Tuesday, June 4, 2019

"mazhamaNal"

മഴമണൽ
-മനതാരിലുണർന്ന ചിന്തകൾ-

വേനൽക്കാലമായി. ഉഷ്ണമേറുകയായി.........

ശരീരത്തിലെ ചൂട് മനസ്സിലേക്കും കടന്ന മട്ടാണ്. മഴയ്ക്ക് മുൻപ് കുളിർമയേറിയ തെന്നലായ് വന്നിരുന്ന മന്ദമാരുതൻ പോലും ഇന്ന് കർമ്മരഹിതനായി സ്തംഭിച്ചു നിൽക്കുന്നു. അവനിലെ ഹൃദ്യഭാവം മാറി ഇന്നവൻ ക്ഷുഭിതനായി മരുഭൂമിയിലെ കൊടുംകാറ്റായി മാറിയിരിക്കുന്നു. 

മഴയ്ക്കായുള്ള കാത്തിരുപ്പിന്റെ ദൈർഘ്യം കൂടുന്നു. വിരഹതയും നൈരാശ്യവും അളവിനൊന്നര നാഴി കൂടുതലായി മനസ്സിൽ അഴ്ന്നിരിക്കുന്നു. മുറിവേറ്റ എന്റെ മനസ്സിന്റെ വേദനയിൽ നിന്നും ഉതിർന്ന ഗന്ധം എനിക്കെന്നും എന്റെ മഴയോടുണ്ടായിരുന്ന പ്രണയത്തിന്റെ നാമ്പുകൾ കരിഞ്ഞ ദുർവിധിയുടെ ഗന്ധമായിരുന്നു!

ഞാനും എന്റെ മഴയും തമ്മിൽ മനസ്സുകൊണ്ട് എനിക്ക് പ്രണയത്തിനർത്ഥമറിഞ്ഞ നാൾ തൊട്ടുള്ള അടുപ്പമണ്. നാൾക്കുനാൾ ഞങ്ങളുടെ ചങ്ങാത്തം വളർന്നു പന്തലിച്ചു. എന്റെ ജീവന്റെ പിറവിയായി എനിക്കൊപ്പം ജനിക്കേണ്ടവൾ ഒരല്പം താമസിച്ചാണെങ്കിലും അറിയാതെ എന്റെ മനസ്സിൽ മനസ്വിനിയായി കുടികൊണ്ടു. മഴനീർ എന്റെ ഉൾചുണ്ടുകളിൽ പതിക്കുമ്പോൾ അത് തേൻ തുള്ളികളായി എനിക്കനുഭവപ്പെട്ട നിമിഷങ്ങൾ! ആ തേൻ തുള്ളികൾ ഇരുജീവനേയും പൊതിഞ്ഞ് ശ്വാസനിശ്വാസമൊന്നാക്കി മാറ്റിയ നിമിഷങ്ങൾ!  എന്റെ മഴയെ കുറിച്ചു പലരും പലതും രചിച്ചു, വർണ്ണിച്ചു, ഉപമിച്ചു. പല ഭാവങ്ങളും, ആർദ്രതയും, ശോകവും ഞാനാ ലിഖിതങ്ങളിൽ കണ്ടു. പക്ഷെ ഞാൻ എന്റെ മഴയിൽ കണ്ടത് മറ്റാരും കണ്ടില്ല. അങ്ങിനെ കാണാൻ ആരും ശ്രമിക്കാതിരുന്നത് നന്നായി എന്നു ഇപ്പോൾ തോന്നുന്നു. 

സ്കൂളിൽ പോയിരുന്ന കലത്ത് പലപ്പോഴും കുടയെടുക്കാൻ മറക്കും. മിക്കപ്പോഴും ആ ദിവസങ്ങളിൽ മഴ പെയ്തിരിക്കും. അതെന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാൻ ഒരിക്കൽ എന്റെ മഴയോട് ചോദിച്ചു, കുടയെടുക്കാൻ മറക്കുമ്പോൾ മാത്രം നീയെന്തേ പെയ്യുന്നു എന്നു. എന്റെ മഴ എനിക്ക് നൽകിയ ഉത്തരം, നിന്നെയൊന്നു പുണരാനുള്ള എന്റെ കൊതികൊണ്ട്എന്ന്. എന്റെ മഴക്കെന്നോടുള്ള സ്നേഹം കേട്ടറിഞ്ഞ ഞാൻ, എന്റെ അധരങ്ങളിൽ പതിച്ച ആ മഴത്തുള്ളികളെ ഇരുചുണ്ടുകളും കൊണ്ട് ആലിംഗനം ചെയ്തു. എന്റെ ജീവജലമായി കരുതി മഴയ്ക്കു താഴെ നിന്ന് സ്നാനപ്പെട്ടു. 

മഴ എനിക്ക് സമ്മാനിച്ച ഓർമ്മകൾ അവിരാമം അനന്തം.

ചെറുപ്രായത്തിൽ ചെമ്മണ്ണു വിരിച്ച ഇടവഴിയിലൂടെ തളം കെട്ടികിടന്ന മഴവെള്ളം കാലുകൊണ്ട് തെറിപ്പിച്ചു നടന്ന കുട്ടിക്കാലം. ചെളിവെള്ളം തട്ടി തെറിപ്പിച്ചു സ്കൂളു കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അന്നത്തെ സ്കൂൾ യൂണിഫോമായിരുന്ന വെള്ള ഷർട്ട് കാക്കി നിക്കറിനു സമാനമായിരിക്കും. അന്നൊക്കെ പെരുമഴക്കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങാൻ എന്തു രസമായിരുന്നു. രാവിലെ സ്കൂളിൽ പോകാൻ അമ്മ വിളിക്കുമ്പോൾ അമ്മയോടായിരുന്നില്ല കൂടുതൽ ദേഷ്യം മഴയോടായിരുന്നു. എന്താ ഈ മഴയ്ക്ക് വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച രാത്രിയോ വന്നാൽ എന്നു പലപ്പോഴും മഴയോട് ചോദിക്കാൻ ഒരുമ്പെട്ടതാണ്. പിന്നെ വേണ്ടെന്നു കരുതി. ഇനി അഥവാ മഴയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? വല്ലപ്പോഴും വരുന്ന വരവും മുടക്കിയാലോ എന്നു ഉള്ളിൽ ഭയന്നിരുന്നു. അന്നേ തുടങ്ങിയിരുന്നു എന്റെ മനസ്സിൽ മഴയോടുള്ള എന്റെ പ്രണയം.
 
പെയ്തൊഴിഞ്ഞ് പോകുന്ന മഴയെ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ടായിരുന്നത്, എന്റെ ജീവിതത്തിൽ ഒരല്പസമയം വന്ന് വേണ്ടുവോളം സ്നേഹിക്കാൻ സമയം തരാതെ പോയ് മറഞ്ഞവരെയാണ്. കാരണം അവർ മറഞ്ഞാലും ആ സൌഹൃദങ്ങളിൽ പലപ്പോഴും പെയ്തൊഴിഞ്ഞ മഴ സമ്മാനിക്കും പോലെ ഒരു മഴവില്ല് നമുക്കായി സമ്മാനിച്ചിട്ടാവും അവർ മറയുക. ഒരിക്കലും മറയാത്തെ, മായാത്ത ഒരു മഴവില്ല്!

മഴ പലപ്പോഴും എനിക്ക് ഒരു തരത്തിൽ ഒരനുഭൂതിയാണ്. എന്റെ ജീവിതത്തിലെ വർണ്ണങ്ങളും, വസന്തങ്ങളും, വിരഹങ്ങളും, വിഷാദനിമിഷങ്ങളും ഒന്നിച്ചു ചാലിച്ചുണ്ടാക്കിയ അനുഭൂതിയുടെ ഉറവയായി ഗമിക്കും നിലക്കാത്ത ധാര. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മരണവീട്ടിൽ പെയ്യുന്ന മഴക്ക് തോരാൻ പ്രയാസം. അപ്പോൾ തോന്നിയിട്ടുണ്ട്, മഴയെ പ്രണയിച്ചവൻ ആയിരിക്കാം ആ വീട്ടിൽ മരിച്ചത്. അതുകൊണ്ട് തന്നെ വിട്ടുപോകാൻ മഴയ്ക്ക് പ്രയാസമുണ്ടാവുമെന്ന്!

മഴയും മണ്ണും അല്ലെങ്കിൽ മഴയും മണലും പ്രകൃതി നമുക്ക് തന്ന ആദ്യപ്രേമകഥയിലെ പ്രണയികളാണ്. മണൽത്തരികളെ മഴ പലതരത്തിലാണ് പ്രണയിക്കുന്നത്. മഴ തന്റെ പ്രണയിനിയായ മണ്ണിന്റെ വേദന കണ്ട് സഹികെടുമ്പോൾ ആകാശം മൂടി പ്രകൃതിയെ മൂകയാക്കും. ഞാൻ നിന്റെ സങ്കടം മാറ്റാൻ അരികിലേക്ക് വരുന്നു എന്ന് മുന്നറിയിപ്പു നൽകാനെന്നോണം, ശീതഭാവമുൾക്കൊണ്ട മാരുതനെ മഴ മന്ദമാരുതരൂപത്തിൽ മഴയ്ക്കു തൊട്ട് മുൻപായി അയക്കും. മഴയുടെ ഭാവം രൌദ്രമെങ്കിൽ മഴയുടെ കാഠിന്യമറിയിക്കാൻ മുന്നിലെത്തുന്ന മാരുതന്റെ അവതാരവും ശ്ക്തിയേറിയതാവും. പിന്നാലെയെത്തുന്ന മഴ തന്റെ സാന്ത്വനവാക്കുകളായ മഴത്തുള്ളികൾ ചൊരിഞ്ഞു കൊണ്ട് മണ്ണുമായി ആലിംഗനബന്ധരാവുന്നു. മണ്ണിന്റെ അധരങ്ങളിൽ മഴ ചുംബനമർപ്പിക്കുന്നു. ആ അധരങ്ങൾ നനയുന്നു. ആ കണ്ണുകൾ നിറയുന്നു. പ്രണയത്തിന്റെ മൂർദ്ധന്യാവിലെത്തുമ്പോൾ അതൊരു പെരുമഴയായി മാറുന്നു. വർഷിക്കുന്ന മഴയും നനയുന്ന ഭൂമിയും! അങ്ങിനെ മഴ നനഞ്ഞു മണ്ണിൽ നിന്നും കുരുത്ത മണലിനു ഞാൻ പേരിട്ടു മഴമണൽ. മഴയുടേയും മണലിന്റേയും പ്രേമാവിഷ്കാരം!

മണൽത്തരികളുടെ വ്യത്യാസമനുസരിച്ചു പ്രണയത്തിന്റെ താളവും രാഗവും മാറുന്നു. കാതോർത്താൽ മനസ്സിലാക്കാം വ്യതിയാനങ്ങൾ. മരുഭൂമിയിലേയും, മാമലകളിലേയും, കടലോരത്തേയും മഴത്തുള്ളികൾ മണലിലും, വൃക്ഷശിഖരങ്ങളിലും തട്ടി തലോടുന്ന താളവും, രാഗവും വ്യത്യസ്തമല്ലേ? മഴത്തുള്ളികൾ മേൽപാളികളിൽ പതിക്കുന്ന ധൃതീയതാളങ്ങൾ മറ്റൊരു തരത്തിൽ? ചരൽ മണലിൽ പതിക്കുന്ന മഴ ചരലിൽ വേഗം ലയിച്ച് ഇല്ലാതാവുന്നു. ചെമ്മണ്ണിൽ പതിയുന്ന മഴ മണ്ണിൽ തളം കെട്ടി നിൽക്കും. അത് പെയ്തു തോർന്ന മഴവെള്ളം മാത്രമോ അതോ ചെമ്മണ്ണിന്റെ കണ്ണീരും കൂടി കലർന്ന സങ്കലനമോ എന്നു പലപ്പോഴും ചെളിക്കുണ്ട് കാണുമ്പോൾ തോന്നിപ്പോയിട്ടുണ്ട്. 

മഴ സമ്മാനിക്കുന്ന ഗന്ധം! അതൊരിക്കലും മറക്കാനാവില്ല. ചുംബിക്കുന്ന മണൽത്തരികൾക്കനുസൃതമായി ഗന്ധവും മാറും. മഴ പെയ്യുന്നതിനു മുൻപ് വരെ മണ്ണിനില്ലാത്ത ഒരു പ്രത്യേക ഗന്ധം! അതുപോലെ വേനൽ കഴിഞ്ഞുള്ള പുതുമഴ നമ്മുക്ക് സമ്മാനിച്ചു പോകാറുള്ള ചെമ്മണ്ണിന്റേയും, പൊടി മണ്ണിന്റേയും വ്യത്യസ്തമായ ആ ഗന്ധം ശ്വസിക്കുമ്പോൾ തന്നെ അറിയാം അതു പുതുമഴയാണോ വേനൽ മഴയാണോ സമ്മാനിച്ചത് എന്നത്.
മുരടിച്ച മനസ്സിനെ തളിർപ്പിക്കുന്ന പുതുമഴ! മഴയ്ക്ക് വേരുകളൊ വിത്തുകളോ ഉണ്ടായിരുന്നെങ്കിൽ ഞാനത് ശേഖരിച്ച് സൂക്ഷിച്ചു വെയ്ച്ചേനെ. മനസ്സ് മുരടിക്കുമ്പോൾ, മനസ്സിനു ഭാരം ഏറുമ്പോൾ മാനത്തു കൊണ്ടു പോയി മറ്റൊരു മഴക്കായി നടാനും വിതറാനും!

മണൽത്തരികളോടു ആർദ്രത തോന്നാറുണ്ട്. ഒരു മേഘമായി ജനിച്ചിരുന്നെങ്കിൽ മണൽത്തരികൾക്കായി നോവിന്റെ തീരങ്ങളിൽ കരയാൻ പറ്റിയിരുന്നെങ്കിൽ, ഈ മണൽതരികളെ ഒറ്റക്കാക്കാതിരിക്കാമായിരുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. 

പ്രണയജീവിതത്തിനടിമയായപ്പോൾ, പിന്നീടാകാം എന്നു കരുതി നീക്കി വെയ്ച്ച ഒരു പിടി സ്വപ്നങ്ങളും ഇഷ്ടങ്ങളും ഇന്നും മനസ്സിൽ ഉണ്ട്. ഞാൻ മോഹിച്ച ആ പുഴകൾ ഒരു കടലായി ഇന്നും മനസ്സിൽ! എന്നാൽ അവയെല്ലാം മഴയില്ലാതെ എന്നിലില്ലാതാവുമോ എന്ന ഭീതി അലട്ടാറുണ്ട്. എങ്ങുനിന്നോ പാറിക്കളിച്ചു വന്ന ഒരു പട്ടം ഒടുക്കം പറന്നകന്ന് വിദൂരതയിൽ മറയും പോലെ ആവരുതെ എന്റെ മനസ്സിലെ പുഴകളും കടലുകളും എന്നു പലപ്പോഴും അഭിലഷിക്കും പ്രാർത്ഥിക്കും!

ഞാൻ എന്റെ മഴയായി ജനിക്കാൻ ഒരുപാടു മോഹിച്ചു. കാറ്റത്തെ ചാറ്റൽമഴയായി ഞാനും, എന്റെ പ്രേയസ്സിയായി മണൽത്തരികളാൽ ഭൂഷിതയായ ഭൂമിയേയും ഞാൻ സങ്കൽപ്പിച്ചു. പെയ്തു പോയ നീ അഴകിന്റെ ആഴങ്ങളിൽ പോയ് മറയുമ്പോൾ ശിഷ്ടമായി മണ്ണിൽ വിതറിയ തുള്ളികളായ് ഞാൻ മാറിയിരുന്നെങ്കിൽ എന്ന് ഏറെ ആശിച്ചിട്ടുണ്ട്. നീയെന്റെ അടുത്തുണ്ടായിരുന്ന നേരമെല്ലാം ഞാൻ എന്നിലുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. പലപ്പോഴും എന്റെ മഴ എനിക്ക് മുന്നിൽ പെയ്തൊഴിയാൻ മടി കാട്ടിയിരുന്നു. ഇന്നത് ഒരോർമ്മയായ് മാറുമ്പോൾ ആശിച്ചു പോകുന്നു, ഇനിയൊരു ജന്മമുണ്ടാകുമോ ഒരിക്കലും പെയ്തു തീരാത്ത മഴയായ് ജനിക്കാൻ?

ഇനിയുമെത്രനാൾ ഈ കാത്തിരിപ്പ് തുടരണം? എത്രനാൾ വേണമെങ്കിലും നിനക്കായ് ഞാൻ വേദനിക്കാം. ഒരു പെരുമഴക്കാലം പോലെ മനം നിറയെ ഞാൻ നൽകിയില്ലേ എന്റെ സ്നേഹം?  എന്റെ നിഴൽ നിന്റെ മേഘമായ് മാറ്റി നിനക്കു ഞാൻ കുട പിടിച്ചിരുന്നില്ലേ?

മഴയിൽ അലിഞ്ഞ ബാല്യം ഒന്നു കൂടി എന്നിൽ പിറന്നു. ഒരിക്കൽ നീയെന്നോട് ചോദിച്ചു, എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടെങ്കിൽ, എന്നെക്കുറിച്ചു രചിച്ചു പാടി എന്നെ പെയ്യിപ്പിക്കാമോ എന്നു? ഞാൻ പറഞ്ഞ ഉത്തരം നീ മറന്നു പോയോ, “ഇല്ല, എന്റെ പൊന്നു മഴേ. ഞാൻ പാടിയാൽ നീ വന്നേക്കും. പെയ്തേക്കും. പക്ഷെ, ഞാനെന്റെ പാട്ട് നിർത്തിയൽ നീ നിലയ്ക്കും.  എനിക്ക് നിന്നെ നഷ്ടമാവും. എനിക്ക് ഒരിക്കലും തോരാത്ത നിന്റെ മഴത്തുള്ളികളാണ് വേണ്ടത്. അതുകൊണ്ട് നിന്നെ ഞാൻ പാടി പെയ്യിക്കില്ല പകരം നിന്റെ മനസ്സിനെ ഞാൻ പാടിയുണർത്താം, ഒരിക്കലും തോരാത്ത മഴത്തുള്ളികളുടെ നീരുറവയ്ക്കായി? ആ മനസ്സ് ഞാൻ പറഞ്ഞ പോലെ പാടി ഉണർത്തിയില്ലേ? പിന്നെയും നീയെന്തേ നിലച്ചു

അങ്ങകലെ ആഴങ്ങളിൽ നിന്നും മിന്നലിന്റെ വെള്ളിവെളിച്ചവും, ഇടിവെട്ടിന്റെ ഗർജ്ജനവും, മാരുതനിലെ കിടുകിടുപ്പും മാത്രം. എന്റെ മഴേ, നിന്റെ വരവെന്തേ ഇനിയും കാണാത്തത്? പകുതി വഴിയിൽ നീ കിതച്ച് നിന്നു പോയോ? ഞാനവശനായ് അവസാനിച്ചാലും വസന്തത്തിൽ മുളയിട്ട തേന്മാവിൻ ചില്ലകളേയും ആടിയുലയാൻ കൊതിക്കുന്ന കൈതോലകൂട്ടങ്ങളേയും, ചാഞ്ചാടാൻ വിമ്മിഷ്ടപ്പെടുന്ന വയൽപ്പൂക്കളേയും നിനക്ക് മറക്കാനാവില്ലെന്നു എനിക്കറിയാം. നീ വരും അതെനിക്കുറപ്പുണ്ട്. നഷടബോധത്തിന്റെ കണ്ണീർകണങ്ങളുമായി ഭാവിയിലെ എന്റെ മറ്റൊരു പിറവിക്കായി ഞാൻ കാത്തിരിക്കാം.....

.....വിശ്വാസമല്ലേ എല്ലാം?

-കപിലൻ-

No comments:

Post a Comment