Tuesday, November 20, 2012

എന്റെ സ്വന്തം ശ്രീക്കുട്ടി



ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലം. ശുദ്ധമലയാളഭാഷയോട് കമ്പം തോന്നിത്തുടങ്ങിയ ആരംഭകാലം. തനതായ മലയാളഭാഷയുടെ ശിഖരങ്ങളിലേക്ക് എന്നെ കൈപിടിപ്പിച്ചു  നീന്തിത്തുടിക്കാന്‍ പഠിപ്പിച്ച അച്ചുമാമനും അച്ചുമാമന്‍റെ ഗ്രന്ഥശാലയെന്ന്  നാട്ടാര്‍ വിശേഷിപ്പിച്ചിരുന്ന ഇല്ലവും. പലവുരു വിളിച്ച് “അച്ചുമാമന്‍ “ എന്നത് ചുരുങ്ങി “അച്ചുമാന്‍” എന്നായി മാറിയിരുന്നു എനിക്ക്. എന്നും വൈകീട്ട് സ്കൂള്‍ വിട്ടു വന്നാല്‍ ഒരല്‍പ്പം “കായികം”. അത് കഴിഞ്ഞു കുളി കഴിഞ്ഞാല്‍ സൈക്കിളും എടുത്തു ഒരു തുകല്‍സഞ്ചിയില്‍  പുസ്തകക്കെട്ടുമായി ചവിട്ടി വിടുകയായി അച്ചുമാന്റെ ഇല്ലത്തേക്ക്. ഞാന്‍ അച്ചുമാന്റെ വീട്ടില്‍ സൈക്കിള്‍ ഇറങ്ങുമ്പോഴേ കാണുമായിരുന്നു എന്റെ വരവും കാത്തുകൊണ്ടിരിക്കുന്ന സുന്ദരിക്കുട്ടിയെ. തുള്ളിച്ചാടി ഓടി വരുമായിരുന്നു, ഒരു മണിപ്രാവിനെ പോലെ എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ എന്റെ രണ്ടാമത്തെ കുഞ്ഞനുജത്തി, അജിത! ശ്രീത്വം തുളുമ്പുന്ന ഒരു കിലുക്കാംപെട്ടി. “ഹരിമാമേ” എന്നുള്ള വിളി കേള്‍ക്കുമ്പോള്‍ തന്നെ വാരിയെടുത്ത് ഉമ്മവെയ്ക്കാന്‍ തോന്നുമായിരുന്നു. ഞാനായിരുന്നു അവള്‍ക്ക് “ശ്രീക്കുട്ടി” എന്ന ഓമന പേരിട്ടത്.  അവള്‍ക്ക് ഞാന്‍ ഒരു എട്ടനും, അമ്മാമയും, ഒരു കളികൂട്ടുകാരനും എല്ലാമെല്ലാമായിരുന്നു. പാവം! ഒരു പകല്‍ മുഴുവന്‍ മുത്തശ്ശിയുടെ കൂടെ ഒറ്റയ്ക്ക് കഴിയുന്ന അവള്‍ക്ക് വാതോരാതെ എന്നും എന്തെങ്കിലുമൊക്കെ ഈ ഹരിമാമയ്ക്ക് വിളമ്പിത്തരാനുണ്ടാവുമായിരുന്നു. അച്ചുമാന്‍ “ഒന്നു നിര്‍ത്തെന്റെ കുട്ട്യേ” എന്നു പറയും വരെ അവള്‍ എന്തെങ്കിലുമൊക്കെ പുലമ്പിക്കൊണ്ടിരിക്കും. കേരളാമ്പയുടെ സര്‍വ്വശാലീനതയും, സൌന്ദര്യവും, നിഷ്കളങ്കതയും നിറഞ്ഞു തുളുമ്പിയ ആ പിഞ്ചോമനയുടെ രൂപം ഒരിയ്ക്കലും ഹരിമാമയില്‍ നിന്നും മായില്ല. ആരും കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന ഒരു സുന്ദരിക്കുട്ടി. ആറര മണിയോടെ  മൂത്തമ്മായി, അച്ചുമാന്റെ ജീവിതസഖി, ശ്രീക്കുട്ടിയെ കുളിപ്പിക്കാന്‍ കൊണ്ട് പോകുമ്പോള്‍  ഞാനും അച്ചുമാനും മലയാളത്തിലേക്കു കടക്കും. ശ്രീക്കുട്ടിയെ കുളിപ്പിച്ചു കഴിഞ്ഞു അവളുടെ മുത്തശ്ശി ദീപവുമായി ഉമ്മറത്തേക്ക് വരും മുത്തശ്ശിയുടെ മുണ്ടിന്റെ തുമ്പും പിടിച്ച് ശ്രീക്കുട്ടി പിന്നാലെയും. “ദീപം...ദീപം” എന്നുള്ള ശ്രീക്കുട്ടിയുടെ ഇടവിടാതെയുള്ള ഇളംസ്വരം ഇന്നും സന്ധ്യക്ക് എവിടെ വിളക്ക് കാണുമ്പോഴും എന്റെ കാതുകളില്‍ മുഴങ്ങും പോലെ തോന്നാറുണ്ട്. മുത്തശ്ശിയുടെ കൂടെ ഇരുന്നു കുറച്ചു സമയം “കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദനാ....” എന്ന നാമജപത്തിന് ശേഷം എന്റെ അടുത്ത് അവള്‍ വന്നിരിക്കും. പദ്യം ചൊല്ലുന്ന അച്ചുമാന്‍റേയും പദ്യം ഏറ്റു ചൊല്ലി അര്‍ത്ഥം വ്യാഖ്യാനിക്കാന്‍ വിഷമിച്ചിരുന്ന ഹരിമാമയുടേയും മുഖത്ത് മാറി മാറി നോക്കി അവള്‍ മിണ്ടാതെ ഇരിക്കും.

പടിപ്പുരയുടെ കൊളുത്ത് മാറ്റുന്ന ശബ്ദം കേട്ടാല്‍ അവള്‍ക്കറിയാം മണി ഏഴര ആയെന്നും പടിക്കല്‍ അവളുടെ അച്ഛനും അമ്മയും എത്തിയതാണെന്നും.  ശ്രീക്കുട്ടിയുടെ അമ്മ വിലാസിനിചേച്ചിയും ശ്രീക്കുട്ടിയുടെ അച്ഛന്‍ ബാലേട്ടനും ഒരുമിച്ചാണ്‍ ജോലി കഴിഞ്ഞു വരാറുള്ളത്.  അവള്‍ ചാടി എണീറ്റ് പറയും, “അമ്മ വന്നൂട്ടോ ഹരിമാമയ്ക്ക് ഇപ്പോ കാപ്പീണ്ടാക്കും ട്ടോ”. വിലാസിനിചേച്ചി വന്നാല്‍ എല്ലാവര്ക്കും കാപ്പി ഉണ്ടാക്കും. അതൊരു പതിവായിരുന്നു. കാപ്പിയുടെ കൂടെ ബിസ്ക്കെറ്റും മിക്ക ദിവസങ്ങളിലും ഉണ്ടാവും. അതാണവള്‍  കാപ്പിക്ക് സമയമായെന്ന് പറഞ്ഞത്തിന്റെ  ഉള്ളടക്കം. കാപ്പിയുടെ   കൂടെ ഹരിമാമയ്ക്ക് വെക്കുന്ന ബിസ്ക്കേറ്റു മുക്കാലും ശ്രീക്കുട്ടി തന്നെ തിന്നു തീര്‍ക്കും. അവള്‍ക്ക് പ്രത്യേകം പാത്രത്തില്‍ കൊടുത്താല്‍ അത് തൊടില്ല. ഹരിമാമേടെ പ്ളേറ്റില്‍ നിന്നുള്ളതിനാണത്രേ അവള്‍ക്ക് സ്വാദ് കൂടുതല്‍! അങ്ങിനെ അതിവേഗം മുന്നോട്ട് പോയ മൂന്നു വര്‍ഷങ്ങള്‍! എന്റെ ശ്രീക്കുട്ടിയുടെ സാമീപ്യമായിരുന്നു മലയാളം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ച സായാഹ്നങ്ങള്‍ എന്നു പറഞ്ഞാലും അത് തെറ്റാവില്ല.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞെങ്കിലും സായാഹ്നങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. പരീക്ഷാഫലം വന്നു. അച്ചുമാന്‍റെ മലയാള പാണ്ഡിത്യം കടലാസുകളില്‍ എഴുതി കൂട്ടിയതിന് ശിഷ്യന് മലയാളത്തിന് സ്കൂളില്‍ 80 ശതമാനത്തോടെ പ്രഥമസ്ഥാനം! അതിനു ഒരു പാരിതോഷികവും. ആ പാരിതോഷികത്തുക  അച്ചുമാന്‍റെ കയ്യില്‍ വെച്ചുകൊണ്ട് കാല്‍ക്കല്‍ വീണിട്ട് പറഞ്ഞു, “ഇത് ശ്രീക്കുട്ടിക്കുള്ള ഹരിമാമയുടെ ആദ്യ സമ്മാനമായി കരുതി അവള്‍ക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കണം”. അച്ചുമാന്റെ കണ്ണുകള്‍ ഈറനണിയുന്നത് ശ്രദ്ധിക്കാതെയിരുന്നില്ല.

കോളേജ് തുറന്നപ്പോള്‍ എന്റെ ശ്രീക്കുട്ടിയേയും അച്ചുമാനേയും വിട്ടു ഹരിമാമക്ക് പോകേണ്ടി വന്നു. എന്നാല്‍ അവളുടെ രൂപവും ആ കിലുക്കാം പെട്ടി നാദവും മനസ്സില്‍ നിറച്ചുകൊണ്ടു തന്നെയാണ് ഹരിമാമ യാത്ര പറഞ്ഞിറങ്ങിയത്.  അതിനു ശേഷം ശ്രീക്കുട്ടിയെ ഞാന്‍ കാണുന്നത് അവധിക്കു വീട്ടില്‍ ചെന്ന അവസരത്തിലാണ്‍. എന്റെ ശ്രീക്കുട്ടി വലുതായിരിക്കുന്നു. കണ്ടമാത്രയില്‍ അവള്‍ ഓടിയണഞ്ഞു. ഞാനവളെ വാരിപ്പുണര്‍ന്ന് ചക്കരയുമ്മ സമ്മാനിച്ചു. അവള്‍ അവളുടെ കാതില്‍ പിടിച്ചുകൊണ്ടു മൊഴിഞ്ഞു, “ ഹരിമാമേടെ സമ്മാനാന്ന്പറഞ്ഞ് മുത്തച്ഛന്‍ വാങ്ങി തന്ന കടുക്കാനാദ്. ഇഷ്ടായോ ഹരിമാമക്ക്?” ശ്രീക്കുട്ടിയെ വീണ്ടും അരികത്ത് ചേര്ത്ത് നിര്‍ത്തി ആ കാതില്‍ മറ്റൊരു മുത്തം നല്‍കാനെ ഹരിമാമയ്ക്ക് കഴിഞ്ഞുള്ളൂ.

അതിനുശേഷം ഏറെ നാള്‍ അവളെ നേരില്‍ കാണാതെ എന്റെ ഓര്‍മ്മയില്‍ താലോലിച്ചു കൊണ്ട് നടക്കേണ്ട ഗതികേട് വന്നു. കാരണം ഉപരിപഠനം കേരളത്തിന് പുറത്തായിരുന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അവധിക്കു വീട്ടില്‍ എത്തിയ ഞാന്‍ വീണ്ടും അച്ചുമാന്റെ ഇല്ലത്തേക്ക് ചെന്നു. അപ്പോഴേക്കും പാവം മുത്തശ്ശി മരിച്ചിരുന്നു. പടികടന്നു കോലായിലേക്ക് കയറിയ ഞാന്‍ കണ്ടു അച്ചുമാന്‍ ചാരുകസേരയില്‍ ചാരിയിരുന്നു എന്തോ വായിക്കുന്നു. ചെരുപ്പഴിച്ചു വെച്ചു കോലായിലേക്ക് കയറി. അച്ചുമാന്റെ കാല്‍ക്കല്‍ തൊട്ട് വന്ദിച്ചു.

എന്നിട്ട് ഞാന്‍ ചോദിച്ചു, “നമ്മുടെ ശ്രീക്കുട്ടി എവിടെ?”

അച്ചുമാന്റെ മറുപടി, “ അവള്‍ കിഴക്കേക്കരയിലെ കുളത്തില്‍ കുളിക്കാന്‍ പോയിരിക്യാ ന്നാ തോന്നണത്. ഇയാള്‍ കയറി ഇരിക്ക്യാ. ഇയാള് ആകെ മാറീലോ? തടി കൂടീട്ടുണ്ടോ ന്നൊരു ശങ്ക. ഭക്ഷണം തന്നത്താന്‍ വെച്ചു കഴിക്ക്യോ അതോ എപ്പഴും പൊറത്ത്ന്നാണോ? മലയാളം മറന്നിട്ടില്ലല്ലോ ല്ലേ. എഴുത്തൊക്കെ ഉണ്ടോ ഇപ്പഴും?

അച്ചുമാന്‍റെ ചോദ്യങ്ങള്‍ അത്രയ്ക്ക് പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് മറുപടിക്കായ് ഞാനൊന്നു തപ്പി.  ഞാന്‍ അടക്കിയ സ്വരത്തില്‍ പറഞ്ഞു, “ ഉണ്ടാക്കി കഴിക്കാന്‍ സമയം കിട്ടാറില്ല. അതിനൊട്ട് വേണ്ടത്ര സൌകര്യവും ഇല്ല. ഹോസ്റ്റലില്‍ അല്ലേ. അവിടെ അവര്‍ ഭക്ഷണം തരും. വ്യായാമവും കുറഞ്ഞു. പഠിക്കാന്‍ ഒരു കുന്നുണ്ട്. സമയം കിട്ടുമ്പോള്‍ മലയാളത്തില്‍ എന്തെങ്കിലും കുത്തിക്കുറിക്കും. അതൊക്കെ സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ ഉപയോഗിക്കാം.” പറഞ്ഞു തീരും മുന്പ് പുറകില്‍ നിന്ന്‍ ആ സ്വരം, “ ദീപം... ദീപം”. ഞാന്‍ എണീറ്റ് നിന്നു തിരിഞ്ഞു നോക്കി. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതെന്റെ ശ്രീക്കുട്ടി തന്നെയാണോ? അവള്‍ വളരെ മാറിയിരിക്കുന്നു. യൌവ്വനം അവളെ വാരിപ്പുണര്‍ന്നിരിക്കുന്നു. കുങ്കുമ ബോര്‍ഡറോട് കൂടിയ കാല്‍ക്കണം വരെ നീണ്ട മഞ്ഞ പാവാടയും, ചുവന്ന ബ്ളൌസും, കണ്ണെഴുതി കുങ്കുമപ്പൊട്ട് തൊട്ട വിരിഞ്ഞ നെറ്റിയും, അറ്റം കെട്ടിയ കാര്‍കൂന്തലില്‍ മുല്ലപ്പൂവും ചൂടി ശ്രീക്കുട്ടി ഹരിമാമയുടെ മുന്നില്‍ വീണ്ടും.  പണ്ടത്തെ ശ്രീക്കുട്ടിയെ കണ്ണിമയ്ക്കാതെ നോക്കി നിന്നപ്പോള്‍ ഹരിമാമ അറിയാതെ തന്നെ, ലക്ഷ്മിദേവിയെ മുന്നില്‍ കണ്ട ആത്മനിവൃതിയോടെ , കൈകള്‍ കൂപ്പിപ്പോയി. അന്നും അവള്‍ വളരെ നേരം ഹരിമാമയോട് സംസാരിച്ചിരുന്നു. പക്ഷേ പണ്ടത്തെ കിന്നാരത്തോടെ ആയിരുന്നില്ല എന്നു  മാത്രം. അന്ന് അവളായിരുന്നു ഹരിമാമയ്ക്ക് കാപ്പിയുണ്ടാക്കിയത്. അന്ന് അവള്‍ ഹരിമാമയുടെ കിണ്ണത്തില്‍ കൈയ്യിടാന്‍ വന്നില്ല. മാറി നിന്നു.  ഹരിമാമ കാപ്പിക്കൊപ്പം കഴിക്കുന്ന ബിസ്കെറ്റ് നോക്കി നിന്നതേയുള്ളൂ. കാലം അവളെ മാറ്റിയിരിക്കുന്നു. അവള്‍ വിളമ്പി തന്ന അത്താഴവും കഴിച്ചാണ് അന്ന് ഹരിമാമ അവളോടു വിട പറഞ്ഞത്. ഇറങ്ങും മുന്പ് എന്റെ മേല്‍വിലാസം അച്ചുമാമ എഴുതി വാങ്ങി. ഞാന്‍ മനസ്സില്‍ കരുതി, “എന്റെ ശ്രീക്കുട്ടിയുടെ കല്യാണം അറിയിക്കാനാവും”.

ഉത്തരേന്ത്യയില്‍ കഴിഞ്ഞിരുന്ന ആ വേളയില്‍ ഒരു ദിവസം ഒരു കത്ത് കിട്ടി. പരിചയമുള്ള കൈപ്പട! കുതൂഹലത്തോടെ കത്ത് തുറന്നു. അച്ചുമാന്‍റേതാണ്. വരികളിലൂടെ ഊര്‍ന്നിറങ്ങിയപ്പോള്‍ കൈകള്‍ വിറക്കാന്‍ തുടങ്ങി. അറിയാതെ ചുണ്ടുകള്‍ വിതുമ്പി. ഹൃദയമിടിപ്പ് കൂടി. അറിയാതെ വിയര്‍ത്തു. അച്ചുമാന്റെ അറിയിപ്പ്, “ശ്രീക്കുട്ടിക്ക് സുഖം പോരാ. ഒരു ചെറിയ പനിയില്‍ തുടങ്ങിയതാണ്. കലശലായി. ആശുപത്രിയില്‍ ആണിപ്പോള്‍. എന്താണെന്നു അസുഖമെന്ന് ഡോക്ടര്‍മാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. പൊള്ളുന്ന ചൂടും, കലശലായ ശ്വാസം മുട്ടലും ഉണ്ട്. ഒന്നും അങ്ങിനെ കഴിക്കുന്നുമില്ല. അവളുടെ നിര്‍ബ്ബന്ധം കൊണ്ടാണ്‍ ഈ കത്തെഴുതുന്നത്. ഹരിമാമയെ കാണാന്‍ പറ്റുമോ എന്നവള്‍ ചോദിക്കുന്നു. ഇയ്യാള്‍ക്ക് അങ്ങിനെ ഓടി വരാനൊന്നും പറ്റില്ലെന്ന് ഞാന്‍ അവളോടു പറഞ്ഞു. എന്നിട്ടും ഒരേ ഒരു നിര്‍ബ്ബന്ധം. വരാന്‍ പറ്റില്ലെങ്കിലും അവള്‍ക്ക് ഒന്നു രണ്ടു വരിയെങ്കിലും ഇയ്യാള്‍ തന്നെ എഴുതുക”.  അച്ചുമാന്റെ അപേക്ഷ!

“എന്റീശ്വരാ എന്റെ ശ്രീക്കുട്ടിക്ക് ഒന്നും വരുത്തരുതേ. അവളെ കാത്തുകൊള്ളേണമേ എന്റെ അയ്യപ്പാ”, മനസ്സുരുകി ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒരു വിദ്യാര്‍ത്ഥിയായി അവിടെ കഴിയുന്ന എനിക്കെങ്ങിനെ ഓടി ചെല്ലാനാവും. പണവും കഷ്ടി. വിറയാര്‍ന്ന കൈകള്‍ കൊണ്ട് മൂന്നുനാലു വരികള്‍ കുറിച്ചു. ആ കത്ത് അന്ന് തന്നെ അച്ചുമാന് അയച്ചു. എന്താണ് എഴുതിയതെന്ന് എനിക്കു പോലും ശരിക്കോര്‍മ്മയില്ല. അത്രയ്ക്ക് മനസ്സു ചാഞ്ചല്യപ്പെട്ടിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോള്‍ വര്‍ഷാന്തപരീക്ഷ കഴിഞ്ഞു. രണ്ടാഴ്ച അവധി കിട്ടി. ചുരുങ്ങിയ അവധിയായിരുന്നെങ്കിലും ശ്രീക്കുട്ടിയുടെ ആ മുഖം എന്നെ അവിടെ അടക്കി നിര്‍ത്തിയില്ല. ഞാന്‍ തീവണ്ടി കയറി. വീട്ടിലേക്കായിരുന്നില്ല നേരെ പോയത്. മറിച്ച് അച്ചുമാന്‍റെ ഇല്ലത്തേക്കായിരുന്നു. എന്റെ ഷൂസിട്ട കാലടികളേക്കാള്‍ നന്നായി ഞാന്‍ എന്റെ ഹൃദയമിടിപ്പ് കേട്ടിരുന്നു ആ നടത്തത്തില്‍. ഇല്ലത്തെത്തി പടിപ്പുരയില്‍ നിന്നും ഞാന്‍ എത്തി നോക്കി. ആരേയും കാണുന്നില്ല. അന്നുവരെ അവിടെ കാണാന്‍ കഴിയാതിരുന്ന ഒരു മ്ളാനത അന്തരീക്ഷത്തിന് പോലും അനുഭവപ്പെട്ടു! ആകാംഷ ഒരു ഭീതിയായി എന്നില്‍ രൂപം കൊണ്ടു.

ഞാന്‍ കോലായിലേക്ക് കയറി. വാതില്‍ക്കല്‍ മുട്ടി. കാത്തു നിന്നു. വാതില്‍ പാളികള്‍ മെല്ലെ തുറക്കപ്പെട്ടു. വിഷണ്ണനായ അച്ചുമാന്‍ തുറന്ന പാളികള്‍ക്കപ്പുറം. കാല്‍പാദങ്ങളില്‍  വീണു നമസ്കരിക്കാന്‍ തുനിഞ്ഞ എന്നെ  അച്ചുമാന്‍ വിറങ്ങലിച്ച ഇരു കൈകള്‍ കൊണ്ടു പിടിച്ച് എണീപ്പിച്ചു കെട്ടിപ്പിടിച്ചു. അടക്കി വെച്ച വിതുമ്പല്‍ ധാരയായി പൊട്ടിയൊഴുകി എന്റെ തോളിലൂടെ.

“പോയി കുട്ടി, അവള്‍ എന്നെ ഒറ്റക്കാക്കി എനിക്കു മുന്പെ പോയി. ഞാന്‍ പറഞ്ഞു നോക്കി നിന്റെ ഹരിമാമ വരുന്നത് വരെ ഒന്നു പിടിച്ച് നിക്കാന്‍! പറ്റുന്നില്ലെന്ന് അവള്‍ തലകൊണ്ടു പറഞ്ഞു. അവളുടെ കണ്ണുകള്‍ അതിനായി ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു എന്നു എനിക്കു ബോദ്ധ്യമുണ്ടായിരുന്നു. അവളുടെ ഓര്‍മ്മക്കായി അവളുടെ ഹരിമാമയ്ക്ക് ഒരു സാധനം കൂടി എന്റെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ടാണ്‍ അവള്‍ പോയത് എന്റെ കുട്ടി”.

അച്ചുമ്മാന്‍ അലമാര തുറന്നു ഒരു പൊതി എന്റെ കൈയ്യില്‍ വെച്ചു തന്നു. ഞാന്‍ അത് തുറന്നു. ഞാന്‍ ഒന്നു ഞെട്ടി. എന്റെ ആ മുറ്റത്തെ ആദ്യത്തെ കണ്ണുനീര്‍ ആ പൊതിയില്‍ വീണു! അതേ എന്റെ ശ്രീക്കുട്ടിയുടെ കടുക്കനായിരുന്നു ആ പൊതിയില്‍! ഹരിമാമയെ ഓര്‍ക്കാന്‍ ഞാന്‍ ശ്രീക്കുട്ടിക്ക് നല്കിയ ആ സമ്മാനം ഇപ്പോള്‍ അവളെ മറക്കാതിരിക്കാന്‍ അവള്‍ എനിക്കു സമ്മാനിച്ചു പോയിരിക്കുന്നു. ആ കടുക്കന്‍ എന്നെ നോക്കി പറയുന്നതു പോലെ, “ ഞാന്‍ എന്റെ ഹരിമാമേ ഒരിക്കലും വിട്ടു പോവില്ല. ഹരിമാമേടെ ദീപമായി ഞാന്‍ മേലെ ആകാശത്തില്‍ ഉണ്ടാവും ഒരു നക്ഷത്ര ബിന്ദുവായി”. ആ സമയം ഞാന്‍ എന്റെ കാതുകളില്‍ ആ സ്വരം വീണ്ടും ഞാന്‍ കേട്ടു, “ദീപം, ദീപം....”.

ഞാന്‍ പരിസരം തിരിച്ചറിഞ്ഞു. യാഥാര്‍ത്ഥ്യം എന്നെ ബോധവാനാക്കി. അവള്‍, എന്റെ ശ്രീക്കുട്ടി ഹരിമാമയെ തോല്പ്പിച്ചു. അവള്‍ ഹരിമാമയ്ക്ക് വേണ്ടി കാത്തു നിന്നില്ല ഈ ലോകത്തില്‍. സ്വയം സമാധാനിച്ചു, അങ്ങകലെ അവള്‍ ഈ ഹരിമാമക്കായി ഹരിമാമയുടെ വരവിനായി എന്നും കാത്തു നില്‍പ്പുണ്ടാവും! ഇന്നും ഞാന്‍ രാത്രിയില്‍ മാനത്തേക്ക് നോക്കും. താരക കൂട്ടങ്ങളില്‍ എന്റെ ശ്രീക്കുട്ടിയെ തിരിച്ചറിയാനായി. അവളുടെ കിന്നാരം കേള്‍ക്കാന്‍. അവളുടെ സാമീപ്യം അറിയാന്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം “മാധുരി” എന്ന സോഫ്റ്റുവെയര്‍ മാധ്യമം ഉപയോഗിച്ച് മലയാളം കലനയന്ത്രത്തില്‍  എഴുതുവാന്‍ അവസരം ലഭിച്ചു. മലയാളത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം വിശാലമനസ്കര്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഒത്തു ചേര്‍ന്ന് ഒരു “ആല്‍ത്തറ” പണിതുണ്ടാക്കി. ആ ആല്‍ത്തറയില്‍ ആ ആല്‍മരച്ചുവട്ടില്‍ എന്റെ ശ്രീക്കുട്ടി പുനര്‍ജനിച്ചു ഒരു കിലുക്കാം പെട്ടിയായി. അവളുടെ സ്മൃതികള്‍ അവളുടെ കിന്നാരങ്ങള്‍ കൊഴിയാത്ത മലരായി വിടര്‍ന്ന് നിന്നു. അവള്‍ അമര്‍ത്യയായി. ഈ ഹരിമാമയുടെ അകക്കണ്ണിലും മറ്റനേകരുടെ മനസ്സിലും അവള്‍ നിത്യ ഹരിതയായി.  അതാണ് “എന്റെ ശ്രീക്കുട്ടി”, ഹരിമാമയുടെ സ്വന്തം ശ്രീക്കുട്ടി.

-കപിലന്‍-

ശ്രീ അയ്യപ്പ സ്തുതികള്‍



ശബരിഗിരി ദേവ

ശരണം ശരണം അയ്യപ്പാ
സ്വാമിയെ ശരണം അയ്യപ്പാ
മലനാഥനെ ഗജമുഖ സോദരാ
മാളോര്‍ തൊഴുതിടും പുലിവാഹന ദേവാ

ശബരിഗിരി വാഴും ശാന്തസ്വരൂപിയാമയ്യപ്പാ
ശരണം വിളി കേള്‍ക്കും ഭക്തപ്രിയാ
മനതാരില്‍ വിരിയും മകരന്തം ദേവന്‍
മസ്ഥിഷ്ക്കമാകെ കര്പ്പൂരമായ് എരിഞ്ഞിടും ദേവന്‍.
നെയ്യഭിഷേകത്താല്‍ തിളങ്ങിടും ദേവാ നിന്‍ മേനി
നാവറിയാത്ത തിരുനാമങ്ങളില്‍ വാഴ്ന്നിടും സ്വാമി
ദിക്കായ ദിക്കെല്ലാം പരന്നിടും അയ്യനിന്‍ ഭക്തി പ്രവാഹം
ദേശാന്തരങ്ങളില്‍ ഒന്നുപോലെഴുന്നിടും നാദപ്രവാഹം
അരുവികളത്രയും ദേവനിന്‍ സ്നേഹപ്രവാഹം
അരയാലിന്‍ നാഥന്‍ കനിവോടെയേകും ശാന്തസ്വരൂപം
കരളിലലിയും കലികാലദേവാ നിന്‍ ദിവ്യസ്വരൂപം
കരുണാമയനായ്‌ കരകേട്ടിടും ദേവാ നിന്‍ അഭയഹസ്തം
നീലേശ്വരപുത്ര പന്തളരാജ അയ്യപ്പാ ശരണം
നളിനാംഗിനി മോഹിനിതന്‍ മായപുത്രാ ശരണം
മാളികപ്പുറത്തമ്മ ക്ഷമയോടെ കാത്തിരിക്കെ
മലമുകളില്‍ കാവലിരിക്കും പന്തളകുമാരാ
അമ്മതന്‍ അനുഗ്രഹം മാളോര്‍ക്ക് നല്‍കിടും
അയ്യനിന്‍ കാരുണ്യമരുളീടുക സ്വാമീ
ചിന്തകളകറ്റീടും ചിന്താമണി തനയന്‍
സര്‍വ്വമതഭക്തരില്‍ വിളങ്ങീടും സത്യസ്വരൂപന്‍
നാവിലും ചൊല്ലിലും ശരണം വിളിയായ്
നാടായ നാടെല്ലാം അഭയമേകിടും സ്വാമീ
നിന്‍ സ്തുതി പാടി വ്രതമിരിക്കും സ്വാമിമാര്‍
നിന്‍ ഭക്തിയില്‍ വൈര്യമെല്ലാം മറന്നിടും മനുഷ്യര്‍
നിന്‍ തിരുസന്നിദ്ധിയില്‍ പാപമെല്ലാമകന്നിടും സ്വാമീ
നിന്‍ തിരുദര്ശനമേകി കരകേറ്റുക അയ്യപ്പസ്വാമീ
ശരണം ശരണം അയ്യപ്പാ
സ്വാമിയെ ശരണം അയ്യപ്പാ
*****
ശരണപ്രിയനെ ശാസ്താവേ
അഴകിയ മല മുകളില്‍ വാഴും അയ്യപ്പാ
അഴകേറും മയില് വാഹനന്‍ സോദരാ ‍ അയ്യപ്പാ
നിന്‍ തിരുപടി തൊഴുതീടാന്‍ വരുന്നു ഞങ്ങള്‍
നിന്‍ തിരുനാമം ഉരുവിടും ശരണാഗതര്‍ ഞങ്ങള്‍
പന്തളരാജന്‍ അരുളിയ വന്പുലി വാഹനനെ
പന്തളരാജ്ഞിക്ക് പുലിപ്പാലേകിയ ധീരമകന്‍ നീയേ
ചിത്തത്തിന്നരുളേകും ചിന്മയ രൂപന്‍ അയ്യപ്പന്‍
ചിന്തകളെല്ലാമകറ്റീടും ആനന്ദദായകന്‍ അയ്യപ്പന്‍
എരുമേലിയില്‍ വരമേകണെ വരദായകനെ
എരുമേലി നാഥനെ ശരണ പ്രിയനെ ശാസ്താവേ
പതിനെട്ടാംപടി ചവിട്ടാന്‍ വരുന്നിതാ നിന്‍ മക്കള്‍
കേറ്റി കൊടുക്കണെ പഴനിയാണ്ടവന്‍ സോദരനേ
ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ

മകരജ്യോതിയാം അയ്യപ്പന്‍

ആനന്ദരൂപ ആത്മസ്വരൂപ അയ്യപ്പ
ആനന്ദദായക അരുളേകുംദേവ അയ്യപ്പ
പഴനിമല വാഴും മയില്‍ വാഹനന്‍ സോദര അയ്യപ്പ
പുലിവാഹനനായ് പുലിപ്പാലേകിയ രാജകുമാര അയ്യപ്പ
ശബരിപീഠം തന്‍ സിംഹാസനമാക്കിയ ശബരിഗിരീശ അയ്യപ്പ
ശബരിയമ്മക്ക് മോക്ഷമേകിയ മോക്ഷപ്രദായക അയ്യപ്പ
ശരംകുത്തിയാലില്‍ ശരവര്‍ഷം താങ്ങിടും അയ്യനെ ദേവ അയ്യപ്പ
മാളിഗപ്പുറത്തമ്മ മുടങ്ങാതെ വണങ്ങിടും മോഹനരൂപ അയ്യപ്പ
മലോകര് തവ ഭക്തരായനുദിനം പെരുകിടും,മകരജ്യോതിയെ അയ്യപ്പ
ആനന്ദരൂപ ആത്മസ്വരൂപ അയ്യപ്പ
ആനന്ദദായക അരുളേകും ദേവ അയ്യപ്പ
ശരണം ശരണം അയ്യപ്പ
സ്വാമി ശരണം അയ്യപ്പ
*****

അവശര്‍ക്കഭയം അയ്യപ്പന്‍

മോഹിനിപുത്രാ മോഹനരൂപ
മോഹങ്ങളകറ്റിടുമയ്യപ്പ
ശബരി പീഠത്തില്‍ ‍ വാഴും ശബരി ഗിരീശ
ശബരിയമ്മതന്‍ വാല്സല്യപുത്ര അയ്യപ്പ
ധര്‍മ ശാസ്താവായ് നാടെല്ലാം കാത്തീടുമയ്യപ്പ
ധര്മശാസ്ത്രങ്ങള്‍‍ക്കധിപധിയായ് വാണീടുമയ്യപ്പ
ധാര്‍മിക ബോധങ്ങള്‍ ദാനിച്ച ദയാപര അയ്യപ്പ
ധന്വന്ത്രമൂര്‍ത്തിയ്യായ് ദാനവര്പോറ്റും അയ്യപ്പ
കല്ലിലും മുള്ളിലും കഷ്ടങ്ങളറിയേന്‍ അയ്യപ്പ
കരളിനും മെയ്യിനും അമ്രുതായ് ചൊരിയും അയ്യപ്പ
ഇരുമുടി കെട്ടുമായ് രാവും പകലും നിന്‍ തിരുനാമമെ അയ്യപ്പ
ഇരുട്ടിലും ഉഷസ്സിലും നിന്‍ ചിന്തയെ ശരണം അയ്യപ്പ
അല്ലലുകള്‍ അകറ്റിടും ആപത്ബാന്ധവ അയ്യപ്പ
അറിയാ കുറ്റങ്ങള്‍ പൊറുത്തരുളീടും അയ്യനെ അയ്യപ്പ
അവശര്‍ക്കഭയം അഖിലാണ്ഡേശ്വര അയ്യപ്പ
ആദിനാരായണ മഹേശ്വരപുത്ര മോഹനരൂപ അയ്യപ്പ

-എല്ലെന്‍റെ സൃഷ്ടികളിലെ ഭക്തിമയം-

Wednesday, November 14, 2012

കാലം

കാലമെന്നോര്‍ക്കുകില്‍
ഓര്‍മ്മയിലെത്തുമാദ്യം
ചുട്ടെരിയും വേനലും
പുഷ്പങ്ങള്‍ ‍നിറഞ്ഞ വസന്തവും
ജലധാരചൊരിയും വര്‍ഷവും
ഇലകളെല്ലാം പൊഴിയും ശീതവും.
അതിനപ്പുറത്ത് പലതുമുണ്ടിനിയും
മനുഷ്യായുസ്സിലെ ചിന്തകളില്ലാ ബാല്യം
ലക്ഷ്യങ്ങള്‍ സ്വപ്നം കാണും കൌമാരം
ബാധ്യതകളേറിയ ഗൃഹസ്ഥം,
വയ്യായ്മയില്‍ ശാന്തി തേടും വയോധികവും...
കാലമെന്ന് ഗണിക്കുമ്പോള്‍
രാഹുവും, കേതുവും, ഗുളികനുമുണ്ട് താനും
ഭൂതം, വര്‍ത്തമാനം ഭാവിക്കൊപ്പം.
എങ്കിലും കാലമെന്നാല്‍
കലിയും കല്‍ക്കിയും കേട്ടുകേള്‍വിയമുണ്ട്‌.
സ്മരിക്കേണ്ട കാലം, മറക്കേണ്ട കാലം,
ചിരകാലം, വരും കാലം എന്നിവയുമുണ്ട്!
യുദ്ധകാലം, അനിശ്ചിതകാലം,ശാന്തികാലം
എന്നിവയും കാല ചക്രത്തില്‍ കറക്കമിടുന്നു.
കാലത്തിനൊപ്പം ജന്മം കൊള്ളുന്നു
രാഷ്ട്രീയക്കാര്‍,യോദ്ധാക്കള്‍,ഗവേഷകര്‍,
തത്വചിന്തകര്‍, ശാന്തിദൂതര്‍, കലാകാരന്മാര്‍ ...
കാല്ത്തിനൊരിക്കലും സ്ഥിരതയില്ല
ചക്രമെന്നപ്പോല്‍ കറങ്ങികൊണ്ടിരിക്കും
പക്ഷെ കറക്കത്തിനൊപ്പം
ഒരു ഗതകാലവും സൃഷ്ടിക്കുകയല്ലേ?
കാലത്തിനൊപ്പം ജന്മം കൊള്ളുന്നു ചരിത്രം
ചരിത്രം ജന്മം കൊള്ളവേ
പാഠങ്ങള്‍ പലതും കുറിക്കപ്പെടുന്നു.
കാലത്തിന്റെ ഗതിയില്‍ മനുജന്‍
കാലങ്ങളായി നെട്ടോട്ടമോടുന്നു
ഓര്‍മ്മകളായ് മാത്രം കാലം
ശാശ്വതം നേടുന്നു
മനുഷ്യനാല്‍ സ്മരിക്കപ്പെടുന്നു .
സ്മരണകളില്‍ കാലത്തിനു
അനേകം അടിവരകളുണ്ടുതാനും
എന്നാല്‍ യാതൊന്നും ബാധകമാവാതെ
കാലം തന്‍ പോക്കില്‍, തന്‍ പ്രയാണം
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

-എല്ലെന്‍റെ ശീലുകളില്‍ നിന്നും-