എന്റെ മഷിത്തണ്ടിൽ നിന്നുണർന്ന ഹൃദയസ്പന്ദനങ്ങൾ
......
-കപിലൻ-
ആയുസ്സിന് ലിംഗഭേദമോ?
അതെ, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മുഖത്തേക്ക്
നോക്കി പല്ലിളിക്കുമ്പോൾ സംസാരശേഷി നഷ്ടപ്പെടാം, അല്ലേ?
ഇന്നു ഒരൽപ്പം നേരത്തെ ഓഫീസ് വിട്ടിറങ്ങി. വേനലായത് കൊണ്ട് 9 മണിയാവും സൂര്യൻ വിടപറയാൻ. ഇന്നത്തെ സൂര്യാസ്തമനം കാണാൻ ഒരു പൂതി തോന്നി.
ട്രീ ഹൗസിന്റെ ചവിട്ടുപടിയിൽ ഇരുന്നു. മന്ദമാരുതൻ ഒന്നു തഴുകിയ ഒരനുഭവം! മുകളിൽ
ശിഖിരങ്ങൾ അനങ്ങിയ തോന്നൽ! അടുത്ത നിമിഷം, തോളിൽ ആരോ
ഇരിപ്പിടം കണ്ടെത്തിയ ഒരു ഭാരം. നോക്കാതെ തന്നെ മനസ്സിലായി. എന്റെ വേതാളം! നിശബ്ദത
കീറിമുറിച്ച് എന്നോടൊരു ചോദ്യം.
"പുരുഷന്റെ ആയുസിനെ പുരുഷായസ്സെന്ന്
വിളിക്കുന്നു. എന്തുകൊണ്ട് സ്തീയുടെ ആയുസിനേയും പുരുഷായുസെന്നു വിളിക്കുന്നു?"
എന്തിനു പുരുഷായസ്സെന്ന വിശേഷണം കണ്ടുപിടിച്ചു? മനുഷ്യായസ്സെന്ന ഒരു പദം മതിയായിന്നില്ലേ? നാം
മനസ്സിലാക്കാൻ മറന്ന മറ്റൊരു സത്യം! അല്ലേ? അതോ നാം അറിയാത്ത
ഒരർത്ഥം മന്വന്തരം കണ്ടിരുന്നുവോ?
സ്ത്രീ
അവതാരമോ അതോ അവതാരികയോ?
ഇന്നുച്ചയ്ക്ക് വീട്ടിൽ വരേണ്ടി വന്നു. വരേണ്ടിവന്ന കാര്യങ്ങൾ
കഴിച്ച് ഒന്നിരുന്നപ്പോൾ ബോദ്ധമനസ്സ് ഒന്നുറങ്ങി. അപ്പോൾ അബോദ്ധമനസ്സിൽ ഉദിച്ച
ഒരു സത്യം.
ആദ്യപുരുഷനെ ജീവിതപങ്കാളിയാക്കാൻ കഴിയാതെ അവളെന്ന സ്ത്രി സമൂഹം
വിധിച്ച പുരുഷനെ പ്രാപിച്ചാൽ അവൾ പതിവൃത! എന്നാൻ സമൂഹം കണ്ടെത്തിയവനിൽ നിന്നും
ഓടിയൊളിച്ച് അവളെന്ന സ്ത്രീ ആദ്യപുരുഷനെ അല്ലെങ്കിൽ ആദ്യപുരുഷനാവേണ്ടിയിരുന്ന
അവളുടെ പുരുഷനെ പ്രാപിച്ചാൽ അവൾ അപമാനിത!
രാധയെ തനിച്ചാക്കി പണ്ടു കൃഷ്ണൻ
മധുരയ്ക്ക് പോയതായി വായിച്ചിട്ടുണ്ട്. എന്നാൽ കൃഷ്ണൻ തനിച്ചാക്കി സമൂഹം വിധിച്ച
പുരുഷനിലേക്ക് പോയ രാധ!അതറിഞ്ഞത്, അതിന്റ അനന്തത
അറിഞ്ഞത് വിരഹനായ ആ കൃഷ്ണൻ മാത്രം!
അസ്തമയങ്ങൾ
നൽകിയ ഉദയങ്ങൾ
ഞായറാഴ്ചയുടെ നീലിമ മറയുന്നു. വാനം ചുവന്നു സൂര്യൻ ചെരിഞ്ഞു.
ജിന്നിന്റെ രസം ചുണ്ടിൽ പറഞ്ഞു "സെവന്ത് ഡെ"-യുടെ കൂരിരുൾ ഇന്നലെ അവസാനിച്ചു. അതിനെ തുടർന്ന് ഇന്നു പിന്നിട്ട ദിനം.
ചുണ്ടിൽ പടർന്ന രസം മൻസ്സിൽ ഒരാശയമുണർത്തി!
കഴിഞ്ഞുപോയ ഇരുളിനും പ്രാകാശമേറിയ പകലിനും എന്തോ മനുഷ്യനുമായി
ഒരു ബന്ധമുള്ളതായി ഒരു ഉൾവിളി! അതെ മനുഷ്യനിലെ ദാനശീലവും, ദയയും, നല്ല കഴിവുകളും, ക്രിയാത്മതയും
നേരിട്ടോ നേരറിവോടേയോ അറിയിക്കുന്നത് പകലിന്റെ പ്രകാശമാണെങ്കിൽ, ഇരുട്ടിന്റെ ആഴമായിരിക്കും അവനിലെ ഭയവും, പ്രതികാരവും,
കാമവും, അവയോടു അവനുള്ള ആസക്തിയും നമുക്ക്
കാണിച്ചു തരുന്നത്! അതൊന്നുകൊണ്ട് തന്നെ രാത്രിയുടേയും പകലിന്റേയും ഇടയിലുള്ള
ഒർൽപ സമയത്തെ ഒന്നിൽ നിന്നും വ്യത്യസ്തമായ അവന്റെ മറ്റൊരു മുഖത്തിന്റെ
"അസ്തമനം", "ഉദയം"
എന്നും നാം വിളിക്കുന്നു. ഉദയാസ്തമനങ്ങൾ ചാരുതയിൽ ഒതുങ്ങുന്ന ഒരു
കാലം തേടി പ്രാണൻ അവന്റെ ബ്രമണപഥത്തിൽ അന്നും ഇന്നും അല്ലേ?
ഈ ജീവിതത്തിലെ ജൈത്രയാത്ര എന്നേക്കുമായി തീർന്നു എന്നും, ഓരോ വട്ടവും പുതിയ പ്രഭാതങ്ങൾ കാണുമ്പോൾ ഇതെന്തിനു വേണ്ടി എന്നു
ആലോചിച്ചിരുന്ന ആ രണ്ടു വർഷം അതായിരുന്നു ഈ ജീവിതത്തിൽ ജഗദീശൻ എനിക്കു നൽകിയ
വാല്മീകം! കാരണം, അടുത്ത ഒരു പ്രഭാതം കാണാൻ ഇടവരുത്തരുതെ
എന്നു മനംനൊന്ത് അകമെ പറഞ്ഞിരുന്നെങ്കിലും, ഇതാവില്ല എന്റെ
അന്ത്യം ഇതല്ല എന്നു തന്ന ഉൾവിളിയായിരുന്നു പ്രഭാതങ്ങളോളം ഞാൻ കാണാനിടയായ
അസ്തമനങ്ങൾ!
മനസ്സിലായില്ല അല്ലേ? ആ
അസ്തമനങ്ങൾക്കുണ്ടായ ഉദയങ്ങൾ! ആ ഉദയങ്ങൾ ഒരു പുനർജ്ജനനിയായി കാണാൻ വർഷം
രണ്ടെടുത്തു എന്നു മാത്രം!
ചുവടുകളിൽ
രണ്ടിന്റെ കേമത്വം
ആലോചിച്ചിട്ടുണ്ടോ ഇപ്പറയുന്നത്?
ആർക്കും ഒരെഴുത്തുകാരനാവാം എന്നാണു എന്റെ അനുമാനം. എന്നാൽ ഒരു
രചയിതാവിന്റെ കഴിവ് യഥാർത്ഥമാണോ എന്നറിയണമെങ്കിൽ രണ്ടാമത്തെ രചനയായിരിക്കണം നമ്മൾ
കൂടുതൽ ശ്രദ്ധിക്കേണ്ടത്.
കാരണം, ആദ്യരചന മിക്കവാറും സ്വന്തം ജീവിതാനുഭവങ്ങളുടെ
ഇതളുകൾ ആയിരിക്കും. എന്നാൽ തുടർന്നു എഴുതണമെങ്കിൽ ഭാവന വേണം, ക്രിയാത്മകത വേണം.
എന്താ ശരിയല്ലേ?
പലവുരു
ജനനം കൊള്ളുന്ന മനുഷ്യജന്മങ്ങൾ!
സത്യത്തിൽ എന്താണു ഈ ജന്മദിനം? അല്ലെങ്കിൽ,
ഏതാണു നമ്മുടെ ജന്മദിനം? ആലോചിട്ടുണ്ടോ?
ജീവിക്കാൻ വേണ്ടി ജനിക്കുന്ന ദിനമല്ലേ ജന്മദിനം? എങ്ങിനെ ജീവിക്കണം എന്ന് നമുക്ക് അറിയുമെങ്കിൽ എന്നു ജനിക്കുന്നു എന്നു
ജനിക്കുമ്പോൾ തന്നെ നാം അറിയണം. എന്നാൽ നമ്മൾ ആഘോഷിക്കുന്ന ജന്മദിനത്തിൽ നാം
അറിയുന്നേ ഇല്ല നാം ജീവിക്കാൻ വേണ്ടി ജനിക്കുന്നു എന്ന്. അപ്പോൾ ഏതാണു ശരിയായ
ജന്മദിനം?
ഞാനോർക്കുന്നു, പഠിക്കുന്ന
ബാല്യകാലം. ഗ്രാമത്തിലെ സ്കൂളായിരുന്നതിനാൽ സഹപാഠികൾ പലരും പുലയരായിരുന്നു.
അവരുമായി കളിക്കുന്നതും, കൂട്ടുകൂടലും വിലക്കിയിരുന്നു
വീട്ടിൽ! അവർ വാരാന്ത്യത്തിൽ വീട്ടുമുറ്റത്ത് ഉച്ചയൂണു സമയത്തു വരുമായിരുന്നു. അവർക്കു
മുറ്റത്ത് കുഴികുത്തി പാളയിൽ കഞ്ഞി ഒഴിച്ചു കൊടുക്കുമ്പോൽ അത് പോലെ എനിക്കും
വേണമെന്നു ശാഠ്യം പിടിക്കുമായിരുന്നു. അന്നു കിട്ടിയ വഴക്കുപറച്ചിലിൽ നിന്നും ഞാൻ
തിരിച്ചറിഞ്ഞു മനുഷ്യനെ! അന്നായിരുന്നു എന്റെ ആദ്യ ജന്മദിനം.
പേറിനു ശേഷം, പൊക്കിൾക്കൊടി വീഴും
മുൻപ് ആശുപത്രിയിൽ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചുള്ള അമ്മയുടെ ഒളിച്ചോട്ടം ചതിയും,
അവിശ്വാസതയും, പ്രേമനൈരാശ്യവും, നിർവികാരതയും, ദൈവത്തിന്റെ പുഞ്ചിരിയും എന്തെന്ന്
തിരിച്ചറിയിച്ചു! അതായിരുന്നു എന്റെ രണ്ടാമത്തെ ജന്മദിനം. ആ പിഞ്ചുകുഞ്ഞിനെ
ദത്തെടുത്ത് വളർത്തിയപ്പോൾ ഒരു മകന്റേയും, ഒരച്ഛന്റേയും
മാനസവൈകല്യങ്ങൾ എന്തെന്ന് ഞാൻ അറിഞ്ഞു. അന്നു ഞാൻ മൂന്നാമത് ജനിച്ചു! ഞാൻ പോലും
ഗണിക്കാതെ എന്നിൽ ഉണർന്ന കഴിഞ്ഞ ജന്മത്തിലെ എന്റെ സഖി, ഒരമ്മ
പേരിടാത്ത ആ കുഞ്ഞിനെ പേരിട്ടു വിളിച്ചു സ്വന്തമെന്ന് കരുതി വളർത്തിയ്പ്പോൾ,
ഒരു പ്രേയസിയുടെ ദ്രുഢമൈത്രിയും, ഒരമ്മയുടെ
വാത്സല്യവും ഞാൻ അറിഞ്ഞു. അന്നു ഞാൻ നാലാമതായി ജനിച്ചു!
അങ്ങിനെ എത്രയെത്ര ജന്മങ്ങൾ? അർത്ഥവത്തായ
എത്രയെത്ര ജന്മങ്ങൾ ഈ ഒരൊറ്റ ജീവിതത്തിൽ? ഇനി പറയു, ഏതാണു നമ്മുടെ ജന്മദിനം?
No comments:
Post a Comment