ഞാനെന്ന ഞാനോ അതോ മറ്റാരുടെയോ ഞാനോ?
-എന്റെ വേതാളമേകിയ വാൽമീകം-
എവിടെയോ വായിച്ചതോർക്കുന്നു, “ദൈവമുണ്ടെന്നതു
സത്യമെങ്കിൽ സൃഷ്ടിയിൽ അത്യുദാത്തം മനുഷ്യനും, ഇനി അഥവാ ദൈവമില്ലെങ്കിൽ മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടി ദൈവവുമായിരിക്കും” എന്ന്.
ഓരോ സൃഷ്ടിക്കും
അതിന്റേതായ തന്മയത്വവും, വ്യത്യാസവും, വ്യക്തിത്വവും സൃഷ്ടികർത്താവ്
നൽകാറുണ്ട് എന്നത് പ്രകൃതിസത്യമോ അല്ലെങ്കിൽ പ്രകൃതിനിയമമൊ ആയി നാം മാനിക്കുന്നു.
നമ്മുടെ ജനനസമയം സൃഷ്ടാവിന്റെ എഴുത്തോലകളിൽ കുറിക്കപ്പെടുന്ന നൈസർഗ്ഗികമായ
വിശേഷലക്ഷണങ്ങൾക്ക് വിധേയരായി
നാം നമ്മുടെ ജീവപരിണാമത്തിന് തുടക്കമിടുകയും,
വ്യത്യസ്തമായ ഭ്രമണപഥത്തിൽ സഞ്ചരിക്കുകയും, എത്തേണ്ടിടത്ത് എത്തുകയും, അന്ത്യത്തിൽ
വിരാമത്തിന് അടിമയാവുകയും ചെയ്യുന്നു എന്നതാണല്ലോ പ്രപഞ്ചസത്യം. എന്നാൽ എത്രത്തോളം
നമ്മുടെ സ്വതസിദ്ധമായ വ്യക്തിത്വവും സ്വഭാവശുദ്ധിയും നമുക്ക് സംരക്ഷിക്കാൻ
കഴിയുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തോ അത്തരം ഏറെ
ചിന്തകൾ വളരെ നാളുകളായി എന്നെ അലട്ടിക്കൊണ്ടിരിക്കയായിരുന്നു. ജീവിതാനുഭവങ്ങൾ
ആയിരിക്കാം, അസന്തുലിത വ്യാമോഹങ്ങളായിരിക്കാം, വ്യത്യസ്തമാനുഷിക സൌഹൃദബന്ധനങ്ങൾ ആയിരിക്കാം എന്തെന്നു വ്യക്തമല്ല
എന്റെ മസ്തിഷ്കം വരിഞ്ഞു മുറുക്കിയിരുന്നത്.
മൂന്നു ദിവസം അവധിയുള്ള വാരാന്ത്യം
മുന്നിൽ കോമരം കുത്തിയ വെള്ളിയാഴ്ചയുടെ സായംസന്ധ്യാസമയം. ഒരു നീണ്ട വാരാന്ത്യമായതുകൊണ്ടാണോ
എന്നറിയില്ല, ഒരല്പം ഏകാന്തത
കൂട്ടിനായി വന്നെത്തി. എന്റെ ഉറ്റചങ്ങാതിയായ ഏകാന്തത കൂട്ടിനായി സമീപിക്കുമ്പോഴെല്ലാം
ഞാൻ ചെന്നെത്തുന്നത് പടിഞ്ഞാറെ മുറ്റത്തുള്ള വാകമരത്തിന് ചുറ്റും ഞാനുണ്ടാക്കിയ
എന്റെ വൃക്ഷകൂടാരത്തിന്റെ മുകപ്പിൽ (ബാൽക്കണി) ആയിരിക്കും. ഭൂമിക്കും ആകാശത്തിനും
ഇടക്കുള്ള എന്റെ പ്രിയപ്പെട്ട ഇരിപ്പിടം! കോണിപ്പടികൾ കയറി വൃക്ഷക്കൂടാരത്തിന്റെ വാതില്പഴുതിൽ
താക്കോൽ തിരിച്ചപ്പോൾ കിന്നരമോതിക്കൊണ്ട് വാതിൽ തുറന്നു. പടിഞ്ഞാറൻ മാനത്തുനിന്നുമുള്ള
സൂര്യരശ്മികളും ഞാനും മുറിയിൽ പ്രവേശിച്ചു. ചാരുകസേര വലിച്ചു വൃക്ഷകൂടാരത്തിന്റെ
മുകപ്പിലിട്ട് പൊടി തട്ടി. എന്റെ മഷിത്തണ്ടും മഷിപാത്രവും പിന്നെ കുറെ എഴുത്തോലകളും
എടുത്ത് ചാരുകസേരയുടെ കൈവരിയിൽ വെയ്ച്ചിട്ട് ചാരുകസേരയിൽ ഞാൻ ചാരിയിരുന്നു. ഔത്സുക്യമാർന്ന
മന്ദമാരുതൻ ശരീരമാസകലം തഴുകിക്കൊണ്ട് ഞാനും കൂടെയുണ്ടെന്ന് അറിയിച്ചു.
മുകളിലേക്ക് ദൃഷ്ടി പായിച്ചു. വാകമരച്ചില്ലയിൽ
ഒരു അണ്ണാറക്കണ്ണൻ ചാഞ്ചാടി നടക്കുന്നു. ഇടയ്ക്ക് എന്തോ കവർന്നു തിന്നുന്നുമുണ്ട്
രണ്ട് കൈക്കുമ്പിളിൽ പൊതിഞ്ഞ്. ഞാൻ അത് ശ്രദ്ധിച്ചു. അങ്ങിനെ ഇരിക്കവെ, ഇടക്കിടയ്ക്ക് എന്റെ കൈയ്യിൽ കരുതിയിരുന്ന
ലഹരിപാനീയം നിറച്ച കോപ്പ ഉറുഞ്ചിക്കുടിക്കാനും മറന്നില്ല. അലക്ഷ്യമായി അങ്ങിന കിടന്നു.
എത്ര സമയം കഴിഞ്ഞു എന്നറിയില്ല. പെട്ടെന്ന് വാകമരത്തിന്റെ ചില്ലകളിൽ ഒരിളക്കം!
എന്തോ ഊർന്നിറങ്ങുന്ന ഒരാരവം. കണ്ണ് തുറക്കും മുൻപ് എന്തോ എന്റെ തോളിലേറിയ ഒരനുഭവം.
നോക്കേണ്ടി വന്നില്ല. സ്പർശനത്തിൽ തന്നെ മനസ്സിലായി, “എന്റെ വേതാളം”.
എന്റെ മനസ്സിനെ അലട്ടുന്ന ചിന്തയറിഞ്ഞ
മട്ടിൽ വേതാളം എന്നോട്, “എന്താണാവോ
മനസ്സിനൊരു ജ്വലനം? അലയടി ശക്തിയായി ഉണ്ടല്ലോ….”
കിട്ടിയ അവസരം പാഴാക്കാതെ ഞാൻ എന്റെ വേതാളത്തോട്
ചോദിച്ചു, “സൃഷ്ടി നൽകുന്ന അകൃത്രിമ വിശേഷലക്ഷണങ്ങൾ മനുഷ്യരെന്തേ കരിമ്പടം
കണക്കെ വലിച്ചെറിഞ്ഞ് ഞാനെന്ന എന്നെ ഞാനല്ലാത്ത മറ്റാരുടേയോ ഞാനാക്കി മാറ്റുന്നതും, തനിക്കിഷ്ടമുള്ളവരെ ഞാനാക്കി തന്നിഷ്ടത്തിന്റെ
പ്രതിബിംബങ്ങളാക്കി മാറ്റുന്നതും?”
വേതാളം പുരികം ചുളിച്ച് കണ്ണേങ്കോണിച്ചു
തിരിച്ചു എന്നോടൊരു ചോദ്യം, “എന്താ കപിലകുമാരാ, തന്നിലും ആ തരം നിറവ്യത്യാസങ്ങൾ കണ്ടുതുടങ്ങി എന്നു
സംശയമുണ്ടോ?”
ഞാൻ മറുപടി നൽകി, “തീർത്തും ഇല്ല എന്ന് പറയാനാകുന്നില്ല എന്റെ വേതാളമേ. എന്നാൽ ഉവ്വ് എന്നു പറയാനും വിഷമം. സത്യത്തിൽ, ഈ പ്രാണനും നിഴലിനും നാലുപുറവും കാണുന്ന ആ നിറമ്മാറ്റം കണ്ട് ഞാൻ പരിഭ്രമിക്കുന്നു വേതാളമേ. മറിച്ച്, മറ്റാർക്കൊ ഇഷ്ടപ്പെടുന്ന ഒരു ഞാനായി ഈ ഞാൻ മാറുകയോ, എന്നെ ഇഷ്ടപ്പെടുന്നവരെ എനിക്കിഷ്ടമുള്ള ഒരാളായി ഞാൻ വാർത്തെടുക്കുകയോ ചെയ്തിരുന്നെങ്കിൽ എന്തെല്ലാം എനിക്കിന്നു നഷ്ടമായേനെ എന്നു ഞാൻ ഭയത്തോടെ അറിയുന്നു വേതാളമേ”
വേതാളമോതി.
“മാനുഷർ പലവിധം
വേഷപ്പകർച്ചകൾ സ്വീകരിക്കുകയും, അജ്ഞാതയിൽ കണ്ടറിഞ്ഞ സങ്കല്പരൂപങ്ങൾക്ക് അടിമപ്പെടുകയും, കാലമേറ്റുവാങ്ങിയ മുറിവുകളുടെ ആഴങ്ങളിൽ നിന്നുണർന്ന ചുഴികളിൽ പെട്ട്
അന്യാവതാരത്തിനു വശപ്പെടുകയും ചെയ്യുക ജീവപരിണാമത്തിൽ വരയ്ക്കപ്പെടുന്ന
ചിതൽകൂട്ടുകളാണ് കുമാരാ. അത്തരം ചിതൽപ്പുറ്റുകളിൽ നിന്നും തളിരിടുന്ന കോമരങ്ങളായ പൂമരങ്ങളുടെ
ശാഖകളിലെ നാമ്പുകളായി അവരുടെ ജീവിതം മറ്റാരുടേയോ ജീവിതമായി തളിർത്ത് വളരുന്നു.
അവർ അവരല്ലാതായി ജീവിക്കുന്നു. പരിതസ്ഥിതികളുടേയും, ചങ്ങാത്തത്തിന്റേയും പഥങ്ങളിൽ നിന്നും വഴിമാറാൻ കഴിയാത്ത ഒരവസ്ഥ. അല്ലെങ്കിൽ ആത്മവിശ്വാസക്കുറവിന്റെ മുഖംമൂടി!
ചിലപ്പോൾ ഇത്തരം പ്രേരണകൾ മാനുഷർ വഴക്കങ്ങളായും, പൊരുത്തപ്പെടലുകളായും
കണക്കാക്കി ഒരു മത്സരമൊഴിവാക്കുവാനോ അല്ലെങ്കിൽ സംഘർഷങ്ങൾ ഒഴിവാക്കുവാനോ
ഉപയോഗിക്കാവുന്ന ഒരായുധമായി കാണും. സത്യസന്ധമായ ഉയർച്ചക്കാണെങ്കിൽ അത്തരം വ്യതിയാനച്ചട്ടങ്ങൾ
സ്വീകാര്യം. പക്ഷെ ഒരു പരിതി വരെ മാത്രം. ഇപ്പറഞ്ഞത് ചില അവസരങ്ങളിൽ മാനുഷിക
ജീവിതത്തിൽ അനിവാര്യമായും വന്നേക്കാം. സമ്മതിക്കുന്നു. എന്നാൽ അത്തരം വേഷപ്രശ്ചന്നങ്ങളും,
സ്വഭാവമാറ്റങ്ങളും നശ്വരരസം കലർന്നതായിരിക്കണം. ഇതിനർത്ഥം അതൊരു
വിശ്വസവഞ്ചനയാവാം എന്നല്ല. എഴുതാപ്പുറം വായിക്കരുത്. ഓർമ്മയിലിരിക്കട്ടെ”
വേതാളം വീണ്ടും വിശദീകരിച്ചു….
“കുമാരാ, നീ ഒരു പ്രവാസിയായതിനാൽ ആ ഭാഷയിൽ തന്നെ ഞാൻ
ഉദാഹരിക്കാം. ഒരു പ്രവാസിയായതിനാലോ, മറുനാടൻ ചട്ടങ്ങളുമായി
പൊരുത്തപ്പെടേണ്ടി വന്നതിനാലോ നീ നിന്റെ പൈതൃകം മറക്കേണ്ടതില്ല അല്ലെങ്കിൽ അടിയറ വെയ്ക്കേണ്ടതില്ല.
പുഴയുടെ ഒഴുക്കിന്റെ ഗതി മാറിയാലും തുഴക്കാൽ അഥവാ ചുക്കാൻ മാറ്റരുത്, മറക്കരുത് എന്നർത്ഥം. പൈതൃകമായി സിദ്ധീകരിച്ച മസ്തിഷ്കതന്മാത്രയിലെ
വിന്യാസങ്ങളും, അതിന്റെ ബാഹ്യാകാരവും എന്നെന്നേക്കുമായി
പുനർനിർമ്മിക്കാൻ ആദിയുടെ അധിപൻ മനുഷ്യനു അവകാശം കൊടുത്തിട്ടില്ല എന്ന് മന്വന്തരങ്ങളിൽ
നിന്നും നാം മനസ്സിലാക്കിയിരിക്കുന്നു. ആധുനികതയിലെ കമ്പ്യൂട്ടർ ലോകത്തെന്നപോലെ
ആദിയുടെ നിർമ്മാണത്തിലുമുണ്ട് അവകാശനിലകളും, നിലയങ്ങളും,
നിയന്ത്രണങ്ങളും. അത് ലംഘിച്ചാൽ ഈ നശ്വരമായ ശരീരത്തിൽ പൊതിഞ്ഞയച്ച
ശാരീരത്തിന്റെ ഭ്രമണപഥം വ്യതിചലിക്കും. എവിടെ തുടങ്ങിയോ അവിടെ ചെന്നെത്തേണ്ട ഭ്രമണപഥം,
അതിന്റെ ഗണനം തെറ്റി അലഞ്ഞുതിരിയും . അല്പൻ അർദ്ധരാത്രിക്ക് കുടപിടിക്കുന്നതും, മംഗല്ല്യധാരണം ബഹുഭാര്യത്വത്തിലും ബഹുഭർത്തൃത്വത്തിലും
ബഹുകളത്രത്തിലും എത്തപ്പെടുന്നതും, അല്ലെങ്കിൽ വേർപാടുകളിലൂടെ
കണ്ണീർപാടങ്ങളാവുന്നതും ഇതുകൊണ്ട് തന്നെ. മറ്റൊരു സമൂഹം തന്നിലില്ലാത്ത പലതും
അന്യരിൽ കണ്ട് ആർത്തിപൂണ്ട് ഒരു എത്തിപ്പിടിക്കലിനും, എത്തിച്ചേരലിനും,
എത്തിച്ചേർക്കലിനും ശ്രമിക്കുന്നു. വ്യാമോഹത്തിനു അടിമയായി മാറുമ്പോൾ
പിത്രാർജിതം കൈവെടിയുന്നു. ഇത്തരം നെട്ടോട്ടങ്ങൾ ദുരന്തപരിസമാപ്തിയാവുന്നതും
അപരിചിതമല്ല.”
വേതാളം ഇങ്ങിനെ ഉപസംഹരിച്ചു.
“എന്തിനു വേണ്ടി, ആർക്കു വേണ്ടി
ആവശ്യത്തിനപ്പുറം ഇത്തരം കപടഭാണ്ഡങ്ങൾ തോളിലേറ്റുന്നു കുമാരാ? ജീവപരിണാമത്തിൽ പൂമരമേതായാലും പൂവിട്ട
പൂക്കളെല്ലാം ഒന്നായി കൊഴിയില്ലേ ചിതല്പുറ്റിലേക്ക്? ഉള്ളിൽ
ജ്വലിച്ച തീന്നാളം ഒന്നായി കെട്ടണയില്ലേ? കപടകാരുണ്യം,
കപടസൌഹൃദം, കപടപ്രണയം ഇതെല്ലാം തറകെട്ടി
പടുത്തുയർത്തിയ മനസ്സിന്റെ മോഹങ്ങൾ, ശിഥിലമാവില്ലേ ഒരു നിമിഷം
കൊണ്ട്?
സ്വയം തിരിച്ചറിയൽ അല്ലെങ്കിൽ സ്വയവീക്ഷണം
മറക്കാതിരിക്കുവാനും അഭ്യസിക്കുവാനുമായി വേതാളം തന്ന ഉപാധി ഇതായിരുന്നു.
“ഗായകർ കണ്ഠശുദ്ധി വരുത്തുവാനും, കാത്ശുദ്ധി വരുത്തുവാനും, സ്വരമാധുര്യം കാത്തുസൂക്ഷിക്കുവാനുമായി
അതിരാവിലെ അഭ്യസിക്കുന്ന സാധകക്രിയപോലെ എന്നും രാവിലെ ചമയങ്ങൾക്കായി കണ്ണാടിയിൽ നോക്കുന്ന സമയം താൻ കാണുന്ന
പ്രതിബിംബത്തെ ഒരു നിമിഷം ഉൾക്കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുക. ഏകാഗ്രതയാൽ ഇതു സാധിക്കും.
ഞാൻ ഞാനായി തന്നെ ദിനമാരംഭിക്കുക. അതു സാദ്ധിച്ചാൽ വരച്ചും തേച്ചും കൂട്ടിയ കോമാളിക്കുള്ളിലെ
സ്വരൂപത്തെ തിരിച്ചറിയാൻ കഴിയും. താൻ എത്രമാത്രം താനല്ലാതായിരിക്കുന്നു എന്ന സ്വയം
തിരിച്ചറിയൽ ഇതിലൂടെ സാധിക്കും. അങ്ങിനെ ഓരോ ദിവസവും പുത്തൻ ഉണർവ്വോടെ താനായി തുടങ്ങി
വെച്ചാൽ നാം നമ്മെ പൂർണ്ണമായി മറക്കില്ല, നാം വന്ന വഴികൾ മറക്കില്ല. മനസ്സിന്റെ വിവിധ അറകളിൽ ഒന്ന് ഇത്തരമൊരു സ്വയമറിവിന്റെ
ഏടുകൾക്കായി മാറ്റിവെയ്ക്കുക.”
“നീ നിന്റെ
തത്വത്തിൽ ഉടലണിയിച്ച, നിന്റെ തത്വമസിയാൽ മധുരം
ചാലിച്ച, ആത്മനിർവ്യുതിയാൽ ആനന്ദത്തിൽ ആറാടിച്ച, മാതാവിന്റെ വാത്സല്യദുദ്ധം പൈത്യുകമായി അണ്ഡവിശദനത്തിൽ വിരിയിച്ച ഒരു കിളിമരം
നിന്റെ മനസ്സിലും ഉണ്ടെന്നു മറക്കാതിരിക്കുക. ആ കിളിമരത്തിലെ കിളി എത്രയുയരം
പറന്നുയരുമെന്നത് ചിറകിന്റെ വലുപ്പത്തിലല്ല എന്നാൽ തന്നിലെ സ്വയസിദ്ധമായ മോഹങ്ങളുടേയും, അഭിലാഷങ്ങളുടേയും വലുപ്പത്തിലാണ്. മോഹങ്ങൾ വിടർന്ന് ആ കിളി
പറന്നുയരുമ്പോഴേ ആ കിളിയുടെ സിദ്ധിയും, സൌന്ദര്യവും, സൌരഭ്യവും നാം ഉൾദൃഷ്ടിയിൽ കാണുകയും മനസ്സിലാക്കുകയുമുള്ളു. ഏറെ വൈകിയോ...കുമാരാ...”
വേതാളത്തിന്റെ ഉപസംഹാരവാക്ക് കേട്ട് ഞാൻ ഒന്നു
ഞെട്ടി. ആ ഞെട്ടൽ ഉള്ളിലൊതുക്കി ഞാൻ മറുപടിയേകി, “ ഇല്ല്യ വൈകീട്ടില്ല്യ.”
വേതാളം ഇരുട്ടിനെ എത്തിപ്പിടിച്ചു തോള്ളിൽ നിന്നുമിറങ്ങി. വേതാളം അന്നത്തെ സല്ലാപം മതിയാക്കി യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോഴാണ് ഓർമ്മയിലുദിച്ചത്, ഞാൻ പറഞ്ഞ മറുപടിക്കു രണ്ടർത്ഥമില്ലേ? അതിൽ ഏതാണാവോ വേതാളം കൈക്കൊണ്ടത്? ഇനി കാണുമ്പോൾ ചോദിക്കാം എന്ന് മനസ്സിൽ കരുതി. ഇന്നിത്രമതി എന്നു കരുതി, ചാരുകസേര മടക്കി വെയ്ച്ച് കതകടച്ച് വാകച്ചുവട്ടിലേക്കു കോണിയിറങ്ങി.
വേതാളം ഇരുട്ടിനെ എത്തിപ്പിടിച്ചു തോള്ളിൽ നിന്നുമിറങ്ങി. വേതാളം അന്നത്തെ സല്ലാപം മതിയാക്കി യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോഴാണ് ഓർമ്മയിലുദിച്ചത്, ഞാൻ പറഞ്ഞ മറുപടിക്കു രണ്ടർത്ഥമില്ലേ? അതിൽ ഏതാണാവോ വേതാളം കൈക്കൊണ്ടത്? ഇനി കാണുമ്പോൾ ചോദിക്കാം എന്ന് മനസ്സിൽ കരുതി. ഇന്നിത്രമതി എന്നു കരുതി, ചാരുകസേര മടക്കി വെയ്ച്ച് കതകടച്ച് വാകച്ചുവട്ടിലേക്കു കോണിയിറങ്ങി.
അപ്പോൾ, വീടിനകത്തു നിന്നും വിളി കേട്ടു, “ന്താ ന്നു രാത്രി ഭക്ഷണം വേണ്ടാന്നുണ്ടോ? എപ്പൊ നോക്ക്യാലും ഈ കുത്തിക്കുറിക്കലേ ള്ളു?” എന്നെ ചിതലരിക്കാതെ കാക്കുന്ന എന്റെ വാരസ്യാരുടെ ആവലാതിയാണ് കേട്ടത്.
ചുണ്ടിൽ വന്ന പുഞ്ചിരി മുഴുവനായി മറക്കാൻ
സാധിച്ചില്ല. ന്താ പറയാ... മ്മടെ വാരസ്യാരോട്? ഈ കുത്തിക്കുറിക്കലിന്റെ ഒരു പ്രത്യേക നിർവൃതി വാരസ്സിക്കുട്ടിക്കറിയോ?
അറിഞ്ഞിരിക്കാൻ വഴീല്ല്യാ. ചോദിച്ചിട്ടൂല്ല്യ, അങ്ങടൊട്ടു പറഞ്ഞിട്ടൂല്ല്യ. അല്ലാ, അതെങ്ങിന്യാ
പറഞ്ഞറീക്ക്യാ ന്ന് നിശ്ശോല്ല്യ?... ആ അതും അടുത്ത ഊഴത്തിലു ന്റെ
വേതാളത്തോടന്നെ ചോദിക്ക്യാം.
അകത്തു കയറി ഞാൻ വാതിൽ കുറ്റിയിട്ടു. മറ്റൊരു
വേതാള മാഹാത്മ്യം കേട്ടറിഞ്ഞ നിർവൃതിയോടെ....
-കപിലൻ-