Saturday, September 26, 2020

വിരഹം

 

എങ്ങു പോയ് മറഞ്ഞു കൂട്ടുകാരാ

പൌര്‍ണമി ചന്ദ്രനായ് വിളങ്ങിയ നീ

നീല വാനില്‍ നക്ഷത്ര വൃന്ദങ്ങളുമായ്

ഓടി മറഞ്ഞു  കളിച്ചതല്ലയോ!

 

സുഷുപ്തിയിലാണ്ട്  സ്വപ്നങ്ങളില്‍

വിഹരിക്കുമവളെ നിലാവെളിച്ചത്തി-

ലൊരു മായാലോകത്തേക്കു നയിച്ചു

ഗന്ധവര്‍നാമൊരു കൂട്ടുകാരനായതല്ലേ ?.

 

അകലങ്ങളില്‍ നിന്നുതന്നെ കൂട്ടുകാരായ്

ആമോദിച്ചുല്ലസിച്ചിരുവരുമെങ്കിലും

ഏഴാം കടലിനക്കരെയാമുഖം പെട്ടെന്നകലവേ

താളം തെറ്റിയ ജീവിതവുമായ് പൊരുതുന്നവള്‍!

 

രാവുകളേറെ സ്വപ്നത്തില്‍ വിഹരിച്ചവള്‍

നക്ഷത്രങ്ങളെണ്ണി ഇരുട്ടില്‍ കണ്ണുംനട്ടിരിപ്പായ്

വിരസതയും മാഞ്ഞുമ്മറഞ്ഞു,മെത്തിടുമോര്മ്മകളും

കാലത്തിന്‍ പോക്കും ബുദ്ധിമാന്ദ്യയാക്കിടുമോ?

 

-എല്ലെൻ-

ഈ ജീവിതവും ജീവിതമോ?

 

ശാന്തിയെവിടെ സമാധാനമെവിടെ

ജീവന്റെ അധ:പതനമെത്രയായി!

ഹൃദയം ശൂന്യമാക്കി-

ചുടുനിണമൊഴുക്കി മരവിപ്പിച്ചു

ആളികത്തും കൊലവെറി 

ജീവനു വിലയില്ലാതാക്കി. 

ആര്‍ക്കു വേണ്ടിയിതെല്ലാം

എന്ത് നേട്ടമിതില്‍ കൊയ്തു?

അക്രമണ ചിന്ത, ആര്‍ത്തി ….

ശമനമുണ്ടാവുമോ ഇതിനൊരിക്കല്?

മനസ്സിന്റെ മാര്‍ദ്ദവം മായ്ച്ചു- ‍

മനസ്സാക്ഷിയില്ലാ കൊടുംകൃത്യങ്ങള്‍

ചെയ്തു കൂട്ടുന്നതോ പൌരുഷം?

കൊല്ലുന്നതും കൊല്ലിക്കുന്നതുമോ

ചുണയും ധൈര്യവും വീര്യവും?

കൊല്ലിക്കുന്നവര്‍ക്ക് യന്ത്രമായൊരു

വെറും കളിപ്പാവ നീ  മനുഷ്യാ .

കുത്തും കൊലയും ജീവിതശൈലി-

യാക്കിയ നീ,  മരണപ്പെടുന്നവര്‍ക്ക്

എന്നും കാലദൂതന്‍ .

 

ഭീതിയും തോരാത്ത കണ്ണീരുമായ്

 ജീവിക്കുന്നോര്‍ക്ക് പേടിസ്വപ്നവും.

വൈരികള്‍, ക്വട്ടേഷനുകള്‍,

കള്ളപ്പണം കുറ്റകൃത്യങ്ങള്-

അസ്വസ്ഥതയല്ലാതെ

എന്തു നേടിതന്നിവ മനുജ?

ആര്‍ക്കുവേണം കൊലയാളികളെ

ആരു പങ്കിടും നിന്‍പാപകര്‍മത്തിന് ഫലം?

പേടിച്ചും, പാത്തും പതുങ്ങിയും

ഒളിവിലും മറവിലും ഓടുന്ന ജീവിതം;

സുഖനിദ്രയനുഭവിച്ച രാവുകളുണ്ടോ

മദ്യവും ഡ്രഗ്ഗുമില്ലാതെ ശക്തിസംഭരിച്ചുവോ?

സ്വന്തമായി ചിന്തിക്കാന്‍കെല്‍പ്പില്ല

റോബോട്ട് കണക്കെ വെറും യന്ത്രമായ്

കേട്ടത് നടപ്പിലാക്കും നീ മനുഷ്യനോ?

വന്യജന്തുക്കള്‍ക്കു തുല്യം നിന്‍ജീവിതം !

ഉറങ്ങിയും തിന്നും കുടിച്ചും

കൊലചെയ്തും കലഹിച്ചും

കരുണയും സ്നേഹവുമില്ലാതെ ‌

ജീവിക്കുന്നതും മനുഷ്യ ജീവിതമോ?

 

-എല്ലെൻ-