Wednesday, November 7, 2012

സ്വയദര്പ്പണത്തിന് ചില്ലിയും ജീവിതവഴികാട്ടിയായ് സ്ഫടികവും



ന്നത്തേയും പോലെ അന്നും പ്രഭാതത്തില്‍ ദന്തശുദ്ധി വരുത്തുമ്പോഴും ക്ഷൌരപ്രക്രിയയില്‍ പരിമഗ്നനായിരുന്നപ്പോഴും മുന്നിലെ മുഖം നോക്കുന്ന കണ്ണാടിയില്‍ (ചില്ലി അഥവാ മിറര്‍) സ്വയം മുഖം കണ്ടിരുന്നു. എന്തുകൊണ്ടോ അന്ന് പതിവില്‍ കൂടുതലായി മുഖം ശ്രദ്ധിക്കാന്‍ തോന്നി. അതിരാവിലെ എണീക്കേണ്ടിവന്നതിനാലാവാം മുഖത്ത് പതിവിലേറെ ക്ഷീണം തോന്നിച്ചിരുന്നു.  സ്വയം മുഖം നോക്കി മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ ഒരു ശ്രമം നടത്തി. മുഖത്ത് വേണമെന്ന് വരുത്തി പ്രകാശിപ്പിച്ച ആ സുസ്മേരം എന്നെ ഉറക്കച്ചടവില്‍ നിന്നും ഉണര്‍ത്തി എന്നതിലുപരി മനസിനെ ഒന്നു പിടിച്ച് കുലുക്കുകയും ചെയ്തു. ശീതരസം  നഷ്ടപ്പെട്ട മനസ്സില്‍ ഒരു മന്ദമാരുതന്‍ വീശിയ പോലെ. മനസിനനുഭവപ്പെട്ട ആ ശീതളാവസ്ഥ സിരകളിലൂടെ മസ്തിഷ്കത്തിലെത്തിയ ഒരവസ്ഥ. അതൊരു പുതിയ അനുഭവമായിരുന്നെങ്കിലും വലിയൊരു ജീവിതരഹസ്യം അതിലൂടെ വെളിപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഒരല്‍പനിമിഷങ്ങള്‍ വേറെയും വേണ്ടി വന്നു.

എന്നും നമ്മുടെ ചെയ്തികളും, ചിന്തകളും നന്നാവണമെന്നും മറ്റുള്ളവര്‍ക്ക് അരോചകമായ പ്രവര്‍ത്തികള്‍ നമ്മില്‍ നിന്നും ഉണ്ടാവരുതെന്നും, അന്യരുടെ വ്യസനവും ഭാരവും നമ്മുടെ തനതായ വീക്ഷണത്തിലൂടേയും, പ്രവൃത്തികളിലൂടേയും ഇല്ലായ്മ ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കണമെന്നും എന്നും രാവിലെ നാമെല്ലാം  പ്രാര്‍ത്ഥിക്കാറുണ്ട്. ഇല്ലേ? എന്നാല്‍ പലപ്പോഴും നമുക്കത്തിന് സാധിക്കാതെ വരുന്നു എന്നും നമ്മള്‍ മനസ്സിലാക്കാറുണ്ട്. അതെന്തുകൊണ്ടാണ്‍ എന്നു പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നു എങ്കിലും അതിനൊരുത്തരം അന്നാണ് മനസ്സില്‍ വ്യക്തമായി ഉണര്‍ന്നത്. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ നാം സ്വയം നമ്മുടെ ചേതോവികാരങ്ങളെ അറിയുന്നില്ല. നമ്മില്‍ അടക്കി വെച്ചിരിക്കുന്ന അല്ലെങ്കില്‍ സ്വയം മെനഞ്ഞെടുക്കുന്ന പ്രതിഛായാപ്രതിഷ്ഠആയിരിയ്ക്കും ആ ദിവസം നമ്മെ നയിക്കുന്ന വഴികാട്ടി അല്ലെങ്കില്‍ നമ്മുടെ തേരാളി.  നാമറിയാതെ മ്ളാന പരിവേശിതനായി നമ്മുടെ മുഖം ആ കണ്ണാടിയില്‍ നാം എങ്ങിനെ കണ്ടുവോ അതേ പോലെ ആയിരിയ്ക്കും നമുക്ക് മുന്‍പിലണയുന്ന മറ്റുള്ളവര്‍ നമ്മെ കാണുക. നമ്മില്‍ പ്രകടമായിരിക്കുന്ന ആ വ്യസനം ആരുമറിയാതെ അന്യമനസിലേക്ക് ഒലിച്ചിറങ്ങും. കാരണം മ്ളാനിതനായ  ഒരുവനില്‍ നിന്നുദിക്കുന്ന അവന്റെ പ്രവൃത്തിയില്‍ അതിന്റെ ഒരംശം ഉണ്ടാകാതിരിക്കില്ല.

മറ്റൊരു രഹസ്യം വ്യക്തമാക്കാം. വ്യസനവും സന്തോഷവും പങ്കുവെയ്ക്കുന്നതില്‍ ഏറെ അന്തരമുണ്ട്. മറ്റുള്ളവരുടെ സങ്കടം ഏറ്റുവാങ്ങിയാല്‍ അവരില്‍ അത് പകുതിയാവും. എന്നാല്‍ നമ്മുടെ മനസ്സില്‍ തിങ്ങി നിറയുന്ന സങ്കടം അന്യര്‍ക്കനാവശ്യമായി  പകര്‍ന്നാല്‍ അത് ഇരട്ടിക്കും.ഒരാളെ കൂടി നമ്മുടെ ദുഖക്കടലിലേക്ക് മുക്കി താഴ്ത്തുന്നതിന് തുല്യമെന്ന് സാരം. അത് ഉചിതമല്ലെന്ന് പറയുന്നതല്ലേ ഉചിതം? മറിച്ച് നമ്മില്‍ സ്ഫുരിക്കുന്നത് മന്ദസ്മിതവും സന്തോഷവും ആണെങ്കിലോ? നാമറിയാതെ അതും ആശ്രിതരുടെ മനസിലേക്കു ഒഴുകിയിറങ്ങും. അത് ഇരട്ടിക്കുകയും ചെയ്യും. അതല്ലേ സത്യവും ഉചിതവും? അതിനു ഏറ്റവും എളുപ്പമായ ഒരുപകരണമുണ്ട്. മേല്‍പ്പറഞ്ഞ ചില്ല് അല്ലെങ്കില്‍ മുഖം നോക്കുന്ന കണ്ണാടി. പ്രഭാതത്തില്‍ നമ്മെ സ്വയം തിരിച്ചറിയാന്‍ ഇതിലപ്പുറം മറ്റെന്ത് വേണം? വിഷമം മുഖത്ത് നിന്നും നിമഗ്നം ചെയ്ത് പ്രസന്നവദനാവുക. ആ പ്രസന്നത അന്തിയുറക്കം വരെ നിലനിര്‍ത്തുക. ആ ദിനം എത്ര ശുഭദിനമായിരിക്കുമെന്ന് പറഞ്ഞറിയിക്കുന്നതിനേക്കാള്‍ ഏറെ അനുഭവിച്ചറിയുന്നതാവും ഉചിതം. ഒരല്‍പനിമിഷം  മതി എന്നും രാവിലെ നമ്മെ മിനഞ്ഞെടുക്കുവാനും  നമ്മുടെ മുഴുവന്‍ ദിവസവും പ്രസന്നമാക്കുവാനും.  ഇതാണ് സ്വയദര്‍പ്പണത്തിനുള്ള ചില്ലി എന്നത് കൊണ്ട് ഉദ്ദേശിച്ചത്.

മറ്റൊരു പ്രപഞ്ചസത്യം കൂടി ആ ചില്ലി നമ്മെ പഠിപ്പിക്കുന്നില്ലേ? ചില്ലിയില്‍ നോക്കി സ്വയം തിരിച്ചറിയുന്ന നാം നമുക്ക് മുന്നില്‍ ഉള്ള പാത ആ ചില്ലിയില്‍ കൂടി കാണുന്നില്ല. കാരണം ചില്ലിക്ക് പ്രതിഫലനമാണുള്ളത്. ചില്ലിക്ക്  സുതാരതയില്ല. ചില്ലിയില്‍ കൂടി മറുവശം നമ്മുക്ക് കാണാന്‍ കഴിയില്ല എന്നര്‍ത്ഥം. അതിനു വേണ്ടത് സ്ഫടികമാണ്(ഗ്ലാസ്). ചളിയും കറയും പുരണ്ട സ്ഫടികത്തിലൂടെ പുറം കാഴ്ചകളും സഞ്ചരിക്കേണ്ട പാതകളും അവ്യക്തമായിരിക്കും എന്നു ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. മഴക്കാലത്തും  മഞ്ഞുകാലത്തും  വിപത്തില്ലാതെ വാഹനം ഓടിക്കാന്‍ വേണ്ടിയല്ലേ വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഉള്ള സ്ഫടികം തുടക്കുന്നതിനുള്ള ഉപകരണം (വൈപ്പര്‍ ബ്ളേഡ്സ്). അതുപോലെ നമുക്ക് മുന്‍പില്‍ ഉള്ള ജീവിതാപാത വ്യക്തമായി കാണുവാന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ക്ക് ഒരു സ്ഫടികമുണ്ട്. ആ സ്ഫടികത്തെ മനസ്സ് എന്നു വിളിക്കും. മനസ്സ് ശുദ്ധമാകണം എന്നു പറയുന്നതും ഈ അര്‍ത്ഥത്തില്‍ തന്നെ. ദുരൂഹമായ ചിന്തകള്‍ ഇല്ലാത്ത, ഹീന ചിന്താഗതികള്‍ ഇല്ലാത്ത, സ്വാര്‍ത്ഥഭാവമില്ലാത്ത, നിഷ്കളങ്കമായ മനസ്സ്! അങ്ങിനെ ആയിരിക്കണം ഉള്‍ക്കണ്ണിന്റെ സ്ഫടികം. എന്നും പ്രഭാതത്തിലും രാത്രി കിടക്കും മുന്പും നമുക്കുള്ളില്‍  ഉള്‍ക്കൊണ്ടിരിക്കുന്ന ആ സ്ഫടികം മനസ്സിലാക്കാനും അറിയാനും ശ്രമിക്കുക, അതിലെ കറകള്‍ തുടച്ചു മാറ്റി പ്രസന്നമാക്കുക എന്നത്   ഒരു സ്വയം ശുചീകരണ പ്രക്രിയയാക്കി അനുഷ്ഠിക്കുക. ശാരീരികമായും മാനസികമായും ചേതനയും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു വിശിഷ്ട സംയമനപരിപാലനമാവും ഈ ശ്രമം എന്നു നാം വിശ്വസിച്ചാല്‍ അതെന്നും നമ്മുടെ തത്വമസിയായി നമുക്കുള്ളില്‍ നിലകൊള്ളും. നമുക്കൊരു ഭദ്രദീപം കണക്കെ നമ്മുടെ ജീവിതനാളമായി നമുക്ക് പ്രകാശവീഥിയായി ജീവിതം ശോഭനമാക്കും, സംതൃപ്തമാക്കും.

-കപിലന്‍-

No comments:

Post a Comment