Saturday, August 3, 2019

സ്നേഹത്തിന്റെ മുഖങ്ങൾ


ബൌദ്ധികശക്തിയുടെ ഇരിപ്പിടം തലച്ചോറെന്നും, തലച്ചോറിന്റെ കണ്ണാടിയാണ് നമ്മുടെ നയനങ്ങളെന്നും, മനസ്സിന്റെ ചാഞ്ചല്ല്യാവസ്ഥയെ മസ്തിഷ്കം നയനങ്ങളിലൂടെ കാട്ടുന്ന തീർത്ഥമാത്രയാണ് കണ്ണീരെന്നും ആദ്യമെഴുതിയ മുനിമാർ, ഒന്നു കൂടി എഴുതിച്ചേർത്തു. ആ പറഞ്ഞ മനസ്സിനുമുണ്ടൊരു കണ്ണാടി. മനസ്സിന്റെ കണ്ണാടിയാണ് ഉൾക്കണ്ണുകളെന്നും ഉൾക്കണ്ണിലൂടെ ഒഴുകുന്ന നിവേദ്യമാണ് സ്നേഹമെന്നും മുനിമാരുടെ എഴുത്തോലകളിൽ പകർത്തി. എന്നാൽ ആ ലിഖിതങ്ങളിൽ മാഞ്ഞുപോയ രണ്ടുത്തരങ്ങളുടെ ചോദ്യങ്ങൾ ഇന്നും മായാതെ നിൽക്കുന്നു. 

എന്താണ് ഈ സ്നേഹം? എവിടെയാണീ സ്നേഹത്തിന്റെ ഉറവിടം?

ഗവേഷകർ പറഞ്ഞു, സ്ഥിതികോർജ്ജത്തെ അവലംബം തേടാതെ മനോവികാരങ്ങളിൽ നിന്നും ഗമനോർജ്ജം കാണുന്ന ഒരേ ഒരു വസ്തു. ഗദ്യപദ്യാധിപർ പറഞ്ഞു, ആയിരമായിരം മാനസനയനങ്ങളൂം
ഹൃദയസംഗീതഭാവുകവുമാർന്ന ഒരു വസ്തു. എന്നാൽ സാധാരണക്കാർ പറഞ്ഞു, കാണാൻ പറ്റുന്നതും, അറിയാൻ പറ്റുന്നതും, അനുഭവിക്കാൻ പറ്റുന്നതും എന്നാൽ അളവുകോലു കൊണ്ട് അളക്കാനോ, തുലാസിൽ ഭാരം കണക്കാക്കാൻ സാധിക്കാത്തതുമായ ഒരു മഹാൽഭുതമാണ് സ്നേഹം?

ഇതിൽ ഏതാണ് സത്യമെന്നല്ലേ? അതിനുത്തരം, പൂർണ്ണസംതൃപ്തി തോന്നിയ ഒരു വിവരണവും ഇന്നുവരെ കണ്ടിട്ടില്ല എന്നത് തന്നെ. എന്നിരുന്നാലും, സ്നേഹത്തെ നമുക്ക് കാണാം, അനുഭവിക്കാം. സ്നേഹത്തിന് മുഖങ്ങളേറെ ഭാവങ്ങളേറെ. ഉൽഭവസ്ഥാനത്തേയും മാനസികാവസ്ഥയേയും അവലംബിച്ചിരിക്കും ആ ഭാവവ്യത്യാസങ്ങൾ. അമ്മയുടെ സ്നേഹഭാവമല്ല അച്ഛനിൽ നിന്നുദിക്കുന്ന സ്നേഹത്തിന്. തിരിച്ചു മാതാപിതാക്കളോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെ മുഖഭാവം മറ്റൊന്നല്ലേ?  സഹോദരി-സഹോദര സ്നേഹത്തിന്റെ മുഖം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പ്രണയത്തിനടിമപ്പെട്ട ഹൃദയങ്ങൾ കൈമാറുന്ന സ്നേഹം, അതിലും വ്യത്യസ്തം. അങ്ങിനെ എത്രയെത്ര മുഖഭാവങ്ങൾ സ്നേഹത്തിന്?

ഹാസ്യഭാവത്തിൽ സ്നേഹത്തെക്കുറിച്ച് പണ്ടാരോ പറഞ്ഞതോർക്കുന്നു. പലരും ചോദിക്കും, ഒരു തുള്ളി സ്നേഹം കൊടുക്കാൻ. എന്താ സ്നേഹം വെള്ളമാണോ? അതല്ലെങ്കിൽ സ്നേഹം ധാന്യമോ മണ്ണോ ആണോ വാരി കോരി കൊടുക്കാൻ? അല്ല, സ്നേഹം കടലാസായിരിക്കാം! അതായിരിക്കാം ചിലർ സ്നേഹത്തിൽ പൊതിയുന്നത്. അതുമല്ലെങ്കിൽ സ്നേഹം ലഹരിമരുന്നാണോ? കാരണം ചിലർ സ്നേഹത്തിൽ മയക്കാറില്ലേ? മറ്റുപലർക്കും സ്നേഹം ഒരു കൊട്ടയോ പുതപ്പോ ആകാനാണ് സാദ്ധ്യത. കാരണം അവർ സ്നേഹം കൊണ്ട് മൂടുന്നു. ഇനി അതുമല്ലെങ്കിൽ സ്നേഹം കത്തിയോ തോക്കോ പോലുള്ള ആയുധമാണോ? കാരണം പലരും സ്നേഹിച്ചു കൊല്ലാറില്ലേ? ഹാസ്യഭാവേന പറഞ്ഞതാണെങ്കിലും സ്നേഹത്തെ ഈ വിധമെല്ലാം വിശേഷിപ്പിച്ചതിൽ ഒരു സത്യമുണ്ട്. സ്നേഹത്തിനു മുഖങ്ങൾ പലതാണ്, നിറങ്ങൾ പലതാണ്, ഭാവങ്ങൾ പലതാണ്.

നാം അറിയുന്ന ആദ്യസ്നേഹമാണ് അമ്മയുടെ സ്നേഹം. ജനനത്തിന് ശേഷം വർഷങ്ങൾ അമ്പതിൽ പരം കണ്ടെങ്കിലും ഇന്നും അകലെയുള്ള അമ്മയെ ഓർക്കുമ്പോൾ, അല്ലെങ്കിൽ അമ്മയുമായി ഫോണിൽ സംസാരിക്കുമ്പോൾ വയസ്സ് അഞ്ചാണെന്നാണ് തോന്നൽ. സത്യത്തിൽ നമ്മൾ നമ്മുടെ പ്രായം മനസ്സിലാക്കാൻ തുടങ്ങുന്നത് അമ്മ ജീവിതത്തിൽ ഇല്ലാതാകുമ്പോഴാണ്. കുട്ടിക്കാലത്തെ ഒരു രാത്രി ഇന്നും ഓർമ്മയിൽ നിന്ന് മായുന്നില്ല. നർസറി സ്കൂളിൽ പോയിരുന്നതും തിരിച്ചു സ്കൂളിൽ നിന്നും വീട്ടിലേക്ക് വന്നിരുന്നതും വീട്ടിലെ കാര്യസ്ഥനായ വാസുദേവന്റെ കൂടെ സൈക്കിളിൽ ആയിരുന്നു.  മഴയുള്ള ഒരു ദിവസം. കുറേ നേരം നിന്നിട്ടും മഴ തോരുന്ന ലക്ഷണമില്ല. ഇരുട്ടാവാൻ അധികസമയമില്ല. അവസാനം വാസുദേവൻ ഒരു കൈയ്യിൽ കുട പിടിച്ചു മറ്റേ കൈയുകൊണ്ട് എന്നേയും കയറ്റി സാവധാനം സൈക്കിൾ ചവിട്ടി വരുവാൻ തീരുമാനിച്ചു. വിധിയെന്നല്ലാതെ എന്തു പറയാൻ. ഇടവഴിയിലൂടെ വന്ന ഒരു കാറ് വെള്ളം തെറിപ്പിച്ചപ്പോൾ സൈക്കിൾ വാസുദേവന്റെ കൈയ്യിൽ നിന്നും ഒന്നു വെട്ടി. ദാ... കിടക്കുന്നു ഞാനും സൈക്കിളും വാസുദേവനും കാനയിൽ! എനിക്ക് രണ്ടു കൈയ്യിനും മുഖത്തും കാലിലും മുറിവു പറ്റി. കുറച്ചു നേരം ബോധവും പോയി. വാസുദേവൻ വല്ലാതെ പരിഭ്രമിച്ചു. ഭാഗ്യത്തിന് തൊട്ടടുത്തുള്ള വീട്ടുകാർ കാഴ്ച കണ്ട് സഹായത്തിനെത്തി. ഒരു വിധത്തിൽ മുറിവെല്ലാം കഴുകി തുണികൊണ്ട് കെട്ടി, എന്നെ വീട്ടിൽ കൊണ്ടുവന്നു. വീട്ടിൽ എല്ലാവരും എന്റെ അവസ്ഥ കണ്ട് ഭയന്നു. പ്രത്യേകിച്ച് അമ്മ. അച്ഛൻ വീട്ടിൽ ഇല്ലാത്ത ദിവസം. അമ്മ വാസുദേവനെ തന്നെ ഓടിച്ചു വിട്ടു ഒരു ടാക്സി വിളിച്ചു കൊണ്ടു വരാൻ. എന്നേയും കൊണ്ട് അമ്മ ആശുപത്രിയിലേക്ക് പാഞ്ഞു. നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാൽ ഡോക്ടർ ജോൺ മാത്യു വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. മുറിവുകളെല്ലാം വീണ്ടും വൃത്തിയാക്കി മരുന്നു വെച്ചു കെട്ടി. അപ്പോഴേക്കും കുറച്ചു നീരുവന്നിരുന്നു മുഖത്തിനും കാലിനുമൊക്കെ. വീട്ടിൽ തിരിച്ചു വന്നപാടെ ഞാൻ ഉറങ്ങിപ്പോയി. വിശപ്പില്ലെന്നു പറഞ്ഞിരുന്നെങ്കിലും, വിളിച്ചുണർത്തി അമ്മ ഒരു ഗ്ലാസ് പാലു തന്നു. ഉറക്കത്തിലേക്ക് ഞാൻ വീണ്ടും വഴുതി വീണു. കുറച്ചു കഴിഞ്ഞപ്പോൾ വേദന കൊണ്ടായിരിക്കണം ഞാൻ ഉണർന്നു. ഒന്നു തിരിഞ്ഞു കിടക്കാൻ നോക്കിയതാണ്. അപ്പോൾ ഞാൻ കണ്ടു എന്റെ അമ്മ എന്റെ മറുപുറത്ത് ഇരിക്കുകയാണ്. എന്റെ അനക്കം കേട്ടപ്പോൾ ചെറുതായി പുറത്ത് തട്ടി തന്നു. ഞാൻ വീണ്ടും ഉറങ്ങി. പിന്നേയും നാലഞ്ച് തവണ ഞാൻ ഉണർന്നിട്ടുണ്ടാവും. അപ്പോഴെല്ലാം എന്റെ അമ്മ അതേപടി ഉണ്ണിക്കുട്ടനേയും നോക്കി അതേ ഇരുപ്പാണ് ഒരു പോള കണ്ണടക്കാതെ!!! അതാണ് അമ്മയുടെ സ്നേഹം! ആരേയും ബോധ്യപ്പെടുത്താനില്ല, ആരുടേയും ദയ പിടിച്ചു പറ്റാനുമില്ല. ഒരിക്കൽ ഉണ്ണി പിറക്കും മുൻപ് സ്വന്തം ശരീരമായിരുന്നില്ലേ അന്നു മുറിവേറ്റു കിടന്ന ഉണ്ണീ? അമ്മയുടെ മനസ്സനുവദിക്കുന്നില്ല ആ കിടപ്പു കണ്ടിട്ട് ഒരു പോള കണ്ണടക്കാൻ. പിറ്റേ ദിവസം പുലരിയിൽ തലോടി എന്നെ ഉണർത്തിയ കൈകളും, തലേ രാത്രി ഇരുളിൽ എന്നെ തലോടിയ കരങ്ങളും അമ്മയുടേതായിരുന്നു. ഈ ജീവിതത്തിൽ എങ്ങിനെ മറക്കും ആ സ്നേഹം? മറ്റെവിടെ നിന്നു കിട്ടും അതു പോലെ തളരാത്ത, തീരാത്ത സ്നേഹം? മറ്റാരു തരും അതിമധുരമുള്ള ആ സ്നേഹനിവേദ്യം?
പാവപ്പെട്ട വീടുകളിൽ അടുക്കളയിൽ ചെന്നാൽ അറിയാം ആ ഏകാന്തതയിൽ കരി പുരണ്ട്, ചൂടിലും പുകയിലും കുളിച്ചു നിൽക്കുന്ന ക്ഷമയുടെ ഇരുപ്പിടമായ, സ്നേഹനിധിയായ ആ മനസ്സിന്റെ മാഹത്മ്യവും തേജസ്സും. അതു മാത്രമോ? വീട്ടിൽ നിലവറയിൽ ആകെ അവശേഷിക്കുന്നത് ഒരുരുള ചോറിനുള്ള അരിമാത്രമാവുമ്പോഴും, അതിൽ നിന്നു കിട്ടുന്ന ചോറ് വാർത്ത കലത്തിലെ അവസാന വറ്റും മക്കൾക്കായും ഭർത്താവിനായും കരുതിവെയ്ച്ചു കഞ്ഞിവെള്ളം കുടിച്ച് മുണ്ട് വരിഞ്ഞുടുത്ത് വിശപ്പടക്കുന്ന അമ്മമാർ എത്രയെത്ര! ആ സ്നേഹനിധിയെയാണ് പലപ്പോഴും പലരും ഭാര്യയ്ക്കു സഹായിയായും മക്കൾക്ക് ഒരു ആയയായും ഉപയോഗിക്കുന്നത്! ആ സ്നേഹധാരയെയാണ് അനാഥാലയത്തിൽ വയസ്സുകാലത്ത് പാർപ്പിച്ചു നോട്ടുകെട്ടുകൾ എണ്ണി കണക്കു പറയുന്നത്!

ദൈവമെത്താൻ വൈകിപ്പോയാൽ പോലും നമ്മെ കാക്കാൻ ഈശ്വരൻ സൃഷ്ടിച്ച അമ്മ! നമ്മെക്കാൾ നേരത്തെ ഈ ലോകത്തേക്കയച്ചു നമ്മുക്ക് വരാനിരിക്കുന്ന തടസ്സങ്ങൾ ഉൾക്കണ്ണു കൊണ്ട് കണ്ടറിഞ്ഞു നമ്മളെ കാക്കാൻ. ഇന്നും ഏഴു കടലിനിപ്പുറം ഇരിക്കുന്ന ഞാൻ വിഷമിച്ചാൽ മതി, വീട്ടിൽ അമ്മയുടെ മനസ്സതറിയും. ചോദിച്ചില്ലെങ്കിലും നമുക്ക് അമ്മ അറിഞ്ഞു തരും സ്നേഹം. ഒരു വിധത്തിലല്ല പലവിധത്തിൽ! പല രൂപത്തിൽ. എന്തിനേറെ പറയണം? “തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്” എന്ന ഗുരുവാക്യം അല്ലെങ്കില്‍ ചൊല്ലുതന്നെ അമ്മയുടെ സ്നേഹത്തില്‍ നിന്നല്ലേ ഉല്‍ഭവിച്ചത്?

അച്ഛന്റെ സ്നേഹം അമ്മയിൽ നിന്നും വ്യത്യസ്തമാണ്.  അമ്മയുടെ സ്നേഹം സ്നേഹത്തിന്റെ ആഴവും അച്ഛന്റെ സ്നേഹം സ്നേഹത്തിന്റെ വിസ്തീര്‍ണ്ണതയും നമ്മെ പഠിപ്പിക്കുന്നു. ശ്രദ്ധിച്ചാൽ മനസ്സിലാവും. പലപ്പോഴും അച്ഛനു വീട്ടിൽ കേൾക്കേണ്ടിവരുന്ന ഒരു ചൊല്ലു ഓർമ്മയിൽ വരുന്നു. അമ്മയെ കുറ്റപ്പെടുത്തുകയല്ല. മനസ്സിലുള്ളതു തുറന്നു പറയുന്ന പ്രകൃതമാണ് അമ്മയുടേത്. ഉള്ളിലുള്ളത് പറഞ്ഞാലേ അമ്മയ്ക്ക് സമാധാനമാവു!
അമ്മമാര്‍ അച്ഛന്മാരോട് പറയാറുള്ളത് നിങ്ങളുടെ കൂട്ടുകാരുടെ വീടുകളിൽ ചെന്നു നോക്കണം. അവരൊക്കെ എത്രയാണ് ഭാര്യമാരെ പൊക്കി പറയുന്നതെന്നു. നിങ്ങൾ ഒരുവട്ടമെങ്കിലും എന്നെ പൊക്കി പറഞ്ഞിട്ടുണ്ടോ മറ്റുള്ളവരുടെ മുൻപിൽ?

അതു കേൾക്കുമ്പോഴൊക്കെ ഞാൻ ഓർക്കുമായിരുന്നു, അമ്മയെ പുകഴ്ത്താൻ മറക്കുന്നത് അച്ഛന്റെ ഓർമ്മപ്പിശകിന്റെ ഭാഗമാവില്ല. അച്ഛന്റെ മനസ് നിറയെ പലേപല കാര്യങ്ങളാലും നിറഞ്ഞിരിക്കുന്നു. അച്ഛന്റെ ഓർമ്മയിലുണ്ടാവും ഒരുപാട് അമ്മയെ ബഹുമാനിക്കുന്ന കാര്യങ്ങൾ, ഓർമ്മ പോയാലും മറക്കാൻ പറ്റാത്തതായി. ബാഹ്യമയി പ്രകടിപ്പിക്കാന്‍ അച്ഛന് കഴിവു കുറവായിരിക്കാം അല്ലെങ്കില്‍ തന്റെ ആല്‍മാവിനു തുല്യം അമ്മയെ കരുതുന്നുണ്ടാവാം. സ്വയം ആരും നന്ദി പ്രകടിപ്പിക്കാറില്ലല്ലോ അല്ലെങ്കില്‍ സ്തുതി പറയാറില്ലല്ലോ? മൌനനായി അച്ഛന്‍ അമ്മയെ വാഴ്ത്തുന്നുണ്ടാവും.  അത് ആരു കാണുന്നു. പത്ത് മാസം ഉദരത്തിൽ ഭാരം ചുമന്നതിന്റെയും, പ്രസവവേദനയുടേയും കണക്കുകൾ അമ്മ അച്ഛനോടും മക്കളോടും പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊക്കെ ഞാൻ എന്നോട് തന്നെ ചോദിക്കുമായിരുന്നു, കുടുംബം പുലർത്താൻ രണ്ടും മൂന്നും പണിയെടുത്ത് ക്ഷീണിച്ചു  ഉള്ളിൽ കരച്ചിലും പുറമെ ചിരിയുമായി വന്നു കയറുന്ന അച്ഛനേയും, വർഷങ്ങളായുള്ള അച്ഛന്റെ വേദനയും എത്രപേർ തിരിച്ചറിയുന്നുണ്ടാവും എന്ന്?

അമ്മയെപ്പോലെ അച്ഛനും ഒരു പ്രതിഭാസം തന്നെയാണ് എനിക്ക്. ജീവിക്കാൻ പൊള്ളുന്ന വെയിലേൽക്കുമ്പോൾ തണലേകുന്ന ആൽത്തറയായും, ഒറ്റനോട്ടം കൊണ്ട് ശാസിക്കുവാനും അതേ പോലെ ലാളീക്കുവാനും കഴിവുള്ള ഒരു മഹാത്ഭുതമായേ അച്ഛനെ എനിക്ക് കാണുവാൻ കഴിഞ്ഞിട്ടുള്ളു. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അമ്മയ്ക്ക് കരയാൻ ഒരല്പം വിഷമം മതി. അച്ഛനെന്തേ കരച്ചിൽ വരാത്തത്? കാലം അതിനുത്തരം പറഞ്ഞു തന്നു. അച്ഛന്റെ മനസ്സിൽ കണ്ണീരുകൊണ്ട് ആറിക്കെടാനാവാത്തയത്ര കനലുണ്ടാവും!

മുഖത്ത് ഗൌരവഭാവം കൂടുതലുള്ള അച്ഛന്മാര്‍ക്ക് ഉള്ളിൽ സ്നേഹവും വാത്സല്യവും കൂടുമെന്ന് പണ്ടാരോ പറഞ്ഞതോർക്കുന്നു. അച്ഛന്റെ ഉള്ളിലടക്കി വച്ചിരിക്കുന്ന സ്നേഹത്തിന്റെ അളവു കാണാൻ വളരെ പ്രയാസമെന്നതിന് ഒരുദാഹരണമാവാം ഇപ്പറയുന്നത്. വിശപ്പില്ലെന്നു കള്ളം പറഞ്ഞ് ഉളള സത്യാവസ്ഥ പുറത്തു പറയാതെ പാത്രങ്ങൾ കഴുകുന്ന അമ്മയുടെ മനസ്സറിഞ്ഞ അച്ഛൻ, ചോറിൽ കല്ലുണ്ടെന്നു ദേഷ്യഭാവത്തോടെ പറഞ്ഞ് പാത്രത്തിൽ പകുതി ചോറു ബാക്കി വെച്ചു എണീറ്റ് കൈ കഴുകി ഉമ്മറത്ത് പോയതും, ആരും കാണാതെ തോർത്തെടുത്ത് കണ്ണ് തുടച്ചതും ഞാന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്!
കുട്ടിക്കാലത്ത് എന്റെ ടെന്നീസ് കോച്ച് എന്റച്ഛനായിരുന്നു. അന്നൊക്കെ അച്ഛനെ തോൽപ്പിക്കുമ്പോൾ തുള്ളിച്ചാടാൻ മനസ്സ് വെമ്പുമായിരുന്നു. പക്ഷെ, വർഷങ്ങൾക്ക് ശേഷം സ്വന്തം അപ്പൂസിന് ടെന്നീസിന്റെ ബാലപാഠങ്ങൾ ഞാൻ കൊടുത്തു തുടങ്ങിയപ്പോഴാണ് എന്റെ ബാല്യകാലത്തെ ഒരു സത്യം ഞാൻ അറിഞ്ഞത്. അന്ന്, ഞാൻ അച്ഛനെ തോൽപ്പിക്കുകയായിരുന്നില്ല. സ്വന്തം മകനിൽ ആത്മവിശ്വാസം വളർത്താനായി സ്വയം തോറ്റ് തരുകയായിരുന്നു എന്റെ അച്ഛൻ! ഞാൻ മറ്റൊന്നു കൂടി ഇന്നു മനസ്സിലാക്കുന്നു. അന്നു ഞാൻ അറിയാത്ത അല്ലെങ്കിൽ അച്ഛൻ എന്നോട് കണക്കു പറയാതിരുന്ന അച്ഛന്റെ പല ത്യാഗങ്ങളുമാണ് ഇന്നത്തെ എന്റെ നേട്ടങ്ങൾ. 

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ കൈ പിടിച്ചു നടത്തിയ ആ കരങ്ങൾ! ആ കരങ്ങൾ വലിച്ചു കൊണ്ട് നമ്മളിൽ പലരും ഇന്നലയുന്നതോ വൃദ്ധസദനങ്ങൾ തേടി! നമ്മുടെ അമ്മയും അച്ഛനും നമുക്കിന്ന് വൃദ്ധരായിരിക്കാം. മാനവചരിതം ഏവര്‍ക്കും പരിണാമസിദ്ധാന്തത്തില്‍ ഒരുപോലെയാണ് കുറിക്കപ്പെട്ടിരിക്കുന്നത്. ഇന്നു ഞാന്‍ നാളേ നീ എന്നത് നമുക്കും ബാധകമാണ്. നാം കാട്ടിക്കൂട്ടുന്ന വിക്രിയകളും, വിരോധാഭാസങ്ങളും കണ്ടുകൊണ്ടാണ് പിന്‍തലമുറ നമുക്ക് പിന്നിലുളളത്. കര്‍മ്മഫലം നമ്മളില്‍ പ്രതിഫലിക്കാതിരിക്കട്ടെ എന്നഭിലഷിക്കാം.  വൃദ്ധരാവുന്ന മാതാപിതാക്കളില്‍ നമ്മോടുളള സ്നേഹം വാര്‍ന്നു പോയിട്ടില്ല. അവര്‍ വേണമെന്നു വിചാരിച്ചിട്ടുമല്ല നമുക്കു തോന്നുന്ന ബുദ്ധിമുട്ടുകള്‍ക്ക് നമ്മെ പാത്രീഭവിപ്പിക്കുന്നത്.  ബാല്യത്തിലെ പല ചപലസ്വഭാവങ്ങളും, ബാലിശസ്വഭാവങ്ങളും മനസ്സറിയാതെ അവര്‍ക്ക് വന്നു പോകുന്നു അല്ലെങ്കില്‍ ചെയ്തു പോകുന്നു. നമ്മളില്‍ ഒരിറ്റു സ്നേഹം ബാക്കിയുണ്ടാവുമെന്നും അതുകൊണ്ട് അതെല്ലാം ക്ഷമിക്കുമെന്നും വിചാരിക്കുന്നത് കൊണ്ട്. 

എനിക്കോര്‍മ്മയുണ്ട്, കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ കഥകള്‍ പറഞ്ഞു തരുമ്പോള്‍ എത്ര പ്രാവശ്യം നമ്മള്‍ അവരോട് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ചോദിച്ചിരുന്നത്? അന്നൊക്കെ ക്ഷമയോടെ പലവട്ടം നമ്മള്‍ ആവര്‍ത്തിച്ച് ചോദിച്ചതിനുത്തരം അവര്‍ പറഞ്ഞു തന്നിട്ടുണ്ട്? ഇന്നോ? കേള്‍വിക്കുറവുകൊണ്ടോ അല്ലെങ്കില്‍ പറഞ്ഞത് മനസ്സിലാവാത്തതു കൊണ്ടോ ഒന്നോ രണ്ടോ ആവര്‍ത്തി അവര്‍ ചോദിച്ചാല്‍ കോപം കൊണ്ട് കലി തുളളുന്ന പുതുമോടിക്കാരെ ഏറെ കാണാന്‍ കഴിയും. നമ്മുടെ കോപം കാണുമ്പോള്‍ അവര്‍ മൌനരായി ഇരിക്കും. പക്ഷെ ആ മനസ്സിന്റെ അലകളുടെ ആഞ്ഞടികള്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വിങ്ങുകയായിരിക്കും ആ മനസ്സുകള്‍ അകമെ. പുറമെ കാണിക്കുന്നില്ല. എങ്ങിനെ പ്രകടമാക്കാന്‍? ബാക്കിയുണ്ടായിരുന്ന കണ്ണുനീര്‍ പണ്ടേ വറ്റിയിട്ടുണ്ടാവും. ഒരല്പം സ്നേഹം അവര്‍ക്കു നല്‍കിയാല്‍ പുണ്യമല്ലാതെ മറ്റെന്താണ് നമുക്ക് കിട്ടുക?
സ്നേഹത്തിന്റെ മറ്റൊരു മുഖം നമുക്ക് കുട്ടികളിൽ കൂട്ടുകാർക്കിടയിലും സഹോദരി-സഹോദരന്മാരുടെ ഇടയിലും കാണാം. അവരുടെ കുട്ടിക്കാലത്തെ സ്നേഹം ഒരു പ്രത്യേകത കലർന്നതാണ്. അവർ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കും, പരിഹസിക്കും, തമ്മിൽ തല്ലുകൂടും, പിണങ്ങും, പിന്നെ ഇണങ്ങും, ആരോടും പറയാൻ കഴിയാതെ വരുമ്പോൾ ആവലാതികൾ കൈമാറും, അങ്ങോട്ടും ഇങ്ങോട്ടും വലിയ വായിൽ ഉപദേശിക്കും ചിലപ്പോൾ. ഇതൊക്കെ ക്ഷണികങ്ങളായിരിക്കും. എന്നാൽ ചെറുപ്പത്തിലുണ്ടാവുന്ന ആ സ്നേഹബന്ധം പറഞ്ഞറിയിക്കാൻ സാധിക്കാത്ത ആഴത്തിൽ അവരെ മനസ്സുകൊണ്ട് അടുപ്പിച്ചിരിക്കും. എത്ര അകലത്തു പോയാലും, എത്രനാൾ വേറിട്ടാലും ഒരിക്കലും അവർ അകലില്ല. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ യുഗങ്ങളുടെ പരിചയം അവരിൽ തിരിച്ചെത്താൻ നിമിഷങ്ങൾ മതി. എന്തോ നമുക്കറിയാവുന്നതിനപ്പുറമുള്ള ഒരു കാന്തശക്തി അവരെ ബന്ധിച്ചിരിക്കും. നിഷ്കളങ്കതയിൽ തുടങ്ങിയതിനാലും തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചതിനാലും ആയിരിക്കാം എന്തോ ഒരു പവിത്രതയും പരിശുദ്ധതയും ആ സ്നേഹത്തിൽ തുളുമ്പി നിൽക്കുന്നത്! സ്വന്തം സഹോദരന്റെ സ്നേഹം അനിയത്തിക്ക് എന്നും ഒരു രക്ഷാകവചമായിരിക്കും. അനിയത്തിക്ക് വേണ്ടി അവൻ എന്തും ചെയ്യും. അതുകൊണ്ട് തന്നെ അനിയത്തിക്ക് അനുജനോടുള്ള അല്ലെങ്കില്‍ ഏട്ടനോടുളള സ്നേഹം ജീവിതാവസാനം വരെ അവനെ പിന്തുടരും, എന്നെന്നും ഓർക്കാനുള്ള ബാല്യത്തിലെ മധുരസ്മരണകളായി. അവരത് അങ്ങോട്ടുമിങ്ങോട്ടും പ്രകടിപ്പിച്ചില്ലെങ്കിലും അവരുടെ മനസ്സിൽ അതെന്നും നിറഞ്ഞ് നിൽക്കുന്നുണ്ടാവും. അവർ വളർന്ന് രണ്ടു വഴിക്ക് തിരിയും. അവർ അവരുടെ ജീവിത പങ്കാളികളെ കണ്ടു പിടിക്കും. അങ്ങിനെ ഒരു പുതുമയുള്ള സ്നേഹം അവരിൽ ഉടലെടുക്കും.
സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന രണ്ടു ഹൃദയങ്ങളായി അവർ മാറുന്നു. അവരിൽ അന്നുവരെ ഉണ്ടായിരുന്ന സ്നേഹത്തിന്റെ ഭാവം മാറുന്നു. അവരിൽ തന്റെ പുതിയ പങ്കാളിയോടുള്ള സ്നേഹം പ്രണയമായി മാറുന്നു. അവരിൽ പുതിയതായി മുളയ്ക്കുന്ന നാമ്പിനെ അവർ പ്രേമമെന്നോ പ്രണയമെന്നോ വിളിക്കുന്നു. അതും സ്നേഹത്തിന്റെ മറ്റൊരു മുഖമാണ്. എന്നാൽ വളരെ വ്യത്യസ്തമായ പലതും പൊട്ടിമുളയ്ക്കുന്ന ഒരു സ്നേഹം. അവിടെ വിശ്വാസങ്ങൾക്ക് പ്രാധാന്യമേറുന്നു. വേർപെടലിന്റെ ദൈർഘ്യം അവരെ സങ്കടച്ചാലിൽ എത്തിക്കുന്നു. എന്നാൽ അവർ പ്രതീക്ഷയോടുളള കാത്തിരുപ്പിലും സുഖം കാണുന്നു. കാത്തിരിപ്പിന്റെ സുഖം, കാണാതിരിക്കുമ്പോഴുള്ള വേദന, കണ്ടിട്ടും മിണ്ടാതെ പോകുമ്പോഴുള്ള നൊമ്പരം, മിണ്ടിയിട്ടും പറഞ്ഞിട്ടും തീരാത്തതിലുള്ള നിരാശ, അതാണ് അവരിൽ ജനിക്കുന്ന സ്നേഹത്തിന്റെ ആഴവും ഭാവവും. അവരിലെ സ്നേഹം ഒരിക്കലും തളരില്ല, തളരുന്നത് സ്നേഹിക്കുന്നവരാണ്. ആഗ്രഹിച്ച സ്നേഹം തിരിച്ചു കിട്ടാതെ വരുമ്പോൾ നിയന്ത്രണാതീതരാവുന്നു. തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുന്നിൽ തന്നിലേറെ തന്റെ മിഴികൾ ആഗ്രഹിച്ച പ്രാണനെ കണ്ടതിനാലാവാം ശൂന്യതയിലും ആഗ്രഹിച്ചതിനായി മിഴികൾ തുടിക്കുന്നത്. അവിടെ ആ പ്രേമത്തിനു മുൻപിൽ കണ്ണിന്റെ കാഴ്ചയ്ക്ക് പ്രാധാന്യം കുറയുന്നു. പ്രേമത്തിനു കണ്ണു വേണ്ട അല്ലെങ്കിൽ കണ്ണില്ല എന്നെഴുതി ചേർത്തിരിക്കുന്നു. ലോകത്തിന്റെ ഏറ്റവും മനോഹരമായത് ആസ്വദിക്കാൻ കണ്ണോ കാതോ വേണ്ട. ഒരു നല്ല മനസ്സ് മതി. അഴകുള്ള രൂപങ്ങൾ ചിലപ്പോൾ ഒരൽപ്പ സമയത്തേക്ക് കണ്ണിനു കുളിരേകിയേക്കാം. എന്നാൽ മനസ്സു നിറയെ സ്നേഹമുള്ള ഒരു മനസ്സ് മറ്റൊരു മനസ്സിനു ജീവിതകാലം മുഴുവൻ കുളിരേകും എന്നതാണ് സത്യം.

പ്രേമമെന്ന സ്നേഹത്തിനു ചിറകുകളും, ചിന്തകളും, ചില്ലകളുമുണ്ട്. പറന്നുയർന്ന് ആരോരുമില്ലാത്തൊരു ഇടം തേടിയുള്ള പ്രയാണത്തിനായുള്ള  ചിറകുകൾ.  താനും പ്രേയസിയും അല്ലെങ്കിൽ താനും പ്രിയതമനും മാത്രമുള്ള ഒരു ലോകത്തിൽ ചെന്നെത്താനുള്ള വെമ്പൽ. അതിനായി ആശകളും മോഹങ്ങളും ചേർത്ത് കാത്തിരിക്കും. ആ കെട്ടിപ്പടുക്കലിന്റെ പേരാണ് പ്രതീക്ഷ. ഒരു മനസ് മറ്റൊരു മനസ്സിനു കൊടുക്കുന്ന ശിക്ഷയാണ് പ്രതീക്ഷ. ജീവപര്യന്തമായി തോന്നിക്കുന്ന എന്നാൽ തൂക്കുമരത്തേക്കാൾ ക്രൂരമായ ശിക്ഷ

മോഹങ്ങൾക്കന്ത്യമില്ല. വെമ്പൽ കൊണ്ടുകൊണ്ടേ ഇരിക്കും. അടുത്തറിയാൻ ഒരു നിമിഷം മതിയെന്ന തോന്നൽ. എന്നാൽ എത്രയടുത്താലും ഇനിയും അറിയാനും അടുക്കാനും ബാക്കിയുള്ള പോലെ. ഇനി അറിഞ്ഞാലോ പിന്നെ അകലാൻ തിടുക്കം, അകന്നാൽ പിന്നെ അടുക്കാനുള്ള വെമ്പൽ  അതാണു മനസ്സ്. പലപ്പോഴും പിണങ്ങിയിട്ട് വീണ്ടും ഇണങ്ങുമ്പോഴുള്ള സ്നേഹം കാണുമ്പോൾ തോന്നും ഇത്ര സ്നേഹം ഉള്ളിൽ അടക്കി വെയ്ച്ചിട്ടാണോ പിണങ്ങിയിരുന്നതെന്ന്. അപഹരിക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം. ഇന്നത്തെ ലോകത്ത് അതൊരനുഗ്രഹം തന്നെയാണ്. പ്രേമം കടിഞ്ഞാണിൽ തളക്കാൻ വിഷമമുള്ള ഒരു കുതിരയെ പോലെയാണ്. നിയന്ത്രിക്കേണ്ട മനസ്സിനോട് പറഞ്ഞാൽ, പറയുന്നതു കേൾക്കുന്നതിനു പകരം മനസ്സിലടിക്കുന്ന തിരകള്‍ക്ക് അടിമയാവുന്ന സമയം. ആശിച്ചതെപ്പോഴും കിട്ടിയെന്ന് വരില്ല. അത് സ്വയം മനസ്സിലാക്കിയിട്ട്, സ്വന്തമാക്കാൻ പറ്റില്ല എന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഏറെ ശ്രമിക്കുമ്പോഴൊക്കെ മനസ്സു മന്ത്രിക്കും സ്വന്തമാക്കിയില്ലെങ്കിലും അന്യമാക്കാതിരിക്കാൻ പറ്റില്ലേ എന്നു.
അതിരൂക്ഷമായ നിലവിളിയാണ് പ്രേമം കൊണ്ടുണ്ടാവുന്ന മൌനം! മൌനം കഠിനമായാൽ, നഷ്ടങ്ങളുടെ തുടക്കമായി അത് മാറുന്നു. പ്രേമത്തിൽ നിന്നടർന്നു വീഴുന്ന സ്നേഹത്തിന്റെ മിഴിത്തുള്ളികളായത് മാറാം. ഒരിക്കൽ അറിഞ്ഞ് സ്നേഹിച്ച മനസ്സിനെ നഷ്ടപ്പെടുത്തിയിട്ട് അർഹതയില്ലാത്ത വേറൊരു മനസ്സിനെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ ഒന്നോർക്കാം, നിനക്കായി മാത്രം വിരിഞ്ഞ ഇതളുകൾ കൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരിക്കൽ ലക്ഷ്യം വെച്ച് തുഴഞ്ഞ തോണി ദിശയിലെത്തിയില്ല എന്നതിലുപരി, അടുത്ത തുഴയിൽ എത്തിച്ചേരുന്നിടമായിരിക്കും ലക്ഷ്യം എന്നതും മറക്കാതിരിക്കുക. 

മഷിത്തണ്ട് ഉണങ്ങും മുൻപ് എന്റെ അകത്തളത്തില്‍ തളം കെട്ടി നിൽക്കുന്ന ഉത്തരം കിട്ടാത്ത ഒന്നു കൂടി പറയാം. ലോകത്തിലെ ഏതു മുറിവുണക്കുവാനും കഴിയും സ്നേഹത്തിന്. എന്നാൽ സ്നേഹമുണ്ടാക്കുന്ന മുറിവുണക്കാൻ ഇനിയും ഔഷധം കണ്ട് പിടിച്ചേ മതിയാവു. നമ്മുടെ നഷ്ടങ്ങളെ പോലും നമ്മൾ സ്നേഹത്തോടെ മാത്രമെ ഓർക്കാറുള്ളു, കാരണം നമ്മുടെ നഷ്ടങ്ങൾ ഒരിക്കൽ നമ്മുടെ ആശകളും മോഹങ്ങളും ആയിരുന്നു. അതാണ് സ്നേഹത്തിന്റെ ശക്തി.

വളരെ വിചിത്രമായ മറ്റൊരു സ്നേഹത്തെ കൂടി പരിചയപ്പെടുത്താം. നമ്മുടെ ജീവിതത്തിൽ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് വന്നണയുന്ന സുഹൃത്ബന്ധം! അവർ സമ്മാനിക്കുന്ന സൌഹൃദത്തിനു
പ്രത്യേക മാധുര്യമാണ്. ആ സൌഹൃദം പടർത്തി പന്തലിപ്പിക്കുന്ന സ്നേഹം ദൃഢമൈത്രിയില്‍ ശോഭിക്കും. അവിചാരിത സമയത്ത്, എന്നാൽ അത്യധികം ആവശ്യമുണ്ടായിരുന്ന സമയത്ത് നമ്മളിൽ വന്നണയുന്ന സൌഹൃദം, അതിലൂടെ ഒഴുകുന്ന സ്നേഹധാര, ആ സ്നേഹത്തിന് എന്തു പേരിടും എന്നേറെ ആലോചിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ സ്നേഹങ്ങളുടെ ഒത്തുചേരലാണോ, അതോ മറ്റൊരവതാരമാണോ എന്ന് അറിയുന്നില്ല. എന്തായാലും ഒന്നുറപ്പാണ്. ഒരു കാവ്യഭാവനയിലോ, കവിതയിലോ ആ സ്നേഹം ഒതുക്കാൻ അല്ലെങ്കിൽ വർണ്ണിച്ച് തീർക്കാൻ ആവുമെന്ന് തോന്നുന്നില്ല. ചിലപ്പോൾ തോന്നും മേൽപ്പറഞ്ഞ രീതിയിൽ കൂട്ടി ചേർക്കുന്ന ബന്ധത്തിലൂടെ ഈശ്വരൻ ഏതോ കാണാനൂലിൽ കോർത്ത് ആ രണ്ടു മനസ്സുകളേയും വിസ്മയത്തിൽ താഴ്ത്തിയതല്ലേ എന്ന്? അതോ ക്ഷീരപഥത്തിലെ തൊട്ടടുത്തുള്ള രണ്ടു നക്ഷത്രങ്ങളെ മനസ്സുകളാക്കി ഭൂമിയിലേക്ക് താഴ്ത്തിയിറക്കിയതോ? അറിയുന്നില്ല. ഒരു വിധത്തിൽ സ്വയം ചോദിക്കാം. എന്തിനറിയണം. ഉത്തരമറിയാതെ സ്നേഹിച്ചു കൂടെ? ഉത്തരം അറിഞ്ഞാൽ സ്നേഹിക്കുമെന്നു ഉറപ്പുണ്ടോ?

വന്ന വഴികളിലെ സ്നേഹനൊമ്പരങ്ങളും, സന്തോഷാശ്രുധാരകളും മതിയാവോളം സാന്ത്വനപ്പെടുത്തുവാനോ ആസ്വദിക്കുവാനോ കഴിയാതെ പോയി എന്നൊരു തോന്നൽ! എന്റെ സൌഹൃദങ്ങൾ നൽകിയ മാധുര്യം നിറഞ്ഞ സ്നേഹം ആനുസ്മരിക്കുമ്പോൾ, താലോലിക്കുമ്പോൾ അറിയാതെ ആഗ്രഹിക്കും ഒരു വേള കൂടി ആ പാതയിലൂടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! കോർത്ത കൈകളുടെ ഊഷ്മളം ഇന്നും സിരകളിൽ  ഉണ്ട് സ്പന്ദനങ്ങളായി.

നമ്മളെ മനസ്സിലാക്കാതെ അകലുന്നവരെ നമുക്കോർക്കാം ഒരിടവേള കൂടി. അകന്നിട്ടും അടുക്കാൻ ശ്രമിക്കുന്നവരെ വേദനിപ്പിക്കാതിരിക്കാൻ വീണ്ടും സ്നേഹിക്കാം. എന്നാൽ നമ്മള്‍ അടുത്തിട്ടും അകലുന്നവരേയും ഓർമ്മിക്കാതിരിക്കുന്നവരേയും ഈ ജന്മത്തിൽ മറന്ന് അടുത്ത ജന്മത്തിൽ വീണ്ടും സ്നേഹിക്കാം. കാരണം സ്നേഹത്തിനു ആദിയുമില്ല അന്ത്യവുമില്ല. നാം യാത്ര പറയുമ്പോഴും നമ്മുടെ സ്നേഹം നാം സ്നേഹിച്ചവരിലൂടെ ജീവിക്കുന്നു. തലമുറകളിലേക്ക് അത് കൈമാറുന്നു മങ്ങലേൽക്കാതെ തന്നെ. ആരറിഞ്ഞു, മന്വന്തരങ്ങളിലൂടെ നമ്മുടെ സ്നേഹം ഒരു പുനർജനനിയാവില്ലെന്ന്? അതെ, സ്നേഹമെന്ന ആ അല്‍ഭുതം അന്നും ഇന്നും ഒരു മഹാല്‍ഭുതം തന്നെ!

-കപിലൻ-

No comments:

Post a Comment