കുട്ടിക്കാലത്ത് കാണുന്ന എന്തിനോടും മോഹമായിരുന്നു അത് കൈവശപ്പെടുത്താനുള്ള
ആവേശമായിരുന്നു. കിട്ടിയില്ലെങ്കില്‍ ആദ്യം വാശി. പുറകെ കരച്ചില്‍. പിന്നീട് ചെറുതും
വലുതുമായ പിണക്കം. മുന്നിൽ കാണുന്നതൊക്കെ എനിക്കു വേണ്ടിയാണ്
ഉണ്ടാക്കിയിരിക്കുന്നത് എന്നായിരിക്കാം അന്ന് വിശ്വസിച്ചിരുന്നത്. വീട്ടില്‍ അറിഞ്ഞ് മേടിക്കാന്‍ പറ്റാത്തതായ
കുട്ടിസാധനങ്ങള്‍ മേടിക്കാന്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന നാണയ സംഭരണിയും
സമ്പാദ്യവും. നിഷ്കളങ്കതയുടെ കാലത്ത് മനസ്സിൽ കരുതിയിരുന്നിരിക്കാം ആ കുട്ടി- ഈ
കുട്ടി എന്ന വ്യത്യാസമില്ലാതെ എല്ലാം എല്ലാവരിലും ഒന്നു പോലെ ഉണ്ടാവണം. അങ്ങിനെ
ആവാതിരിക്കാവുന്ന ഒരവസ്ഥയെ കുറിച്ച് ആലോചിക്കാൻ പോലും മസ്തിഷ്കം അന്ന്
അനുവദിച്ചിരുന്നില്ല എന്നതല്ലേ സത്യം! കുന്നോളം കുറുമ്പു കാട്ടി നടക്കാനും, തല്ലിന്റെ
വേദനയറിഞ്ഞാലും അടി കിട്ടുമെന്നറിയാമെങ്കിലും പിന്നെയും തല്ലുകൊള്ളാൻ വേണ്ടി വാശി പിടിക്കുകയും,
കുറുമ്പു കാട്ടുകയും അന്നൊരു വിനോദമായിരുന്നു. ഇതൊന്നും ഇല്ലെങ്കിൽ അല്ലെങ്കിൽ
ചെയ്തില്ലെങ്കിൽ ദിവസം മുഴുവനാവില്ല എന്നു കരുതിയിരുന്ന നാളുകൾ. എന്നാലും അന്നൊക്കെ
എന്നും സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. പകല്‍കിനാവുകളുടെ സാക്ഷാത്കാരം ഓര്‍ത്തിട്ടുളള
സന്തോഷം കൊണ്ടാവാം രാത്രി ഉറങ്ങുമ്പോള്‍ കൊച്ചു കുട്ടികള്‍ പുഞ്ചിരിക്കാറുളളത്.
അന്നു കരുതിയതേ ഇല്ല മറ്റൊരു ഭാവം ജീവിതത്തിന് ഉണ്ടാവുമെന്ന്. പകല്‍ കിനാവുകളുടെ
മുള മുരടിച്ചപ്പോള്‍ ഉറക്കത്തിലെ പുഞ്ചിരി മാറി പിറിപിറുക്കലായത് മാറി.
കുട്ടിക്കാലത്ത്
ആരും “സന്തോഷമാണോ” എന്ന് ചോദിച്ചതായി എനിക്കോർമ്മയില്ല. സത്യമല്ലേ? നമ്മുടെ
ചെറുപ്പത്തിൽ ആരെങ്കിലും നമ്മോട് ചോദിച്ചിട്ടുണ്ടോ? “മോനേ അല്ലെങ്കിൽ മോളേ
നിനക്കു സന്തോഷമുണ്ടോ” എന്ന്? ഇല്ല. കാരണം, മുഖത്തെപ്പോഴും
ഉണ്ടായിരുന്ന ആ പുഞ്ചിരി, വഴക്കു പറഞ്ഞാലും അടി കിട്ടിയാലും
അരമണിക്കൂർ കഴിയും മുൻപ് തിരികെ ചെന്നു കെട്ടിപ്പിടിക്കുകയും, ഉമ്മവെയ്ക്കുകയും ചെയ്തിരുന്ന നിഷ്കങ്കതയുടെ കുട്ടിക്കാലം.
കുഞ്ഞിക്കാലുകളും ഒരുണ്ണികുടവയറും പേറി തത്തിക്കളിച്ച് തുളസിത്തറയ്ക്കു ചുറ്റും
അമ്മുമ്മയുടെ കൈ പിടിച്ച് പ്രദിക്ഷിണം ചുറ്റിയിരുന്ന ഉണ്ണിക്കുട്ടൻ എന്നും
സന്തുഷ്ടവാനായിരുന്നു. അവനോടതാരും ചോദിക്കേണ്ട കാര്യമില്ല, സന്തോഷമാണോ
എന്ന്! ആ പദത്തിന്റെ അർത്ഥം അവനന്നറിഞ്ഞിരുന്നില്ല എങ്കിൽ പോലും അവനിൽ അന്നത്
ധാരാളം ഉണ്ടായിരുന്നു. അനുഭവിക്കാനും മറ്റുള്ളവർക്ക് നൽകുവാനും! ആരോടും കടം
മേടിക്കേണ്ടി വന്നിട്ടില്ലാത്ത സന്തോഷം! കൊഞ്ചിയ കാലത്തെ കുഞ്ഞു സന്തോഷങ്ങൾ!
കുഞ്ഞുസന്തോഷമായിരുന്നെങ്കിലും അന്നത് അളവറ്റുണ്ടായിരുന്നു. ഇത്തിരി വളർന്നു
സ്കൂളിൽ എത്തിയപ്പോൾ അത് കൊച്ചു കൊച്ചു സന്തോഷങ്ങൾ ആയി മാറി! പിന്നേയും ഒരല്പം
കൂടി വളർന്നു കോളേജിൽ എത്തിയപ്പോൾ അത് ഇത്തിരിയിത്തിരി സന്തോഷങ്ങൾ ആയി! വളർന്നു
ഒരുദ്യോഗവും, കുടുംബവുമൊക്കെ ആയപ്പോഴോ, സന്തോഷങ്ങൾ അസന്തോഷങ്ങളായി മാറി. എന്നു പറഞ്ഞാൽ
വളരുന്തോറും സന്തോഷത്തിന്റെ അളവ് കുറഞ്ഞു വന്നു ഇല്ലാതാവുകയോ അല്ലെങ്കിൽ
എന്നെന്നും അകലത്തായി നാളേയിൽ വസിക്കുന്നു നമ്മുടെ സന്തോഷങ്ങൾ എന്നുമർത്ഥം.
വളരുന്തോറും ഏറിടുന്നു വിദ്യയെങ്കിൽ,
വളരുന്തോറും സന്തോഷമെന്തേ ചോർന്നിടുന്നു?
പണമായാൽ എല്ലാമായെന്നൊരിക്കൽ കരുതി
പണമേകിയ സുഖലോലുപ ഗാഡ്ജറ്റുകളിൽ
തേടിവലഞ്ഞു നഷ്ടമായെൻ സന്തോഷത്തെ
തിരഞ്ഞതെല്ലാം നേടി ഞാൻ ജേതാവായി
തീരാത്ത ദുഖത്തിന്നടിമയുമായി, കാരണം
സന്തോഷമെന്തെന്നു മാത്രമറിഞ്ഞീല ഞാൻ!
മിന്നാമിനുങ്ങുകൾ പോലുമേറേ സന്തുഷ്ടർ
ഞാനോ, കട്ടിലൊഴിയാത്തൊരു വിഢ്ഢി മാത്രം
എന്നിത് മനസ്സിലാക്കി കുത്തിക്കുറിച്ചു എന്നു കൃത്യമായി പറയാൻ ഓർമ്മയില്ലെങ്കിലും
പണ്ടൊരുനാൾ മഹാരാജാസിന്റെ ഹോസ്റ്റൽമുറിയുടെ ചുവരിൽ കുറിച്ചിട്ട ഒരു ജീവിത സത്യമാണ്
എന്നോർക്കുന്നു!
ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ പലപ്പോഴും നമ്മൾ മനസ്സിലാക്കാൻ പ്രയാസപ്പെടും.
പലയിടത്തു നിന്നും കേട്ടുമടുത്ത വരികൾ. “ജീവിതം ഒന്നേയുള്ളു. അതാസ്വദിച്ച് ജീവിക്കണം. മിന്നാമിനുങ്ങുകളെ
കണ്ടിട്ടില്ലേ? ജീവിക്കുന്നത് കുറച്ച് സമയമാണെങ്കിൽ കൂടി ആഹ്ലാദിച്ച്, സന്തോഷം പകർന്ന്, ചുറ്റിനും പ്രകാശം പരത്തി
സന്തോഷത്തോടെ കഴിയുന്നു. എന്തിനാണീ പരാതികളും പരിഭവങ്ങളും?” സന്തോഷക്കിഴികൾ വിൽക്കപ്പെട്ടിരുന്ന
ഒരു ദേശത്തെ കഥ കേട്ടിട്ടുണ്ടോ? പണമേറിയപ്പോൾ ഒരിക്കൽ ഒരു ധനികന് ഒരാഗ്രഹം, ഒട്ടേറെ സന്തോഷക്കിഴികൾ
വിലക്ക് വാങ്ങിക്കാൻ. പണക്കെട്ടുകളുമായി അവൻ പല കമ്പോളങ്ങളിലും കയറി സന്തോഷത്തിന്
വിലപേശി. സന്തോഷത്തിന്റെ വിലയറിയാവുന്നവർ ആരും അവനു സന്തോഷം നൽകിയില്ല. അവൻ കരുതിയിരുന്ന
പണത്തേക്കാൾ പതിന്മടങ്ങ് വിലയാണവർ ചോദിച്ചത്! അവൻ വിഷണ്ണനായി വീട്ടിലേക്ക്
തിരിച്ചു നടന്നു. എന്നാൽ അവൻ ഒന്നു മറന്നു. സന്തോഷം അന്വേഷിച്ച് കമ്പോളത്തിൽ
പോയപ്പോഴും അവന്റെ മടക്കയാത്രയിലും അവൻ ഒന്നു മാത്രം കണ്ടില്ല, ഒന്നുമാത്രം ശ്രദ്ധിച്ചില്ല. അവൻ സഞ്ചരിച്ച വഴിയോരത്തെ വില കുറഞ്ഞ വലിയ വലിയ
സന്തോഷങ്ങളെ! മനസ്സിന്റെ കാഴ്ചകൾ നഷ്ടപ്പെട്ട ആ അന്വേഷകനു പറ്റിയ അതേ അമളിയല്ലേ
നമുക്കും നമുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? എന്നുമെന്നും
എത്രയെത്ര കൊച്ചു സന്തോഷങ്ങളെ നാം ത്യജിച്ചു ജീവിക്കുന്നു?
ശരീരാരോഗ്യം ദീർഘായുസിന് അത്യന്താപേക്ഷിതമെങ്കിൽ, ശാരീരാരോഗ്യമായിരിക്കും
ശരീരാരോഗ്യാവസ്ഥയെ നിർണ്ണയിക്കുന്നത്. ശാരീരം മനസ്സാകുമ്പോൾ, മനസ്സിനു തട്ടുന്ന കോട്ടങ്ങൾ ശരീരത്തിൽ തെളിയും അല്ലെങ്കിൽ സ്വഭാവത്തിൽ
തെളിയും. മനസ്സിന്റെ ആരോഗ്യം മനസ്സിന്റെ സന്തോഷത്തെ ആശ്രയിക്കുന്നുവെന്നതു എടുത്ത്
പറയേണ്ട കാര്യമല്ലല്ലോ. അതുകൊണ്ട് മനസ്സിന്റെ സന്തോഷത്തെ ബാധിക്കുന്ന
വസ്തുതകൾ ഏതെല്ലാമെന്ന് നാം മനസ്സിലാക്കിയാൽ ജീവിതത്തിന്റെ തേരാളിപ്പട്ടം നമ്മിൽ
സുരക്ഷിതമായിരിക്കും. വളരെ ഗഹനമായ പഠനങ്ങൾ നടന്ന പഠനമണ്ഡലമാണ് “മനസ്സും മനസ്സിന്റെ ചാഞ്ചല്യങ്ങളും”. മനസ്സിന്റെ സമനില നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ
താഴെ വിശദീകരിക്കാം.
·
നല്ല രീതിയിള്ള സാമൂഹികബന്ധങ്ങളും പരസ്പരധാരണകളും.
മനസ്സിന്റെ സ്വഭാവരൂപീകരണത്തെ ഇത് ഏറെ ബാധിക്കുന്നു.
-
പണം. അമിതമായാൽ അമൃതത്തിനു പകരം വിഷമാകുന്ന ഒരു വസ്തു. പണം
സന്തോഷം നൽകും. മിതമായാൽ. സന്തുഷ്ട മനസ്സിന് അമിത പണത്തേക്കാൾ പ്രണയം
സ്നേഹത്തോടാണ്.
- ഇടപഴകലിലുള്ള വിശ്വാസവും ധാരണയും. അവസരോചിതമായ
സന്ദർഭങ്ങൾ മനസ്സിന്റെ സന്തോഷത്തെ കൂട്ടുകയും, ഭീഷണികൾ
ചാഞ്ചല്യമുളവാക്കുകയും ചെയ്യുന്നു.
- സഹനശക്തി. മനസ്സിനെ പിടിച്ചു നിർത്താനുള്ള കഴിവ്.
ഏറുന്തോറും നന്നായിടും.
- സ്വാതന്ത്ര്യം. സ്വന്തമായി ചിന്തിക്കാനും, സ്വയം
ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവും അവസരവും മനസ്സിന്റെ സന്തോഷനില
കൂട്ടും.
- അവസരങ്ങൾ നാളേയ്ക്കായി മാറ്റി വെയ്ക്കാതിരിക്കുക. കിട്ടുന്ന
അവസരങ്ങൾ നഷ്ടപ്പെടുത്താതെ അന്നന്നു തന്നെ ഉപയോഗിക്കുക. മനസ്സിന്റെ നഷ്ടബോധം
കുറക്കാം. സംതൃപ്തി കൂട്ടാം.
- മനസ്സ് തുറക്കാനും പങ്കു വെയ്ക്ക്ക്കാനും വിശ്വസ്തമായ
ഒരിടം. മനസ്സിലെ ഭാരങ്ങൾ വിശ്വസ്തതയോടെ പങ്കുവെയ്ക്ക്കാൻ ഒരു ജീവിതപങ്കാളി
അല്ലെങ്കിൽ ഒരു ആത്മസുഹൃത്ത്.
പണത്തെ കുറിച്ചു ഒരല്പം കൂടി പരാമർശ്ശിക്കാതെ വയ്യ. പണത്തിനു മുഖങ്ങൾ രണ്ടാണ്.
ആദ്യമുഖം പണിക്കാരനെ പണക്കാരനാക്കുന്ന നമുക്ക് സുപരിചിതമായ മുഖം. എന്നാൽ
നമ്മളിൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഇവിടെ ചൂണ്ടിക്കാട്ടാം. ഒരു ദരിദ്രനെ
ദാരിദ്ര്യത്തിന്റെ അഗാധതയിൽ നിന്നും കരകയറ്റുന്ന ആദ്യത്തെ ചെറിയ തുകയ്ക്ക് (പണം)
ഒരു ലക്ഷാധിപതി ഉണ്ടാക്കുന്ന അടുത്ത പത്ത് ലക്ഷത്തിന്റെ വിലയേക്കാൾ വളരെയേറെ മൂല്യമുണ്ടായിരിക്കും.
ആദ്യത്തെ ആ ചെറിയ തുക മനസ്സിനു നൽകുന്ന സന്തോഷത്തിന്റെ അളവിനും ഇതേ
മൂല്യവ്യത്യാസമാണ് കണക്കാക്കിയിട്ടുള്ളത്.
മനുഷ്യന്‍ കാണുന്ന ദിവാസ്വപ്നങ്ങളിലെ മോഹങ്ങളും സന്തോഷങ്ങളും ധനികനായാല്‍ സഫലീകരിക്കാം എന്ന തൃഷ്ണ പണത്തിന്റെ ഈ മുഖം
നമ്മിൽ ജനിപ്പിക്കുന്നു. ധനികത്വം പ്രാപിക്കാന്‍ കുതിക്കുന്ന മനുഷ്യമനസ്സുകള്‍
സമ്പാദ്യത്തില്‍ മോക്ഷം തേടുമ്പോള്‍ എന്തിനായി അവന്‍ സമ്പാദിച്ചു എന്ന ഇതിവൃത്തം
പാടേ മറക്കുന്ന ദുരവസ്ഥയാണ് പലപ്പോഴും. മനസ്സില്‍ പാകിയ സന്തോഷം കായ്ക്കുന്ന
മോഹത്തിന്റേയും സ്വപ്നങ്ങളുടേയും വിത്തുകള്‍ മുളപൊട്ടാതെ ശ്വാസം മുട്ടുന്നത്
മനുഷ്യര്‍ മറക്കുന്നു. പുതുജീവന്‍ അവനില്‍ പത്തിയുയര്‍ത്തുമ്പോള്‍ പഴമയുടെ പലതും
വേരറ്റ അസ്ഥിപഞ്ചരങ്ങളാവുന്നു. ബന്ധങ്ങള്‍ പലപ്പോഴും ബന്ധനങ്ങളായി മാറുന്നു.
പണമില്ലെങ്കിൽ
സമൂഹത്തിൽ മൂല്യമില്ല എന്ന വിശ്വാസം ജീവിതത്തിലെ പല മൂല്യങ്ങളും അപ്പാടെ അവനെ
ബധിരനും അന്ധനുമാക്കുന്നു. ബാങ്കിന്റെ പള്ള വീർക്കുംന്തോറും പാവങ്ങളുടെ
വീർപ്പുമുട്ടലുകൾ കാതിലേക്കെത്താതാവുന്നു. കോർത്തു പിടിച്ച കൈകൾ കഴുത്തു ഞെരിക്കാൻ
മുതിരുന്നു. കാതുകളിൽ സ്നേഹത്തോടെ രഹസ്യങ്ങൾ പറഞ്ഞിരുന്ന കണ്ഠനാദം കാഹളമായി മുഴങ്ങാൻ
തുടങ്ങുന്നു. അംബരചുമ്പികൾ പണിത് മുകളിൽ വസിക്കുമ്പോൾ നാം മറന്നു പോകുന്നു, ആ മാളികയുടെ കോണിപ്പടികളുടെ
തുടക്കം താഴെനിന്നായിരുന്നു എന്നത്. പണത്തിൽ മാത്രം കണ്ണുനട്ട് മുന്നോട്ട്
പായുമ്പോൾ പലപ്പോഴും വന്ന വഴി അപരിചിതമാവുന്നത് നമുക്കപരിചിതമല്ല. പണം സമ്പാദിച്ചു
കൊളളു. എന്നാല്‍ സ്വപ്നങ്ങള്‍ക്കും, ആ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും എന്തിനവധി
കൊടുക്കുന്നു? വന്ന വഴിയും വഴിയോരക്കാഴ്ചകളും എന്തിനു മറക്കുന്നു?
പണത്തിന്റെ രണ്ടാം മുഖം മറ്റൊരു കഥയായിരിക്കും പറയുക. മുകളിൽ പറഞ്ഞ
ദുരവസ്ഥയുടെ അന്ത്യത്തിൽ ചെന്നെത്തി സന്തോഷം കാണാതെ അലയുന്ന മനുഷ്യമനസ്സുകളുടെ കഥ!
എന്തു കൊണ്ട് സന്തോഷം നമ്മളിൽ വിളയാടുന്നില്ല? കാരണം വളരെ നിസ്സാരമാണ്. നാം
സ്വന്തം ഇഷ്ടങ്ങൾക്ക് അവധി നൽകി അന്യരുടെ താല്പര്യങ്ങൾ സ്വന്തമാക്കാൻ
ശ്രമിക്കുന്നു. നാം ഭയപ്പെടുന്നു! ആരേ? നമ്മുടെ അയൽക്കാരെ
അല്ലെങ്കിൽ നമ്മളെ അറിയാവുന്നവരെ. നമ്മുടെ
ഇഷ്ടങ്ങള്‍ മറന്ന് നാം അവരുടെ താല്പര്യങ്ങളെ മാനിക്കുകയാണ് ചെയ്യുന്നത്.
അവര്‍
നമ്മളെ കുറിച്ചു എന്തു പറയും? എന്തു കരുതും എന്നാലോചിച്ച്
ജീവിതം നശിപ്പിക്കുമ്പോള്‍ നാം നമ്മെ തന്നെ വഞ്ചിക്കുന്നു. എത്ര ധനം
സമ്പാദിച്ചാലും താന്‍ ഒരു പുതുപണക്കാരനാണ് എന്ന അപകര്‍ഷതാബോധം മനുഷ്യരെ മരണത്തോളം
പിന്തുടരും. ആവശ്യത്തിനു സമ്പാദിക്കു ബാക്കിയുളളതു കൊണ്ട് ആനന്ദിക്കു,
സന്തോഷിക്കു. നാളേയ്ക്കു സന്തോഷങ്ങള്‍ മാറ്റിവെയ്ച്ചാല്‍ ഒരിക്കലും ഒരുവന്
സന്തുഷ്ടവാനാകാൻ കഴിയുന്നില്ല എന്നതാണ് സത്യം. ധനവാൻ വിവാഹിതനായതു കൊണ്ടോ,
കുട്ടികളുണ്ടായതു കൊണ്ടോ ഒരുവന്‍ പരിപൂര്‍ണ്ണമായി സന്തുഷ്ടവാനായി എന്നു പറയുവാന്‍
കഴിയുമോ? മനുഷ്യന്‍ ഒരിക്കലും പൂര്‍ണ്ണമായി സന്തോഷവാനാകുന്നില്ല. എത്ര കിട്ടിയാലും
പിന്നേയും മനുഷ്യമനസ്സ് വീണ്ടും ആശിക്കും. ആശ കൂടിയാല്‍ അത് അത്യാഗ്രഹമായി മാറാം.
തനിക്കില്ലാത്തതിനെ കുറിച്ചു വേവലാതിപ്പെടാതെ തനിക്കുളളതിനെ ഓര്‍ത്ത്
സന്തോഷിച്ചിരുന്നു എങ്കില്‍ ഈ ലോകം സ്വര്‍ഗ്ഗമായേനെ എന്നു പലപ്പോഴും തോന്നാറുണ്ട്.
വളരെ നഗ്നമായ, വളരെ വ്യക്തമായ ഒരു സത്യം ഇതാണ്. ലോകത്തില്‍ അദ്ധ്വാനിക്കാതെ
അനുഭവിക്കാന്‍ പറ്റുന്ന ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന ഒരു വസ്തുവാണ് സന്തോഷം.
നമുക്കു എപ്പോള്‍ വേണമെങ്കിലും നമ്മളില്‍ ജനിപ്പിക്കാനും നിലനിര്‍ത്താനും പറ്റുന്ന
ഒന്നാണ് സന്തോഷം. അതിനു വിലകൊടുക്കേണ്ടതില്ല, കടം മേടിക്കേണ്ടതില്ല, ആരുടേയും
ഔദാര്യത്തിന്റെ ആവശ്യമില്ല, ആരില്‍ നിന്നും പിടിച്ചു മേടിക്കേണ്ടതായിട്ടും ഇല്ല.
പിന്നെന്തിനീ അമാന്തം, വിരസത, മടുപ്പ്?
ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം!
നമ്മളില്‍ സന്തോഷം മുളയ്ക്കാന്‍ അല്ലെങ്കില്‍ പൂവണിയാന്‍ അനുവദിക്കാത്ത ചില വസ്തുതകൾ
നാം ഒഴിവാക്കിയാല്‍ നമ്മള്‍ തനിയെ സന്തോഷം കാണും, മനസ്സിലാക്കും, അനുഭവിക്കും. എന്തെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കണം എന്നല്ലേ?
·
മറ്റുളളവരുടെ വീജയകഥകള്‍ തന്റെ ജീവിതവുമായി
താരതമ്യപ്പെടുത്തി മനസ്സ് വിഷമിപ്പിക്കാതെ ഇരിക്കുക. എന്നിലെ എന്നെ കാണാന്‍
ശ്രമിക്കുക അവരിലെ അവരെയല്ലാതെ. അവര്‍ വിജയം ഘോഷിച്ചെങ്കില്‍ അവര്‍ സന്തോഷങ്ങള്‍ക്ക്
അവധി നല്‍കിയില്ലായിരുന്നു എന്ന സത്യം മനസ്സിലാക്കുക
എല്ലാം തികഞ്ഞ ഒരു അവസരത്തിനു വേണ്ടി സന്തോഷങ്ങള്‍ മാറ്റി
വെയ്ക്കാതെ ഇരിക്കുക. അങ്ങിനെ ഒരു നിമിഷം ജീവിതത്തില്‍ ഉണ്ടാവില്ല.
കാത്തിരുന്നിട്ട് കാര്യവുമില്ല
- പണത്തിന് വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്ന ചിന്ത കളയുക.
- നിങ്ങളുടെ ഉദ്യോഗം നിങ്ങളെ നിയന്ത്രിക്കരുത്, മറിച്ച് നിങ്ങളിലായിരിക്കണം
ഉദ്യോഗത്തിന്റെ കടിഞ്ഞാൺ.
- നമ്മളിലെ ദുഷ്ചിന്തകൾ നിമഗ്നം ചെയ്യുക. മാർട്ടിൻ ലൂതർ കിങ്
പറഞ്ഞതോർക്കുക. “ഇരുട്ടിനു ഇരുട്ടിനെ മാറ്റാന്‍ ആവില്ല.
വെളിച്ചത്തിനു മാത്രമെ അത് കഴിയു. അതുപോലെ ശത്രുതയ്ക്ക്
ശത്രുതയെ മാറ്റാൻ കഴിയില്ല. സ്നേഹത്തിനെ അത് കഴിയു”. മനസ്സിൽ എപ്പോഴും നല്ല ചിന്തകൾ മാത്രം സൂക്ഷിക്കുക.
അങ്ങിനെ ചെയ്താൽ നാമറിയാതെ നമ്മളിൽ ‘പോസിറ്റീവ് എനർജി’യുടെ
അളവ് കൂടാൻ തുടങ്ങും.
- മനസ്സിലെ ഭാരങ്ങളേയും, ഭീതികളേയും വിസർജ്ജിക്കുക ഒരു നിശ്വാസവായു പോലെ.
കൂട്ടിൽ അടയ്ക്കപ്പെട്ട പ്രാവിനെ തുറന്നു വിടുന്ന പോലെ പുറത്തേക്ക് പോയ്
മറയാൻ അനുവദിക്കുക. ഭൂതകാലത്തിൽ ജീവിക്കാതെ ഭാവിയിലേക്ക് ശ്രദ്ധിക്കുക. കഴിഞ്ഞത് കഴിഞ്ഞു. അതിനി ആവർത്തിക്കാതിരിക്കാൻ സന്തോഷം
കൊണ്ട് മനസ്സിനെ മൂടുക.
·
തന്നിൽ അടിയുറച്ചു വിശ്വസിക്കുക. ആത്മവിശ്വാസം വളർത്തുക.
ഏതൊരാൾക്കും ചെയ്യാവുന്നത് തനിക്കും കൈവരിക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുക.
·
പലവട്ടം തന്നെ ഉപദ്രവിച്ചു കഴിഞ്ഞ അല്ലെങ്കിൽ ചതിച്ച അല്ലെങ്കിൽ
വേദനിപ്പിച്ച അന്യമനസ്സുകളെ പിന്തുടരാതിരിക്കുക. അവരെ അകറ്റി നിർത്തുക അല്ലെങ്കിൽ
തീർത്തും ഒഴിവാക്കുക. കൂടുതൽ അടുത്തു പോയാൽ ചിലപ്പോൾ പിന്തിരിഞ്ഞു നടക്കാൻ പ്രയാസം
തോന്നാം. എന്നാൽ അങ്ങിനെ ചെയ്യാതെ തരമില്ല ഇത്തരം അവസരത്തിൽ. ആ ഭാരം ഇറക്കി
വെയ്ച്ചേ മതിയാവു.
·
നിങ്ങളുടെ ചുറ്റുമുളള ലോകത്തെ നന്നാക്കുവാനായി അല്ലെങ്കിൽ
ചുറ്റുമുള്ളവർക്ക് സന്തോഷം പകരുവാനായി എന്നും എന്തെങ്കിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന
നല്ല നല്ല കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.
സ്വന്തം നാടുവിട്ട ഒരു പ്രവാസി അന്യദേശങ്ങളിൽ കണ്ട വഴിയോരക്കാഴ്ചകളിലൂടെ
ഒരല്പം സഞ്ചരിക്കാം. അടുത്ത വീട്ടിലെ മുറ്റത്ത് പോലുള്ള എന്തു പൂച്ചെടി കണ്ടാലും
നമ്മുടെ വീട്ടിലും അതുണ്ടായേ പറ്റു! ആ പൂവിനു മണമുണ്ടോ അല്ലെങ്കിൽ ആ ചെടി
നമുക്കിഷ്പ്പെട്ടതാണോ എന്നതിന് അവിടെ പ്രസക്തിയില്ല. അന്യരുടെ താല്പര്യം നമ്മുടെ
ഇഷ്ടമെന്ന രൂപത്തിൽ കൊട്ടിഘോഷിക്കുന്നതിന്റെ ഒരുദാഹരണം, അല്ലേ?
ഒരു കുടുംബസുഹൃത്തിന്റെ വീട്ടിൽ പോയാൽ അവിടെ കാണുന്ന
അലങ്കാരവസ്തുക്കളിലായിരിക്കും ഏറെ സമയവും നമ്മുടെ കണ്ണുകൾ! അതിനൊരുപടി
മുകളിലുള്ളത് നമ്മുടെ വീട്ടിൽ നിറച്ചാലേ പിന്നീടുള്ള രാത്രിയുറക്കം
ശരിയാവുകയുള്ളു. ഇനി കുടുംബസുഹൃത്തുക്കൾ നമ്മുടെ വീട്ടിൽ വരുന്ന സമയം! “ചീന അലമാര”യിൽ നിരനിരയായി വെച്ചിരിക്കുന്ന വില കൂടിയ കപ്പുകളും
പാത്രങ്ങളും അനക്കം തട്ടാതെ അലമാരയിൽ ഇരിക്കും. അതിഥികൾക്ക് വിളമ്പാൻ പ്രത്യേകം
പാത്രങ്ങൾ കരുതിയിട്ടുണ്ട്. അലമാരയിലുള്ളവ ആസ്വദിച്ചു കഴിക്കുവാനുള്ളതല്ല. ആസ്വദിച്ചു
കാണുവാനും പൊങ്ങച്ചം കൊണ്ട് മൂടുവാനും ഉള്ളതാണ് അല്ലേ? സ്വയം
സന്തോഷത്തിനായി മേടിച്ചതാണെങ്കിലും അനുഭവിക്കാൻ യോഗമില്ല നമുക്ക്. അവിടേയും
നമ്മുടെ സന്തോഷങ്ങൾ നാളേയ്ക്ക് മാറ്റി
വെയ്ച്ചിരിക്കുന്നു.
ഇനി മറ്റൊരുദാഹരണം. “ഹോം ഇമ്പ്രൂവ്മെന്റ്” ഒരു വലിയ അഭിമാനമുള്ള വസ്തുതയാണ് പല മറുനാടുകളിലും. പലരും
അത് വിൽക്കുന്ന സമയത്ത് കിട്ടുന്ന ലാഭത്തെ കൂട്ടുവാനായുള്ള ഒരു ഉപായമായി
മാനിക്കുന്നു! പത്ത് വർഷം സ്വന്തം വീട്ടിൽ താമസിക്കുന്ന സമയത്തൊന്നും ഈ പുതുക്കി
പണിരോഗം ആരേയും ബാധിക്കില്ല. വിൽക്കാൻ ആലോചിക്കുമ്പോൾ ഈ രോഗത്തിനടിമപ്പെടും. കഷ്ടം
തന്നെ. സ്വന്തം വീടിന്റെ പുതുമ അനുഭവിക്കാനും, ആസ്വദിക്കാനും ഉടമയായ നമുക്ക് യോഗമില്ല. അതു
മേടിക്കുന്നവർക്കാണ് യോഗം! ആരാണിവിടെ ജയിക്കുന്നത്? വിൽക്കുന്നയാളോ അതോ വീട്
മേടിക്കുന്നയാളോ? നമ്മൾ കണ്ട നമ്മുടെ വീടിന്റെ സ്വപ്നങ്ങൾ,
നാം തേടിയലഞ്ഞു കൊണ്ടുവന്ന പരിഷ്കാരങ്ങൾ. അതൊക്കെ അനുഭവിക്കാൻ
സാദ്ധിക്കാതെ കൈവിട്ടു പോകുമ്പോഴും നമ്മൾ മനസ്സിൽ പറയും നമ്മൾ കണ്ടിരുന്ന ആ
സ്വപ്നങ്ങൾ, കൈവിട്ട് പോയ നമ്മുടെ സ്വപ്നങ്ങൾ ഒരു കാലത്ത്
ഇനിയും നമ്മളെ തേടി വരുമായിരിക്കും!
നമ്മുക്കു വിചിത്രമായ ഒരു വിശ്വാസമുണ്ട്. മൂത്തവർ പലരും പറയുന്നത് ഞാൻ പണ്ട്
കേട്ടിട്ടുണ്ട്. “അധികം നമ്മൾ
സന്തോഷിക്കരുത്. അധികം സന്തോഷിച്ചാൽ കൂടുതൽ ദു:ഖിക്കേണ്ടി വരും”. വിചിത്രമായ വിശ്വാസം! എന്നാൽ മറ്റൊരു തരത്തിലും
ചിന്തിക്കാം. വീട് വാങ്ങുന്നവർക്ക് സന്തോഷമാവും, കാരണം പത്ത് വർഷം പഴക്കമുള്ള വീടാണെങ്കിലും ഒട്ടും
ഉപയോഗിച്ചു പഴകാത്ത ആധുനിക രീതിയിലുള്ള കുളിമുറി, ടോയിലെറ്റ്, കിടപ്പുമുറി,
സ്വിമ്മിങ് പൂൾ ഇങ്ങിനെ പോകും ആ പട്ടിക. മറ്റൊരാളിനു വരുന്ന
സന്തോഷത്തിനുത്തരവാദി നാമെന്നറിയുന്നതിൽ കൂടുതൽ നമുക്ക് സന്തോഷം മറ്റൊന്നില്ലല്ലോ?
അതാണ് മനസിൽ കരുതിയിരുന്നതെങ്കിൽ ഞാൻ കൂപ്പുകൈയ്യോടെ വണങ്ങുന്നു.
ഒന്നു മറക്കാതിരിക്കുക. നമ്മുടെ ഏറ്റവും വലിയ പരിമിതി നമ്മുടെ മനസ്സാണ്.
മനസ്സു നമുക്ക് തരുന്നതാണ് മോഹങ്ങൾ അവയെ നമ്മൾ നമ്മുടെ ഇഷ്ടങ്ങളായി കണ്ട്
അനുഭവിക്കണം. അല്ലെങ്കിൽ അവസാന സമയം നമുക്ക് പറയാം, വളരെയേറെ മേഹങ്ങൾ ജീവിതത്തിൽ കരുതി
കുട്ടിവെയ്ച്ചു. ഭാഗ്യത്തിനു ഒന്നും നടത്തിയില്ല! അല്ലെങ്കിൽ നടത്തേണ്ടി വന്നില്ല.
മറ്റൊരു വിചിത്രമായ സാന്ത്വനം! ആദ്യമായി
നമ്മുടെ മനസ്സിൽ നിന്നും തുടച്ചു മാറ്റേണ്ട ഒന്നുണ്ട്. മറ്റുള്ളവർ എന്തു
കരുതും എന്ന ഉൾഭയം. ചിലപ്പോൾ തോന്നും ചിന്തകൾക്കും മോഹങ്ങൾക്കും ഒരടി കിട്ടാത്ത
കുറവുണ്ടെന്ന്. കാരണം ആളെ നോക്കാതെ എല്ലാ മനസ്സുകളിലും അവർ കയറി പറ്റും. മനസ്സ്
നിറക്കും. നിറഞ്ഞു തുളുമ്പാറായാൽ എവിടെയോ
പോയി ഒളിക്കും! എന്തെങ്കിലും ചെയ്യാൻ സാദ്ധിക്കാത്തതുണ്ടെങ്കിൽ അതു
ചെയ്യുമ്പോഴല്ലേ സന്തോഷിക്കേണ്ടത്? ഉദാഹരണത്തിന്ന്, ദേഷ്യം വരുമ്പോൾ ശംബ്ദമുയർത്താൻ കരുത്ത് വേണ്ട. മറിച്ച് അത്തരം സമയങ്ങളിൽ
നിശബ്ദനാവാനാണ് മനക്കരുത്ത് വേണ്ടത്. അനുഭവഭംഗം വരുമ്പോഴാണ് മനസ്സിനു
ഭാരമേറുന്നത്. അതുകൊണ്ട് മോഹങ്ങൾക്ക് അതിരു നൽകിയേ മതിയാവു. പ്രാപ്യമാവുന്ന മോഹങ്ങൾ
മാത്രമാവുമ്പോൾ വിജയങ്ങളുടെ അളവും കൂടിക്കിട്ടും. അങ്ങിനെ മനസ്സിന്റെ ഭാരം കുറയ്ക്കാം.
ഉപദേശങ്ങൾ ആരിൽ നിന്നുമായിക്കോട്ടെ. അത് സ്വീകരിക്കാം. എന്നാൽ
തീരുമാനങ്ങൾ നമ്മുടെ മാത്രമായി തീരട്ടെ. അവിടെ അന്യർക്ക് അതിർത്തി
കൽപ്പിക്കണം. ജീവിതത്തിൽ നഷ്ടങ്ങളില്ല
എന്നു ഞാൻ പറയില്ല. പക്ഷെ നമ്മെ തേടി വരുന്ന സൌഭാഗ്യങ്ങളും അവസരങ്ങളും തിരിച്ചറിയുക.
ആസ്വദിക്കാൻ സമയം കണ്ടെത്തുക.
ഒന്നുമാത്രം ഓർക്കുക. മരണത്തിനു ശേഷം
ഒരു പൂച്ചെണ്ട് മുഴുവനോടെ കിട്ടിയെന്നിരിക്കും. എന്നാല്‍ അങ്ങിനെ കിട്ടിയിട്ട്
എന്തു ഫലം? മറിച്ച് ജീവിച്ചിരിക്കുമ്പോൾ ആ പൂച്ചെണ്ടിലെ ഒരു പൂവ് സ്വന്തമായി ആസ്വദിക്കാന്‍
കിട്ടിയിരുന്നെങ്കിൽ എന്നാലോചിച്ചിട്ടുണ്ടോ? അത് ആത്മാവിന്റെ
തേങ്ങലായി മാറാതിരിക്കട്ടെ. അതെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ഏറെ വിലയുണ്ട്.
അതു നാളേയ്ക്കായി ഒരിക്കലും മാറ്റിവെയ്ക്കാതിരിക്കാൻ കഴിഞ്ഞാൽ നമുക്ക്
അഭിമാനത്തോടെ പറയാം. “ഞാന്‍ ജീവിക്കുന്നു ഇന്നലെ
വരെ സന്തോഷത്തോടെ കൂടി തന്നെ ജീവിച്ചു” എന്ന്. മനസ്സിനു
സന്തോഷമുള്ളവർ കൂടുതൽ വിജയങ്ങൾ കൊയ്യുന്നതായി കാണുന്നു. മനസ്സിന്റെ സന്തോഷം
ആയുസിന്റെ ദൈർഘ്യത്തിന്റെ അളവുകോൽ കൂടിയാണ് എന്നതും മറക്ക വയ്യ. ഒരു
തയ്യാറെടുപ്പിനുള്ള സമയമായി എന്നു തോന്നുന്നു.
എന്താ തയ്യാറാണോ? അപ്പോൾ നമുക്ക് ഒരുമിച്ച് ജീവിക്കാൻ തുടങ്ങാം അല്ലേ?
-കപിലൻ-