Wednesday, July 3, 2019

ദാസേട്ടനുമൊത്ത് ചിലവഴിച്ച സായാഹ്ന വേളകളിലെ അസുലഭ നിമിഷങ്ങളും നിർവൃതികളും (ഭാഗം 2)



സൂര്യസ്തമന വേളയിലെ  പ്രഭ ചൊരിയുന്ന ആദിത്യന്റെ ഗാംഭീര്യം  അന്നെന്നപോലെ ഇന്നും  ആ മുഖത്തു  ശോഭിച്ചു നിന്നിരുന്നു. അസ്തമന പൂജ തുടങ്ങും മുമ്പ്  നട തുറക്കാൻ കാത്തു നിൽക്കുന്ന  ഒരു ഭക്തന്റെ മനസ്സായിരുന്നു എന്റേതെന്നു   തോന്നിപ്പോയി.   ചോദിച്ചറിയാൻ മനസ്സു നിറയെ തുളുമ്പാതെ സൂക്ഷിച്ചിരുന്ന അനേകം  ചോദ്യങ്ങൾ ദാസേട്ടന് രസിക്കുമോ  എന്നൊരു ഭയം ആദ്യമാദ്യം അലട്ടിയിരുന്നു . എന്തോ ആ മനസ്സു   എനിക്കു മുന്നിൽ   തുറന്നു തരുന്നപോലൊരു ഒരു അനുഭവം. സന്ദേശസന്ധിയിൽ  മനസ്സിൽ ധ്യാനിക്കാനുള്ള  ആ ഒരേ ഒരു മന്ത്രം  മനതാരിൽ ധ്യാനിച്ചു  ദാസേട്ടന്റെ മുഖത്തേക്കൊന്നു  നോക്കുക മാത്രം  ആദ്യം  ചെയ്തു. ദീക്ഷ വകഞ്ഞു മാറ്റികൊണ്ടിരുന്ന ആ വിരലുകൾ   വദനത്തിൽ നിന്നും അകന്നപ്പോൾ  ഒരു മന്ദസ്മിതം  വിടരുന്നതു കാണാനിടയായി.  ആയിരം മണി നാദങ്ങളോടെ  നട തുറന്ന  ഒരു അനുഭവമായിരുന്നു അപ്പോൾ  എനിക്കുണ്ടയത്. 

ഞാൻ വിനിമയത്തോടെ ചോദിച്ചു.  ദാസേട്ടാ, സംഗീത സദസ്സിന്റെ   യവനിക ഉയരുമ്പോഴും  ആരംഭം മുതൽ അരങ്ങിൽ  വിട പറയുംവരേയും   എന്തൊക്കയോ അനുഷ്ഠാനങ്ങൾ പതിവായി പരിപാലിക്കുന്നത്  പോലെ  എനിക്കനുഭവപ്പെട്ടിട്ടുണ്ട്.  കാരണം ശ്രുതി മാധുരിയേക്കാൾ ഉപരിയായി  മറ്റാരിലും കാണാത്ത , എന്നാൽ  എന്തോ   പറയാൻ പ്രയാസമേറിയ  ഒരു തേജസ്സ് ആ അരങ്ങിൽ എനിക്കെന്നും  കാണാൻ കഴിയുന്നു. അതെന്തു കൊണ്ടായിരിക്കാം?

എന്റെ ചോദ്യത്തിനു അടിസ്ഥമില്ലാതാവുമോ എന്നു ഒരു നിമിഷം   ചിന്തിക്കാതിരുന്നില്ല. എന്നാൽ ദാസേട്ടന്റെ മനസ്സ്  ആർദ്രമായി , എന്റെ  സ്പന്തങ്ങൾ  ഊഹിച്ചറിഞ്ഞപോലെ  തോന്നി. ദാസേട്ടൻ   ഒരദ്ധ്യാപകനായി മാറുന്ന പോലെ എനിക്കു തോന്നി.   ഗാന ഗാന്ധർവത്വം  എന്തെന്നെന്നെ മനസ്സിലാക്കിച്ചു. ഒരു  പുഞ്ചിരിയോടെ   ആ സാന്ദ്ര്യമായ   മറുപടി  ഇങ്ങിനെ തുടങ്ങി.  “സംഗീതം ആത്മീയമാണു”.

എന്നിൽ ജന്മാന്തരങ്ങളായി  ഉറഞ്ഞു കൂടിയ സംഗീതം  ഞാൻ സൃ ഷ്ടിച്ചതല്ല. അത്  ദൈവ ഹിതമാണ്. അതെന്റെ ജീവനും ജീവിതവുമാണ്.ആ ദൈവീകത്വം ഞാൻ തൊഴുകൈയ്യോടെ  പൂജിക്കുന്നു, അനുഷ്ഠിക്കുന്നു.  എന്റെ സംഗീതത്തിന്റെ   ഉറവിടം ദൈവത്തിൽ നിന്നുമാണെങ്കിൽ  ദൈവ സൃഷ്ട്ടി കളായ എന്റെ ശ്രോതാക്കൾ എന്റെ മുന്നിലെനിക്കു  സമ്പത്തായി കിട്ടിയ എന്റെ ആരാധനാ പുഷ്പങ്ങളാണ്. എന്റെ പൂങ്കാവനത്തിൽ  ശ്രോതക്കളില്ലാതായാൽ    എന്റെ സംഗീതത്തിന്റെ ഈരടികളിലെ  രാഗ സുധ  തരിശു ഭൂമിയിൽ വളരുന്ന  കള്ളിമുൾചെടികളായി മാറും. എന്റെ മനസ്സിൽ ഞാൻ എന്റെ ആരാധകരെ  അരാധിക്കുന്നു.  അവർക്കു മുമ്പിൽ ഞാൻ എന്റെ മനസ്സ് കേന്ദ്രീകരിക്കുന്നു. എന്റെ അരങ്ങിനു മുമ്പിൽ ഇരിക്കുന്ന  ശ്രോതാക്കളോട്  കയ്യടിക്കാൻ പറയാറുണ്ട്. അതെന്നെ പ്രോത്സാഹിപ്പിക്കാനല്ല.  മറിച്ച് അവരുടെ കയ്യടികൾ എനിക്ക് മണി നാദങ്ങളാണ്.  എന്നോടൊപ്പം ലയിക്കാൻ  എന്റെ കൂടെ അരങ്ങിൽ ഇരിക്കുന്നവർക്ക്  അത് സഹായകമാകും. മനസ്സിന്റെ എകാഗ്രതയാണെന്നെ തന്നെ മറന്ന്  അലാപനത്തിനു എന്നെ പ്രേരിതനാക്കുന്നത്. അതു വിവരിക്കാൻ ഞാൻ ഒരു കഥ പറയാം. ഒരിക്കൽ ഒരു യുവാവ്  ഒരു സന്യാസിയുടെ  അരികിൽ ചെന്ന്  തനിക്കു സന്യസിക്കണമെന്നു പറഞ്ഞു. അതിനുത്തരമായി സന്യാസി ആ യുവാവിനോട് ഒരു ആൽമരത്തിന്റെ ചുവട്ടിൽ കുറച്ചു  ദിവസം ഇരിക്കാൻ പറഞ്ഞു.  കാര്യം എന്തെന്നു യുവാവിനു മനസ്സിലായില്ലെങ്കിലും  യുവാവ്  അതനുസരിക്കാൻ  തയ്യാറായി, തനിക്കു ധ്യാനിക്കാൻ അറിയുമോ എന്നു നൊക്കുവാനായിരിക്കുമെന്നു യുവാവ്  കരുതി.  ആ യുവാവ് ചമ്രം പടിഞ്ഞു ധ്യാനത്തിന്നിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ  ഒരു സുന്ദരിയായ യുവതി അതിലെ നടന്നടുക്കുന്നതു കണ്ടു, എന്തൊക്കേയോ  ദുഷ്ചിന്തകൾ  ആ യുവാവിന്റെ  മനസ്സിൽ കൂടികടന്നു പോയി. ഇനിയും  അതു വരാതിരിക്കാൻ  ആ യുവാവ് തന്റെ കണ്ണൂകൾ  ഒരു തുണി കൊണ്ടു വരിഞ്ഞു കെട്ടി. അടുത്ത ദിവസം കാലിൽ ചിലങ്കയും അണിഞ്ഞ് ആയുവതി വീണ്ടും വന്നു. ചിലങ്കയുടെ ശബ്ദം ആ യുവാവ് കാതുകളിൽ കൂടി ശ്രവിച്ചപ്പോൾ വീണ്ടും  മനസ്സു പതറി. ശബ്ദം കേൾക്കാതിരിക്കാൻ വേണ്ടി കാതുകളിൽ പഞ്ഞി  തിരുകി ധ്യാനം തുടർന്നു.എന്നാൽ അടുത്ത ദിവസം അതേ സമയമായപ്പോൾ  ആ യുവാവിനു  മനസ്സിൽ ഒരു തോന്നലുണ്ടായി. ആ സുന്ദരി ഇന്നും എന്നെ കാണാൻ  വന്നിട്ടുണ്ടാകുമോ? അപ്പോൾ അതാണ് കാര്യം . ഏതു വിധത്തിൽ ബാഹ്യമായി മറച്ചാലും മനസ്സു  ഏകാഗ്രമല്ലെങ്കിൽ  അനുഷ്ഠനമെല്ലാം  തെറ്റും. അതുപോലെ  ഞാൻ  വേറൊരു  പ്രധാന സംഗതി  തെറ്റാതെ ശ്രദ്ധിക്കാറുണ്ട് . ഞാൻ പറഞ്ഞല്ലോ എന്റെ മുമ്പിൽ ഇരിക്കുന്ന ശ്രോതാക്കൾ എനിക്കേറ്റവും  ബഹുമാനിതരാണെന്ന്.  അവർക്കു മുമ്പിൽ ഞാൻ  ഒരിക്കലും എന്റെ  പൃഷ്ഠഭാഗം  കാണിക്കാറില്ല, അതിനു കാരണമുണ്ട്.  നമ്മൾ  അമ്പലങ്ങളിലും  പള്ളികളിലും മുഖം തിരിഞ്ഞു ആരാധനാ സമയത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാറില്ലല്ലോ? അതു പോലെ ആരാധനാ വിഗ്രഹത്തെ  പുറം  കാണിച്ചു പുറത്തിറങ്ങുകയും ചെയ്യരുതെന്നാണു എന്റെ  നിയമം, . ഞാനെന്റെ  കുട്ടികളോടും ഇതൊക്കെ എപ്പോഴും  പറയും. കാരണം  അനുഷ്ഠാനങ്ങളില്ലാത്ത  സംഗീതം  പൂർണ്ണമല്ല.

ഞാൻ പാടും എന്നു  വിചാരിചു  അഹംഭാവം കാണിച്ചാൽ  അതിനുള്ള ഫലം  ഈശ്വരൻ  ഇന്നല്ലെകിൽ  നാളെ  ഒരു തിരിച്ചടിയായി തരും. ഇന്നത്തെ വലിയ നിലയും  വിലയും  ജനിച്ചപ്പോൾ ഞാൻ  എന്റെ കൂടെ  ഈ ലോകത്തേക്കു  കൊണ്ടു വന്നതല്ലല്ലോ? അതു തന്നയാൾക്ക്  അതേപടി  തിരിച്ചെടുക്കാനും അധികാരമുണ്ട്. അതെപ്പോഴും  നമ്മളോർക്കണം.  തുടക്കത്തിലെ എളിമത്വം  അവസാനത്തിലും  വേണം. നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കി, കഴിവതും സ്വയേച്ഛ മാത്രം  മുന്നിൽ കാണാതെ പെരുമാറിയാൽ അതിനുള്ള മേന്മയേറിയ  അനുഭവങ്ങൾ കിട്ടും. അവരുടെ അനുഗ്രഹങ്ങൾ എന്നും നമ്മളിൽ  ഉണ്ടാകും”.

എത്ര വലിയ  ഉപദേശങ്ങളാണെന്ന് ഞാനെപ്പോഴും ഓർക്കാറുണ്ട്. ഇന്നും എന്റെ കാതുകളിൽ ആ ധ്വനി മുഴങ്ങുന്നതു പോലെ. 

( തുടരും )
ഹരി  കോച്ചാട്ട് ( HARI  KOCHAT)

No comments:

Post a Comment