ്റേറ്റ് മാന്യന്റെ, അല്ലെങ്കിൽ സ്വന്തമായി തനിക്കായി വാങ്ങി കൂട്ടിയ വീടുകൾ വാടകയ്ക്ക് കൊടുത്ത് വിഹരിക്കുന്ന അവന്റെ സഹപാഠിയുടെ അമ്മ, വസിക്കുന്ന സദനം! അതെ അവിടേയ്ക്കാണ് ഉണ്ണി കയറി ചെന്നത്.  മകനെ പഠിപ്പിച്ചു വലുതാക്കാൻ വേണ്ടി, സൂര്യനേയും നക്ഷത്രങ്ങളേയും ഉറക്കിയിട്ട് മാത്രം കൺപോളകളടച്ചിരുന്ന ആ അമ്മ. സ്വന്തമമ്മയേക്കാൾ വാത്സല്ല്യത്തോടെ വാരാന്ത്യങ്ങളിൽ സഹപാഠിയുടെ വീട്ടിൽ ചെന്നിരുന്നപ്പോൾ ഉണ്ണിയെ ഊട്ടിയ ആ കൈകളിൽ അവൻ കണ്ടത് മുറ്റമറ്റിക്കുന്ന ചൂലാണ്. മാറുമറക്കാൻ ഒരു കീറിയ തോർത്തും. പാവം. അന്ന് അവൻ ചെന്ന ദിവസം അവരെ ഏൽപ്പിക്കപ്പെടുത്തിയ ചുമതല അതായിരുന്നു. മുറ്റമടി! അന്നത്തെ ദിവസം, ആ അമ്മയെ കാണാൻ ആരെങ്കിലും വരുമെന്ന് അവർക്ക് അറിവില്ലായിരുന്നല്ലൊ. അല്ലെങ്കിൽ അന്നൊരു ദിവസം ആ പാവത്തിനെ കുളിപ്പിച്ച്, സാരിയുടുപ്പിച്ച്, പൌഡറിട്ട് സ്വീകരണമുറിയിൽ പാവയെപോലെ കൊണ്ടു ചെന്നിരുത്തിയേനെ!

അമ്മയ്ക്കാദ്യം ഉണ്ണിയെ മനസ്സിലായില്ല. ഉണ്ണി ആരാണെന്ന് പരിചയപ്പെടുത്തിയപ്പോൾ, കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ നൽകി ആ പാവം സ്ത്രി. ഒരമ്മയുടെ നിർവൃതി! ദുഖത്തിന്റെ ഒരു മിഴിത്തുള്ളിപോലും ആ കണ്ണുകളിൽ നിന്നും പൊഴിഞ്ഞില്ല. സന്തോഷത്തിന്റെ അശ്രുധാരമാത്രം! ആ അമ്മയ്ക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല ഉണ്ണിയോട് പറയാൻ. ഉണ്ണിയോട് ആദ്യത്തെ ചോദ്യം ഇതായിരുന്നു,

എന്റെ മോനു അവിടെ സുഖമാണല്ലോ അല്ലേ? അവനെ കാണാറുണ്ടോ ഉണ്ണ്യേ? കൊച്ചുമക്കളൊക്കെ ഇപ്പൊ വലുതായിക്കാണും അല്ലേ? ഈ അമ്മുമ്മേ അവർക്ക് അറിയ്യോ? അവൻ പോലും ഇങ്ങട്ട് വന്നിട്ട് വർഷങ്ങളായി. സമയിണ്ടാവില്ല. അവനോട് പറയണം, അമ്മ സുഖമായി ഇരിക്കുന്നു എന്ന്. അമ്മ എന്നും പ്രാർത്ഥിക്കിണ്ട് എല്ലാവരും സുഖായി അസുഖോന്നുല്ലാതെ കഴിയാൻ. അവനോട് മറക്കാണ്ട് പറയണം.

പറയാമെന്നു തലയാട്ടി, ഉണ്ണി. ഉണ്ണി പറയുവാനുദ്ദേശിച്ച മറുപടി വാക്കുകൾ കണ്ഠത്തിൽ തടഞ്ഞു. പുറത്തേക്ക് വന്നില്ല. പൊട്ടിക്കരയാതിരിക്കാൻ ഉണ്ണി ശ്രമിക്കുകയായിരുന്നു. ഉണ്ണി ആ അമ്മയെ വീണ്ടും അരികോട് ചേർത്ത് പിടിച്ച് ആ നെറുകയിൽ ഉമ്മ വെയ്ച്ചു. പണ്ടെവിടേയോ വായിച്ചിട്ടുള്ളത് ഉണ്ണി ഓർത്തു പോയി, ഓർത്തിരിക്കാനും, കാത്തിരിക്കാനും ആരുമില്ലാത്ത നിമിഷങ്ങൾ അരുകിലെത്തുമ്പോൾ ഒന്നോർത്താൽ മതി അരികിലുണ്ടാവും ചേർത്തു പിടിക്കാൻ ഒരാൾ, തന്റെ അമ്മ

നമുക്ക് ചിറകുകൾ വളർന്ന് പറക്കുവാനാകുവോളം വളരും വരെ, നമ്മെ മനസ്സിലാക്കാൻ ഉണ്ടായിരുന്ന മനസ്സുകളാണ്, അച്ഛനും അമ്മയും. എന്നിട്ടിന്നവരെ ആരുമറിയാത്ത, ആർക്കും വേണ്ടാത്ത ശ്വാസം മാത്രം നിലക്കാത്ത ചവിറ്റു കൊട്ടയിലെ മാംസപിണ്ഠങ്ങൾ ആയി നിക്ഷേപിക്കപ്പെടുന്നു! കഴിയുന്നതെങ്ങിനെ എന്നറിയില്ല, പാലൂട്ടിയും ചോറൂട്ടിയും കൈവിരലുകളിൽ കൂടിവരെ സ്നേഹം പകർന്ന ആ പ്രാണനെ വാടകയ്ക്ക് നോക്കാൻ ഏൽപ്പിക്കുന്നതെന്തെന്ന്! എന്നിട്ടും ആ മുഖത്ത് മന്ദസ്മിതമെയുള്ളു. പകയില്ല, വിരോധമില്ല, ദേഷ്യമില്ല ആ മനസ്സുകൾക്ക്. ഒരമ്മയെ  വൃദ്ധസദനത്തിലാക്കി യാത്ര പറയുന്ന മകനെ നോക്കി നിൽക്കുന്ന അമ്മയുടെ ഒരു ഫോട്ടോ കണ്ടതോർക്കുന്നു. തന്റെ മകനെ വളർത്തി വലുതാക്കി സ്വയം പറക്കാൻ കഴിയുമാറാക്കിയ ഒരമ്മയുടെ ആത്മസംതൃപ്തി അതുമാത്രമാണ് അപ്പോഴും ആ മുഖത്ത്.  എന്നുവരും, എന്നെന്നെ കൊണ്ടു പോകും എന്നവർ ആ യാത്ര പറയുന്ന അവസരത്തിൽ നമ്മോട് ചോദിക്കില്ല. അറിയാത്തതു കൊണ്ടല്ല, ആ മനസ്സുകളിൽ വിചാരങ്ങളും, വികാരങ്ങളും ഇല്ലാതായിട്ടല്ല. എല്ലാം ഒതുക്കി, നമ്മളെ വേദനിപ്പിക്കണ്ടാ എന്ന് കരുതി മാത്രം! ഒരു ഭാരമൊഴിഞ്ഞു എന്ന മനോഭാവത്തോടെ കാറിൽ കയറി വാതിൽ കൊട്ടിയടക്കുമ്പോൾ, നമ്മൾ അടയ്ക്കുന്നത്, അമ്മ അല്ലെങ്കിൽ അച്ഛൻ എന്ന ശ്രീകോവിലിന്റെ വാതിലുകളാണ് എന്ന് ഓർത്തിട്ടുണ്ടോ? നമ്മൾ വലിച്ചെറിയുന്നത്, അമ്മമുദ്രയാണ്. എന്താണീ അമ്മമുദ്ര? അമ്മ നമുക്ക് ജനനം മുതൽ മരണം വരെ ധരിക്കാൻ അമ്മ നൽകിയ മുദ്ര. നമ്മുടെ പൊക്കിൾ കൊടി! പൊക്കിൾ കൊടിയിലല്ലേ ജന്മബന്ധം തുടങ്ങുന്നത്?

നമുക്കവരുടെ ദേഹം അവിടെ ഉപേക്ഷിച്ച് പോരാൻ പറ്റുമായിരിക്കും. എന്നാൽ അവരുടെ ദേഹി (മനസ്), നമ്മൾക്ക് അമ്മ  സമ്മാനിച്ച പൊക്കിൾകൊടി ധരിക്കുവോളം കാലം നമുക്കൊപ്പം ഒരു നിഴൽ പോലുണ്ടാവും, നമുക്ക് നല്ലതു മാത്രം വരേണമെ എന്നു പ്രാർത്ഥിക്കാൻ! അതാണ് സത്യം. അവർക്ക് ഇനിയുള്ള ജീവിതത്തിൽ മറ്റെന്താലോചിക്കാൻ? അവരുടെ പഴയ കാലം മാത്രം. നമ്മളുമായി കഴിഞ്ഞ ആ നല്ല കാലത്തെ ഓർമ്മകൾ, ഇനിയതുണ്ടാവില്ലല്ലോ എന്ന ഉൾനെഞ്ചിലെ വിലാപം. അതായിരിക്കും ആ ശൂന്യതയിൽ അവർക്ക് മുൻപിൽ കോമരമാടുക.

ചക്രവാളം തിരിയും പോലെ ജീവിതഘടങ്ങൾ ഒരു ഭ്രമണപഥത്തിലെ സൂചി മുനയിൽ തറച്ച പ്രതിഫലനങ്ങളാണ് നാമെല്ലാം. ബാല്യം, കൌമാരം, യൌവനം, മാദ്ധ്യമം, വാർദ്ധക്യം അങ്ങിനെ പോകും ആ പ്രതിഫലനങ്ങൾ. നമ്മൾ ഓരോരുത്തരും ആ പ്രതിഫലന ദശയിൽ എത്തുമ്പോൾ ആ ദശയിലെ കണികകളായി കാണപ്പെടുന്നു. ബാല്യത്തിൽ നമ്മൾ അച്ഛനമ്മയിൽ നിന്നും വേർപെട്ടപ്പോൾ വേദനിച്ച വേദന മറ്റൊരു ദശയിൽ നമ്മുടെ കുട്ടികൾ അനുഭവിച്ചു കൂടെന്നില്ല, നാം അവരെ അങ്ങിനെ ഒരു വേർപെടുത്തലിനു ഇരയാക്കിയാൽ. അതേ പോലെ, നമ്മുടെ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ അർപ്പിക്കുമ്പോൾ അവർക്കുണ്ടാവുന്ന മാനസിക നിലയും, ശാരീരിക ഹീനതയും നമുക്കും വന്നു കൂടെന്നില്ല, നമ്മുടെ കുട്ടികളിൽ നിന്നും. അന്ന് സ്വയം സമാധാനിക്കേണ്ടി വരും കർമ്മഫലമെന്നു കരുതി. ഇന്നത്തെ പ്രൌഢിയൊന്നും അന്നു രക്ഷക്കുണ്ടായിക്കൊള്ളണമെന്നില്ല. അങ്ങിനെ ഒരു ശാപം ഏറ്റുവാങ്ങണോ? ബിരുദവും, ധനവും നൽകുന്നതല്ല ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളും. മനുഷ്യരേതു വിധമായാലും ബന്ധത്തിന്റെ അർത്ഥം ഒന്നേ ഉണ്ടാവു. മനുഷ്യന്റെ നിറങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഏവരുടേയും നിഴൽ കറുപ്പെന്ന മാതിരി! അതുകൊണ്ട് നമുക്കതിനെ വളച്ചൊടിക്കുവാനോ വ്യാഖ്യാനിച്ചു മാറ്റുവാനോ അവകാശമില്ല. പ്രകൃതി നിയമം തെറ്റിച്ചാൽ, പ്രകൃതിയുടെ തിരിച്ചടിയാവും ഫലം. നമ്മൾ അനുഭവിക്കുന്നില്ലേ അത്? പ്രളയം, കൊടുംകാറ്റ്, കോവിഡ് അങ്ങിനെ പലയവതാരങ്ങളായി! അരുത്. താങ്ങാനാവത്തതിനെ വിളിച്ചു വരുത്തരുത്. 

വൃദ്ധസദനം! ആരിട്ട പേരാണെങ്കിലും പേരിട്ടവനോടൊരു ചോദ്യം. ആർക്കാണ് വയസ്സായത്? അവിടെ നിക്ഷേപിക്കുന്ന നിങ്ങളുടെ അച്ഛനമ്മമാരുടെ ശരീരത്തിനോ അതോ മനസ്സുകൾക്കോ? അച്ഛനമ്മയെ മറക്കുന്ന മനുഷ്യാ, ദേഹത്തിനെ വയസ്സാവുന്നുള്ളു, ദേഹി (മനസ്) അനശ്വരമാണ്, അനന്തമാണ്, നിത്യയൌവമാണ് മനസ്സിന്റെ ഏറ്റവും ഏറിയ പ്രായം. ദേഹത്തിനു പ്രായം ചെന്ന ആ വയസ്സിലും  അത്തരം സദനങ്ങളിൽ നിക്ഷേപിക്കപ്പെട്ടവർക്ക് മധുരമുള്ള ഓർമ്മകൾ നമ്മുടെ ബാല്യകാലത്തുള്ളതാണ് എന്നു വെച്ചാൽ അവരുടെ യൌവനകാലത്തെ! അതാണ് നമ്മൾ മനസ്സിലാക്കാൻ മറന്നു പോയ യഥാർത്ഥ സത്യം. പ്രകൃതിയുടെ സത്യം.

മതി! ചെയ്തുപോയ തെറ്റുകൾ മതി. ഒന്നുമാത്രം ഓർക്കുക. പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലും, തകരും. എന്നാൽ വിട്ടുവീഴ്ചകൾ ഇരുഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ മനസ്സുകൾ അടുക്കും, സൃഷ്ടി ജയിക്കും! കല്പാന്തകാലങ്ങൾ പലത് പിന്നിട്ടാലും ഇപ്പറഞ്ഞതിന് മാറ്റമുണ്ടാവില്ല.

സമർപ്പണം: വർഷങ്ങളായി സ്വജീവിതം മറന്ന്, സ്വൈച്ഛകൾക്കവധി കൊടുത്ത് അച്ഛനേയും അമ്മയേയും ശുശ്രൂഷിച്ചു കഴിയുന്ന സ്വന്തം അനുജത്തിക്ക് നിസ്സാഹയനായ ഒരു ജേഷ്ടന്റെ പ്രണാമം.

 

-ഹരി കോച്ചാട്ട്- 

No comments:

Post a Comment