Saturday, November 10, 2012

എന്റെ അമ്മ


സ്ത്രീ എന്നപദത്തിന്‍ പൂര്‍ണ്ണിമ നീ അമ്മേ,
സ്ത്രീത്വത്തിന്‍ മമതയാര്‍ന്ന മൌനരാഗം പകര്‍ന്നു നീ,
സ്ത്രീ തന്‍ ഉള്‍പൊരുള്‍ അന്തരാത്മാവിന്നൊലിയായ്, മന്ത്രമായ്,
ശ്രീയായ് വിളങ്ങി നീ, ഗൃഹനായികതന്‍ സ്ഥാനത്തില്‍‍‍!
ഭാര്യയായ്, അമ്മയായ്, സോദരിയും, അമ്മായിയുമായ്‌
ഭര്തൃഗൃഹം സ്വീകരിച്ച നീ, തന്‍‍ സ്വന്തമായ്,
ബാദ്ധ്യതകളോരോന്നും കടന്നു മക്കളെ പേറി പോറ്റി,
കുടുംബിനിയായ്, തായ്വേരായ്‌ താങ്ങും തണലുമായ്‌ .
ഭൌതിക സുഖത്തിനായ് ജീവിതത്തിന്‍ പരക്കം പായ്ച്ചിലില്
ബ്രഹ്മത്വത്തിനുടമയാം നീ ഒരിക്കലും മോഹങ്ങള്ക്കടിമയാവാതെ
എന്തിലും എപ്പോഴും ‍ ‍ നിറവു മാത്രം കാണും നിന്‍ ദൃഷ്ടിഗോചരങ്ങള്‍
ഒന്നിനും കുറ്റം കുറിക്കാത്ത ഹൃദയസാന്ദ്രത നിന്‍ ജന്മ സിദ്ധിയല്ലയോ!
ജീവിതസാഗര അലകളില്‍ ഏറ്റ താഴ്വുകള്‍‍ക്കൊത്തു
ജീവിച്ചു, നീ ജനനീ,സ്നേഹമാം നൌകയിലൂടെ...
ജീവിക്കാനുള്ള ബാലപാഠങ്ങള് മമതയിലൂടെയൂട്ടി,
ജീവിതമൂല്യങ്ങള്‍ വിളക്കി ദശകങ്ങളേഴിലേറെ കടന്നു
സ്നേഹവാത്സ്യത്തിന്‍‍‍ ,കാരുണ്യത്തിന്‍ സഖിയായ്‌ ഉറ്റോര്‍ക്കു,
മറ്റാരും കൈവരിക്കാത്ത തേജസ്വിനിയായ് ജ്വലിച്ചു!
കൂടപ്പിറപ്പിന്‍ ബന്ധങ്ങളന്യമാകാതെ,ഉപദേഷ്ടാവായ്
കൂടെ കൂടെ മനോബലത്തിന്‍ മാതൃകയായ് വിളങ്ങി!
തന്‍ ജീവനാകമാനം കുടുംബിനിയായ് ഒതുക്കിയെങ്കിലും
തത്വ ചിന്തയിലൂടെ കുടുംബത്തിനു മാര്ഗ്ഗദര്ശിയായ്.
തന്മയത്വമായ് ദുഃഖ ഭാരങ്ങളുള്ളിലൊതുക്കി
തന്‍ ദുരിതങ്ങളനുഭവിച്ചു വിധിയെപോലും പഴിക്കാതെ! 
മറ്റാരുമറിയാതെ താനെ കണ്ണീര്‍ കടിച്ചമര്‍ത്തി
മറ്റുള്ളോര്ക്ക്‌ തന്‍ കഷ്ടങ്ങളെന്തെന്നറിയിച്ചില്ലൊരിക്കലും
മക്കള്‍ക്കെന്നും മമത തന്‍ കവചമായ്, അഭയ ഹസ്തമേകി,
മാതൃ സങ്കല്‍പ്പത്തിന്‍ ഉശിരുള്ളോരുത്തേജനമായ്‌ നിന്‍ ജീവിതം!
ആര്‍ക്കുമെന്നും ഒരുദാഹരണമായ്‌ വിളങ്ങി നിന്‍ ജീവിതം
ആരൊക്കെ എന്തൊക്കെ നേടി നിന്‍ അനുഗ്രഹത്താല്‍!
എങ്കിലും തന്ജീവിതം വെറുമൊരു കളിപ്പാവയായില്ലയോ
എന്നൊരിക്കലെങ്കിലും ചിന്തിച്ചതുണ്ടോ നിന്‍ ഹൃദയം?
നിന്‍ മൌനത്താല്‍ പലതുമുള്ളിലൊതുക്കിയെങ്കിലും
നിന്‍ മൌനങ്ങളേകിയ ദുഃഖ പാഠങ്ങളെനിക്കിന്നാസ്തിയായ്
നിന്‍ മകളായെനിക്കു ജന്മമേകിയ കടമൊരിക്കലും വീടില്ല,
നിന്‍ ജീവിതമെന്നും പേരക്കിടാങ്ങള്‍ക്ക് കെടാവിളക്കായ്‌ വിളങ്ങീടും!



-എല്ലെന്‍റെ മഷിത്തണ്ട്-

No comments:

Post a Comment