Wednesday, November 7, 2012

സ്വയദര്പ്പണത്തിന് ചില്ലിയും ജീവിതവഴികാട്ടിയായ് സ്ഫടികവും



ന്നത്തേയും പോലെ അന്നും പ്രഭാതത്തില്‍ ദന്തശുദ്ധി വരുത്തുമ്പോഴും ക്ഷൌരപ്രക്രിയയില്‍ പരിമഗ്നനായിരുന്നപ്പോഴും മുന്നിലെ മുഖം നോക്കുന്ന കണ്ണാടിയില്‍ (ചില്ലി അഥവാ മിറര്‍) സ്വയം മുഖം കണ്ടിരുന്നു. എന്തുകൊണ്ടോ അന്ന് പതിവില്‍ കൂടുതലായി മുഖം ശ്രദ്ധിക്കാന്‍ തോന്നി. അതിരാവിലെ എണീക്കേണ്ടിവന്നതിനാലാവാം മുഖത്ത് പതിവിലേറെ ക്ഷീണം തോന്നിച്ചിരുന്നു.  സ്വയം മുഖം നോക്കി മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ ഒരു ശ്രമം നടത്തി. മുഖത്ത് വേണമെന്ന് വരുത്തി പ്രകാശിപ്പിച്ച ആ സുസ്മേരം എന്നെ ഉറക്കച്ചടവില്‍ നിന്നും ഉണര്‍ത്തി എന്നതിലുപരി മനസിനെ ഒന്നു പിടിച്ച് കുലുക്കുകയും ചെയ്തു. ശീതരസം  നഷ്ടപ്പെട്ട മനസ്സില്‍ ഒരു മന്ദമാരുതന്‍ വീശിയ പോലെ. മനസിനനുഭവപ്പെട്ട ആ ശീതളാവസ്ഥ സിരകളിലൂടെ മസ്തിഷ്കത്തിലെത്തിയ ഒരവസ്ഥ. അതൊരു പുതിയ അനുഭവമായിരുന്നെങ്കിലും വലിയൊരു ജീവിതരഹസ്യം അതിലൂടെ വെളിപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഒരല്‍പനിമിഷങ്ങള്‍ വേറെയും വേണ്ടി വന്നു.

എന്നും നമ്മുടെ ചെയ്തികളും, ചിന്തകളും നന്നാവണമെന്നും മറ്റുള്ളവര്‍ക്ക് അരോചകമായ പ്രവര്‍ത്തികള്‍ നമ്മില്‍ നിന്നും ഉണ്ടാവരുതെന്നും, അന്യരുടെ വ്യസനവും ഭാരവും നമ്മുടെ തനതായ വീക്ഷണത്തിലൂടേയും, പ്രവൃത്തികളിലൂടേയും ഇല്ലായ്മ ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കണമെന്നും എന്നും രാവിലെ നാമെല്ലാം  പ്രാര്‍ത്ഥിക്കാറുണ്ട്. ഇല്ലേ? എന്നാല്‍ പലപ്പോഴും നമുക്കത്തിന് സാധിക്കാതെ വരുന്നു എന്നും നമ്മള്‍ മനസ്സിലാക്കാറുണ്ട്. അതെന്തുകൊണ്ടാണ്‍ എന്നു പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നു എങ്കിലും അതിനൊരുത്തരം അന്നാണ് മനസ്സില്‍ വ്യക്തമായി ഉണര്‍ന്നത്. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ നാം സ്വയം നമ്മുടെ ചേതോവികാരങ്ങളെ അറിയുന്നില്ല. നമ്മില്‍ അടക്കി വെച്ചിരിക്കുന്ന അല്ലെങ്കില്‍ സ്വയം മെനഞ്ഞെടുക്കുന്ന പ്രതിഛായാപ്രതിഷ്ഠആയിരിയ്ക്കും ആ ദിവസം നമ്മെ നയിക്കുന്ന വഴികാട്ടി അല്ലെങ്കില്‍ നമ്മുടെ തേരാളി.  നാമറിയാതെ മ്ളാന പരിവേശിതനായി നമ്മുടെ മുഖം ആ കണ്ണാടിയില്‍ നാം എങ്ങിനെ കണ്ടുവോ അതേ പോലെ ആയിരിയ്ക്കും നമുക്ക് മുന്‍പിലണയുന്ന മറ്റുള്ളവര്‍ നമ്മെ കാണുക. നമ്മില്‍ പ്രകടമായിരിക്കുന്ന ആ വ്യസനം ആരുമറിയാതെ അന്യമനസിലേക്ക് ഒലിച്ചിറങ്ങും. കാരണം മ്ളാനിതനായ  ഒരുവനില്‍ നിന്നുദിക്കുന്ന അവന്റെ പ്രവൃത്തിയില്‍ അതിന്റെ ഒരംശം ഉണ്ടാകാതിരിക്കില്ല.

മറ്റൊരു രഹസ്യം വ്യക്തമാക്കാം. വ്യസനവും സന്തോഷവും പങ്കുവെയ്ക്കുന്നതില്‍ ഏറെ അന്തരമുണ്ട്. മറ്റുള്ളവരുടെ സങ്കടം ഏറ്റുവാങ്ങിയാല്‍ അവരില്‍ അത് പകുതിയാവും. എന്നാല്‍ നമ്മുടെ മനസ്സില്‍ തിങ്ങി നിറയുന്ന സങ്കടം അന്യര്‍ക്കനാവശ്യമായി  പകര്‍ന്നാല്‍ അത് ഇരട്ടിക്കും.ഒരാളെ കൂടി നമ്മുടെ ദുഖക്കടലിലേക്ക് മുക്കി താഴ്ത്തുന്നതിന് തുല്യമെന്ന് സാരം. അത് ഉചിതമല്ലെന്ന് പറയുന്നതല്ലേ ഉചിതം? മറിച്ച് നമ്മില്‍ സ്ഫുരിക്കുന്നത് മന്ദസ്മിതവും സന്തോഷവും ആണെങ്കിലോ? നാമറിയാതെ അതും ആശ്രിതരുടെ മനസിലേക്കു ഒഴുകിയിറങ്ങും. അത് ഇരട്ടിക്കുകയും ചെയ്യും. അതല്ലേ സത്യവും ഉചിതവും? അതിനു ഏറ്റവും എളുപ്പമായ ഒരുപകരണമുണ്ട്. മേല്‍പ്പറഞ്ഞ ചില്ല് അല്ലെങ്കില്‍ മുഖം നോക്കുന്ന കണ്ണാടി. പ്രഭാതത്തില്‍ നമ്മെ സ്വയം തിരിച്ചറിയാന്‍ ഇതിലപ്പുറം മറ്റെന്ത് വേണം? വിഷമം മുഖത്ത് നിന്നും നിമഗ്നം ചെയ്ത് പ്രസന്നവദനാവുക. ആ പ്രസന്നത അന്തിയുറക്കം വരെ നിലനിര്‍ത്തുക. ആ ദിനം എത്ര ശുഭദിനമായിരിക്കുമെന്ന് പറഞ്ഞറിയിക്കുന്നതിനേക്കാള്‍ ഏറെ അനുഭവിച്ചറിയുന്നതാവും ഉചിതം. ഒരല്‍പനിമിഷം  മതി എന്നും രാവിലെ നമ്മെ മിനഞ്ഞെടുക്കുവാനും  നമ്മുടെ മുഴുവന്‍ ദിവസവും പ്രസന്നമാക്കുവാനും.  ഇതാണ് സ്വയദര്‍പ്പണത്തിനുള്ള ചില്ലി എന്നത് കൊണ്ട് ഉദ്ദേശിച്ചത്.

മറ്റൊരു പ്രപഞ്ചസത്യം കൂടി ആ ചില്ലി നമ്മെ പഠിപ്പിക്കുന്നില്ലേ? ചില്ലിയില്‍ നോക്കി സ്വയം തിരിച്ചറിയുന്ന നാം നമുക്ക് മുന്നില്‍ ഉള്ള പാത ആ ചില്ലിയില്‍ കൂടി കാണുന്നില്ല. കാരണം ചില്ലിക്ക് പ്രതിഫലനമാണുള്ളത്. ചില്ലിക്ക്  സുതാരതയില്ല. ചില്ലിയില്‍ കൂടി മറുവശം നമ്മുക്ക് കാണാന്‍ കഴിയില്ല എന്നര്‍ത്ഥം. അതിനു വേണ്ടത് സ്ഫടികമാണ്(ഗ്ലാസ്). ചളിയും കറയും പുരണ്ട സ്ഫടികത്തിലൂടെ പുറം കാഴ്ചകളും സഞ്ചരിക്കേണ്ട പാതകളും അവ്യക്തമായിരിക്കും എന്നു ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. മഴക്കാലത്തും  മഞ്ഞുകാലത്തും  വിപത്തില്ലാതെ വാഹനം ഓടിക്കാന്‍ വേണ്ടിയല്ലേ വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഉള്ള സ്ഫടികം തുടക്കുന്നതിനുള്ള ഉപകരണം (വൈപ്പര്‍ ബ്ളേഡ്സ്). അതുപോലെ നമുക്ക് മുന്‍പില്‍ ഉള്ള ജീവിതാപാത വ്യക്തമായി കാണുവാന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ക്ക് ഒരു സ്ഫടികമുണ്ട്. ആ സ്ഫടികത്തെ മനസ്സ് എന്നു വിളിക്കും. മനസ്സ് ശുദ്ധമാകണം എന്നു പറയുന്നതും ഈ അര്‍ത്ഥത്തില്‍ തന്നെ. ദുരൂഹമായ ചിന്തകള്‍ ഇല്ലാത്ത, ഹീന ചിന്താഗതികള്‍ ഇല്ലാത്ത, സ്വാര്‍ത്ഥഭാവമില്ലാത്ത, നിഷ്കളങ്കമായ മനസ്സ്! അങ്ങിനെ ആയിരിക്കണം ഉള്‍ക്കണ്ണിന്റെ സ്ഫടികം. എന്നും പ്രഭാതത്തിലും രാത്രി കിടക്കും മുന്പും നമുക്കുള്ളില്‍  ഉള്‍ക്കൊണ്ടിരിക്കുന്ന ആ സ്ഫടികം മനസ്സിലാക്കാനും അറിയാനും ശ്രമിക്കുക, അതിലെ കറകള്‍ തുടച്ചു മാറ്റി പ്രസന്നമാക്കുക എന്നത്   ഒരു സ്വയം ശുചീകരണ പ്രക്രിയയാക്കി അനുഷ്ഠിക്കുക. ശാരീരികമായും മാനസികമായും ചേതനയും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു വിശിഷ്ട സംയമനപരിപാലനമാവും ഈ ശ്രമം എന്നു നാം വിശ്വസിച്ചാല്‍ അതെന്നും നമ്മുടെ തത്വമസിയായി നമുക്കുള്ളില്‍ നിലകൊള്ളും. നമുക്കൊരു ഭദ്രദീപം കണക്കെ നമ്മുടെ ജീവിതനാളമായി നമുക്ക് പ്രകാശവീഥിയായി ജീവിതം ശോഭനമാക്കും, സംതൃപ്തമാക്കും.

-കപിലന്‍-

സ്വപ്നം കാണും മാനസം



ഉയിർത്തെഴുന്നേറ്റൊരു പുത്തൻ ജീവൻ
ഉദയമേകും  പുത്തനുണർവ്വോടെ,
ഉഛ്വാസത്തിൽ മനസ്സറിയും മൊഴികളിലൂടെ,
ഉലകറിയാരീതിയിൽ ഉന്മാദമേകുന്നൊരാശ്വാസമായ്!

കോടി കോടി ജന്മങ്ങൾ , ശിവപഥം കണ്ടീയാത്മാ,
കൊതിതീരാതീ മാനവ ജന്മവും പേറി,
കാത്തു കാത്തു കണ്മണികൾ പൂട്ടവേ,
കണ്ടൊരിക്കൽ മനതാരിൽ പുഞ്ചിരിക്കുന്നൊരു മുഖം!

നീലക്കടലിൽ ജ്വലിച്ചുയരുമാദിത്യനെപോൽ,
നീലാംബരത്തിൽ തെളിഞ്ഞു പുത്തൻ വൈഡൂര്യമെന്നേ,
നീറുന്നൊരു നെഞ്ചിനത്താണിയായ്, നീരുറവയായ്
നീതിയേകാനീയുലകിൽ മർത്ത്യജന്മം പൂണ്ടതോ നീ?

നറുമുത്തുകളായ് ചിതറും നിൻ ചിന്തകൾ
നല്ലോപദേശങ്ങൾ ചൊരിയും നിൻ മാനസം
നുറുങ്ങുകളായ് വരും ഹാസ്യങ്ങൾ
നിത്യവും കേട്ടിരിക്കാൻ മൊഴിയും വചനങ്ങൾ

ആശകളായിരം മെനഞ്ഞ് പറക്കുന്നൊരു മാനസം
ആരാരുമറിയാ മിഥ്യതൻ വേരുകൾ തിരിച്ചറിയും വിവേകം
സത്യത്തിൻ നാരായം ഒളിദീപമായ് കരുതിടും മനോശക്തി
സാഗരതുല്യമാഴമറിയാ സ്നേഹം ഉള്ളിലൊതുക്കിയൊരു ഹ്രുദയം!

മനോബലം ആയുർബലമായ് കരുതിടും ശക്തി
മാനവ രാശിക്കായ് ഉഴിഞ്ഞുവെച്ചൊരു ജീവിതം,
സഹജനക്ഷേമം തൻ കരുത്തിൻ കാതലായ് കണ്ടു
സാർവഭൗമനായ് തിളങ്ങീടും മനുഷ്യപുത്രൻ!

മനതാരിലൊരു ദൈവദൂതനായ് കണ്ടു നിന്നെ
മർത്ത്യജന്മ പാപങ്ങൾക്കകലെയൊരു പ്രകാശമായ്,
വെണ്മേഘക്കീറുകൾക്കിടയിൽ നീലിമയാർന്നൊരു നിഴലായ്,
വൈഷമ്യങ്ങൾ മറന്നു നിന്നോർമ്മകളിലലിഞ്ഞു ചേർന്നിരിക്കയാം.

-എലെന്‍-

Tuesday, November 6, 2012

മാമലകളുടെ നാടായ മലയാളനാടിന്റെ ഭാഷയും ഭാഷയുടെ ജനനവും ബാല്യകാല വളര്ച്ചയും


മഹാലക്ഷ്മിയുടെ അനുഗ്രഹത്താല്‍ ലോകത്തിലേറ്റവും കൂടുതല്‍ വിദ്യാസമ്പന്നരെ ഒന്നുകൂട്ടിയ ജ്ഞാന സങ്കേതമാണല്ലോ നമ്മുടെ കേരളം. മാമലകളാല്‍ ‍മനോഹാരിതയായ ' ആ മലനാട്ടിന്റെ' ഭാഷയായി മലയാളം രൂപാന്തരപ്പെട്ടിട്ടു നൂറ്റാണ്ടുകള്‍ പത്ത് കഴിഞ്ഞു. ഇന്ന് ഭാരതത്തിലെ നാല് ശതമാനം ജനസംഖ്യ മലയാളം സംസാരിക്കുന്നു. കേരളത്തിന്റെ ജനസംഖ്യയില്‍ 96 ശതമാനം മലയാളം സംസാരിക്കുന്നു. ലക്ഷദ്വീപിലും സംസാരഭാഷ മലയാളമെന്നു കാണാം. ഭാരതത്തിലെ പതിനഞ്ചു മുഖ്യഭാഷകളില് ‍മലയാളത്തിനു എട്ടാം സ്ഥാനമാണ്. എങ്കിലും മലയാള ഭാഷ ഉത്ഭവിച്ചതെവിടെ എന്ന ചോദ്യം ഇന്നും സമക്ഷം തെളിയിക്കപ്പെട്ട ഒരു വസ്തുതയായി കാണപ്പെടുന്നില്ല. മുഖ്യമായി മൂന്നു വ്യാഖ്യാനങ്ങള്‍ കാണപ്പെടും. മലയാളം തമിഴില്‍ നിന്നുമാണെന്ന് ഒരു ഭാഗക്കാര്‍. അതല്ല, തമിഴും സംസ്കൃതവും അരച്ച് ചാലിച്ചതാണെന്നു മറ്റൊരു വിഭാഗം. മൂന്നാം ഘടകം പറയുന്നത് സംസ്കൃതത്തില്‍ നിന്നും മാത്രമെന്ന്. ഉല്പത്തി സംശയാസ്പദമെങ്കിലും മലയാളവും ദ്രാവിഡ ഭാഷകളായ തമിഴ്, കൊടക്, കന്നഡ, കൊട്ട, എന്നിവയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആദ്യകാല രചനയും, ഭാഷാ പൊരുത്തവും വിലയിരുത്തിയാല്‍ മലയാള ഭാഷയ്ക്ക്‌ തമിഴിനോടാണ് ഏറെ സാമ്യം. അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ദ്രാവിഡരില്‍ നിന്നും ഉടലെടുത്ത 'തമിഴക' വേളയിലായിരിക്കാം പുതിയൊരു മിശ്രിത ഭാഷ ഉത്ഭവിച്ചത്‌. ആര്യമേധാവിത്വം സംസ്കൃത ഭാഷയ്ക്ക്‌ നവോധാനമേകിയതായി കാണപ്പെടുന്നുവല്ലോ. അത്തരമൊരു വ്യതിയാന പ്രക്രിയ മലയാളത്തിന്റെ തന്മയത്വത്തിനു വഴിയൊരുക്കിയതായി കാണുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച 'രാമചരിതം' തമിഴ് മലയാളഗ്രന്ഥമായി കരുതാം. അതിനുശേഷം പ്രത്യക്ഷമായ സമാഹാരങ്ങളായ 'യുദ്ധകാണ്ഡവും', 'ഭഗവത്ഗീതയും', 'ഭരതമാലയും' വിശകലനം ചെയ്‌താല്‍ തമിഴിന്റെ പ്രാധിനിത്യം കുറഞ്ഞു വന്നതായി കാണപ്പെടും. പതിനാലാം നൂറ്റാണ്ടില് 'സന്ദേശക വ്യങ്ങ്യ'ങ്ങളുടെ സമാഹാരങ്ങള്‍ കാണുവാന്‍ ഇടവന്നു. നീലി സന്ദേശ'ത്തിന്റെ ആഗതം അന്നായിരുന്നു. അധികം വൈകാതെ 'ഉണ്ണിയാട്ട ചരിത'വും ഉടലെടുത്തു. മലയാള ഭാഷയുടെ ആദിമയില്‍ ത്രിദീയ ധാരയായിരുന്നു എന്ന് പറയാം. പച്ച മലയാളം,തമിഴ് ചായ്‌വ്, സംസ്കൃത മിശ്രിതം ഇത്യാദിയായിരുന്നു ആ രൂപഭേദങ്ങള്‍. പച്ച മലയാളത്തില്‍ നാടോടി പാട്ടുകളും, മതേതര ശ്ലോകങ്ങളും ഉള്‍പ്പെടുത്താം. ഭദ്രകാളി പാട്ട്, തീയത്ത് പാട്ട്', 'ശാസ്ത്രകളി', 'തോട്ടം പാട്ട്' , 'മാര്‍ഗം കളി പാട്ട്' , 'ഓണപ്പാട്ട്', 'കൃഷി പാട്ട്' എന്നിവ ഓര്‍മ്മയില്‍ വരുന്നു. തമിഴ് ചേരിയില്‍ 'രാമചരിത മാനസമാണ്' പ്രധാനപ്പെട്ടത്.' യുദ്ധ കാണ്ഡത്തില്‍ സംസ്കൃത പരിവേഷം പ്രത്യക്ഷമാകുന്നു.

ആര്യവംശജരുടെ തെക്കോട്ടുള്ള വരവും ആധിപത്യവും സംസ്കൃതഭാഷയുടെ വളര്‍ച്ചയെ അനുപാതകം സഹായിച്ചതായി കാണാം. സംസ്കൃതത്തിന്റെ വളര്‍ച്ച മലയാള ഭാഷയുടെ ഉല്‍ഭവത്തിനു കളമൊരുക്കുകയായിരുന്നു. സംസ്കൃതത്തില്‍ നിന്നും വ്യത്യസ്തമായ 'മണിപ്രവാള' ഭാഷയുടെ ആരംഭമായിരുന്നു മലയാളത്തിന്റെ തുടക്കം. ആ വഴിത്തിരിവിനു ശേഷം മലയാള ഭാഷയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നെന്നു മനസ്സിലാക്കാം. 'വട്ടെഴുത്ത് ലിപികള്‍' ഈ വിധം രൂപം കൊണ്ടു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലയാളത്തിന്റെ സ്വന്തമായെന്നു പറയാവുന്ന 'ഭാഷ കൌടലീയം' രൂപമെടുത്തു. കൌടല്ല്യന്റെ അസ്ത്രശാസ്ത്ര ക്രമങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് മതിക്കാവുന്ന ഒരാരംഭമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ പ്രത്യക്ഷമായ 'ലീല തിലകം' ആദ്യ മലയാള ഭാഷാനിഘണ്ടു മലയാളത്തിനു വ്യാകരണ ചിട്ടയും , അര്‍ത്ഥ സമ്പത്തും, നേടിത്തരുവാന്‍ തുടക്കം കുറിച്ചു. സംസ്കൃത ഭാഷയുടെയും, തമിഴ് ഭാഷയുടെയും വളര്ച്ചയുടെയൊപ്പം മലയാള ഭാഷയും ഒരു സ്വതന്ത്ര ഭാഷയായി വളരുന്ന കാഴ്ച്ച ശ്രവണസുന്ദരം തന്നെ. പതിനഞ്ചാം നൂറ്റാണ്ടില്‍ ഏവരുടെയും പ്രിയങ്കരനായ മഹാന്‍ ചെറുശ്ശേരി നമ്പൂതിരി 'കൃഷ്ണ ഗാഥ'യിലൂടെ മലയാള ഭാഷയുടെ പദ്യസമാഹാരങ്ങള്‍ക്ക് ഒരു മുതല്കൂട്ടേകി. മലയാള ഭാഷയുടെ പിതാവെന്നു കരുതാവുന്ന തുഞ്ചത്തെഴുത്തഛന്റെ ആഗമനമായിരുന്നു അടുത്തതായി മലയാള ഭാഷ കണ്‍കുളുര്‍ക്കെ കണ്ടത്. പതിനാറാം നൂറ്റാണ്ടില്‍ ഓര്‍മ്മിക്കാന്‍ പലതാണ്. എഴുത്തച്ഛന്റെ ' അധ്യാത്മ രാമായണം' , 'ഭാരതം' , 'ഭാഗവതം', ഇത്യാദി കൃതികള്‍ മലയാള ഭാഷയെ പോഷകപ്പെടുത്തുക മാത്രമല്ല കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിക്കുറിച്ച പ്രാഗല്ഭ്യമാര്‍ന്ന രചനകളാണ്. എഴുത്തച്ഛന്റെ 'തത്തയുടെ ശ്രുതി' എന്ന അര്‍ത്ഥത്തില്‍ ഇന്നുമോര്‍മ്മിക്കുന്ന 'കിളിപ്പാട്ട്' രാഗം പതിനെട്ടാം നൂറ്റാണ്ടുവരെ അക്ഷീണം പ്രയോഗിക്കപ്പെട്ടിരുന്നു. ഈ സമയത്താണ് 'ആട്ട കഥയും' , 'തുള്ളലും', ഭാഷ നികുഞ്ചത്തില് എത്തപ്പെട്ടത്. കൊട്ടാരക്കര തമ്പുരാന്റെ 'രാമനാട്ട'മായിരുന്നു ആദ്യത്തെ പൂര്‍ണ്ണ ആട്ടക്കഥഗ്രന്ഥം. തമ്പുരാന്റെ സമാഗ്രഹങ്ങള്‍ക്ക് പുറമേ ഉണ്ണായി വാര്യരുടെ 'നളചരിതം' ഇരയിമ്മന്‍ തമ്പിയുടെ 'ഉത്തരാസ്വയംവരവും' , 'ദക്ഷയാഗവും' മലയാള ഭാഷയുടെ മകുടങ്ങള്‍ തന്നെ. കുഞ്ചന്‍ നമ്പ്യാരുടെ നാല്‍പ്പത്തിയഞ്ചില്‍ പരം 'തുള്ളല്‍ കഥകള്‍  ' ഇന്നും പുതുമ നഷ്ട്ടപ്പെടാത്തവയായി നിലകൊള്ളുന്നു. മലയാള ഭാഷയുടെ വളര്ച്ചയില്‍  മറ്റനേകം ഭാഷകളുടെ അനിവാര്യമായ ഇടകലര്ച്ചലും കാണാവുന്നതാണ്. ആംഗലേയ ഭാഷ, സിറിയന്‍ ഭാഷ, പോര്‍ച്ചുഗീസ് ഭാഷ, ലാറ്റിന്‍ ഭാഷ, ഹിന്ദി ഭാഷ, ഉര്‍ദു ഭാഷ, പേര്‍ഷ്യന്‍ ഭാഷ, ഡച് ഭാഷ, ഫ്രഞ്ച് ഭാഷ, എന്നീ ഭാഷകളിലെ പലവാക്കുകളും പലയിടത്തും, തര്‍ജ്ജിമ കൂടാതെ പ്രയോഗിക്കുന്നതായി കാണാം. ഇവയില്‍ സംസ്കൃതത്തിനു പിന്നിലായി ആംഗലേയഭാഷ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന വസ്തുത വാസ്തവ്യമാണല്ലോ.


ഈ കാലയളവില്‍പൊതുജന വിഖ്യാതി സമ്പാദിക്കാന്‍വിജ്ഞാന കോശങ്ങള്‍പ്രസിദ്ധീകരണങ്ങളായി പുറപ്പെടുവിക്കാന്‍‍ തുടങ്ങി. വിദ്യ വിനോദിനി, ഭാഷാ പോഷിണി, എന്നിവ ഓര്‍മ്മയില്‍തങ്ങി നില്‍ക്കുന്നു. വലിയ കോവില്‍തമ്പുരാനും, എ.ആര്‍. രാജരാജവര്‍മ്മയും ഈ  സംരംഭത്തില്‍ മുന്തി നില്‍ക്കുന്ന വ്യക്തികളാണ്. 1887-ല്‍ ചന്തു മേനോന്‍ എഴുതിയ വിശിഷ്ടമായ ഇന്തുലേഖയും, ശാരദയും, മലയാള ഭാഷയ്ക്ക്‌ നവവീഥിയിലേക്കുള്ള പാത തുറന്നു കൊടുക്കുകയായിരുന്നു. ആ പാത കൂടുതല്‍സുഗമകരവും ശക്തിമത്തുമാക്കിയത് സി.വി. രാമന്‍പിള്ളയുടെ ഇതിഹാസ  നോവലുകളായ 'മാര്ത്താണ്ടവര്‍മ്മയും', 'രാമരാജ ബഹദൂറും', 'ര്മ്മരാജയും'. ചുരുക്കിപറഞ്ഞാല്‍മലയാള ഭാഷയുടെ ജനനം തമിഴില്‍നിന്നുമാണെന്ന് അനുമാനിക്കണം. എന്നാല്‍തമിഴിന്റെ ചുവ മാറി തന്മയത്വം നേടാന്‍‍ സംസ്കൃത ഭാഷയാണ്‌ വഴിയൊരുക്കിയതെന്നും വ്യക്തമായി ചരിത്രം തെളിയിച്ചതായി കാണുവാന്‍കഴിഞ്ഞു. മലയാള ഭാഷയുടെ ബാല്യകാല വളര്‍ച്ചക്ക് നെടുംതൂണായി നിലകൊണ്ട നമ്മുടെ പൂര്‍വീകന്മാരെ നമുക്ക് വന്ദിക്കാം. മലയാളത്തിന്റെ കൌമാരം വളരെ സാന്ദ്രത  ഏറിയതാണ്. ത്രിമൂര്‍ത്തികളായ കുമാരനാശാന്റെയും, വള്ളത്തോള്‍ നാരായണ മേനോന്റെയും, ഉള്ളൂര്‍  പരമേശ്വര ഐയ്യരുടേയും ആഗമനവും ഭാഷാ പോഷണവും എടുത്തു പറയേണ്ട വിഷയങ്ങള്‍ തന്നെ.