അച്ഛൻ, എന്ന താങ്ങും തണലും കപിലനിൽ ഒരു ഭൂതാനുഭവമായി മാറിയിട്ട് ഒരു
വർഷമാവുന്നു. എന്നിട്ടും, ആ ഗാംഭീര്യവും, ഒരിക്കൽപ്പോലും ശാസനയുടെ
നിണംകലരാത്ത സ്വരവും, വളരെ വിരളമായി മാത്രം ഉദിച്ചിരുന്ന പുഞ്ചിരിയും,
എന്തെന്ന് ഇന്നും പൂർണ്ണമായുത്തരം കിട്ടാത്ത ആ മുഖത്തെ ബ്രാഹ്മണതേജസും ഈ
കപിലന്റെ മിഴിയോരക്കടവിൽ ഇക്കാലദൃഷ്ടിയായി നിലകൊള്ളുന്നു. സ്വന്തം മകനിലൂടെ
മനുഷ്യായസ്സിന് ദൈർഘ്യം കണ്ടെത്തിയ മറ്റൊരു ജന്മം! അന്ത്യക്രിയകൾ അവസാനം
കുറിച്ചപ്പോൾ മണ്മറഞ്ഞ ആ ജീവിതത്തിന്റെ ആകെത്തുകയായി ഈ കപിലന്റെ
കൈക്കുമ്പിളിൽ സ്മരണക്കെന്നോണം അർപ്പിക്കപ്പെട്ട അച്ഛന്റെ ചിതാഭസ്മം!
തെക്കിനിക്കടുത്തുള്ള പ്ലാവിൻചുവട്ടിൽ ഭദ്രമായി സംസ്കരിച്ച്
നമസ്കരിച്ചെണീറ്റപ്പോള്‍ അമ്മ നൽകിയ ഉപദേശം സഫലീകരിപ്പാൻ ഒരു വർഷത്തിന്
ശേഷം നാട്ടിൽ എത്തിയ അവസരമാണ് ഈ പംക്തിയിലെ വേതാളവാൽമീകത്തിന്റെ തുടക്കം.
അച്ഛന്റെ ഒന്നാം ആണ്ടുശ്രാദ്ധമൂട്ടാൻ സഹ്യന്റെ വിരിമാറില്‍ ഒളിഞ്ഞുകിടക്കുന്ന പാപനാശിനിയെന്നറിയപ്പെടുന്ന "തിരുനെല്ലി"യിൽ എത്തിയ ദിവസം. കാനനവും കാനനഭംഗിയും കപിലനില്‍ ബാല്യകാലം മുതൽ ഔത്സുഖ്യമുളവാക്കുന്ന പ്രകൃതിമൂല്യങ്ങളാണ്. ആ വാനന്തരങ്ങളിൽ ഒരൽപ്പം ഏകാന്തതേടി കപിലനലഞ്ഞു. ഇടതൂർന്ന് നിൽക്കുന്ന ഇല്ലിമുളങ്കാട്ടിലൂടെ നടന്നപ്പോൾ മുളങ്കാട് തമ്മിലുരഞ്ഞ് എന്തൊക്കെയോ കാതിലോതുന്നത് പോലെ! ഏറെനേരം, ആ ചില്ലകളെ നോക്കി കപിലൻ നിന്നു. ആ മുളംചില്ലകൾ നിസ്സഹായതയോടെ കപിലനോടെന്തോ പറയും പോലെ ഒരനുഭവം. പ്രകൃതിഭാഷയുടെ അറിവില്ലായ്മ കപിലനെ വല്ലാതെ അലട്ടി. നിസ്സഹായതയുടെ നിഴലാട്ടത്തിന് മുന്നിൽ കപിലൻ ക്ഷീണിതനായി. ജീവിതപാപങ്ങൾ "പപനാശിനി"ജലത്തിൽ നിര്‍മ്മാര്‍ജ്ജനം ചെയ്യാനെത്തിയ കപിലൻ വീണ്ടുമൊരു പാപം ഏറ്റുവാങ്ങുകയാണോ എന്നു സംശയിച്ചു. മനസ്സുരുകി കപിലൻ വിജ്ഞാനപ്രദായകനായ വേതാളത്തെ ധ്യാനിച്ചു. പാപനാശിനി നദിക്കരയിലെ മുളങ്കൊമ്പുകളിൽ പവനൻ രുദ്രനായി. ചില്ലകൾ കാറ്റിൽ ആഞ്ഞുലഞ്ഞു. മുളങ്കൊമ്പുകൾ ആഞ്ഞുരസി. സമനില തെറ്റി ആഞ്ഞുരസിയ കൊമ്പുകളിൽ നിന്നും വെള്ളിവാളുകൾ മിന്നിമറഞ്ഞു. കാട്ടുതീയെന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കി. മുളങ്കൊമ്പിൽ തല കീഴായി അതാ എന്റെ വേതാളം!
വേതാളമോതി, "ബ്രാഹ്മണകുമാരാ, നിന്റെ മുഖത്തെന്തേ ഒരു മ്ലാനത? നിന്റെ പുരികത്തിനെന്തേ ഒരു ചുളിവ്?"
ഞാൻ ആ മുളങ്കൊമ്പുകളിലേക്ക് വിരൽ ചൂണ്ടി എന്റെ ആകാംഷ വേതാളത്തെ അറിയിച്ചു.
എന്നത്തേയും പോലെ തന്നെ വേതാളമൊന്നു പുഞ്ചിരിച്ചു. എന്നിട്ട് എന്നെ അരുകിലേക്കടുപ്പിച്ചിട്ട് ഈ വിധം എന്നോടോതി.
ചാഞ്ഞാടുന്ന മുളങ്കൊമ്പുകളിൽ അല്ലെങ്കിൽ ഈ കാണുന്ന മുളംചില്ലകളിൽ പാടാൻ കൊതിക്കുന്ന പിഞ്ചോമനകളെ നീ കാണുന്നുണ്ടോ? വേതാളം എന്താണ് അങ്ങിനെ പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചതെന്നറിയാതെ ഞാൻ ആ മുഖത്തേക്ക് സംശയാസ്പദം നോക്കി. വേതാളത്തിന് എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ലെന്ന് വേതാളത്തിന്റെ ഉത്തരം കേട്ടപ്പോൾ വ്യക്തമായി.
വേതാളമോതി, "ഇതൊന്നും കാണാനും മനസ്സിലാക്കാനും കഴിവില്ലാത്ത നിന്റെ മനുഷ്യവർഗ്ഗം ഇക്കണ്ട മുളംകൊമ്പുകൾ വെട്ടി നശിപ്പിക്കുന്നു, കൂടാരത്തിനും വേലിക്കും തൂണും മറവുമായി മാറ്റുന്നു, ആനകൾ ചവിട്ടി മെതിച്ചു ഭക്ഷണമാക്കുന്നു, വേലികെട്ടാൻ ഉപയോഗിക്കുന്നു. ആയിരമായിരം മുളഞ്ചില്ലകൾ അങ്ങിനെ ജീവിതമൊഴിക്കുന്നു. പതിനായിരത്തിൽ ഒന്നു മാത്രം അതിൽ നിന്നും രക്ഷപെടുന്നു. മുളയുടെ മനസ്സറിയുന്ന മാനുഷര്‍ ആ രോദനം കേട്ട് മനസ്സലിയുന്ന ആരോ ആ മുളത്തണ്ടിലൊന്നിനെ എടുത്തു ചീകി മിനുപ്പിച്ച് ശരിയായ ദ്വാരങ്ങൾ നൽകി "മുരളിക"യാക്കി മാറ്റുന്നു. എത്ര മധുരമായ മുരളീഗാനങ്ങളാണ് പിന്നീടതിൽ നിന്നും ഉദിക്കുന്നത്? മനം കവരുന്ന, കാതുകളെ കുളുർമ്മയുടെ തീരത്തിലൂടെ ഒഴുകി നടത്തുന്ന മനോഹരമായ മുരളീഗാന വീചികൾ, സ്വരങ്ങൾ, നാദങ്ങൾ. ഇതെല്ലാം കേട്ട് തേങ്ങുന്ന വേലികളെ താങ്ങുന്ന ഹതഭാഗ്യരായ മുളങ്കൊമ്പുകൾ! കിങ്കരന്മാരുടെ അധീനതയിൽ അകപ്പെട്ടു വഴിവക്കിൽ ജീവിതം ഹോമിക്കപ്പെടുന്ന ഒരിഞ്ചു വയറിനായി ഇരന്നു കഴിയാൻ വിധിക്കപ്പെട്ട ബാലികാബാലന്മാരെ പോലെ."
വേതാളത്തിൽ നിന്നുദിച്ച ഈ ഉത്തരത്തിന്റെ അഗാധതയോർത്ത് എത്ര നേരം അവിടെ ആ ഇളംചില്ലകളെ തലോടിക്കൊണ്ട് നിന്നുവെന്നതോർമ്മയില്ല. പരിസരബോധം വന്നപ്പോൾ നാലുപാടും കണ്ണോടിച്ചു. എവിടെ എന്റെ വേതാളം? വേതാളം അതിനെത്രയോ മുൻപ് മിന്നിമറഞ്ഞിരിക്കുന്നു!

No comments:
Post a Comment