Thursday, May 23, 2019

"അച്ഛനൂട്ടിയ ഓർമ്മകളും അവസാനമോതിയ വാക്കുകളും"



സ്കൂളുവിടാൻ കാത്തിരുന്നിരുന്ന കാലം! പ്രായം ഒൻപത്‌ കഴിഞ്ഞിരിക്കാം. നാലാം ക്ലാസും വരാന്തയും പിന്നെ പ്രിയപ്പെട്ട ചെല്ലമ്മടീച്ചറും ഇന്നും ഒർമ്മയിൽ ഓളം തലോടുന്ന ഗതകാലസ്മരണകളാണു.  സ്കൂൾ വിട്ടാൽ നെട്ടോട്ടം ഒരോട്ടമാണു പതിവ്‌. ചെമ്മണ്ണ് പൊതിഞ്ഞ വഴിപ്പാത. ഒരൽപം ചെന്നാൽ ഇടുങ്ങിയ പാതയായി ഒരു തോടിന്റെ കരയിൽ ആ പാത ചെന്നു നിൽകുമ്പോൾ കൂട്ടുകാരെ പിന്നിലാക്കി മിക്കപ്പോഴും മുന്നിൽ ചെന്നെത്താറുള്ള ഞാനും കിതപ്പോടെ നിൽക്കും. അതാണു കുട്ടികളായ ഞങ്ങളുടെ ഏന്നുമുണ്ടായിരുന്ന ഓട്ടമൽസരത്തിന്റെ ഒന്നാം ഭാഗം. 


പിന്നെ ഒരിടവേള തോടുകടക്കാനുള്ള തോണിക്കുള്ള കാത്ത്‌ നിൽപ്. തോണി അക്കരെയെങ്കിൽ കൂട്ടരുമായി അന്നത്തെ വിശേഷങ്ങൾ പറഞ്ഞ്‌ നിൽക്കും. ഓട്ടത്തിലെ എതിരാളികൾ നിമിഷം കൊണ്ട്‌ കൂട്ടരാവുന്ന നിമിഷം! കൂട്ടുകാർ തന്നിരുന്ന മാങ്ങാപ്പൂളിന്റെ പുളിയും, ചാമ്പക്കയുടെ രുചിയും, ലവ്ലോലിക്കയുടെ ചവർപ്പു കലർന്ന പുളിയും, ആദ്യം ചവർപ്പും പിന്നെ ഒരു കുമ്പിൾ തോട്ടുവെള്ളം   കൊണ്ട് മധുരിക്കുന്ന നെല്ലിക്കയും നഷ്ടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഇന്നും.

Image result for father and sonഅക്കരെ വഞ്ചിയിറങ്ങിയാൽ ഓട്ടത്തിന്റെ രണ്ടാം ഭാഗം തുടങ്ങും.  പലരും പല ഭാഗത്തേക്കാണു ഇക്കുറി ഓട്ടം എന്നുമാത്രം. അവരവരുടെ വീടുകളിലേക്ക്‌. ഞാൻ മാത്രം അച്ഛനും കൂട്ടരും വൈകുന്നേരം കളിച്ചിരുന്ന ബാഡ്മിന്റ്ൺ കോർട്ടിലേക്ക്‌. ഞാനും അച്ഛനുമായി ഒരു അനുരജ്ഞനം ഉണ്ടായിരുന്നു. വലിയ കളിക്കാരായ മൂത്തവർ വരും മുൻപ്‌ കോർട്ട്‌ വൃത്തിയാക്കി നെറ്റ്‌ കെട്ടിയിട്ടാൽ അവരുടെ കളി കഴിഞ്ഞാൽ അച്ഛൻ എനിക്ക്‌ അരമണിക്കൂർ പരിശീലനം നൽകാം! ആ അരമണിക്കൂർ എന്റെ എല്ലാ സ്കൂൾ ദിനങ്ങളുടേയും ഇരുപത്തിനാലു മണിക്കൂറിന്റെ  കാത്തിരുപ്പിന്റെ അന്ത്യമായിരുന്നു എന്നത്‌ എനിക്ക്‌ മാത്രം അറിയുമായിരുന്ന ഒരു രഹസ്യം! ആ അരമണിക്കൂറിനായി ജീവിച്ചിരുന്ന ദിനങ്ങൾ. അത്രമാത്രം ഞാൻ സ്നേഹിച്ചിരുന്നു അന്നു ഞാൻ ബാറ്റ്‌മിന്റണിലൂടെ എന്റെ അച്ഛനെ എന്നാണു അന്നു ഞാൻ കരുതിയിരുന്നത്‌ എന്ന് ഇന്നോർക്കുമ്പോൾ നേരും നെറിയും മനസിലാക്കാൻ വൈകിയ ഒരു മകനെ ഞാൻ കാണുന്നു. എന്നാൽ അച്ഛൻ കുറിച്ചുതന്ന ആ ആരംഭം പത്ത്‌ വർഷങ്ങൾക്ക്‌ ശേഷം ഒരു സംസ്ഥാന താരത്തേയും പന്ത്രണ്ട്‌ വർഷത്തിൽ ഒരിന്ത്യൻ താരത്തേയും സ്രുഷ്ടിക്കലിന്റെ തുടക്കമായിരുന്നു എന്ന് പിതാവും പരിശുദ്ധപിതാവും മാത്രമറിഞ്ഞിരുന്ന മറ്റൊരു സത്യം. അദ്ധ്യായം- ഒന്നു അതായിരുന്നു. 

കളി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങും നേരം അച്ഛനും മകനും മാത്രം അറിഞ്ഞ്‌ പങ്കിട്ട വേറൊരു ഇരുപത്‌ നിമിഷങ്ങൾ ഉണ്ടായിരുന്നു. ആ ഇരുപത്‌ നിമിഷങ്ങൾ കൂട്ടിയെടുത്ത ദിവസങ്ങളിൽ ഒതുങ്ങി നിൽക്കും ഈ മകൻ എങ്ങിനെ സൈക്കിൾ ചവിട്ടാൻ പഠിച്ചു എന്ന് അന്നുതൊട്ട്‌ ഇന്നോളം അരുമറിയാത്ത ആ രഹസ്യം! അതായിരുന്നു അദ്ധ്യായം- രണ്ട്‌. 

എന്റച്ഛനിൽ ഭൂജാതനായ ഞാൻ ഒരു ബ്രാഹ്മണൻ. ഞാൻ എന്റെ അച്ഛനിൽ കണ്ടറിഞ്ഞ ബ്രഹ്മത്വം താഴ്മയുടെ രശ്മികളായിരുന്നു. ഉയർച്ചയിലേക്കുള്ള പല അവസരങ്ങളും അച്ഛനെ മാടിവിളിച്ചിട്ടും ഒരു ഫാർമം സൂപ്രണ്ടായി കഴിയാൻ മോഹിച്ച ആ വലിയ മനസ്‌! കൂലിക്കാർക്കും, താഴ്‌ന്ന ജാതിക്കാർക്കും അച്ഛൻ ഒരു ദൈവമമായിരുന്നു. "സ്വാമി" എന്നും "സ്വാമിസാർ" എന്നുമയിരുന്നു എല്ലാവരും ആ വലിയ മനസ്സിനെ വിളിച്ചു ഞാൻ കേട്ടിരുന്നത്‌. അച്ഛന്റെ സ്വഭാവം എന്റെ മുത്തച്ഛനിൽ നിന്നും കിട്ടിയ വരദാനമാണോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

എനിക്കോർമ്മ വന്ന നാൾ മുതൽ ഞാൻ കാണുന്ന എന്റെ മുത്തച്ഛൻ ഒരു തോർത്ത്മുണ്ടിൽ പൊതിഞ്ഞ ശരീരവും വിയർപ്പ് തുടക്കാൻ ചുമലിൽ തൂങ്ങുന്ന ഒരു നറുതോർത്തുമായിരുന്നു. ഞാൻ പഠനം തുടങ്ങുന്നതിനു ഏറെ മുൻപ്. രാവിലെ 7 മണിക്ക് എന്നേയും കൊണ്ട് വിശാലമായ കേന്ദ്രഗവണ്മെന്റിന്റെ പ്ലാന്റേഷനിൽ (സി.പി.സി.ആർ.ഐ എന്നു പറയും) നടക്കാനിറങ്ങുക പതിവായിരുന്നു. അച്ഛനും അമ്മയും ജോലി നോക്കിയിരുന്ന സ്ഥലം. കായംകുളത്തിനു തെക്കുഭാഗത്തായി ഒരു ഗ്രാമമുണ്ടായിരുന്നു, പേരു ക്രുഷ്ണപുരം. അവിടെയാണു ഈ പ്ലാന്റേഷൺ. ഡയറക്റ്റർ ഭവനത്തിൽ നിന്നു തുടങുന്ന നടപ്പ് കഴിഞ്ഞെത്താൽ മണിക്കൂറൊന്ന് പിടിക്കുമായിരുന്നു. നടത്തം തുടങ്ങാൻ മടിയായിരുന്നെങ്കിലും തിരിച്ചു വരാനും മടിതന്നെ ആയിരുന്നു.

ഞങ്ങൾ ഇറങ്ങുമ്പോൾ അമ്മ മുത്തച്ഛനോട് ദേഷ്യത്തോടും, പരിഭവത്തോടും, ആവലാതി രൂപത്തിലും പറയും, അച്ഛനു ഒരു നല്ല മുണ്ടെടുത്ത് ഉടുത്തൂടെ? മറ്റുള്ളോരുടെ നിലയും വിലയുമെങ്കിലും നോക്കിക്കൂടെ?
ഒരു മകൾ അച്ഛനോട് പറയുന്ന മൂർച്ഛയുള്ള വാക്കുകൾ. എന്റെ മുത്തച്ഛൻ ഒന്നു പുഞ്ചിരിക്കും. അത്രമാത്രം! അന്നത്തെ ആ പുഞ്ചിരിയിൽ എത്രമാത്രം അർത്ഥമുണ്ടായിരുന്നു എന്നു പിന്നീട് മുത്തച്ഛനെഴുതിയ വരികൾ വായിച്ചറിഞ്ഞറിയാൽ മുതിർന്നപ്പോഴാണു മനസ്സിലായത്. 

മുത്തച്ഛനുമൊത്ത് പോകാൻ ഞാൻ എന്നും തയ്യാറായി നിൽക്കും. എന്തുകൊണ്ടെന്നല്ലേ? വഴക്കുണ്ടാക്കാതെ നടന്നാൽ ഒരു ഗ്യാസ് മുട്ടായി കിട്ടും! പ്ലാന്റേഷൻ നിറയെ തെങ്ങുകളാണ്. അതിരാവിലെ കള്ളൂചെത്താൻ കയറുന്ന കേശവനിൽ നിന്നും ഒരിത്തിരി മധുരക്കള്ള് മിക്കപ്പോഴും കിട്ടിയിരുന്നു എന്ന രഹസ്യം മുത്തച്ഛനും എനിക്കും കേശവനും മാത്രമെ ഇന്നോളാം അറിയു. എന്തു സ്വാദാണെന്നോ ആ മധുരക്കള്ളിനു? അതും ആ നടത്തം മുടക്കാതിരിക്കാൻ ഏറെ സഹായിച്ചിരുന്നു. ആ നടപ്പിൽ ഞാൻ അറിഞ്ഞോ അറിയാതെയോ എന്നിലേക്ക് പകർത്തിയ ഒരു സദ്ഗുണമായിരുന്നു താഴേക്കിടയിലെ ജാതിക്കാരും ജോലിക്കാരും ആയി വ്യത്യാസമേന്യേ ഇടപഴകുക എന്നത്. ആ സ്ഥാപനം നടത്തിക്കൊണ്ട് പോന്നിരുന്ന അമ്മയ്ക്ക് അതു ദേഷ്യം ഉളവാക്കുന്ന ഒരു വസ്തുത തന്നെ ആയിരുന്നു. നിലയും വിലയും കാത്ത് സൂക്ഷിക്കാൻ മനുഷ്യർ വേർതിരിച്ചു നിർത്തിയിരുന്ന മനുഷ്യജീവികൾ. എന്നാൽ അവർ എന്റെ മുത്തച്ഛനെന്ന പോലെ എനിക്കും എന്റച്ഛനും അന്യരല്ലായിരുന്നു.  അവരുടെ കുട്ടികളുമായി കൂട്ടുകൂടുന്നതിനും, കൂടെ കളിക്കുന്നതിനും ഏറെ വഴക്ക് കിട്ടിയിട്ടുണ്ട്. അന്നൊക്കെ മടിയിലിരുത്തി തലോടിയിരുന്നു എന്റെ മുത്തച്ഛൻ! മൂകമായ സാന്ത്വനത്തിലൂടെ.

എങ്ങിനെയോ എന്റെ അച്ഛനിലും ഈ ഗുണമഹിമ ഞാൻ കണ്ടു. ഇന്നും ഓർമ്മയിൽ ഉള്ള ഒരു കാര്യമുണ്ട്‌. എന്നെ ഏറെ ചിന്തിപ്പിച്ച ഒരു നിമിഷം. ഞാൻ രണ്ടാമതായി ജനിച്ച ഒരു നിമിഷം! അച്ഛനെ ഒരു ഡപ്യൂട്ടേഷനിൽ കുറച്ചുനാൾക്ക് സി.പി.സി.ആർ.ഐ-യുടെ മറ്റൊരു സ്ഥലത്തേക്ക് കേന്ദ്രം അയച്ചു. താൽക്കാലികമായി ചാർജ്ജെടുത്ത ആപ്പീസറെ കൂലിക്കാർ വെറുത്തു. വെറുക്കാൻ ഒരു പ്രധാന കാരണം, പുതിയ ആപ്പീസർ ഏർപ്പെടുത്തിയ അപരിഷ്ക്രുത പരിഷ്കാരങ്ങൾ ആയിരുന്നു. കൂലിക്കാർക്ക് ഉച്ചയൂണൂ കേന്ദ്രം നൽകിയിരുന്നു. അച്ഛൻ കൂലിക്കാരെ ഓഫീസിനു പുറകിലുള്ള ഒരു ഷെണ്ടിൽ കൊണ്ടു വന്നു പാത്രത്തിൽ ആയിരുന്നു കഞ്ഞിയും പയറും കൊടുത്തിരുന്നത്. താൽക്കാലികമായി വന്ന ആപ്പീസറാകട്ടെ, ജോലിസ്ഥലത്തു നിന്നും ഉച്ചഭക്ഷണത്തിനായി ഷെണ്ടിൽ ജോലിക്കാർ വരുന്നത് സമയനഷ്ടമെന്നു വിധിയെഴുതി, ജോലിപ്പറമ്പിൽ തന്നെ കുഴികുത്തി പാള കുമ്പിളാക്കി അതിൽ കഞ്ഞിയും പയറും കൊടുത്താൽ മതി എന്ന് ഉത്തരവിട്ടു. മറ്റൊരു തരം താഴ്ത്തൽ! വേർതിരിക്കൽ! ജോലിക്കാർ വെറുത്തു. വെറുപ്പു ദേഷ്യമായി. ദേഷ്യം ജ്വാലയായി. ആ ജ്വാല സമരമായി. അതിന്റെ ഭാഗമായി ഒരു ജാഥ നടന്നു.


ആ ജാഥയിലെ മുദ്രാവാക്യം ഇങ്ങിനെയായിരുന്നു. തമ്പ്രാനെന്നു വിളിക്കില്ല. കുമ്പിൾക്കഞ്ഞി കുടിക്കില്ല. പട്ടിണിക്കിട്ടാൽ ചാവില്ല. സ്വാമിയെ തന്നെ പറ്റുള്ളു! എത്രമാത്രം എന്റെ അച്ഛനെ സ്നേഹിച്ചിരുന്നു അവർ? ഞാൻ നിശ്ചലനായി  നിന്നു പോയി. റിയാതെ ഒരിറ്റ് കണ്ണുനീർ കവിളിലേക്ക് ഒലിച്ചിറങ്ങി. ഒരിക്കലും ആ സംഭവം ഞാൻ മറക്കില്ല. ഒരു ബ്രാഹ്മണനയി ജനിച്ചെങ്കിലും തൊട്ടുതീണ്ടൽ ലവലേശം കീഴടക്കാൻ സമ്മതിക്കാതിരുന്ന ആ മനസ്സും ശാരീരവും! ബ്രാഹ്മണത്വം വെടിഞ്ഞു ഒരു നായർ തറവാട്ടിൽ ബന്ധം കണ്ടെത്തിയ സമയവും ബന്ധങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഉപരി സ്നേഹത്തിനു സ്ഥാനം നിശ്ചയിച്ച എന്റെ അച്ഛൻ. കുടുംബക്ഷേത്രത്തിന്റെ ശ്രീകോവിൽ നിഷേധിക്കപ്പെട്ടപ്പോഴും തുറക്കപ്പെട്ട അമ്മയുടെ ശ്രീകോവിലിൽ സംത്രുപ്തനായ എന്റെ അച്ഛൻ.


കാലം കൊഴിഞ്ഞു. വർഷങ്ങൾ പൊലിഞ്ഞു. വയസ്സുകൾ ഏറെയധികം ഏണിപ്പടികൾ ചവിട്ടി മുകളിൽ എത്തി. അച്ഛൻ വ്രുദ്ധനായി. മകൻ മദ്ധ്യവയസ്കനും. കടലുകൾക്ക് അപ്പുറവും ഇപ്പുറവുമായി വേർതിരിഞ്ഞ അച്ഛനും മകനും. ഒന്നോ രണ്ടോ വർഷങ്ങൾക്ക് മന്വന്തരങ്ങളുടെ പഴക്കം തോന്നിച്ചിരുന്നു നാട്ടിൽ പോകാനും ഒരല്പസമയം അച്ഛനുമായി കഴിയാനും കിട്ടിയിരുന്ന നിമിഷങ്ങളിൽ. അച്ഛൻ പൊതുവേ മൌനത്തിൽ ആലിംഗിതനായിരുന്നു. ആ തിരുവായിൽ നിന്നും ചിതറുന്ന മുത്തുവാക്കുകൾക്ക് കാത്തിരുന്നിട്ടുണ്ട് ഏറെ നിമിഷങ്ങൾ, മണിക്കൂറുകൾ! ചാരുകസേരയിൽ കാലും നീട്ടി കിടന്ന് രാവിലെ പത്രം വായിക്കുക അച്ഛന്റെ പതിവാണു. എന്നാൽ ആ നിശ്ബ്ദത എന്നെ അലട്ടുമായിരുന്നു എന്നു മാത്രമല്ല നിരാശയിൽ നിമഗ്നനാക്കിയിരുന്ന നിമിഷങളാണു. കടലുകൾ കടന്ന് ഒരാഴ്ചത്തേക്ക് വീട്ടിൽ എത്തുന്നത് ഇങ്ങിനെ നിശബ്ദത പാലിക്കാനാവുമെന്നു എങ്ങിനെ സ്വമനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കും? ആവുമായിരുന്നില്ല. അതുകൊണ്ട് പത്രം കൊണ്ട് മറഞ്ഞിരിക്കുമായിരുന്ന അച്ഛന്റെ മുഖം ലക്ഷ്യമാക്കി എന്തെങ്കിലും ചോദിക്കും. മിക്കപ്പോഴും തിരിച്ചു കിട്ടാറുള്ളത് ഒരു മൂളൽ മാത്രം. എന്തിനു പറയണം. അഞ്ചുവർഷം അച്ഛനുമൊത്ത് മലകയറിയിട്ടുണ്ട് അയ്യപ്പസ്വാമിയെ പ്രാപിക്കാൻ. ഒരു വട്ടമെങ്കിലും അച്ഛന്റെ ശരണം വിളി കേട്ടതായി ഓർമ്മയിൽ ഇല്ല. എന്റെ ഇരുമുടി കെട്ടിനും ശരണം വിളിക്കും പുറമെ അച്ഛന്റെ ഇരുമുടിക്കെട്ടു തോളിലേറ്റലും ശരണം വിളിക്കലും എന്റെ കടമയായിരുന്നു. എന്നാലും സന്തോഷത്തോടെ അതൊക്കെ ച്യ്തു കാരണം എന്റെ അച്ഛനല്ലേ! പിന്നെ അന്നൊക്കെ ചെറുപ്പമായിരുന്നു. അന്നൊക്കെ കരുതിയിരുന്നു ഇരട്ടി ഭാരം ചുമന്ന് ഇരട്ടി ശരണം വിളിച്ചു മല കയറിയാൽ സ്വാമി ഇരട്ടി പ്രസാദിക്കുമെന്ന്!
                        
Image result for father and sonവർഷങ്ങൾ വീണ്ടും പ്രയണം തുടർന്നു. രോഗബാധിതനായി മാറി അച്ഛൻ. അതെ ആ വട്ടം നാട്ടിൽ ചെന്നപ്പോൾ അച്ഛനെ തിരിച്ചറിയൻ ഏറെ പ്രയാസം തോന്നി. അത്ര ക്ഷീണിതനായി തോന്നിച്ചു. കഴിയുന്നത്ര അച്ഛനെ ശുശ്രൂഷിച്ചു കിട്ടിയ കുറച്ചു സമയത്ത്. തിരിച്ചുള്ള യാത്രയ്ക്ക് സമയമാകും തോറും എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥത ആനുഭവിക്കുന്നത് പോലെ തോന്നിച്ചു. ശരീരത്തിലെ ഒരു ഭഗം വേറ്പെടുത്താൻ ആരോ പ്രേരിപ്പിക്കും പോലെ. മനസ്സിന്റെ പകുതി ആരോ പറിച്ചെടുക്കുന്ന ഒരനുഭവം. അന്നു രാത്രി അച്ഛന്റെ മുറിയിൽ തന്നെ കിടക്കാമെന്ന് കരുതി. അല്ല ആരോ എന്നെ അതിനു പ്രേരിപ്പിച്ചു.


രാത്രി കുടിക്കാനുള്ള അച്ഛനുള്ള ചൂടുവെള്ളം അച്ഛന്റെ അടുത്തു തന്നെ വെയ്ച്ചു കൊടുത്തിട്ട് തൊട്ടടുത്തുള്ള കട്ടിലിൽ കിടക്കാൻ തുനിയവെ ഒരു വിളി കേട്ടു, കുട്ടാ, അടുത്തു വരു. ഇയ്യാളു ഇവിടെ ഇരിക്ക്യാ. ഞാൻ അടുത്ത് ഇരുന്നപ്പോൾ അച്ഛന്റെ കൈ നീണ്ടു. ഞാൻ ആ കൈ എന്റെ കൈകളിൽ കവർന്നു. അച്ഛൻ പറഞ്ഞ വാക്കുകൾ, കുട്ടാ, നാളേ പോവ്വാറായി ഇല്ല്യേ? പോവ്വാണ്ട് പറ്റില്യാന്ന് അറിയാം. കുട്ട്യോളും കുടുംബോംക്കെ അവിടെയായി പോയില്ലെ? അപ്പൊ പോവാണ്ട് പറ്റില്ല്യ. പോവ്വാ. പോയി നന്നായി കഴിയാ. കുട്ട്യോളെ വല്യോരാക്കണം. ഈ കുട്ടനെക്കാളും വല്യോരാവണം അവരു. ആവും എനിക്കൊറപ്പാ. ഇനി ഒരിക്കൽ കൂടി നമ്മളു കാണുണ്ടാവില്ല്യാ ട്ടോ കുട്ടാ. വയ്യാ അച്ഛനു. വല്ലാണ്ട് വേദനിക്കുണു ദേഹോക്കെ. ന്നാലും ഒന്നൂടി കാണാൻ പറ്റീലോ? നി ഞാൻ മോളിലിരുന്നു കണ്ടോളം.

അച്ഛന്റെ കണ്ണിൽ നിന്നും അശ്രുധാര പൊഴിഞ്ഞത് അന്നു ഞാനാദ്യം കണ്ടു. ഞാൻ ജീവശവമായി ഇരിക്കുകയായിരുന്നു. എന്റെ കണ്ണുനീർ ഞാൻ കണ്ടില്ല. പൊഴിഞ്ഞിരിക്കാം അതും അറിഞ്ഞില്ല. എന്റെ അച്ഛൻ അത്രത്തോളും ഒന്നിച്ചു സംസാരിച്ചു കേട്ടത് അന്നാദ്യമായാണു എന്റെ ജീവിതത്തിൽ. എനിക്കു എന്നെ തന്നെ വിശ്വസിക്കൻ പ്രയാസം വന്ന നിമിഷങ്ങൾ. അതിലപ്പുറം അച്ഛൻ പറഞ്ഞ ആ വാക്കുകൾ. ശരത്തേക്കാൾ ആഴത്തിൽ, ശക്തിയിൽ മനസ്സിലേക്ക് ആഴ്നിറങ്ങിയ നിമിഷങ്ങൾ. ഒന്നും തിരിച്ചു പറയാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു. അന്നു ഞാനായിരുന്നു മൌനം പാലിച്ചത്. അന്നു എന്റെ അച്ഛൻ പാലിച്ചിരുന്ന മൌനത്തിന്റെ അർത്ഥവും വിലയും ഞാൻ അറിഞ്ഞു. ആ കണ്ണുനീർ ഞാൻ തുടപ്പിച്ചു. ആ തലയിൽ ഞാൻ തലോടി. അന്നാദ്യമായി ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അതെ അതാണ് ഇന്നു വരെ എനിക്കു ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ. അച്ഛനുമായി കഴിഞ്ഞ 10 മിനിറ്റ്!

ഞാൻ അടുത്ത ദിവസം തിരിച്ചുള്ള യാത്രയായി. ഞാൻ എന്റെ അന്യനാട്ടിൽ തിരിച്ചെത്തിയിട്ട് ആദ്യമായി എന്റെ സെൽഫോൺ ഓൺ ചെയ്ത് ശ്രവിച്ച സന്ദേശം. പോയി, എന്റച്ഛൻ പോയി. അല്ല എന്റെ കൂടെ എനിക്കൊപ്പം അവിടെ നിന്നും യാത്രയായി. എന്നെക്കാൾ വേഗത്തിൽ, എന്നെക്കാൾ ഉയരത്തിൽ, ഞാൻ കാണാത്ത, ഞാൻ കാണാനിരിക്കുന്ന ആ പുതിയ നാട്ടിലേക്ക് എന്റെ അച്ഛൻ പോയി. എന്നാൽ ഇന്നും തെളിഞ്ഞ ആകാശവീഥിയിൽ രാത്രിയുടെ അനന്തതയിൽ മിന്നിത്തിളങ്ങി അങ്ങു ദൂരെ നിന്നുകൊണ്ട് എന്നോട് സംസാരിക്കാറുണ്ട്, എന്റെ വെള്ളി നക്ഷത്രം! വാതോരാതെ സംസാരിക്കാറുണ്ട്, വഴി കാണിക്കാറുണ്ട്, ഉപദേശിക്കാറുണ്ട്, അനുഗ്രഹിക്കാറുണ്ട്, സന്തോഷിക്കാറുണ്ട്...... അതിലൂടെ ഈ പ്രാണൻ പ്രാണാസ്തമയം വരെ ജീവിക്കുന്നു... അന്നും ഇന്നും...

-കപിലൻ-

No comments:

Post a Comment