Sunday, August 25, 2019

വെണ്ണിലാക്കിണ്ണത്തിൽ വാൽമീകം ചാലിച്ച്.......


വിരലിലെണ്ണാവുന്ന ഇഷ്ടങ്ങളിൽ ചൂണ്ടുവിരലിനു തുല്യമായിരിക്കും കപിലന്റെ ഏകാന്തത! കപിലനോട് പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. കപിലാ, നിന്റെ ഈ ഏകാന്തപ്രണയം കൊണ്ട് നീ ഒറ്റപ്പെടുകയല്ലേ മറ്റുള്ളവരിൽ നിന്നും.

അതിനുത്തരം കപിലനുണ്ടായിരുന്നു, ഒരു ഒറ്റപ്പെടൽ ഒഴിവാക്കാനായി ഞാൻ ഏറെ എല്ലാവരേയും സ്നേഹിച്ചു. മതിയാവോളം. എന്നാൽ സ്നേഹത്തിന്റെ ആത്മാർത്ഥത വളരെയധികം കൂടിപ്പോയതിനാൽ മിക്കവർക്കും കപിലൻ ഒരൽഭുതമായിരുന്നു. അവിശ്വസനീയമായ സ്നേഹം മിക്കവരിലും അവിശ്വാസം ജനിപ്പിച്ചു. ആ അസ്വസ്ഥത ഏറിയ എല്ലാവരും കപിലനെ ഒറ്റപ്പെടുത്തി. അങ്ങിനെ കപിലൻ ഏകനായി, ഏകാന്തതയെ സ്നേഹിക്കാൻ തുടങ്ങി. ഒരിക്കലും മറ്റൊരു ഒറ്റപ്പെടലിന് അടിമയാവാതിരിക്കാൻ വേണ്ടി!

ഉത്തരം നൽകി ഏകാന്തതയിലേക്ക് നടന്നപ്പോഴും കപിലൻ ആലോചിക്കുകയായിരുന്നു താൻ നൽകിയ മറുപടിയുടെ പൊരുൾ! താൻ പറഞ്ഞ ഏകാന്തത മറ്റെത്രപേർ കണ്ടിട്ടുണ്ട്? നിശബ്ദത ഘനീഭവിച്ച ഏകാന്തതയിൽ ശൂന്യത കൂടും. അത്തരത്തിലുള്ള ഏകാന്തതയല്ല തന്റെ സഹചാരി. പ്രകൃതിയുടെ ഏകാന്തത! അത് മനോഹരമാണ്, മനസ്സിനെ മത്തു പിടിപ്പിക്കുന്ന ലഹരിയുണ്ടതിന്. പ്രകൃതിയുടെ ഏകാന്തതയിൽ പ്രകൃതിയുടെ ശബ്ദവീചികൾ ഉണ്ടാവും. മരച്ചില്ലകളുടെ മർമ്മരമുവും, കിളികളുടെ കാകളങ്ങളും വളരെ നിർമ്മലമായ മധുരഗാനത്തിന്റെ പശ്ചാത്തലസംഗീതം പോലെ കാതങ്ങളെ തലോടുന്ന, മനസ്സിനെ ശീതളീകരിക്കുന്ന ഒരു വരദാനമായേ കപിലനവന്റെ ഏകാന്തതയെ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളു. ഇപ്പറഞ്ഞ ഏകാന്തത പകൽത്തണലിൽ ആണെങ്കിൽ സന്ധ്യമയങ്ങി നിഴലുകൾ മങ്ങുമ്പോൾ, വെണ്ണിലാവിൽ ചാലിച്ച നിലാപ്പൂവിന്റെ നീലിമയിൽ ആഗതയാവുന്ന ഏകാന്തതയോ? അതാണ് സത്യത്തിൽ മനസ്സിനെ മത്ത് പിടിപ്പിക്കുന്ന ഏകാന്തത! വെണ്ണിലാതിങ്കൾ മാനത്ത് ഉദിച്ചുപൊങ്ങുന്ന സമയം. കിളികൾ ചേക്കേറുന്ന നേരം! രാപ്പാടികൾ സാധകം ചെയ്യുന്ന പിന്നണി! പ്രകൃതിയുടെ മധുരരാവിന്റെ സൌന്ദര്യദേവി നിശാഗന്ധിയണിഞ്ഞ് വെണ്ണിലാവിൽ കുളിച്ച് ഈറനണിഞ്ഞ് വരുന്ന സമയം, കാതങ്ങളിൽ  സംഗീതം പകരുന്ന പ്രകൃതിയും ആ നിലാവും കപിലന് കൂട്ടിനായുള്ളപ്പോൾ ഒറ്റപ്പെടുത്തലിനെ അവൻ എന്തിനു ഭയക്കണം? സ്വയമറിയുന്ന സമയമാണ് ഏകാന്തത. തനിക്ക് താൻ തന്നെ ചങ്ങാതിയാവുന്ന സമയം! ഏകാന്തതയിൽ നിശ്വസിച്ച ശ്വാസം ശൂന്യതയിൽ അവന്റെ ഓർമ്മകളായി ഇന്നും അവനെ തലോടാറുണ്ട്. നിലാവുള്ള രാവുകളിൽ മൂടൽമഞ്ഞ് കണക്കെ അവന്റെ ഓർമ്മകളും ചിന്തകളും അന്തരീക്ഷത്തിന് പുതപ്പണിയുന്ന പോലെ അവനനുഭവപ്പെടാറുണ്ട്.

കപിലന്റെ നിഴലിനും മറ്റു നിഴലുകളെ പോലെ ഇരുട്ടിനെ ഭയമായിരുന്നു, വെളിച്ചത്തോട് പ്രണയവും! അതുകൊണ്ടായിരിക്കാം, നിഴലില്ലാതെ രാവിന്റെ ചുരുളഴിയും സമയം അലയുന്ന കപിലനെ കണ്ടപ്പോൾ, ഒരാമാനുഷിക രൂപം ഇരുട്ടിന്റെ ഏകാന്തത പങ്കുവെയ്ക്കാൻ കപിലന്റെ അരികിലേക്ക് വന്നത്. ആരെന്നു വ്യക്തമായി മനസ്സിലാകാഞ്ഞത് കൊണ്ടാകാം, കപിലൻ തന്റെ മുന്നിലെ ഇരുട്ടിനെ വിരലുകൾ കൊണ്ട് വകഞ്ഞ് മാറ്റി നോക്കി ആ പുതിയ ആഗതനായ തന്റെ അതിഥിയെ. തന്റെ അകൃതിയിൽ നിന്നും നന്നേ വ്യത്യസ്തം. സമാധാനമായി. വകഞ്ഞു മാറ്റിയ ഇരുളിനിടയിലേക്ക് നുഴഞ്ഞു കയറിയ തന്റെ തന്നെ നിഴലല്ലല്ലൊ എന്ന ആശ്വാസം കപിലന്റെ വിഭ്രാന്തി കുറച്ചു!

എന്നാലും അവ്യക്തം. ആകൃതിയിൽ വളവുതിരിവുകൾ. രൂപമില്ല എന്നാൽ ഭാവമുണ്ട്. വികാരമില്ല എന്നാൽ സ്പർശനസുഖമുണ്ട്. ആരാണീ പുതിയൊരു ജന്മം? ആഗമനോദ്ദേശം? പുതിയൊരു ആദിക്ക് സമയമായില്ലല്ലോ? വഴി തെറ്റിവന്ന വഴിപോക്കനോ അതോ അന്തിയുറങ്ങാൻ സത്രം തേടി വന്നവനോ? ചോദ്യങ്ങൾ കപിലൻ തന്നോട് തന്നെയായിരുന്നു. 

ആഗതനോട് ചോദ്യമാരായും മുൻപ് ഉത്തരം ഇങ്ങോട്ടായി. ഞാൻ വേതാളം. ബ്രാഹ്മണകുമാരാ, നീ നിന്റെ പൈതൃകം ഒരു മേലങ്കി കണക്കെ ഉരിഞ്ഞെറിഞ്ഞു നടന്നില്ലേ മുന്നോട്ട് നിന്റെ അമ്മയുടെ നാട്ടിൽ നിന്ന്? നീ വന്ന വഴിയിൽ നിനക്ക് പിന്നിലായി ഞാനുമുണ്ടായിരുന്നു. നിന്റെ നിഴലായല്ല, മറിച്ച് കുമാരന്റെ മുന്മറഞ്ഞ ജീവാത്മാക്കളുടെ പുരുഹാരമായി  അവതരിച്ച് ഞാൻ നിന്നെ പിന്തുടർന്നു. നിന്നെ ഞാൻ ശ്രദ്ധിച്ചു. നിന്നെ ഞാൻ പഠിച്ചു. നിന്നിൽ ഞാൻ എന്നിൽ കാണാത്തത് കണ്ടു, ആസ്വദിച്ചു. കുമാരാ നിന്നെ എനിക്കേറെ ഇഷ്ടമായി. നീ വിജയിച്ച പരീക്ഷണങ്ങൾ നീ തോളിൽ തൂക്കിയിട്ടു പ്രദർശിപ്പിച്ചു നടന്നു. എന്നാൽ തോൽവിയുടെ ഗന്ധമുള്ള പരീക്ഷണങ്ങൾ നീ ചോദ്യചിഹ്നങ്ങളായി പിന്നിലേക്ക് വലിച്ചെറിഞ്ഞു മുന്നോട്ട് നടന്ന് നീങ്ങിയപ്പോൾ, എന്തുകൊണ്ട് ചില പരീക്ഷണങ്ങളിൽ നീ പരാജയപ്പെട്ടു എന്നന്വേഷിക്കാൻ നിനക്ക് സമയമില്ലായിരുന്നു. അതു കണ്ടെത്താൻ ഞാനവയെ എന്റെ ഭാരമായ് ചുമന്നു. പുറം തോടുകളും ചകരിനാരുകളും വലിച്ചുരിഞ്ഞപ്പോൾ അതിനുള്ളിൽ വിജയത്തിന്റെ ഒളിഞ്ഞിരിക്കുന്ന കണികകൾ ഞാൻ തിരിച്ചറിഞ്ഞു. അത് ഞാൻ എന്റെ നെഞ്ചകത്ത് നിനക്കായ് സൂക്ഷിച്ചു. കാരണം നിന്നോട് ഞാൻ അത്രമാത്രം അടുത്തു കഴിഞ്ഞിരുന്നു. നീ പറിച്ചെറിഞ്ഞാലും നിന്റെ നെഞ്ചകത്ത് പറ്റിപ്പിടിച്ചു ഞാൻ കിടക്കും. എന്നിട്ട് നിന്റെ കാതങ്ങളിൽ ഞാനോതും നിനക്കുത്തരമില്ലാതായതും ഞാൻ കണ്ടുപിടിച്ചതുമായ ഉത്തരങ്ങൾ.
പറഞ്ഞു നിർത്തിയ വേതാളത്തെ ഞാനൊന്നു സൂക്ഷിച്ചു നോക്കി. ഞാനറിയാതെ എന്നെ പ്രണയിച്ച വേതാളത്തെ! നോക്കി നിൽക്കും തോറും എന്റെ വേതാളത്തിനു കാന്തി ഏറി വരുന്നതു പോലെ!
എന്റെ വേതാളത്തിന് പുരാണങ്ങളിലെ പൈശാചിക ഭാവമില്ല. എന്നാൽ വസിഷ്ഠമുനി വിളമ്പിയ അവതാരമാണോ ഈ വേതാളം എന്നുറപ്പുമില്ല. ആരോടിതു ചോദിച്ചുറപ്പിക്കാൻ? ശ്രീരാമനോ വിക്രമാദിത്യനോ ഇന്നില്ല. പാവം! നടന്നില്ലേ കുറേ വർഷങ്ങളായി ബ്രാഹ്മണനു പുറകെ മോക്ഷം കിട്ടാനായി. ഇരുപത്തിഅഞ്ചിലധികം വേതാളങ്ങൾ പുരാണമലയാളഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിലെ ഏതു വേതാളമാണിതെന്ന് പറയാൻ പ്രയാസം. കപിലനെ വേതാളത്തോടടുപ്പിക്കാൻ മറ്റൊരു സംഗതി കൂടിയുണ്ട്. കപിലന് കേട്ടറിവുള്ള വേതാളത്തിന് സ്വഭാവത്തിൽ ഒരു സാദൃശ്യമുണ്ട്.

പണ്ടൊരിക്കൽ അപരാധിയായ ഒരു രാജാവിനോട് വേതാളം ചോദിച്ച ചോദ്യം. വസിഷ്ഠൻ ശ്രീരാമനെ പറഞ്ഞു കേൾപ്പിച്ച വേതാളക്കഥയിലെ ഒരു ചോദ്യം. അതിന്നും കപിലന്റെ മനസ്സിലുണ്ട്. ഇതായിരുന്നു ആ ചോദ്യം.

സ്വപ്നത്തിൽ നൂറുകണക്കിലും ആയിരക്കണക്കിലും സ്വപ്നതാരങ്ങളെ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്താലും ഭാസുരമായ സ്വരൂപത്തിനുത്തരവാദിയായ ആ സ്വപ്നജ്യോതി സ്വപ്നത്തിലെഴുന്നള്ളിയാൽ ആ സ്വപ്നം യാഥാർത്ഥ്യമായി ഭവിച്ചതു പോലെ ഉണർന്നാലും ഓർത്തിരിക്കും. എന്നാൽ ആരായിരിക്കും ആ ജ്യോതി?രാജാവ് പറഞ്ഞ ഉത്തരവുമായി കപിലൻ യോജിക്കുന്നില്ല. കപിലന് ശരിയെന്നു തോന്നി മനസ്സിൽ ഉറപ്പിച്ച ഉത്തരം താഴെ പറയാം.

കപിലനായി അറിയപ്പെട്ട ഈ ബ്രാഹ്മണപുത്രനും ഭാഗവതത്തിൽ പറഞ്ഞിരിക്കുന്ന ബ്രഹ്മാവിന്റെ പൌത്രിയായ ദേവഹൂതിയിൽ പിറന്ന പുത്രനോ, മറ്റു വേദങ്ങളിൽ പറഞ്ഞിരിക്കുന്ന ഒൻപത് നാമീകരത്തിനധിപരായ മഹർഷിമാരിൽ ഒരുവനോ അല്ല. എന്നാലും ഒരു മാതാവിന്റെ ഒറ്റമകൻ എന്ന ബഹുമതിക്ക് ആദ്യം വിവരിച്ച കപിലജന്മവും കപിലനും അർഹതർ തന്നെ! അമ്മയെ കഴിഞ്ഞെ മറ്റെന്തുമുള്ളു എന്നഭ്യസിച്ച് ജീവിച്ചു പോന്ന ഈ കപിലൻ അവസാനം കാണിച്ചതെന്തേ? അമ്മയെ തനിച്ചാക്കി, ജന്മനാടു വെടിഞ്ഞു ലോകം മുഴുവൻ ചുറ്റി നടന്നു. കപിലന്റെ അമ്മ ഇന്നു തപോനിഷ്ഠയിലാണ്. തിരിച്ചു ചെന്നാൽ കപിലനെ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ! അമ്മയുടെ സ്നേഹം മതിവരാതെ കപിലനിന്ന് നിർവീര്യനായി വെറുമൊരു ചിതല്പുറ്റായി വെന്തെരിയുന്നു. അമ്മയുടെ കോപാഗ്നി ഒരു ധൂമകോപമായി കപിലന് ചുറ്റുമുണ്ടോ എന്നു സംശയം. അത്തരമൊരവസരത്തിൽ വേതാള വാൽമീകം ഇളനീരിലും പുണ്യമല്ലേ? അനുഭവിച്ചു തീരാത്ത മാതൃസ്നേഹം, അമ്മയോടുള്ള അടുപ്പം ഇതാണ് കപിലനെ വേതാളത്തോട് ഇത്രയധികം അടുപ്പിച്ചത്. 

എന്താ, മുകളിലുള്ള വേതാളത്തിന്റെ ചോദ്യത്തിനുത്തരം മനസ്സിലായില്ല എന്നുണ്ടോ? ഉത്തരം- അമ്മ! അതുകൊണ്ട്, ഇനിയുള്ള കാലം എന്റെ തോൾ സഞ്ചിയിലെ ഒരു പിടി വാൽമീകമായി എനിക്കൊരു വഴികാട്ടിയായി ഈ പ്രാണനിൽ വസിക്കട്ടെ എന്ന് ഞാനും കരുതി.

അന്നത്തെ ആ സന്ധ്യാസമയം ഇന്നും വ്യക്തമായി കപിലനോർക്കുന്നു. അന്ന്, അസ്തമനത്തിനൊരുങ്ങിയ സൂര്യന് ഒട്ടും കുണ്ഠിതമുണ്ടായിരുന്നില്ല. പ്രഭാതത്തിലുദിച്ച അതേ ശോഭ. സൂര്യന്റെ അന്നത്തെ തിളക്കം കൂട്ടി, പശ്ചിമദിശയിൽ നിറക്കൂട്ടിട്ട കരിംകൂവളനിറമാർന്ന മേഘദൂതൻ! എന്തുകൊണ്ടാണന്ന് സൂര്യൻ ത്യേജോമയിയായത് എന്നറിയില്ല. ഒരു പക്ഷെ, കപിലൻ എന്നത് സൂര്യൻ എന്ന പദത്തിന്റെ പര്യായമായി പുരാണത്തിൽ വർണ്ണിച്ചിരിക്കുന്നത് കൊണ്ടാവാം! വാനത്തിൽ അതിവേഗം മേഘക്കൂട്ടങ്ങൾ കരിംഭൂതം കണക്കെ പടർന്ന് പന്തലിച്ചു. മിന്നൽ പിണറുകൾ വെള്ളിവാളിന്റെ മൂർച്ചയറിയിച്ചു. അന്നുമുതൽ വേതാളം കപിലനരികിൽ വരുമ്പോൾ വെള്ളിവാളിന്റെ മിന്നൽപിണരുകൾ വീശിയായിരുന്നു വന്നിരുന്നത് എന്നതാണ് സത്യം! അന്നത്തെ സന്ധ്യയെ ഓർമ്മിപ്പിക്കുവാൻ വേണ്ടി ആയിരുന്നിരിക്കാം.
ഞാൻ വാകമരച്ചുവട്ടിൽ നിന്നും തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞു. പിറകിൽ നിന്നും അമർത്തിയ സ്വരത്തിൽ വേതാളം കൈകൊട്ടി എന്നെ വിളിച്ചു. എന്നിട്ട് മരക്കൊമ്പിൽ നിന്നും താഴെയിറങ്ങി. കൈയ്യിൽ ഇരുന്നിരുന്ന വെള്ളിക്കോൽ അരയിൽ തിരുകി എന്നോടു ചോദിച്ചു.

അതേ, ബ്രാഹ്മണകുമാര, ഒന്നു നിൽക്കു. നീ അറിയാൻ കാത്തിരുന്നതും ഇത്രയും നാൾ അന്വേഷിച്ച് നടന്നിരുന്നതുമായ അമ്മയുടെ വാത്സല്ല്യത്തെ കുറിച്ചു നിനക്കെന്നോട് ഒന്നും ചോദിക്കാനില്ലേ?

എന്ത്? ഞാൻ മറന്നിരുന്നിരുന്ന ആ ജീവശിഖയുടെ രഹസ്യമറിയുന്ന മറ്റൊരു ജന്മമോ? ഇല്ല ഞാൻ കേട്ടത് തെറ്റിയതാവാം.മനസ്സിൽ അങ്ങിനെ കരുതി പിന്തിരിഞ്ഞു നടക്കാൻ നടത്തിയ രണ്ടാമത്തെ ശ്രമവും ഒരു വൃഥാശ്രമമായി മാറുകയായിരുന്നു. ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്ന ജിഞാസകൊണ്ട് കാലനങ്ങിയില്ല എന്നു മാത്രമല്ല. എന്റെ നിൽപ്പിന്റെ സ്ഥാനം വേതാളത്തോട് കൂടുതൽ അടുക്കുകയായിരുന്നു. 

എന്റെ സംശയങ്ങൾ എനിക്കു ചോദിക്കാമോ എന്റെ വേതാളത്തോട്?അതായിരുന്നു കപിലന്റെ  ആദ്യത്തെ ചോദ്യം വേതാളത്തോട്.

വേതാളം, ചോദിക്കാം, നിനക്കെന്നോട് എപ്പോൾ വേണമെങ്കിലും എന്തു വേണമെങ്കിലും ചോദിക്കാം. എന്നാൽ ഒരു നിഷ്ഠയുണ്ടാവും നമുക്കിടയിൽ.ഒരു ചോദ്യം ഒരുവട്ടം മാത്രം. ആവർത്തനരൂപം പാടില്ല. അതുപോലെ, കുമാരന്റെ ചോദ്യങ്ങൾക്ക് എന്ന് എന്നിൽ ഉത്തരമില്ലാതെയാവുന്നുവോ അന്നു ഞാൻ കുമാരനിൽ നിന്നും മറയും, എന്താ സമ്മതമാണോ?

ഞാൻ തലയാട്ടിക്കൊണ്ട് ഇങ്ങിനെ മനസ്സിൽ കരുതി, ഈ വേതാളം തരക്കേടില്ലല്ലോ? ഉപാധികളും നിബന്ധനകളും വളരെ ദൃഢവും ആഴമേറിയതും. എന്നാൽ നമുക്കൊരു ശ്രമം നടത്താം ഈ വേതാളത്തെ ഉത്തരം മുട്ടിക്കാൻ. അഥവാ എനിക്ക് വേതാളത്തെ ഉത്തരം മുട്ടിക്കാൻ സാദ്ധിച്ചില്ലെങ്കിൽ അവസാനമായി വേതാളം പറഞ്ഞു നിർത്തിയതിന്റെ പൊരുൾ, എന്റെ മരണത്തോടൊപ്പം എനിക്കൊപ്പം എന്റെ വേതാളവും ഈ ലോകം വിടുമെന്നല്ലേ?”.

ഞാൻ ചോദിച്ചു, "വേതാളമേ, മാതൃസ്നേഹം മതിവരുംമുൻപ്‌ നാടുവിട്ട് പോരേണ്ടതായി വന്നു. വന്നുപെട്ടത്‌ പണക്കൊതിയരുടെ നീർച്ചാലുകളിലെ ഒരു മത്സ്യാവതാരമായിട്ട്! കൊത്തിനോവിപ്പിക്കാനിടുന്ന ചൂണ്ടയിൽ നിന്നും തെന്നിമാറി നീന്തി തുടിച്ച് രാപകലെണ്ണുന്ന ഈ പ്രവാസിക്കോ ഒരു ഓട്ടകീശമാത്രം ബാക്കി! ആവശ്യക്കാർ വേണ്ടതിലധികം തീറെഴുതി മേടിച്ചു ഒന്നും കുറിക്കാത്ത വെള്ളക്കടലാസിൽ. ചോദിക്കുന്നവരോട് പറ്റില്ല എന്നൊരു വാക്ക് ഉച്ചരിക്കാൻ നാവിറങ്ങിയത് കൊണ്ട്! തിരിച്ചോ? ഒപ്പിട്ട് കൊടുത്ത പേന തിരിച്ചൊരു സമ്മാനമായി നീട്ടിയപ്പോൾ കൈകൾ കൂപ്പി. എന്നാൽ കൂപ്പിയ കൈകൾക്കടിയിലൂടെ ആഴ്ത്തിയിറക്കി മനസ്സിലേക്ക്!  മനസ്സിൽ ഏറെ പുരണ്ട ചെളിയുടെ നിറം മനസ്സിലായപ്പോഴാണ് ബോധമുദിച്ചത്‌. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മാതൃസ്നേഹത്തോടൊപ്പം സ്നേഹത്തിന്റെ പലമുഖങ്ങളൂം  എനിക്ക് നഷ്ടമായി. ഓർമ്മയിൽ പലതിൽ ഒരേയൊരു മുഖം മാത്രം തിരിച്ച് കൊണ്ടു വരുവാൻ പലവുരു ശ്രമിച്ച സമയമൊക്കെയും അവ്യക്തമായ ഒരു മൂടൽമഞ്ഞു കണക്കെ കോർത്തിണക്കമില്ലാത്ത ധൂമ ബിന്ദുക്കളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളു. ആ മുഖവും എനിക്ക് നഷ്ടപ്പെട്ട എന്റെ അമ്മയുടെ സ്നേഹാമൃതവും എന്റെ മനസ്സിലേക്ക് ഒന്നു കൊണ്ടു വരാമോ എന്റെ വേതാളമേ?"

വേതാളം പുച്ഛരസത്തിൽ എന്നെയൊന്നു നോക്കി പുഞ്ചിരിച്ചു. എന്നിട്ടിങ്ങിനെ തുടങ്ങി.
അമ്മയുടെ കണ്ണീരും, അച്ഛന്റെ ശകാരവും, കാമുകിയുടെ ആശങ്കയും, കൂട്ടുകാരുടെ കുറ്റം പറച്ചിലും, മക്കളുടെ തീരാത്ത മോഹങ്ങളും, ഭാര്യയുടെ പറഞ്ഞാൽ തീരാത്ത ആവശ്യങ്ങളും അവിടെയുമുണ്ട് ഇവിടെയുമുണ്ട് കുമാരാ. എന്നാൽ നീ ഇന്നു കാണുന്ന കറുപ്പിൽ വെള്ളയുടെ വെള്ളിമിന്നലുകൾ നീ കാണാൻ മറക്കുന്നു. അത്രയെ ഉള്ളു വ്യത്യ്യാസം. സമയമുണ്ടെങ്കിൽ ഞാൻ വിശദമായി പറയാം.
സമയം ആവശ്യത്തിനുണ്ടെന്ന് തലയാട്ടി. വേതാളാത്തിന്റെ അറിവിന്റെ ആഴം ഒന്നളക്കാം എന്നതായിരുന്നു പ്രഥമ ഉദ്ദേശം.

വേതാളം വാചാലനായി മാറുകയായിരുന്നു.

മാതൃസ്നേഹത്തെക്കുറിച്ച് പറയുന്നതിനു മുൻപായി സ്നേഹത്തെ കുറിച്ചു ഒരു ചെറിയ മുഖവുര. അതിൽ നിന്നാവാം തുടക്കം. ബൌദ്ധികശക്തിയുടെ ഇരിപ്പിടം തലച്ചോറെന്നും, തലച്ചോറിന്റെ കണ്ണാടിയാണ് നമ്മുടെ നയനങ്ങളെന്നും, മനസ്സിന്റെ ചാഞ്ചല്ല്യാവസ്ഥയെ മസ്തിഷ്കം നയനങ്ങളിലൂടെ കാട്ടുന്ന തീർത്ഥമാത്രയാണ് കണ്ണീരെന്നും ആദ്യമെഴുതിയ മുനിമാർ. ആ മുനിമാർ ഒന്നു കൂടി എഴുതിച്ചേർത്തു. ആ പറഞ്ഞ മനസ്സിനുമുണ്ടൊരു കണ്ണാടി. മനസ്സിന്റെ കണ്ണാടിയാണ് ഉൾക്കണ്ണുകളെന്നും ഉൾക്കണ്ണിലൂടെ ഒഴുകുന്ന നിവേദ്യമാണ് സ്നേഹമെന്നും മുനിമാരുടെ എഴുത്തോലകളിൽ പകർത്തി. എന്നാൽ ആ ലിഖിതങ്ങളിൽ മാഞ്ഞുപോയ രണ്ടുത്തരങ്ങളുടെ ചോദ്യങ്ങൾ ഇന്നും മായാതെ നിൽക്കുന്നു.
എന്താണ് ഈ സ്നേഹം? എവിടെയാണീ സ്നേഹത്തിന്റെ ഉറവിടം?

ഗവേഷകർ പറഞ്ഞു, സ്ഥിതികോർജ്ജത്തെ അവലംബം തേടാതെ മനോവികാരങ്ങളിൽ നിന്നും ഗമനോർജ്ജം കാണുന്ന ഒരേ ഒരു വസ്തു. ഗദ്യപദ്യാധിപർ പറഞ്ഞു, ആയിരമായിരം മാനസനയനങ്ങളും
ഹൃദയസംഗീതഭാവുകവുമാർന്ന ഒരു വസ്തു. എന്നാൽ സാധാരണക്കാർ പറഞ്ഞു, കാണാൻ പറ്റുന്നതും, അറിയാൻ പറ്റുന്നതും, അനുഭവിക്കാൻ പറ്റുന്നതും എന്നാൽ അളവുകോലു കൊണ്ട് അളക്കാനോ, തുലാസിൽ ഭാരം കണക്കാക്കാൻ സാധിക്കാത്തതുമായ ഒരു മഹാൽഭുതമാണ് സ്നേഹം?

ഇതിൽ ഏതാണ് സത്യമെന്നല്ലേ? അതിനുത്തരം, പൂർണ്ണസംതൃപ്തി തോന്നിയ ഒരു വിവരണവും ഇന്നുവരെ കണ്ടിട്ടില്ല എന്നത് തന്നെ. എന്നിരുന്നാലും, സ്നേഹത്തെ നമുക്ക് കാണാം, അനുഭവിക്കാം. സ്നേഹത്തിന് മുഖങ്ങളേറെ ഭാവങ്ങളേറെ. ഉൽഭവസ്ഥാനത്തേയും മാനസികാവസ്ഥയേയും അവലംബിച്ചിരിക്കും ആ ഭാവവ്യത്യാസങ്ങൾ. അമ്മയുടെ സ്നേഹഭാവമല്ല അച്ഛനിൽ നിന്നുദിക്കുന്ന സ്നേഹത്തിന്. തിരിച്ചു മാതാപിതാക്കളോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെ മുഖഭാവം മറ്റൊന്നല്ലേ?  സഹോദരി-സഹോദര സ്നേഹത്തിന്റെ മുഖം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പ്രണയത്തിനടിമപ്പെട്ട ഹൃദയങ്ങൾ കൈമാറുന്ന സ്നേഹം, അതിലും വ്യത്യസ്തം. അങ്ങിനെ എത്രയെത്ര മുഖഭാവങ്ങൾ സ്നേഹത്തിന്?

ഹാസ്യഭാവത്തിൽ സ്നേഹത്തെക്കുറിച്ച് പണ്ടാരോ പറഞ്ഞതോർക്കുന്നുണ്ടോ കുമാരൻ? ചോദിക്കുന്നത് കേട്ടിട്ടില്ലേ

ഒരു തുള്ളി സ്നേഹം തരാൻ അല്ലെങ്കിൽ കൊടുക്കാൻ. എന്താ സ്നേഹം വെള്ളമാണോ തുള്ളിയായി നൽകാനും മേടിക്കുവാനും എന്നു ചോദിക്കാം ഇവരോട്

മറ്റുചിലർക്ക് സ്നേഹം വാരിക്കൊടുക്കണം! എന്താ സ്നേഹം മണലോ, ധാന്യമോ ആണോ വാരിക്കൊടുക്കാൻ എന്ന ചോദ്യമുണ്ടാവാം?

ഇനി മറ്റുചിലർക്ക് സ്നേഹത്തിൽ പൊതിയണം! എന്താ സ്നേഹം കടലാസായിരിക്കാം ഇവർക്ക്!
മറ്റു ചിലർക്ക് സ്നേഹം മയക്കു മരുന്നാണ്! കേട്ടിട്ടില്ലേ സ്നേഹം കൊണ്ട് മയങ്ങുന്നത്?
സ്നേഹം ചിലപ്പോൾ പുതപ്പായും  വരാം! കാരണം പലർക്കും സ്നേഹം കൊണ്ട് മൂടാനുമറിയാം.
ഇനി ബാക്കിയുള്ളവർക്കോ സ്നേഹം ഒരായുധവുമാകാം. അവർ സ്നേഹം കൊണ്ട് കൊല്ലാറുണ്ട്.
കുമാരാ, ഹാസ്യഭാവേന പറഞ്ഞതാണെങ്കിലും സ്നേഹത്തെ ഈ വിധമെല്ലാം വിശേഷിപ്പിച്ചതിൽ ഒരു സത്യമുണ്ട്. സ്നേഹത്തിനു മുഖങ്ങൾ പലതാണ്, നിറങ്ങൾ പലതാണ്, ഭാവങ്ങൾ പലതാണ്.
നാം അറിയുന്ന ആദ്യസ്നേഹമാണ് കുമാരൻ ചോദിച്ച അമ്മയുടെ സ്നേഹം. അതിനേക്കാൾ വലുതായൊരു സ്നേഹം ഈ ഭൂമിയിൽ ഉണ്ടാവില്ല. എന്തുകൊണ്ടാണ് യഥാർത്ഥസ്നേഹത്തിന് വഞ്ചനയില്ലാത്തതെന്ന് കുമാരൻ ചിന്തിച്ചിട്ടുണ്ടോ?

ഞാൻ ചിന്താനിമഗ്നനാവുന്നത് കണ്ട വേതാളം പറഞ്ഞു, വേണ്ടാ അധികം ആലോചിക്കണ്ട. കാരണം വളരെ നിസ്സാരമാണ്. നാം സ്നേഹത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചത് അമ്മയുടെ സ്നേഹത്തിൽ നിന്നായതു തന്നെ അതിനു കാരണം”.

ജനനത്തിന് ശേഷം വർഷങ്ങൾ അമ്പതിൽ പരം കണ്ടെങ്കിലും ഇന്നും അകലെയുള്ള അമ്മയെ ഓർക്കുമ്പോൾ, കുമാരാ നിനക്ക് വയസ്സ് അഞ്ചാണെന്നാണ് എന്ന തോന്നൽ നിനക്കുണ്ടാവാറില്ലേ? ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് എത്ര വലുതായാലും എന്നും ഒരോമനമാത്രം.  അമ്മയോട് സംസാരിക്കുമ്പോൾ നമ്മളിൽ കൊഞ്ചലിന്റെ രസം അറിയാതെ വന്നു പോകും. സത്യത്തിൽ നമ്മൾ നമ്മുടെ പ്രായം മനസ്സിലാക്കാൻ തുടങ്ങുന്നത് അമ്മ ജീവിതത്തിൽ ഇല്ലാതാകുമ്പോഴാണ്. അമ്മ എന്നും നിന്റെ കൂട്ടുകാരിയാണ് എന്നാരോ പരഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ കൂട്ടുകാരിൽ കാണാത്ത ഒരു ഗുണം അമ്മയിൽ മാത്രം നീ കാണും. കുന്നോളം തെറ്റുകൾ പലരും നിന്നിൽ കാണുമ്പോഴും നിന്നിൽ അവശേഷിക്കുന്ന ഗുണങ്ങൾ കണ്ടെത്തി അതിലൂടെ നിന്നെ സ്നേഹിക്കാൻ ഒരാൾക്കു മാത്രമെ പറ്റു. അതായിരിക്കും നിന്റെ അമ്മ!
കപിലൻ വേതാളത്തിന് നേരെ കൈയ്യുയർത്തി. കപിലന് എന്തോ പറയുവാനുണ്ടെന്നു തോന്നുന്നു. വേതാളം സംസാരം നിർത്തി കപിലന്റെ മുഖത്തേക്ക് നോക്കി. 

കപിലൻ, എന്റെ വേതാളാമേ, ഇപ്പോഴെന്റെ ബാല്യം എന്റെ മുൻപിൽ വ്യക്തമായി വരുവാൻ തുടങ്ങിയിരിക്കുന്നു. നിന്റെ ശബ്ദവീചികൾ എന്റെ മനസ്സിന്റെ ഉള്ളറകളിൽ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം എനിക്കിപ്പോൾ ഓർമ്മ വരുന്നു. അതോടൊപ്പം ഓർമ്മയിലെ എന്റെ നന്മയായ എന്റെ അമ്മയേയും”.

വേതാളം, കേൾക്കട്ടെ കുമാരാ”. 

കുട്ടിക്കാലത്തെ ഒരു മഴക്കാലം. അന്നൊക്കെ നർസറി സ്കൂളിൽ പോയിരുന്നതും തിരിച്ചു സ്കൂളിൽ നിന്നും വീട്ടിലേക്ക് വന്നിരുന്നതും വീട്ടിലെ കാര്യസ്ഥന്റെ കൂടെ സൈക്കിളിൽ ആയിരുന്നു.  മഴയുണ്ടായിരുന്ന ഒരു ദിവസം. കുറേ നേരം കാത്തുനിന്നിട്ടും മഴ തോരുന്ന ലക്ഷണമില്ല. ഇരുട്ടാവാൻ അധികസമയമില്ല. അവസാനം കാര്യസ്ഥൻ ആ സാഹസത്തിനൊരുമ്പെട്ടു.  ഒരു കൈയ്യിൽ കുട പിടിച്ചു, എന്നേയും കയറ്റി ഒറ്റകൈകൊണ്ട് സാവധാനം സൈക്കിൾ ചവിട്ടി വരുവാൻ തീരുമാനിച്ചു. ഈശ്വരൻ എന്തൊകൊണ്ടോ അതു തടഞ്ഞില്ല. വിധിപോലെ സംഭവിച്ചു. ഇടവഴിയിലൂടെ വന്ന ഒരു കാറ് വെള്ളം തെറിപ്പിച്ചു പാഞ്ഞൂ പോയപ്പോൾ, വാസുദേവന്റെ കൈയ്യിൽ നിന്നും സൈക്കിൾ ഒന്നു വെട്ടി. ദാ... കിടക്കുന്നു ധരണിയിൽ മലർക്കെ ഞാനും സൈക്കിളും വാസുദേവനും ഒരുമിച്ച് കാനയിൽ! എനിക്ക് രണ്ടു കൈയ്യിനും മുഖത്തും കാലിലും മുറിവു പറ്റി. ഭാഗ്യത്തിനു കൂടുതലൊന്നും സംഭവിച്ചില്ല.  കുറച്ചു നേരം എന്റെ ബോധം പോയി. കാര്യസ്ഥൻ വല്ലാതെ പരിഭ്രമിച്ചു. ഭാഗ്യത്തിന് തൊട്ടടുത്തുള്ള വീട്ടുകാർ കാഴ്ച കണ്ട് സഹായത്തിന് ഓടിയെത്തി. ഒരു വിധത്തിൽ എന്റെ മുറിവെല്ലാം കഴുകി തുണികൊണ്ട് കെട്ടി, വീട്ടിൽ എത്തിച്ചു. ഇത്തവണ ഞാനും കാര്യസ്ഥനും ഒരു വാടക കാറിലും സൈക്കിൾ കാറിന്റെ മുകളിലും ആയിരുന്നു എന്ന വ്യത്യാസം മാത്രം!  വീട്ടു പടിക്കൽ കാറ് വന്നു നിന്നപ്പോൾ എല്ലാവരും ഭയന്നു. ദേഹം മുഴുവൻ തുണിയിൽ പൊതിഞ്ഞ എന്നെ എടുത്തു കാര്യസ്ഥൻ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വീട്ടുകാരുടെ ഭയം നിലവിളിയായി ഉയർന്നു! പ്രത്യേകിച്ച് അമ്മ. അമ്മ ആ മഴയത്ത് ഓടിവന്നു കാറിന്റെ അരികിലേക്ക് . എന്നെ കോരിയെടുത്തു കാര്യസ്ഥന്റെ കൈയ്യിൽ നിന്നും. തിരിച്ചു വീട്ടിലേക്ക് ഓടി കയറി. കാര്യസ്ഥൻ ഉണ്ടായ കാര്യം പറഞ്ഞു. ഒറ്റക്കൈകൊണ്ടാണ് സൈക്കിൾ ഓടിച്ചതെന്നു പറഞ്ഞില്ല. കാര്യസ്ഥൻ പറഞ്ഞത്, എതിരെ വന്ന ഒരു കാറ് നിയന്ത്രണം വിട്ട് തൊട്ടടുത്തു കൂടി പാഞ്ഞ വന്നപ്പോൾ കുട്ടിയെ കാറ് വന്നിടിക്കാതിരിക്കാൻ സൈക്കിൾ കാനക്കരുകിലേക്ക് നീക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റിയില്ല, എന്നായിരുന്നു. ഉണ്ടായത് അതേ പടി പറഞ്ഞില്ല. ജോലി പോകുമെന്ന ഭയം കൊണ്ടായിരുന്നിരിക്കാം. ഞാനൊട്ട് തിരുത്താനും പോയില്ല. പാവം കാര്യസ്ഥൻ. ഇനിയിപ്പൊ തിരുത്തി പറഞ്ഞിട്ടെന്താകാര്യം?

ഞങ്ങളെ കൊണ്ടു വന്ന് കാറ് വാടകക്കായി അപ്പോഴും മുറ്റത്തുണ്ടായിരുന്നു. അതു ഭാഗ്യമായി. അമ്മ ആ ഡ്രൈവറോട് തന്നെ പറഞ്ഞു ആശുപത്രിയിൽ കൂടി പോകണം, അതും കൂടി കഴിഞ്ഞ് ഒന്നിച്ചു വാടക തരാമെന്ന്. എന്നേയും കൊണ്ട് അമ്മ പരിചയമുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാൽ ഡോക്ടർ ജോൺ മാത്യു വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. മുറിവുകളെല്ലാം വീണ്ടും വൃത്തിയാക്കി മരുന്നു വെച്ചു കെട്ടി. അപ്പോഴേക്കും കുറച്ചു നീരുവന്നിരുന്നു മുഖത്തിനും കാലിനുമൊക്കെ. വീട്ടിൽ തിരിച്ചു വന്നപാടെ ഞാൻ ഉറങ്ങിപ്പോയി. വിശപ്പില്ലെന്നു പറഞ്ഞിരുന്നെങ്കിലും, വിളിച്ചുണർത്തി അമ്മ ഒരു ഗ്ലാസ് പാലു തന്നു. ഉറക്കത്തിലേക്ക് ഞാൻ വീണ്ടും വഴുതി വീണു. കുറച്ചു കഴിഞ്ഞപ്പോൾ വേദന കൊണ്ടായിരിക്കണം ഞാൻ ഉണർന്നു. ഒന്നു തിരിഞ്ഞു കിടക്കാൻ നോക്കിയതാണ്. അപ്പോൾ ഞാൻ കണ്ടു എന്റെ അമ്മ എന്റെ മറുപുറത്ത് ഇരിക്കുകയാണ്. എന്റെ അനക്കം കേട്ടപ്പോൾ ചെറുതായി പുറത്ത് തട്ടി തന്നു. ഞാൻ വീണ്ടും ഉറങ്ങി. പിന്നേയും നാലഞ്ച് തവണ ഞാൻ ഉണർന്നിട്ടുണ്ടാവും. അപ്പോഴെല്ലാം എന്റെ അമ്മ അതേപടി ഉണ്ണിക്കുട്ടനേയും നോക്കി അതേ ഇരുപ്പാണ് ഒരു പോള കണ്ണടക്കാതെ!!! അതാണ് അമ്മയുടെ സ്നേഹം! ആരേയും ബോധ്യപ്പെടുത്താനില്ല, ആരുടേയും ദയ പിടിച്ചു പറ്റാനുമില്ല. ഒരിക്കൽ ഉണ്ണി പിറക്കും മുൻപ് സ്വന്തം ശരീരമായിരുന്നില്ലേ അന്നു മുറിവേറ്റു കിടന്ന ഉണ്ണീ? അമ്മയുടെ മനസ്സനുവദിക്കുന്നില്ല ആ കിടപ്പു കണ്ടിട്ട് ഒരു പോള കണ്ണടക്കാൻ. പിറ്റേ ദിവസം പുലരിയിൽ തലോടി എന്നെ ഉണർത്തിയ കൈകളും, തലേ രാത്രി ഇരുളിൽ എന്നെ തലോടിയ കരങ്ങളും അമ്മയുടേതായിരുന്നു. ഈ ജീവിതത്തിൽ എങ്ങിനെ മറക്കും ആ സ്നേഹം? മറ്റെവിടെ നിന്നു കിട്ടും അതു പോലെ തളരാത്ത, തീരാത്ത സ്നേഹം? മറ്റാരു തരും അതിമധുരമുള്ള ആ സ്നേഹനിവേദ്യം?

ഞാൻ പറഞ്ഞ് നിർത്തി. വേതാളം തുടർന്നു.

കുമാരാ, അമ്മയുടെ ക്ഷമ, അർപ്പണ ബോധം അതാ സ്നേഹത്തിൽ തേനും വയമ്പുമായി എപ്പോഴും കലർന്നിരിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ കുമാരൻ പാവപ്പെട്ട വീടുകൾ? പാവപ്പെട്ട വീടുകളിലെ അടുക്കളയിൽ ചെന്നാൽ കാണാം ഈശ്വരന്റെ പൂർത്തീഭാവം തികഞ്ഞ അവതാരസൃഷ്ടി! അമ്മ. ആ ഏകാന്തതയിൽ കരി പുരണ്ട്, ചൂടിലും പുകയിലും കുളിച്ചു നിൽക്കുന്ന ക്ഷമയുടെ ഇരുപ്പിടമായ, സ്നേഹനിധിയായ ആ മനസ്സിന്റെ മാഹത്മ്യവും തേജസ്സും. അതു മാത്രമോ? വീട്ടിൽ നിലവറയിൽ ആകെ അവശേഷിക്കുന്നത് ഒരുരുള ചോറിനുള്ള അരിമാത്രമാവുമ്പോഴും, അതിൽ നിന്നു കിട്ടുന്ന ചോറ് വാർത്ത കലത്തിലെ അവസാന വറ്റും മക്കൾക്കായും ഭർത്താവിനായും കരുതിവെയ്ച്ചു കഞ്ഞിവെള്ളം കുടിച്ച് മുണ്ട് വരിഞ്ഞുടുത്ത് വിശപ്പടക്കുന്ന അമ്മമാർ എത്രയെത്ര! ആ സ്നേഹനിധിയെയാണ് പലപ്പോഴും പലരും ഭാര്യയ്ക്കു സഹായിയായും മക്കൾക്ക് ഒരു ആയയായും ഉപയോഗിക്കുന്നത് ! ആ സ്നേഹധാരയെയാണ് അനാഥാലയത്തിൽ വയസ്സുകാലത്ത് പാർപ്പിച്ചു നോട്ടുകെട്ടുകൾ എണ്ണി കണക്കു പറയുന്നത്!

ദൈവമെത്താൻ വൈകിപ്പോയാൽ പോലും നമ്മെ കാക്കാൻ ഈശ്വരൻ സൃഷ്ടിച്ച അമ്മ! നമ്മെക്കാൾ നേരത്തെ ഈ ലോകത്തേക്കയച്ചു നമ്മുക്ക് വരാനിരിക്കുന്ന തടസ്സങ്ങൾ ഉൾക്കണ്ണു കൊണ്ട് കണ്ടറിഞ്ഞു നമ്മളെ കാക്കാൻ. ദൂരെ വസിക്കുന്ന മക്കൾ വിഷമിച്ചാൽ മതി, വീട്ടിൽ അമ്മയുടെ മനസ്സതറിയും. ചോദിച്ചില്ലെങ്കിലും നമുക്ക് അമ്മ അറിഞ്ഞു തരും സ്നേഹം. ഒരു വിധത്തിലല്ല പലവിധത്തിൽ! പല രൂപത്തിൽ. എന്തിനേറെ പറയണം? തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്ന ഗുരുവാക്യം അല്ലെങ്കില്‍ ചൊല്ലുതന്നെ അമ്മയുടെ സ്നേഹത്തില്‍ നിന്നല്ലേ ഉല്‍ഭവിച്ചത്? അമ്മയ്ക്ക് മക്കളെ കഴിഞ്ഞിട്ടെ മറ്റെന്തുമുള്ളു. സ്വന്തം ഭർത്താവ് പോലും. 

അമ്മയുടേയും അച്ഛന്റേയും സ്നേഹത്തിലെ വ്യത്യാസം കുമാരൻ മനസ്സിലാക്കിയിട്ടുണ്ടോ? വേതാളത്തിന്റെ ചോദ്യം.

അമ്മയുടെ സ്നേഹം സ്നേഹത്തിന്റെ ആഴവും അച്ഛന്റെ സ്നേഹം സ്നേഹത്തിന്റെ വിസ്തീര്‍ണ്ണതയും നമ്മെ പഠിപ്പിക്കുന്നു. ശ്രദ്ധിച്ചാൽ മനസ്സിലാവും. മനസ്സിലുള്ളതു തുറന്നു പറയുന്ന പ്രകൃതമാണ് അമ്മയുടേത്. ഉള്ളിലുള്ളത് പറഞ്ഞാലേ അമ്മയ്ക്ക് സമാധാനമാവു! അച്ഛനോ എല്ലാം മനസ്സിലൊതുക്കും.

വേതാളമൊന്ന് നിർത്തി. മുകളിലേക്കൊന്നു നോക്കി. വേതാളം പകൽ സൂര്യന്റേയും രാത്രി ചന്ദ്രന്റേയും ധ്രൂവാശരേഖയും അക്ഷാംശരേഖയും കണക്കാക്കിയാണ് സമയം കണക്കാക്കുന്നത്. എന്നെ നോക്കി പറഞ്ഞു, അമ്മയിൽ നിന്നും അച്ഛനിലേക്ക് ഇനിയൊരവസരത്തിൽ പോകാം. ഇന്നിത്രമതി. സമയമേറെയായി. എന്താ തൃപ്തനായില്ലേ?

ആ മുഖത്ത് യാത്രാക്ഷീണം നന്നായി തോന്നിച്ചു. അന്നത്രമതി എന്ന തീരുമാനത്തിൽ ഞാൻ പിരിഞ്ഞു. മനസ്സിൽ ഞാൻ കരുതി,

എന്റെ വേതാളത്തെ തോൽപ്പിക്കാൻ പറ്റിയാലും ഞാൻ തോൽപ്പിക്കില്ല. എന്റെ വേതാളത്തെ പിരിയാൻ എനിക്കാവില്ല. ഞാൻ എന്റെ വേതാളത്തെ ഈ തൂലിക ചലിക്കുവോളം എന്റെ തോളിലേറ്റും

അന്നു മുതൽ എന്റെ വേതാള സല്ലാപത്തിന് ഞാനൊരു പേരുമിട്ടു, വേതാളമോതിയതും വാൽമീകമായതും”. അന്നു മുതൽ, നിലാവുള്ള രാവുകളിൽ ആ വാകമരച്ചുവട്ടിൽ കപിലൻ സന്ധ്യമയങ്ങിയ സമയം ചെല്ലുമ്പോൾ തനിക്കൊരു ദീപമായി, വഴികാട്ടിയായി തന്റെ തോളിലേറി ഇന്നും വേതാളം സല്ലപിക്കാറുണ്ട് ഞാനറിയാൻ കൊതിക്കുന്ന വാൽമീകങ്ങൾ! എനിക്കറിയേണ്ടുന്ന ഞാൻ തേടുന്ന സത്യങ്ങൾ ഉത്തരങ്ങൾ. പക്ഷെ ഒന്നറിയാം. ഒരാൾ വന്നാൽ മറ്റെയാൾ അവിടെ ഉണ്ടാവും. വെണ്ണിലാകിണ്ണത്തിൽ ചാലിച്ച വാൽമീകം വെണ്ണിലാവിൽ വിരിഞ്ഞ തിങ്കളോ.... രാക്കിനാവിലുതിർന്ന വാൽമീകമോ എന്നറിയില്ല.  എന്നാലും നിലാവ് സാക്ഷിയായ് തുടങ്ങി വേതാളത്തോടുള്ള കപിലന്റെ പ്രണയം നാളേറും തോറും നിലാവിന്റെ ആഴങ്ങളിൽ നീലനിലാവിൽ നിന്നു പൊഴിയുന്ന തേൻ കണങ്ങൾ കണക്കെ മനസ്സിന്റെ പുണ്യമായ് പുരുഹാരമായ് പ്രാണന്റെ തന്ത്രികളിൽ മീട്ടുന്ന സ്പന്ദനങ്ങൾ അവന്റെ വിരൽത്തുമ്പിലൂടെ വിസ്മയതീരത്തിൽ തളിർക്കാതെ തളിർത്തിടുന്നു.

-കപിലൻ-

No comments:

Post a Comment