Wednesday, October 24, 2012

ജാലകപ്പടികള്ക്കിടയിലൂടെ.........


ജാലകത്തിനപ്പുറം ദൃശ്യമായവയുള്ളവയില്‍ ഒരു അദൃശ്യാന്വേഷണം! നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ടുള്ള ആ കാത്തിരുപ്പിനെ മറ്റെന്താണ് വിളിക്കുക? മറ്റെങ്ങിനെയാണ് വിശേഷിപ്പിക്കുക എന്നായിരുന്നു ആദ്യമാദ്യം തോന്നിയിരുന്നത്. എന്നാല്‍ കാലാതീതം മറ്റൊരു അനുഭവമാണ് മനസ്സില്‍ ഉണര്‍ത്തിയത്. വേണമെങ്കില്‍ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഈ പ്രാണന് തോന്നിയതും തെറ്റായിക്കൂടെന്നില്ല.

എന്നും ഒരല്‍പനേരമെങ്കിലും സുപ്രഭാതവേളയില്‍ ജാലകപ്പടികള്‍ക്കിടയിലൂടെ അകലങ്ങളിലേക്ക് നോക്കി ഇരിക്കുക ഒരു പതിവായി മാറിയ കാലയളവ്. പുറം കാഴ്ചകള്‍ എന്നും ഏകദേശം ഒന്നു തന്നെ. എന്നും കണ്ടു മടുത്ത വിരസത കൃഷ്ണമണികളെ ബധിരതയിലേക്ക് നയിക്കുമോ എന്ന ഉള്‍ഭയം! എന്നാല്‍ ഒരു വേതാളവാത്മീകമായി ഈ കപിലനില്‍ ഉണര്‍ന്ന ഒരു സത്യം ഇന്ന് ആ അദൃശ്യാന്വേഷണം ദിനചര്യകളുടെ ഒരു ഭാഗമായി മാറി എന്നതാണു സത്യം!

മനസ്സില്‍ ഉതിര്‍ന്ന യുക്തിയുക്തത തപസ്വിതയില്‍ അല്ലെങ്കില്‍ ഉപാസനത്തില്‍ അനുചരിക്കുന്ന ഒരു പാഠ്യത്തിന്‍റെ പ്രതിചിന്തനമായിരുന്നു എന്നറിഞ്ഞപ്പോള്‍ പിന്കാലമത്രയും അനുഷ്ഠിച്ച ഭ്രാന്തിനെ” ഓര്ത്ത് ആദ്യമായി വിനന്വയനായി. ഒരു നിമിഷത്തേക്കെങ്കിലും ഉപാസനത്തിലേക്ക് ഒരെത്തിനോട്ടം ഇവിടെ അനിവാര്യം. ഉപാസനത്തിലെ ഒരു പാഠ്യം ചുവരില്‍ ഒരുക്കിയ ബിന്ദുവില്‍ ദൃഷ്ടിഗോചരം അര്‍പ്പിച്ച് മനസിന്നധിപനായി പരിസരവിമുക്തി നേടുക എന്നതാണെങ്കില്‍  ഈ പ്രാണന്‍ കണ്ടെത്തിയത് അതിന്റെ ഒരു വെറും പ്രതിചിന്തനം മാത്രമല്ലായിരുന്നു എന്ന സത്യം ലിഖിതാന്ത്യത്തില്‍ മനസ്സിലാവും.

വാല്‍മീകം ഇനി പൂരിതമാക്കാം. ജാലകപ്പടികള്‍ക്കിടയിലൂടെ കണ്ടിരുന്ന പുറം കാഴ്ച്ചകള്‍ ചിത്രലേഖനത്തുണിയില്‍ മിനഞ്ഞടുത്ത ഛായാചിത്രവിന്യാസമായി ഒരു നിമിഷം മനസ്സില്‍ കാണുക. മനതാരിലെ ഛായകൂട്ടില്‍ മാര്‍ജ്ജനിയോ തൂലികയോ മുക്കി പുറം കണ്ണുകൊണ്ടു പുറമെ കാണാത്ത എന്തെങ്കിലും എന്നാല്‍ മനക്കണ്ണില്‍ എന്നും കാണാന്‍ കൊതിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിക്കുന്ന ഏതോ ഒന്നു ജാലകപ്പടികള്‍ക്കപ്പുറം വരച്ചു ചേര്‍ക്കാന്‍ കഴിഞ്ഞാല്‍...... കണ്ടുമടുത്ത ഒരേ കാഴ്ചയില്‍ നിന്നും നമ്മില്‍ തളം കെട്ടിയ വിരസത കുളിര്‍മ്മയായി മാറില്ലേ? അതൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമവില്ലേ? തീര്‍ച്ചയായും മാറും. അതിനു കഴിയണമെങ്കില്‍ മനസ്സിനെ തളക്കാന്‍ അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ ഇന്ദ്രീയങ്ങള്‍ക്ക് കഴിയണം. അതല്ലേ ഉപാസനസിദ്ധി കൊണ്ടും ഉദ്ദേശിക്കുന്നത്? ഈശ്വരസന്നിദ്ധി എന്നു നാം വിശ്വസിക്കുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹാരാധനയും ഇതിന്റെ ഒരു പ്രതിഛായയല്ലേ? ശൂന്യതയില്‍ പുറം കണ്ണുകള്‍ക്ക് ദൃഷ്ടികേന്ദ്രത പ്രയാസമെന്ന സത്യത്തെ മറികടക്കാന്‍ കല്ലില്‍ കൊത്തിയ ഒരു രൂപം നോക്കി നാം മനസിനെ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നു. ആ കരിങ്കല്‍രൂപത്തിനപ്പുറം മനസില്‍ നാം ഈശ്വരരൂപത്തെ കാണുന്നു. എന്നാല്‍ ജാലകപ്പടികള്‍ക്കപ്പുറത്ത് മേല്‍പ്പറഞ്ഞ പ്രക്രിയയെക്കാള്‍ ഉപരിയായി ഇല്ലാത്തഥായ ഒന്നിനെ മിനഞ്ഞടുക്കുക എന്നു കുറിക്കുന്ന ഈ പ്രാണനെ ഭ്രാന്തനെന്ന് വിളിക്കാന്‍ ഒരുങ്ങുമായിരിക്കാം ചിലരെങ്കിലും. അവരെ മാറോടണച്ച് അശ്ലേഷിച്ചിട്ടു ഒന്നേ പറയാനുണ്ടാവു എനിക്കു. “ഇന്നലെ ഭ്രാന്തെന്ന് കരുതി തള്ളിക്കളഞ്ഞ പലതുമല്ലേ ഇന്ന് നിത്യജീവിതത്തില്‍ സുഖലേപനമായി നാം ആസ്വദിക്കുന്നത്? അതിനു കാരണമെന്താണ്? ഭ്രാന്തരില്‍ ചിലര്‍ അത് ഭ്രാന്തല്ലെന്ന് വിശ്വസിച്ച് അപ്രാപ്യതയെ പ്രാപ്യമാക്കി.”. ഇന്നത്തെ അപ്രാപ്യത നാളേയുടെ പ്രാപ്യതയാവും എന്നു ചുരുക്കും. ഇന്ന് ഉപപാദിതമാക്കിയ പലതും ഇന്നലെയുടെ സ്വപ്നങ്ങളായിരുന്നു എന്നതല്ലേ സത്യം?

ജാലകപ്പടികള്‍ക്കപ്പുറം കാണുന്നത് തിരമാലകളടിക്കുന്ന ഒരു വെറും കടലോരമാണെങ്കില്‍ ആ തിരമാലകള്‍ക്കിടയിലൂടെ അങ്ങകലങ്ങളില്‍ വിരഹവേദനയോടെ ഒറ്റപ്പെട്ട് കഴിയുന്ന മനസ്വിനിയായ തന്റെ പ്രാണേശ്വരീ തോണിയും തുഴഞ്ഞടുക്കുന്ന ഒരു ഛായാചിത്രം മനസ്സുകൊണ്ടു വരയ്ക്കാന്‍ കഴിഞ്ഞാല്‍......! നാം പരിസരം മറന്ന് ഉള്‍ബോധമനസുണര്‍ത്തുകയും മനസ്സിന്റെ കേന്ദ്രീകരണശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളവനായി മാറും എന്നതിലുമുപരി സ്വമനസിന്‍റെ സര്‍ഗ്ഗശക്തി വികസിപ്പിക്കുകയും ചെയ്തിരിക്കും. ഇത് ഇന്നല്ലെകില്‍ നാളെ മനസ്സിലാവും ഏറെ ചിലര്‍ക്കെങ്കിലും. അന്ന് അവര്‍ക്കിതൊരു വാല്‍മീകമാവും. അക്കാലയളവില്‍ ഈ ഭ്രാന്തനില്‍ ഗുരുത്വം കണ്ടാല്‍ അതോര്‍ത്ത് അതിശയിക്കരുത് മറിച്ച് അപ്രാപ്യതയെ കീഴടക്കിയ പ്രാപ്യന്‍റെ സന്തോഷം മാത്രം എവരിലും ഉണര്‍ന്നാല്‍ മതി.  

2 comments:

  1. ബൂലോകം എന്ന ഇന്നത്തെ അവസ്ഥ സംജാതമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊണ്ണൂറുകളുടെ ആദ്യമായിരിക്കാമെന്ന് തോന്നുന്നു. ഇന്റര്‍നെറ്റില്‍ ആദ്യമായ് മലയാളം കൂട്ടായ്മ ഉണ്ടായതും അതിന് ആല്‍ത്തറ എന്ന വിശേഷണമുണ്ടായതും, അതിന്റെ അമരക്കാരില്‍ ഒരാളായ് അമേരിക്കന്‍ മലയാളികളുടെ കൂട്ടത്തില്‍ കപിലന്‍ ഉണ്ടായതും.. അന്ന് എന്നെപോലെയുള്ളവര്‍ക്ക് അതൊക്കെ ഒരു ഹരമായിരുന്നു. പിന്നീട് സ്പൈസ് ആന്റ് ഫ്ലേവറിന്റെ മലയാളം ഗസ്റ്റ് ബുക്ക് അപ്രത്യക്ഷമാവുകയും, ആല്‍ത്തറയിലെ കൂട്ടുകാര്‍ പലവഴി പിരിഞ്ഞുപോകുകയും ചെയ്തു. ബ്ലോഗ് (ബൂലോകം) സജീവമായതോടെ ആല്‍ത്തറയിലെ വിശാലമനസ്ക്കനും (സജീവന്‍), നമ്പൂതിരി (വിശ്വപ്രഭ)പിന്നെ ഞാനും രംഗത്തു വന്നെങ്കിലും കപിലനും, ഡോ:ചന്ദ്രമോഹനനും ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോളിതാ കപിലന്‍ ബ്ലോഗില്‍ ഉഷാറായിരിക്കുന്നു. സുസ്വാഗതം....കപിലന്റെ വാഗ്ദ്വോരണികളിലൂടെ മുഖരിതമാവട്ടെ ബൂലോകം. ആശംസകള്‍!

    ReplyDelete
  2. സ്പൈസ് ആന്ദ് ഫ്ലേവറിന്റെ ആൽത്തറ ഗസ്റ്റ്ബുക്കിൽ എഴുതിയിരുന്നതു മുഴുവനൊന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നെങ്കിലും ഒരിക്കൽ അവയൊക്കെ നമുക്കു പുനഃപ്രസിദ്ധീകരിക്കാം.

    :-)

    ReplyDelete