മലയാളിയമ്മയ്ക്കു ഞാന്‍ പിറന്നതും മലയാളമുരുവിട്ടു ഞാന്‍ വളര്‍ന്നതും
മലയാളക്കര വിട്ടു ഞാന്‍ ഇക്കരെ വന്നണഞ്ഞതും തീവ്രതയില്‍ പലതും മറക്കാന്‍
ശ്രമിച്ചതും നഷ്ടമായതിനെ കുറിച്ചോര്‍ത്ത് വിലപിച്ചതും ഇന്നലെയുടെ നിഴലുകളാണെങ്കില്‍ ഇന്നത്തെ യാഥാര്ത്ഥ്യവും നാളെയുടെ സ്വപ്നങ്ങളും
ഞാന്‍ കൈയിലേന്തുന്ന കുത്തുവിളക്കില്‍ സ്ഫുരിക്കുന്ന വെളിപാടുകളല്ലേ എന്നു ഒരു
നിമിഷം ഓര്ത്തു പോയി. വെറും മനസ്സോടെ ശൂന്യതയില്‍ നിന്നുണര്‍ന്നതായിരുന്നില്ല ആ
വെളിപാട്! മറിച്ച് ഭിത്തിയില്‍ എന്നെയും
നോക്കി പല്ലിളിക്കുന്ന നാഴികമണിയുടെ മുഖം മുന്നില്‍ കത്തിയെരിയുന്ന മെഴുകുതിരിയുടെ
പ്രകാശവലയം കാട്ടിയപ്പോഴായിരുന്നു അങ്ങിനെ തോന്നിപ്പോയത്. ആധുനികത തീണ്ടാത്ത
കാലാതീതനായ ആ നാഴികമണിയില്‍ ചലിക്കുന്ന സൂചികളും മണിക്കൂറ് തെറ്റാതെയുള്ള
മണിമുഴക്കവും എന്നെ നോക്കി പലതും പറയുന്നതു പോലെ!
ഇന്നോളം കണ്ട വിവിധ ഘടികാരങ്ങളില്‍ മാറ്റമില്ലാത്തതായി ഇന്നും അവശേഷിക്കുന്ന
പലതുമുണ്ട്. എല്ലാ ഘടികാരസൂചികളുടേയും ചലനദിശ മുന്‍പോട്ട് , സൂചിനികള്‍ക്ക്
പന്ത്രണ്ടു കഴിഞ്ഞാല്‍ ആറ് വരെ ഇറക്കം ആറു മുതല്‍ തിരിച്ചു പന്ത്രണ്ടു വരെ കയറ്റം, നിമിഷസൂചിക സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന ഓരോ നിമിഷവും
കുറിക്കപ്പെടുന്ന അനുസ്യൂതമല്ലാത്ത ചലന രീതി (ഓരോ കാലടികള്‍ വെയ്ക്കും പോലെ), ഓരോ മണിക്കൂറും വിളിച്ചറിയിക്കുന്ന കാഹളം,
നാഴികമണിയിലെ ഊര്‍ജ്ജം കഴിയുമ്പോള്‍ നിലക്കുന്ന സൂചികള്‍ എന്നിവ. എന്ന വസ്തുതകള്‍?
ഒരു നിമിഷം ചിന്തിച്ച് പോയി. നമുക്ക് ജീവിതത്തില്‍ പിരിയാനാവാത്ത ഘടികാരം അല്ലെങ്കില്‍
നാഴികമണി നമ്മുടെ ജീവിതത്തിലെ നാഴിക കല്ലുകളെ സമ്മാനിക്കുവാനും അതോര്‍മ്മിപ്പിക്കുവാനും
ഉണ്ടായ സൃഷ്ടിയെങ്കില്‍ ആ സൃഷ്ടിയിലെ മേല്‍ക്കുറിച്ച
ചലനങ്ങളും കാഹളവും നമുക്ക് പലവിധേനയും ഒരു ചൂണ്ടുപലകയായി സ്പന്ദിക്കുകയല്ലേ?
കാലാതീതമായി നിലവിലുള്ള ഏതൊരു വസ്തുവിലും, ഉപകരണങ്ങളിലും വളരെ ചെറിയ
തോതിലുള്ള വ്യത്യാസങ്ങള്‍ സൃഷ്ടിച്ച് വ്യാപാരശാലയില്‍ പഴയതിനെ പുറംതള്ളി വ്യതിയാനത്തെ
വിളംബരം നടത്തി വിപണി കണ്ടെത്താന്‍ രാപകല്‍ അദ്ധ്വാനിക്കുന്നു മനുഷ്യ മനസ്സുകള്‍. എന്നിട്ടും അന്നും ഇന്നും
ഘടികാര സൂചികളെ ദിശ മാറ്റി പുറകോട്ടു സഞ്ചരിപ്പിച്ചില്ല ആ മനുഷ്യന്‍? അക്കങ്ങള്‍ “ആന്‍റി “ക്ളോക് വൈസ് “ ആക്കി ഇട്ടു സൂചികള്‍ പുറകോട്ടു
ചലിപ്പിച്ചാലും നമ്മുക്ക് സമയമറിയാന്‍ കഴിയും എന്നിട്ടും അങ്ങിനെ ഒരു പ്രതിഭാസം
ഇന്ന് വരെ കണ്ടിട്ടില്ല. എന്തോ അതില്‍ ഒരു അപാകതയുള്ളതായി “ജ്ഞാനി”
കരുതിയിരിക്കാം. ഇല്ല ജ്ഞാനിക്ക് തെറ്റ് പറ്റിയിട്ടില്ല. കാരണം നാം എന്നും മുന്നോട്ടായിരിക്കണം നമ്മുടെ
“ഗതി” എന്നും മുന്‍പോട്ടായിരിക്കണം നമ്മുടെ ജീവിത പന്ഥാവില്‍. പുറകോട്ടുള്ള ചലനം
നമ്മെ ഭൂതത്തിലെ കൊണ്ട് ചെന്നെത്തിക്കുകയുള്ളൂ എന്ന സത്യം അവനെ അതിനായി തുനിയിച്ചില്ല
എന്നു കരുതി സമാധാനിക്കാം. നാം കടന്നു പോകുന്ന ജീവിതത്തിലെ ഓരോ ദിനങ്ങളും ഒരു മഹാശ്ചര്യമായി
മാത്രമെ കരുതുവാന്‍ കഴിയു. കാരണം നമ്മില്‍ ഇന്ന് കുടികൊള്ളുന്ന ചലനം എത്ര നിമിഷം
കൂടി നിലനില്‍ക്കുമെന്ന് ആര്‍ക്കും തീര്‍ച്ചപ്പെടുത്താനാവില്ല. നാം ഇന്ന്
ചെയ്യുന്ന പ്രവൃത്തിയിലെ പതിരും പായലും മനസ്സിലാക്കി വിസര്‍ഗ്ഗിക്കാനും കളങ്കമെന്യേ ചെയ്തു തീര്‍ക്കാത്തത് ചെയ്തു തീര്‍ക്കുവാനും
വേണ്ടി നമുക്ക് ദാനമായി കിട്ടുന്ന ഒരവസരമായി മാത്രം നാളെയെ അല്ലെങ്കില്‍ കാണുവാന്‍
പോകുന്ന സൂര്യോദയത്തെ കരുതിയാല്‍ മതി.. ഇന്നലെ കണ്ട സൂര്യോദയവും അസ്തമനവും നമ്മുടെ
പുറകിലുള്ള നിഴലുകളാണ്. ആ നിഴലുകള്‍ ഒരിയ്ക്കലും നമുക്ക് മുന്പില്‍ പതിക്കില്ല.
നാളത്തെ സൂര്യോദയവേളയില്‍
കിഴക്കുദിക്കുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോഴറിയാം ആ നിഴലുകള്‍ കാണാന്‍
പുറകോട്ടു നോക്കിയാലെ കഴിയൂ എന്നതല്ലെ സത്യം. അതാണ് നാഴികമണിയിലെ സൂചികളുടെ
ദിശയില്‍ ഞാന്‍ കണ്ടത്. നാം മുന്നോട്ട് എന്ന ഔല്‍സുക്യം.
പന്ത്രണ്ടില്‍ നിന്നും ആറിലേക്കുള്ള ഇറക്കവും ആറില്‍ നിന്നും
പന്ത്രണ്ടിലേക്കുള്ള കയറ്റവും മറ്റൊരു സത്യം വെളിപ്പെടുത്തും പോലെ. “ഒരിറക്കമുണ്ടെങ്കില്‍
ഒരു കയറ്റവും പ്രതീക്ഷിക്കാം”! “പ്രയാസമേറിയ സമയങ്ങള്‍ ഉണ്ടാവാം, എന്നാല്‍
സന്തോഷം പുറകെ ഉണ്ടാവും”! “ഒരു രാവുണ്ടെങ്കില്‍ ഒരു പകല്‍ ഉണ്ടായെ മതിയാവൂ”.
എന്നാല്‍ മാത്രമേ ഒരു ദിവസം പൂര്‍ണ്ണമാകു. എന്നാല്‍ അന്തര്‍ലീനത ഇതിനുമപ്പുറമെന്ന്
തോന്നിപ്പോകുന്നു. സന്തോഷസമയത്തേക്കാള്‍
നമൂക്ക് ആശ്രിതരും അഭിലഷണീയരും ആവശ്യം
കാഠിന്യ സമയത്താണ്‍. ഇനി ഘടികാരത്തിലേക്ക് ഒന്നു നോക്കൂ. ആറില്‍ നിന്നും
പന്ത്രണ്ടിലേക്കുള്ള കയറ്റ സമയത്തല്ലേ
അംഗസഖ്യ കൂടുതല്‍! ഇറക്കത്തില്‍ ഉള്ള അംഗസഖ്യ ഒന്നു കൂട്ടി നോക്കൂ, 1 + 2 + 3 + 4 + 5 + 6 = 21;
എന്നാല്‍ കയറ്റത്തിലോ 7 + 8 + 9 + 10 + 11 + 12 = 57! എന്നാല്‍ മറ്റൊന്നു
മറക്കാവതല്ല. നമ്മുടെ കാഠിന്യസമയത്ത് അല്ലെങ്കില്‍ സന്താപത്തില്‍
നമ്മുക്കാശ്രയമായി എത്ര പേര്‍ ഉണ്ടാകുമെന്നത് നമ്മുടെ ധനത്തിന്റെ വലിപ്പം
കൊണ്ടാവില്ല മറിച്ച് നമ്മുടെ സ്വഭാവധനികത്വത്തിന്റെ വലുപ്പമനുസരിച്ചിരിക്കും. നാം
എത്രപേരെ കണ്ടറിഞ്ഞു കൈ പിടിച്ച് കരകയറ്റുവാന്‍ ശ്രമിച്ചിട്ടുണ്ടോ അതില്‍പരമുണ്ടാവും
നമ്മെ താങ്ങി നിര്‍ത്താനും ആശ്വസിപ്പിക്കാനും.
നിമിഷസൂചികയുടെ ചലനം ഹൃദയമിടിപ്പിന്റെ സ്പന്ദനങ്ങള്‍ മാതിരിയല്ലേ? ഒന്നിടവിട്ടൊന്നിടവിട്ടുള്ള
ചലനം. ഓരോ കാലടിയും സ്പഷ്ടതയോടെ മുന്നോട്ട് വെയ്ക്കേണ്ടതിന്റെ ഒരു ധ്വനി ആ
ചലനത്തില്‍ കാണാന്‍ കഴിയുന്നില്ലേ? “കാല് തെറ്റിയാല്‍ ആനയും
വീഴും” എന്ന ചൊല്ല്‍ ഇതല്ലേ വ്യാഖ്യാനിക്കുന്നത്? അതുപോലെ
ഘടികാരത്തിന്റെ ഊര്‍ജ്ജം (താക്കോല്‍ പിരിയായാലും ബാറ്ററിയായാലും) തീരന്നാല്‍ ആദ്യം
നില്‍ക്കുന്നതായി തോന്നുന്നത് ആ നിമിഷ സൂചിയായിരിക്കും. മനുഷ്യനില്‍ നിലക്കുന്ന ഉച്ഛ്വാസവായുവിന്‍റെ
അനുനിമിഷം സ്തംഭിക്കുന്ന ഹൃദയമിടിപ്പ് കണക്കെ. എന്നാല്‍ ഇതിനപ്പുറവും ആ
നിമിഷസൂചിയുടെ ചലനഗതി മറ്റൊന്നു കൂടി ഒരു സന്ദേശമായി നമ്മുക്ക് നല്‍കുന്നില്ലേ? കയറ്റമാണെങ്കിലും ഇറക്കമാണെങ്കിലും ചലനം കൂടുന്നുമില്ല കുറയുന്നുമില്ല!
ഇത് സ്വഭാവത്തെ ചൂണ്ടി കാണിക്കുന്ന ഒരു സൂചികയായിട്ടേ കാണുവാന്‍ കഴിഞ്ഞുള്ളൂ.
പ്രയാസങ്ങള്‍ തരണം ചെയ്യുമ്പോള്‍ നമ്മുടെ മനസ്സ് കൂടുതല്‍ ആര്‍ദ്രതയുള്ളതാവുക
സ്വാഭാവികമാണ്. എന്നാല്‍ പലപ്പോഴും നാമറിയാതെ സന്തോഷദശയില്‍ നമ്മില്‍ കടന്നു
കൂടുന്ന ഒരു നീചത്വം ഉണ്ട്. അഹങ്കാരം. അഹങ്കാരം നമ്മെ കൊണ്ട് പലതും കണ്ടില്ലെന്നും
കേട്ടില്ലെന്നും നടിപ്പിക്കുന്നു. അഹങ്കാരം മനസ്സിന്റെ ഗതിയെ തന്നെ മാറ്റുന്നു. അഹന്ത നമ്മില്‍ ദ്രുതഗതി
മിനഞ്ഞെടുക്കുന്നു. അത് പാടില്ലെന്ന് നിമിഷസൂചി പറയുന്നു. കയറ്റമായാലും (കാഠിന്യം)
ഇറക്കമായാലും (ശുക്രദശ) നമ്മിലെ മനസ്സിന് മാറ്റം ഉണ്ടാവരുത്. അതെന്നും
കളങ്കമില്ലാത്ത, കറ പുരളാത്ത പവിഴമായിരിക്കണം. കാരണം
മനസ്സാണ് സ്വഭാവത്തെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും.
നാഴികമണിയുടെ മണിനാദം. കൊഴിഞ്ഞു വീഴുന്ന നിമിഷങ്ങളും മണിക്കൂറുകളും
എന്നെന്നേക്കുമായുള്ള നഷ്ടങ്ങളാണെന്ന സത്യം ഓര്‍മ്മിപ്പിക്കും പോലെ! ഈ നിമിഷം തന്നെ എടുത്തു നോക്കൂ. അത് ഒരിക്കല്‍ മാത്രമെ
ഈ ജീവിതത്തില്‍ അനുഭവിക്കാന്‍ അനുവദിച്ചിട്ടുള്ളു. അങ്ങിനെ കൊഴിയുന്ന ഓരോ
നിമിഷങ്ങള്ക്കും ഒരാവര്‍ത്തനം ഉണ്ടാവില്ല എന്നോര്‍ക്കുമ്പോള്‍ ജീവിതത്തില്‍
ഉണ്ടാവുന്ന നഷ്ടങ്ങളുടെ പട്ടികയുടെ അളവ്കോല്‍ നമുക്ക് മനസിലാവും. നഷ്ടപ്പെടുത്താന്‍
ഉള്ള അത്രയും തന്നെ സമയം ഉപയോഗപ്പെടുത്താനും ഉണ്ടെന്ന സുബോധം എത്രയോ വലിയ കണ്ടുപിടുത്തങ്ങള്‍ക്ക് ആ അവസരങ്ങള്‍ നമുക്ക് വഴി തെളിയിച്ചേക്കാം എന്ന
സത്യം നമ്മില്‍ ഒരു ഉള്‍ക്കിടിലം ഉണ്ടാക്കാതിരിക്കില്ല. ഇന്നത്തെ ഈ ദിവസം എന്റെ
അവസാന ദിവസമാണെന്ന്‍ എനിക്കു മുന്‍കൂട്ടി അറിയുവാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍
ഇന്ന് ഞാന്‍ എന്തൊക്കെ ചെയ്തു തീര്‍ക്കുമായിരുന്നു എങ്ങിനെ ഇന്നത്തെ ചെയ്തികള്‍
ഇന്നലെയുടെ പ്രവൃത്തിയേക്കാള്‍ ഭംഗിയായി ചെയ്തേനെ! ഇന്നത്തെ ഒന്നും നാളെയ്ക്ക്
ബാക്കിയും വെയ്ക്കില്ലായിരുന്നു. അങ്ങിനെ നമ്മള്‍ നമുക്ക് കിട്ടുന്ന ഓരോ അനുഗ്രഹീത
ദിനവും ഉപയോഗിച്ചാല്‍ യഥാര്‍ത്ഥമായി വന്നു
ചേരുന്ന ആ അന്ത്യദിനത്തില്‍ എത്ര സന്തുഷ്ടരായിരിക്കും? എന്തോ അത്
തെറ്റാവില്ല എന്നു മാത്രമെ മനസ്സിന് പറയാന്‍ കഴിയുന്നുള്ളൂ. ആ വിശ്വാസം മാറാതെ
എന്നും അങ്ങിനെ തന്നെ സ്ഥാപിതമാവട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം, അതേ ഒരു നിമിഷം എന്റെ നാഴികമണിയില്‍ നിന്നും ഞാന്‍ കടമെടുത്തോട്ടേ.
-കപിലന്‍-
No comments:
Post a Comment