Monday, August 19, 2019

ഓർമ്മകൾ അസ്തമിക്കും മുൻപ്.........


ബാല്യകാലസ്മരണകളിൽ ഇന്നും താലോലിക്കുന്ന ഒന്നാണ് അവധിക്കാലം! ഓണാവധിയും കൃസ്തുമസ് അവധിയും ഹൃസ്വമായിരുന്നതിനാൽ തുടങ്ങുന്നതും തീരുന്നതും അറിയാറേ ഇല്ല. പുറത്തെങ്ങും പോകാറുമില്ല. വീട്ടിൽ തന്നെ. എന്നാൽ വേനൽക്കാലാവധി അങ്ങിനെയല്ല. കുട്ടികളെല്ലാവരും വെളിയന്നൂർ തറവാട്ടിൽ ഒന്നിക്കുന്ന സമയം. പിന്നെ ഒരു മാസത്തിലധികം ഒരു തിമിർപ്പ് തന്നെയാണ്. വർഷാവസാനപരീക്ഷ കഴിയാൻ കാത്തിരിക്കും. അച്ഛനും അമ്മയ്ക്കും ജോലി കഴിഞ്ഞിട്ട് സമയമില്ല. അതുകൊണ്ട് ഉണ്ടായിരുന്ന രണ്ടു മക്കളുടേയും കാര്യങ്ങള്‍ നോക്കാന്‍ മുത്തച്ഛനും അമ്മുമ്മയും ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവര്‍ക്കൊപ്പമായിരുന്നു. മുത്തച്ഛനും അമ്മുമ്മയുമാണ് വേനൽക്കാലാവധിക്ക് പേരക്കിടാങ്ങളേയും കൂട്ടി തറവാട്ടിലേക്ക് പോകാറുണ്ടായിരുന്നത്. അവർക്കും അപ്പോഴാണ് ഒരവധിയെന്നു വേണമെങ്കിൽ പറയാം. 

ഞങ്ങൾക്കാണെങ്കിൽ അതൊരു ഉത്സവകാലവും! ഇരിങ്ങാലക്കുട ഗോപാലമാമയുടെ മക്കളായ കുട്ടേട്ടനും, അമ്മുവും, ഉണ്ണിക്കുട്ടനും കൂടും കണ്ണന്റേയും ഉണ്ണിക്കുട്ടിയുടേയും കൂടെ വേനൽക്കാലാവധി പൊടിപൂരമാക്കാൻ. കുട്ടിപ്പടയുടെ നേതാവായി ചേച്ചിയമ്മയുടെ മകൾ കോളേജു കുമാരി ദേവിചേച്ചി! ചേച്ചിയെ പറ്റിക്കൂടി നിന്നാൽ മിക്ക ആഴ്ചകളിലും സിനിമ കാണാൻ കൊണ്ടു പോകും, പിന്നെ ചേച്ചി കണ്ടിട്ടുള്ള സിനിമകളിലെ കഥ ഒരക്ഷരവും ഒരു സീനും വിടാതെ മുന്നിൽ കാണുന്നത് പോലെ പറഞ്ഞു തരികയും ചെയ്യും. എന്നാൽ ആരോടും പറയാത്ത മറ്റൊരു രഹസ്യം ഞങ്ങളും ചേച്ചിയുമായി ഉണ്ടായിരുന്നു. ചേച്ചിയമ്മയും അമ്മാമയും (ചേച്ചിയുടെ അച്ഛനും അമ്മയും) വലിയ ദേഷ്യക്കാരായിരുന്നു. പാവം ചേച്ചി, അവരെ എന്തു പേടിച്ചാ കഴിഞ്ഞിരുന്നത് എന്നറിയുമോ? എന്നാൽ അവർക്ക് കണ്ണനെ വലിയ കാര്യമാണെന്നു ചേച്ചിക്കറിയാം. അതുകൊണ്ട് വേനൽക്കാലമാണ് ചേച്ചിയുടെ സ്വതന്ത്രമാസങ്ങൾ! കുട്ടിപ്പടയെക്കൊണ്ട് പ്രത്യേകിച്ച് കണ്ണനെ കൊണ്ട് പല സംഗതികൾക്കും ചേച്ചിയമ്മയിൽ നിന്നും അമ്മാമയിൽ നിന്നും അനുവാദം സാധിപ്പിച്ചെടുക്കുക അതിനു പകരമായി സിനിമാക്കഥകളും സിനിമയും കുട്ടിപ്പടയ്ക്ക് തിരിച്ച് ചേച്ചിയിൽ നിന്നുമുള്ള സമ്മാനം. അത് തന്നെ മറ്റാർക്കും അറിയാത്ത രഹസ്യം. 

വളരെ അവിചാരിതമായി ഇത്തരത്തിൽ നടമാടിയിരുന്ന തിമിർപ്പും, സന്തോഷവും, കുഞ്ഞുകുഞ്ഞു പിണക്കങ്ങളും, കളി തമാശകളും, സദ്യയും, വിരുന്നു യാത്രകളും, എന്നു വേണ്ട വേനൽക്കാല സ്വർഗ്ഗരാജ്യസ്മൃതികൾക്കെല്ലാം 1968 തീർപ്പ് കൽപ്പിച്ചു. അതിന് കാരണം അപ്രതീക്ഷിതമായി മുത്തച്ഛന്റെ ആരോഗ്യസ്ഥിതിയിൽ വന്ന മാറ്റമായിരുന്നു. മുത്തച്ഛൻ ഒരു ഹെഡ്-മാസ്റ്ററായിരുന്നു. തൃശൂർ ജില്ലയിലെ ഊരകത്തിനടുത്തുള്ള പേരുകേട്ട ഒരു ഹൈസ്കൂളിൽ നിന്നാണ് അവസാനം വിരമിച്ചത്. മുത്തച്ഛനെ തോൽപ്പിക്കാൻ പറ്റാത്ത കാര്യങ്ങളാണ് എന്തുചെയ്യുന്നതിലും ഉള്ള ചിട്ടയും വെടുപ്പും, കൃത്യനിഷ്ഠ, ഉറച്ച തീരുമാനങ്ങൾ, ഉറച്ച വിശ്വാസ രീതി, തുറന്ന മനസ്, ചങ്കൂറ്റത്തോടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും, ധൈര്യവും പിന്നെ എഴുതുവാനുള്ള ക്രിയാത്മകതയും. എന്തോ മുത്തച്ഛനോട് ഒരു അമ്മയുടെ അച്ഛൻ എന്നതിലും വളരെ വ്യത്യസ്തമായ ഒരിക്കലും ആർക്കും വേർപിരിക്കാൻ സാധിക്കാത്തതുമായ ഒരു ബന്ധമായിരുന്നു എനിക്കു എന്റെ മുത്തച്ഛനോട്, ഇങ്ങോട്ടും പറഞ്ഞറിയിക്കാൻ പ്രയാസമുള്ള തരത്തിലുള്ള ഒരടുപ്പം മുത്തച്ഛനും ഉണ്ടായിരുന്നു. എന്തോ ഒരാകർഷണശക്തി. അതുകൊണ്ടായിരിക്കണം മുത്തച്ഛന് സുഖമില്ലെന്നു കേട്ടപ്പോൾ സഹിക്കാനാവാത്ത സങ്കടമാണ് തോന്നിയത്. 

മുത്തച്ഛനെന്താണ് അസുഖത്തെ കുറിച്ച് അമ്മുമ്മ ദുർഗ്ഗാപൂരുള്ള മകനോട് ട്രങ്കോളിൽ കൂടി പറയുന്നത് കേട്ടത് ഇങ്ങിനെയാണ്, വിശപ്പൊട്ടുല്ല്യ, ന്ന് ച്ച്, ഒന്നും കഴിക്കാണ്ടിരിന്നാല് എണീറ്റ് നടക്കാൻ പറ്റ്യോ? ഇത്തിരി ന്തെങ്കിലും കഴിക്ക്യച്ചാ, അതൊട്ടു ഇറക്കാനും പ്രയാസം. ദിവസം മൂന്നാലു വട്ടം ശർദ്ദിക്കുണു. കുട്ടിയെന്യേ പറയു, മുത്തച്ഛനോട് ഇത്തിരി വെള്ളായിട്ടെങ്കിലും കഞ്ഞീടെ വെള്ളോ സമ്പാരോ കുടിക്ക്കാൻ. മേടിച്ച് വെച്ചിട്ടില്ല്യേ മരുന്ന്. അത് പോലും കുടിക്കാൻ പ്രയാസാ”.

അമ്മയും അച്ഛനും നിർബ്ബന്ധിക്കുന്നത് കേട്ടു മുത്തച്ഛനോട് വളരെ പേരുകേട്ട അബ്ദുള്ള സായിപ്പിന്റെ അടുത്തു പോയി ഒരു നല്ല പരിശോധന നടത്തുന്നതിനെ ചൊല്ലി. മുത്തച്ഛൻ കൂട്ടാക്കിയില്ല. മുത്തച്ഛൻ ആയുർവേദത്തിൽ വളരെയധികം വിശ്വസിച്ചിരുന്ന കാരണം, കോട്ടക്കൽ ആര്യവൈദ്യശാലയിലെ കഷായത്തിൽ നിന്നു തുടങ്ങി ചികിത്സ. ഒരു മാസം കഴിഞ്ഞിട്ടും ഒരു വ്യത്യാസവും കണ്ടില്ല. അമ്മയുടെ നിർബ്ബന്ധം കൂടിയപ്പോൾ തൈക്കാട്ടുശ്ശേരി വൈദ്യരത്നം മൂസിന്റെ അടുത്ത് പോകാം എന്നായി മുത്തച്ഛൻ. എന്നാൽ അങ്ങിനെ എന്നു എല്ലാവരും കരുതി. അങ്ങിനെ മുത്തച്ഛനേയും കൂട്ടിനായി അമ്മുമ്മയേയും കൊണ്ട് അമ്മ വൈദ്യമഠത്തിലേക്ക് പോയി, അവിടെ കിടത്തി കുറച്ചു ദിവസമെങ്കിലും ചികത്സിപ്പിക്കാൻ. മുത്തച്ഛനെ നഷ്ടപ്പെട്ട കണ്ണൻ ഒറ്റക്കായി എന്നു തന്നെ പറയാം. കാരണം കണ്ണൻ സ്കൂളിൽ നിന്നും വന്നാൽ മുതൽ ഉറക്കം വരെ, അതുപോലെ വാരാന്ത്യത്തിൽ മുഴുവൻ സമയവും മുത്തച്ഛന്റെ പുറകെയായിരുന്നു നടപ്പ്. മുത്തച്ഛന്റെ പഠിപ്പിക്കലിന് ഒരു പ്രത്യേക ശൈലിയാണ്. പഠിപ്പിച്ചാൽ പഠിക്കാൻ തോന്നും എന്നു തന്നെയല്ല, ഒരിക്കലും മറക്കുകയും ഇല്ല. മനസ്സിൽ അത്രയ്ക്കത് പതിഞ്ഞിരിക്കും. സ്കൂളിലെ പഠിത്തം മാത്രമായിരുന്നില്ല മുത്തച്ഛൻ പറഞ്ഞ് തന്നിരുന്നത്, മുത്തച്ഛനറിയാമായിരുന്നതും, വിശ്വസിച്ചിരുന്നതുമായ എല്ലാം ഒരു ഗുരു ശിഷ്യനോതിക്കൊടുക്കുന്ന മാതിരി പകർന്നു തരുമായിരുന്നു. അതൊക്കെ ഇല്ലാതായപ്പോൾ ഏകാന്തത എന്തെന്ന് കണ്ണൻ മനസ്സിലാക്കി. ഏകാന്തതയെ സ്നേഹിക്കാൻ കണ്ണൻ പഠിച്ചു. അങ്ങിനെ അന്നു മുതൽ ഏകാന്തത അവന്റെ സഹചാരിയായി.

അക്കൊല്ലത്തെ ഓണാവധി സമയത്തായിരുന്നു മുത്തച്ഛനും അമ്മുമ്മയും പോയത്. ഓണം അമ്മയുടെ പാൽപ്പായസത്തിലും മൂന്നു കറികൾ അടങ്ങിയ സദ്യയിൽ കലാശിച്ചതിൽ ഒട്ടും വിഷമം തോന്നിയില്ല. മനസ്സ് മുഴുവനെടുത്താൽ അതിൽ മുക്കാൽ ഭാഗം മുത്തച്ഛനും ബാക്കി അമ്മുമ്മയുമായിരുന്നു. അനിയത്തി മുലപ്പാൽ കുഞ്ഞായിരുന്നതിനാൽ രാത്രി അമ്മയ്ക്കരുകിലായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ അന്നുവരെ മുത്തച്ഛനേയും അമ്മുമ്മയേയും കണ്ണൻ വേർ പിരിഞ്ഞിരുന്നിട്ടുള്ളതായി ഓർമ്മയില്ല. രാത്രി ഉറങ്ങുന്നതു പോലും അവരുടെ നടുക്കായിരുന്നു. അവർ പോയപ്പോൾ ഉറക്കം തുടങ്ങുന്നത് തനിച്ചും ഉണരുന്നത് അമ്മയുടേയും അച്ഛന്റേയും നടുക്കുമായി മാറി. കണ്ണൻ മുടങ്ങാതെ മുത്തച്ഛന് കത്തുകളെഴുതി, മുത്തച്ഛൻ മുറയ്ക്ക് മറുപടിയും. കത്തു വരുവാൻ കാത്തിരിക്കും. കിട്ടിയാൽ പലയാവർത്തി വായിക്കും. എന്നാലും മതിവന്നിരുന്നില്ല. ഇനി മുത്തച്ഛനുമായി ജീവിതമുണ്ടാവില്ല എന്ന തോന്നൽ അവന്റെ മനസ്സിന് വെമ്പലേകി. അത് തേങ്ങലായി പലപ്പോഴും രാത്രിയിൽ അവനെ ഉണർത്തുമായിരുന്നു. 

അമ്മ എന്റെ തേങ്ങൽ കേട്ടിട്ടാണോ എന്നറിയില്ല, ഒരു രാത്രി അച്ഛനോട് പറയുന്നത് പകുതി ഉറക്കത്തിൽ കണ്ണൻ കേട്ടു, ഇനി ചെറിയ അവധിസമയത്തും അച്ഛനെ കാണാൻ തൃശൂരു പോകണം. തറവാട്ടിലേക്കുള്ള പോക്ക് ഇനി വേനലാക്കാൻ പറ്റില്ല. നല്ല ഡോക്ടറെ കാണാമെന്ന് പറഞ്ഞാൽ കേൾക്കണ്ടേ? ഗോപി (അനിയൻ) വിളിച്ചു പറഞ്ഞിരുന്നു ഒട്ടും കുറവു കാണിണില്ല്യാന്ന്

അച്ഛൻ മൂളുകമാത്രം ചെയ്തു, അതും പകുതി ഉറക്കത്തിൽ. പിറ്റെ ദിവസം രാവിലെ അമ്മ കാപ്പിയുണ്ടാക്കുമ്പോൾ അടുക്കളയിൽ ചെന്ന് അമ്മയുടെ സാരിത്തുമ്പ് കയ്യിൽ തിരുകി കളിച്ചുകൊണ്ട് ചോദിച്ചു, എപ്പഴാ തൃശ്ശൂർക്ക് പോകണേ മുത്തച്ഛനെ കാണാൻ? എന്നേം കൂടി കൊണ്ട്യോവോ?

അമ്മ തിരിഞ്ഞു നോക്കി ചോദിച്ചു, കണ്ണനോട് ഇതാരാ ഇപ്പൊ പറഞ്ഞത്? അതു ശരി. അപ്പോ ഇന്നലെ ഞാൻ ഇതു പറഞ്ഞപ്പൊ കണ്ണൻ ഉറങ്ങാതെ കിടക്കാർന്നു? കള്ളക്കുട്ടൻ. കൊണ്ടോകാം, ട്ടോ. ഇപ്പൊ പോയി കുളിച്ചു ഭക്ഷണം കഴിച്ചു ഡ്രസു മാറി സ്കൂളില് പോകാൻ നോക്ക് കണ്ണാ. പരീക്ഷയ്ക്കു ഒന്നാമനായാല്‍ മാത്രം കണ്ണനെ കൊണ്ടുവന്നാല്‍ മതി എന്നാ മുത്തച്ഛന്‍ പറഞ്ഞിരിക്കുന്നത്.
 
അവധി പരീക്ഷ തീരാൻ കണ്ണന് തിടുക്കമായി. പരീക്ഷ കഴിഞ്ഞു, സ്കൂള്‍ അടച്ചു. പിറ്റേന്ന് ആറ് മണിക്കു പോകാന്‍ റെഡിയാവണമെന്നു അമ്മ തലേ ദിവസം തന്നെ താക്കീതു കൊടുത്തിരുന്നു കുട്ടികള്‍ക്ക്. നാലുമണിയായപ്പോഴേ കണ്ണൻ എണീറ്റു തയ്യാറായി! ആറുമണിക്ക് തന്നെ കാറു ഡ്രൈവര്‍ ജോസഫ് എത്തി. കാര്യസ്ഥനായ വാസുദേവനെ വീടേല്പിച്ചു അച്ഛനും, അമ്മയും, കണ്ണനും, അനിയത്തിയും തൃശ്ശൂർക്ക് യാത്രയായി. ഉച്ചയോടെ തറവാട്ടിലെത്തി. മുറ്റത്ത് കാറ് നിറുത്തിയതും ഡോർ തുറന്ന് കണ്ണൻ ഒറ്റയോട്ടമായിരുന്നു അകത്തേക്ക്. 

അകത്തു കയറിയതും ഉറക്കെ വിളിക്കാൻ തുടങ്ങി, മുത്തച്ഛാ...മുത്തച്ഛാ.....എവിടെയാ ഒളിച്ചിരിക്കണേ? കണ്ണൻ വന്നു

പാവം. കാത്തുകാത്തിരുന്ന് അവന് ക്ഷമകെട്ടിരുന്നു. കണ്ണന്റെ വിളികേട്ട് അമ്മുമ്മയും ചേച്ചിയമ്മയും അകത്തളത്തിലേക്ക് വന്നു.

ചേച്ചിയമ്മ ആദ്യം എത്തി കണ്ണന്റെ അടുത്ത്. ആരാ ഈ വന്നിരിക്കണേ... എന്റെ കുറുമ്പാ... എന്റെ ഉണ്ണിക്കണ്ണനല്ലേ... എന്നു പറഞ്ഞ് വാരിയെടുക്കാൻ കൈകൾ നീട്ടി കുനിഞ്ഞു. എന്നും എടുക്കാൻ സമ്മതിക്കുമായിരുന്ന കണ്ണൻ ഇക്കുറി, കുതറി മാറി അമ്മുമ്മയുടെ കൈകളിലേക്കാണ് ഓടി ചെന്നത്. അമ്മുമ്മേ, മുത്തച്ഛനെവിടെ..... എന്താ വിളി കേക്കാത്തേ.... കണ്ണന്റെ ആവലാതി അമ്മുമ്മയോട്.
അമ്മുമ്മ, കണ്ണാ മുത്തച്ഛൻ ഇവിടെ തന്നെ ഇണ്ട്.... മുത്തച്ഛനെ അമ്മുമ്മ കാണീച്ചു തരാലോ എന്റെ കുട്ടിക്ക്. മുത്തച്ചനു വാവുവാണ് കണ്ണാ. അതോണ്ടേ മരുന്നു കഴിച്ചു ഉറങ്ങായിരിക്കും.. വരു നമുക്ക് പോയി വിളിക്കാം. അമ്മെം അച്ഛനും ഒന്നു അകത്തേക്ക് വന്നോട്ടെ.

അമ്മുമ്മ അമ്മയും അച്ഛനും അകത്തേക്കു വരുവാൻ കാത്തു നിന്നു. ചേച്ചിയമ്മ അനിയത്തിയെ സ്വീകരിക്കാൻ ഉമ്മറത്തേക്കും. കണ്ണന് ക്ഷമ കെട്ടു. അവൻ താഴെ തന്നെയുള്ള കിടപ്പു മുറിയിലേക്ക് പാഞ്ഞു. ആ മുറിയിൽ കയറിയതും കണ്ണൻ ആരോ പിടിച്ചു നിർത്തിയത് പോലെ നിശ്ചലനായി നിന്നു പോയി. കട്ടിലിൽ ഒരു മെലിഞ്ഞ രൂപം ഇരിക്കുന്നതു കണ്ട കണ്ണൻ ഒന്നു ഭയന്നു. ഇതു എന്നെ വിട്ടിട്ടു പോയ മുത്തച്ഛന്‍ തന്നയാണോ? അവനു സംശയം! ആളുകൾ വന്ന ചലനവും കണ്ണന്റെ വിളിയും കേട്ട് ഉണർന്ന മുത്തച്ഛൻ ക്ഷീണമുള്ളത് കൊണ്ട് കട്ടിലിൽ തന്നെ എണീറ്റ് ഇരിക്കുകയായിരുന്നു. 

ഇങ്ങടു വരു കണ്ണാ.. പേടിക്കണ്ട.. ഇതു നിന്റെ മുത്തച്ഛൻ തന്നെയാ എന്റെ കുട്ടി, ന്തേ മനസ്സിലായില്ല്യേ... ഇത്ര നാളോണ്ട് മറന്നോ ന്നെ എന്റെ കണ്ണൻ?. പേടിച്ചു നിൽക്കുന്ന കണ്ണനെ കണ്ടിട്ട് മുത്തച്ഛൻ പറഞ്ഞു.
സ്വരം കൊണ്ട് മുത്തച്ഛനെ തിരിച്ചറിഞ്ഞ കണ്ണന്‍ മുത്തച്ഛന്റെ അടുത്തേക്ക് ചെന്നു. എന്നാലും അവന്റെ കണ്ണിലെ കണ്ണീർ തുള്ളികളെ അവന് നിയന്ത്രിക്കാനായില്ല. കാത്തിരുന്നു കണ്ടതുകൊണ്ടുണ്ടായ അശ്രുധാരകളോ അതോ അസുഖം മുത്തച്ഛനിൽ വരുത്തി വെച്ച മാറ്റങ്ങൾ സഹിക്കവയ്യാത്ത വേദനയോ? പിന്നൊട്ടും താമസിച്ചില്ല. ഓടിച്ചെന്നവൻ മുത്തച്ഛനെ കെട്ടിപ്പിടിച്ചു. കട്ടിലിൽ വലിഞ്ഞു കയറി, മുത്തച്ചനെ കെട്ടിപ്പുണർന്നു മതിയാവോളം ഉമ്മ നൽകി. 

എന്നിട്ട് മുത്തച്ഛനോട് ആ കുരുന്നു മനസ്സ് ഒരു ചോദ്യം, അസുഖം കുറവുണ്ടോ മുത്തച്ഛാ? എന്താ ഇത്രയ്ക്ക് ക്ഷീണിച്ചേ? മുത്തച്ഛൻ പറഞ്ഞു തന്ന പദ്യം കണ്ണൻ ക്ലാസില് ചൊല്ലി. മുരളീമാഷ് ന്നെ കെട്ടിപ്പിടിച്ചു ചോദിച്ചു ആരാ ഈ കവിത പഠിപ്പിച്ചത്...ന്ന്. ഞാൻ പറഞ്ഞു ന്റെ മുത്തച്ഛനാ ന്നെ പഠിപ്പിച്ചത് ന്ന്. അപ്പോ എന്റെ മാഷ് കണ്ണന്റെ കവിളില് ഒരു ഉമ്മ തന്നിട്ട് പറയ്യാ... ഇതു മുത്തച്ഛനു കൊണ്ട് പോയി കൊടുക്കാൻ... അതാ ഞാൻ വന്നപ്പൊ തന്നെ തന്നത്!

മുത്തച്ഛൻ, സന്തോഷായി, കണ്ണാ. എന്നാലും മാഷ് ഒരുമ്മ തരാനല്ലേ പറഞ്ഞത്? എനിക്കിപ്പൊ എത്ര ഉമ്മ കിട്ടീന്ന് അറിയോ?

കണ്ണൻ കൊഞ്ചിക്കൊണ്ട്, അദ്യത്തെ ഒരുഉമ്മ മാഷിന്റെ. ബാക്കി കാക്കത്തൊള്ളായിരം ഉമ്മ എന്റെ...
അതു കേട്ടപ്പൊ മുത്തച്ഛന്റെ കണ്ണുകളും നിറഞ്ഞു. അപ്പോഴേക്കും അമ്മയും, അച്ഛനും, ചേച്ചിയമ്മയും, അമ്മുമ്മയും മുറിക്കുള്ളിലേക്ക് കയറി വന്നു. ഉണ്ണിക്കുട്ടി ചേച്ചിയമ്മയുടെ തോളിൽ രസിച്ചങ്ങിനെ കിടക്കുന്നു.
ന്താ വന്നപ്പോഴേക്കും തൊടങ്ങിയോ വർത്തമാനം? എങ്ങിനെയുണ്ടച്ഛാ അമ്മ

മുത്തച്ഛൻ അമ്മയുടെ മുഖത്തു നോക്കി,വിശപ്പൊട്ടുല്ല്യാ. ഒന്നും കഴിക്കാനും തോന്നിണില്ല്യ. വയ്യാണ്ടായി ന്റെ കുട്ടി. നി എന്തിനാണാവോ ഇങ്ങിനെ നീട്ടിക്കൊണ്ട് പോവണത്. ഇക്കൊല്ലത്തെ അയ്യപ്പജ്യോതി ഈ പടികടന്നു പോവണ കണ്ടാൽ അതിന്റെ കൂടെ എന്നേം അങ്ങട് കൊണ്ട് പോകണേ ന്നേ പ്രാർത്ഥനേള്ളു. എന്തിനാ ഇങ്ങിനെ കിടക്കണേ.. ല്ലാവർക്കും ഒരു ഭാരായിട്ട്? പ്രായമായവരുടെ പതിവു പല്ലവിയുടെ ഒരു രൂപം.  എല്ലാവരും കേട്ടു ആരും ഒന്നും മിണ്ടിയില്ല കണ്ണനൊഴിച്ച്. മുഴുവനൊന്നും അവനു മനസ്സിലായില്ല. എന്നാലും മുത്തച്ഛൻ എങ്ങോട്ടൊ പോകുന്ന കാര്യം പറഞ്ഞതവൻ ശ്രദ്ധിച്ചു. 

കണ്ണൻ, വേണ്ട..മുത്തച്ഛൻ എങ്ങട്ടക്കും പോവണ്ട. മുത്തച്ഛൻ പോയാൽ ഇനി ഞാനും കൂടെ വരും. അവൻ മുത്തച്ഛനെ കെട്ടിപ്പിടിച്ചിരുന്നു. 

വേണ്ടത്തതോരോന്നു പറഞ്ഞു ഇനി ആ കുട്ടിയെ കൂടി കരയിപ്പിക്കണ്ട. മിണ്ടാണ്ട് അവിടെ കിടന്നോളു ട്ടോ അമ്മുമ്മയുടെ താക്കീത് മുത്തച്ഛന്.

ചേച്ചിയമ്മ, വന്ന പാടെ എല്ലാവരും നിൽക്കല്ലേ. മുകളിലെ മുറീല് ഒക്കെ ഒരുക്കീട്ടുണ്ട്. എല്ലാം ഒന്നു മാറി കയ്യും കാലും കഴുകി വരുമ്പോഴേക്കും ഊണൊക്കെ ഞാൻ എടുത്തു വെയ്ക്കാം. ഇനി ഉണ്ടിട്ടാവാം ബാക്കി സംസാരം... എല്ലാവരും മുറിവിട്ടിറങ്ങി. 

മുത്തച്ഛനും കണ്ണനും വീണ്ടും ഒറ്റക്കായി. മൌനം ഭഞ്ജിച്ചുകൊണ്ട് മുത്തച്ഛൻ, മുത്തച്ഛൻ ന്റെ കണ്ണന് ഒരു സംഗതി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വേണോ?

ഉം.. കട്ടിലിൽ നിന്നും എണീക്കുന്ന മുത്തച്ഛനെ നോക്കി കണ്ണൻ പറഞ്ഞു. 

മുത്തച്ഛന്‍ ചുവരു പിടിച്ചു അലമാരക്കരുകില്‍ എത്തി. മുത്തച്ഛൻ അലമാര തുറക്കുന്നതിനിടയിൽ, ഞാൻ പറഞ്ഞു തന്ന ആ പദ്യം ഒന്നു കൂടി ചൊല്ലിയാലെ ഈ സമ്മാനം തരു ട്ടോ. മുത്തച്ഛന്റെ മുന്നറിയിപ്പ്.
കണ്ണൻ, അതിനെന്താ ഇതാ ചൊല്ലിക്കഴിഞ്ഞു.

അക്ഷരപ്പൂക്കൾ കൊണ്ട് ഞാൻ
പദങ്ങൾ പടുത്തിടും വരച്ചിടും
വ്യാകരണ നൂലിൽ കോർത്തു ഞാൻ
അറിവായ് മാറ്റുമാ അക്ഷരമാലയെ

നാലം ക്ലാസിൽ പഠിക്കുന്ന കണ്ണൻ അവന്റെ ക്ലാസിൽ അവതരിപ്പിച്ചു മാഷിന്റെ  ആശ്ശേഷം വാങ്ങിയ നാലുവരി! മുത്തച്ഛൻ കണ്ണനെ വാരിപ്പുണർന്നു. അലമാരയിൽ നിന്നും എടുത്ത് കൈയ്യിൽ കരുതിയ ഗ്യാസ് മുട്ടായി അവന്റെ നേർക്ക്  നീട്ടി. നാളുകളായി കിട്ടാതിരുന്ന ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവൻ അതു തട്ടിപ്പറിച്ചു വായിലാക്കി. 

കണ്ണനെ മുത്തച്ഛൻ അടുത്ത് പിടിച്ചിരുത്തി. എന്നിട്ട് അവനെ തലോടിക്കൊണ്ട് പറഞ്ഞു, കണ്ണാ.... മുത്തച്ഛൻ പറയാൻ പോകുന്നത് കണ്ണൻ ശ്രദ്ധിച്ച് കേൾക്കണം. മുത്തച്ഛൻ പറയുന്നത് പോലെ അനുസരിക്കണം. കണ്ണൻ വളർന്നു വലുതാവുന്ന വേളയിൽ പലതും കേൾക്കും, പലതും കാണും, പലതും അനുഭവിക്കാൻ ഇടയാവും. അപ്പോഴൊക്കെ ഒന്നോര്‍ക്കണം. എടുത്ത് ചാട്ടമരുത്. ആലോചിക്കണം. ഓര്‍മ്മയുണ്ടോ ഞാന്‍ പറഞ്ഞു തന്നത്? ചൊല്ലുന്ന വാക്കും കുറിക്കുന്ന പദവും കൈവിട്ടാല്‍ തിരിച്ചെടുക്കാന്‍ പ്രയാസമാണ്. സൂക്ഷിക്കണം. ഭയപ്പെടുത്തുന്ന പലതും പ്രത്യക്ഷപ്പെടും. അപ്പോഴൊന്നും പേടിക്കരുത്, തോൽക്കരുത്, മത്സരബുദ്ധിയോടെ എല്ലാറ്റിനേയും നേരിടണം. കണ്ണന്റെ കരുത്തിനായി ഈ മുത്തച്ഛൻ ഉള്ളിലുണ്ടാവും. എന്റെ ഉണ്ണിക്കണ്ണൻ വലിയ ആളാവണം. മുത്തച്ഛൻ പറഞ്ഞു തന്നതെല്ലാം കണ്ണൻ അഭ്യസിക്കണം. ഈ മുത്തച്ഛൻ മറ്റൊരു ലോകത്തിരുന്നു അതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും. നമ്മള്‍ ജനിച്ചാല്‍ മരിക്കണം. മുത്തച്ഛനു അതിനു സമയമായി വരുന്നു എന്നു തോന്നുന്നു കണ്ണാ.  അത് സംഭവിച്ചാൽ കണ്ണൻ വിഷമിക്കരുത്..ട്ടോ! മുത്തച്ഛന് സുഖൊല്ല്യാ കണ്ണാ. പോവാന്‍ സമയമായി വരുന്നു. മുത്തച്ഛനെ ഈശ്വരൻ തിരിച്ചു വിളിച്ചു എന്നു കരുതിയാൽ മതി. ഈ മുത്തച്ഛന്റെ ജീവൻ അങ്ങ് ദൂരത്തേക്ക് പോയാലും കണ്ണന്റെ കൂടെ തന്നെ മുത്തച്ഛൻ എന്നും ഉണ്ടാവും. പക്ഷെ കണ്ണനു മുത്തച്ഛനെ കാണാൻ പറ്റില്ലാന്ന് മാത്രം. കണ്ണൻ സ്കൂളിൽ നിന്നും വരുന്നത് കാത്ത് എന്നും മുത്തച്ഛൻ കാത്ത് നിൽക്കണുണ്ടാവും. പക്ഷെ കണ്ണന് കാണാൻ പറ്റില്ല. പക്ഷെ മുത്തച്ഛൻ എന്നും കണ്ണനു ഒരാപത്തും പറ്റാണ്ട് നോക്കിക്കൊള്ളാം. അതു പോരെ? കണ്ണനു മുത്തച്ഛനെ കാണണമെന്ന് തോന്നുമ്പോൾ ഒന്നു വിളിച്ചാൽ മതി മനസ് തുറന്ന്. മുത്തച്ഛൻ ഒരു കാറ്റുപോലെ വന്നു കണ്ണനെ തലോടാം.. എന്താ പോരേ?  

കണ്ണന് പലതും അന്ന് മനസ്സിലായില്ല. അവൻ മിഴിച്ചിരുന്നു! എന്നാലും അവൻ തലയാട്ടി. മുത്തച്ഛന്റെ മാറില്‍ കുനിഞ്ഞിരുന്ന അവന്റെ തലയിൽ ഒന്നുരണ്ട് തുള്ളി വെള്ളം വീണത് പോലെ അവനു തോന്നി. അവനത് കൈകൊണ്ടു തുടച്ചു. അത് മുത്തച്ഛന്റെ കണ്ണീരായിരുന്നുവെന്ന് അന്നവൻ അറിഞ്ഞില്ല. കരച്ചിലടക്കാൻ വയ്യാത്ത മുത്തച്ഛൻ കണ്ണനെ കട്ടിലിൽ നിന്നും താഴെ ഇറക്കി നിർത്തി തിരിഞ്ഞു കിടന്നു, തോർത്തു കൊണ്ട് തേങ്ങലടികൾ അമർത്തി. കണ്ണൻ തട്ടി വിളിച്ചു. മുത്തച്ഛന് തിരിയാനോ അവന്റെ മുഖത്തേക്ക് നോക്കാനോ കഴിഞ്ഞില്ല. 

അപ്പൊഴേക്കും അമ്മ കടന്ന് വന്ന് കണ്ണനെ എടുത്തിട്ട് പറഞ്ഞു, മുത്തച്ഛൻ ഉറങ്ങട്ടെ. നമ്മുക്ക് പോയി മാമുണ്ടിട്ട് വരാം”. വിരോധഭാവത്തിൽ അമ്മയുടെ ഉക്കത്തിരുന്ന് ഞെളിപിരി കൊണ്ടെങ്കിലും അവനേയും കൊണ്ട് അമ്മ ഊണുമുറിയിലേക്ക് പോയി. വൈകുന്നേരമായപ്പോഴേക്കും അമ്മയുടെ അനിയന്‍ ഗോപാലമാമയും കുടുംബവും വന്നു ചേർന്നു. പിറ്റെ ദിവസം രാവിലെ ദുർഗ്ഗാപൂരിൽ നിന്നും മുത്തച്ഛന്റെ ഏറ്റവും ഇളയ മകനും കുടുംബവും വന്നിറങ്ങി. നാലു മക്കളും കുടുംബവും ഒന്നിച്ചു കൂടിയ അവസരം അതിനു മുൻപ് എന്നായിരുന്നു എന്നോർമ്മയില്ല മുത്തച്ഛന്. വളരെ വിരളമായേ അങ്ങിനെ ഉണ്ടാവാറുള്ളു. അച്ഛനു സുഖമില്ലാത്തതിനാൽ എല്ലാവരേയും അമ്മുമ്മ വരുത്തിയതാണ്. മുത്തച്ഛൻ അങ്ങിനെ ഒരാഗ്രഹം അമ്മുമ്മയോടു പറയുകയും ചെയ്തിരുന്നു. പക്ഷെ സാധാരണ അവധിക്കാലത്തെ ആഹ്ലാദമൊ, കളിയോ ചിരിയോ ഒന്നും ഇക്കുറി കണ്ടില്ല. എവിടേയും ഒരു നിശബ്ദത തളം കെട്ടി നില്‍ക്കുന്നു. എല്ലാവരുടേയും മനസ്സിൽ മ്ലാനത ഒരു കാർമേഘം പോലെ തിങ്ങി നിൽക്കുന്ന ഒരനുഭവം. എന്തും എപ്പോഴും സംഭവിക്കാം എന്ന മാതിരി. ചേച്ചിയമ്മയും, അമ്മയും എപ്പോഴും കുട്ടികളെ മുത്തച്ഛന്റെ മുറിയിലേക്ക് കയറാ‍ൻ അനുവദിക്കുന്നില്ല. ആ മുറിയിലേക്ക് ബഹളം ചെല്ലാതിരിക്കാൻ കിഴക്കിനിയിലോ അല്ലെങ്കിൽ ഉമ്മറത്തോ മാത്രമായി കുട്ടികളുടെ വിഹാരം. അത് കണ്ണനെ കൂടുതല്‍ വിഷണ്ണനാക്കി. 

മുത്തച്ഛൻ ആരുടേയോ വരവിനു വേണ്ടി ഇത്രനാൾ ബാക്കിയുള്ള ആരോഗ്യം പിടിച്ചു നിർത്തിയിരുന്നത് പോലെ തോന്നിച്ചു. കൃസ്തുമസ് അവധിക്ക് എല്ലാവരും മുത്തച്ഛനെ കാണാൻ എത്തിയത് ഡിസംബർ പതിനെട്ടിനായിരുന്നു. മുത്തച്ഛന്റെ അസുഖാവസ്ഥ പെട്ടെന്ന് വഷളാകുവാൻ തുടങ്ങി. കഴിക്കുന്നതൊന്നും തന്നെ ഇറക്കുവാൻ കഴിയുന്നില്ല, വെള്ളമായി എന്തെങ്കിലും കുടിച്ചാൽ വയറ്റിലെ അമ്ലത്തോടു കൂടി തിരിച്ചു അന്നനാളത്തിലൂടെ പുറത്തേക്ക് വരുന്ന അവസ്ഥ (റിഫ്ലക്സ്). കഷായം പോലും ഇറക്കാൻ പ്രയാസമായി നാലു ദിവസം കൊണ്ട്. ഇതിനൊക്കെ പുറമെ, മൂക്കടപ്പും ചുമയും. ഡിസംബർ ഇരുപത്തിനാല് ആയപ്പോഴേക്കും ഒന്നും കഴിക്കാനാവാതെ ശക്തി ചോർന്നതിനാൽ എണീറ്റു ഇരിക്കാൻ കൂടി വയ്യാത്ത അവസ്ഥയായി. ഇത്രയുമായപ്പോൾ, മക്കൾ മുത്തച്ഛന്റെ അഭിപ്രായം വകവെയ്ക്കാതെ, തൃശ്ശൂരിൽ പേരുകേട്ട അലോപ്പതി ഡോക്ടറായ ശങ്കരങ്കുട്ടിയെ കൂട്ടിക്കൊണ്ട് വന്നു. ഡോക്ടർ രോഗിയെ പരിശോധിച്ച ശേഷം ഉടനെ ആശുപതിയിലേക്ക് മാറ്റുവാൻ പറഞ്ഞു. ഡ്രിപ് കൊടുത്തെങ്കിലും ഒരല്പം ആരോഗ്യം കൊടുത്തിട്ട് പിന്നെ മറ്റുകാര്യങ്ങൾ വിശദമായി നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. എന്തിനു പറയുന്നു. എന്തു പറഞ്ഞിട്ടും മുത്തച്ഛൻ സമ്മതിക്കുന്നില്ല, ആശുപത്രിയിൽ പോകാൻ. മുത്തച്ഛന്റെ വാദം, ഈ മൂന്നു ദിവസവും കൂടിയെ ഉള്ളു ഇനി അയ്യപ്പ ജ്യോതി പടിക്കലൂടെ പോകാൻ (ഡിസംബർ 26-നു) അതെനിക്കു ഇവിടെ കിടന്നു കാണണം. ആ ജ്യോതി ആശുപത്രി പടിക്കൽ കൊണ്ടുവരാൻ മക്കൾക്ക് സാധിക്കുമെങ്കിൽ ആശുപത്രിയിലേക്ക് പോകാൻ തയ്യാർ! എന്തു ചെയ്യും? മക്കൾ നാലുപേരും മാറിനിന്ന് ഡോക്ടറുമായി എന്തൊക്കെയോ സംസാരിക്കാനിടയായി. അന്നുവരെ അച്ഛനു ഗ്യാസിന്റെ അസുഖമാണെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത് അല്ലെങ്കിൽ മുത്തച്ഛൻ എല്ലാവരേയും ധരിപ്പിച്ചിരുന്നത്. പക്ഷെ ഡോക്ടർ വിശദമായി സംശയാധീതമായി പലതും തെളിയിക്കേണ്ടതായി പറഞ്ഞപ്പോഴാണ് കാര്യഗൌരവം മക്കളിൽ ഉണ്ടായത്.  ഡോക്ടര്‍ക്ക് കോളന്‍ കാന്‍സറാണോ എന്നായിരുന്നു സംശയം! അപ്പോഴേക്കും ഏറെ വൈകിയെന്നതു മറ്റൊരു സത്യവും. ഈ അവസാന സമയത്ത് അച്ഛനെ എതിർക്കേണ്ടാ എന്ന് മകൻ ഗോപാലൻ പറഞ്ഞു. അവസാനം വീട്ടിൽ വെച്ചു തന്നെ ഡ്രിപ് കൊടുക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. 

ശ്വാസനാളരോഗശമനത്തിനായി ആന്റിബയോട്ടിക്ക് രണ്ടെണ്ണം ഐവി-യിൽ കൂടി കൊടുക്കാനും തുടങ്ങി. അതും ഒരു ഭാഗ്യക്കേടായി എന്നു പറഞ്ഞാൽ മതി. രാത്രി പത്തു മണി കഴിഞ്ഞ് കാണും. മുത്തച്ഛന്റെ മുറിയിൽ നിന്നും അയ്യോ... ആവു.... എന്നുളള രോദനം ഉച്ചത്തിലായി. മുത്തച്ഛന് ശ്വാസം കിട്ടാൻ പ്രയാസം. ആന്റിബയോട്ടിക്കിന്റെ റിയാക്ഷൻ ആണെന്നു അനുമാനിക്കുമാറ് ശ്വാസോച്ഛ്വാസത്തിന് കൂടുതൽ പ്രയാസമായി, മുഖവും, നാവും തൊണ്ടയും വീർത്തരൂപത്തിലാവുകയും ചെയ്തു. കട്ടിലിനരികെ ഇരിക്കാൻ ഏർപ്പാട് ചെയ്ത നെർസ് ഡോക്ടറെ ഉടനെ വിവരം അറിയിച്ചു. ആന്റിബയോട്ടിക് നിർത്താനും ഒരു ബ്രോംഗോഡയലേറ്റർ കൊടുക്കുവാനും ഉത്തരവായി. രാത്രി കുറേ കഴിഞ്ഞപ്പോൾ  ഒരിത്തിരി ശമനം കിട്ടിയെന്നു തോന്നുന്നു. അയ്യോ ആവു എന്നുള്ള വിളി അല്പം കുറഞ്ഞു.

കണ്ണൻ ഇതെല്ലാം കാണുകയും കുറേയൊക്കെ കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് കണ്ണനു മനസ്സിലായില്ല. എന്താണ് എല്ലാവരും അമ്മുമ്മ കേൾക്കാതെ ഓരോന്നു പിറുപിറുക്കുന്നത്? എന്താണ് അവർ അമ്മുമ്മയിൽ നിന്നും മറച്ചു പിടിക്കുന്നത്? അമ്മ അച്ഛനോട് തിരിച്ചു പൊയ്ക്കൊള്ളാനും, അമ്മ അവധി രണ്ടാഴ്ച കൂടി നീട്ടാൻ പോകുകയാണെന്നും പറയുന്നത് കേട്ടു. കണ്ണന് ക്ഷമ കെട്ടു. ഇതെന്തു പറ്റി എല്ലാവർക്കും? ആരും എന്നോടെന്താ ഒന്നും പറയാത്തത്? അവന്റെ വിചാരം മുത്തച്ഛന്അവന്റെ മാത്രം സ്വന്തമാണെന്നായിരുന്നു.

അവസാനം അവൻ അമ്മയോട് രാത്രി ഉറങ്ങാൻ സമയം ചോദിച്ചു, അമ്മേ, മുത്തച്ഛനെന്താ അസുഖം? അത് മാറണ അസുഖല്ല്യേ? എന്തിനാ മുത്തച്ഛനു ട്യൂബിൽ കൂടി വെള്ളം കൊടുക്കണത്? നമ്മളു തിരിച്ചു പോവുമ്പോ മുത്തച്ഛൻ നമുക്കൊപ്പം വര്യോ? അങ്ങിനെ പോയി അവന്റെ ചോദ്യങ്ങൾ. എല്ലാറ്റിനും അവനു മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അമ്മ മറുപടി പറഞ്ഞു കൊടുത്തു.

അമ്മയുടെ മറുപടികൾ അവനിൽ കൂടുതൽ ചേദ്യങ്ങളുണർത്തുകയായിരുന്നു, അമ്മേ എന്തിനാ മുത്തച്ഛൻ മരിക്കുന്നത്? മുത്തച്ഛനു നമ്മളെ ഒക്കെ ഇഷ്ടല്ലേ? അപ്പൊ പിന്നെ കുറേ നാളു കൂടി നമ്മുടെ കൂടെ കഴിഞ്ഞൂടേ? നമുക്ക് മുത്തച്ഛൻ മരിക്കുന്നത് തടഞ്ഞൂടേ? ഉത്തരം പറയാൻ പ്രയാസമുള്ള ചോദ്യങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി അടർന്നു വീഴാൻ തുടങ്ങിയപ്പോൾ അമ്മ കണ്ണനോട് പറഞ്ഞു,
കണ്ണാ.... നേരം കൊറേ ആയി.... മിണ്ടാണ്ട് കിടന്ന് ഉറങ്ങു....

ഉത്തരങ്ങൾ കിട്ടാത്ത സങ്കടത്തിൽ കണ്ണൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. കൂരിരുട്ടിന്റെ തളക്കെട്ടും അമ്മയുടെ നെഞ്ചിന്റെ ചൂടും അവനെ ഉറക്കത്തിലേക്ക് ആഴ്ന്നിറക്കി.

പിറ്റെ ദിവസം ഡിസംബർ 26, വ്യാഴാഴ്ച. വൈകുന്നേരം എല്ലാ കുട്ടികളോടും നേരത്തെ തന്നെ കുളിക്കാൻ ഉത്തരവുണ്ടായിരുന്നു. കാരണം അന്നു സന്ധ്യക്കാണ് വെളിയന്നൂരിൽ കൂടി അയ്യപ്പജ്യോതി വരുന്ന ദിവസം. ആ സമയത്ത് പടിക്കൽ പോയി മുത്തച്ഛനു വേണ്ടി പ്രാർത്ഥിച്ച് പ്രസാദം മേടിക്കാൻ വേണ്ടി എല്ലാവരും തയ്യാറാവാൻ അമ്മുമ്മ പ്രത്യേകം പറഞ്ഞിരുന്നു.

അമ്മ നല്‍കിയ ഉത്തരങ്ങള്‍ കണ്ണനു തൃപ്തികരമല്ലാതിരുന്നതിനാല്‍ ഉച്ച കഴിഞ്ഞപ്പോൾ കണ്ണൻ പതുക്കെ മുത്തച്ഛന്റെ കട്ടിലിനരികിൽ ചെന്നു. ആ കാലുകളിൽ തലോടി. കാലുകൾക്ക് നല്ല തണുപ്പ്. കാലിൽ ആരോ തൊട്ടത് അറിഞ്ഞെന്നു തോന്നുന്നു, മുത്തച്ഛൻ കണ്ണ് തുറന്നു. അടുത്തേക്ക് വരുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. കണ്ണൻ അടുത്തേക്ക് ചെന്നു. കണ്ണന് പലതും ചോദിക്കണമെന്നുണ്ട്. പക്ഷെ മുത്തച്ഛന്റെ വാടിയ മുഖം കണ്ടപ്പോള്‍ അവന്‍ എല്ലാം മറന്നു. മുത്തച്ഛൻ കണ്ണന്റെ രണ്ടു കൈകളും കൂട്ടി പിടിച്ചു മാറോട് ചേർത്തു. എന്നിട്ട് കണ്ണന്റെ തലയിൽ കൈ വെയ്ച്ചു അനുഗ്രഹിച്ചു. എന്താണ് പറഞ്ഞതെന്ന് കണ്ണന് മനസ്സിലായില്ല. ശബ്ദം വളരെ മൃദുലമായിരുന്നു. എത്രനേരം അങ്ങിനെ കണ്ണനെ മാറോടണച്ചു എന്നറിയില്ല. പെട്ടന്നൊരു ചുമ വന്നു. കണ്ണൻ തല പൊക്കി നോക്കി. അവൻ കൈകൾ കൊണ്ട് മുത്തച്ഛന്റെ മാറിൽ തലോടി കൊടുത്തു. ചുമ കേട്ടിട്ടാവാം അമ്മുമ്മ മുറിയിലേക്ക് വന്നു. കണ്ണനോടു അപ്പുറത്ത് പോയി കളിക്കുവാൻ പറഞ്ഞു, അമ്മുമ്മ മുത്തച്ഛന്റെ അടുത്തിരുന്നു നെഞ്ചു തലോടി. വീശറി കൊണ്ട് വീശി.

എന്തോ, ചുമ മാറുന്നില്ല. ഇടയ്ക്ക് ഓക്കാനവും വരുന്നുണ്ട്. നാലുമണിയായപ്പോഴേക്കും മുത്തച്ഛന്റെ ഭാവം മാറി. ചുമയ്ക്കാൻ തന്നെ ശക്തിയില്ലാത്ത മട്ട്. ശ്വാസത്തിനും പ്രയാസം. അര മുതൽ താഴേക്ക് തണുപ്പു തോന്നിയ കാരണം അമ്മുമ്മ തോർത്ത് ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് തുടപ്പിച്ചു കൊടുത്തു. ആറുമണി ആയപ്പോഴേക്കും ശ്വാസത്തിനു നന്നേ പ്രയാസം തോന്നിച്ചു തുടങ്ങി. 

അതു കണ്ടിട്ട് ചേച്ചിയമ്മ പറഞ്ഞു, ഞാൻ ഗംഗാതീർത്ഥവും തുളസിയിലയും ഇവിടെ കൊണ്ടു വെയ്ച്ചേക്കാം. അഥവാ വേണ്ടി വന്നാൽ അപ്പോൾ പിന്നെ തിരക്കിട്ടെടുക്കേണ്ടല്ലോ?

ഏഴു മണിയായപ്പോൾ റോഡില്‍ അയ്യപ്പജ്യോതിയുടെ തിരക്കു തുടങ്ങി. അയ്യപ്പജ്യോതി എഴുന്നുള്ളീപ്പിച്ചുകൊണ്ടുള്ള ഘോഷയാത്ര വരവായി. കുട്ടികളേയും കൊണ്ട് അമ്മായിയും ചേച്ചിയും പടിക്കലേക്ക് നടന്നു. നാലു മക്കളും കൂടി മുത്തച്ഛനെ എണീപ്പിച്ചിരുത്താൻ നോക്കുന്നു ജനാലയിൽ കൂടി അയ്യപ്പജ്യോതി കാണാൻ. 

അമ്മുമ്മ ചോദിക്കുന്നു, കാണാൻ പറ്റുന്നുണ്ടോ?

മുത്തച്ചൻ തലയാട്ടിയതാണോ അതോ ശ്വാസം വലിച്ചെടുക്കാൻ ശ്രമിച്ചതാണോ എന്നറിയില്ല. തലയൊന്നാടി. വായ് തുറന്നു നാവു നീട്ടി. 

അതു കണ്ട ചേച്ചിയമ്മ പെട്ടെന്ന് പറഞ്ഞു, അച്ഛനെ അങ്ങിനെ ഇരുത്തണ്ടാ, കിടത്തു, ഗംഗാജലം കൊടുക്കാൻ സമയമായി. നാവ് നീട്ടുന്നത് കണ്ടില്ലേ.

മുത്തച്ഛനെ കിടത്തി. ചുറ്റിലുള്ളവരെല്ലാം ഗംഗാജലം നാവിൻ തുമ്പത്ത് തുളസിയിലയിൽ മുക്കി കൊടുത്തു. ചുറ്റുമുള്ള എല്ലാവരേയും ഒന്നു നോക്കി നല്ല പോലെ കണ്ണു വിടർത്തി തുറന്ന്. കത്തി തീരുന്ന ദീപത്തിന്റെ അവസാന ജ്വലനം! ആ കണ്ണുകൾ അടഞ്ഞു എന്നെന്നേക്കുമായി. അയ്യപ്പജ്യോതിക്കൊപ്പം മുത്തച്ഛന്റെ ആത്മാവും പോയി. മരണ സമയം എത്ര കൃത്യമായി മുൻപെ കണക്കു  കൂട്ടി കണ്ടിരുന്നു ആ ആത്മാവ്! അകത്തു നിന്നും കരച്ചിൽ കേട്ട് പടിക്കൽ നിന്ന എല്ലാവരും ഓടി വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു. കണ്ണനു തോന്നി താൻ പടിക്കൽ നിന്നിരുന്നപ്പോൾ ഒരു ചെറിയ കാറ്റ് പുറകിൽ നിന്നും തന്നെ തഴുകിയ പോലെ തോന്നിയത്! മുത്തച്ഛന്റെ അത്മാവിന്റെ പ്രയാണം. അങ്ങിനെ ഒരു യുഗാന്തരം കൂടി ചിരകാലസ്മരണയിലേക്ക് ആഴ്ന്നിറങ്ങിയ നിമിഷം. കണ്ണന് അവന്റെ ഒരു ചിറകൊടിഞ്ഞ പ്രതീതി. വാവിട്ട് കരയുന്ന പ്രായമായിരുന്നു അവന്റേതെങ്കിലും നിശബ്ദനായി അവൻ അകമെ നിലവിളിച്ചു. അതിന്റെ തെളിവായിരുന്നു ഇരുകണ്ണുകളിൽ നിന്നും വാർന്നൊഴുകിയ അവന്റെ കണ്ണുനീർ ചാലുകൾ!

കണ്ണൻ വീണ്ടും ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ നട്ടം തിരിഞ്ഞു. കണ്ണൻ അവനോട് തന്നെ ചോദിച്ചു, എന്തിനാ ഈ മുത്തച്ഛൻ മരിച്ചത്? ഇത്ര മരുന്നുകളും മന്ത്രങ്ങളും ഉള്ള ഈ ലോകത്തിനു എന്റെ മുത്തച്ഛനെ രക്ഷപ്പെടുത്താമായിരുന്നില്ലേ? ഈശ്വരൻ എന്തിനാ നല്ല മനുഷ്യരെ ഇങ്ങിനെ തിരിച്ചു വിളിക്കുന്നത്? അമ്മുമ്മ എന്താ കരഞ്ഞു പറയുന്നത്, മുത്തച്ഛനെ കൊണ്ടു പോയി എന്ന്? ആരു മുത്തച്ഛനെ കൊണ്ടു പോയി എന്നാണ് പറയുന്നത്? ഞാൻ കണ്ടില്ലല്ലൊ ആരും ഇവിടെ വന്നതായിട്ട്? എന്നാലും പോകും മുൻപ് മുത്തച്ഛനു ഈ കണ്ണനോടെങ്കിലും  പറയാമായിരുന്നു എങ്ങോട്ടാ പോകുന്നതെന്നും എപ്പോഴാ ഇനി തിരിച്ചു വരുന്നതെന്നും! മുത്തച്ഛൻ മരണത്തെ കണ്ടിരുന്നുവോ? മൂന്നു നാലു ദിവസങ്ങൾ മുൻപ് എന്തിനാ എന്നോട് അങ്ങിനെ പലതും പറഞ്ഞത്? കണ്ണൻ ഒന്നുറപ്പിച്ചു. എന്റെ മുത്തച്ഛൻ പറഞ്ഞപോലെ മുത്തച്ഛന്റെ ആത്മാവ് എന്റെ കൂടെ ഉണ്ടാവുമങ്കില്‍ മുത്തച്ഛൻ പറഞ്ഞു തന്നപോലെ എല്ലാം എന്നും ചെയ്യണം. ഞാനൊന്നു നോക്കട്ടെ മരിക്കാതിരിക്കാൻ എനിക്ക് മരുന്നു കണ്ടു പിടിക്കാൻ പറ്റുമോ എന്ന്. ഒരു മനുഷ്യയായ അമ്മയ്ക്കെന്നെ ജനിപ്പിക്കാമെങ്കിൽ പിന്നെന്താ ഒരു മനുഷ്യനായ എനിക്ക് അമ്മയേയും മറ്റുള്ളവരേയും മരണത്തിൽ നിന്നും രക്ഷിക്കാൻ പറ്റില്ലെന്നുണ്ടോ? ഞാനൊന്നു നോക്കട്ടെ. അതിനായി തന്നെ പഠിക്കണം. മുത്തച്ഛനു വേണ്ടി അതു ഞാൻ ചെയ്യും”.

ഒന്നും അറിയാതെയാണെങ്കിലും ആ കുഞ്ഞുമനസ്സ് അന്നു ആ പ്രതിജ്ഞയെടുത്ത് ഒരുക്കം തുടങ്ങി.
അന്ന് എസ്. എസ് എൽ. സി ആയിരുന്നു. റാങ്കോടെ ജയിക്കാൻ തന്നെ പഠിച്ചു. ഒന്നാം റാങ്ക് കിട്ടിയില്ല. കൃഷ്ണദാസ് എന്ന കണ്ണനു ഒന്നാം റാങ്കിൽ നിന്നും പത്ത് മാർക്ക് കുറവ്. നിരാശനായില്ല. മെഡിസിനു പോകാനുള്ള തയ്യാറെടുപ്പോടെ പ്രിഡിഗ്രിക്ക് രണ്ടാം ഗ്രൂപ് എടുത്ത് ചേർന്നു. തന്റെ റാങ്ക് തട്ടിയെടുത്ത ഒന്നും, മൂന്നും അഞ്ചും റാങ്കുകാരുടെ കൂടെ അതേ ക്ലാസിൽ കൃഷ്ണദാസും പഠിച്ചു സെന്റ് ബെർക്മാൻസ് കോളേജിൽ. രണ്ട് വർഷം പെട്ടെന്ന് പോയി. കോളേജിൽ പഠനത്തിനൊപ്പം ബാഡ്മിന്റണിലും കൃഷ്ണദാസ് മുൻപന്തിയിൽ തന്നെ. സ്പോർട്ട്സിനായി പഠനത്തിനിടയ്ക്ക് കുറച്ചു സമയം കളയേണ്ടി വന്നതിൽ കൃഷ്ണദാസിനു വിഷമുണ്ട് പക്ഷെ കഴിവതും കുറവ് തീർക്കാൻ ശ്രമിച്ചു. പരീക്ഷയടുത്ത സമയത്ത് , പഠിക്കാനുള്ള അവധി സമയത്ത്, കളിയൊഴുവാക്കാൻ ശ്രമിച്ചെങ്കിലും കൃഷ്ണദാസിന്റെ കായികാഭ്യാസ മയം പൂണ്ട ശരീരം അതിനനുവദിച്ചില്ല. ഈശ്വരനിശ്ചയമെ ഫലിക്കു എന്നോ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നോ എന്തു വേണമെങ്കിലും പറയാം. ചാറ്റമഴയത്ത് കളിച്ച കൃഷ്ണദാസിനു കലശലായ പനിയും ജലദോഷവും പിടിപെട്ടു. ശാരീരികാസ്വാസ്ത്യങ്ങൾ കൊടുമ്പിരികൊണ്ടപ്പോഴും കഴിയുന്നത്ര ശ്രദ്ധ കേന്ദ്രീകരിച്ച് കൃഷ്ണദാസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. പനിയും ശരീരക്ഷീണവും കൊണ്ട് പ്രാക്റ്റിക്കത്സ് മുഴുവൻ സമയവും നിന്നു ചെയ്യാൻ പ്രയാസം നേരിട്ടു. ഒരുവിധത്തിൽ പരീക്ഷകൾ കഴിച്ചു. പരീക്ഷാഫലം വന്നു. 93.2 ശതമാനം മാർക്ക്. അന്നു ഇന്നത്തെ പോലെ മുക്കിനും മൂലയ്ക്കും മെഡിക്കൽ കോളേജുകൾ ഇല്ല. പ്രവേശന പരീക്ഷയും ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാർക്ക് പറഞ്ഞിട്ടുള്ള സീറ്റുകളിൽ കേറിപ്പറ്റിയാൽ ആയി. മൊത്തമുള്ള മൂന്ന് മെഡിക്കൽ കോളേജുകളിൽ സംവരണങ്ങൾക്കായി മാറ്റിവയ്ച്ചിട്ടുള്ള സീറ്റുകളും സ്പോർട്സ് കോട്ടയിലുള്ള സീറ്റുകളും മാറ്റി നിർത്തിയിട്ട് ബാക്കിയുളളത് പ്രിഡിഗ്രിക്കാർക്കും ബി.എസ്.സി-ക്കാർക്കുമായി വീതിക്കും. അതും തലസ്ഥാനാടിസ്താനത്തിൽ. തലേ വർഷം, 92.4 ശതമാനം വരെയുള്ളവർക്ക് കിട്ടിയതാണ്. ഇക്കൊല്ലം കണ്ടറിയണം.

കൃഷ്ണദാസ് പ്രതീക്ഷയോടെ കാത്തിരുന്നു. പ്രവേശനപ്പട്ടിക പ്രസിദ്ധീകരിച്ചു. എന്തു പറയാൻ? ദൈവനിശ്ചയം മറ്റൊന്ന്! 0.02 ശതമാനത്തിന്റെ കുറവിൽ കൃഷ്ണദാസ് വൈറ്റിങ് ലിസ്റ്റിൽ! തലക്കേറ്റ പ്രഹരം കൃഷ്ണദാസിനു സഹിക്കാനായില്ല. ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ച പ്രതീതി. സങ്കടമോ അതോ തന്നോടു തന്നെയുള്ള ദേഷ്യമോ ഏതായിരുന്നു വലുതെന്നു പറയാൻ പ്രയാസം. പണ്ടത്തെ കണ്ണൻ കൃഷ്ണദാസിൽ രൂപം കൊണ്ടു. രാത്രി മുത്തച്ഛനോട് മുന്നോട്ടുള്ള തീരുമാനത്തിനു തുമ്പുണ്ടാക്കി തരാൻ ഉള്ളുരുകി പ്രാർത്ഥിച്ചു. അയ്യപ്പനെ മനസ്സിൽ ധ്യാനിച്ചു കണ്ണടച്ചു. മൂന്നു മണിയോടടുത്തു കാണും. കൃഷ്ണദാസ് കിടക്കയിൽ നിന്നും ചാടി എണീറ്റു! കണ്ണുകൾ തിരുമ്മി ചുറ്റിനും നോക്കി. കൂജയിൽ നിന്നും ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. തിരിച്ചു കിടക്കയിൽ വന്നിരുന്നു.

താൻ കണ്ടത് നേരോ? അല്ല നേരല്ല സ്വപ്നം തന്നെ പക്ഷെ ഇത്ര വ്യക്തമായി! തൊട്ടരുകിൽ വന്നു നിന്നു മുത്തച്ഛൻ ആശ്വസിപ്പിച്ചു പറഞ്ഞ ഓരോ വാക്കും കൃഷ്ണദാസിന്റെ മനസ്സിൽ കടലാസിൽ എഴുതിയിരിക്കുന്ന പോലെ തെളിഞ്ഞു വന്നു! മുത്തച്ഛൻ തന്റെ പേരക്കിടാവിനെ ആശ്വസിപ്പിച്ചു പറയുന്നു,

കണ്ണാ, ഞാൻ പണ്ട് പറഞ്ഞത് മറന്നു അല്ലേ? പതറരുത്, വിഷമിക്കരുത് ഇങ്ങിനെയുള്ള ഘട്ടത്തിൽ. കണ്ണനറിയുന്നത് ഒരു വശം മാത്രം. ഈശ്വരൻ നിന്നെ ഈ ലോകത്തേക്കയച്ചത് എന്തിനെന്നു നീയറിയുന്നില്ല. കണ്ണൻ വർഷങ്ങൾക്ക് മുൻപ് മനസ്സിലുറപ്പിച്ച ജീവിതലക്ഷ്യം ശരി തന്നെ. മറ്റുപലർക്കും കഴിയാത്തത് കണ്ണനു ചെയ്യാൻ കഴിയും. പക്ഷെ അതിനൊരു ഡോക്ടറായാലെ സാധിക്കു എന്നു പറയുന്നത് തെറ്റ്! ഒന്നു മനസ്സിലാക്കുക. ഒരു ഡോക്ടറ്ക്ക് അനുവദിച്ചിട്ടുള്ള മരുന്നുകളെ രോഗിക്ക് നൽകാനാവു. എന്നാൽ ഇന്നില്ലാത്ത ഒരു അൽഭുതമരുന്നു അവർ കണ്ടു പിടിക്കുന്നില്ല . അതിനു കണ്ണനു കഴിയണമെങ്കിൽ കണ്ടുപിടുത്തങ്ങളിലൂടെ ഇന്നത്തെ സ്വപ്നങ്ങളും മോഹങ്ങളും നാളേയുടെ യഥാർത്ഥമാക്കാൻ കഴിവുള്ള ഒരു ഗവേഷകനാവണം. ഉയരങ്ങളിലേക്ക് ഉയരണം. ഒരു ഡോക്ടറാകാൻ മാത്രമാണെങ്കിൽ കണ്ണനിനിയും കഴിയും, ബി-എസ്.സി കഴിഞ്ഞാൽ. അതു പോരാ കണ്ണാ. നിന്റെ ജന്മം അതിനു മാത്രമുള്ളതല്ല. ശാന്തനായി ഉറങ്ങു. നാളെ പുതിയൊരു തുടക്കം കുറിക്കു.
 
കണ്ണന് അതൊരു ഉണർവ്വായിരുന്നു. കൃഷ്ണദാസിന് അതൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നു. കൃഷ്ണദാസ് ഉയർന്നു. അന്നുവരെ സ്വപ്നം കാണാത്ത ഉയരത്തിൽ. അൽഭുതങ്ങളുടെ ഘോഷയാത്ര അവനെ പിന്തുടർന്നു. ബി.എസ്.സി കഴിഞ്ഞു. മെഡിസിനു ചേരാന്‍ വേണ്ടതിലധികം മാര്‍ക്കുണ്ട്. പക്ഷെ കൃഷ്ണദാസ് അപേക്ഷിച്ചില്ല. എം. എസ്. സിക്ക് പോയി. അതിനു ശേഷം പി.എച്. ഡി ക്കും. ബിരുദങ്ങൾ വാരിക്കൂട്ടി. പണത്തിനു വേണ്ടിയായിരുന്നില്ല കൃഷ്ണദാസ് നാടുവിട്ട് പാശ്ചാത്യദേശത്തേക്ക് കുടിയേറിയത്. അന്നത്തെ കാലത്ത് നാട്ടിൽ മേയ്യാൻ കഴിയാത്ത ശാസ്ത്രീയമേഖലകള്‍ പിടിച്ചടക്കുക ആയിരുന്നു കൃഷ്ണദാസിന്റെ ലക്ഷ്യം. 

മൃതസഞ്ചീവനി തേടിയുള്ള ഈ പ്രയാണത്തിനിടയിൽ കൃഷ്ണദാസ് ആദ്യം കണ്ടു പിടിച്ചത്  തന്നെ മനസ്സിലാക്കുമെന്നു കരുതിയ സഹധർമ്മിണിയെ ആയിരുന്നു. അച്ഛനിൽ നിന്നും കിട്ടിയ പൂണൂലൊരു കൈയ്യിലും മറ്റെകൈയ്യിൽ വിരലുകളാലെണ്ണാൻ ഒരു കൊന്തയും കൈക്കൊണ്ട കൃഷ്ണദാസ് പാശ്ചാത്യനാടിനനുയോജ്യമായോ അതോ മാമോദീസ മുങ്ങിയ സ്മരണക്കായോ കൃഷ്ണദാസ്  എന്ന തന്റെ പേരു മാറ്റി ക്രിസ് ആക്കീ മാറ്റി. രണ്ടുദ്ദേശത്തിനും അനുയോജ്യമായ നാമീകരണം! ആരെങ്കിലും പേരു ചോദിച്ചാൽ പേരു പറയും, ക്രിസ് (Kris) സ്റ്റാർറ്റിങ് വിത് ലെറ്റെർ കെ. ക്രിസ് പാശ്ചാത്യ നാട്ടിൽ വന്നും ബിരുദങ്ങൾ വാരിക്കൂട്ടി. 

ഒരു ദിവസം ക്രിസ് കാൻസറിനെ കുറിച്ചുള്ള ഒരു കണ്ടുപിടുത്തത്തെ അനുമാനിച്ചുള്ള ദേശീയ തലത്തിലുള്ള ഒരു വേദിയിൽ സംസാരിക്കുവാൻ ഇടയായി. പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നുമിറങ്ങിയപ്പോൾ പലരും അടുത്തു കൂടി പല ചോദ്യങ്ങളും ചോദിച്ചു. കൂട്ടത്തിൽ ഒരു വ്യക്തി, ക്രിസിനോട് ആംഗ്ലേയ ഭാഷയില്‍ സംസാരിച്ചത് ഈ വിധമായിരുന്നു.

എന്റെ പേരു ഫ്രെഡറിക്. എനിക്കൊരു ബയോടെക് കമ്പനി തുടങ്ങാൻ ആഗ്രഹമുണ്ട്. എന്താ എന്റെ കൂടെ ഒരു സാഹസത്തിന് തയ്യാറാണോ? ഒരു ഓഫീസ് മുറിയും അവിടെ വേണ്ട എല്ലാ സൌകര്യങ്ങളും ചോദിക്കുന്ന ശംബളവും, അവിടെ നിന്നും ഒരു പൂർണ്ണതയിലേക്ക് വേണ്ടതെല്ലാം കെട്ടിപ്പടുക്കുവാനുള്ള മൂലധനവും തരാം. എന്താ തയ്യാറാണോ. ഇതാ എന്റെ കാർഡ്. ആലോചിച്ചിട്ട് പറഞ്ഞാൽ മതി. തയ്യാറാണെങ്കിൽ വരു ആ കാർഡിൽ പറഞ്ഞിരിക്കുന്ന എന്റെ ഓഫീസിലേക്ക്. നമുക്കവിടെ ഇരുന്നു സംസാരിക്കാം. എന്റെ വീക്ഷണം ഞാൻ പറയാം. വിശ്വാസമായാൽ മാത്രം മുന്നോട്ട് പോയാൽ മതി. എന്താ?

ക്രിസ് ഒരു നിമിഷം നിശ്ചലനായി നിന്നു ആ മുഖത്തേക്കൊന്ന് ശ്രദ്ധിച്ചു. ഇതെന്താ, ഈശ്വരാവതാരമോ അതൊ, ഈശ്വരൻ എനിക്കായി അവതരിപ്പിച്ചു വിട്ട ബാങ്കറോ? ആലോചിക്കട്ടെ എന്നു പറഞ്ഞു പിരിഞ്ഞു, കാരണം അന്തര്രാഷ്ട്ര കമ്പനികളിൽ മുന്തിയ കമ്പനിയായ ഗ്ലാസ്കോ-യിൽ  ചേരാനുള്ള ഒരുക്കത്തിലായിരുന്നു ക്രിസ്. ക്രിസ് വീട്ടിലെത്തി. ഒരു ചായ കുടിച്ചു സോഫയിലിരുന്നു വിശ്രമിക്കുകയായിരുന്നു. വെറുതെ ടിവി ഓൺ ചെയ്തു. അതിലൂടെ വന്ന ഒരു ഡോക്യുമെന്ററി ക്രിസിനെ വല്ലാതെ ആകർഷിച്ചു, ഏറെ ചിന്തിപ്പിച്ചു. ഒന്നുമില്ലായ്മയിൽ നിന്നും ഒരു ചെറിയ ആശയം മറ്റൊരു വ്യക്തിയിൽ ജനിപ്പിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തി മുടക്കിയ മൂലധനം കൊണ്ട് കോടാനുകോടി മനുഷ്യർക്കുപകാരവും അതുപോലെ ലാഭവും ഉണ്ടാക്കിയ ഒരു ബിസിനസ്സിന്റെ കഥ!

അടുത്ത ദിവസം തന്നെ ക്രിസ് ഫ്രെഡറിക്കിനെ വിളിച്ചു. ചെല്ലാമെന്നു പറഞ്ഞു. ആ വാരാന്ത്യത്തിൽ ആ കൂടിക്കാഴ്ച നടന്നു. അന്നൊരിക്കലും ക്രിസ് കരുതിയില്ല  ജീവിതസാഫല്യസാക്ഷാത്കാരങ്ങൾ ജീവിതത്തിൽ നിർവൃതിയണിയിക്കാനുള്ള നിമിഷങ്ങളുടെ ഒരു തുടക്കമാണതെന്ന്. കണ്ണന്റെ മുത്തച്ഛനോ അല്ലെങ്കില്‍ ഈശ്വരനോ അനന്തതയിൽ നിന്നും ഒരൊറ്റ ലക്ഷ്യവും കൽപ്പാന്ത ചിന്തകളും ഒന്നിച്ചാനയിച്ച ഒരു സുവർണ്ണ നിമിഷം. അവർ പലതും സംസാരിച്ചു. അങ്ങോട്ടുമിങ്ങോട്ടും ഏറെ മതിപ്പനുഭവപ്പെട്ടു. പക്ഷെ ഫ്രഡറിക് പറഞ്ഞ ചില സംഗതികൾ ക്രിസിനെ വല്ലാതെ ആകർഷിച്ചു, ഉൾക്കണ്ണ് കൊണ്ടതിനെ വിലയിരുത്തി. ഫ്രഡറിക് തന്റെ വീക്ഷണത്തിലൂടെ പറഞ്ഞതിതാണ്,

എത്രയെത്ര വലിയ കമ്പനികൾ രൂപം കൊണ്ടു കഴിഞ്ഞു. ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാർ അനേക വർഷങ്ങൾ പരിശ്രമിക്കുന്നു കാൻസറിനെ കീഴടക്കാൻ. ലുക്കീമിയ-ക്ക് ഒരു നല്ല പരിധി വരെ ശമനം കിട്ടാൻ ഇന്നു മരുന്നുണ്ട്. എന്നാൽ ഇനിയുമെത്ര ഗുരുതരമായ കാൻസറുകൾ ഉണ്ട് കീഴടക്കാൻ. എന്തു കൊണ്ടവർക്ക് അതിനു പറ്റുന്നില്ല? അവർക്ക് അവർ ഏർപ്പെടുന്നത് ഒരു ജോലിയായി മാത്രമെ കാണാന്‍ കഴിയുന്നുള്ളു. അവർ ലാഭങ്ങൾക്കായി പുതിയ മരുന്നുകൾ കണ്ടെത്തുന്നു. ചികിൽസക്കായല്ല. രോഗികൾക്കായല്ല. നമ്മൾ രോഗികൾക്ക് വേണ്ടിയാവും മരുന്നുകൾ കണ്ടെത്തുക, ഉണ്ടാക്കുക. ഞാൻ ഈ സംരംഭത്തിന് മുടക്കാൻ പോകുന്ന മൂലധനം വിയർപ്പിന്റെ ഗന്ധമുള്ളതാണ്. ചൂതു കളിച്ചോ, കബളിപ്പിച്ചോ ഉണ്ടാക്കിയ മുതലല്ല. അതുകൊണ്ട് തന്നെ എന്റെ ഉദ്ദേശവും വേറെയാണ്. നമ്മൾ രോഗികൾക്ക് വേണ്ടിയായിരിക്കും കണ്ടു പിടുത്തങ്ങൾ നടത്തുക. നമ്മൾ ചിലവഴിക്കുന്ന ഓരോ നിമിഷവും അവരുടെ അറ്റു പോകുന്ന നിമിഷങ്ങൾ തിരിച്ചു പിടിക്കാൻ വേണ്ടിയുള്ളതായിരിക്കും. നമ്മുടെ ഔഷധങ്ങൾക്ക് വിധേയരാവുന്ന ഓരോ രോഗിക്കും അവരുടെ ആദ്യത്തെ ഡോസ് നമ്മുടെ കൈകൾ കൊണ്ടായിരിക്കും നൽകുക. അവരറിയണം. അവരെ മനസ്സിലാക്കുന്നവർ അവരുടെ വേദനയറിയുന്നവർ എല്ലാവരും മരിച്ചിട്ടില്ല എന്ന്. നമുക്ക് കിട്ടുന്ന ലാഭത്തിന്റെ പത്ത് ശതമാനം അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കുന്ന മരുന്നുകളുടെ പത്ത് ശതമാനം ചികിത്സക്ക് പണമില്ലാത്തവർക്ക് സൌജന്യമായി നമ്മൾ നൽകും. എത്രനാൾ അവരുടെ ജീവൻ നമുക്ക് നീട്ടിക്കൊടുക്കുവാൻ കഴിയുന്നുവോ അതായിരിക്കും നമ്മുടെ ലാഭം”.

അന്നുവരെ ലോകത്താരും ചിന്തിക്കാത്ത, ഉന്നയിക്കാത്ത, മനസ്സ് തുറക്കാത്ത ആശയങ്ങൾ! ക്രിസിനു തോന്നി ഞാൻ ആദ്യമായി ഒരു മനുഷ്യനെ കാണുന്നു എന്റെ മുത്തച്ഛൻ മരിച്ചതിനു ശേഷം! ഒരു പുതിയ ബന്ധം അവിടെ തുടങ്ങുകയായിരുന്നു.

അടുത്ത പത്തു വർഷം കഠിനമായിരുന്നു എന്നാൽ മനക്കരുത്തും, ദൃഢമായ ലക്ഷ്യവും അതായിരുന്നു അവരുടെ ഊർജ്ജം. തുടക്കത്തിൽ ലാബുകൾ ഇല്ലായിരുന്നു. പണിയാൻ തുടങ്ങിയിട്ടേയുള്ളു. ഉണ്ടായിരുന്ന മൂലധനമെല്ലാം അതിനായി മാറ്റിവെയ്ച്ചിരിക്കുന്നു. ശംബളത്തിനു പോലും കമ്പനിയിൽ കാശില്ല. കൂടുതൽ മുതൽമുടക്ക് വേണമെങ്കിൽ കാശു തരാൻ ആളുകളുണ്ട്. പക്ഷെ അവർക്ക് ഡാറ്റയും റിസൾറ്റും കാണണം. വാഗ്ദാനങ്ങള്‍ മാത്രം പോര. മുന്നോട്ട് പോകാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല. എന്തെങ്കിലും ഒരു വഴി കണ്ടില്ലെങ്കിൽ മുടക്കിയ മുതലും നഷ്ടമാവും. മാത്രമോ, കമ്പനിയിലെ  കുടുംബങ്ങള്‍ വഴിയാധാരവുമാവും. അവസാനം ക്രിസ് ഒരു വഴി കണ്ടുപിടിച്ചു. ക്രിസ് മുന്നൂറ് മൈലുകൾക്കപ്പുറമുള്ള ഒരു യുണിവേറ്സിറ്റിയിൽ പരിചയത്തിന്റെ ബലത്തിൽ ഒരു ലാബിനുള്ള സ്ഥലം വാടകക്കെടുത്ത് പരീക്ഷണങ്ങൾ നടത്തുവാൻ വഴിയൊരുക്കി. 

വാരാന്ത്യത്തിൽ മാത്രം വീട്ടിലെത്തും. വീട്ടിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ അമ്മയ്കൊപ്പം അച്ഛനേയും കാത്ത് തിങ്കൾ മുതൽ വെള്ളി വരെ കാത്തിരിക്കും. ചെറിയ കുട്ടിക്ക് വയസ് രണ്ട് മാസം! മൂത്തകുട്ടിക്ക് മൂന്ന് വയസ്! ചിലപ്പോൾ മോഹഭംഗത്താലും, നിരാശയാലും, വേദനയാലും, കോപത്താലും ഭാര്യ (എലിസ) പറയും, സാധാരണ പത്ത് മാസം ഭാരം ചുമന്നാൽ പിന്നെ ഭാരം ചുമക്കാൻ ഭർത്താക്കന്മാർ ഉണ്ടാവും. ഇവിടെയോ, ജനിപ്പിക്കാൻ മാത്രം പേരിനായി ഒരാൾ! ജീവിപ്പിക്കാൻ മറ്റുള്ളവർ വേണം. കഴിഞ്ഞ ജന്മം ചെയ്ത കർമ്മദോഷത്തിന്റെ ഫലം. അല്ലാതെന്താ. ക്രിസ് ഒന്നും മിണ്ടാറില്ല. കമ്പനിയിലെ വിഷമങ്ങൾ ഒന്നും സഹധർമ്മണിയോട് പറഞ്ഞിട്ടില്ല. സഹധർമ്മണി കരുതുന്നത് ആഴ്ച മുഴുവൻ ക്രിസ് അവിടെ സുഖലോലുപനായി കഴിയുകയാണെന്നാണ്. വിഷമിക്കരുതെന്നു കരുതി ഒന്നും പറഞ്ഞിട്ടില്ല. ഉച്ചയൂണിനു പോലും കമ്പനിയില്‍ കാശില്ലെന്നതും ഉച്ചയൂണു സമയം താന്‍ വെളളം കുടിച്ചു വിശപ്പടക്കുന്നതും അവനില്‍ മാത്രം ഒതുക്കി നിര്‍ത്തി. കഴിഞ്ഞ രണ്ട് മാസത്തെ ശംബളം പോലും ഫ്രഡറിക്കിന്റെ സ്വന്തം അക്കൌണ്ടിൽ നിന്നുമാണ് എടുത്തു തന്നതെന്ന് ക്രിസിനു മാത്രം അറിയാം. 

മുത്തച്ഛനും ഈശ്വരനും അവിടേയും ക്രിസിന് തുണയായി വന്നു. അൽഭുതകരമായി പരീക്ഷണ ഫലങ്ങൾ ആറ് മാസത്തിനകം വിജയിച്ചു. കൊച്ചു കുട്ടികളുടെ ബ്രൈൻ ട്യുമറിനുള്ളതും, വനിതകളുടെ ഗർഭപാത്ര അർബ്ബുദത്തിനുള്ളതുമായ രണ്ട് പുതിയ മരുന്നുകള്‍! അടുത്ത മൂന്നു മാസത്തിനുള്ളിൽ കമ്പനി നൂറ് ലക്ഷം ഡോളറിലധികം മുതൽമുടക്ക് മൂലധനമായി നിക്ഷേപങ്ങളായി പലരില്‍ നിന്നും ശേഖരിച്ചു. സ്വന്തം ലാബായി, കൂടുതൽ ആളുകളായി സഹായത്തിന്. വിവിധ വിഭാഗങ്ങൾ ആയി. പുതിയ മരുന്നു ക്ലിനിക്കിൽ പരിശോധനയ്ക്ക് തയ്യാറായി.

ആദ്യത്തെ ആറ് കുട്ടികളിൽ പരിശോധന-മരുന്ന് കീമോ പ്രോട്ടൊക്കോൾ പ്രകാരം കൊടുക്കാൻ അനുവാദം കിട്ടി. അതിലെ ഒരു കുട്ടിയുടെ പേരു മൈക്കിൾ. 3 വയസ്സ് പ്രായം. ഇരട്ടക്കുട്ടികളിൽ ഒരുവൻ. മൈക്കിളും, ബോബും. അച്ഛൻ സൈന്യത്തിലായിരുന്നു. അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ മരിച്ചു. അമ്മയും അമ്മാവനുമാണ് കൂടെ ചികിത്സക്കായി വന്നിരിക്കുന്നത്. മൈക്കിളിനാണ് അസുഖം. ജനിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോൾ കണ്ടു പിടിച്ചതാണ്.  കുട്ടികൾക്ക് വരുന്ന ഒരുതരം ഗ്ലിയോമാസ് ട്യുമർ തലച്ചോറിൽ! ഇരട്ടകളിൽ ഒരാൾക്കെ ഇതുവരെ ഇത് പിടിപെട്ടിട്ടുള്ളു. കുടുംബം മെംഫിസ്, ടെന്നിസിയിൽ ഉള്ള സെന്റ് ജൂഡ്  ആശുപത്രിയിൽ ചികിത്സക്കായി എത്തി. ഫ്രഡ്രിക്കിന്റെ ആദ്യനിശ്ചയമനുസരിച്ച്, ആദ്യത്തെ മരുന്നിന്റെ ഡോസ് കൊടുക്കുമ്പോൾ കമ്പനിയിൽ നിന്നും ഓരോ ആൾക്കാരെ ഓരോ ആശുപത്രിയിലേക്ക് അയക്കാൻ തീരുമാനിച്ചു. ക്രിസ് ചെന്നത് മേൽപ്പറഞ്ഞ കുട്ടിയുടെ രോഗശയ്യക്കരുകിലേക്കായിരുന്നു.

ക്രിസ് അവിടെ എത്തി. സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശം വെളിപ്പെടുത്തി. ചാരിതാർത്ഥ്യത്തിന്റെ ഒരസുലഭനിമിഷം! സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ ഔഷധം ഒരു രോഗിയുടെ സിരകളിലൂടെ മരുന്നിന്റെ സൃഷ്ടാവ് തന്നെ ആദ്യതുള്ളികൾ നൽകുന്ന ഒരവസ്ഥയിൽ ഒരു ഡോക്ടർക്ക് പോലും അവകാശപ്പെടാനും അനുഭവവിക്കാനും കഴിയാത്ത ചേതോവികാരമാണ് ക്രിസിനുണ്ടായത്. ആ സമയം ആരേയായിരിക്കും ക്രിസ് മനസ്സിൽ ഓർത്തതെന്നും ധ്യാനിച്ചതെന്നും പറയേണ്ടതില്ലല്ലൊ. എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചു.
ക്രിസ് തിരിച്ചു പോന്നു. കമ്പനിയിലെ തുടർന്നുള്ള കാര്യങ്ങളിൽ മുഴുകി ജീവിതം മുന്നോട്ട് കൊണ്ടു പോയി. വർഷങ്ങൾ മുന്നോട്ട് നീങ്ങി. അതോടൊപ്പം ക്രിസിന്റെ പദവിയും. ഒറ്റയാനായി തുടങ്ങിയ ക്രിസ് ഇന്നു കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. ഭാരിച്ച ചുമതലകൾ. ചുമതലക്കൊപ്പം സേവനത്തിനും ആളേറെയായി. ഓഫീസ് പല നിലകളിലായി. ക്രിസ് നാലാം നിലയിൽ.

2009, ജനുവരി 13. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. സമയം രാവിലെ 10 മണിയോടടുത്തിരിക്കും.  നാലാം നിലയിലെ ഓഫീസ് കവാടത്തിലെ മണി മുഴങ്ങി. ക്രിസിന്റെ സെക്രടറി ചെന്നു വാതിൽ തുറന്നു. അതിഥികളോട് ഇരിക്കാൻ പറഞ്ഞു. ക്രിസിന്റെ ഓഫീസിൽ തിരിച്ച് വന്ന് വിവരമറിയിച്ചു. ആരോ കാണാൻ വന്നിരിക്കുന്നു. അവരെ അകത്തേക്ക് കൊണ്ടു വരാൻ ക്രിസ് പറഞ്ഞു. സെക്രടറി പോയി അതിഥികളെ ക്രിസിന്റെ ഓഫീസിൽ എത്തിച്ചു.

മെ വി കം ഇൻ ഒരു സ്ത്രീ ശബ്ദം! അപ്രതീക്ഷിതമായി സ്ത്രീശബ്ദം കേട്ട് കമ്പ്യൂട്ടറിൽ കണ്ണും നട്ടിരുന്ന ക്രിസിന്റെ കണ്ണുകൾ വാതില്‍ക്കലേക്ക് തിരിഞ്ഞു. അതിഥികളെ കണ്ടു. ക്രിസ് എണീറ്റു. ഒരു സ്ത്രീയും രണ്ട് കുട്ടികളും. എവിടെയോ കണ്ട ഒരു മുഖ പരിചയം. ശരിയായി ഓര്‍ക്കുന്നില്ല! 

ക്രിസ് ചോദിച്ചു, മാം..വാട്ട് കാൻ ഐ ഡു ഫോർ യു?

ആ സ്ത്രീ മറുപടി പറഞ്ഞു (ഇംഗ്ലീഷിൽ), ഞങ്ങൾ ഒക്കളഹോമയിൽ നിന്നും വരുന്നു. എനിക്ക് കമ്പനിയുടെ മാനേജ്മെന്റുമായി ഒരല്പം സംസാരിക്കണം

ക്രിസ് ഒന്നു പരിഭ്രമിച്ചു. അമേരിക്കയല്ലേ, കാരണം ഒന്നും വേണ്ട കമ്പനികൾക്കെതിരെ കേസുകൊടുക്കാൻ. പ്രത്യേകിച്ച് വളർന്നു വരുന്ന കമ്പനികൾക്കെതിരെ. പരിഭ്രമം പുറമെ കാണിക്കാതെ ക്രിസ് അവരോട് കൂടെ വരുവാന്‍ പറഞ്ഞു മുന്നില്‍ നടന്നു. ക്രിസ് അവരേയും കുട്ടി പന്ത്രണ്ടാം നിലയിലുള്ള ഫ്രഡിന്റെ ഓഫീസിൽ ചെന്നു. വാതിലിൽ മുട്ടി വിളിച്ചു, കാര്യം പറഞ്ഞു. ഫ്രഡിനും സംശയം. ഇങ്ങിനെ ഇതാദ്യമായിട്ടാണ്. അതുകൊണ്ട് കമ്പനിയുടെ വക്കീലിനെ കൂടി കൂട്ടി. അവരെ മീറ്റിങ് മുറിയിലേക്ക് കൊണ്ടു പോയി. വാതിൽ ചാരി. സ്ത്രീയോടും കുട്ടികളോടും ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ഫ്രഡ്, അവരെ എങ്ങിനെ ക്രിസ് അഭിസംബോധന ചെയ്തോ അതേപോലെ, ചോദിച്ചു ആ സ്ത്രീയോട്. 

അവർ മറുപടി പറഞ്ഞു, (ഇംഗ്ലീഷിൽ) ഞങ്ങൾ ഒക്കളഹോമയിൽ നിന്നും നിങ്ങളെ കാണുവാൻ വേണ്ടി മാത്രമാണ് വന്നത്. അതും ഈ കുട്ടികളുടെ നിർബ്ബന്ധപ്രകാരം. ഇതെന്റെ ഇരട്ടക്കുട്ടികൾ. ഇവരിൽ മൈക്കളിനു മൂന്നു വർഷങ്ങൾക്ക് മുൻപ് ഗ്ലിയോമാസിനുള്ള കീമോ നടത്തേണ്ടി വന്നിരുന്നു. നിങ്ങൾ കണ്ടെത്തിയ പുതിയ മരുന്നാണ് മൈക്കിളിനു നൽകിയത്. ഇന്നവന്റെ ആറാമത്തെ പിറന്നാളാണ്. അവന് നിർബ്ബന്ധം അവനു മൂന്നു ബര്‍ത്ഡേ കൂടി നല്‍കിയ നിങ്ങളെയൊക്കെ കണ്ട്  നന്ദി പറയാൻ!

ക്രിസ് തരിച്ചിരുന്നു പോയി! കണ്ണ് നിറയാതിരിക്കാൻ ആവത് ശ്രമിച്ചു. താനെന്താണ് കാണുന്നത്? സ്വപ്നമോ യാഥാര്ത്ഥ്യമോ? മൂന്നു വർഷം മുൻപ് താൻ ഒരു കുഞ്ഞു ശരീരത്തിലേക്ക് കടത്തി വിട്ട താൻ തന്നെ തന്റെ കൈകൾ കൊണ്ടുണ്ടാക്കിയ മരുന്നിന്റെ ഫലമായി, അഞ്ചു മാസം മാത്രം അന്നു വിധിയെഴുതിയിരുന്ന ആ കുഞ്ഞ് ഇതാ ജീവനോടെ തന്റെ മുന്നിൽ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം! 42 വർഷങ്ങൾക്ക് മുൻപ് താൻ എടുത്ത പ്രതിജ്ഞ ഇതാ ഇന്നു സാക്ഷാൽകരിക്കപ്പെട്ടിരിക്കുന്നു. 

ആ സ്ത്രീയേയും കുട്ടികളേയും നോക്കി ഫ്രഡ്രിക് പറഞ്ഞു, (ഇംഗ്ലീഷിൽ) ദാറ്റ് ഈസ് സോ നൈസ് ഓഫ് യു ഓൾ. എന്നെയല്ല നോക്കേണ്ടത്. പുതിയൊരു ജന്മം തന്നതിനു നന്ദി പറയേണ്ടത് എന്നോടല്ല. ഞാന്‍ ഒരു നിമിത്തം മാത്രം. ദാ നോക്കു, ഈ മേശയുടെ മറ്റേ അറ്റത്ത് ഇരിക്കുന്ന ആളില്ലേ, അതാണ് ക്രിസ്. ഹി വാസ് യുവർ ലൈഫ് സേവർ. ക്രിസ് സ്വന്തം കൈകൾ കൊണ്ടുണ്ടാക്കിയ മരുന്നിന്റെ ഫലമാണ് ഈ ഇരിക്കുന്ന ജീവന്‍ ഇന്നും നില നില്‍ക്കുന്ന നിങ്ങളുടെ കുട്ടി. ക്രിസിനോടാണ് നിങ്ങള്‍ നന്ദി പറയേണ്ടത്”.

അനങ്ങാതെ ക്രിസിന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന മൈക്കിളിനെ  തൊട്ട് വിളിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു, മൈക്കിൾ താങ്ക് ഹിം. താങ്ക് ക്രിസ് അങ്കിൾ ഫോർ ഗിവിങ് യു അനതെർ 3 മോർ ബെർത്ഡേയ്സ്!

മൈക്കിൾ ഒന്നും മിണ്ടിയില്ല. അവൻ പിന്നേയും ക്രിസിന്റെ മുഖത്തേക്ക് കണ്ണുംനട്ട് നിൽക്കുകയാണ്. തൊട്ടടുത്തു നിന്ന രണ്ടാമൻ ബോബ്, മൈക്കിളിന്റെ കൈയ്യിൽ പിടിച്ചു ക്രിസിന്റെ അടുത്തേക്ക് കൊണ്ടു ചെന്നു.

മൈക്കിൾ തന്റെ നിശബ്ദതയ്ക്ക് അവസാനം വിരാമമിട്ടു. അവൻ ക്രിസിനോട് ഇംഗ്ലീഷിൽ ചോദിച്ചത് എന്താണെന്നറിയാമോ?

ക്രിസ് അങ്കിൾ, എനിക്ക് എന്റെ ബോബുമായി കളിച്ചു രസിച്ചു ജീവിക്കാനായി ഒരു രണ്ടാംജന്മം തന്ന ആ കൈവിരലുകളിൽ ഞാനൊന്ന് തൊട്ടോട്ടെ?അവന്ക്രിസിന്റെ കൈവിരലുകളില്തൊട്ട് കുരിശു വരച്ചു! അവന്റെ ഈശ്വരനായിരുന്നു ആ കൈവിരലുകള്‍!

ഒരു പിഞ്ചു കുഞ്ഞിന്റെ ആഗ്രഹം നിറവേറി! ഒരു ജീവന്റെ വില, അതിന്റെ മൂല്യമെന്താണെന്നു ആ വാക്കുകളിൽ തെളിഞ്ഞു നിൽപ്പുണ്ട്. ഇന്നത്തെ ലോകത്ത് പലരും മറന്നു പോയ ജീവന്റെ വില! 

ഈശ്വരൻ തന്റെ മുന്നിൽ വന്നു നിൽക്കും പോലെയാണ് ക്രിസിന് മൈക്കിളിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തോന്നിയത്. ആ സ്പർശനം പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു തേജസ്സാണ്, ശക്തിയാണ് ക്രിസിന്റെ സിരകളിലേക്ക് പകർന്നത്. ക്രിസ് ആ നിമിഷം വികാരാധീനനായി! മൈക്കിളിനെ വാരിപ്പുണ്ണർന്ന് തേങ്ങലടക്കാനാവാതെ കരഞ്ഞു പോയി ക്രിസ്! താൻ രക്ഷിച്ച പ്രാണനുകളിൽ ഇതാ ഒന്ന് അവന്റെ കൈകൾക്കുള്ളിൽ! ഇതിലപ്പുറം മറ്റൊരു വിജയമുണ്ടാവുമോ ഒരു മനുഷ്യ ജന്മത്തിന്? മൈക്കിളിനൊപ്പം ക്രിസ്സും ആ ദിവസം പുനർജനിക്കുകയായിരുന്നു!

അവർ പോകാനിറങ്ങി. വാതിൽക്കൽ എത്തിയപ്പോൾ മൈക്കിൾ എന്തോ അവന്റെ അമ്മയുടെ ചെവിയിൽ പറയുന്നത് കണ്ടു. എന്താണെന്ന് കേട്ടില്ല. എന്നാൽ മൈക്കിളിന്റെ അമ്മയുടെ മറുപടി കേട്ടു. അതു ഞാൻ പിന്നീട് ചോദിച്ച് മനസ്സിലാക്കാംഎന്നായിരുന്നു. എന്താണെന്ന് പിടികിട്ടിയില്ല. മൈക്കിളിന്റെ അമ്മ ഫ്രഡ്രിക്കിന്റെ അരുകിൽ ചെന്നു ബിസ്നസ് കാർഡ് ചോദിച്ചു വാങ്ങിക്കുന്നതും കണ്ടു. അവർ പോയി.
പത്ത് മാസങ്ങൾ പോയതറിഞ്ഞില്ല. ക്രിസിനു രണ്ടാണ്മക്കളാണ്. മൂത്തയാൾക്ക് പത്ത് വയസ്. ഇളയാൾക്ക് ഏഴു വയസ്.  എന്തോ പതിവില്ലാത്തെ അക്കൊല്ലം ഡാഡിയുടെ പിറന്നാൾ ആഘോഷിക്കാൻ ക്രിസിന്റെ മൂത്ത മകനും അമ്മയും കൂടി നിര്‍ബ്ബന്ധം! പിറന്നാൾ ദിവസം ഒരു തിങ്കളാഴ്ചയായിരുന്നതിനാൽ വൈകുന്നേരം പുറത്ത് റെസ്റ്റോറണ്ടിൽ അത്താഴത്തിന് ക്രിസിന്റെ ഭാര്യ എലിസ ഒരുക്കങ്ങൾ നടത്തി. ഇത്രനാൾ ഇല്ലാത്ത ഈയൊരു പുതിയ ചടങ്ങെന്തിനാണെന്ന് ചോദിച്ചതിനു കിട്ടിയ മറുപടി, മകന്റെ ഒരു ആഗ്രഹമാണ് എന്നു മാത്രമായിരുന്നു. ആയിക്കോട്ടെ എന്നു ക്രിസും കരുതി, കാരണം പലപ്പോഴും പുറത്ത് കഴിക്കാൻ പോകാമെന്ന് പറഞ്ഞാൽ വരാൻ തയ്യാറല്ലാത്ത ഭാര്യയ്ക്ക് ഈ മനം മറ്റം ഭാവിയിൽ നല്ല ബുദ്ധി തോന്നിക്കാന്‍ കാരണമാകുമെന്ന് ക്രിസ് കരുതി.

പറഞ്ഞ പ്രകാരം, ക്രിസ് ഓഫീസിൽ നിന്നും നേരിട്ട് റെസ്റ്റോറണ്ടിൽ 7 മണിക്ക് എത്തി. അകത്തു കയറി  റിസപ്ഷനിൽ ചോദിച്ചു, തന്റെ കുടുംബത്തിന്റെ റിസർവേഷന്റെ കാര്യം. അവർ വലത് വശത്തുള്ള പാർട്ടി മുറി കാണിച്ചു കൊടുത്തു. ക്രിസ് അങ്ങോട്ട് ചെന്നു. വാതിൽ തുറന്നു അകത്തു കയറിയതും, ലൈറ്റ് തെളിയിച്ച് ഹാപ്പി ബെർത്ത്ഡേയുടെ ആർപ്പുവിളികളുണര്‍ന്നു. ആരൊക്കെയാണ് സന്നിഹിതരെന്ന് ക്രിസ് ശ്രദ്ധിച്ചു നോക്കി. ക്രിസിന് തനെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

തന്റെ രണ്ടു മക്കൾ, ഭാര്യ എലിസ പിന്നെ അതാ മൈക്കിളും, ബോബും അവരുടെ അമ്മയും!!! എന്തു പറയണമെന്നറിയാതെ ക്രിസ് തരിച്ചു നിന്നു. 

അവസാനം ചെറുതായി ചുണ്ടനക്കി പറഞ്ഞു, താങ്ക്സ് ഗൈസ്.....”. താന്‍ വരദാനമായി മൈക്കിളിനു നല്‍കിയ ബര്‍ത്ത്ഡേകള്‍ക്ക് പകരം നന്ദി പറയാന്‍ അവൻ കുടുംബത്തേയും കൂട്ടി വന്നിരിക്കുന്നു മൈലുകള്‍ക്കപ്പുറത്തു നിന്നും ക്രിസിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍, ആ സുദിനത്തില്‍ പങ്കു ചേരാന്‍!
അപ്പോഴാണ് എലിസയും മൈക്കിളിന്റെ അമ്മയും ആ നാടകീയ രംഗസൃഷ്ടിയുടെ ചുരുളയിച്ചത്. അന്നു കമ്പനിയിൽ നിന്നും പോകുന്ന സമയം മൈക്കിൾ അമ്മയുടെ ചെവിയിൽ ചോദിച്ചത് ക്രിസിന്റെ പിറന്നാൾ എന്നാണെന്ന് രഹസ്യമായി ചോദിച്ചറിയാനാണ്. അതിനാണ് മൈക്കിളിന്റെ അമ്മ ഫ്രഡ്രിക്കിന്റെ ബിസ്നസ് കാർഡ് മേടിച്ചത്. ഫ്രഡിനെ വിളിച്ചു എന്റെ വീട്ടിലെ ഫോൺ നമ്പർ മേടിച്ചു. എന്നിട്ട് എലിസയെ വിളിച്ചു. എല്ലാം പറഞ്ഞു.  ബാക്കി എല്ലാം അവർ ഒത്തു ചേർന്ന് ചെയ്ത പണികളാണ് മൈക്കിളിന്റെ ആഗ്രഹം നിറവേറ്റാൻ!

എലിസ മനസ്സ് തുറന്ന് സന്തോഷത്തോടെ ഈ ചുരുളുകൾ അഴിച്ചപ്പോൾ മറുപടിയായി ക്രിസ് അവന്റെ മനസ്സിൽ പറഞ്ഞു, എലിസാ, ഇപ്പോഴെങ്കിലും മനസ്സിലായോ... ഞാന്‍ നിന്നേയും പിഞ്ചു കുഞ്ഞുങ്ങളേയും ഇട്ടിട്ടു അന്നു  ആഴ്ചതോറും പോയിരുന്നത് കഴിഞ്ഞ ജന്മത്തിലെ കര്‍മ്മദൂഷ്യം കൊണ്ടല്ല. കര്‍മ്മപുണ്യം കൊണ്ടാണ്.  നമ്മള്‍ രണ്ടു മക്കളെ മാത്രമെ ജനിപ്പിച്ചിട്ടുളളു.. എന്നാല്‍ ഇന്നു നോക്കു നമുക്കു പിറക്കാത്ത എത്ര പിഞ്ചുകുഞ്ഞുങ്ങൾക്ക് നമ്മള്‍ പുനര്‍ജന്മം നല്‍കി. അന്നു ഞാന്‍ അതിന് മുതിര്‍ന്നില്ലെങ്കില്‍ എത്ര കുഞ്ഞാത്മാക്കള്‍ ഇന്നു നമ്മെ ശപിക്കുമായിരുന്നു പരലോകത്തു നിന്ന്. ഈ ജന്മത്തിലെ കര്‍മ്മദൂഷ്യം അടുത്ത ജന്മത്തില്‍ ചുമക്കാന്‍ നമ്മള്‍ ശപിക്കപ്പെട്ടേനേ....? നമ്മുടെ ജന്മം ഇന്നിവിടെ സഫലമാകുന്നു...ഇനിയൊരു മനുഷ്യജന്മം നമുക്കുണ്ടെങ്കില്‍ പ്രാണന്‍ നീട്ടുകയാവില്ല മരണത്തെ നമുക്ക് വെല്ലിടാം ഒരുമിച്ചു തന്നെ..... ആ രാത്രി ക്രിസ് ശാന്തനായുറങ്ങി മുത്തച്ഛന്‍ തലോടിയുറക്കിയ തെന്നലില്‍ ലയിച്ച്..



No comments:

Post a Comment