വായനക്കാരുടെ
ശ്രദ്ധയ്ക്ക്:
വിവിധ അവസരങ്ങളില്‍
1998-2003 കാലയളവില്‍ ദാസേട്ടനുമൊത്ത് കിട്ടിയ അസുലഭനിമിഷങ്ങള്‍ സമ്മാനിച്ച
അഭിമുഖങ്ങളുടെ ഉള്‍ചുരുക്കമാണ് ഈ
പംക്തിയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. എല്ലെന്‍ നിര്‍വ്വഹിച്ച ഇതിന്റെ
ഇംഗ്ലീഷ് തര്‍ജ്ജിമ ഈ ബ്ലോഗില്‍ ഇതിനു മുന്‍പ് കോര്‍ത്തിണക്കിയിട്ടുണ്ട്. ഇന്ത്യന്‍
പത്രമായ ഹിന്ദുവും, മലയാളപത്രങ്ങളും,
അന്യരാജ്യത്തു നിന്നുളള വിവിധ മാസികകളും ഇതിന്റെ ചിലഭാഗങ്ങള്‍ ഇതിനു
മുന്‍പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുളള അഭിമുഖങ്ങളുമായി
താരതമ്യപ്പെടുത്തിയാല്‍ ഈ ഇതളുകള്‍ വ്യത്യസ്തമാണ്. കാരണം ഞാനൊരു ജേര്‍ണലിസ്റ്റ്
അല്ല എന്നതു തന്നെ. കൂടാതെ ഈ അഭിമുഖങ്ങള്‍ യേശുദാസ്.കോം എന്ന വെബ് പേജിനു വേണ്ടി
തയ്യാറാക്കിയതാണ്. ഒരു അനുജനോട് മനസ് തുറക്കുന്ന ദാസേട്ടനെയാണ് ഈ പംക്തിയില്‍
കാണുന്നത്.
ദാസേട്ടന്റെ
ഒരു അവിസ്മരണീയ സംഗീത സായാഹ്ന വിരുന്നിനു ശേഷം ഒരല്പ സമയം സല്ലാപത്തിനായി
മാറ്റി വെച്ചപ്പോൾ ഒരായിരം ചോദ്യങ്ങളും പേറി ദാസേട്ടന്റെ അരുകിലിരുന്ന
എനിക്ക് എവിടെ തുടങ്ങണമെന്ന ചോദ്യചിഹ്നം
മുന്നിലുദിച്ചു. ഒരിത്തിരി നേരവും ഒരായിരം ചോദ്യങ്ങളും.
സംഭാഷണം തുടങ്ങിയപ്പോൾ ആമനസ്സിന്റെ പൂമുഖ വാതിൽ
തുറക്കുന്നത് ഞാൻ പുളകിതനായി കണ്ടു.
ഗാംഭീര്യ മുഖഭാവത്തിനുള്ളിലെ
ചിന്തനീയമായ ഭാവഭേദങ്ങളും ഓർമ്മകളുടെ
തിരയടികളും അദ്വൈതത്തിന്റെ നീരുറവകളും ഒരന്ത്യം എന്നൊന്നില്ലാതെ ധാരയായി ഒഴുകുവാൻ തുടങ്ങി. എന്റെ ഒരായിരം ചോദ്യങ്ങൾക്കു
ദാസേട്ടനിൽ നിന്നും പന്തീരായിരം ഉത്തരങ്ങൾ വാർന്നൊഴുകി. അവയെല്ലാം ആ മഹാനുഭവന്റെ ജീവിതത്തിലെ ഡയറി കുറുപ്പുകളായി എന്റെ മനസ്സിൽ
നിറഞ്ഞു തുളുമ്പി.
ദാസേട്ടന്റെ
ഈ താളുകളിൽ ഞാൻ നിങ്ങൾക്കായി ആരും കാണാത്ത ദാസേട്ടന്റെ ആ മനസ്സിന്റെ ചേതനകൾ സമർപ്പിക്കാം. എന്നാൽ അതൊരാവർത്തിയായി ഈ പനയോലകളിൽ
ലിഖിതപ്പെടുത്താൻ കഴിയുന്നില്ല. അതിനാൽ
ഭാഗങ്ങളായി ഞാനതു നിങ്ങൾക്കു വിഭവ സമൃദ്ധിയോടെ
വിളമ്പിത്തരാം.
പിന്നിട്ട നാളുകളിൽ ഈ ആധുനികത തീണ്ടിയ അന്യദേശത്ത് ദാസേട്ടനെ കണ്ട
വേളയിലെല്ലാം എന്റെ മനസ്സിൽ കോർത്തിണക്കിയ
ഒരു ചിന്ത്യമുണ്ടായിരുന്നു. അപരിഷ്കൃത
പരിഷ്ക്കാരങ്ങളിൽ ആടിയുലയുന്ന നവതലമുറയോട്
എന്തോ ഒന്നോതുവാൻ ആ മനസ്സു
വെമ്പുന്നില്ലേ?
സംശയം
തീർക്കുവാനായി ഞാൻ ചോദിച്ചു. “ പലരും ദാസേട്ടനെ കുറിച്ചു പലതും വിവരിച്ചിട്ടുണ്ടെങ്കിലും ഞാൻ കാണാതിരുന്ന ഒരു
താളുള്ളതു പോലെ. എന്തോ ഒന്നു ഈ മനസ്സിൽ അടക്കി വെയ്ക്കാൻ ക്ലേശിക്കുന്നതു പോലെ എനിക്കു തോന്നുന്നു.
നവനീയത ദാസേട്ടനെ ഭയപ്പെടുത്തുന്നുണ്ടോ? അതോ അവജ്ഞയോടെ മുന്നോടു പായുന്ന
ഈ പാരമ്പര്യ വിരുദ്ധതയോ അതിനു കാരണം?”
ദാസേട്ടൻ ഒരു നിമിഷം ചിന്താമഗ്നനായി. എന്നിട്ട്
എന്നോടിങ്ങനെ പറഞ്ഞു. “ഏറെ നാളായി ഉത്തരം കാണാൻ
കൊതിച്ച ഒരു ചോദ്യം. ഉത്തരം കാണാൻ കഴിഞ്ഞെങ്കിലും ഇത്രനാൾ ആരും
ചോദിക്കാതിരുന്നതിനാൽ ഇത്ര വേഗം ഉത്തരം കണ്ടു പിടിക്കേണ്ടി വരുമെന്നു
കരുതിയില്ല”.
ദാസേട്ടൻ യുവതലമുറയ്ക്കായി നൽകിയ ഉപദേശം ഇപ്രകാരമായിരുന്നു.
“ഓരോരുത്തരും ഓരോ നിലയിൽ
ചെന്നെത്തുന്നതിനു പ്രത്യേകമായ ചില കാരണങ്ങൾ അതിനു പിന്നിലുണ്ടാവും. ഞാൻ എന്റെ
സംഗതി തന്നെ ഉദാഹരണമായി എടുത്തുപറഞ്ഞാൽ , ഇത്രചെറിയ ഇന്നത്തെ
നിലയിലെങ്കിലും എത്തപെടാൻ എത്രയോ കാരണങ്ങൾ ഉണ്ടെന്നറിയുമോ? ഈശ്വരൻ ഓരോന്നും മുന്നിൽ
കണ്ടുകൊണ്ടു ഓരോരുത്തരേയും ഓരോ ദിക്കിൽ
ജനിപ്പിക്കുന്നതിന്റേയും പുറകിൽ എത്രയോ വലിയ രഹസ്യങ്ങളാണുള്ളത് ! എന്റെ ഇന്നത്തെ അവസ്ഥക്കു കാരണം എന്റെ അച്ഛനാണ്. അദ്ദേഹം
എന്നെ കുറിച്ചു നല്ലതു മാത്രമെ ചിന്തിച്ചിരുന്നുള്ളൂ എന്നെനിക്കിന്നു തോന്നുന്നു. അച്ഛനമ്മമാർ
നല്ലതു ചിന്തിക്കണം . അവർ ആ വിധത്തിൽ ചിന്തിച്ചു പ്രവർത്തിച്ചാലേ അവരിൽ നിന്നുമുണ്ടാകുന്ന ഉൽപ്പത്തികൾ അഥവാ
അവരുടെ മക്കൾ നല്ലവരായി തീരുകയുള്ളു. മക്കളുടെ ഗുണദോഷ സ്വഭാവങ്ങൾ അവരുടെ ജനനത്തിനു മുൻപു തന്നെ
കുറിക്കപ്പെടുന്നു. അതുകൊണ്ടാണ് പഴയ കാലത്തു
മുനിമാർ പറഞ്ഞിരിക്കുന്നത് സ്ത്രീകൾ ഗർഭിണികളായിരിക്കുമ്പോൾ തന്നെ നല്ല
പുസ്തകങ്ങൾ വായിക്കണം, നല്ലതു പറയണം, നല്ല ഭക്ഷണം
കഴിക്കണം എന്നൊക്കെ. എല്ലാത്തിനും
മുഖ്യമായിട്ടുള്ളത് ഈശ്വര ശക്തിയാണ്. എനിക്കുണ്ടാവാൻ പോകുന്ന ആഗ്രഹം അച്ഛന്റെ ആഗ്രഹത്തോടു
സാമ്യപ്പെടുത്തിയാവണം ഈശ്വരൻ എന്നെ അവിടെ
ജനിപ്പിച്ചത് അഥവാ എനിക്കു ആ മനസ്സിൽ ഒരു സ്ഥാനം തന്നത്. അതു കൂടാതെ ഓരോ ഈശ്വര
നിശ്ചയത്തിനും ഒരാദ്യവും ഒരന്ത്യവും ഉണ്ടെന്നതാണു സത്യം. അതു മുഴുവൻ അനുഭവിച്ചു
തീരുന്നതുവരെ അതിലുള്ള സന്തോഷങ്ങളും സന്താപങ്ങളും ഞാൻ അനുഭവിച്ചു
തീർക്കാൻ ബാദ്ധ്യസ്തനാണു എന്നാണെന്റെ
വിശ്വാസം”.
ദാസേട്ടൻ ഒരു
ചെറിയ കഥയിലൂടെ തന്റെ വിശ്വാസത്തിന്റെ
അടിസ്ഥാനം വെളിപ്പെടുത്തി.
ഇതായിരുന്നു എന്നോടു പറഞ്ഞ കഥ. ഒരിക്കൽ
ഒരു സന്യാസി സഭാവിശ്വാസികളോടു പ്രഭാഷണം
ചെയ്യുകയായിരുന്നു. സന്യാസിയുടെ അടുത്ത് ഒരു കുരങ്ങ്
ഇരിപ്പുണ്ടായിരുന്നു. പ്രഭാഷണത്തിനിടയിൽ
പലപ്പോഴും ആ സന്യാസി ആ കുരങ്ങിന്റെ തലയിൽ ഓരോ കൊട്ടു കൊടുക്കുന്നുണ്ടായിരുന്നു.
സഭാവാസികളിൽ ഒരുവനു അതെന്തിനാണെന്നറിയാൻ
ഒരു മോഹം. സന്യാസി തന്റെ ദിവ്യശക്തി കൊണ്ടു സഭാവാസിയുടെ ഇച്ഛയറിഞ്ഞു. സന്യാസി ആ
മുഖ്യനെ അടുത്തേയ്ക്കു വിളിച്ചു. എന്നിട്ടിങ്ങനെ
ചോദിച്ചു. “ഈ നിരുപദ്രവജീവിയായ ഈ
മിണ്ടാപ്രാണിയെ ഞാൻ എന്തിനു കൊട്ടുന്നു
എന്നറിയണം അല്ലേ? ഒരു
കാര്യം ചെയ്യൂ. പോയി കുറെ പഴ വർഗ്ഗങ്ങൾ കൊണ്ടു വരൂ”.
പഴവർഗ്ഗങ്ങളുമായി
സഭാവാസി എത്തിയപ്പോൾ സന്യാസി സംഭാഷണം
തുടർന്നു. എന്നാൽ കുരങ്ങന്റെ
തലയിലുള്ള കൊട്ട് നിർത്തി. ഒരൽപ്പം കഴിഞ്ഞപ്പോൾ
കുരങ്ങൻ സഭാവാസി കൊണ്ടു വന്ന പഴവർഗ്ഗങ്ങൾ തട്ടിപ്പറിക്കാനും സഭാവാസിയുടെ മുഖത്തും
ദേഹത്തും നിറയെ തേക്കാനും തുടങ്ങി. അപ്പോൾ സന്യാസി സഭാവാസിയോടായി ഇങ്ങനെ ചോദിച്ചു. “ഇപ്പോൾ മനസ്സിലായോ ഞാനെന്തിനാണു ഇടക്കു കൊട്ടു കൊടുത്തിരുന്നതെന്ന് ?”
ഇതുപോലെയാണു ജീവിതവും. മറ്റുള്ളവരെ
ശല്യപ്പെടുത്താതിരിക്കാൻ ഒരുവനെ ഒരൽപ്പം
വേദനിപ്പിച്ചാലെ കഴിയൂ എന്നു ഈശ്വരൻ കണ്ടാൽ ആ സമയം നമുക്കു കുരങ്ങനു കൊട്ടു കിട്ടിയ മാതിരി വേദനയോ കഷ്ട്പ്പാടുകളോ വരാം. അതു ചെയ്യാതിരുന്നാൽ മറ്റുപലരേയും
നമ്മൾ ഒരുമിച്ചു കഷ്ട്ത്തിലാക്കുമെന്നു
ഈശ്വരൻ കരുതുന്നുണ്ടായിരിക്കാം. അഥവാ മുന്നറിഞ്ഞു മനസ്സിലാക്കുന്നുണ്ടായിരിക്കാം. അത്രയേ നമ്മളും
കരുതാവൂ. എന്തോ ഒരു നല്ല കാര്യം കാണാൻ വേണ്ടിയായിരിക്കുമെന്നു കരുതി സമാധാനിക്കുക, ഉദാഹരണത്തിനു എനിക്കു
കിട്ടിയിട്ടുള്ള കൊട്ടുകളൊക്കെ എന്നെ
വളർത്താൻ വേണ്ടിയുള്ള ഒരു
പ്രേരണയായി മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ.
അതിനുപരിയായി അത്തരത്തിൽ ഞാൻ ഈശ്വരനെ കണ്ടതു കൊണ്ടു എനിക്കു ഈശ്വരനോടു
കൂടുതൽ അടുക്കാൻ ഇടവന്നു. എന്നു മാത്രമല്ല ഈശ്വര വിശ്വാസത്തിൽ അടിയുറച്ചു
മുന്നോട്ടു പോകുവാനുള്ള മനകരുത്തു എനിക്കു സിദ്ധിച്ചു.
കഷ്ട്പ്പാടുകളുടെ
അടിവേരുകൾ കണ്ടു കൊണ്ടാണ് ഞാൻ വളർന്നത്.
സംഗീതം പഠിക്കാൻ ഒരഞ്ചു രൂപ പോലും
ചിലവഴിക്കാൻ സാധിക്കാതിരുന്ന കാലങ്ങൾ ഉണ്ടായിട്ടുണ്ട്. വീട്ടിൽ ഭക്ഷണത്തിനു പോലും വകയില്ലാതെ
പരിപ്പും കഞ്ഞിയും മാത്രം കഴിച്ചു കഴിഞ്ഞ ഏറെ വർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കാശില്ലാത്ത കാരണം മൈലുകളോളം
നടന്നു പോകേണ്ടി വന്നിട്ടുണ്ട്.
ഇന്നിപ്പോൾ സൌജന്യമായും വിലയേറിയ
ക്ലാസിലും മറ്റും യാത്ര ചെയ്യുമ്പോൾ ഞാൻ അന്നത്തെ കഥകൾ വേദനയോടെ
ഓർക്കാറുണ്ട്. എനിക്കതൊന്നും മറക്കാൻ സാധിക്കുന്നില്ല. അതുപോലെ അന്നു
ഞാൻ അത്രകണ്ടു കഷ്ടപ്പെട്ടതു കൊണ്ടാണ് ഇന്നു ദൈവം ഈ സുഖ സൌകര്യങ്ങൾ തരുന്നതെന്നു ഓർക്കണം. അതിനായി ദൈവത്തെ
സ്തുതിക്കണം. അതൊന്നും മറക്കരുത്. ഇന്നത്തെ ഈ നിലയിൽ അഹങ്കരിക്കുകയും അരുത്. ചുരുക്കി പറഞ്ഞാൽ വന്ന വഴി
അല്ലെങ്കിൽ “വരും വഴി” മറക്കരുത്.
ഇന്നത്തെ തലമുറയോടു എനിക്കു പ്രത്യേകം പറയുവാനുള്ളത് ഇതാണ്. അച്ഛനും അമ്മയും വലിയൊരു നിലയിലാണെന്നു കരുതി എല്ലാം മറന്നു കൂത്താടരുത് . ധനം ഇന്നു വരും നാളെ മറയും. അതിനൊക്കെ അപ്പുറത്തു
വേറേ വലിയൊയൊരു ശക്തിയുണ്ടെന്നു മനസ്സിലാക്കണം . അതനുസരിച്ചു പെരുമാറണം. ഇതൊക്കെ അനുഭവസ്തരായ
മാതാപിതാക്കളാണു മക്കൾക്കു പറഞ്ഞു
കൊടുക്കേണ്ടത്. കുട്ടികൾക്കു അതറിയില്ലല്ലൊ. വന്ന വഴിയുടെ കഥ മക്കളെ
മനസ്സിലാക്കണം. അവരെ മുന്നറിയിപ്പുള്ളവരായി മാറ്റണം. അതു മാതാപിതാക്കളുടെ
കടമയായി കാണണം. എന്റെ അഭിപ്രായത്തിൽ 80
-90 ശതമാനം കുടുംബവും അതു മറന്നു പ്രവർത്തിക്കുന്നത്
കാണുമ്പോൾ എന്റെ മനസ്സു നീറുകയാണ്. വന്ന
വഴിയെ കുറിച്ചു കുട്ടികളോടു പറയുന്നതുകൊണ്ടു
ഒരു കുറവും നമുക്കു ഉണ്ടാവുകയില്ല. നമ്മുടെ കുട്ടികൾ നന്നാവുകയേ ഉള്ളു. പ്രത്യേകിച്ച്
പാശ്ചാത്യ ദേശത്തുള്ള കുടുംബങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. തന്നത്താൻ കുഴി കുഴിച്ച് അതിൽ വീഴരുത്. ഞാൻ ഈ പറയുന്നത്
ഒരനുജന്റെ അപേക്ഷയായി മാത്രം കരുതിയാൽ
മതി. ഈ വിദേശത്തു ജനിച്ചു വളരുന്ന കുട്ടികൾ
അവിടേയുമല്ല ഇവിടേയുമല്ല എന്ന നിലയിൽ ഏതാണു ശരി എന്നു തേടി അലയുന്നവരാണ്.
അവർക്ക് നമ്മൾ നേർവഴി കാണിച്ചു കൊടുക്കണം.
ഈ അടുത്തയിടക്ക് ഞാൻ ഫൊക്കാനയിൽ കണ്ടറിഞ്ഞ പല അനുഭവങ്ങളും വേദനാജനകമാണ്.
അച്ചഛ്നുമമ്മയുമൊക്കെ മുകളിൽ കയറി നിന്നു
പ്രസംഗിക്കുന്നുണ്ടായിരുന്നു. എന്നാൽ അതേ സമയം അപ്പുറത്തു കുട്ടികൾ
കാട്ടികൂട്ടുന്ന ഗോഷ്ടികൾ എന്തൊക്കെയാണെന്നു പറയാൻ തന്നെ വിഷമം. ഞാൻ ഇതൊക്കെ ഒരു സ്വന്തം
സഹോദരന്റെ സ്ഥാനത്തു നിന്നു
കൊണ്ടാണിതൊക്കെ പറയുന്നത്. മറ്റൊന്നും വിചാരിച്ചു തെറ്റിദ്ധരിക്കരുത്. വരും തലമുറ നമ്മുടെ നാടിന്റെ നാമം
ഉയർത്തിപ്പിടിക്കേണ്ടവരാണ്. അതു മറന്നു
പെരുമാറരുത്. മറ്റൊരാളെ നമ്മൾ ഒരിക്കലും
ഒരു വിധത്തിലും നിന്ദിക്കരുത്. ഇതാണു യുവതലമുറയോടുള്ള എന്റെ എളിയ അപേക്ഷ.
ഇതു പറഞ്ഞു തീർന്നപ്പോൾ ദാസേട്ടന്റെ
കണ്ഠമിടറിയപൊലെ എനിക്കു
തോന്നി.
(തുടരും)
ഹരി കോച്ചാട്ട്
No comments:
Post a Comment