സാഹിത്യത്തിന്റെ ശിഖിരങ്ങൾ ബൃഹസ്തമായപ്പോൾ യഥാർത്ഥ വേതാളസംജ്ജീവനി
തിരിച്ചറിയാൻ പ്രയാസമേറിയെന്നു തോന്നുന്നു! അതാവാം മാനുഷികമൂല്യങ്ങളിൽ
ഗണ്യമായ ഭങ്കുരമേറ്റത്. ജന്മനാൽ പിതൃപാർശ്വത്താൽ ഞാനൊരു ബ്രാഹ്മണൻ.
മാതൃലാളനയിൽ നുകർന്ന ഹൈന്ദവത്വവും, വേളിയിൽ മാറിലണിഞ്ഞ ക്രൈസ്തവ
മൂല്യങ്ങളും ഈ കപിലനിൽ പുതുമുകുളങ്ങൾക്ക് വേരൂന്നി. എന്നാൽ ഇന്നോ?
ജീവിതപ്രയാണത്തിൽ ജാതിമതവ്യതിയാനങ്ങളിലൂടെ സഞ്ചരിച്ച് മാമലക്കപ്പുറം
കണ്ടെത്തിയ പ്രവാസിയുടെ വെറുമൊരു പ്രാണൻ മാത്രം! അന്തരീക്ഷത്തീന്റെ
ചൂടേറുന്ന നിശ്വാസവായുവിൽ നിന്നും വിടുതലിനായി, ഒരാശ്രിതനെ
സാന്ത്വനത്തിനായി തേടിയലയുമ്പോൾ പലപ്പോഴും സ്വയമറിയാതെ തന്നെ
ചെന്നെത്താറുള്ളത് എന്റെ വേതാളത്തിലാണ്. അതേ, എന്റെ വേതാളത്തിൽ!
എന്റെ
വേതാളത്തിന് പുരാണങ്ങളിലെ പൈശാചികത്വമുഖഭാവമില്ല. വസിഷ്ഠ മുനിയുടെ
അവതാരഗണമാവാൻ അർഹതയുമില്ല. എന്റെ വേതാളത്തിന്റെ മോക്ഷ പുരാണം ചെവിക്കൊള്ളാൻ
ഇന്നു ശ്രീരാമനോ, വിക്രമാദിത്യനോ ഇല്ല. ആകെ ഈ പ്രവാസിയുടെ തോൾസഞ്ചിയിലെ
ഒരു പിടി "വാൽമീകമായി", എന്റെ വേതാളം എനിക്കൊരു വഴികാട്ടിയായി അക്ഷയമായ ആ
വാൽമീകം പകർന്ന് ശാശ്വതമായി ഈ പ്രവാസിയിൽ (കപിലനിൽ) വസിക്കുന്നു.
വേതാളം
ആദ്യമായി ഈ കപിലനിൽ ആവാഹിതനായ ദിവസം! അതേ, അന്ന് അസ്തമനത്തിനൊരുങ്ങിയ
ആദിത്യദേവന് ഒട്ടും കുണ്ഠിതമുണ്ടായിരുന്നില്ല. പ്രഭാതത്തിലെ അതേ ശോഭയോടെ
പശ്ചിമദിശയിൽ സ്നാനത്തിനായി തലകുനിച്ചു. കരിംകൂവളവർണ്ണത്താൽ ചിത്രകർമ്മം
നടത്തിയിട്ടായിരുന്നു അന്നത്തെ ശീവേലി യാത്ര. സന്ധ്യ മയങ്ങിയതോടെ കൂവളഗന്ധം
വാനമാകെ പടർന്നു. സൂര്യഹോമത്തിന്റെ അന്തിമത്തിൽ, പകർന്ന കൃശാണുക്കൾ,
മന്വന്തരങ്ങൾ പിന്നിട്ട ബ്രഹ്മാണ്ഡകോടികളാൽ മിനഞ്ഞെടുത്ത ഒരു മേഘദൂതായി
മാറുകയാണെന്ന് ആ സമയം കപിലനെന്ന ബ്രാഹ്മണപുത്രൻ അന്തരത്തിൽ കരുതിയതേയില്ല.
വാനത്തിൽ മേഘക്കൂട്ടങ്ങൾ കരിംഭൂതം കണക്കെ അതിവേഗം പടർന്നു പന്തലിച്ചു.
മിന്നൽ പിണറുകൾ വെള്ളിവാളിന്റെ മൂർച്ചയറിയിച്ചു.
ഘോരാന്തകാരം
തങ്ങിനിറഞ്ഞിരുന്നതിന് പുറമെ പേമാരിയും ധാരമുറിയാതെ
പാതാളഭൂമിയിലേക്കൊഴുകുവാൻ തുടങ്ങി. ആ നിശാമദ്ധ്യത്തിൽ ഏകനായി ആ കനനഭീകരതയും
നുകർന്ന് നെല്ലിമരച്ചുവട്ടിൽ ചകിതഹൃദയനാവാതെ നിലയുറപ്പിച്ചിരുന്ന
കപിലന്റെ മനസ്സ് ആ പേമാരിയേക്കാൾ ഘോരമായി ആർത്തിരമ്പുകയായിരുന്നു.
എന്തിനെന്നറിയാത്ത ഈ പ്രയാണസന്ധിയിൽ നീറിപ്പുകയുന്ന ഒരു അസ്ഥിപഞ്ചരം ആ
മനസ്സിന്റെ സ്പന്ദനം നിലക്കാതെ നിർത്തിയിരുന്നു എന്നതാണ് ആകെ ഈ ജീവിതത്തിൽ
നേടിയ സമ്പത്ത്.
പേമാരിയുടെ ആധിക്യമേറിയപ്പോൾ ആകെയുള്ള
സമ്പത്തിന് ആഘാതമേൽക്കാതിരിക്കാൻ കിഴക്കിനിയിലേക്ക് തിരിഞ്ഞ് നടക്കാൻ
ആരംഭിക്കുകയായിരുന്നു. വിദൂരതയിൽ അങ്ങകലെ ആകാശവീഥിയിൽ മിന്നിമറഞ്ഞിരുന്ന ആ
വെള്ളിവാളുകൾ തൊട്ടുപിന്നിൽ ആളിക്കത്തിയ ഒരു ജ്വാലയുണർത്തിയ അനുഭവം!
പിന്തിരിഞ്ഞ് നോക്കിയപ്പോൾ തൊട്ടടുത്തുള്ള മരക്കൊമ്പിൽ തലകീഴേക്കിട്ട ഒരു
രൂപം പല്ലിളിക്കുന്നു! മുഖത്ത് നിന്ന് ഊർന്നിറങ്ങിയ കണ്ണാടയിലെ
ജലബിന്ദുക്കൾ ഒപ്പിയെടുത്ത് ഒരാവർത്തി കൂടി ശ്രദ്ധിച്ച് നോക്കി.
മനസ്സിൽ കരുതി, "കൂടുവിട്ടിറങ്ങിയ വവ്വാലായിരിക്കാം". തിരിഞ്ഞു നടക്കാൻ ഭാവിച്ചു.
"അതേ, ബ്രാഹ്മണകുമാരാ ഒന്ന് നിൽക്കു!"
"എന്ത്?
ഞാൻ തന്നെ മറന്നിരുന്ന ആ ജീവശിഖയുടെ രഹസ്യമറിയുന്ന ഒരു ജന്മം ഈ
അധോലോകത്തുണ്ടെന്നോ? ഇല്ല വെറുതെ തോന്നിയതാവും", മനസ്സിൽ അങ്ങിനെ കരുതി
കാലുകൾ മുന്നോട്ടുവെയ്ക്കാൻ ഒരു വൃഥാശ്രമം കൂടി നടത്തി.
"അല്ലാ,
കേട്ടില്ലെന്നുണ്ടോ? ഞാൻ വേതാളം. കപിലകുമാരനായി മൂടുപടമണിഞ്ഞ ബ്രാഹ്മണാ
നിനക്കായി പുനർജ്ജനിച്ച ജ്ഞാനവസിഷ്ഠത്തിലെ വേതാളം. വിന്ധ്യാപർവ്വതത്തിൽ
നിന്നും പശ്ചിമദിശയിൽ വന്നെത്തി. വഴിയറിയാതെ ഉഴറിയ ഞാൻ സ്നാനത്തിനിറങ്ങുന്ന
ആദിത്യദേവനെ കാണാൻ ഇടയായി. വഴി ചോദിച്ചു. വഴികാട്ടിയായി വരുണനെ
എനിക്കൊപ്പം പറഞ്ഞയച്ചു. വരുണനിൽ പ്രാപിച്ച് ധർമ്മ കർമ്മത്തിനായി
നിനക്കൊരു വഴികാട്ടിയായി ഇതാ ഞാൻ എത്തിയിരിക്കുന്നു. ഒന്നുമാത്രം ബാക്കി. ആ
തോൾസഞ്ചിയിൽ വേതാളത്തിൠനൊരു സ്ഥാനപ്രാപ്യം അനിവാര്യം".
വേതാളപഞ്ചവംശതി
വായിച്ചറിയാൻ ഭാഗ്യമുണ്ടായ ഈ കപിലൻ വേതാളത്തിന്റെ ആഗമനത്തെ ആദ്യം
സംശയത്തോടെ വീക്ഷിച്ചതിൽ തെറ്റുണ്ടോ? ഒരു പരീക്ഷണത്തിനായല്ലാ, ഒരു സംശയ
നിവാരണമെന്ന രീതിയിൽ ഞാൻ ചോദിച്ചു.
"ജ്ഞാനവസിഷ്ഠത്തിലെ
മോക്ഷമാർഗ്ഗോപദേശിയായി വാണിരുന്ന വേതാളമേ, അമാനുഷികതയുടെ തന്മാത്രകളിൽ ഒരു
കണികപോലും അധീനതയിലില്ലാത്ത ഈ ചഞ്ചലരജസ്സായ അപരാധിയുടെ തോളിലേറാൻ അങ്ങയെ
പ്രേരിതനാക്കിയതെന്തെന്നൊന്ന് പറഞ്ഞു കൂടേ?"
വേതാളം മരക്കൊമ്പിൽ നിന്നും താഴെയിറങ്ങി. കയ്യിലിരുന്ന വെള്ളിക്കോൽ അരയിൽ തിരുകി. എന്നിട്ട് എന്നോടായി ഈ വിധം തുടർന്നു.
"ജ്ഞാനികളും
കാര്യകാരണശക്തിയുള്ളവരും ഈ പാതാളാഭൂമിയിൽ അനുഗ്രഹീതരാണ്. ശാസ്ത്രങ്ങളും
പുരാണങ്ങളും അവർക്ക് അനന്തവും അമൂല്യവുമായ അനുഭൂതികൾ സദാ അരുളിച്ചെയ്യും.
അവർ മാനവരുടെ അഭിവൃദ്ധിക്കായി അതിൽ ലാഭേച്ഛ കൂടാതെ മുഴുകും. എന്നാൽ പാത
മറന്നവരുടെ ജീവിതമോ? അവർ അഭിശപ്തരത്രേ? അവരുടെ ഇടയിൽ നില കൊള്ളുന്ന നീ ആ
ദു:ഖത്തിന്റെ ശ്വാസനിശ്വാസത്താൽ, ശരിയിൽ തെറ്റിന്റെ അമ്ലരസമുണ്ടോ എന്നു
സംശയിക്കുന്നു. നിന്നിൽ ഉടലെടുക്കുന്ന ചോദ്യാവലികൾ ജ്ഞാനവസിഷ്ഠത്തിൽ
കുടികൊള്ളൂന്ന നിന്റെ പൂർവ്വികരെ ജുഗുപ്സരാക്കുന്നു. അതുകൊണ്ട് നിന്റെ
അനന്തരയാത്ര സംഭാഷണം കൊണ്ട് സമ്പന്നമാക്കുവാൻ ഞാൻ നിയോഗിതനായി നിന്നിൽ
പ്രാപിക്കാൻ ഇവിടെ എത്തിയിരിക്കുന്നു"
ഞാൻ ഉത്തരമേകും മുൻപ് വേതാളം എന്റെ തോൾസഞ്ചിയിൽ സ്ഥാനമുറപ്പിച്ചു. എന്നിട്ടെന്നോടായി വീണ്ടും ഈവിധമോതി.
"ചോദിക്കാം,
നിനക്കെന്തുമെന്നോട് എപ്പോൾ വേണമെങ്കിലും. ഒരു നിഷ്ഠ! നിന്റെ
ചോദ്യത്തിന് ആവർത്തനരൂപമോ, ചോദ്യങ്ങൾക്ക് മുൻപിൽ എനിക്ക് ഉത്തരമില്ലാതെ
വരുകയോ ചെയ്താൽ ഞാൻ എന്നെന്നേക്കുമായി നിന്നിൽ നിന്നും മറയും. എന്താ
സമ്മതമല്ലേ?"
തലയാട്ടി സമ്മതമേകാനേ കഴിഞ്ഞുള്ളു. പൂർവ്വികരെ മുൻപിൽ കണ്ടതു കൊണ്ടാവണം.
"എന്താണ് നിന്റെ ആദ്യചോദ്യം?"
കോലായിലെത്തിയ ഞാൻ ഒന്നാലോചിച്ചു. എന്നിട്ട് എന്റെ വേതാളത്തോട് ഞാൻ ചോദിച്ചു...
"എന്റെ
വേതാളമേ, കൈവിരലുകൾ നിർവ്വീര്യമായി തോന്നുന്നു. മനസ്സിനെ അലസത കാർന്ന്
തിന്നുന്നുവോ എന്നൊരു സംശയം. എന്റെ ഈ അലസതയ്ക്ക് കാരണമെന്താവാം?"
വേതാളം
അരയിൽ തിരുകിയിരുന്ന വെള്ളിക്കോലെടുത്ത് നെറ്റിത്തടത്തിൽ
നിന്നുതിർന്നിരുന്ന മഴത്തുള്ളികൾ വകഞ്ഞു മാറ്റി, ഈ വിധം എന്നോടായോതി.
"കപിലാ,
നിന്റെ കൈവിരലുകളുടെ നിർവ്വീര്യത ജീവനുള്ള മനുഷ്യമനസ്സിന്റെ ജീവതന്തു
വെടിയുന്നതിന്റെ മുന്നോടിയാണ്. 'അലസത' ജീവനുള്ള മനുഷ്യന്റെ ശവസംസ്കാരമാണ്
എന്ന് നീ അറിയുന്നില്ല. ഇതിനൊരേയൊരു ഔഷധം, സദ്‌ഗുണങ്ങൾ വെടിഞ്ഞ്
ദുർബലനാവാതിരിക്കുകയെന്നതാണ്. കാരണം 'അലസത' ദുർബലരുടെ രക്ഷാകേന്ദ്രവും,
സദ്ഗുണങ്ങളുടെ ശവക്കല്ലറയുമാണ്. നീ മറ്റൊരു സത്യം മനസ്സിലാക്കിയിട്ടുണ്ടോ?
അലസർ പൈശാചിക പ്രവൃത്തിയിൽ മുഴുകാൻ മുതിരാറില്ല. കാരണം പിശാച് അലസരെ
പരീക്ഷിക്കാറില്ല എന്നത് തന്നെ സത്യം. മറിച്ച് അലസർ പിശാചിനെ
പരീക്ഷിക്കുന്നു. 'അലസത' വിട്ടുപിരിയാതാവുമ്പോൾ അവർ നിത്യനിരാശരായി
മാറുന്നു".
ഞാൻ മനസ്സിൽ പറഞ്ഞു, "എന്റെ വേതാളം തരക്കേടില്ലല്ലോ?
അന്തരാർത്ഥം വളരെ ആഴമേറിയത് തന്നെ. എന്നാൽ ഇനി ഈ വേതാളത്തെ ഉത്തരം
മുട്ടിച്ചിട്ട് തന്നെ മറ്റൊരു കാര്യം". എങ്ങോ പോയ്മറഞ്ഞിരുന്ന സല്ലാപരസം
എന്നിലേക്കാഴ്‌ന്നിറങ്ങും പോലെ.
ഞാൻ വീണ്ടും ചോദിച്ചു, "വേതാളമേ,
മാതൃസ്നേഹം മതിവരുംമുൻപ് വന്നുപെട്ടത് പണക്കൊതിയരുടെ
നീർച്ചാലുകളിലാണെന്ന് ശരീരത്തിൽ പുരണ്ട ചെളിയുടെ നിറം കണ്ടപ്പോഴാണ്
ബോധമുദിച്ചത്. ധനികരുടെ നാട്ടിൽ 'ഉദാരത'യുടെ അർത്ഥം തേടി ഞാൻ ഇന്നും
അലയുന്നു. എന്തേ ഞാൻ 'ഉദാരത' കാണാത്തത്?"
വേതാളം മെല്ലെയൊന്ന് പുച്ഛരസത്തിൽ മന്ദഹസിച്ചു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു.
"ബ്രാഹ്മണപുത്രനായ
കപിലാ, സമ്പാദ്യത്തിന്റെ ഭാരം നോക്കുന്ന കൈയ്യുകൾ പരിസരത്ത്
ഏറെയുണ്ടല്ലോ? എന്നാൽ അവർ ഒന്നുമറന്നു. ദാനം ചെയ്യുന്ന കൈകൾ
സമ്പാദിക്കുകയാണെന്നത്. ദാനം ചെയ്യാൻ സ്നേഹം വേണ്ടാ. പക്ഷേ, ദാനം കൂടാതെ
സ്നേഹിക്കാൻ പറ്റില്ല. അത് നിനക്കറിയുമോ? അതേ പോലെ, ഉദാരനാകാൻ
ധനികനാവേണ്ട. ദാനം ചെയ്യുന്ന ദരിദ്രൻ രാജകുമാരന്റെ ഉദാരമനസ്സോടെ
അവനേക്കാളും ആനന്ദത്തോടെ ജീവിക്കും. കുറ്റകർമ്മത്തിന് മറപിടിക്കാൻ
ദാനശീലരാവുന്നവരുടെ നാട്ടിലല്ലേ നിന്റെ വാസം? അവരറിയുന്നുണ്ടോ, വഴി തെറ്റിയ
ഉദാരശീലം തിന്മയേക്കാൾ പാപമേറിയതാണെന്ന്? കടം കൊടുക്കുന്നത്
ദാനമാകുന്നില്ല. എന്നാൽ രണ്ടിനും ചിലവ് പലപ്പോഴും തുല്യമാണ് താനും.
നിനക്ക് വേണ്ടാത്തത് മറ്റുള്ളവർക്ക് നൽകുന്നത് ദാനമാണോ? അതേയെന്ന്
ധനികർ ധരിക്കുന്നു. എന്നാൽ അത്തരം പകർച്ച എച്ചിലിന് തുല്യമെന്ന്
പൂർവ്വികർ കൽപ്പിക്കുന്നു. നീ മനസ്സിലാക്കുന്നുണ്ടോ ഈ ജീവിതത്തിലെ ഏറ്റവും
വലിയ സമ്പത്ത് എന്താണെന്ന്? അത് മറ്റൊന്നുമല്ല. മറ്റുള്ളവർക്ക്
സന്തോഷത്തോടെ നൽകുന്ന ധനം തന്നെ".
അന്ധകാരത്തിൽ ഉഴറിയിരുന്ന ഞാൻ
ആദിത്യതുല്യമായ പ്രകാശധാരയിൽ അകപ്പെട്ടവനെ പോലെ വേതാളത്തിന്റെ
ഉത്തരങ്ങൾക്ക് മുൻപിൽ കണ്ണ് മഞ്ഞളിച്ച് അധീനനായി നിലകൊണ്ടു.
വേതാളത്തിന്റെ സ്വരഗാംഭീര്യം നിലച്ചപ്പോഴുണ്ടായ നിശബ്ദതയിൽ ഞാൻ ഉണർന്നു.
ഞാൻ വേതാളത്തിനോട് ചോദിച്ചു.
"ജ്ഞാനപൂർണ്ണനായ വേതാളമേ,
ഉരുളക്കുപ്പേരി പോലെ നൽകുന്ന മറുപടികൾ വാമൊഴിയായി ഈ കദനത്തിൽ പതിക്കുമ്പോൾ
എനിക്കൊരു സംശയം. വാതോരാതെ സംസാരത്തിൽ മാത്രം ജീവിക്കുന്ന മനുഷ്യജന്മങ്ങൾ ഈ
ഭൂലോകത്തും വിരളമല്ല. എന്നാൽ ഹൃദയവിശാലതയുടെ സ്പടികമായി അവരുടെ വാമൊഴികൾ
എനിക്ക് പലപ്പോഴും തോന്നാറില്ല. ഹൃദയവിശാലതയുള്ള പലരും നാവിന്റെ നീളം
പ്രകടിപ്പിക്കാറുമില്ല. സത്യശുദ്ധമായ മറുപടിക്ക് നിന്നിൽ
പരിമിതിയില്ലല്ലോ? അതിനാൽ ഇതിനുത്തരമെന്താണ്? "ഹൃദയവിശാലതയും നാവിന്റെ
ദൈർഘ്യവും" ഇവയ്ക്കിടയിൽ അന്തർലീനം പൊരുത്തമോ അതോ വൈരുദ്ധ്യമോ?"
എന്റെ ഈ ചോദ്യത്തിനും വേതാളത്തിന് മറുപടി തേടി അലയേണ്ടിവന്നില്ല. വേതാളം തുടർന്നു.
"ഹൃദയവിശാലത
ആത്മാവിന്റെ നിസ്വാർത്ഥഭാവവും നാവിന്റെ ദൈർഘ്യം ആത്മനിയന്ത്രണത്തിന്റെ
ഇരട്ടത്താപ്പുമാകുന്നു. ജീവിതത്തിൽ കാർമ്മേഘങ്ങളില്ലെങ്കിൽ
മഴവില്ലുമുണ്ടാവില്ല എന്ന പ്രകൃതി നിയമം നീ മനസ്സിലാക്കിയിട്ടില്ലേ? ഈ
പ്രപഞ്ചസത്യം മാനുഷിക ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന അളവുകോലുകളാണ്
ഹൃദയവിശാലതയും നാവിന്റെ ദൈർഗ്ഘ്യവും. ഒന്ന് മറ്റൊന്നിന് വിപരീതമായി
വളരുന്നു. മൂന്നിഞ്ച് നീളമുള്ള ഒരു നാവിന് ആറടി നീളമുള്ള ഒരുവനെ
വധിക്കുവാൻ കഴിയുന്നില്ലേ? ബ്രാഹ്മണപുത്രാ, നീ വേദങ്ങൾ പഠിച്ചിട്ടില്ലേ?
പുരാണസാരങ്ങളും സൃഷ്ടികർമ്മത്തിന്റെ ഉന്മൂലനവും മനസ്സിലാക്കിയിട്ടില്ലേ?
എന്നാൽ നീ മനസ്സിലാക്കാത്ത ഒരു രഹസ്യം അതിൽ അടങ്ങിയിട്ടുണ്ട്! ഈശ്വരൻ
ബാഹ്യമായി മനുഷ്യന് രണ്ടു കാതുകളും, രണ്ട് കണ്ണുകളും, രണ്ട് കൈകളും,
രണ്ട് കാലുകളും നൽകിയപ്പോൾ വളരെ കരുതലോടെയാണ് ഒരു നാവ് മാത്രം നൽകിയത്.
കാരണം തന്റെ സൃഷ്ടികൾ ഇരുകാതുകൾ കൊണ്ട് ഏറെ കേട്ടറിയുവാനും, ഇരുകണ്ണുകൾ
കൊണ്ട് ഏറെ കണ്ട് മനസ്സിലാക്കുവാനും, ഇരു കൈകൾ കൊണ്ട് വേണ്ടത്ര സഹായവും
ദാനവും ചെയ്യുവാനും, ഇരുകാലുകൾ കൊണ്ട് കൂടുതൽ ഭാരം ചുമക്കുവാനും
ആഗ്രഹിച്ചു. അതേ ഈശ്വരൻ തന്നെ നാവേറിയാലുണ്ടാകാവുന്ന, അന്യർക്കുപദ്രവ
ഹേതുവായ മൂർച്ചയെക്കുറിച്ച് മുൻകൂട്ടി ധരിച്ചിട്ടുണ്ടാവണം. അതൊന്നുകൊണ്ട്
തന്നെ, മിതമായി സസാരിക്കുവാൻ ഉതകുമാറു് ഒരു നാവ് മാത്രം നൽകി. ഹൃദയവും
നാവും ദ്വൈസ്ഥായികളാണ്. ദുഷ്ടരുടെ ഹൃദയം നാവിനുള്ളിലാവുമ്പോൾ
സൽസ്വഭാവിയുടെ നാവ് അവന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു".
വേതാളമൊന്ന് നിർത്തി. ആ അവസരം പാഴാക്കാതെ ഞാൻ വേതാളത്തോടോതി.
"വേതാളമേ,
സാഹിത്യരചനകളിൽ പലപ്പോഴും നാവിന്റെ നീളം സ്ത്രീയോടാണ്
ഉരുക്കിച്ചേർക്കാറുള്ളത്. നാവിനെ, സ്ത്രീയുടെ ഏറ്റവും വലിയ ആയുധമെന്നും,
അവളൊരു "കിലുക്കാംപെട്ടി"യാവുമ്പോൾ അവളുടെ വാതോരാതെയുള്ള സംസാരസ്വഭാവത്തെ
"വായാടി"യെന്നു പറഞ്ഞ് മണികെട്ടുകയും ചെയ്യുക രചനകളിൽ സാധാരണമാണ്. സ്ത്രീ
എന്ന നെറ്റിപ്പട്ടത്തിലൂടെ നാരീലോകത്തെയെല്ലാം വിമർശ്ശിക്കുമ്പോൾ കപിലന്റെ
മനസ്സ് ഇടയാറുണ്ട്. കാരണം "അമ്മ"യെന്ന പദത്തെ കപിലൻ അത്രയധികം പൂജിതമായി
വണങ്ങുന്നതുകൊണ്ട് തന്നെ. എന്റെ വേതാളമേ, നിനക്കെന്തുണ്ട് സാന്ത്വനമായി
എനിക്കേകാൻ?"
അതുവരെ ചോദ്യമവസാനിക്കുമ്പോഴേക്കും ഉത്തരം
പുറപ്പെട്ടിരുന്ന ആ മസ്തിഷ്കം ഒരു നിമിഷം ആലോചനയിലാഴുന്നത് ഞാൻ കണ്ടു.
അധികം ആ നിശബ്ദത ദീർഘിച്ചില്ല. വേതാളം കൈകൾ കൂപ്പികൊണ്ട് ആ പദം
ആവർത്തിച്ചു, "അമ്മ". എന്നിട്ട് ഇങ്ങിനെ പറയുവാൻ തുടങ്ങി.
"കപിലാ,
മനസ്സിലാവുന്നുണ്ട് അമ്മയോടുള്ള നിന്റെ ഭക്തി. കർദ്ദമപ്രജാപതിയുടെ
മരണാനന്തരം നിന്റെ അമ്മ ദേവഹൂതിക്ക് ഭക്തിമാർഗ്ഗമുപദേശിച്ചു കൊടുക്കാൻ
മകനായ നീ മാത്രമല്ലേ അന്നുണ്ടായുള്ളു. സമാധിയടഞ്ഞ ആ ആത്മാവ് ഇന്നും
നിന്നിൽ ഉണ്ടല്ലേ? ലോകൈകരെ പഴിച്ചിട്ട് കാര്യമില്ല കപിലാ. സ്ത്രീ എന്ന പദം
പാപത്തിന്റെ തുടക്കമായിട്ടല്ലെ ഈ ലോകം കാണാൻ തുടങ്ങിയത്? വിശപ്പു
കൊണ്ടല്ലല്ലോ ഹൗവ്വ വിലക്കപ്പെട്ട കനി തിന്നത്? അത്
വിലക്കപ്പെട്ടതുകൊണ്ടല്ലേ? സാരമില്ല. ഈശ്വരസൃഷ്ടികളിൽ എല്ലാറ്റിനും ഒരു
പോറലെങ്കിലും ഉണ്ടാവും. എന്നാൽ 'അമ്മ'യെ സൃഷ്ടിച്ച ഈശ്വരൻ അമ്മയെന്ന പദം
കൊണ്ട് ലോകത്തിന് എന്നും നേരിൽ കാണാൻ കഴിവുള്ള 'ദൈവരൂപ'ത്തിന്
ജീവനേകുകയായിരുന്നു. മുതിർന്നവർ അതറിയുന്നില്ല എന്നുമാത്രം. എന്നാൽ
കുട്ടികൾ അതറിയുന്നു! അവരുടെ നാവിൽ ഈശ്വരൻ എന്ന പദം 'അമ്മ'യെന്നാകുന്നു.
അമ്മയുടെ സ്നേഹാർദ്ദ്രമായ ഹൃദയമാണ് പിഞ്ചോമനകളുടെ 'പഠനമുറി'. അതുകൊണ്ടല്ലേ
നിന്റെ പൂർവ്വികർ പറയാറൂള്ളത്, അച്ഛന്റെ പാപങ്ങളും അമ്മയുടെ
പുണ്യങ്ങളുമാണ് കുട്ടികളിൽ കൂടുതൽ പ്രകടമാവാറുള്ളതെന്ന്? അമ്മയാവുമ്പോൾ
മാത്രമല്ല സ്ത്രീയുടെ മനസ്സിൽ മൃദുലതയുണരുക. സ്ത്രീ 'ഭാവന'യെന്ന
ക്ഷേത്രത്തിൽ വരിക്കുന്നവളാണ്. അവളുടെ ഭാവനകൾ മൃദുലമാണ്. ആ ക്ഷേത്രത്തിൽ
നിന്നും സ്ത്രീ പുറന്തള്ളപ്പെട്ടാൽ, ആ വീഴ്ച ഒരു
അഗാധഗർത്തത്തിലേക്കായിരിക്കും. ആ വീഴ്ചയിൽ സ്ത്രീ എന്ന 'ദേവി' ഒരു കല്ലായി
തീരുന്നു"വേതാളം പറഞ്ഞ് നിർത്തി.
ആ മുഖത്ത് യാത്രാക്ഷീണം
പ്രകടമായിരുന്നു. സമയം ഏറെയാവുകയും ചെയ്തു. എന്റെ വേതാളത്തെ അന്നത്രയും
ചിന്തിപ്പിച്ചാൽ മതിയെന്ന് എനിക്ക് തോന്നി. എന്നാൽ കപിലൻ ഒരു കാര്യം
മനസ്സിൽ ഉറപ്പിച്ചു, "ഇല്ല, എന്റെ വേതാളത്തെ എനിക്ക് തോൽപ്പിക്കാനാവില്ല.
വേണ്ടാ. എനിക്കെന്റെ വേതാളത്തെ തോൽപ്പിക്കണ്ടാ, ഒരു മാർഗ്ഗദർശ്ശിയായി
ഞാനെന്റെ വേതാളത്തെ എന്റെ തോളിലേറ്റും".
അന്ന് മുതൽ കപിലൻ
വേതാളമോതിയ വാൽമീകങ്ങൾ എഴുത്തോലയായ "കലന യന്ത്ര"ത്തിൽ കുറിച്ചുതുടങ്ങി. ആ
വേതാളസല്ലാപത്തിന് ഒരു പേരും നൽകി. "വേതാളമോതിയതും വാൽമീകമായതും". ആ
നികുഞ്ചം കപിലന് വഴികാട്ടിയായി, അന്നുമുതൽ ഇന്നുവരെ. കപിലന്റെ
തോൾസഞ്ചിയ്ക്ക് ഒരൽപ്പം ഭാരമേറിയെങ്കിലും മനം പതിന്മടങ്ങ് സാന്ത്വനമായ
ഒരസുലഭാനുഭവം.