Wednesday, June 26, 2019

“തെറ്റുകള്‍ക്കും ശരികള്‍ക്കുമപ്പുറം.....”

ശരികള്‍ തേടി ഞാന്‍ അലഞ്ഞു
ശരിയെന്തെന്നറിയാന്‍ ഞാന്‍ കൊതിച്ചു
ശരിയേക്കാളേറെ തെറ്റുകള്‍ ഞാന്‍ കണ്ടു
തെറ്റുകള്‍ കണ്ട് ഞാന്‍ വളര്‍ന്നു
തെറ്റിനെ വെല്ലുവാന്‍ ഞാന്‍ പഠിച്ചു
തെറ്റുകള്‍ക്കപ്പുറം ഞാന്‍ തിരഞ്ഞു
അവിടെ ഞാന്‍ കണ്ടൊരാ നിഴല്‍
കാതിലോതി, ഞാന്‍ തന്നെ നിന്‍ ശരി
നിന്‍ നിഴലായ് ഞാനെന്നുമുണ്ട്
നിനക്കായ് നിനക്കു തുണയായ്
നീ ശരിയെന്തെന്നറിയുവോളം കാലം
ഞാനാദ്യമാ‍യറിഞ്ഞൊരാ സത്യം
ശരിയുണ്ടെന്നും തെറ്റിന്റെ നിഴലായ്
തെറ്റിനെ വെളിച്ചത്താക്കീടില്‍
 ശരി തനിയെ തെളിഞ്ഞീടും

ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് പണ്ട് വായിച്ച റൂത് എന്ന കവിയുടെ കവിതയിലെ വാക്യമാണ്. തെറ്റുകള്‍ക്കും ശരികള്‍ക്കുമപ്പുറം ഒരു മേടയുണ്ട്. മനോഹരമായ ഒരു മേട. നിങ്ങള്‍ അവിടേയ്ക്ക് വരിക. ഞാന്‍ അവിടെ നിങ്ങള്‍ക്കായി കാത്തു നില്‍ക്കാം.തെറ്റുകളും ശരികളും നിറഞ്ഞ മേച്ചില്പാടങ്ങള്‍! അതിനപ്പുറമുളള പച്ചപരവതാനി വിരിച്ചപോലെ പുല്ലും പൂങ്കാവനവും നിറഞ്ഞ മനോഹരമായ ഒരു മേട! കടമ്പകള്‍ കടന്ന് നിങ്ങള്‍ അവിടേക്കെത്തുക. നിങ്ങള്‍ക്കായി ഞാന്‍ അവിടെ ഉണ്ടാവും! എന്തു നല്ല ആ‍ശയം. എന്തുകൊണ്ടാണ് റൂത് അങ്ങിയൊരു മേടയുണ്ടെന്നും അവിടെ കണ്ടുമുട്ടാമെന്നും പറഞ്ഞത്? അദ്ദേഹം എന്തുകോണ്ടാണ് അങ്ങിനെ എഴുതിയതെന്ന് ഞാന്‍ ഏറെ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ കണ്ട അര്‍ത്ഥം ഞാന്‍ കടന്നുപോയ വിശദീകരണങ്ങളില്‍ ഒന്നിലും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഞാനെന്റെ മനസ്സില്‍ തോന്നിയത് ഇവിടെ കുറിക്കാം. 

മാനവരാശിക്ക് തെറ്റുകള്‍ പുത്തരിയല്ല. വിശ്വാസങ്ങളുടെ ഏടുകളില്‍ പറയുന്നു, മാനവരാശിയുടെ തുടക്കം തന്നെ അരുതാത്തത് ചെയ്തതിന്റെ ഒരു തുടര്‍ക്കഥയാണെന്ന്. ഏത് സംഗതിയിലും ഉണ്ട് തെറ്റും ശരിയും. ഒരു നാണയത്തിന്റെ ഇരുഭാഗങ്ങള്‍ പോലെ. സന്മസ്സുളളവര്‍ അറിഞ്ഞുകൊണ്ട് തെറ്റുകള്‍ ചെയ്യാറില്ല എന്നാണ് നിഗമനം. ഞാനിവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ സന്മനസ്സുകളെ ഉദ്ദേശിച്ചു കൊണ്ടുളളവയാണ്. അറിഞ്ഞുകൊണ്ട് തെറ്റു ചെയ്യുന്നവന്‍ ശിക്ഷാര്‍ഹനാണ് എന്നത് നമുക്കേവര്‍ക്കും അറിയാവുന്ന കാര്യം. അവനെ ശരിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ബഹുവിധ സഹായസംവിധാനങ്ങളും വേണ്ടി വന്നേക്കാം. സ്വയം ഒരു തിരുത്തലിനു അത്തരക്കാര്‍ വഴങ്ങാന്‍ പ്രയാസമാണ്. അതിനാല്‍ അവരെ ഞാന്‍ ഈ ലേഖനത്തിലൂടെ കാണുന്നില്ല. എന്നിരുന്നാലും അറിഞ്ഞുകൊണ്ട് തെറ്റുകള്‍ ചെയ്യുന്നവരോട് ഒരോര്‍മ്മപ്പെടുത്തല്‍ എന്ന രീതിയില്‍ ചുരുക്കത്തില്‍ ഒരാവര്‍ത്തി പറയാതെ വയ്യ. അറിഞ്ഞുകൊണ്ട് തെറ്റില്‍ കൂടി സ്വയം ലാഭത്തിനായി മുതിരുമ്പോള്‍ ഒരു മനസ്സിനെയെങ്കിലും നിങ്ങള്‍ മുറിവേല്‍പ്പിക്കുന്നുണ്ടാവും. ശരീരത്തിനേല്‍ക്കുന്ന മുറിവിനും ഹൃദയത്തിനേല്‍ക്കുന്ന മുറിവിനും തമ്മിലുളള വ്യത്യാസം മനസ്സിലാവുന്നുണ്ടോ? ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ ഒരിക്കല്‍ കരിഞ്ഞാല്‍ പിന്നതു വൃണമാവില്ല. എന്നാല്‍ ഹൃദയങ്ങള്‍ക്കേല്‍ക്കുന്ന മുറിവുകള്‍ ഒരിക്കല്‍ ഉണങ്ങിയാലും ആ മുറിവിന്റെ  പാടുകള്‍ തഴമ്പായി അല്ലെങ്കില്‍ കരിമ്പാറയായി നില്‍ക്കും, പൂര്‍ണ്ണമായും മറയാതെ. ആ തഴമ്പുകള്‍ മറ്റുളളവര്‍ക്ക് വീണ്ടുമതൊരു വൃണമാക്കി തീര്‍ക്കാന്‍ എളുപ്പമാണ്. പഴയ ഓര്‍മ്മകള്‍ കൊണ്ടൊന്നു വേട്ടയാടിയാല്‍ മതി. നിങ്ങളുണ്ടാക്കുന്ന ലാഭം, ഒന്നില്‍ കൂടുതല്‍ ആളുകളിലാണ് നഷ്ടങ്ങള്‍ സൃഷ്ടിക്കുന്നത് എന്നു കൂടി ഓര്‍ക്കുക. മുറിവേല്‍ക്കുന്നവനിലും അവനെ ഏറെ സ്നേഹിക്കുന്നവരിലും. വെറുപ്പിന്റേയും ശാപത്തിന്റേയും പുറത്ത് മെനഞ്ഞെടുക്കുന്ന ലാഭം നിലനില്‍ക്കില്ല എന്നതാണ് സത്യം. നേടിയതിനേക്കാള്‍ നഷ്ടത്തിലാഴുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന കഠിനവേദനയേക്കാള്‍ എത്ര ലഘുവാണ് അന്യരെ അങ്ങിനെ വേദനിപ്പിക്കാതിരിക്കുന്നത് അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് തെറ്റുകള്‍ ചെയ്യാതിരിക്കുന്നത്?
ആദ്യ ചുവടായി, ഒരു ചെറിയ ചോദ്യം. സത്യത്തില്‍ ഏതാണ് ശരി, ഏതാണ് തെറ്റ്? അല്ലെങ്കില്‍ എന്താണ് ശരി, എന്താണ് തെറ്റ്? എന്നെ അലട്ടുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. ഇന്നും ഉത്തരം മുഴുക്കാത്ത ഒരു അപൂര്‍ണ്ണത! തെറ്റുകള്‍ എന്നതിനോ ശരികള്‍ എന്നതിനോ ഒരു സമ്പൂര്‍ണ്ണ നിര്‍വ്വചനം ഉണ്ടോ എന്നതാണ്. അത്തരം ഒരു നിർവ്വചനം കണ്ടെത്തിയാലല്ലെ ശരികള്‍ക്കും തെറ്റുകള്‍ക്കും അപ്പുറം കണ്ടെത്താനും ഗുണഗണങ്ങള്‍ മനസ്സിലാക്കാനും സാദ്ധിക്കുകയുളുളു.

പ്രഭാഷണം വളരെ എളുപ്പമാണ്, മനുഷ്യാ നീ തെറ്റിനെ ഉച്ച്വാസവായുവായി കരുതു വര്‍ജ്ജിക്കു. ശരിയെ ജീവശ്വാസമായി സ്വീകരിക്കുഎന്ന്. എന്നോടൊരിക്കല്‍ ഒരു സുഹൃത്ത് ചോദിച്ചു, വേദാന്തം ഇഷ്ടമാണോ എന്ന്. ഞാന്‍ പറഞ്ഞ ഉത്തരം, അതെ ഇഷ്ടമാണ് പക്ഷെ വേദാന്തം പറയുന്നത് ഞാന് ആണെങ്കില്‍ മാത്രം എന്നായിരുന്നു. പ്രഭാഷണം വളരെ എളുപ്പമാണ് എന്നാല്‍ പ്രാവര്‍ത്തികതയാണ് പ്രയാസം. കാരണം, തെറ്റിനും ശരിക്കും ഒരു സമ്പൂര്‍ണ്ണ വിശദീകരണം ഇല്ല. പ്രത്യേകിച്ച് ശരിയുടേയും തെറ്റിന്റേയും മുല്യം നിര്‍ണ്ണയിക്കുന്നത് ആചാരമര്യാദയില്‍ നിന്നാവുമ്പോള്‍ ശിഥിലത വര്‍ദ്ധിക്കും.

തെറ്റിലേക്ക് തെറ്റാണെന്ന് അറിയാതെ ചെന്നു വീണാലും, ഭവിഷ്യത്തുകള്‍ അറിയവേ കാലിടറി വീഴാന്‍ സാഹചര്യം ഇടയാക്കിയാലും, പ്രേരണയാല്‍ തെറ്റില്‍ ചെന്നു ചാടിയാലും ആദ്യമായി നാം ശീലിക്കേണ്ട ഒരു വസ്തുത സ്വയം മനസ്സിലാക്കുക അല്ലെങ്കില്‍ തിരിച്ചറിയുക എന്നതാണ്. മേല്‍കോയ്മയുടെ അന്തരം അവിടെ തെളിയരുത്. തെറ്റ്, തെറ്റായി സമൂഹം കാണുന്നുവെങ്കില്‍ ഒരു കുറ്റസമ്മതം അല്ലെങ്കില്‍ സ്വയം അതംഗീകരിക്കുക, മാപ്പപേക്ഷിക്കുക അതനിവാര്യമാണ്. മറിച്ച്, ചെയ്തുപോയ തെറ്റിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ വഷളാവുകയേ ഉളുളു. കരുതിക്കൂട്ടി ചെയ്യുന്ന തെറ്റുകള്‍ ഒഴികെ തെറ്റ് പറ്റുന്നതും ചെയ്യുന്നതും ഒരു പാപമല്ല. തെറ്റില്‍ നിന്നും നമുക്ക് വളരെയേറേ പഠിക്കാനുണ്ടാവും. തെറ്റുകളില്‍ നിന്നുമുളള പാഠങ്ങളെയാണ് നമ്മള്‍ പരിചയസമ്പന്നത എന്നു വിളിക്കാറുളളത്. 

എന്താണ് ഈ പരിചയസമ്പന്നത? പുസ്തകത്തില്‍ നിന്നും വായിച്ചറിയുന്ന അറിവിനേക്കാള്‍ പതിന്മങ്ങു വലുതാണ് മുന്‍ കാല പരിചയം. പ്രത്യേകിച്ചു നമ്മുടെ പുതിയ തലമുറ അത് മനസ്സിലാക്കണം. കാലുറക്കുന്നതിന് മുന്‍പ് നില്‍ക്കാന്‍ നോക്കുന്ന ഭയം ലേശവുമില്ലാത്ത ഒരു പുതിയ ജനതയുടെ  ഒരു സീനിയര്‍ അംഗമാണ് ഈ പറയുന്ന ഞാനും. പൂര്‍വ്വികര്‍ വന്ന വഴികളും, ആ വഴിയിലെ കല്ലുകളും, മുളുളുകളും, നിമിഷങ്ങളും, അവസരങ്ങളും ചിലപ്പോഴെങ്കിലും ചോദിച്ചു മനസ്സിലാക്കുന്നത് വളരെ നല്ല ഒരു പഞ്ചാമൃതമാണ്. കാലിടറിയാണ് തെറ്റില്‍ വീഴുന്നതെങ്കിലും, തെറ്റുകള്‍ മനസ്സിലാക്കി കര കയറുവാന്‍ കാലുറപ്പുണ്ടായേ മതിയാവു. തെറ്റ് സമ്മതിക്കക പലപ്പോഴും വളരെ പ്രയാസമുളള ഒരു സംഗതിയായി കാണാറുണ്ട്. തെറ്റ് സമ്മതിക്കാന്‍ കാലുറപ്പും, മനക്കരുത്തും ഉണ്ടായേ പറ്റു. എത്രയെത്ര രുദ്രമയ, ക്ഷുഭിതമായ അവസരങ്ങളെ നിമിഷം കൊണ്ട് നേര്‍മ്മയാക്കിയിട്ടുണ്ട് ഒരു ക്ഷമായാചനം കൊണ്ട് അല്ലെങ്കില്‍ തെറ്റു സമ്മതം കൊണ്ട്. തെറ്റിനെ ന്യായീകരിക്കുന്നത് കൊണ്ട് അടിയിളക്കം കൂട്ടുകയേ ഉളുളു. ഒരു വേര്‍പെടലിന്റെ അല്ലെങ്കില്‍ ഒരു ചേരി തിരിയലിന്റെ തുടക്കവുമായിക്കൂടെന്നില്ല.

മറിച്ച്, തെറ്റുകളറിഞ്ഞ് ഒരു തിരിച്ചറിവിലൂടെയുളള നീക്കം, എന്തായിരുന്നു ശരി എന്നറിയാനുളള ഒരു പാലം തീര്‍ക്കലായിരിക്കും. അത്തരമൊരു പാലത്തിന്റെ ചവിട്ടു പലകകള്‍ ആണ് പശ്ചാത്താപം. അങ്ങിനെ തെറ്റിനെ തിരിച്ചറിഞ്ഞാല്‍ മാത്രമെ നമുക്ക് തെറ്റിനും ശരിക്കും അപ്പുറമുള്ള മേട തേടി പോകാന്‍ കഴിയുകയുളളു. അത് നമുക്ക് അപ്രാപ്യമല്ല. വേണ്ടെന്നു കരുതുന്നതിനാല്‍ മാത്രം. 

ഒന്നാലോചിച്ചു നോക്കിയാല്‍ സത്യത്തില്‍ തെറ്റും ശരിയും എന്ന ഒന്നുണ്ടോ? ആചാരവിചാരങ്ങളില്‍ ഒരു സമൂഹത്തിന്റെ തെറ്റ് മറ്റൊരു സമൂഹത്തില്‍ ശരിയായി മാനിക്കപ്പെടാം. ആചാരങ്ങളില്‍ അധിഷ്ഠിതമായ തെറ്റും ശരിയും വിശദീകരിക്കാന്‍ പ്രയാസമായിരിക്കും കാരണം അവ വിശ്വാസങ്ങളിലാണ് പണിതുയര്‍ത്തിയിരിക്കുന്നത്. വിശ്വാസങ്ങള്‍ക്ക് അളവുകോല്‍ ഇല്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരവുമില്ല. ഒരു സമൂഹം ഒരു തെറ്റിനെ ശരിയായി കണുമ്പോള്‍ ഭൂലോകത്ത് ചെറുതും വലുതുമായ ചാഞ്ചല്ല്യങ്ങള്‍ ഉണ്ടാകാം. കാരണം അതൊരു അടിച്ചേല്‍പ്പിക്കല്‍ ആയി എതിര്‍ഭാഗം കാണുന്നതു കൊണ്ട് തന്നെ. 

തെറ്റിനപ്പുറമുളള മേട എന്നുദ്ദേശിക്കുന്നത്, തെറ്റിനെ ശരിക്കും വിശകലനം ചെയ്ത് എന്തുകൊണ്ട് തെറ്റു പറ്റി, തനിക്കെവിടെയാണ് തെറ്റു പറ്റിയത്, തെറ്റിനെ എങ്ങിനെ ഒഴിവാക്കാന്‍ സാദ്ധിക്കുമായിരുന്നു, ഇനി ഇങ്ങിനെ ഉണ്ടാവാതിരിക്കാന്‍ എന്ത് മുൻ കരുതലുകള്‍ എടുക്കണം ഇതിനെല്ലാമുളള ഉത്തരങ്ങളുടെ നിലവറയാണ് റൂത് കണ്ട മേട. ഇതുപോലെ ശരികള്‍ക്കപ്പുറമുളള മേടയും സാത്വികമായ ഗുണപാഠങ്ങള്‍ തരുന്നതു തന്നെയാണ്. ശരിയില്‍ നിന്നും പഠിക്കുവാനുണ്ട് വളരെയേറെ ഗുണപാഠങ്ങള്‍. എന്തുകൊണ്ട് എടുത്ത തീരുമാനം ഗുണകരമായി, മറിച്ചായിരുന്നെങ്കില്‍ എന്തെല്ലാം വിനകള്‍ വരുത്തി വെയ്ച്ചേനെ, എടുത്തതിനേക്കേള്‍ നല്ല തീരുമാനം എന്തെങ്കിലും എടുക്കാമായിരുന്നോ, അങ്ങിനെയൊന്നുണ്ടെങ്കില്‍ ഭാവിയില്‍ അതെങ്ങിനെ പ്രായോഗികമാക്കാം തുടങ്ങിയവ. ശരികള്‍ക്കപ്പുറമുളള പ്രഭാവം രുചിച്ചറിഞ്ഞാല്‍ ഭാവിയില്‍ കഴിയുമെങ്കില്‍ ശരികള്‍ മാത്രം ചെയ്യുവാനുളള  തൃഷ്ണ അല്ലെങ്കില്‍ ഔത്സുക്യം നമ്മളില്‍ ഏറുകയും ചെയ്യും. ഇതാണ് റൂത് നമ്മളെ കാത്ത് തെറ്റുകള്‍ക്കും ശരികള്‍ക്കും അപ്പുറമുളള മേടയില്‍ നമുക്കായി കാത്ത് നില്‍ക്കാം എന്നു പറഞ്ഞത്. നമ്മുടെ തീരുമാനങ്ങളും വിശകലനങ്ങളും കേട്ടറിയാന്‍.

ആയിരമായിരം ശരികള്‍ ചെയ്താലും ഒരു തെറ്റു മതി അന്നുവരെ ഉണ്ടാക്കിയ ശ്രേയസിനെ അപഹരിക്കാന്‍. ഒരു കര്‍മ്മത്തിന്റെ അധപതനത്തിനുത്തരവാദി പല തെറ്റുകളുടെ സംഗമമായിരിക്കാം. എന്നാല്‍ ശരി മിക്കപ്പോഴും ഉത്തമത്തില്‍ ഒന്നെ ഉണ്ടാകു എന്നതാണ് സത്യം. തെറ്റില്‍ സംതൃപ്തി കാണാന്‍ പ്രയാസമാണ്. കാരണം തെറ്റുകള്‍ എപ്പോഴും മുഖമ്മൂടികള്‍ ധരിക്കുന്നു. അറിവില്ലായ്മ, അപരാധം, അവിശ്വാസം, തെറ്റിദ്ധാരണ, പ്രതികാരം, സ്വാര്‍ത്ഥത, അഹങ്കാരം, നിര്‍ബന്ധബുദ്ധി എന്നിവയാണ് ആ മുഖമ്മൂടികള്‍. ഇപ്പറഞ്ഞ കുബുദ്ധികള്‍ ഒരുമിച്ചു ഒരു പ്രാണനില്‍ കോര്‍ത്ത് വലിച്ചാല്‍ തെറ്റിലേക്ക് വഴുതി വീഴാന്‍ കൂടുതല്‍ എന്തു വേണം

തെറ്റില്‍ ചെന്നു ചാടാന്‍ കളമൊരുക്കുന്ന ഉത്പ്രേരകമാണ് എടുത്തുചാട്ടം. എടുത്തു ചാടി എടുക്കുന്ന  തീരുമാനങ്ങള്‍ തെറ്റിന്റെ പ്രധാന തേരാളിയാണ്. ആലോചനാശ്രമം. അതഭ്യസിച്ചാല്‍ തെറ്റുകള്‍ കുറയ്ക്കാം. തെറ്റുകള്‍ ചെയ്യാത്ത മാനവരില്ല. തെറ്റുകള്‍ ശാപമല്ല മറിച്ച് അത് ശരി എന്തെന്നു നമ്മെ പഠിപ്പിക്കുന്ന
അരിപ്പയാണ്. തെറ്റുകള്‍ കളകളും പാറകളുമായി ആ അരിപ്പയില്‍ തങ്ങി നില്‍ക്കുമ്പോള്‍, ശരി ഉറവയായി വാര്‍ന്നൊഴുകും. അത്തരം കളകളില്‍ നിന്നും പാറകളില്‍ നിന്നും ശരിയെന്ന തേജസിന് ഉതിരാന്‍ വേണ്ടുന്ന ഉല്പത്തിസമയമാണ് മുന്‍പറഞ്ഞ ആലോചനാസമയം. 

ശരികള്‍ക്ക് മാപ്പില്ല. മാപ്പില്ലാത്ത തെറ്റുകളുമില്ല. ശരിയെ തെറ്റ് തേടിയലയും എന്നാല്‍ ശരി ഒരിക്കലും തെറ്റിനെ തേടി നടക്കാറില്ല. ശരിയുടെ അന്ത്യം സംതൃപ്തിയിലും തെറ്റിന്റെ അന്ത്യം സന്താപത്തിലും കലാശിക്കുന്നു. ശരിയിലെത്തിപ്പെടാന്‍ പലപ്പോഴും കല്ലേറുകള്‍ പലപ്പോഴും? ഏറെ ഏല്‍ക്കേണ്ടി വരാം. എന്നാല്‍ ഒന്നോര്‍ക്കുക. രുചിയുളള ഫലത്തിനാവും എന്നും കൂടുതല്‍ ഏറേല്‍ക്കുക. ചീഞ്ഞ ഫലത്തിനാരും കല്ലെറിയാറില്ല.

ഭയമില്ലാത്ത തലമുറയുടെ മക്കളാണ് നാം. പേടിയില്ലായ്മയുടെ കരുത്ത് വാക്കുകളിലും, പേനയിലും, പ്രവൃത്തിയിലും മാത്രമാകരുത്. അത് തീരുമാനങ്ങള്‍ കൈകൊളുളുന്നതിലും കാണിച്ചേ മതിയാവു. തീരുമാനങ്ങളുടെ ധര്‍മ്മവും മൂല്യവും ശരിയുടെ ആവനാഴിയായി മാറട്ടെ. അതിലെ അസ്ത്രങ്ങള്‍ ശരിയായ തീരുമാനങ്ങള്‍ ആവട്ടെ. ഇതു പറയാന്‍ ഒരു പ്രധാന കാരണമുണ്ട്. പലപ്പോഴും തെറ്റുകള്‍ പിണയുന്നത് പരിചയക്കുറവിനാലോ അല്ലെങ്കില്‍ അറിവു കുറവോ കൊണ്ടായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭയമോ ശങ്കയോ നമ്മെ തളര്‍ത്തരുത്. അന്തര്‍ജ്ഞാനവും അന്തര്‍പ്രേരിതവാസനയുമാണ് നമ്മെ നയിക്കേണ്ടത്. ഏതു തീരുമാനമാണോ ശരി എന്ന് ഉള്‍ക്കണ്ണീലൂടെ കാണും വിധം ചെയ്യുക. മറ്റുളളവരുടെ അഭിപ്രായത്തിനോ ഇച്ഛാഭംഗം നോക്കിയോ അല്ലെങ്കില്‍ അന്യരുടെ സ്വാധീനതയ്ക്ക് വഴങ്ങിയോ ആയിരിക്കരുത് തീരുമാനമെടുക്കാന്‍. അനന്തരഫലത്തിനുത്തരവാദി താനായിരിക്കുവോളം തീരുമാനവും തന്റേതായിയിരിക്കണം. ഒരല്പം സാഹസികത ഉള്‍ക്കൊണ്ടാലെ കാര്യങ്ങള്‍ മുന്നോട്ട് സമയാസമയം നീങ്ങുകയുളുളു. ഒന്നോര്‍ക്കുക. കടല്‍ ശാന്തമായിട്ട് നീന്തല്‍ പഠിക്കാന്‍ കാത്തിരിക്കുന്നര്‍ ഒരിക്കലും ഒരു നീന്തല്‍ വിദഗ്ദ്ധന്‍ ആവുകയില്ല. അതുപോലെ തന്നെ ആകാശത്തിലെ നക്ഷത്രങ്ങള്‍ എണ്ണി തീര്‍ന്നശേഷമോ കടല്‍തീരത്ത് വന്നണയുന്ന തിരമാലകള്‍ എണ്ണി തീര്‍ന്നിട്ടോ ഒരു കാര്യം ചെയ്യാം എന്നു വിചാരിക്കുന്നവര്‍ ജീവിതത്തില്‍ ഒന്നും ചെയ്തെന്ന് വരില്ല.


ഏറെ ശരിയേയും തെറ്റിനേയും കുറിച്ചു പ്രദിപാതിച്ചു. എന്നിട്ടും എന്താണ് ശരി എന്താണ് തെറ്റ് എന്നതിനു ഒരു ഉത്തരമോ വിശദീകരണമോ കണ്ടെത്താന്‍ ആയില്ല, അല്ലേ? കാരണം ശരിയും തെറ്റും താഴെ കാണുന്ന ആറും ഒന്‍പതും പോലെയാണ്.


നിയമപരമായി ശരിയേതെന്നും തെറ്റു ഏതെന്നും യുക്തിപരമായി തരം തിരിച്ചിരിക്കുന്നു. യുക്തിപരമായി ഈ രണ്ടു ധ്രൂവങ്ങളെ വേര്‍തിരിച്ചില്ലെങ്കില്‍ സമൂഹത്തില്‍ എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നു നിശ്ചയിക്കാന്‍ ഒരു ചൂണ്ടുപലക ഉണ്ടാകുമായിരുന്നില്ല.  സാര്‍വത്രികമായി ഒരു കാര്യത്തിനും ശരിയെന്നോ തെറ്റെന്നോ കുറിക്കാന്‍ സാദ്ധിക്കില്ല. സാഹചര്യങ്ങള്‍ക്കും യുക്തികള്‍ക്കും അനുസരിച്ചു തെറ്റും ശരിയും കണ്ടെത്തുന്നു എന്നു പറയുകയല്ലേ ശരി?

മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയാല്‍ മിക്കവാറും ശരികള്‍ക്ക് താഴെപ്പറയുന്ന ഗുണവിശേഷങ്ങള്‍ ഉണ്ടാവുമെന്നു ഊഹിക്കാം. ശരികള്‍ക്ക് ഹാനി കുറവായിരിക്കും. മറ്റുളളവരുടെ ധാര്‍മ്മികാവകാശങ്ങളെ മാനിക്കുന്ന ഒരു തീരുമാനമായിരിക്കും ശരികള്‍ മിക്കവാറും. ശരിയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ നിഷ്പക്ഷമായിരിക്കും. ശരികള്‍ പരമാര്‍ത്ഥങ്ങളെ മാനിച്ചുകൊണ്ടെടുക്കുന്ന തീരുമാനങ്ങള്‍ ആയിരിക്കും. ശരിയായ തീരുമാനങ്ങള്‍ക്കെതിരെ മറുവിധി നിയമപരമായി ഉണ്ടാവാറില്ല.

ഏടുകള്‍ അടയ്ക്കും മുന്‍പ് ഒരു സത്യം കൂടി ഓര്‍മ്മിക്കാം. മാനവരായ നമ്മള്‍ക്ക് മരണമുണ്ട്. എന്നാല്‍ നമ്മുടെ പ്രവൃത്തികള്‍ക്കും അതിന്റെ അനതരഫലങ്ങള്‍ക്കും നമ്മള്‍ പതിച്ചിട്ട പാദമുദ്രകള്‍ക്കും മരണമില്ല. നമ്മള്‍ ഉപേക്ഷിച്ചു പോകുന്ന നമ്മുടെ ശംഖനാദങ്ങള്‍, ധ്വനികള്‍ പിന്‍തലമുറക്കാര്‍ക്ക് അലോരസവും, അബന്ധങ്ങളുമാവരുത്. അതോര്‍ത്ത് നമുക്ക് നമ്മുടെ കളം വളരെ സൂക്ഷിച്ചു വരയ്ക്കാം നാളെ വരുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും വേണ്ടി. സംതൃപ്തിക്കും, സന്തോഷത്തിനും, സമാധാനത്തിനും വേണ്ടി.

-കപിലന്‍