Thursday, June 20, 2019

അറുപതുകളിലെ പതിനാറുകാരന്‍


കനലിൽ ജ്വലിച്ച്  താണ്ഡവമാടുന്ന സൂര്യബിംബത്തിന്റെ മകുടവാഹിനിയായ കിരണങ്ങൾ,  ഓടിനിടയിലുള്ള ചില്ലുവാതിലിലൂടെ അകത്തളത്തിൽ ചാരുകസേരയിൽ കിടക്കുകയായിരുന്ന കുട്ടിമേനോന്റെ നെഞ്ചിൽ പതിച്ചപ്പോൾ നെഞ്ചുരുകുന്ന ചൂടനുഭവപ്പെട്ടു ആ മനുഷ്യ ജീവിക്ക്.  അറിയാതെ തന്നെ കൺപീലികൾ വിടർന്നു. വേനലെന്ന നീണ്ട അദ്ധ്യായത്തിന്റെ തുടക്കം മാത്രമെ ആയിട്ടുള്ളു എന്ന്  ആ കിരണതാപമറിയിച്ച പ്രബോധനം മേനോന്റെ ഉള്ളിൽ ഒരഗ്നിഗോളമുണർത്തി. ആ താപശക്തിയിൽ ഉള്ളിൽ അവശേഷിച്ചിരിക്കുന്ന ഉണർവ്വും വിയർപ്പായി ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്നുവോ എന്ന തോന്നൽ അറിയാതെ ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു.  ഉള്ളിലെ ക്ഷീണം പുറമെയും പ്രതിഫലിച്ചോ എന്നൊരു സംശയം. കാരണം, തന്റെ യജമാനന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം മനസ്സിലാക്കിയ കുട്ടിമേനോന്റെ ശുനകപ്രിയൻ അടുത്തുവന്നു മൂക്കിനടുത്ത് ഒരുമ്മ തരുന്ന മാതിരി മുഖം ചേർത്ത് പിടിച്ചു. എന്നിട്ടവന്‍ ശ്രദ്ധിച്ചു ശ്വാസനിശ്വാസം തുടരുന്നില്ലേ എന്നു. ശ്വാസം നിലച്ചിട്ടില്ല എന്നു ബോദ്ധ്യമായപ്പോൾ സമാധാനമായി എന്നു അറിയിക്കുന്ന മാതിരി, കാല്പാദത്തിൽ രണ്ടാവർത്തി നക്കിത്തുടച്ച ശേഷം വീണ്ടും ചാരുകസേരക്കരുകെ കിടപ്പായി യജമാനനു കാവലായി!

എന്തെങ്കിലും ഒരല്പം കുത്തിക്കുറിക്കാമെന്ന് കരുതി ചാരുകസേരയിൽ ഇരുന്നതായിരുന്നു കുട്ടിമേനോൻ. ക്ഷീണം ഇയ്യിടെയായി കൂടുന്നുവോ എന്നു സശയം! അറിയാതെ ഒന്നു കണ്ണടച്ചത് ഒരു സ്വപനലോകത്തേക്കുള്ള യാത്രയിൽ കലാശിച്ചു. നെഞ്ചിൽ പതിച്ച സൂര്യകിരണമാണ് ഉറക്കത്തിനു വിരാമം കുറിച്ചത്. എന്നാൽ ഉൾക്കണ്ണിലൂടെ കാണാനിടയായ സ്വപ്നം അതൊരു വെളിപ്പാടായി തോന്നി കുട്ടിമേനോന്. ഉറക്കമുണർന്നെങ്കിലും പാതി തുറന്ന കണ്ണുകൾ മുഴുവൻ തുറക്കാൻ ഒരു ശ്രമം തന്നെ വേണ്ടി വന്നിരിക്കുന്നു. കൈകൾ കൊണ്ട് തിരുമ്മി കണ്ണുകൾ വിടർത്തി നാവിൻ തുമ്പുകൊണ്ട് ചുണ്ടുകൾ ഒന്നു നനപ്പിച്ചപ്പോഴാണ് പരിസരബോധം സിരകളിൽ ഉണർന്നത്. 

ബാല്യത്തിൽ സടകുടഞ്ഞ് ചാടിയെണീക്കാറുള്ള തനിക്ക് വന്നുചേർന്ന ക്ഷതം, തന്നെ ബാല്യത്തിൽ നിന്നും എത്രയകലെ എത്തിച്ചിരിക്കുന്നു എന്നുള്ള ഒരോർമ്മപ്പെടുത്തലായി തോന്നിച്ചു. പതിനാറിൽ നിന്നും ഇന്നലെ വിരമിച്ചപോലെ തോന്നിച്ചെങ്കിലും അറുപതുകളുടെ പടിവാതിലും ചവിട്ടുപടികളും തൊട്ടുമുന്നിൽ കാണാറായി നില്‍ക്കുന്നു. അധികം താമസിയാതെ ആ പടികൾ കയറുവാൻ തെയ്യാറെടുക്കാതെ പറ്റില്ല. കാരണം, പ്രാണനേകിയ സമയം തലക്കുറിയിൽ എഴുതിച്ചേർത്ത കാര്യവിക്രയങ്ങളിൽ പലതും ഇനിയും ബാക്കിനിൽക്കുകയാണെന്ന ഒരു തോന്നൽ! കുറച്ചുനാള്‍ കൂടി ജീവിക്കാന്‍ ഒരു പുതിയ മോഹം എന്നു പറയുന്നതാവും ശരി.

 എന്നാൽ ഇപ്പറഞ്ഞതെല്ലാം തന്റെ സ്വപ്നത്തിന് എങ്ങിനെ മനസ്സിലായി എന്ന് കുട്ടിമേനോൻ ആശ്ചര്യപ്പെട്ടു? മറ്റൊന്നും കൊണ്ടല്ല, താൻ കണ്ട സ്വപ്നം പറഞ്ഞ കഥ മറ്റൊന്നായിരുന്നതു കൊണ്ട് തന്നെ. കുട്ടിമേനോൻ കണ്ട സ്വപ്നകഥയിലെ രാജകുമാരൻ താനായിരുന്നുവെങ്കിലും താൻ കണ്ട കഥയിലെ കുട്ടിമേനോൻ അറുപതുകളിലെ പതിനാറുകാരൻ ആയിരുന്നു!   

അറുപതുകളിലെ പതിനാറുകാരൻ! കുട്ടിമേനോന് അതൊരു നല്ല ആശയമായി തോന്നി. കാരണം വാർദ്ധക്യത്തിലെ ബാല്യം താനെന്നും സ്വപ്നം കണ്ടിട്ടുള്ളതാണ്. എന്നാൽ അന്നൊക്കെ അതൊരു മണ്ടത്തരമായി മാത്രമെ കരുതിയിരുന്നുള്ളു. ഒന്നോർത്താൽ പണ്ടത്തെ മണ്ടത്തരങ്ങൾ അല്ലെ ഇന്നത്തെ യാഥാർത്ഥ്യങ്ങൾ. അതുപോല ഒരു മണ്ടത്തരം ഇതാ തനിക്കും യാഥാർത്ഥ്യമായി മുന്നിൽ വന്നു നിന്നു പുരികം ചുളിക്കുന്നു! അറിയാതെ കുട്ടിമേനോന്റെ പുരികവും കണ്ണാടിയുടെ മുൻപിൽ ചെന്നു മുഖം നോക്കിയപ്പോൾ ചുളിഞ്ഞു പോയി!

മുഖക്കണ്ണാടിയിൽ നോക്കി അങ്ങിനെ കുട്ടിമേനോൻ ഏറെ നേരം നിന്നു. മാദ്ധ്യമം കഴിഞ്ഞ മേനോന്‍,  തന്റെ ബാല്യം കാണാൻ ശ്രമിക്കുകയായിരുന്നു. കുട്ടിമേനോൻ തന്റെ പ്രതിബിംബത്തിലൂടെ ബാല്യത്തിലേക്കിറങ്ങി, തനിക്ക് വന്ന വ്യതിയാനങ്ങള്‍ സ്പഷ്ടമാക്കി. മുഖം അല്പം ചീർത്തിട്ടുണ്ട്. കണ്ണുകൾക്ക് താഴേയും, കവിളിലും ചുളിവുകൾ വന്നിരിക്കുന്നു. ആ ചുളിവുകൾ വകറ്റിമാറ്റാൻ കുട്ടിമേനോൻ ശ്രമിച്ചു. ചുളിവുകൾ അനുസരണം തീരെ ശീലിക്കാത്തവരാണ് എന്ന് പറഞ്ഞു കേട്ടതോര്‍മ്മയുണ്ട്. താടത്തിന്റെ ഫലമായി ചർമ്മമല്പം ചുവന്നു എന്ന് മാത്രം. ആ ചുവപ്പിൽ കവിളിൽ അവിടെയിവിടെയായി കടുകുമണികൾ ചിതറിയ മാതിരി കറുത്ത പാടുകൾ മുഖത്തെ മാറ്റിയതും മേനോൻ ശ്രദ്ധിച്ചു. കഴിഞ്ഞ വർഷമുണ്ടായ അപകടത്തിലേറ്റ നെറ്റിയിലെ തുന്നിക്കെട്ടിന്റെ മായാത്ത അടയാളം ആയുഷ്ക്കാലസമ്പാദ്യമായി തുറിച്ചു നോക്കുന്നതും മേനോൻ കണ്ടു. ആ തടമ്പിൽ തലോടിയപ്പോൾ മേനോൻ മറ്റൊന്നു കൂടി ശ്രദ്ധിച്ചു. തന്നോടൊപ്പം തന്റെ നെറ്റിയും വലുതായിരിക്കുന്നു. തലമുടിയുടെ നിബിഡത കുറഞ്ഞിരിക്കുന്നു. കഷണ്ടി ആയിട്ടില്ലെന്നു വേണമെങ്കിൽ പറയാം. മേനോന് തന്നോടു തന്നെ ദേഷ്യം തോന്നി, തന്റെ കവിളിൽ തന്നെ ഒറ്റയടി വെച്ചു കൊടുത്തു! വേദനിച്ചത് മേനോനാണെങ്കിലും പ്രഹരത്തിന്റെ ധ്വനിയിൽ തലപൊക്കി നോക്കിയത് മേനോന്റെ ശുനകപ്രിയനായിരുന്നു, തന്റെ യജമാനനെ ആരോ അടിച്ചുവെന്നു ആ പാവം കരുതിക്കാണും. മറ്റാരേയും കാണാത്തതിനാലാവും പൊക്കിയ തല ഇരുകൈകൾക്കിടയിൽ നിക്ഷേപിച്ചു അവൻ വീണ്ടും കിടപ്പായി!

കുട്ടി മേനോൻ തന്റെ ബാല്യകാലത്തെ മേനോൻ കുട്ടിയെ ആ കണ്ണാടിയിൽ പ്രതിഫലനമായി കാണാൻ ഒരു ശ്രമം നടത്തി. തനിക്ക് നഷ്ടമായതൊക്കെ അല്ലെങ്കിൽ വാർദ്ധക്യത്തിലേക്കുള്ള നിറമാറ്റങ്ങളും, രൂപാന്തരീകരണങ്ങളും പറിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി എന്നു പറയുകയാവും ഭേതം. ഉൾക്കണ്ണിൽ മേനോൻ തന്റെ പതിനാറുകാലം കാണാൻ തുടങ്ങിയപ്പോൾ നഷ്ടത്തിന്റെ വേദനചാലുകളും മേനോനില്‍ ഉറവകളായ് മാറി.
ആദ്യം ഓർത്തത്, തന്റെ നിഷ്കളങ്കമായ പുഞ്ചിരി വീണ്ടെടുക്കാൻ തനിക്കാ ബാല്യം തിരിച്ചു പിടിക്കാൻ കഴിഞ്ഞിരുന്നെകിൽ എന്നായിരുന്നു. അതു മാത്രമോ, എന്തെല്ലാം, ഏതെല്ലാം ചെയ്തികൾ, വികൃതികൾ  നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടിമേനോന്റെ മനസ് പരിസരം മറന്നപ്പോൾ അപ്പോയതെല്ലാം ഒരു നീരുറവയായി മേനോന്റെ മുന്നിലേക്ക് ഒഴുകി വരുവാൻ തുടങ്ങി.
തന്റെ ബാല്യം കുട്ടിമേനോന്‍ വീണ്ടും കാണാന്‍ തുടങ്ങി!

ഒഴിഞ്ഞ തീപ്പെട്ടിക്കൂടുകൾ ശേഖരിച്ചു വെയ്ക്കുമായിരുന്നു. ഇന്നോർക്കുമ്പോൾ ചിരി വരും! ബാല്യം മുതൽ മേനോൻ കുട്ടിയ്ക്ക് വാഹനങ്ങൾ വലിയ ഭ്രമമായിരുന്നു. തീപ്പെട്ടിക്കൂടുകൾ കൊണ്ടു വാഹനമുണ്ടാക്കി കളിക്കാനായിരുന്നു ആ ശേഖരം. അതുപോലെ, കിളിതൂവലുകൾ പാഠപുസ്തകത്തിൽ താളുതിരിക്കാൻ വേണ്ടി ശേഖരിക്കുക ഒരു രസമായിരുന്നു അന്ന്. ഐസുവണ്ടിയുടെ മണിയടി ശബ്ദത്തിനായി കാതോർത്തിരിക്കാറുള്ള ശനിയാഴ്ചകൾ! ഐസ് സ്റ്റിക് മേടിച്ചു തിന്നു എന്നറിഞ്ഞാൽ വീട്ടിൽ നിന്നും വഴക്കു കിട്ടും. അതുകൊണ്ട് വീട്ടിലറിയാതെ ശേഖരിച്ചു വയ്ക്കുമായിരുന്ന ചില്ലറയായിരുന്നു ആ കാതോർത്തിരുപ്പിന്റെ ജീവനൌക. വീട്ടിലെ വേലക്കാരൻ തങ്കപ്പനെ ചട്ടം കെട്ടി നിർത്തും, ആരും കാണാതെ രണ്ട് ഐസ് ഫ്രൂട്ട് മേടിച്ച് കോലായിലുള്ള അരികുത്തുപുരയിൽ വരാൻ. ഇത്രയും ചെയ്യുന്നതിനു കൂലിയായി തങ്കപ്പനും കിട്ടും അതിൽ ഒരു പകുതി. അങ്ങിനെ എന്തെല്ലാം കുട്ടിത്തരങ്ങൾ? എന്തായാലും അതിനൊന്നും മുതിർന്നു പതിനാറാവാനല്ല കുട്ടിമേനോൻ നിശ്ചയിച്ചുറപ്പിച്ചത്. ശരീരവും ശാരീരവുമായി നഷ്ടപ്പെട്ട സ്വാതന്ത്യം തിരിച്ചു പിടിക്കാനുള്ള ഒരു തയ്യാറെടുപ്പ്! മനസ്സ് ശാന്തമാക്കി ഒന്നാലോചിക്കാൻ പോലും പറ്റുന്നില്ല. മനസ്സിൽ നൂറുകൂട്ടം ചിന്തകളല്ലേ, വിങ്ങി നിൽക്കുന്ന ഗദ്ഗദങ്ങൾ അല്ലേ? മനസ്സിന്റെ അലകൾ ഒന്നു പെയ്ത് തീർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു മേനോൻ ആശിച്ചു.

ബാല്യകാലത്ത് മനസ്സ് തുറന്ന് കരയാമായിരുന്നു വിഷമം വരുമ്പോഴെല്ലാം. ആരും അതു കണ്ട് മൂക്കത്ത് കൈവെയ്ക്കില്ല. ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഒരൽപ്പം ചെളി പറ്റിയാൽ അന്നാരും തുറിച്ചു നോക്കില്ലായിരുന്നു. അന്നൊക്കെ കാലു തെറ്റി ഒന്നു വീണാൽ മറ്റാരുടേയും സഹായമില്ലാതെ എണീക്കുമായിരുന്നു. ഇന്നോ അറിയാതെ കാലുതെറ്റി ഒന്നിരുന്നാൽ മതി, അപ്പോൾ തുടങ്ങും വീടടക്കി പ്രാർത്ഥന, അമ്പലത്തിൽ പൂജ, ജ്യോത്സനെ വരുത്തി ദശയും സന്ധിയും നോക്കൽ, കടലുകൾക്കപ്പുറമുള്ള മക്കളുടെ ഫോൺ വിളികൾ അങ്ങിനെ പോകും ഒന്നു കാലുതെറ്റിയാലുള്ളതിനുള്ള കൂലി! അന്നൊക്കെ കളികൾക്കിടയിൽ മുട്ടൊന്നു പൊട്ടിയാൽ പച്ചില ഞെരടി ചാറുപറ്റിച്ചു മുറവുണക്കിയിരുന്ന കാലം! ഇന്നോ മുട്ടൊന്നു പൊട്ടിയാൽ, ബാന്റേഡായി, ബാമായി, കഴിക്കാൻ മരുന്നായി, ടെറ്റനസ് ഇഞ്ജക്ഷൻ വരെ എത്തുന്ന അവസ്ഥയാണ്.

എല്ലാം മടുത്തു. സൌകര്യങ്ങൾ ഏറിയാലും അതൊരു ശല്യമാണ് എന്ന് ഇക്കാലം പഠിപ്പിച്ചു. ഒരു തിരിച്ചു യാത്രയ്ക്ക് സമയമായ പോലെ. അല്ല ആയി എന്നു സ്പഷ്ടം. ബാല്യകാലത്തെ ഉണർവ്വും, ഉത്തേജനവും, പ്രസരിപ്പും, മനസ്സിനുണ്ടായിരുന്ന സന്തോഷവും, സമാധാനവും എങ്ങിനെ തിരികെ പിടിക്കാം എന്നായിരുന്നു മേനോന്റെ ആലോചന.
ചാരുകസേരയിൽ ചാരിക്കിടന്ന് ആലോചന തുടങ്ങി.

ആദ്യം ഓർമ്മയിൽ വന്നത് ബാല്യകാലത്ത് ഇല്ലാതിരുന്ന അവധിസമയങ്ങളായിരുന്നു! അന്നൊക്കെ എന്നും എന്തിനും തിരക്കാണ്. ഒന്നിനും സമയം കിട്ടാറില്ല. ഇന്നോ, ആവശ്യത്തിലധികം സമയം എല്ലാം ചെയ്തു തീർന്നിട്ടും! ബാല്യകാലത്ത് ചെയ്തിരുന്ന എന്തൊക്കെ കാര്യങ്ങള്‍ ഇന്നു ദൈനംദിനപ്രക്രിയയില്‍ നിന്നും വിടുതലാക്കി എന്ന് കുട്ടിമേനോന്‍ കുറിപ്പിലേക്കാക്കാന്‍ ഒരു ശ്രമം നടത്തി. കുറിപ്പ് നീണ്ടുപോകുന്നത് കണ്ട് മേനോന്‍ അന്ധാളിച്ചു, കുറിപ്പെഴുത്ത് നിറുത്തി മേനോന്‍ ആലോചനയില്‍ ആണ്ടു. എങ്ങിനെ അറുപതിലേക്കു വെയ്ക്കാനിരിക്കുന്ന കാലുകള്‍ പിന്നോക്കം പതിനാറിലേക്ക് വെയ്ക്കാന്‍ സാധിക്കും? തല പുകഞ്ഞു തന്നെ മേനോന്‍ ആലോചിച്ചു. മേനോന്റെ മുഖഭാവങ്ങള്‍ക്ക് മാറ്റം അനുഭവപ്പെട്ടിരിക്കുന്നു. എന്തൊക്കെയോ മനസ്സില്‍ തെളിഞ്ഞ മാതിരി ആ മുഖത്തൊരു പ്രഭ! ഒരു പൂരപുറപ്പാടിനുള്ള ശ്രമം!

കുട്ടിമേനോന്‍ പുതിയൊരു മനുഷ്യനായി പിറ്റെ ദിവസം ഉണര്‍ന്നെണീറ്റു. പതിവിനു വിപരീതമായി അന്ന് ഉണര്‍ന്ന ശേഷം മേനോന്‍ കൂടുതല്‍ സമയം വീണ്ടും കിടന്നില്ല. കുളിയും തേവാരവും വേഗം കഴിച്ചു. പതിവില്ലാതെ അന്നു മേനോന്‍ അമ്പലത്തിലേക്കു നടന്നു.  ഏറെ നേരം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ചില തീരുമാനങ്ങള്‍ എടുത്ത് മേനോന്‍ മടങ്ങി.
കുട്ടിമേനോന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു കൊണ്ടിരിക്കുന്നത് വീട്ടരും അയല്‍വക്കവും ശ്രദ്ധിച്ചു. എന്നാല്‍ കുട്ടിമേനോന്റെ ശ്രദ്ധ മറ്റു പലതിലും ആയിരുന്നു.
ഗതകാലപരമായി കുട്ടിമേനോനു വയസ്സ് 59 കഴിഞ്ഞിരുന്നു. 59 വയസ്സായി എന്നു ഉരുവിടുന്നതിനു പകരം മേനോന്‍ പറയുവാന്‍ തുടങ്ങി, 30 വട്ടം 29 വയസ് കഴിഞ്ഞു എന്നാണ്! അതുപോലെ, മേനോന്‍ സങ്കലനപ്പട്ടികയ്ക്ക് പകരം വ്യവകലനപ്പട്ടിക കൂടുതല്‍ ഓര്‍മ്മയില്‍ വെയ്ക്കാന്‍ തുടങ്ങി. കൂട്ടലിനേക്കാള്‍ കൂടുതല്‍ കുറയ്ക്കാന്‍ തുടങ്ങി എന്നര്‍ത്ഥം. 

ദൈനംദിന അവധിവേളകള്‍ പലതരം പരിവര്‍ത്തന കര്‍മ്മങ്ങള്‍ കൊണ്ട് നിറച്ചു. അതിലേറ്റവും മുന്നില്‍, കൊച്ചുകുട്ടികളുമൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുക  എന്നതായിരുന്നു. അവരുടെ ചിരിതമാശകള്‍ കണ്ട്കേട്ടു തുടങ്ങിയ കുട്ടിമേനോന്‍ കൂടുതല്‍ പ്രസന്നനായി കാണപ്പെടാന്‍ തുടങ്ങി. മേനോന്റെ ഉന്മേഷം ആ മുഖത്ത് പ്രത്യേകം കാണാനുണ്ട്. കുട്ടിമേനോന്‍ തന്റെ പ്രായം മറന്ന മട്ടാണ്. മനുഷ്യന്‍ മതങ്ങളേക്കാള്‍ ഭയന്നിരുന്ന ഒന്നായിരുന്നു മാറ്റം. ഒരു മാറ്റത്തിന് പ്രേരിപ്പിച്ചാല്‍ വഴങ്ങാത്ത സ്വഭാവം മനുഷ്യസഹജമാണ്. മാറ്റങ്ങളെ ഭയക്കുന്ന മനുഷ്യന്‍! എന്നാല്‍ ഇന്നു കുട്ടിമേനോനില്‍ പ്രത്യക്ഷമാകുന്ന മാറ്റം, ഏതു പ്രായക്കാരുടെ കൂടെയാണോ അതനുസരിച്ചു കുട്ടിമേനോനു അത്തരക്കാരനാവാന്‍ നിമിഷനേരം കൊണ്ട് കഴിയുന്നു എന്നതാണ്.

തലമുടിയും താടിയും കറപ്പിച്ചു നടന്നിരുന്ന കുട്ടിമേനോന്‍ ഇന്നു അത്തരം കോമാളിത്തരങ്ങള്‍ക്ക് സമയം കളയാറില്ല. പകരം സ്വന്തം ഭാവത്തിലും, സ്വരൂപത്തിലും അഭിമാനം കൊള്ളുന്നു. കുട്ടിമേനോന്റെ ചിന്താഗതിക്ക് തന്നെ മാറ്റം വന്നിരിക്കുന്നു. ഇന്നത്തെ മേനോന്‍ പറയുന്നത്, താടിയും മുടിയും കളറടിച്ച് ഇന്നത്തെ തലമുറയുടെ മുന്‍പില്‍ ചെന്നാല്‍, അവര്‍ കരുതും, നമ്മുടെ ഈ പ്രായത്തിനു എന്തോ തകരാറുണ്ടെന്നും, നമ്മള്‍ പ്രായം ചെന്ന അവസ്ഥയെ വെറുക്കുന്നുവെന്നും. മനുഷ്യന്റെ പുറം രൂപം പലതാവാം. എന്നാല്‍ മനസ്സിന്റെ നിറവും, ആ മനസ്സിന്റെ സ്നേഹവും ഒന്നാണെന്നു മുന്‍തലമുറയില്‍ നിന്നും പിന്‍തലമുറ അറിയണം, നമ്മള്‍ അവരെ അറിയിക്കണം. കുറേ ചായം വാരി തേച്ചത് കൊണ്ട് നമ്മള്‍ നമ്മളാവാതിരിക്കില്ല. നര ബാധിച്ചാലും ആ നരനില്‍ പഴയ ഞാന്‍ എന്ന വ്യക്തി ഉണ്ടാവും. പ്രാണന് വയസ്സില്ല, രൂപഭാവമില്ല. കണ്ടില്ലേ മേനോന്റെ മാറ്റം? കേട്ടവരില്‍ പലരും മൂക്കത്ത് വിരല്‍ വെച്ചു! മറ്റുചിലര്‍ പറഞ്ഞു പരത്തി, കുട്ടിമേനോന് തലയ്ക്ക് സ്ഥിരതയില്ല, എന്നാല്‍ വളരെ ചുരുക്കം ആള്‍ക്കാര്‍ പറഞ്ഞു, അറുപതില്‍ മേനോന്റെ ഉള്‍ക്കണ്ണ് തുറന്നു!

ജീവിതത്തില്‍ പഠനത്തിന് അന്ത്യമില്ലല്ലൊ? അതുകൊണ്ട് കുട്ടിമേനോനും ഒരു തീരുമാനമെടുത്തു. എന്നും എന്തെങ്കിലും പുതുതായി പഠിക്കണം അല്ലെങ്കില്‍ കണ്ടു പിടിക്കണം. മറ്റാരും കാണാത്ത പലതും ഈ പ്രകൃതിയില്‍ ഉണ്ട്. അതു കണ്ടു മനസ്സിലാക്കി മറ്റുളളവര്‍ക്ക് പറഞ്ഞു കൊടുക്കണം! ഇന്നുവരെ പഠിക്കാന്‍ സാദ്ധിക്കാത്ത എന്തെങ്കിലും ഒന്നു പഠിക്കാന്‍ കുട്ടിമേനോന്‍ ശ്രമിച്ചു. കാലം യാത്ര തുടര്‍ന്നപ്പോള്‍ മേനോന്‍ ഒരു നല്ല ഫോട്ടോഗ്രാഫറും, കമ്പ്യൂട്ടര്‍ മെക്കാനിക്കും ആയി മാറി എന്ന് ജനം വിധിയെഴുതി!

മറ്റൊരു പരിവര്‍ത്തനം മേനോനില്‍ കാണാന്‍ കഴിഞ്ഞത്, അതിര്‍ത്തിവരകള്‍ തനിക്കു ചുറ്റും വലയപ്പെടുത്താന്‍ മേനോന്‍ സമ്മതിച്ചില്ല. അവയെ വികസിപ്പിച്ചെടുക്കാന്‍ എന്നും ശ്രമിച്ചു. പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിയുളള യാത്രകള്‍ മേനോന് ഏറെ പുതിയ വിജ്ഞാനങ്ങള്‍ പകര്‍ന്നു. ഇന്നു ആരോടും എന്തും കൂസലില്ലാത്തെ സംസാരിക്കാന്‍ കുട്ടിമേനോന് കഴിയും. നാലുപേരുടെ മുന്‍പില്‍ സസാരിക്കാനുളള ഭീതി ഇല്ലാതെയായി. അതൊരു പുതുജീവന്‍ കിട്ടിയ അവസ്ഥയായിരുന്നു. പലയിടത്തും ഇന്നു മേനോനെ പ്രഭാഷണത്തിന് വിളിക്കാറുണ്ട്. അറിവിന്റെ കേദാരമെന്നു പലരും മേനോനെ പുകഴ്ത്തി. എന്നാല്‍ മേനോന്‍ അതൊന്നും ശ്രദ്ധിച്ചില്ല. മേനോന്റെ ശ്രദ്ധ മറ്റുപലതിലുമായി മാറിയിരിക്കുന്നു. 

കുട്ടിമേനോന്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. അതെന്തന്നല്ലേ? അന്‍പത് മൈല്‍  ചുറ്റളവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായം ചെന്നവരുടെ വീടുകളില്‍ മേനോന്‍ തന്റെ ഫിയറ്റ് കാറില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കയറി ഇറങ്ങും. അവരുമായി ഒരല്പം സല്ലാപം. അവര്‍ക്കും പകരും കൊച്ചു കൊച്ചു സന്തോഷങ്ങള്‍! ഓര്‍ക്കാന്‍ ഇത്തിരി ഇടവേള. അത്രയൊക്കെ തന്നെയുളളു  സന്ദര്‍ശഹിതം. ഇറങ്ങുമ്പോള്‍ ചോദിക്കും,  പലചരക്കു സാധനങ്ങള്‍ വല്ലതും വേണ്ടതായുണ്ടോ? ഉണ്ടെങ്കില്‍ അവരൊരു തുണ്ടു കടലാസില്‍  എഴുതി മേനോന് കൊടുക്കും. മേനോന്‍ വേണ്ടതെല്ലാം അന്നു തന്നെ അവിടെ എത്തിക്കും. ഇതൊരു പതിവായി. ഇതു തന്നെ മേനോന്റെ പുതിയ ബിസ്നസ്. സ്വയംത്യാഗം പരസഹായം തിരിച്ചല്പം ബഹുജനപ്രിയം.

ഇന്നു കുട്ടിമേനോന്‍ അറുപതിലെ പതിനാറുകാരനാണ്. രാവിലെ എണീറ്റാല്‍ മണിക്കൂറുകള്‍ പോകുന്നതറിയില്ല. പലതും ചെയ്യാന്‍ ഒരു പട്ടിക തന്നെ ഉണ്ടാവും ഓരോ ദിവസവും മേനോന്. അതിനിടെ പലരുടേയും ഫോണ്‍ വിളികള്‍. ആ ഗ്രാമത്തില്‍ എന്നു തന്നെയല്ല, പട്ടണത്തില്‍ പോലും കുട്ടിമേനോനെ അറിയാത്തവരായി ആരുമില്ലെന്ന മട്ടായി.
എന്നാല്‍ മനുഷ്യന്‍ അമരനല്ലല്ലോ? കുട്ടി മേനോനും ഒരു മനുഷ്യന്‍ തന്നെ. കാലത്തിന്റെ ഗമനം കുട്ടിമേനോനേയും ഒഴിവാക്കിയില്ല. അറുപതില്‍ പതിനാറായി മാറിയ കുട്ടിമേനോന്‍ മുപ്പത് വര്‍ഷം കൂടി സുഖമായി മറ്റെല്ലാവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ടു തന്നെ ജീവിച്ചു. തൊണ്ണൂറാം വയസ്സില്‍ വിട പറഞ്ഞു. കുട്ടിമേനോന്റെ മുറിയില്‍ നിന്നും കിട്ടിയ ഒരു ഡയറിയില്‍ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ എന്റെ അറുപതുകളില്‍ വീണ്ടെടുത്ത പതിനാറില്‍ എത്തിച്ചേരാന്‍ താഴെ പറയുന്ന വഴികളില്‍ കൂടിയാണ് സഞ്ചരിച്ചത്.

ഒരിക്കലും ഞാന്‍ പ്രായം കൂടി വരുന്ന അവസ്ഥയെ ഭയന്നിരുന്നില്ല. കാരണം ഓരോ ദിവസവും എനിക്ക് പുത്തനുണര്‍വ്വിന്റെ പുത്തരികളായിരുന്നു. ഓരോ അസ്തമയ വേളയിലും ഒരു ഉദയം കാണാന്‍ കൊതിച്ചായിരുന്നു ഞാന്‍ ഉറങ്ങുവാന്‍ കിടന്നിരുന്നത്.

എന്റെ സമകാലികരായ അറുപതുകളില്‍ ജീവിച്ചിരുന്ന ഏവര്‍ക്കും എന്നും ഞാന്‍ ഒരു പതിനാറുകാരനായിരുന്നു. അത്തരം ഞാന്‍ നല്‍കിയ സമീപനം പലരേയും  ഒരല്‍പ്പമെങ്കിലും ചെറുപ്പമാക്കിയിരിക്കാം എന്നോര്‍ക്കുമ്പോള്‍ ഒരു സാന്ത്വനം.

ഇശ്വരന്‍ നല്‍കിയ ഇരുകാലുകള്‍ അറുപതുകളിലും ഞാന്‍ ആവുന്നത്രയും ഉപയോഗിച്ചിരുന്നു. ആധുനികതയുടെ പുരോഗമനം മോട്ടോര്‍ വാഹനങ്ങളില്‍ മറ്റുളളവരുടെ പാദങ്ങളെ കൊണ്ടു നടന്നപ്പോള്‍ എന്റെ പാദങ്ങള്‍ എന്റെ ശരീരത്തെ വഹിക്കുവാന്‍ ഞാന്‍ ഉപയോഗിച്ചു.
എനിക്ക് എന്റെ അറുപതുകളിലും അതിനപ്പുറവും റിട്ടയര്‍മെന്റ് ഉണ്ടായിട്ടേ ഇല്ല. റിട്ടയര്‍മെന്റെന്ന മേലങ്കി അണിഞ്ഞ് യാതൊരു വ്യായാമവും ഉപകാരിതയും ഇല്ലാതെ രാപ്പകല്‍ വീട്ടില്‍ തമ്മിത്തല്ലി ദമ്പതിമാര്‍ വസിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കിടയില്‍ ഒരു മദ്ധ്യസ്തനായി. ഞാന്‍ അവര്‍ക്കൊരു തുണയായ പലചരക്കുകാരനായും, അവരുടെ സല്ലാപപ്രിയനായും വിലസിച്ചു. മറ്റുളളവര്‍ കുതിച്ചു കയറുന്ന വിലയില്‍ നില കണ്ടെത്തിയപ്പോള്‍ ഞാന്‍ എന്റെ നിലയില്‍ വില കണ്ടെത്തി ജീവിച്ചു.

ഗതകാലപ്രയാണം എനിക്കൊരു ഭാരമായി തോന്നിയതെ ഇല്ല. കാരണം വയസ്സേറും തോറും ഞാന്‍ എന്നും പുതിയ പലവിധ പാഠങ്ങളും പഠിച്ചു. അതു പലരേയും പഠിപ്പിച്ചു. അതുകൊണ്ട് ഞാന്‍ എന്റെ വയസ്സിനെ ബഹുമാനിച്ചു. ചെറിയ എന്തെങ്കിലും രോഗം പിടിപെട്ടാല്‍ ഞാന്‍ അതൊരവസാനമായി കാണുമായിരുന്നില്ല. അതില്‍ നിന്നും എത്ര വേഗം രക്ഷപ്രാപിക്കാം എന്ന് ചിന്തിക്കുകയേ ചെയ്തിട്ടുളുളു. മറ്റുള്ളവര്‍ എന്നെ തുണയായി കാണുമ്പോള്‍ അവര്‍ക്ക് മുന്‍പ് ഞാന്‍ എങ്ങിനെ വിട പറയും?

മറ്റുളളവരെ സ്നേഹിച്ചു എനിക്കു മതിയാവാറില്ലായിരുന്നു. ഏറെനാള്‍ എന്റെ കാലാവധി നീട്ടി തരേണമേ എന്ന് എല്ലാ ദിവസവും ഞാന്‍ ജഗതീശ്വരനോട് പ്രര്‍ത്ഥിക്കുമായിരുന്നു. ഒരിക്കല്‍ ജഗദീശന്‍ ചോദിച്ചു, എത്രനാള്‍ നീട്ടണം എന്റെ ദശയെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു

 മറ്റുളളവര്‍ എന്നെ സ്നേഹിക്കുന്നതിന്റെ ഒരു ശതമാനം ഞാന്‍ തിരിച്ചു കൊടുക്കും വരെ എന്ന്.  ആ ഒരു ശതമാനം എത്താതിരിക്കാന്‍ ഇങ്ങോട്ടുളള അളവിനേക്കാള്‍ ഇരട്ടി അങ്ങോട്ടു കൊടുക്കുവാനുളള എന്റെ തളരാത്ത ശ്രമമാണ് ഇന്നുവരെയെങ്കിലും എന്നെ ഇവിടെ വരെ കൊണ്ടു വന്ന് എത്തിച്ചത്. എന്റെ പ്രാണനെ താങ്ങിയ ഏവര്‍ക്കും പ്രണാമം.
എന്നെ സ്നേഹിച്ച എല്ലാവര്‍ക്കും, സ്നേഹിക്കാന്‍ കാത്തിരുന്നവര്‍ക്കും, സ്നേഹിക്കാന്‍ മോഹിച്ചവര്‍ക്കും കുട്ടിമേനോന്റെ വിട ഇവിടെ ചൊല്ലുന്നു. എങ്കിലും കുട്ടിമേനോന്‍ പറഞ്ഞ ആ കൊച്ചു കൊച്ചു ജീവിതരഹസ്യങ്ങള്‍ നമ്മളേയും പതിനാറുകാരാക്കട്ടെ എന്നു കാംക്ഷിക്കുന്നു.

-കപിലന്‍-

No comments:

Post a Comment