Wednesday, July 3, 2019

ദാസേട്ടനുമൊത്ത് ചിലവഴിച്ച സൂര്യോദയ വേളയിലെ അനുസ്മരണകൾ-ഭാഗം 4



പ്രഭാത കിരണങ്ങൾ നിശബ്ദതക്കു വിരാമമിട്ടുകൊണ്ട്  പ്രകൃതിയെ ഉണർത്തുമ്പോൾ കാകന്റെ  കരച്ചിലോ പറവകളുടെ ചിറകടികളോ കേട്ടുണരാറുള്ള പഴയ നാളുകൾ മറൂനാട്ടിൽ ഒരു ഓർമ്മയായി  മാത്രം  മനോമുകുരത്തിൽ  തങ്ങി നിൽക്കുന്നു. എന്നാൽ അന്നത്തെ  ആ‍ ദിവസം  പ്രത്യേകത നിറഞ്ഞതാണെന്നു തോന്നി. കൺപോളകൾ പാതി തുറക്കവെ  കാതിലോതിയ മാതിരി മാധുര്യവും  ഗാംഭീര്യവുമാർന്ന ഗാന വീചികൾ  ഇന്ദ്രീയങ്ങൾക്ക് തലോടലേകിയ ഒരവസ്ഥയായിരുനു എന്നെ ആലിംഗനം ചെയ്തത്. ശരീരമാകസകലം  ഉന്മേഷം സടകുടഞ്ഞെഴുന്നേൽക്കും പോലെ  ഒരനുഭവം. സ്വരസുധയുണർന്ന ദിക്കിനു നേരേ അറിയാതെ  ദൃഷ്ടികൾ ചെന്നെത്തി.

വിശ്വസിക്കാൻ പ്രയാസാ‍മുണ്ടായിരിന്നതെന്നത് സത്യം. കാരണം  തലേന്നാൾ അർദ്ധരാത്രിക്കു  ശേഷവും സല്ലപിച്ചിരുന്ന ദാസേട്ടൻ  പാതിയടഞ്ഞ മിഴികളോടെ ശയന മുറിയിലേക്കു  പോയപ്പോൾ  ഘടികാരം  ആദ്യയാമങ്ങളിൽ രണ്ടാവർത്തി വിളംബരം  ചെയ്തിരുന്നു. എന്നിട്ടും പ്രഭാത മുറയിൽ വിഘ്നം  വരുത്താൻ  കഴിയാത്ത ദാസേട്ടൻ. അതെ. ദസേട്ടന്റെ സാധകമായിരുന്നു എന്നെ ഉണർത്തിയത്.  അത്രയേറെ ആത്മീയമായി ദാസേട്ടൻ  സംഗീതത്തെ ആരാധിക്കുന്നു.  എന്റെ ജീ‍വിതം സംഗീതമാണെന്നു പറയാറുള്ള ദാസേട്ടന്റെ വാക്കുകൾ എത്ര ശരിയാണെന്നു എനിക്കു  ബോദ്ധ്യപ്പെട്ടു. പ്രഭാത കർമ്മങ്ങൾക്കു ശേഷം  ലഘു ഭക്ഷണത്തിന്നിരുക്കവേ,  സല്ലപിക്കാൻ  ഒരിടവേള  കൈവന്നത് ഒരനുഗ്രഹമായി ഞാൻ  കരുതി. ഞാൻ ചോദിച്ചു. 

ദാ‍സേട്ടാ, അന്നെന്നപോലെ ഇന്നും തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സാധകത്തിനു സമയം കണ്ടെത്താൻ  ബുദ്ധിമുട്ടുണ്ടാകാറുണ്ടൊ?

സൂര്യകിരണങ്ങളുടെ ശോഭയെ വെല്ലുന്ന മന്ദസ്മിതത്തോടെ എന്നോടിങ്ങനെ പറഞ്ഞു. സൌപർണികയുടെ  സമീപമുള്ള മരക്കൊമ്പിൽ ഏതൊരു കിളിയും അതിരാവിലെ രാഗമിട്ടാൽ  ഞാനതിനെ തിരിച്ചറിയും.  എനിക്കു പക്ഷി ശാസ്ത്രത്തിൽ  വിജ്ഞാനമുണ്ടായിട്ടല്ല. അവർ അന്നും ഇന്നും എന്റെ തോഴരാണ്. അവരുണരുമ്പോൾ ഞാനും ഉണരും. അവർ രാഗം മീട്ടാൻ മടിക്കാറില്ല. കാരണം ഒരു ദിവസവും മുടങ്ങാതെ ഞാനിവിടെ  ഉണ്ടെങ്കിൽ  അവർക്കും ഞാൻ രാഗത്തിൽ മറുപടിയേകുമെന്നു. സാധകം കഴിഞ്ഞ ശേഷം  ഇന്നുവരെ മുടങ്ങാത്ത എന്റെ പ്രാർഥന കഴിയാതെ  ജലപാനത്തിനു എനിക്കു താൽപ്പര്യം തോന്നാറില്ല.  അതാണെന്റെ നിഷ് ഠ. അതു തെറ്റാതെ നടത്താൻ ഇന്നുവരെ ഈശ്വരൻ ശക്തി തന്നിട്ടുണ്ട്. അതു തന്നെ എറ്റവും  വലിയ ഭാഗ്യമെന്നു  ഞാൻ കരുതുന്നു. അതുകൊണ്ടു തന്നെ എന്റെ ദൌത്യം  വിഘ്നങ്ങളൊന്നുമില്ലാതെ  പൂർണ്ണമായി നിറവേറുവാൻ  എനിക്കു വാഗീശ്വരി നൽകുന്ന അർപ്പണം കൂടിയാണെന്നു ഞാൻ വിശ്വസിക്കുന്നു.
സംഗീതം വിദ്യാദേവിയിൽ നിന്നുമുള്ള അനുഗ്രഹമാണ്. വാഗീശ്വരിയുടെ അർപ്പണമാണ്. ഇന്നൊരാൾക്ക് കളിക്കാരനാകണമെന്നു വിചാരിച്ചാൽ നാളെ ഒരു പ്രഗൽഭനാകാൻ കഴിയില്ല. അതുപോലെ തന്നെ സാഹിത്യ രചനയും. ഇതു രണ്ടിനും  വിപരീതമല്ല സംഗീതവും. സംഗീതം കുട്ടിക്കളിയല്ലെന്നും സമൂഹത്തെ കാണിക്കാനായി മാത്രം  സംഗീതം പഠിച്ചു  കളയാമെന്നു കരുതുന്ന മഠയത്തരത്തെ ഒരു സംഭവം  വിശദീകരിച്ചു  കൊണ്ട് എന്നെ പറഞ്ഞു ധരിപ്പിച്ചു. ഒരിക്കൽ ദാസേട്ടൻ  ഗൾഫിൽ കച്ചേരി കഴിഞ്ഞു മടങ്ങുന്ന സമയം ഉണ്ടായ സംഭവം  വിവരിച്ചു.

ഒരു ആരാധകൻ  ദാസേട്ടന്റെ അടുത്തു ചെന്ന്  ആട്ടോഗ്രാഫിനു വേണ്ടി  അഭിമാനത്തിലേറെ അഹന്തയോടെ പറയുകയുണ്ടായിയത്രെ.

മിസ്റ്റർ ദാസ്, ഞാനും  ആറു വർഷം  സംഗീതം പഠിച്ചിട്ടുണ്ട്”.

ഋഷിവര്യന്റെ  ശാന്തതയോടെ  ദാസേട്ടൻ  ചോദിച്ചു,ഉവ്വോ?  വളരെ നന്നായി. ദിവസത്തിൽ എത്ര നേരം  സംഗീതം പഠിക്കാൻ ചിലവഴിച്ചിരുന്നു?

തലയുയർത്തി ആ മനുഷ്യൻ പറഞ്ഞു. ദിവസവും മുടങ്ങാതെ ഒരു മണിക്കൂർ ചിലവഴിച്ചിരുന്നു”.
ദാസേട്ടൻ  സൌമ്യ ഭാവത്തിൽ  തന്നെ തുടർന്നു . അപ്പോൾ വർഷം  365 മണിക്കൂർ സംഗീതം പഠിച്ചിരുന്നു. അല്ലെങ്കിൽ വർഷത്തിൽ 2190 മണിക്കൂർ. നമുക്ക് തെറ്റു പറ്റിയോ ആവോ? 2190 മണിക്കൂർ എന്നതിനർത്ഥം  91 ദിവസം എന്നല്ലേ നമ്മൾ പഠിച്ചിരിക്കുന്നത്? അപ്പോൾ 6 വർഷം  സംഗീതം  പഠിച്ചു എന്നു പറയുന്നതിൽ അർത്ഥമുണ്ടോ”?

അതുകൊണ്ടാണത്രെ ദാസേട്ടൻ പറയാറുള്ളത് ജന്മാന്തരങ്ങൾ  സംഗീതം പഠിച്ചാലും ഒരു പൂർണ്ണ മനുഷ്യ ജന്മത്തിന്റെ സംഗീതമാവില്ല. സംഗീതം തപസ്യയാണ്. അതിനു അന്ത്യമില്ല. അനന്തതയിൽ നിന്നും ആ മന്ത്രോച്ചാരണങ്ങൾ അവിരാമമായി ഗമിച്ചു കൊണ്ടേയിരിക്കും. എത്ര സാന്ദ്രമേറിയ വാക്കുകൾ.
പദവിയും പ്രശക്തിയുമുള്ളതിനാൽ തന്റെ മക്കളേയും  ഗാന സാമ്രാജ്യത്തിൽ മുക്കിയെടുക്കാമെന്നൊന്നും ദാസേട്ടൻ  വ്യാമോഹിച്ചിരുന്നില്ല. സ്വതസിദ്ധതയാണ് ഒരുവനിൽ  അടങ്ങിയിരിക്കുന്ന പ്രാഗൽഭ്യം വിളിച്ചറിയിക്കുന്നതെന്ന് പലപ്പോഴും ദാസേട്ടൻ പറയുമായിരുന്നു. ധനത്തിന്റെ മഞ്ഞളിപ്പിൽ വിലപേശവുന്ന ഒന്നല്ല  സംഗീതം. അഭിരുചിക്കു വിരുദ്ധമായി മക്കളെ സംഗീതം പഠിപ്പിക്കുന്ന  മാതാപിതാക്കളേയും , നിക്ഷിപ്ത സമയം കൊണ്ട് ഗാന ഭൂഷണം  അണിയിച്ചു തരാമെന്നു വ്യാമോഹിപ്പിക്കുന്ന സംഗീതാദ്ധ്യാപകരേയും ദാസേട്ടൻ  അദ്ദേഹം  അപലപിച്ചു. മിഥ്യയിൽ സംഗീതമില്ല. അതൊന്നുകൊണ്ടു തന്നെ സ്വരം നന്നായതു കൊണ്ട് എവരും പടവുകൾക്കധിപരാവുന്നുമില്ല.

എല്ലാം ഈശ്വര നിശ്ചയം. അതാതു രംഗങ്ങൾ ആഗതമാവുമ്പോൾ നാം ചിലപ്പോൾ ദു:ഖിക്കുന്നു. ചിലപ്പോൾ  സന്തോഷിക്കുന്നു. ചിലപ്പോൾ  കോപിതരാവുന്നു. ഇതാണു ജീവിതം. തന്റെ ജീവിതവും  അത്രത്തോളം തന്നെ ക്ഷണീകമാണെന്നും ദാസേട്ടൻ ഓർമ്മപ്പെടുത്തി.ഈശ്വര നിയോഗത്തിൽ അമിതാ‍മായി തനിക്കൊന്നും ചെയ്യാൻ കഴിവില്ലെന്നും മറ്റുള്ളവരെ പോലെ താനും ഒരു സാധാരണ മനുഷ്യനാണന്നു ദാസേട്ടൻ പറഞ്ഞപ്പോൾ ആ ഇതിഹാസ പുരുഷനിലെ എളിമത്വത്തെ  ഞാൻ ആരാധനാ ഭാവത്തോടെ  നിരീക്ഷിക്കുകമാത്രമായിരുന്നു.


ഹരി കോച്ചാട്ട്

(This article is respectfully dedicated to the 59th  birthday (10th January 1999) of  (Padmavibhushan)
Dr K.J. YESUDAS)

No comments:

Post a Comment