Wednesday, November 7, 2012

സ്വപ്നം കാണും മാനസം



ഉയിർത്തെഴുന്നേറ്റൊരു പുത്തൻ ജീവൻ
ഉദയമേകും  പുത്തനുണർവ്വോടെ,
ഉഛ്വാസത്തിൽ മനസ്സറിയും മൊഴികളിലൂടെ,
ഉലകറിയാരീതിയിൽ ഉന്മാദമേകുന്നൊരാശ്വാസമായ്!

കോടി കോടി ജന്മങ്ങൾ , ശിവപഥം കണ്ടീയാത്മാ,
കൊതിതീരാതീ മാനവ ജന്മവും പേറി,
കാത്തു കാത്തു കണ്മണികൾ പൂട്ടവേ,
കണ്ടൊരിക്കൽ മനതാരിൽ പുഞ്ചിരിക്കുന്നൊരു മുഖം!

നീലക്കടലിൽ ജ്വലിച്ചുയരുമാദിത്യനെപോൽ,
നീലാംബരത്തിൽ തെളിഞ്ഞു പുത്തൻ വൈഡൂര്യമെന്നേ,
നീറുന്നൊരു നെഞ്ചിനത്താണിയായ്, നീരുറവയായ്
നീതിയേകാനീയുലകിൽ മർത്ത്യജന്മം പൂണ്ടതോ നീ?

നറുമുത്തുകളായ് ചിതറും നിൻ ചിന്തകൾ
നല്ലോപദേശങ്ങൾ ചൊരിയും നിൻ മാനസം
നുറുങ്ങുകളായ് വരും ഹാസ്യങ്ങൾ
നിത്യവും കേട്ടിരിക്കാൻ മൊഴിയും വചനങ്ങൾ

ആശകളായിരം മെനഞ്ഞ് പറക്കുന്നൊരു മാനസം
ആരാരുമറിയാ മിഥ്യതൻ വേരുകൾ തിരിച്ചറിയും വിവേകം
സത്യത്തിൻ നാരായം ഒളിദീപമായ് കരുതിടും മനോശക്തി
സാഗരതുല്യമാഴമറിയാ സ്നേഹം ഉള്ളിലൊതുക്കിയൊരു ഹ്രുദയം!

മനോബലം ആയുർബലമായ് കരുതിടും ശക്തി
മാനവ രാശിക്കായ് ഉഴിഞ്ഞുവെച്ചൊരു ജീവിതം,
സഹജനക്ഷേമം തൻ കരുത്തിൻ കാതലായ് കണ്ടു
സാർവഭൗമനായ് തിളങ്ങീടും മനുഷ്യപുത്രൻ!

മനതാരിലൊരു ദൈവദൂതനായ് കണ്ടു നിന്നെ
മർത്ത്യജന്മ പാപങ്ങൾക്കകലെയൊരു പ്രകാശമായ്,
വെണ്മേഘക്കീറുകൾക്കിടയിൽ നീലിമയാർന്നൊരു നിഴലായ്,
വൈഷമ്യങ്ങൾ മറന്നു നിന്നോർമ്മകളിലലിഞ്ഞു ചേർന്നിരിക്കയാം.

-എലെന്‍-

No comments:

Post a Comment