Saturday, July 13, 2019

ജീവസ്പന്ദനങ്ങളായ തുളസീതീര്‍ത്ഥവും തിരയടികളും


ഒരു നൂറുങ്ങു സംഭവകഥയിലൂടെ ഈ ലേഖനത്തിന് തറക്കല്ലിട്ട് ആരംഭിക്കാം! എത്രമറക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത ബാല്യത്തിലേറ്റ ഒരു പ്രഹരം!

ബാല്യകാലത്ത് സ്കൂളില്‍ ഓരോ ക്ലാസുകളും ഓരോ വര്‍ഷങ്ങളും അദ്ധ്യാപകരുടെ നല്ല ഏടുകളില്‍ ചെന്നു പെടാനും ആരുടേയും കൈയ്യില്‍ നിന്നും വടി വഴിപാട്മേടിക്കാതെ രക്ഷപെട്ടുനടക്കാൻ പ്രയാസപ്പെട്ടിരുന്നത് ഓർമ്മിക്കുമ്പോള്‍ അതിശയം മാത്രമല്ല  തികച്ചും ഒരൽഭുതമായി തന്നെ ഇന്നും മുൻപിൽ നില കൊള്ളുന്നു. എന്നാലും ഒരു വട്ടം നെട്ടോട്ടത്തല്ലില്‍ കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും തുടയില്‍ തരിച്ചു കിടപ്പുണ്ട്. അടിയേറ്റ ആ ഞരമ്പിന്റെ അനക്കം അന്നു നിന്നതാണ്. അടിവീരന്‍ കൊമ്പൻ മീശക്കാരൻ ജോണിസാറു വന്നു ചാര്‍ജ്ജെടുത്തിട്ട് രണ്ടോ മൂന്നോ ദിവസം ആയിട്ടുണ്ടാവും. ഭാഗ്യദോഷമെന്നല്ലാതെ എന്തു പറയാനാണ് ആ വ്യാഴാഴ്ചയിൽ നടന്ന സംഭവത്തിന്? ക്ലാസ് ടീച്ചറായിരുന്ന ചെല്ലമ്മ ടീച്ചര്‍ അന്നവധിയെടുത്തു. ഞാനായിരുന്നു അന്നത്തെ ക്ലാസ് ലീഡര്‍. രാവിലത്തെ സ്കൂൾ പ്രാര്‍ത്ഥന കഴിഞ്ഞ് എല്ലാവരും ക്ലാസില്‍ എത്തിയ സമയം. ആ സമയം ക്ലാസ് ലീഡറിനു ചില പ്രാഥമിക ജോലികൾ ഉണ്ട്. അതനുസരിച്ച്, ഞാൻ ബ്ലാക് ബോര്‍ഡ് തുടച്ചു വൃത്തിയാക്കി, ആവശ്യത്തിനുളള ചോക്ക് എടുത്ത് മേശവലിപ്പിൽ വെച്ച് ലീഡറിന്റെ ചുമതലകള്‍ തീര്‍ത്ത് ബെഞ്ചില്‍ വന്നിരുന്നു. 

അപ്പോഴേക്കും ക്ലാസിലെ കൂട്ടുകാര്‍ ഭയങ്കര സംസാരമായി. ഞാന്‍ ശ്സ്....... .....ശ്സ്....... എന്നുച്ചത്തില്‍ നാവുകൊണ്ട് താക്കീത് നൽകി എല്ലാവരേയും ഒരല്പം നിമിഷത്തേക്കെങ്കിലും നിശബ്ദരാക്കി. മൂക്കത്തു കൈവെയ്ച്ചു മുണ്ടാതിരിക്കാനും ആഹ്വാനം നല്‍കി. അപ്പോഴാണോര്‍ത്തത്, ഇന്നലെ കേശവനാശാരിയുടെ മകന്റെ കൈയ്യില്‍ നിന്നും ചാണകത്തില്‍ പൊതിഞ്ഞു പഴുപ്പിച്ചു, വെയിലത്ത് വെയ്ച്ചു പാകപ്പെടുത്തിയെടുത്ത ചൂരല്‍ വടി അഞ്ചു ഗോലിയുണ്ട കൊടുത്ത് മേടിച്ച കാര്യം! അതു ചുരുട്ടി ബാഗില്‍ കൊണ്ടു വന്നിരുന്നു ചെല്ലമ്മ ടീച്ചറിനു സമ്മാനമായി കൊടുക്കാൻ. അതെടുത്ത് മേശമേല്‍ വെച്ചതും, സഹപാഠികള്‍ ഒരുമിച്ചു “അയ്യോ പുതിയ വടി” എന്നോളിയിട്ടു വിളിച്ചു!  ആ ആരവം കേട്ടിട്ടാവാം തൊട്ടടുത്തക്ലാസില്‍ നിന്നും ജോണിസാര്‍ ക്ലാസിലേക്ക് ഇരമ്പി കയറി വന്നു. വടി കണ്ടതും അടിവീരൻ ജോണി സാറിന്റെ കണ്ണൂകളിലെ ബൾബുകൾ  “ഹൈ ബീം” പോലെ തെളിഞ്ഞു!

 ഇവിടെ എന്തോന്നാ പിള്ളാരെ പെരുച്ചന്തയോ? എണീക്കിനെടാ എല്ലാവരും ജോണിസാര്‍ ഗര്‍ജ്ജിച്ച് മേശയിലിരുന്ന വടി കൈകൊണ്ട് വലിച്ചെടുത്തു മേശപ്പുറത്തിന് തന്നെ രണ്ട് ആഞ്ഞടി വെച്ചു കൊടുത്തു. അടിയുടെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി വിറച്ചു. ക്ലാസെങ്ങും സ്മശാനത്തിലെ നിശബ്ദത പരന്നു. അടുത്തു നിന്നിരുന്ന എന്റെ കാതടഞ്ഞു പോയി. 

വീണ്ടും അലറി, നീട്ട് എല്ലാവന്റേം കൈ”. ജോണിസാറിന്റെ മോളുല്‍പ്പടെ എല്ലാവരും ദക്ഷിണക്കെന്നവണ്ണം കൈ നീട്ടി നില്‍പ്പായി.

ഒന്നാം വരിയില്‍ നിന്നും തുടങ്ങിയ പെരുക്കല്‍ മഹോല്‍ത്സവം കൊടിയിറങ്ങിയത് അവസാനത്തെ ബെഞ്ചിൽ തീരുമെന്ന് മണ്ടനായ ഞാൻ കരുതി! കാരണം, അടി തുടങ്ങിയപ്പോൾ ഞാൻ ജോണി സാറിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നല്ലോ? അടി കിട്ടാതെ, മുന്‍ നിരയില്‍ നിന്നും രക്ഷപ്പെട്ടു എന്നു കരുതി. എന്നാൽ എന്റെ ഭാഗ്യദോഷം! ചുറ്റി നടന്ന് തന്റെ മോളെ ഒഴിച്ചു എല്ലാവരേയും പെരുക്കിയിട്ടും മാഷിന്റെ ദേഷ്യം തീര്‍ന്നില്ല എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. 

മാഷ് തിരിച്ചു മേശയുടെ അടുത്തു വന്നപ്പോഴും ഞാന്‍ അവിടെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു. ഇത്രപേരെ ഒരുമിച്ചു തെരുതെരെ തല്ലുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
ആഹാ... നിനക്കു ഞാന്‍ തന്നില്ല അല്ലേ എന്നു അട്ടഹസിച്ച് ജോണിസാറ് എന്റെ നേർക്കു പാഞ്ഞു വന്നു. സിംഹത്തിന്റെ മുന്‍പില്‍ പെട്ട കുഞ്ഞെലിയായി മാറി ഞാന്‍! ഒരു തെറ്റും  ചെയ്യാത്ത ഈ ബാലനെ തിരിച്ചു നിര്‍ത്തി, മാഷില്‍ അവസാനിച്ചിരുന്ന എല്ലാ ഊര്‍ജ്ജവും സംഗ്രഹിച്ച് F = m x g എന്ന രൂപേണ എന്നില്‍ വര്‍ഷിച്ചു. വേദന സങ്കടമായി കണ്ണില്‍ നിറഞ്ഞു. കൈകള്‍ കൂപ്പിയത് ജോണിസാറിന്റെ മുഖത്തേക്കാണെങ്കിലും പ്രാര്‍ത്ഥിച്ചത് ഈശ്വരനോടായിരുന്നു. “ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജോണിസാറിന്റെ മോളാക്കി ജനിപ്പിക്കണേ എന്ന്”. 

ഗുരുനാഥന്‍ നല്‍കിയ ശിക്ഷ മൌനത്തോടെ ശിഷ്യന്‍ ഏറ്റുവാങ്ങിയെങ്കിലും, കണ്ണിലെ കണ്ണീരിനു തടം കെട്ടി നിൽക്കാനായില്ല. ഒരു നദി കണക്കെ ഒഴുകി. ചൂരല്‍ വടി കൊണ്ടുവന്നതിനു മറ്റുള്ളവരിൽ നിന്നും എനിക്കു കിട്ടിയ ശാപമായി ഞാനിന്നും ആ അടിസേവയെന്നു കരുതി സമാധാനിക്കുവാന്‍ അന്നു ഞാന്‍ ശ്രമിച്ചു. ജോണിസാര്‍ സ്ഥലം കാലിയാക്കിയപ്പോള്‍ ഞാന്‍ എന്റെ ബെഞ്ചിലേക്കു നടന്നു. അറിയാതെ ഇരുന്നു പോയി നില്‍ക്കാന്‍ ശേഷിയില്ലാതെ. അപ്പോള്‍ “സഹബഞ്ചന്‍” പ്രകാശന്‍ ചെവിയില്‍ പറഞ്ഞു, “നിന്നെ അടിച്ചത് ജോണിസാറിന്റെ മോളെ (സാറാമ്മയെ) വിഷയങ്ങളില്‍ തോല്‍പ്പിച്ചു ലീഡറായതിന്റെ കണക്കു തീര്‍ത്തതാ”. അതു  കൂടി കേട്ടപ്പോള്‍ വേദന ഇരട്ടിച്ചു.   അന്നു കിട്ടിയ ആ താടനത്തിനെ ചെറുക്കാന്‍ കെല്‍പ്പില്ലാതെ ചത്തു പോയ  തുടയിലെ ഞരമ്പ് ഇന്നും ഒരു പ്രേതഞരമ്പായി ജീവിക്കുന്ന ഈ പ്രാണന്റെ സഹജനായിട്ടുണ്ട് എന്റെ തുടയില്‍ മരിച്ചു ജീവിച്ചുകൊണ്ട്!

യഥാർത്ഥ കാരണത്തിന്  പിന്നിലുളള ഉത്തരവാദികള്‍ ആരെന്നറിയാതെ സാറു കാണിച്ച ആ എടുത്തുചാട്ടം ശരീരത്തിനേക്കാള്‍ ശാരീരത്തെ ഏറെ വേദനിപ്പിച്ചു. അതിനും പുറമെ തന്റെ മകളോട് പക്ഷപാതം കാട്ടി, പഠിത്തത്തില്‍ മുന്നിലായ എന്നെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ശിക്ഷിച്ചതിന്റെ “അക്ഷരത്തെറ്റും” എന്നെ കൂടുതല്‍ അലട്ടി.  വൈകീട്ട് വീട്ടില്‍ ചെന്ന് മുത്തച്ഛനോട് ഉണ്ടായ സംഭവം പറഞ്ഞു. എല്ലാം കേട്ടിരുന്ന എന്റെ എല്ലാമെല്ലാമായിരുന്ന മുത്തച്ഛന്‍ എന്നെ മടിയിലിരുത്തി തലോടിക്കൊണ്ട് ചോദിച്ചു.

“കുട്ടനു ഇപ്പഴും വേദനിക്കിണ്ടോ? കുട്ടനു സാറിനോട് ദേഷ്യംണ്ടോ?”
“ഉം” ഞാന്‍ മൂളി. അപ്പോഴും കണ്ണ് നിറഞ്ഞു.
“ജോണി സാറിനോട് എങ്ങിന്യാ പകരം വീട്ടാന്‍ പോണേ” മുത്തച്ഛന്‍!
“അറീല്ല്യാ. അതെന്റെ മാഷല്ലേ. ഞാനെന്തിനാ പകരം വീട്ടണേ. മാഷിനെ എനിക്ക് പേടിയാ” ഞാന്‍!

മുത്തച്ഛന്‍ എന്റെ മുഖം ഉയര്‍ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, “കുട്ടന്‍ ഇനി ഒരിക്കലും പേടിക്കണ്ട. ഞാന്‍ ഒരു സൂത്രം പറഞ്ഞു തരാം. ആ സാറാമ്മക്കുട്ടിയെ കുട്ടനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ ഇനി ഒരിക്കലും സമ്മതിക്കരുത്. പഠിച്ചോളു. പഠിച്ചു തോല്‍പ്പിച്ചോളു. അപ്പൊ ജോണി സാറ് ചെയ്ത കുറ്റം മനസ്സിലാക്കും. കുട്ടന്‍ തോറ്റ് പിന്മാറൂല്ല്യ. പോയിരുന്നു പഠിക്കാന്‍ തുടങ്ങാ ഇപ്പൊ തന്നെ”.

അന്നതിന്റെ അര്‍ത്ഥം അറിഞ്ഞില്ലെങ്കിലും, ആ ഉപദേശം കേട്ടു. പഠിച്ചു ആവുന്നത്ര. ആ സ്കൂള്‍ വിടും വരെ ക്ലാസ് ലീഡറായി തുടരുകയും ചെയ്തു. ജോണിസാറിന്റെ മുന്‍പില്‍ തലയുയര്‍ത്തി തന്നെ നടന്നു.

അതിനു മുന്‍പോ പിന്നീടോ ഒരു പ്രഹരത്തിനു അടിമപ്പെടേണ്ടി വരാഞ്ഞതിനാലാണോ അതോ ഗുരുനാഥനില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പക്വത നിറഞ്ഞ സമീപനം കാംക്ഷിച്ചിരുന്നതിനാലാണോ എന്തൊ ഇന്നും ഓര്‍മ്മയില്‍ ആ സംഭവം മായാതെ കോമരം കുത്തി നിലകൊളളുന്നു. വര്‍ഷാന്തരങ്ങളുടെ യാത്രയ്ക്ക് ശേഷം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു മുത്തച്ഛന്‍ അന്നു ഓതിയ ഉപദേശത്തിന്റെ മൂല്യം. ഇപ്പറഞ്ഞതിന്റെ തത്ത്വസാന്ദ്രത ഈ ലേഖനം വായിക്കുമ്പോള്‍ മനസ്സിലാവും.

മുകളില്‍ വിവരിച്ച സംഭവത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ചെറുപ്പത്തില്‍ കുട്ടികള്‍ മിക്കപ്പോഴും വിദ്യാലയത്തില്‍ പോകാന്‍ കാണിക്കുന്ന വൈഷമ്യത്തിന്റെ പ്രധാനകാരണം, അവര്‍ക്ക് പഠിക്കാനുളള പാഠ്യേതരവിഷയങ്ങളുടെ ഭാരംകൊണ്ട് മാത്രമല്ല, അതിലുമുപരി പേടിസ്വപ്നങ്ങളായി മാറുന്ന അദ്ധ്യാപകര്‍ പിഞ്ചുകുട്ടികളുടെ മാനസികനില തെറ്റിക്കുന്നു എന്നത് വിവിധ മനോരോഗപഠനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെ മാനിച്ച് പൌരസ്ത്യരാജ്യങ്ങളെ അപേക്ഷിച്ചു പാശ്ചാത്യരാജ്യങ്ങളില്‍ വിദ്യാഭ്യാസ രീതികളില്‍ കര്‍ശനമായ പല മാറ്റങ്ങളും വരുത്തിയിട്ടുമുണ്ട്. പക്ഷെ, പാശ്ചാത്യ രൂപാന്തരങ്ങള്‍ അതിരുകടന്നുവോ എന്നൊരു സംശയം ഇല്ലാതെയില്ല. കാരണം, ഇന്നു വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ ഭയക്കുന്ന അവസ്ഥയിലേക്ക് താഴുന്നോ പാശ്ചാത്യവിദ്യാലയങ്ങള്‍ എന്നൊരു തോന്നൽ.
ഇനി ലേഖനത്തിന്റെ തലക്കെട്ടിലേക്ക് ഒരെത്തിനോട്ടം. 


മേലധികാരിയായാലും, തൊഴിലാളിയായാലും ഒരേയളവിൽ വളരെയേറെ പ്രസക്തിയുള്ള വിഷയമാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ഒരു ഓഫീസാണെങ്കിലും, കമ്പനിയാണെങ്കിലും തൊഴിലാളികളാണ് ഒരു സ്ഥാപനത്തിന്റെ ഇന്ധനം. ഇന്ധനമെന്നു പറഞ്ഞാൽ ശക്തി അല്ലെങ്കിൽ ഊർജ്ജം. മേലധികാരിയുടെ തേജസ്സും, സ്വഭാവശുദ്ധിയും ഇപ്പറഞ്ഞ ഇന്ധനത്തിന്റെ നിലനിൽപ്പിനേയും, പ്രവർത്തനശൈലിയേയും വളരെയേറെ വശീകരിക്കപ്പെട്ടിരിക്കുന്നു. ഈ അടുത്ത കാലത്ത് നടത്തിയ ഒരു വിലയിരുത്തലിൽ 70% ഉദ്യോഗസ്ഥർ പറഞ്ഞത് അവർക്ക് ശംബളത്തേക്കാൾ പ്രാധാന്യം അവരുടെ മേലധികാരി നന്നായിരിക്കണം എന്നതാണത്രെ. മേലധികാരികളും ഉദ്യോഗസ്ഥരും പാലങ്ങളുടെ ഇരുവശത്തുമുള്ള തൂണുകളാണ്. ഏതെങ്കിലും ഒരു വശത്ത് തകരാറ് പറ്റിയാൽ പാലം ഉപയോഗശൂന്യമാകും. താഴെ വിവരിക്കുന്ന സംഗതികളേല്ലാം വളരെ ലോലവും മൃദുലവുമായ അല്ലെങ്കിൽ നിർബലമായ സ്വഭാവജന്യമായ ഘടകങ്ങളാണ്. വളരെ സൂക്ഷിച്ചു പ്രയോഗിക്കേണ്ട അസ്ത്രങ്ങൾ!

എന്റെ കുട്ടിക്കാലത്ത് സത്യത്തില്‍ എന്റെ മനസ്സില്‍ ഞാന്‍ കരുതിയിരുന്നത് ഈ വിദ്യാഭ്യാസകാലം ഒന്നു കഴിഞ്ഞ് കിട്ടിയിരുന്നെങ്കില്‍ ഈ യജമാനത്വവും, പ്രഹരവും, കോപം വന്നാല്‍ ഒട്ടും പിടികിട്ടാത്ത ഗുരുക്കന്മാരേയും ഭയക്കണ്ട, അവരില്‍ നിന്നെല്ലാം എന്നെന്നേക്കുമായി രക്ഷപ്പെടാന്‍ കഴിയുമെന്നുമായിരുന്നു. അതിനായി എന്നും പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. പക്ഷെ ജീവിതത്തില്‍ യജമാനത്വം നാലുദിശകളില്‍ നിന്നും കൂടിവന്നതെയുഉളു പലവിധത്തില്‍. സത്യത്തില്‍ ഉപജീവനമാര്‍ഗ്ഗദശ അനുഭവിച്ചിട്ടുളള സകലരുടേയും ഉന്നതിക്കോ അധപതനത്തിനോ പിന്നില്‍ തന്റെ യജമാനന്റെ വ്യക്തിത്വത്തിന്റേയും, സ്വഭാവഗുണഗണങ്ങളുടേയും സൂര്യരശ്മികളോ നിഴലുകളോ ഉണ്ടായിരിക്കും എന്നതിനു യാതൊരു സംശയവും ഇല്ല. 

കഴിഞ്ഞ 35 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനു ശേഷം ഞാന്‍ ഒരു തിരിഞ്ഞുനോട്ടം നടത്തി. അതൊരു തിരനോട്ടമായി എന്നു തോന്നി ഒരു നിമിഷം. കാരണം, തിരകളായി, ആഴിത്തിരമാലകളായി വന്നവഴിയിലെ വഴിയോരക്കാഴ്ചകളും അനുഭവങ്ങളും എന്നെ പിന്തുടരുന്നുവെന്നു തോന്നി. എത്രയെത്ര വിവിധ സ്ഥാനമാനങ്ങള്‍, സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വിവിധ സ്വഭാവമുളള മേലധികാരികള്‍ ഇതിനെല്ലാമുപരി എത്രയധികം പലതരം അനുഭവങ്ങളും പരിചയസമ്പത്തുകളും! സഞ്ചിയില്‍ വാരികൂട്ടിയ ഈവിധം ജീവിതസത്യങ്ങളില്‍ ഏറ്റവും അധികം എടുത്ത് പറയാന്‍ തോന്നുന്നത് മേലധികാരികളായി മുകളില്‍ വാണവരുടേയും, കീഴ് സ്ഥാനങ്ങളില്‍ നിയമിച്ച മാനേജര്‍മാര്‍ നയിച്ചിരുന്ന വകുപ്പില്‍ പ്രകാശിപ്പിച്ച അവരുടെ യജമാനത്വ സ്വഭാവഗുണങ്ങളുമാണ്. പലപ്പോഴും പലരും ഇതിനൊക്കെ ഇരയാവുന്നു. തോറ്റു പിന്മാറുന്നു.  പലര്‍ക്കും ഇത്തരം ശീതോഷ്ണാവസ്ഥ കൈകാര്യം ചെയ്യാനോ സഹിക്കാനോ പറ്റില്ല അല്ലെങ്കില്‍ അറിയില്ല എന്നതാണ് ഇതിനു പിന്നിലുളള സത്യം. അതുക്കൊണ്ട് ഞാന്‍ അനുഭവങ്ങളില്‍ നിന്നും വഴിയോക്കാഴ്ചയില്‍ നിന്നും സാധുവാക്കിയ ചില ഒറ്റമൂലികള്‍ ഈ ലേഖനത്തിലൂടെ “ശക്തി രസായന”മായി നല്‍കാന്‍ ഒരു ശ്രമം നടത്താം.

മേലധികാരികളുടെ സ്വഭാവവും, അവര്‍ തെളിക്കുന്ന രീതിയും ഏറെ പ്രാധാന്യമേറിയതാണ്. പലരുടേയും ജീവിതങ്ങളെ ബാധിക്കുന്ന രസായനമാണിത്. മേലധികാരികള്‍ മിക്കപ്പോഴും ഒരു വ്യക്തിയല്ല. ഒരു സ്ഥാപനം അല്ലെങ്കില്‍ ഒരു സംഘടന തന്നെയാണ്. തൊഴിലാളിയുടെ സംഘടിതസ്വരമേ സാധാരണ  ശ്രദ്ധിക്കപ്പെടുകയുളുളു. എന്നാല്‍ മേലധികാരിയുടെ ഒരു വാക്കുപോലും ശ്രദ്ധിക്കപ്പെടും. അതൊന്നു കൊണ്ട് തന്നെ അവരുടെ പെരുമാറ്റവും സ്വഭാവവും ഏറെ പ്രാധാന്യമുളളതാണ്. പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുളള അസന്തുലിതാവസ്ഥ, അപമാനം, അപരാധം, പരാജയങ്ങള്‍, ക്ലേശങ്ങള്‍, മാനസികാവസ്ഥകള്‍ ഇതെല്ലാം എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുളള കാര്യങ്ങള്‍ ആണ്. പലരേയും പലപ്പോഴും ആശ്വസിപ്പിക്കാനും, അവരുടെ ദുഖം പങ്കുവെയ്ക്ക്ക്കാനും എനിക്ക് ഇടവന്നിട്ടുണ്ട്. ആ അവസരങ്ങളില്‍ പലതും മനസ്സിലാക്കാന്‍ സാധിച്ചിട്ടുമുണ്ട് പലതും ഇപ്പോഴും ചോദ്യചിഹ്നങ്ങളായി നില്‍ക്കുന്നുമുണ്ട്. മേലധികാരിയെ സഹിക്കവയ്യാതെ ജീവനടക്കിയ സംഭവത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുളള ഹതഭാഗ്യനാണ് ഈ മഷിത്തണ്ടിന്നധിപതി.  എന്നെന്നും ആത്മാവിനു തുല്യം സ്നേഹിക്കാനും ബഹുമാനിക്കാനും മുദ്രപതിപ്പിച്ച മാര്‍ഗ്ഗദര്‍ശനികളായ മേലധികാരികളും എന്നാല്‍ അതില്‍ നിന്നും വ്യത്യാസ്തരായ കരിമ്പാറകളും വിരളമല്ല.

ഞാന്‍ കണ്ടു മനസ്സിലാക്കിയ പല ഗുണകരമായ വഴിയോരസത്യങ്ങളും പഠിച്ച പാഠങ്ങളും എന്റെ ജീവിതത്തില്‍ എങ്ങിനെ മാര്‍ഗ്ഗദര്‍ശനത്തിന് ഉപയോഗിച്ചു എന്നതിന്റെ രത്നചുരുക്കവും  പുതുതലമുറയില്‍ ചിലര്‍ക്കെങ്കിലും ഉപകാരമാവാം എന്ന വിശ്വാസത്തില്‍ ഇതിലൂടെ സമര്‍പ്പിക്കുന്നു.

പലവിധം മേലധികാരികളെ കണ്ടിട്ടുളളതില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന സമാനവിഭാഗങ്ങളില്‍ കര്‍മ്മനിരതര്‍, പാരമ്പര്യവാദികള്‍, അധികാരമോഹികള്‍, അലറുന്നവര്‍, സംഭ്രമജനകര്‍, കുറവുകള്‍ മാത്രം കാണുന്നവര്‍, പൂര്‍ണ്ണതാവാദികള്‍, ഇഷ്ടതോഴര്‍, അല്പന്മാര്‍, വിവേകശൂന്യർ, അപര്യാപ്തര്‍, അരക്കിറുക്കുളളവര്‍, അന്തര്‍മുഖര്‍, മാര്‍ഗ്ഗദാര്‍ശിനികര്‍, സൌമ്യന്‍, ശാന്തശീലന്‍ എന്നിവര്‍ ഓര്‍മ്മയില്‍ വരുന്നു. മാര്‍ഗ്ഗദാര്‍ശനീകരേയും, ഇടപെടാന്‍ പ്രയാസമില്ലാത്തവരായ മേലാധികാരികളെക്കുറിച്ചും കൂടുതല്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലല്ലൊ? അവര്‍ നമ്മുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുളളവര്‍ ആയിരിക്കും. അവരാണ് യഥാര്‍ത്ഥ ഗുരുക്കള്‍! അല്ലെങ്കില്‍ ആചാര്യര്‍! അവരെ എന്നും സ്മരിക്കണം മനസ്സില്‍ കൊണ്ടുനടക്കണം.  ആ പാദങ്ങളെ പിന്തുടരണം. അവര്‍ നമ്മിലേക്ക് തുളസീതീര്‍ത്ഥം കണക്കെ ഒഴുക്കി തന്ന അറിവും വിദ്യയും അഭ്യസിക്കണം മട്ടുളളവര്‍ക്ക്  ആവുവോളം പകരണം.

ഒരു ചോദ്യം വായനക്കാര്‍ ഈ സമയം എന്നോടുന്നയിക്കും എന്നെനിക്കു തോന്നുന്നു. അങ്ങിനെ എത്ര ഗുരുക്കളെ ഞാൻ അനുഭവിച്ചിട്ടുണ്ടെന്ന്? എന്റെ ഉത്തരം, ധാരാളം. അവരിൽ പ്രത്യക്ഷമായി കണ്ട ഗുണങ്ങൾ ഇന്നും ഈ മനോമുകുരത്തിൽ തെളിഞ്ഞു തന്നെ നിലകൊള്ളുന്നുണ്ട്. അവയൊക്കെ അവസരോചിതം ഉപയോഗിക്കുന്നുമുണ്ട്. അറിവേറിടും തോറും ഭൂമിയോളം ഉള്ള താഴ്മയുടെ ഏറ്റം, ഇങ്ങോട്ടു കിട്ടുന്നതിന്റെ ഇരട്ടി അങ്ങോട്ട് ബഹുമാനിച്ചു നല്‍കുക, ഇടപെടുന്നവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അഭിനിവേശത്തോടെ അവരേയും അവരുടെ ചെയ്തികളേയും കണക്കിലെടുത്ത് അംഗീകരിക്കുക, മറ്റുളളവരിൽ മനസ് തൂറന്നു വിശ്വാസമർപ്പിക്കുക, മറ്റുളളവരിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനസമ്പത്ത് വിവേകപൂർവ്വം മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുക, സഹചരരുടെ തീരുമാനങ്ങളെ ശരിയെങ്കിൽ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക, ജാതിമതചർമ്മ ഭേതം കാണിക്കാതെ മനുഷ്യരായി എല്ലാവരേയും കാണുക, താൻ കണ്ടറിഞ്ഞ് ജീവിതത്തിലേക്ക് പകർത്തിയ പാഠങ്ങൾ മറ്റുളളവർക്ക് പ്രസാദമായി നൽകുക. ഇന്നും ഞാന്ഓർക്കുന്ന ഒരു ഗുരുനാഥന്റെ വാക്യമുണ്ട്, ഏറ്റവും പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത്, മറ്റുളളവർ നമ്മെ കുറിച്ചു നമ്മുടെ സാന്നീദ്ധ്യത്തിൽ എന്ത് എങ്ങിനെ പറയും എന്നതല്ല, മറിച്ച് നമ്മുടെ അസാന്നീദ്ധ്യത്തിൽ നമ്മെ  കുറിച്ചു ഒരു പ്രതിവാദം നടന്നാൽ നമ്മെ എങ്ങിനെ കാണും അല്ലെങ്കിൽ നമ്മെ കുറിച്ചു മറ്റുള്ളവർ എങ്ങിനെ വിലയിരുത്തും എന്നതിലാണ് ഏറെ കാര്യം”.

എന്നാല്‍ ഉയര്‍ച്ചകളുടെ കരടുകളായി, പതിരുകളായി നമ്മുക്കു മുന്നില്‍ കാഹളം മുഴക്കുന്നവരും വിരളമല്ല. അത്തരക്കാരെ അതിര്‍ത്തിക്കപ്പുറം നിര്‍ത്തണം. ഒരു പഴമൊഴി ഓര്‍മ്മയുണ്ടാവുമല്ലോ, നല്ലൊരു മതില്‍ നല്ലൊരയല്‍ക്കാരനെ സൃഷ്ടിക്കുമെന്നത്? അത്തരക്കാരെ ഏറെ പഠിക്കണം, മനസ്സിലാക്കണം. അതുകൊണ്ട്, സ്വേഛാധിപത്യസ്വഭാവമുളള മേലാധിപത്യത്തെ എങ്ങിനെ കരുതലോടെ കൈകാര്യം ചെയ്യാം എന്നിനിവിശകലനം ചെയ്യാം. 

ആദ്യമായി, കഴിയുമെങ്കില്‍ ചതിക്കുഴിയില്‍ വീഴാതെ നോക്കണം.

ഏതൊരു ഉദ്ദ്യോഗത്തിനും ചേരുന്നതിനു മുന്‍പ് രണ്ടു കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ സാധിച്ചാല്‍ നല്ലത്. ഇന്റര്‍വ്യു സമയത്ത് ചോദിച്ചറിയണം, നാം അപേക്ഷിക്കുന്ന ഉദ്ദ്യോഗസ്ഥാനം പുതിയതായി വാർത്തെടുത്ത തസ്തികയാണോ, അതോ ഉണ്ടായ ഒഴിവ് ആരെങ്കിലും പിരിഞ്ഞ് പോയതില്‍ നിന്നുണ്ടായതാണോ, അതോ ആരെയെങ്കിലും പിരിച്ചു വിട്ടതില്‍ നിന്നും ഉല്‍ഭവിച്ചതാണോ? അതറിയേണ്ട കാരണമുണ്ട്. പുതിയ സ്ഥാനമാണെങ്കില്‍ ഒരല്പം ആശ്വാസം. അങ്ങിനെ ഒരു വാതില്‍ തുറക്കപ്പെട്ടതിന്റെ പുറകില്‍ അരോചകത്വം കുറഞ്ഞിരിക്കും. അങ്ങിനെയെങ്കില്‍  പിന്നീട് അന്വേഷിച്ചറിയേണ്ടത് അവിടെ ജോലി ചെയ്യുന്നവരുടെ സംതൃപ്തിയും, സന്തോഷവും സമാധാനവുമാണ്. അവരോടു പലരോടും സംസാരിക്കുമ്പോള്‍ അത് മനസ്സിലാക്കാം. ആളുണ്ടായിരുന്ന തസ്തികയിലെ ഒഴിവാണെങ്കില്‍ കൂടുതല്‍ അറിയണം. സൂക്ഷിക്കണം! ഒന്നുകില്‍ പഴയയാള്‍ പുതിയ ജോലി കിട്ടി വിരമിച്ചതായിരിക്കാം. അതൃപ്തിയാല്‍ വിരമിച്ചതല്ലെങ്കില്‍ അധികം കുഴപ്പമില്ല. മറിച്ചു മേലധികാരിയാണ് ആ വിരമത്തിന് പുറകില്‍ എങ്കില്‍ സൂക്ഷിച്ചേ മതിയാവു. മറ്റാരെങ്കിലും മുഖേന ഒരു രഹസ്യാന്വേഷണം നടത്തുന്നത് പിന്നീട് ദു:ഖിക്കാതിരിക്കാന്‍ സഹായകമായേക്കാം. പലപ്പോഴും കുറച്ചു ബുദ്ധിമുട്ടുളള സംഗതിയാണിത്. നമ്മള്‍ അകത്തു കടന്നു കിട്ടുന്നതു വരെ എല്ലാവരും പഞ്ചസാരവാക്കുകള്‍ പൊഴിച്ചെന്നിരിക്കും. വാഗ്ദാനങ്ങള്‍ തന്നെന്നിരിക്കും. കഴിയുമെങ്കില്‍ വാമൊഴിയാലെയുള്ള വാഗ്ദാനങ്ങള്‍ എഴുതി മേടിക്കുക.

ചതിക്കുഴിയില്‍ വീണതിനു ശേഷം അരോചകത്വം മനസ്സിലായാലോ?

ഒരു എടുത്ത്ചാട്ടം അരുത്. എപ്പോഴാണ് സഹായം അങ്ങോട്ടും ഇങ്ങോട്ടും വേണ്ടിവരുന്നതെന്നു അറിയില്ല. പണിഞ്ഞ പാലം തകര്‍ത്താല്‍ ചിലപ്പോള്‍ അത് ഒരു കെണിയായി മാറാം. അതുകൊണ്ട് ഒരല്പം സഹിച്ചേ മതിയാവു. ഒന്നോർക്കുക. കൈയ്യിലുളള തൊഴിൽ അല്ലെങ്കിൽ ഉദ്യോഗം വലിച്ചെറിയാൻ എളുപ്പമാണ്. മറ്റൊന്നു തരപ്പെട്ട് കിട്ടാനാണ് പ്രയാസം. ഒന്നാലോചിക്കു, നാം ചെയ്യുന്ന തൊഴിൽ നമ്മോട് അപമര്യാദയായി പെരുമാറിയോ അതിനെ വലിച്ചെറിയാൻ? ഇല്ലല്ലോ? അപ്പോൾ നാം ഉപേക്ഷിക്കുന്ന തൊഴിൽ നിരപരാധിയല്ലേ? ഇതിൽ നിന്നാണ് ഒരു ചൊല്ല് വന്നത്, മനുഷ്യൻ അവന്റെ തൊഴിലിനെ വലിച്ചെറിയുമ്പോൾ, യഥാർത്ഥത്തിൽ വിട പറയുന്നത് തൊഴിലിനോടല്ല മറിച്ച് തന്റെ മേലധികാരിയോടാണ് എന്ന്. സത്യമല്ലേ? തൊഴിലിനേയും യജമാനനേയും വേർതിരിച്ച് കാണേണ്ടത് അത്യന്താപേക്ഷിതം തന്നെ. അതു സാദ്ധിക്കും ഒരു എടുത്ത് ചാട്ടം ഒഴിവാക്കിയാൽ. ബുദ്ധി വികാരങ്ങൾക്ക് കടിഞ്ഞാണിടുന്നതിൽ വിജയിച്ചാൽ അത് സാദ്ധ്യമാണ്. ക്ഷമയോടെ സാഹചര്യത്തെ നേരിടുക. അതിനു തയ്യാറെടുക്കുക. മറ്റൊന്നു കൈവശം വന്നതിനു ശേഷം കൈയ്യിലുളളത് കളയുക.

                                                
മനുഷ്യർ പലവിധമാണ്. നമ്മുടെ വീക്ഷണങ്ങൾ പല രീതിയിലാണ്. യജമാനത്വത്തിൽ വരുന്ന പാകപ്പിഴകൾ പലതാവാം പലർക്കും അരോജകത്വം തോന്നുവാൻ കാരണം. പ്രധാനമായി നാം കണ്ടിട്ടുളള അഥവാ കാണുന്നവയിൽ പ്രധാനപ്പെട്ടവ താഴെ കുറിക്കാം

  •  സഹപ്രവർത്തകർക്ക് അവകാശപ്പെട്ട അംഗീകാരങ്ങളും, പ്രശക്തിയും തന്റേതാക്കി മാറ്റുക
  •  സഹപ്രവർത്തകരെ അഭിനന്ദിക്കാതിരിക്കുക, അംഗീകരിക്കാതിരിക്കുക
  • സ്വയം ചിന്തിക്കാൻ സഹപ്രവർത്തകരെ അനുവദിക്കാതിരിക്കുക
  • താൻ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന ചിതാഗതി
  •  മറ്റുളളവരെ വിശ്വസിക്കാതിരിക്കുക, എപ്പോഴും സംശയിക്കുക
  • പക്ഷപാതം കാട്ടി വിഭജനം ശൃഷ്ടിക്കുക
  •  ശരിയായ ലക്ഷ്യം നൽകാതെ ചെയ്തികളിൽ കുറ്റം കാണുക
  •  അനുരജ്ജനസംഭാഷണത്തിന് വിസമ്മതം കാട്ടുക
  •    നല്ലൊരു കേൾവിക്കാരനാവുക
  •  മറ്റുള്ളവരുടെ അഭിപ്രായത്തെ ചെവിക്കൊള്ളാതിരിക്കുക
  • മറ്റുള്ളവർക്ക് ഒരു മാതൃകയല്ലാതാവുക
  • വിനയവും താഴ്മയും എന്തെന്നറിയാതാവുക
  •  വിഭജിച്ചു ഭരിക്കുക
  • സ്വയം ചുമതലകൾ മറന്ന് മറ്റുള്ളവരിൽ കുറ്റം കാണുക
  •  ഇരുപുറമറിയാതെ തീരുമാനങ്ങൾ എടുക്കുക
  • മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്ത് വളരാതിരിക്കുക
  •  മറ്റുളളവരുടെ താഴ്ചയിലും ദു:ഖത്തിലും സന്തോഷം പ്രകടിപ്പിക്കുക
  • അപകർഷതാബോധം ഉള്ളിൽ വളർത്തുക അത് പരോക്ഷമായി പ്രകടിപ്പിക്കക

എന്നിങ്ങിനെ പോകും ആ പട്ടിക

അത്തരമൊരു സാഹചര്യത്തിൽ ചെന്നു പെട്ടാൽ ഒന്നാമതായി, ചുറ്റുമുളള സാഹചര്യം ശരിക്കും പഠിക്കുക. ബോസിന്റെ അവസ്ഥയില്‍ ആ സാഹചര്യത്തില്‍ താന്‍ ആയിരുന്നുവെങ്കില്‍ എങ്ങിനെ പെരുമാറുമെന്നു മനസ്സില്‍ കരുതി നല്ലവണ്ണം സാഹചര്യത്തേയും യജമാനനേയും(മേലുദ്യോഗസ്ഥൻ) മനസ്സിലാക്കുക. അതു ചില സാദ്ധ്യതകള്‍ തെളിയിച്ചേക്കാം.

  •  ബോസ് എന്താണ് സത്യത്തില്‍ നടന്നു കാണാന്‍ ആഗ്രഹിക്കുന്നത്?
  •  എന്താണ് ബോസിനെ ഓഫീസില്‍ കൂടുതല്‍ അലട്ടുന്നത്?
  •  ബോസ് എന്തിനെ ആണ് ഭയപ്പെടുന്നത്?
  •  മറ്റുളളവരെ തൃപ്തിപ്പെടുത്താന്‍ ബോസ് എത്ര ശ്രമിക്കുന്നുണ്ട്?
  • ബോസ് വിജയത്തിനു എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്?
  •  പരാജയങ്ങളെ ബോസ് വെറുക്കുന്നുവോ അതോ പരാജയങ്ങളില്‍ നിന്നും വിജയം നേടാന്‍ പ്രേരിപ്പിക്കുന്നുണ്ടോ?
  •  ബോസ് സ്വയം ശരിയെന്നു കാണുന്നവയെ മാത്രം ശരിയെന്നു കരുതുന്നുവോ അതോ മറ്റുളളവരുടെ നിപുണതയും മാനിക്കുന്നുണ്ടോ?
  •  ബോസും ബോസിന്റെ ബോസും തമ്മില്‍ സൌഹൃദമാണോ അതോ ഉരസലില്‍ ആണോ?
  • ബോസിന്റെ നില അടിയുറച്ചതാണോ അതോ ഇളക്കമുണ്ടോ?
  • ബോസിനു ആവശ്യമുളള വിഷയത്തില്‍ എത്രത്തോളം നിപുണതയുണ്ട്?
  • വിഷയത്തിനും പരിജ്ഞാനത്തിനും പുറമെ ജാതിയോ, മതമോ, നിറമോ അങ്ങിനെ എന്തെങ്കിലും ബോസിന്റെ സ്വഭാവമാറ്റത്തെ ബാധിച്ചിട്ടുണ്ടോ?
  • എന്തെങ്കിലും അപകര്‍ഷതാബോധം ബോസില്‍ ഉണ്ടോ?
മിക്കപ്പോഴും കാതലായ ഒരുത്തരം കിട്ടാൻ പ്രയാസമാവാം. എന്നാല്‍ ഒരു പ്രവണത മനസ്സിലാക്കാന്‍ സാധിക്കും.

അങ്ങിനെ ഒരു കുടുക്കിൽ കുടുങ്ങിയാൽ നമുക്കെന്ത് ചെയ്യാൻ സാധിക്കും? എന്റെ അനുഭവത്തിൽ നിന്നും ഞാൻ പരീക്ഷിച്ചു വിജയിച്ച ചിലത് ഇവിടെ പകരാം. 

പ്രതികരണങ്ങളിൽ വ്യതിയാനം അനിവാര്യം

മേൽപ്പറഞ്ഞ സ്വഭാവമുള്ള യജമാനത്വം മിക്കപ്പോഴും നമ്മുടെ അഭിപ്രായങ്ങളോ, നിർദ്ദേശങ്ങളോ അല്ലെങ്കിൽ ആവശ്യങ്ങളോ മാനിക്കാതെ വന്നേക്കാം. നാം നൽകുന്ന ആശയങ്ങൾ യജമാനനിൽ നിന്നും ഉദിക്കാത്തതിനാൽ തള്ളിക്കളയാം. എത്ര നല്ല അഭിപ്രായമാണെങ്കിലും ചിലപ്പോൾ നിന്ദയായിരിക്കും പ്രതിഫലം. അതിനാൽ മുൻ കരുതൽ സഹായകമാവും. ആദ്യമായി യജമാനന്റെ നല്ല മനസ്ഥിതി പുറമെ കാണുന്ന സമയം കണ്ടെത്താൻ ശ്രമിക്കുക. പ്രവൃത്തിദിനത്തിൽ കഴിയുമെങ്കിൽ പ്രഭാതവേളയിൽ സംഭാഷണത്തിനായി അവസരം കണ്ടെത്തുക. 
                                                           
·         ആവശ്യങ്ങൾ നിർദ്ദേശരൂപത്തിൽ സമർപ്പിക്കുന്നതിനു പകരം അപേക്ഷയായോ, അഭ്യർത്ഥനയായോ അവതരിപ്പിക്കുക. ഉദ്ദിഷ്ടകാര്യം നടപ്പാക്കിയാൽ കിട്ടാവുന്ന ഗുണം യജമാനനിൽ പ്രകീർത്തിയുടെ അളവു എങ്ങിനെ കൂട്ടും എന്നുകൂടി കൂട്ടിച്ചേർക്കുക. ഇനി, നമ്മുടെ ആവശ്യങ്ങൾക്ക് പ്രമാണീകത്വമുണ്ടെങ്കിൽ അത് മുൻനിർത്തി കാര്യങ്ങൾ അപേക്ഷാരൂപത്തിൽ അവതരിപ്പിക്കുക. 

·         ഓരോ അവസരത്തിലും ഓരോ തീരുമാനങ്ങളുടെ പിന്നിലും ആവശ്യത്തിലേറെ മറ്റുള്ളവരുടെ സഹകരണവും പിന്താങ്ങും ഉണ്ടാവാൻ ശ്രമം നടത്തുക

·         കുപിതനായ ഒരു യജമാനൻ ഉണ്ടെന്ന കാരണത്താൽ സ്വയം ഉറക്കം കളയാനോ മാനസികമായും ശാരീരികമായും അനാരോഗ്യതക്കടിമപ്പെടാനോ ഇടവരുത്താതിരിക്കുക. നിർഭാഗ്യവശാൽ ഏൽക്കുന്ന ശപിക്കപ്പെട്ട വാക്കുകളുടെ മൂർച്ഛ തന്റെ മുഴുവൻ ദിവസത്തേയും അല്ലെങ്കിൽ രാത്രിയുറക്കത്തേയും കാർന്ന് തിന്ന് നശിപ്പിക്കാൻ അനുവദിക്കാതിരിക്കുക. നമ്മുടെ ചാഞ്ചല്യവും, കണ്ണീരുമാണ് അവരുടെ സന്തോഷം അല്ലെങ്കിൽ തൃപ്തി. അതിനു അടിമയാവാതിരിക്കുക. ഈശ്വരൻ നൽകിയ ഇരുചെവികൾ ഇതിനായി ഉപയോഗിക്കുക. ഒരു ചെവിയിൽ കൂടി കേൾക്കുക, അരോജകത്വമെന്നു തോന്നുന്നവ മറുചെവിയിൽ കൂടി പുറമേക്ക് കളയുക.

·         പലപ്പോഴും ഒരു പരാജയത്തിന്റേയോ, സ്തംഭനത്തിന്റേയോ, കൂടുതൽ പണച്ചിലവിന്റേയോ വിവരങ്ങളായിരിക്കാം പറയുവാനുള്ളത്. എന്നാൽ വിജയത്തിന്റെ കഥകളും, ലാഭത്തിന്റെ കഥകളും മാത്രം സന്തോഷവാനാക്കുന്ന ഒരു യജമാനനാണ് എന്നുവരികിൽ, തുടക്കം വളരെ സൂക്ഷിക്കണം. സംഭാഷണം ദുർബലതയിൽ തുടങ്ങരുത്. പകരം, പരാജയത്തിൽ നിന്നും വിജയത്തിലേക്കു കര കയറുവാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും, നഷ്ടത്തിൽ നിന്നും ലാഭത്തിലേക്കുള്ള ഉപാധികളെ കുറിച്ചും ആദ്യമെ ചിന്തിച്ചു അവതരിപ്പിക്കാന്‍ പോകുന്നത് ഒന്നുരണ്ട് തവണ പറഞ്ഞ് അഭ്യസിച്ചതിനു ശേഷമെ സംഭാഷണത്തിനു മുതിരാവു. എപ്പോഴും സുനിശ്ചിതത്വവും, ഉറപ്പും, പ്രത്യാശയും പ്രതീക്ഷയും ഏതൊരു സംഭാഷണത്തിന്റെ തുടക്കത്തിനും മാറ്റുകൂട്ടും. തുടക്കം നന്നായാൽ അവസാനത്തിലും അതിന്റെ ശോഭയുണ്ടാവും.

·         യജമാനത്വം എന്തിനെ വെറുക്കുന്നുവോ അല്ലെങ്കിൽ ഏത് സാമീപ്യത്തെ മാനിക്കുന്നുവോ എന്ന് മനസ്സിലാക്കി അത്തരം നടപ്പാത തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

·         എത്രയെത്ര സ്ഥാനങ്ങളിൽ തീർത്തും യോഗ്യത തികയാത്തവരുടെ കീഴിൽ ജോലി നോക്കാൻ നാം ബാധ്യസ്ഥരാവാറുണ്ട്? സഹിക്കുക. അല്ലാതെ ഒരെടുത്തു ചാട്ടത്തിലൂടെ ഒരു പ്രതിവിധി പ്രയാസമാണിവിടെ. കാരണം അയോഗ്യനെ നിയമിച്ചത് നാം അല്ലല്ലൊ! നമ്മുടെ ചുമലിൽ ഭാരം ചുമത്തി വെയ്ക്കുകയായിരുന്നില്ലെ . കൈക്കൂലിയുടെ ബലത്തിലോ സ്വാധീനതയുടെ മറയത്തോ കയറി കൂടിയ കരിംകുരങ്ങ്! അങ്ങിനെ കരുതിയാൽ മതി. നമ്മുടെ ജോലി കൃത്യമായി, ഉത്തമമായി, കരുതലോടെ ചെയ്യുക. സഹായം ആവശ്യപ്പെട്ടാൽ ആത്മാർത്ഥതയോടെ സഹായിക്കുക. നമ്മളില്‍ കരടിന്റെ ലവലേശം തളകെട്ടി നില്‍ക്കാന്‍ ഇടവരുത്തരുത്.

·         മറ്റു പലപ്പോഴും വയസ്സായിരിക്കും വിഷമമാർന്ന യജമാനത്വത്തിന് കാരണം. മേലധികാരിയായി നമ്മെക്കാൾ വളരെ ചെറുപ്പമായവർ നിയമിതരാവുക പലരേയും അതൃപ്തരാക്കും. പുതുതലമുറയുടെ വീക്ഷണങ്ങൾ മുന്തലമുറയുമായി പൊരുത്തപ്പെട്ട് പോകാൻ പലപ്പോഴും വിഷമം കാണാറുണ്ട്. മനുഷ്യൻ പെട്ടെന്നുണ്ടാവുന്ന ഏതൊരു വ്യതിയാനത്തേയും എതിർക്കുന്ന മനസ്സിനുടമയായതിനാൽ ഉരസലുകൾ വിരളമല്ല. ഇത് വിഷം കലർന്ന യജമാനത്വത്തിൽ നിക്ഷിപ്തമല്ല. മറിച്ചു നമ്മളും ഈ ഉരസലിന് ഉത്തരവാദികളാണ് എന്നതാണ് സത്യം. ഇവിടെ സംയമനം പാലിക്കേണ്ടതും, പക്വതയോടെ കാര്യങ്ങൾ ക്ഷമയോടെ മനസ്സിലാക്കേണ്ടതും, ബുദ്ധിപൂർവ്വം പെരുമാറേണ്ടതും നമ്മളാണ്. വ്യതിയാനങ്ങളോട് യോജിക്കണം, വഴങ്ങണം വേണ്ടയിടത്ത്. അവിടെ വയസ്സിനു പ്രാധാന്യമില്ല.

മേൽപ്പറഞ്ഞ ഏതൊരു അവസരത്തിനും ഉതകിയ മറ്റൊരു ഒറ്റമൂലിയുണ്ട്. നാം ആ സ്ഥാപനത്തിന് ഒരു മുതൽകൂട്ടാണ് എന്ന് തെളിയിക്കുക. അതാണ് ഏറ്റവും വലിയ മൂല്യം. സമ്പാദ്യത്തിന്റെ വിലയറിയുമ്പോൾ നമ്മോടുള്ള വിലയും മതിപ്പും വർദ്ധിക്കും. നമ്മുടെ സ്ഥാനത്തിന്റെ ഉറപ്പും ഏറും.

അരോചക സന്ദർഭങ്ങളെ ബുദ്ധിയുപയോഗിച്ച് ധീരതയോടെ നേരിടണം. പലപ്പോഴും അപക്വതയും, ബാലിശസ്വഭാവവും, ഭയവും, നിലനില്പിലുളള പേടിയും, പരിചയക്കുറവും, അയോജ്യതയും അല്ലെങ്കില്‍ ഇപ്പറഞ്ഞതിന്റെ മിശ്രിതവുമായിരിക്കാം ഇത്തരം അരോചകാവസ്ഥകള്‍ക്ക് പിന്നില്‍. ബുദ്ധിയുപയോഗിച്ച് ഭീരുത്വം വെടിഞ്ഞ് കരുക്കള്‍ നീക്കണം.  പകരം, ഭീരുത്വം കാണിക്കുന്ന കൂട്ടരേയും ഏറെ കണ്ടിട്ടുണ്ട്. അവരുടെ ഒഴിവുകഴിവുകൾ ഇപ്പറയും പ്രകാരമാണ്.

  •  ഈ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി തേടാൻ എനിക്ക് ശക്തിയില്ല
  •  ബോസിനെ ഒഴിച്ചാൽ എനിക്കു ജോലിയും സഹപ്രവർത്തകറേയും ഇഷ്ടമാണ്
  •  എനിക്ക് ഇപ്പോൾ കിട്ടുന്ന ശംബളം അത്യാവശ്യമാണ്. അതില്ലാതെ ഒരു ദിവസം പോലും ജീവിക്കാനാവില്ല.
  •  ഇതിനെക്കാൾ നല്ല മറ്റൊരു ജോലി ഉണ്ടെന്നു തോന്നുന്നില്ല
  •  എനിക്കു കിട്ടുന്ന ആനുകൂല്യങ്ങൾ നഷ്ടമാക്കാൻ പറ്റില്ല
  •  ഇത്രയും ശംബളം മറ്റെവിടേയും കിട്ടില്ല
  •  മറ്റൊരു ജോലിക്ക് ശ്രമിക്കാൻ എനിക്ക് വേണ്ടത്ര പരിചയവും നൈപുണ്യവും കുറവാണ്
  • എനിക്ക് പ്രത്യാശയുണ്ട് യജമാനത്വത്തിന്റെ പോരായ്മ അടുത്തു തന്നെ ശരിയാവുമെന്ന്

ഈ വിധത്തിലുള്ള ചിന്താഗതിക്കാരോട് ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യങ്ങളെ എനിക്കിന്നു വരെ ഉണ്ടായിട്ടുള്ളു. നിങ്ങൾ കഴിവുള്ളവരാണെങ്കിൽ നിങ്ങളുടെ കഴിവിലും പരിചയസമ്പത്തിലും നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ഇത്തരം വിഷമം കലർന്ന അല്ലെങ്കിൽ വിഷമത്വം തീണ്ടിയ അവസ്ഥയിൽ നിങ്ങൾക്ക് സ്വന്തം കഴിവുകളുടെ എത്ര ശതമാനം ഉപയോഗിക്കാൻ കഴിയുന്നുണ്ട്? വിഷം തീണ്ടിയ യജമാനത്വം നിങ്ങളുടെ ജീവിതത്തിന്റെ തന്നെ ഒരംശം കാർന്നു തിന്നുകയല്ലേ ചെയ്യുന്നത്? ജീവിതം ഒന്നേയുള്ളു. അതു നശിപ്പിക്കാനാല്ല സൃഷ്ടാവ് നമുക്ക് തന്നത്. മറിച്ച് ആസ്വദിക്കാനാണ്. ആസ്വാദനം എല്ലാ തലങ്ങളിലും വേണം. ദൈനംദിന തൊഴിലിൽ പോലും. തൊഴിലിൽ ആസ്വാദനം കുറഞ്ഞാൽ വിരസത തോന്നും. എല്ലാ ദിവസങ്ങളും  ഒന്നിന്റെ ആവർത്തനങ്ങളായി മാറും. അതു ജീവിതത്തെ തന്നെ തളർത്തും. നമ്മൾ ചെയ്യുന്ന ഏതു ജോലിയും ഇന്ദ്രാധീനതയോടെ നിർവ്വഹിക്കണം. ഓരോ ദിവസവും പുതുമ തോന്നിക്കണം. അതിനു താൻ ചെയ്യുന്ന തൊഴിലിൽ ഔത്സുക്യം നിറഞ്ഞ് നിൽക്കണം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിനങ്ങൾക്ക് പലനിറങ്ങളായിരിക്കണം. ധവളമോ കറുപ്പോ മാത്രമാവരുത്. തൊഴിലാലയത്തിൽ സമാധാനവും സംതൃപ്തിയും ഇല്ലാതെ വന്നാൽ വൈകുന്നേരം ഭവത്തിൽ അതിന്റെ പ്രതിഫലനം കാണാൻ കഴിയും. അത് കുടുംബത്തെ തന്നെ ചാഞ്ചല്യമാക്കും. എത്രയെത്ര കുടുംബങ്ങൾ ഇതു മൂലം തകരുന്നു? അരുത്. തൊഴിൽ നമ്മുടെ അധികാരിയാവാൻ സമ്മതിക്കരുത്. നമ്മളായിരിക്കണം തൊഴിലിനെ നിയന്ത്രിക്കാൻ. ചുക്കാൻ നമ്മുടെ കൈകളിൽ ഭദ്രമായിരിക്കണം. മറ്റുള്ളവർ തുഴയുന്ന വഞ്ചിയിലെ പഥികരായി മാത്രം നമ്മള്‍ അധപതിക്കരുത്.
                                               

എടുത്തു ചാട്ടം അരുതെന്ന് മാത്രം. മറ്റൊരിടത്ത് യോജിച്ച, എല്ലാം ഒത്തു ചേർന്ന ഒരു ജോലി കിട്ടുന്നതു വരെ ക്ഷമിക്കുക. തക്ക സമയത്തിനായി കാത്തിരിക്കുക. ജോലിയുള്ളപ്പോൾ മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതും ജോലി കളഞ്ഞിട്ട്, തൊഴിൽരഹിതനായി മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടാമത് പറഞ്ഞ അവസ്ഥയിൽ നാം ആശിക്കുന്നത് കിട്ടിയെന്നു വരില്ല. ഉടമ്പടികളും, വിലപേശലും പലപ്പോഴും മറുഭാഗത്താവുന്ന അവസ്ഥയാവും ഉള്ള ജോലി കളഞ്ഞിട്ട് മറ്റൊരു ജോലി തിരയുമ്പോൾ ഉണ്ടാവുന്ന അവസ്ഥ.

ഒരു ഉപസംഹാരമായി ജീവിതവിജയങ്ങൾക്ക് പിന്നിലെ ഉദ്യോഗവുമായി ബന്ധപ്പെട്ട കുറച്ചു ഒറ്റമൂലികൾ കൂടി ജീവിതാനുഭവത്തിൽ നിന്നും കൈമാറാം.
  • വിഷമം കലർന്ന  തൊഴിലവസ്ഥ ഒരിക്കലും നമ്മളെ നിഷേധാത്മകതയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയാൻ അനുവദിക്കരുത്
  • കഴിയുമെങ്കിൽ ജോലി ജോലിസ്ഥലത്തു തന്നെ ചെയ്തു തീർക്കുക. വീട്ടിലേക്ക് ജോലിയുടെ മുറിഭാഗങ്ങൾ മുഴുമിപ്പിക്കാൻ കൊണ്ടു പോകാതെ ഇരിക്കുക
  • യജമാനനെ പ്രീതിപ്പെടുത്താനായി പ്രായോഗികമല്ലാത്ത അന്ത്യശാസനങ്ങള്‍ നല്‍കാതിരിക്കുക
  •  പ്രായോഗിതമായ പ്രവൃത്തികളില്‍ ഉല്‍കൃഷ്ടത കണ്ടെത്തുക
  •  മനസ്സിൽ വിഷം ഏറുമ്പോൾ അതു തുറന്നു പറയാൻ തനിക്ക് പൂർണ്ണമായും വിശ്വസിക്കാവുന്ന ഒരു മനസ് തുണയായി ഉണ്ടായിരിക്കാൻ ശ്രമിക്കുക. മനസ്സിന്റെ ഭാരം ഇറക്കി വെയ്ക്ക്കാൻ സുരക്ഷിതമായ ഒരാൽത്തറ.
  • എല്ലാ ക്രിയകളിലും കർമ്മത്തിലും ശുഭാബ്ദിവിശ്വാസമുളവാക്കാൻ ശ്രമിക്കുക
  •   വിഷമസന്ധികളേയും വിഷവാതകാവസരങ്ങളേയും മുൻകൂട്ടി ഉൾക്കണ്ണുകൊണ്ട് കരുതലോടെ അറിയുക. ഏതവസരത്തിലും ഒരു നിർഗ്ഗമനത്തിനുള്ള തന്ത്രപരമായ മുൻ കരുതലും ഉപായവും മനസ്സിൽ ശരിപ്പെടുത്തി വെയ്ക്കുക.
  •  തനിക്കു ചുറ്റുമുള്ള സീമകൾ അല്ലെങ്കിൽ അതിർത്തി വരമ്പുകൾ മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിക്കുക
  • ഏവർക്കും മാതൃകാപരമായ ഒരു ഛായ നമ്മിൽ സൃഷ്ടിക്കുക
  •  നമ്മുടെ മൂല്യം ദിനം പ്രതി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക
  • നാം നമ്മോടെപ്പോഴും സത്യന്ധരായിരിക്കുക
  •  നാടകീയതയിൽ വിശ്വസിക്കാതിരിക്കുക, വസ്തുത നിറഞ്ഞ യാഥാർത്ഥ്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുക
  •  ശൈലികള്‍ക്കനുസരിച്ചു നിയന്ത്രണരീതിയില്‍ വ്യതിചലിക്കാം എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നിൽക്കുക
  •  തെറ്റിദ്ധാരണകൾ ഉടനടി സംസാരത്തിൽ കൂടി തീർക്കുക. അതു മനസ്സുകളില്‍ വളരാൻ അനുവദിക്കാതിരിക്കുക.

ആർക്കും ഇത്തരം വിഷം കലർന്ന അനുഭവങ്ങളിൽ കൂടി ജീവിതയാത്ര ഉണ്ടാവാതിരിക്കട്ടെ എന്നു കാംക്ഷിക്കുന്നു. അഥവാ അങ്ങിനെയൊരു യാത്രക്കായി നിയമിതനായാൽ യാത്രയ്ക്കു മുൻപായി കഴിയുന്നത്ര ഒരുക്കങ്ങൾ നടത്തുക, നിയന്ത്രിതമായ കണക്കു കൂട്ടലുകളോടെ കരുക്കൾ നീക്കുക, ധൈര്യം കൈവിടാതെ ആത്മവിശ്വാസത്തോടെ മുന്നേറുക. അതിനായി എല്ലാ ശക്തിയും, ബുദ്ധിയും, ഉപായസിദ്ധിയും, മാനസിക കരുത്തും ഉണ്ടാവട്ടെയെന്നും അഭിലഷിക്കുന്നു.    


Before concluding, as a FOOTNOTE, I would like to humbly share the following to respective EMPLOYERS too. Appreciate if take what I am going to say with a pinch of positive spirit. The true inspiration refluxed in me to write this article is truly my 30 plus years of career role as an employer serving in the capacity as a Vice President to a globally acclaimed Pharmaceutical firm and toxic environments I experienced and I witnessed. I am humbled and at the same time proud to disclose the phenomenal proven track record of success and reflections I could leave behind my foot-steps as foot-prints with everyone worked with me who could cherish for the rest of their life as ever memorable sweet golden time of their career. 

Dear employers, one thing we all should recognize that any corporate success is not a single-man show. It is team effort. A strong, motivated and inspired team is behind every success, innovation and discovery. It is the right team that brought yesterday’s dream into today’s reality. We might have given them the idea to initiate or the target goal with timelines but the team is the one that drew the line between A and B. We should never forget that segment.Team is comprised of employees. They are our vital organs for any endeavors and challenges. The strength of the team is rested in team members and the strength of the team members is the life blood of the team. That is us! We may have several years of individual experience. But cumulatively, if you add the brain power of the team cumulatively, the number of experience could be in hundreds. You all must be genius but individually we own only one brain.But think positively, how much more brain power in the form of a team is given to us.How many of us are using it effectively to create more leaders like us?

What I would like to see is “natural leadership” in all of us avoiding to just imitate legendary styles. Leadership caliber needs to be created to situations and circumstances. It can't be generalized. Natural Effective leaders do not try to be anyone else. They value the complementary skills and talents of subordinates and peers.  They surround themselves with people whose strengths complement their own. They know where they want to go and know how to share their vision to inspire others. These leaders can see where the organization or team needs to go before others do. They have the ability to look at the big picture. All leaders have natural strength and weaknesses in their leadership role. Successful leadership is to be able to adapt your personal style to meet the needs and styles of the people in your team. Most people admire those people who demonstrate the traits of natural leadership.

Before mistreating and misguiding your employees, ignoring to treat them with respect/ dignity and try to be a terror, horror or dictator and look yourself in a mirror and ask. Am I a Natural Effective Leader? How many leaders I created so far? What I learned from their wisdom? What I taught them? Look at your eyes in the mirror and follow those eyes what they are asking you to do. Make workplace a wonderful venue. make yourself a Boss everyone care and respect from the bottom of their heart. try to make Mondays as happy as Fridays. Do what is right and lead where the right takes you!

ഹരി കോച്ചാട്ട്

No comments:

Post a Comment